ശഅ്ബാന്‍ നിലാവ് മാനത്ത് തെളിയുമ്പോള്‍ സുകൃതങ്ങളുടെ പാഥേയമൊരുക്കാന്‍ ഏതൊരു മുഅ്മിനിന്റെയും ഉള്ളം തുടിക്കും. റജബ്മാസത്തില്‍ നേടിയ ആത്മീയചൈതന്യവും പുണ്യറമളാനെ വരവേല്‍ക്കാനുള്ള തൃഷ്ണയും ശഅ്ബാനിലെ ദിനരാത്രങ്ങളില്‍ ആരാധനാനിമഗ്‌നനാകുവാന്‍ സത്യവിശ്വാസിയെ പ്രേരിപ്പിക്കുന്നു. സച്ചരിതരും സുക്ഷ്മദൃക്കുകളുമായ പുണ്യമഹത്തുക്കളുടെ അമരസ്മരണകളാണ് ഈ പുണ്യമാസത്തില്‍ സല്‍കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നടത്തേണ്ടത്. ഇത്‌കൊണ്ട് തന്നെയാണ് മഹത്തുക്കളുടെ മരിക്കാത്ത ഓര്‍മ്മകളും ജീവിതദര്‍ശനവും അനുസ്മരിച്ച് ജീവിതം പുഷ്ഠിപ്പെടുത്താന്‍ മുസ്‌ലിം ശ്രമിക്കേണ്ടതുണ്ടെന്ന് ഇസ്‌ലാം ഉത്‌ഘോഷിച്ചത്.
കേരളമുസ്‌ലിംകള്‍ എന്നും സ്മരിക്കുകയും തങ്ങളുടെ ഹൃദയസിംഹാസനത്തില്‍ കുടിയിരുത്തുകയും ചെയ്ത രണ്ട് പുണ്യാത്മാക്കളുടെ ഓര്‍മ്മകള്‍ ഈ ശഅ്ബാനില്‍ നമ്മിലേക്ക് ഓടിയെത്തുന്നു. മുസ്‌ലിമിന് പാരമ്പര്യമായി കിട്ടിയ വിശ്വാസസംഹിതകളില്‍ വിള്ളലുണ്ടാക്കി ജനമനസ്സുകളില്‍ നിന്ന് സുന്നത്തിനോടുള്ള ആദരവും ബഹുമാനവും പറിച്ചെടുത്ത് പകരം വെറുപ്പും പുഛവും കുടികെട്ടി പുത്തനാശയങ്ങള്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയ സമയം സമസ്തയെന്ന വലിയ സംരക്ഷണമതില്‍കെട്ടിനുള്ളില്‍ മുസ്‌ലിം വിശ്വാസത്തെ സംരക്ഷിച്ചു നിര്‍ത്തിയ മഹാമനീഷി വരക്കല്‍ മുല്ലക്കോയതങ്ങളാണ് ഒരു വ്യക്തി.
സംശുദ്ധമായ വ്യക്തിജീവിതത്തില്‍ സൗമ്യത മാത്രം മുഖമുദ്രയാക്കി, ആത്മീയതയുടെ വിഹായസ്സില്‍ ഉയര്‍ന്ന് പറന്ന്, കപടരാഷ്ട്രീയമേലാളന്‍മാര്‍ക്കിടയില്‍ തനിമയാര്‍ന്ന രാഷ്ട്രീയജീവിതത്തിലൂടെ ലോകസമൂഹത്തിന് മാതൃകാപുരുഷനായി, ഉദരപൂരണത്തിനും നേതൃമോഹസാഫല്യത്തിനും കാക്കത്തൊള്ളായിരം മതസംഘടനകളും മറ്റും പിറവികൊണ്ട കേരളമണ്ണില്‍ മതവിശ്വാസസംരക്ഷമെന്ന ഏകലക്ഷ്യത്തിന് വേണ്ടി രൂപീകൃതമായ സമസ്തയെന്ന പണ്ഡിതസംഘടനക്ക് കരുത്ത് പകര്‍ന്ന്, കാറ്റിലും കൊളിലും സഹയാത്രികരുടെ ജീവന്‍ അപകടത്തിലാകാതെ ഈ നൗകയെ കരക്കടുപ്പിച്ച കപ്പിത്താനായി, ഈ മഹാപ്രസ്ഥാനത്തിന് പുറത്ത് നിന്ന് കാവലിരുന്ന് പുണ്യാത്മാവായി ജീവിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് രണ്ടാമത്തെ മഹത്‌വ്യക്തി.
ഈ രണ്ട് മഹത്‌വ്യക്തികളില്‍ ഒരുപാട് സമാനതകള്‍ കാണാം. യമനില്‍ നിന്ന് മലബാറിലേക്ക് കുടിയേറിപ്പാര്‍ത്ത പ്രവാചകകുടുംബത്തിലാണ് രണ്ട് മഹാന്‍മാരും ജനിക്കുന്നത്. സയ്യിദുമാരെന്നതിലുപരി ആത്മീയലോകത്തെ വീരകേസരികളായി പരിലസിച്ച പ്രപിതാക്കന്‍മാര്‍ രണ്ട്‌പേരുടെ പൃതുപരമ്പരയിലും കാണാം. സാമൂതിരിരാജാവ് കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തുന്ന സുവര്‍ണ്ണകാലഘട്ടത്തിലാണ് വരക്കല്‍മുല്ലക്കോയ തങ്ങളുടെ ആറാമത്തെ പ്രപിതാവ് സയ്യിദ് അലിഹാമിദ് ബാഅലവി മലബാറിലെത്തുന്നത്. കാലാന്തരങ്ങളില്‍ മഹാനുഭാവന്‍ മലബാറുകാരുടെ അഭയ കേന്ദ്രമായി മാറി. രോഗികളും അവശരും ആലംബമില്ലാത്തവരും തങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ തേടിയെത്തി. തങ്ങളുടെ ഒരു വാക്ക്, ഒരു സ്പര്‍ശനം, ഒരു പ്രാര്‍ത്ഥന, ഒരു സാന്ത്വന വചനം എല്ലവരും പ്രതീക്ഷിക്കുന്നത് അത്രമാത്രം. ആത്മീയ ദാഹം തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരും തങ്ങളെ തേടിയെത്തി. ആ പരമ്പരയില്‍ ജനിച്ചുവന്നവളര്‍ന്നവരൊക്കെ സമൂഹത്തിന് തണല്‍ വിരിച്ച പൂമരങ്ങളായിരുന്നു. സയ്യിദ് അലിബാഅലവി, സയ്യിദ് അഹ്മദ്ബാഅലവി, സയ്യിദ് ഹസന്‍ബാഅലവി, സയ്യിദ് മുഹമ്മദ് ബാഅലവി എന്നിവരാണ് പ്രസ്തുത തണല്‍മരണങ്ങള്‍.
സയ്യിദ് മുഹമ്മദ്ബാഅലവി തങ്ങളുടെ പുത്രനായിട്ടാണ് സയ്യിദ് അബ്ദുറഹിമാന്‍ബാഅലവി വരക്കല്‍മുല്ലക്കോയ തങ്ങള്‍ ജന്‍മംകൊണ്ടത്. ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ചവര്‍ ജനിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്. കാലത്തിന്റെ ഖുതുബായി, നവോത്ഥാനനായകനായി, സമൂഹസമുദ്ധാരകനായി മാറിയ വരക്കല്‍മുല്ലക്കോയതങ്ങളുടെ ജനനസമയത്തും ചിലഅത്ഭുതങ്ങള്‍ ദൃശ്യമായതിന് ദൃക്‌സാക്ഷികളുണ്ട്. 1840ല്‍ മഹാനവര്‍കളുടെ ജന്‍മദിവസം നട്ടുച്ചസമയത്ത് ആകാശത്ത് വെട്ടിത്തിളങ്ങുന്ന നക്ഷത്രം ഉദിച്ചത്കണ്ട ദൃക്‌സാക്ഷികള്‍ കോഴിക്കോട് ജീവിച്ചിരുന്നുവെന്ന് ശംസുല്‍ഉലമയും മറ്റും ഉദ്ധരിക്കാറുണ്ടായിരുന്നു. കുട്ടിയുടെ ജനനത്തിന് മുമ്പ്തന്നെ പ്രസവിക്കപ്പെടാന്‍ പോകുന്നത് അത്യപൂര്‍വ്വകുഞ്ഞാണെന്ന് പിതാവിന് ബോധ്യമുണ്ടായിരുന്നു. ചെറുപ്പത്തിലെ ഖുതുബുസ്സമാന്‍ സയ്യിദ് അലവിമൗലദ്ദവീല(മമ്പുറം)യുമായി ബന്ധപ്പെടാനും അനുഗ്രഹം വാങ്ങാനും വരക്കല്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് ചരിത്രത്തില്‍വായിക്കാം.
അനുഗ്രഹീത സയ്യിദ് കുടുംബത്തില്‍ തന്നെയാണ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ജനിക്കുന്നതും വളര്‍ന്ന് വലുതായതും. സുപ്രസിദ്ധ ശിഹാബുദ്ദീന്‍ ഖബീലയിലാണ് പാണക്കാട് സാദാത്തീങ്ങള്‍ ഉദയം ചെയ്തത്. യമനിലേക്ക് വന്ന സയ്യിദുമാരുടെ നായകനായ അഹ്മദുല്‍ മുഹാജിര്‍ എന്നിവരുടെ പുത്രനായ സയ്യിദ് ഉബൈദുല്ലായുടെ മൂത്തമകന്‍ സയ്യിദ് അലവിയ്യുല്‍ മുബ്തകിറിന്റെ പതിനാലാം പരമ്പരയില്‍ ജനിച്ച സയ്യിദ് അഹ്മദ് ശിഹാബുദ്ദീനില്‍ നിന്നാണ് ശിഹാബുദ്ദീന്‍ ഖബീലയുടെ തുടക്കം. ഹിജ്‌റ 887 ല്‍ യമനിലെ തരീമില്‍ സയ്യിദ് അബ്ദുറഹിമാന്റെ മകനായി ജനിച്ച അദ്ധേഹം വിശ്രുത പണ്ഡിതനും അറബി കവിയും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്നു. ജനങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് രമ്യമായ പരിഹാരം നിര്‍ദേശിച്ചിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ ആദരപൂര്‍വ്വം വിളിച്ച പേരാണ് ശിഹാബുദ്ദീന്‍. പിന്നീട് ഇവരുടെ പരമ്പരയില്‍ വന്നവരൊക്കെ ശിഹാബുദ്ദീന്‍ എന്ന പേരിലാണറിയപ്പെട്ടത്.
നിരവധി മഹത്തുക്കള്‍ ജന്‍മം കൊണ്ട ശിഹാബുദ്ദീന്‍ ഖബീലയിലെ സയ്യിദ് അലിയ്യുല്‍ ഹള്‌റമിയാണ് കേരളത്തിലെ ശിഹാബ് ഖബീലയുടെ വംശനാഥന്‍. ഹിജ്‌റ 1159 ല്‍ തരീമില്‍ ഉദയം ചെയ്ത അദ്ധേഹം അവിടെ നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ ശേഷം 1181 ലാണ് കേരളത്തിലെത്തിയത്. വരക്കല്‍ തങ്ങളുടടെ ഖബീലയെക്കുറിച്ച് പറഞ്ഞത് പോലെ പുണ്യംമാത്രം ചെയ്ത ഋശിവര്യരായിരുന്നു ഈ പരമ്പരയില്‍ കടന്നുവന്നവരത്രയും. പാണക്കാട് സാദാത്തുമാരുടെ ഏഴാമത്തെ പ്രപിതാവ് സയ്യിദ് ഹുസൈന്‍ ശിഹാബദ്ദീന്‍ മുല്ലക്കോയതങ്ങളുടെ മൂത്തപുത്രന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങളിലൂടെയാണ് പാണക്കാട് സയ്യിദുമാര്‍ കടന്നുവരുന്നത്. ഹിജ്‌റ 1212 റജബ് മാസത്തില്‍ ജനിച്ച ഇദ്ധേഹം കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് മാറിത്താമസിക്കുകയുണ്ടായി. സയ്യിദ് മുഹ്‌ളാര്‍ തങ്ങളുടെ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ 1231 ലാണ് മലപ്പുറത്ത് ജനിക്കുന്നത്. ഇദ്ദേഹം പാണക്കാട്ടേക്ക് മാറിത്താമസിച്ചതു മുതല്‍ ആ നാടിന്റെ കീര്‍ത്തിയെങ്ങും പരന്നു. പണ്ഡിതനും മുഫ്തിയും ഖാസിയും ഭിശഗ്വരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അദ്ധേഹം ജനങ്ങളുടെ ആശാകേന്ദ്രവും ആലംഭവുമായിരുന്നു. ക്രി: 1852 ല്‍ ഫള്ല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് നാടുകടത്തിയപ്പോള്‍ ഹുസൈന്‍ ആറ്റക്കോയതങ്ങള്‍ മലബാറിലെ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ബ്രിട്ടനെതിരെ നിരവധി മതവിധികള്‍(ഫത്‌വ) പുറപ്പെടീക്കുകയും ചെയ്തു.
ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ പുത്രനായി ഹിജ്‌റ 1270 ല്‍ കോഴിക്കോട് കാപ്പാടുള്ള മാതാവിന്റെ വീട്ടിലാണ് സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയ തങ്ങള്‍ ജനിക്കുന്നത്. മറ്റത്തൂരിലെ പുത്തന്‍ മാളിയേക്കല്‍ ത്വാഹാ പൂക്കോയ തങ്ങളുടെ മകള്‍ ഉമ്മു ഹാനിഅ് ബിവിയെ വിവാഹം ചെയ്ത കൊയഞ്ഞിക്കോയ തങ്ങള്‍ക്ക് അവരില്‍ ജനിച്ച കുഞ്ഞാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍. എണ്‍പത് മഹല്ലുകളുടെ ഖാളിയായിരുന്ന മഹാനവര്‍കള്‍ ഹിജ്‌റ 1337 ല്‍ വഫാതാവുകയും പാണക്കാട് പുത്തന്‍പുരക്കല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു. സ്മര്യപുരുഷന്‍മാര്‍ മുഴുവനും ആദ്ധ്യാത്മികമേഖലയില്‍ ത്വരീഖത് സ്വീകരിച്ചവരും വൈജ്ഞാനികമേഖലയില്‍ അദ്യുതീയരുമായിരുന്നു.
നേതൃത്വപാഠവം ജന്‍മസിദ്ധമായി ലഭിച്ച ഇവര്‍ ജനസേവനം കൊണ്ട് ദൈവികസാമീപ്യം കരസ്ഥമാക്കാന്‍ ശ്രമിച്ചവരായിരുന്നു.
സയ്യിദെന്നതിലുപരി നേതൃത്വപദവിയിലേക്കുയരാന്‍ വേണ്ട സര്‍വ്വകഴിവുകളും സമ്മേളിച്ച വ്യക്തിത്വമായിരുന്നു വരക്കല്‍ തങ്ങളുടേത്. മതകാര്യങ്ങളിലെ അഗാധമായ ജ്ഞാനവും ഭാഷാപ്രാവീണ്യവും ഭൗതികരാഷ്ട്രീയകാഴ്ചപ്പാടുകളും ആവോളം തങ്ങള്‍ക്കുണ്ടായിരുന്നു. അപാരബുദ്ധിയും ഗ്രാഹ്യശക്തിയും ഉണ്ടായിരുന്ന തങ്ങള്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടി. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ ആ ഉറവയില്‍ നിന്ന് വിജ്ഞാന ദാഹം തീര്‍ത്തവവരാണ് എന്നത് തന്നെ ആ മഹത്‌വ്യക്തിയുടെ പാണ്ഡിത്യത്തിന്റെ നിദര്‍ശനമാണ്.
കേരളസമൂഹത്തിന് അതുല്യമായ നേതൃത്വം നല്‍കിയ മുഹമ്മദലിശിഹാബ്തങ്ങള്‍ വിജ്ഞാനസാഗരമായിരുന്നു. പാണക്കാട് ഡി.എം.ആര്‍.ടി.സ്‌കൂളില്‍ നിന്നും കോഴിക്കോട് എം.എം. ഹൈസ്‌കൂളില്‍ നിന്നും നേടിയ ഭൗതികവിദ്യാഭ്യാസത്തിന് ശേഷം രണ്ടുവര്‍ഷം തലക്കടത്തൂരും തോഴന്നൂരും പിന്നെ കാനഞ്ചേരിയിലും ദര്‍സ്‌വിദ്യാഭ്യാസം കരസ്ഥമാക്കി. പൊന്‍മള മൊയ്തീന്‍ മുസ്‌ലിയാരാണ് പ്രധാനാധ്യാപകന്‍. കാനഞ്ചേരിയിലെ പഠനത്തിന് ശേഷമാണ് 1958ല്‍ ഭുവനപ്രശസ്തമായ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിന് വേണ്ടി പോയത്. അസ്ഹറിന് ശേഷം ഖൈറോ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച തങ്ങള്‍ 1958മുതല്‍ 1966വരെ നീണ്ട ആര്‍വര്‍ഷത്തെ കാലയളവില്‍ നിരവധി വിഷയങ്ങളില്‍ നേടിയ പ്രാവീണ്യവും ഭാഷാ പരിജ്ഞാനവും അനിതരമായിരുന്നു. ഈജിപ്തില്‍ വെച്ച് തസ്വവ്വുഫ് പ്രത്യേക പഠനവിഷയമായി തിരഞ്ഞെടുത്ത് തന്റെ ജീവിതത്തോടൊപ്പം പഠനവും ആദ്ധ്യാത്മികമേഖലയിലാവാന്‍ അവിടുന്ന് പ്രത്യേകം ശ്രദ്ധിച്ചു. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ തങ്ങള്‍ക്ക് ആഴമേറിയ പരിജ്ഞാനമായിരുന്നു.
വരക്കല്‍ തങ്ങളും ശിഹാബ്തങ്ങളും മതഭൗതികവിഷയങ്ങളില്‍ വേണ്ടവിധം അറിവ് നേടിയശേഷമാണ് സമൂഹത്തിന്റെ നേതൃത്വപദവിയിലെത്തുന്നത്. അറിവിനോടൊപ്പം പക്വതയും സൗമ്യതയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് വേണ്ട തീരുമാനങ്ങെളെടുക്കാനുള്ള അത്യപൂര്‍വ്വമായ കഴിവും ഇരുവരേയും മറ്റുനേതാക്കളില്‍ നിന്ന് വിത്യസ്ഥരാക്കുന്നു. പരാതികള്‍ക്കിടമില്ലാതെ ദീര്‍ഘകാലം നേതൃത്വത്തിലിരുന്ന് സമൂഹത്തെ സേവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞതും ഇത് കൊണ്ട് തന്നെ. മതമേഖലക്കുപരി രാഷ്ട്രീയ സാംസ്‌കാരികമേഖലയിലും വ്യക്തിമുദ്രപതിപ്പിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.
കേരളത്തിലെ ഏകമുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ രാജകുടുംബത്തിന് വരക്കല്‍ മുല്ലക്കോയ തങ്ങളുമായുള്ള ബന്ധം സുവിതതമാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകള്‍ തയ്യാറാക്കുക, വിദേശങ്ങളില്‍ നിന്ന് വന്ന കത്തുകള്‍ പരിഭാഷപ്പെടുത്തുക, മറുപടി എഴുതുക തുടങ്ങിയ കാര്യങ്ങളൊക്കെ ഏല്‍പ്പിക്കപ്പെട്ടിരുന്ന തങ്ങളുമായി ഭരണകാര്യങ്ങള്‍ പോലും അവര്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇത് വഴി ശറഇന്നു വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ യഥാവിധി നടപ്പിലാക്കാന്‍ രാജാവിനു കഴിഞ്ഞുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
വരക്കല്‍ തങ്ങള്‍ക്കുപയോഗിക്കാന്‍ വേണ്ടി മാത്രം ഹൈദരാബാദ് നൈസാം വില കൂടിയ കുതിരവണ്ടി അയച്ചുകൊടുത്തിരുന്നെന്നും, പുതിയങ്ങാടിയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര പോകുമ്പോള്‍ തങ്ങള്‍ക്ക് ഇളനീര്‍ കുടിക്കാന്‍ വേണ്ടി മാത്രം അറക്കല്‍രാജന്‍ വിലക്കു വാങ്ങി അടയാളം വെച്ച തെങ്ങുകള്‍ വെച്ചു പിടിപ്പിച്ചിരുന്നുവെന്നും, കലക്‌ട്രേറ്റ് സന്ദര്‍ശിക്കുന്ന വേളയില്‍ അവിടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ബഹുമാനാര്‍ത്ഥം എണീറ്റ് നിന്നാണ് തങ്ങളെ ആദരിച്ചിരുന്നതെന്നും ചരിത്രത്തില്‍ വായിക്കുമ്പോള്‍ തങ്ങള്‍ക്ക് ഭൗതികമേലാളന്‍മാര്‍ നല്‍കിയ ആദരവ് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കാലത്തിന്റെ ഖുത്വുബായിരുന്ന തങ്ങളെ ആശ്രയിച്ചായിരുന്നു അന്നത്തെ പൊതുസമൂഹം ജീവിച്ചിരുന്നത്. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വിത്യാസമില്ലാതെ എല്ലാവരും തങ്ങളുടെ സങ്കടഹരജികള്‍ സമര്‍പ്പിച്ചിരുന്നത് അവിടുത്തെ ദര്‍ബാറിലായിരുന്നു. അതൊടൊപ്പം മതകാര്യങ്ങളില്‍ അവസാനവാക്കും വരക്കല്‍ മുല്ലക്കോയതങ്ങളുടേത മാത്രമായിരുന്നു.
ശിഹാബ്തങ്ങള്‍ ഇതില്‍ നിന്ന് തീരെ വിത്യസ്തമായിരുന്നില്ല. മഹാനായ ഇബ്‌റാഹീം നബിയെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടതുപോലെ ഒരുസമൂഹമായി ജീവിക്കാന്‍ കഴിഞ്ഞ അത്യപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ പ്രഥമസ്ഥാനീയരിലാണ് ശിഹാബ് തങ്ങളുടെ ഇടം. വശ്യമായ പെരുമാറ്റവും സൗമ്യമായ ഇടപെടലുകളും പരിപക്വമായ സമീപനവും തങ്ങളുടെ കരിഷ്മാറ്റിക് പേഴ്‌സെനാലിറ്റിക്ക് മാറ്റ് കൂട്ടി. ഏത് പ്രതിസന്ധിയിലും പതറാത്ത, എന്ത് പ്രകോപനങ്ങള്‍ക്കും വഴങ്ങാത്ത, ആരുടെ ആക്രോഷങ്ങള്‍ക്കുമുന്നിലും അടിയറവ് വെക്കാത്ത ആ ജീവിതശൈലി അനുകരണിയവും അസൂയാവഹവുമാണ്. അത്‌കൊണ്ടാണ് കേരളം എന്ത്കാര്യത്തിലും അന്തിമവാക്കിനായി പാണക്കാട്ടെ സുല്‍ത്വാന്റെ അധരങ്ങളിലേക്ക് കാതോര്‍ത്തത്. 1992ല്‍ ബാബരി പള്ളി തകന്ന് ഇന്ത്യയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സംജാതമായപ്പോള്‍ കേരളം മാത്രം ശാന്തമായത് തങ്ങളുടെ അവസരോചിത ഇടപെടല്‍ കൊണ്ടാണെന്ന് മറ്റുസമുദായക്കാര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. അങ്ങാടിപ്പുറം തളിക്ഷേത്രവാതില്‍ അഗ്നിക്കിരയാക്കി ഹിന്ദു മുസ്‌ലിം സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമം നടന്നപ്പോള്‍ ക്ഷേത്രവാതില്‍ക്കല്‍ ചെന്ന് സമാധാനന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ അവസരമുണ്ടാക്കിയതും സ്മര്യപുരുഷന്‍ തന്നെയാണ്. ഇങ്ങനെയല്ലാമായിട്ടും താനെങ്ങനെ അറിയപ്പെടാനാണാഗ്രഹിക്കുന്നതെന്ന ചാനല്‍റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നല്‍കിയ'ഒരുസാധാരണക്കാരനായി' എന്നപുണ്യനബിയുടെ അച്ചില്‍ വാര്‍ത്തെടുത്ത എളിയമറുപടി നമ്മെ ഏറെ ചിന്തയിലേക്കാഴ്ത്തുന്നു.
ഉറുക്കും മന്ത്രവും ഏലസും ചരടുമെല്ലാം കൊടപ്പനക്കലെ നിത്യകാഴ്ചയായിരുന്നുവല്ലോ. താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയസംഘടനയില്‍ ഒരുവലിയ സംഘം ഈ സത്യാചാരങ്ങളെ എതിര്‍ക്കുന്നവരായിരുന്നു. നേതൃപദവി തെറിക്കുമെന്ന ഭയം ഈ പ്രവര്‍ത്തനങ്ങള്‍ അനവരതം തുടരുന്നതില്‍ നിന്ന് തങ്ങള്‍ക്ക് അശേശമുണ്ടായിരുന്നില്ല. അവിടുത്തെ നേതൃത്വം എല്ലാവരും കൊതിക്കുയണ്ടായി. മത, രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക മേഖലയില്‍ ആ ധന്യനേതൃത്വത്തിന് കീഴില്‍ ജീവിക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരളീയര്‍ക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം.
വരക്കല്‍ തങ്ങള്‍ പണിത സമസ്തക്ക് ശിഹാബ്തങ്ങള്‍ കാവലിരുന്നു.
പൊതുജനത്തിന്റെ അജ്ഞത ചൂഷണം ചെയ്ത് അവരുടെ ഈമാന്‍ ഊതിക്കെടുത്താന്‍ ചില കുബുദ്ധികള്‍ കുത്സിതശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ദു:സാഹചര്യത്തിലാണ് വരക്കല്‍മുല്ലക്കോയതങ്ങളുടെ നേതൃത്വത്തില്‍ പണ്ഡിതരും സാദാത്തുക്കളും അണിചേര്‍ന്ന് കേരളമുസ്‌ലിംകളുടെ മതവിശ്വാസാദര്‍ശങ്ങള്‍ക്ക് സംരക്ഷണമായി സമസ്തയെന്ന ഉരുക്കുകോട്ട നിര്‍മ്മച്ചത്. രൂപീകരണദിവസം മണിക്കൂറുകളോളം നാഥനിലേക്കു കൈകളുയര്‍ത്തി സമൂഹത്തിന്റെ സങ്കടം മുഴുവന്‍ സമര്‍പ്പിച്ചു. സമസ്ത ഖിയാമത് നാള്‍വരെ നിലനില്‍ക്കുവാനും അതിന് വേണ്ടിപ്രവര്‍ത്തിക്കുന്നവരുടെ ഇഹപരനന്‍മക്കും ഏറെ നേരം അന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി. ഖുതുബുസ്സമാന്റെ പ്രാര്‍ത്ഥനക്ക് നിശ്കളങ്കരായ പണ്ഡിത, സാദാത്തീങ്ങളുടെ ആമീന്‍ കൂടെയായപ്പോള്‍ ലോകൈകനാഥന്‍ പെട്ടന്നത് സ്വീകരിച്ചു. ആ പ്രാര്‍ത്ഥനയുടെ ഫലം ഇന്നും അനുഭവബോധ്യമായിക്കൊണ്ടിരിക്കുന്ന വസ്തുതയാണ്.
ബ്രിട്ടീഷുകാരുടെ അച്ചാരം വാങ്ങി കടന്നുവന്ന ഖാദിയാനിസവും, വ്യാജത്വരീഖതുകളും ശൈഖുമാരും, ബിദ്അത്തിന്റെ വിഷവിത്തുമായി തിരുവിതാംകൂറില്‍ നിന്ന് വന്ന പുത്തനാശയക്കാരുമാണ് സമസ്തയുടെ രൂപീകരണകാലത്ത് നേരിടേണ്ടിവന്ന ശക്തിദുര്‍ഭൂതങ്ങള്‍. 1926ല്‍ രൂപീകൃതമായി 1932ല്‍ തങ്ങള്‍ വഫാതാകുന്നത് വരെയുള്ള ആറുവര്‍ഷക്കാലയെളവില്‍ ഈ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ സമസ്തയുടെ നേതാക്കള്‍ക്ക് അനന്യമായ നിര്‍ദേശങ്ങളും നേതൃത്വവുമാണ് വരക്കല്‍ തങ്ങള്‍ നല്‍കിയത്. ആ കാലയെളവില്‍ അഞ്ച് സമ്മേളനങ്ങള്‍ ചേരുകയും ഓരോ സമ്മേളനത്തിനും വ്യക്തമായ അജണ്ടയും ലക്ഷ്യവും കണ്ട് അതിലേക്കെത്താന്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ കൂടിയാലോചനനടത്തുകയും ചെയ്തു. എല്ലാം തങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക, പുത്തന്‍വാദികളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി നല്‍കുക, സംഘടന ശക്തിപ്പെടുത്തുക തുടങ്ങിയ ബഹുമുഖലക്ഷ്യങ്ങളാണ് അന്നുണ്ടായിരുന്നത്. എല്ലാം ശുഭപര്യവസാനത്തിലായി.
ഏതൊരു സംരഭവും ചിന്തയില്‍ മുളച്ച് അത് സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ കഴിയുകയെന്നതാണ് ഒരുവ്യക്തിയുടെ ഏറ്റവും വലിയകഴിവ്. ആ സംരംഭത്തിന് വേണ്ട മുന്നൊരുക്കവുമായി പ്രവര്‍ത്തനഗോധയിലിറങ്ങലാണ് പ്രധാന പ്രതിസന്ധി. തുടക്കം കുറിക്കപ്പെട്ട സംരംഭം സുസ്ഥിരമായി രൂപം പ്രാപിക്കുകയെന്നതാണ് പിന്നീടുള്ള കടമ്പ. സുസ്ഥിരമായ ഘട്ടത്തിലെത്തിയത് പിന്നീട് വെള്ളവും വളവും നല്‍കി സംരക്ഷിക്കല്‍ അത്രതന്നെ പ്രയാസമാവുകയില്ല. ഇവിടെയാണ് വരക്കല്‍ സയ്യിദവര്‍കളുടെ ചിന്താശക്തിയും ആര്‍ജ്ജവവും നമ്മുടെ ചിന്തക്ക് വിഷയീഭവിക്കുന്നത്. അഥവാ കേരളമുസ്‌ലിംകള്‍ മതവിശ്വാസാദര്‍ശപരമായി ഏറ്റവും വലിയ തകര്‍ച്ചയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മതസംരക്ഷണത്തിന് പണ്ഡിതരുടേയും സാദാത്തുമാരുടെ ഒരു കൂട്ടായ്മയാണ് കാലോചിതമെന്ന് ആദ്യം തന്റെ ചിന്തയിലുദിച്ചുവെന്നതാണ് മഹാനവര്‍കളുടെ പ്രധാനമഹത്വം. പിന്നീട് ആ സ്വപ്നസാക്ഷാത്കാരത്തിന് മുരീദമാരും ശിഷ്യന്‍മാരുമായ പണ്ഡിതന്‍മാരോട് കൂടിയാലോചന നടത്തിയാണ് സമസ്ത രൂപീകൃതമാവുന്നത്. ശേഷം വേണ്ട വെള്ളവും വളവും നല്‍കി പുഷ്ഠിപ്പെടുത്തിയെടുത്തിയ ശേഷമാണ് തങ്ങള്‍ വിടചോദിക്കുന്നതും. ഈ ഉരുക്കുകോട്ട ഏറ്റവും വലിയ സംരക്ഷകവചമായി മാറി, വ്യാജന്‍മാരും പുത്തന്‍വാദികളുമൊക്കെ ഉരുക്കുകോട്ടയില്‍ തട്ടി ത്തകരുകയായിരുന്നു. സന്താനസൗഭാഗ്യമില്ലെങ്കിലും സമസ്തയെന്ന വലിയസന്താനത്തെ സമൂഹത്തിന്റെ കയ്യിലേല്‍പ്പിച്ചാണ് ക്രി: 1932 ഹിജ്‌റ 1352 ശഅ്ബാന്‍ 17ന് വരക്കല്‍ മുല്ലക്കോയതങ്ങള്‍ വിടപറയുന്നത്.പ്രഗത്ഭമതികളായ പണ്ഡിതനേതൃത്വത്തില്‍ ഇന്ന് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതിലൂടെ സയ്യിദവര്‍കളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു. പിതാമഹന്‍മാരുടെ കൂടെ വരക്കല്‍ മഖാമില്‍ തന്നെയാണ് തങ്ങളുടെ അന്ത്യവിശ്രമസ്ഥാനം ഒരുക്കപ്പെട്ടിരിക്കുന്നത്.
പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍ സമസ്ത മുശാവറ അംഗവും എസ്.വൈ.എസിന്റെ സംസ്ഥാന സാരഥിയും സമസ്തയുടെ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. സംഘടനയുടെ അകത്ത് നിന്ന് തന്നെയാണ് പൂക്കോയത്തങ്ങളും ഉമറലിതങ്ങളും ഇപ്പോള്‍ ഹൈദറലി തങ്ങളുമൊക്കെ സമസ്തയെ സംരക്ഷിച്ചത്. ഇതില്‍ നിന്ന് പൂര്‍ണ്ണമായും വിത്യസ്തമായ രീതിയില്‍ മുഹമ്മദലി ശിഹാബ്തങ്ങള്‍ സമസ്തയെ നയിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയമുണ്ടായിരുന്നത്. അഥവാ ഉരുക്കുകോട്ടക്ക് പുറത്ത് നിന്ന് ശക്തനായ കാവലാളായി നില്‍ക്കുകയെന്ന്. എസ്.വൈ.എസ് മലപ്പുറം ജില്ലാ ഘടകം രൂപീകരിക്കപ്പെട്ടത് മുതല്‍ 1977ല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുന്നത് വരെ പ്രസിഡന്റായിരുന്നുവെന്നതൊഴിച്ചാല്‍ സമസ്തയുടേയോ പോഷകഘടകങ്ങളുടേയോ ഔദ്യോഗിക സ്ഥാനങ്ങളില്‍ തങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാകാര്യങ്ങളിലും തങ്ങളുടെ ഉപദേശനിര്‍ദേശ ആശീര്‍വാദങ്ങളുണ്ടായിരുന്നുതാനും. പിതാവിന് ശേഷം സമസ്തസ്ഥാപനങ്ങളുടെ മേധാവിയും സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിലും തങ്ങള്‍ക്കുള്ള പങ്ക് അനിശേദ്ധ്യമാണ്.
കേരളത്തിലെ ബഹുഭൂരിഭാഗം മഹല്ലുകളും സമസ്തക്ക് കീഴിലാണ്. ഈ മഹല്ലുകളില്‍ അഞ്ഞൂറോളം മഹല്ലുകളിലെ ഖാളിസ്ഥാനം തങ്ങള്‍ക്ക് ലഭിച്ചത് സമസ്തയുമായുള്ള തങ്ങളുടെ ബന്ധമാണറിയിക്കുന്നത്. മാത്രമല്ല, മതപ്രശ്‌നങ്ങളില്‍ തങ്ങള്‍ കൂടിയാലോചന നടത്തിയിരുന്നത് സമസ്തനേതാക്കളോടാണെന്നത് പകല്‍പോലെ വ്യക്തവുമാണ്.
വരക്കല്‍തങ്ങളുടെ കാലത്തുണ്ടായിരുന്ന മൂന്ന് പ്രതിസന്ധികളും സമസ്തയുടെ പുറത്ത് നിന്നുള്ള ശത്രുക്കളായിരുന്നുവെങ്കില്‍ ശിഹാബ്തങ്ങളുടെ കാലത്ത് കള്ളന്‍ കപ്പലില്‍തന്നെയായിരുന്നു. സമസ്തയില്‍ കയറിക്കൂടിയത് മുതല്‍ സ്ഥാപിതലക്ഷ്യത്തില്‍ നിന്ന് സമസ്തയെ തെറ്റിക്കാന്‍ കാന്തപുരം നടത്തിയിരുന്ന ശ്രമങ്ങള്‍ ചെറുതായിരുന്നില്ല. 1989ല്‍ സമസ്തയില്‍ നിന്നിറക്കിവിടേണ്ട സാഹചര്യം വരെ കാര്യങ്ങളെത്താന്‍ ചെറുതൊന്നല്ലാത്ത അപായപ്രവര്‍ത്തനങ്ങള്‍ ടിയാന്‍ നടത്തുകയുണ്ടായി. വരക്കല്‍ മുല്ലക്കോയതങ്ങളും നിഷ്‌കളങ്കരുമായ പണ്ഡിതസാദാത്തീങ്ങളും കൂടി അത്യദ്ധ്വാനം ചെയ്ത് പണിതുയര്‍ത്തിയ മഹാപ്രസ്ഥാനം കേവല, നൈമിശിക, ഭൗതിക ലക്ഷ്യത്തിന് വേണ്ടി മാത്രം തച്ചുതകര്‍ക്കാനാണവര്‍ ഇറങ്ങിപ്പുറപ്പെട്ടത്. വര്‍ഷങ്ങളുടെ അധ്വാനവും കോടികളുടെ ചിലവും ആയൂശ്കാലത്തെ ഊര്‍ജ്ജവുമെല്ലാം വിനിയോഗിച്ചുണ്ടാക്കിയ ഒരു കെട്ടിടം തകര്‍ത്തു നാമാവശേഷമാക്കാന്‍ ഒരു ജെ.സി.ബിക്ക് നിമിഷങ്ങള്‍ മതി. പിന്നീടത് പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ചിലവഴിച്ചതിന്റെ ഇരട്ടി അധ്വാനവും പണവും ഊര്‍ജ്ജവും വിനിയോഗിക്കേണ്ടിവരുമെന്നതില്‍ സംശയമേതുമില്ല. സ്വന്തം പിതാവുണ്ടാക്കിയ സുന്ദരമായ ഭവനം ചിലശത്രുക്കള്‍ വന്ന് തകര്‍ക്കുന്നത് നോക്കി നില്‍ക്കാന്‍ സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള മക്കള്‍ക്ക് സാധിക്കില്ല.
വരക്കല്‍തങ്ങളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ സമസ്തയെന്ന സുന്ദരസൗധം തച്ചുതകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിന്‍ഗാമിയായ ശിഹാബ്തങ്ങള്‍ക്ക് സഹിച്ചില്ല. ആ സൗധത്തിന്റെ ചുവരുകളില്‍ സ്പര്‍ശിക്കാന്‍ പോലും ശത്രുക്കളെ അനുവദിക്കാതെ മുഹമ്മദലി ശിഹാബ്തങ്ങള്‍ അതിന് കാവല്‍നിന്നു. സമസ്തമുശാവറയുടെ തീരുമാനം അവഗണിച്ച് വിഘടിതര്‍ എറണാംകുളത്ത് സംഘടിപ്പിച്ച സമ്മേളനത്തിന് ലീഗുകാര്‍ ആരും പോകരുതെന്ന് പരസ്യമായിപ്രഖ്യാപിച്ചാണ് ശിഹാബ്തങ്ങള്‍ തന്റെ നിലപാട് ആദ്യമായി പ്രകടിപ്പിച്ചത്. 1966ല്‍ സമസ്തക്ക് സമാന്തരമായി അഖിലകേരള ജംഇയ്യത്തുല്‍ ഉലമ കടന്നുവന്നപ്പോള്‍ സമസ്ത വിളിച്ചുചേര്‍ത്ത നയവിശദീകരണ യോഗത്തില്‍ പി.എം.എസ്.എ പൂക്കോയതങ്ങള്‍ നടത്തിയപ്രഖ്യാപനം ചരിത്രപ്രസിദ്ധമാണ്. ചുവന്നുതുടുത്ത മുഖവുമായി തങ്ങള്‍ പറഞ്ഞു 'ഇവിടെ അഖിലയും വേണ്ട കൊഖിലയും വേണ്ട, സമസ്ത മതി'. ഈ വാക്കാണ് ആ സംഘടന പിരിച്ച് വിടാന്‍ പോലും ആളില്ലാതെ നാമാവശേഷമാകാന്‍ കാരണം. ഇതേ നിലപാട് തന്നെയാണ് പുത്രന്‍ ശിഹാബ് തങ്ങളും സ്വീകരിച്ചത്.
മരിക്കുവോളം തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ഇരുവിഭാഗവും ഒന്നിച്ചുകാണാന്‍ തങ്ങള്‍ അതിയായി കൊതിച്ചിരുന്നുവെന്ന് മാത്രം. ആ മോഹങ്ങള്‍ക്ക് സമസ്തയോ നേതാക്കളോ ഒരു തടസ്സമായിരുന്നില്ല. മറിച്ച് മസ്വ്‌ലഹത് ചര്‍ച്ചയുടെ അന്തിമതീരുമാനം സയ്യിദ് മുഹമ്മദലിശിഹാബ്തങ്ങളുടെ ചെയര്‍മാന്‍ശിപ്പിലായിരിക്കണമെന്നാണ് സമസ്ത സിക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ വെച്ച നിര്‍ദേശങ്ങളില്‍ ഒന്ന്. ഇതിനെതിരെ എന്നും പുറം തിരിഞ്ഞ സമീപനമാണ് വിഘടിതവിഭാഗം സ്വീകരിച്ചിരുന്നത്.
തിരുനബി(സ)യുടെ ഒരു ഹദീസില്‍ ഇങ്ങനെകാണാം. ജനങ്ങളില്‍ അത്യുത്തമന്‍ ദീര്‍ഘകാലം ജീവിക്കാന്‍ അവസരം ലഭിക്കുകയും സത്കര്‍മ്മങ്ങള്‍ അധികരിക്കുകയും ചെയ്തവനാണ്. അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍ ജനസേവനത്തിന് അവസരം നല്‍കി അനുഗ്രഹിക്കുമെന്ന് പുണ്യവചനങ്ങളില്‍ കാണാം. 1840ല്‍ ജനിച്ച് 1932ല്‍ വഫാതായ വരക്കല്‍ മുല്ലക്കോയതങ്ങള്‍ ദീര്‍ഘമായ ഒമ്പത് പതിറ്റാണ്ട് ജീവിച്ച് ഖുതുബും വലിയ്യുമായി ജനങ്ങളുടെ നേതാവും സേവകനുമായി സമസ്തയുടെ അജയ്യനായ അമരക്കാരനായി വിടപറഞ്ഞു. 1936ല്‍ ജനിച്ച് 2009ല്‍ വഫാതായ ശിഹാബ് തങ്ങള്‍ എഴുപത്തിമൂന്ന് വര്‍ഷമാണ് അനന്യസാധാരണമായ ജനനേതൃത്വം കൊണ്ട് സംശുദ്ധജീവിതം കൊണ്ടും സമൂഹത്തിന്റെ മുഴുവന്‍ പ്രശംസകളും പിടിച്ചുപറ്റിയത്. അതെ, അല്ലാഹുവിന്റെ അടിമകളില്‍ അത്യുത്തമരായി ജീവിച്ച രണ്ടു പുണ്യാത്മക്കളാണ് സയ്യിദ് വരക്കല്‍ മുല്ലക്കോയതങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും. ഒരാള്‍ സമസ്തയുടെ സ്ഥാപകനും മറ്റൊരാള്‍ സമസ്തയുടെ കാവലാളുമായിരുന്നു. രണ്ടുപേരുടേയും മരിക്കാത്ത ഓര്‍മ്മകള്‍ കൊണ്ട് ശഅ്ബാന്‍ മാസം ധന്യമാക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.
Post a Comment