പിറവിയിലേ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന തലമുടി(അഖീഖഃ) ഏഴാം ദിവസം നീക്കം ചെയ്യുന്നതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബലിക്ക് വേണ്ടി ഉപയോഗിക്കുന്ന മൃഗത്തെയാണ് സാങ്കേതിക ഭാഷയില്‍ അഖീഖഃ എന്ന പദം വ്യജ്ഞിപ്പിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ സവിശേഷമായി നിര്‍വ്വഹിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ പുണ്യകര്‍മ്മവുമായി ബന്ധപ്പെട്ട മതകീയ കാഴ്ചപ്പാടുകളിലേക്കുള്ള ഈ എത്തിനോട്ടം പ്രാധാന്യം ഉള്‍കൊള്ളുവാനും തത്‌സംബന്ധമായ ചില തെറ്റിദ്ധാരണകള്‍ തിരുത്തുവാനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നബിയും സ്വഹാബത്തും ചെയ്ത് പോന്ന ഈ പുണ്യകര്‍മ്മം അനുവര്‍ത്തിക്കാന്‍ മുസ്‌ലിം സമുദായത്തെ പ്രേരിപ്പിക്കുന്ന നിരവധി വചനങ്ങള്‍ നമുക്ക് കാണാം. ഇമാം തിര്‍മുദി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ആഇശ(റ) പറയുന്നു:'ആണ്‍കുട്ടികള്‍ക്ക് രണ്ടെണ്ണവും പെണ്‍കുട്ടികള്‍ക്ക് ഒരെണ്ണവും വീതം ആടുകളെ അഖീഖഃ അറുക്കാന്‍  തിരുമേനി (സ്വ)ഞങ്ങളെ കല്‍പിക്കാറുണ്ടായിരുന്നു'. 'ഓരോ കുഞ്ഞും തന്റെ അഖീഖഃ ക്ക് പകരം പണയവസ്തുവാണ്. ജനിച്ച് ഏഴാം ദിവസം ആ മൃഗം അറുക്കപ്പെടുകയും തലമുടി നീക്കം ചെയ്യപ്പെടുകയും പേര് വിളിക്കപ്പെടുകയും ചെയ്യും'(തിര്‍മുദി). ഇവിടെ സൂചിപ്പിക്കപ്പെട്ട 'പണയവസ്തു'വാണെന്നതിന്റെ വിവക്ഷയില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നതകാണാം. അഖീഖഃ അറുക്കപ്പെടാത്ത കുട്ടിക്ക് സമകാലികരുടെ വളര്‍ച്ചയുണ്ടാവില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇമാം ഖത്വാബി(റ) പറയുന്നു ''ഇമാം അഹ്മദ്ബ്‌നുഹമ്പലി(റ)ന്റെ അഭിപ്രായമാണ് ഏറ്റവും നല്ല വിവക്ഷ,അദ്ദേഹം പറയുന്നു: അഖീഖഃ അറുക്കപ്പെടാത്ത കുട്ടി നാളെ മഹ്ശറയില്‍ മാതാപിതാക്കള്‍ക്ക് വേണ്ടി ശുപാര്‍ഷ ചെയ്യില്ല''. അഹ്മദ്ബ്‌നുഹമ്പലി(റ) ന്റെ മുമ്പുള്ള ചില പണ്ഡിതരെ തൊട്ടും ഈ അഭിപ്രായം ഹലീമി(റ) ഉദ്ധരിച്ചിട്ടുണ്ട് (മുഗ്‌നി 4/293). സല്‍മാനുബ്‌നുഇമാറുള്ളബിയില്‍ നിന്ന് നിവേദനം, നബി(സ്വ) പറയുന്നു: കുഞ്ഞുങ്ങള്‍ക്ക് കൂടെ അഖീഖഃയുണ്ട്. അത് കൊണ്ട് കുഞ്ഞിന് പകരം നിങ്ങള്‍ രക്തം ഒലിപ്പിക്കുകയും മ്ലേഛതകളെ നീക്കുകയും ചെയ്യുക(സ്വഹീഹുല്‍ബുഖാരി).

അഖീഖഃ നിയമമാക്കപ്പെട്ടതിലെ ഹിക്മതുകള്‍:

വിശുദ്ധ ശരീഅത്തിലെ നിയമകല്‍പ്പനകള്‍ക്കുള്ളില്‍ ചില ഹിക്മതുകളുണ്ട്. എല്ലാം മനുഷഷ്യരായ നമുക്ക് അറിയണമെന്നില്ലെങ്കിലും ചില കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തത്വങ്ങള്‍ പണ്ഡിതര്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. ശാഹ് വലിയ്യുള്ളാഹിദ്ദഹ്‌ലവി(റ) തന്റെ ഹുജ്ജതുല്ലാഹില്‍ബാലിഗയില്‍ അഖീഖഃ തിനെക്കുറിച്ച് വിശദീകരിക്കുന്നിടത്ത് അത് നിയമമാക്കപ്പെട്ടതിലെ ചില ഹിക്മതുകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: ജാഹിലിയ്യാ കാലത്ത് അഖീഖഃ അറുക്കല്‍ നിര്‍ബന്ധവും ശക്തമായ സുന്നത്തുമായിരുന്നു. മതപരവും സാമൂഹികവും ശാരീരികവുമായ ധാരാളം നന്‍മകള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രവര്‍ത്തനം ഇസ്‌ലാം നിലനിര്‍ത്തുകയും നബിതങ്ങള്‍ ജനങ്ങളെ അതിന് വേണ്ടി പ്രേരിപ്പിക്കുകയും ചെയ്തു. ആ നന്മകളില്‍ ചിലത് നമുക്കിങ്ങനെ സംഗ്രഹിക്കാം. 1-ജനിക്കുന്ന കുട്ടിയുടെ പരമ്പര(തറവാട്) ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധിപ്പെടുത്തുക.2-ധര്‍മ്മത്തെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെ പിന്തുടരുകയും പിശുക്കിന്റെ പ്രേരകങ്ങളെ അവഗണിക്കുകയും ചെയ്യുക.3- തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികളെ മാമോദീസ മുക്കുന്ന ക്രൈസ്തവ ആചാരത്തിന് വിരുദ്ധമായി ഒരു മുസ്‌ലിം തന്റെ കുഞ്ഞ് സംശുദ്ധ ദീനിന്റെ വക്താവാണെന്ന് അഖീഖഃ അറുത്ത് പ്രഖ്യാപിക്കുക- ഇബ്‌റാഹീം (അ) മകനെ അറുക്കാന്‍ സന്നദ്ധനായപ്പോള്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മൃഗത്തെ കൊടുത്തയച്ചു ആദരിക്കുകയും അതിനെ മകന് പകരമായി അറുക്കാനാവശ്യപ്പെടുകയും ചെയ്ത പ്രവര്‍ത്തനത്തെയാണ് ഓരോ മുസ്‌ലിമും അഖീഖഃ അറുക്കുന്നതിലൂടെ അനുദാവനം ചെയ്യുന്നത്-4-തന്റെ മകന്റെ ജനനത്തിന് ഉടനെ ഇങ്ങനെ ഒരു കാര്യം പ്രവര്‍ത്തിച്ചാല്‍ ഇബ്‌റാഹീം നബി തന്റെ മകനെ ദൈവമാര്‍ഗ്ഗത്തില്‍ സമര്‍പ്പിച്ചത് പോലെ ഞാനും സമാനമായ പ്രവര്‍ത്തനം നടത്തിയെന്ന ചിന്ത മുസ്‌ലിമിന്റെ മനസ്സിലുദിക്കും. ജീവിതത്തില്‍ നന്‍മകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഇതൊരു പ്രേരകമായി മാറും(ഹുജ്ജതുല്ലാഹില്‍ ബാലിഗ 2/198).

ഒരു കുഞ്ഞ്  പ്രസവിക്കപ്പെട്ട് അതിന് പ്രായപൂര്‍ത്തിയാകുന്നതിനിടയില്‍  കുഞ്ഞിന് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായ വ്യക്തിക്ക് അഖീഖഃ അറുക്കല്‍ ശക്തിയായ സുന്നത്താണ്. ഫിത്വ്‌റ് സകാത്ത് കൊടുക്കാന്‍ ബാദ്ധ്യസ്ഥനാകുന്നവന്‍ തന്നെ ഈ ഗണത്തില്‍ പെടുന്നതാണ്. സ്വന്തം സമ്പത്ത് ഉപയോഗിച്ച് ചെയ്യേണ്ട സുന്നത്തായ ഈ കാര്യം രക്ഷിതാവ് കുട്ടിയുടെ സ്വത്തുപയോഗിച്ച് ചെയ്താല്‍ അവനതിന്റെ ഉത്തരവാദിയാകും. സാമ്പത്തിക പ്രയാസം കാരണം ചിലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വ്യക്തികള്‍ ഈ ഉദ്യമത്തില്‍ നിന്ന് ഒഴിവാണ്. നിഫാസ് രക്ത(പ്രസവരക്തം)ത്തിന്റെ അധികരിച്ച കാലയളവിനിടയിലുള്ള സാമ്പത്തിക സ്ഥിതിയാണ് ഈ കാര്യത്തില്‍ പരിഗണിക്കേണ്ടത്. ആ കാലയളവില്‍ സാമ്പത്തിക പ്രയാസം നേരിട്ടവന്‍ പിന്നീട് മെച്ചപ്പെട്ടാല്‍ പോലും അറുക്കേണ്ടതില്ല. എന്നാല്‍ ആ കാലയളവിനുള്ളില്‍ സാമ്പത്തികാഭിവൃദ്ധി കൈവരിച്ചാല്‍ തന്റെ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ലതാനും. രക്ഷിതാവ് അഖീഖഃ അറുത്തില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം കുട്ടി സ്വയം അറുത്താല്‍ അത് സുന്നത്തായി ഗണിക്കപ്പെടുന്നതാണ്(തുഹ്ഫ, ഇആനത്).

കുട്ടി ജനിച്ച് ഏഴാം ദിവസം അഖീഖഃ അറുക്കലാണ് ഏറ്റവും ഉത്തമം. പകല്‍ സമയം പ്രസവിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒന്നാം ദിനമായും, രാത്രി പ്രസവിക്കപ്പെട്ടാല്‍ ആ രാത്രിക്ക് ശേഷം വരുന്ന പകല്‍ ഒന്നാം ദിനമായും പരിഗണിച്ചാണ് ഏഴ് ദിവസം പൂര്‍ത്തിയാക്കേണ്ടത്.
ജനിച്ച് ഏഴ് ദിനം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു പോയ കുട്ടിക്ക് വേണ്ടിയും അഖീഖഃ അറുക്കല്‍ സുന്നത്തുണ്ട്(ഇആനത്).

ഉള്ഹിയ്യതിന്റെ മൃഗത്തിന് പറഞ്ഞ നിബന്ധനകള്‍ തന്നെയാണ് അഖീഖഃ യുടെ മൃഗത്തിനും ഫുഖഹാക്കള്‍ വെച്ചിട്ടുള്ളത്. ആട്, മാട്, ഒട്ടകം ഇനങ്ങളില്‍ നിന്ന് മെലിയാത്തതും വാലോ ചെവിയോ മുറിഞ്ഞ് പോരാത്തതും, വ്യക്തമായ മുടന്തും രോഗവും കാഴ്ചമങ്ങലുമില്ലാത്തതുമായ ജീവികളാണ് അഖീഖഃ ക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. സഹജീവികളുടെ കൂടെ മേയുന്ന അവസരത്തില്‍ മേച്ചിന്‍ സ്ഥലങ്ങളില്‍ കൂടെക്കൂടാന്‍ കഴിയാത്ത വിധമുള്ള മുടന്താണ് മുന്‍ചൊന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കണ്ണിന്റെ കാഴ്ചക്ക് വിഘ്‌നമാകും വിധം കണ്ണില്‍ പരക്കുന്ന വെള്ളനിറമാണ് കാഴ്ചക്കുറവെന്നത് കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത്. വ്യക്തമായ രോഗം എന്നത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത് മെലിച്ചിലിന് കാരണമാകുന്ന രോഗങ്ങളാണ്. ഈ കാരണങ്ങള്‍ അല്‍പ്പമുണ്ടെന്നത് ഗൗനിക്കപ്പെടേണ്ടതില്ല(ഇആനത്). അഞ്ച് വയസ്സുള്ള ഒട്ടകം, രണ്ട് വയസ്സുള്ള മാട്, കോലാട്, ഒരു വയസ്സു തികഞ്ഞതോ, പല്ല് കൊഴിഞ്ഞതോ ആയ നെയ്യാട് എന്നിവയാണ് ഉപയോഗിക്കേണ്ടത്. ആട് അല്ലാത്തവയില്‍ ഏഴില്‍ ഒരു ഓഹരികൊണ്ട് തന്നെ അഖീഖഃ ശരിയാകുന്നതാണ്. ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരാടുമാണ് സുന്നത്തുള്ളത്. ആണ്‍കുട്ടിക്ക് വേണ്ടി ഒരാട് അറുത്താലും അസ്വ്‌ലുസ്സുന്നത്ത് ലഭിക്കുന്നതാണ്(ശര്‍ഹുല്‍മുഹദ്ദബ്). ഒരാടിനെ അറുത്ത് ഉളുഹിയ്യതും അഖീഖഃയും ഉദ്ധേശിച്ചാല്‍ രണ്ടും ലഭിക്കില്ല. അവരണ്ടും സ്വതന്ത്രമായ സുന്നത്തുകളും പലവിഷയങ്ങളിലും വിത്യസ്തവുമായതാണ് കാരണം(തുഹ്ഫ).

അറുക്കേണ്ട സമയം, മുതലാളിക്ക് നല്‍കിയത് ഉടമസ്ഥതയില്‍ വരുക, ദാനം ചെയ്യുന്നത് വേവിച്ച ശേഷമാവുക  എന്നീ മസ്അലകളില്‍ ഒഴികെ മറ്റു മുഴുവന്‍ കാര്യങ്ങളിലും ഉള്ഹിയ്യത്തിന്റെ പോലെത്തന്നെയാണ് അഖീഖഃ തും. പെരുന്നാള്‍ ദിനത്തല്‍ സൂര്യനുദിച്ചതു മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസം സൂര്യാസ്തമയം വരെയാണ് ഉള്ഹിയ്യതിന്റെ സമയമെങ്കില്‍ അഖീഖഃ തിന് പ്രത്യേക സമയ കാല പരിധിയില്ല. എന്നാലും പകലിന്റെ ആദ്യസമയത്താകലും(സൂര്യോദയത്തിന് ശേഷം) രാത്രിയാവാതിരിക്കലും പ്രത്യേകം പുണ്യകരമാണ്.

ആദ്യം കുഞ്ഞിന് പേരിടുകയും ശേഷം ആ കുട്ടിക്ക് വേണ്ടി ബലിയറുക്കുകയും പിന്നീട് തലമുടി നീക്കം ചെയ്യുകയുമാണ് വേണ്ടത്(സുന്നത്ത്). തലമുടി കളയാന്‍ കത്തിവെക്കുന്നതും മൃഗത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതും ഒരേ സമയമാകണമെന്ന മൂഢധാരണ ചിലയാളുകളെങ്കിലും വെച്ചു പുലര്‍ത്തുന്നുണ്ട്. സുന്നത്തിന് വിരുദ്ധമായതും തിരുത്തേണ്ടതുമായ ധാരണപ്പിശകുമാത്രമാണത്.

ജാഹിലിയ്യ കാലത്ത് മുടി കളഞ്ഞ ശേഷം അറുക്കപ്പെട്ട മൃഗത്തിന്റെ രക്തം കുഞ്ഞിന്റെ തലയില്‍ പുരട്ടുന്ന പതിവുണ്ടായിരുന്നു. ഇസ്‌ലാം വന്നതിന് ശേഷം ഈ ദുരാചാരം നിര്‍ത്തലാക്കുകയും രക്തത്തിന് പകരം കുങ്കുമമോ മറ്റു വല്ല സുഗന്ധ ദ്രവ്യമോ തലയില്‍ പുരട്ടല്‍ സുന്നത്തുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്തു(ശര്‍ഹുല്‍ മുഹദ്ദബ്). നീക്കം ചെയ്യപ്പെട്ട മുടിയുടെ അളവിന് തുല്യമായി സ്വര്‍ണ്ണമോ വെള്ളിയോ സാധുക്കള്‍ക്ക് ധാനം ചെയ്യലും സുന്നത്താണ്. നബി(സ) ഫാത്വിമ ബീവിയോട് ഇങ്ങനെ പറഞ്ഞു: ഫാത്വിമാ, നീ ഹുസൈനിന്റെ മുടി തൂക്കി നോക്കി അതിന്റെ അളവില്‍ വെള്ളി ദാനം ചെയ്യുകയും അഖീഖഃ മൃഗത്തിന്റെ കാലിന്റെ ഭാഗം പ്രസവം സ്വീകരിച്ച സ്ത്രീ(ഖാബിലത്)ക്ക് നല്‍കുകയും വേണം. കുട്ടി ആണായാലും പെണ്ണായാലും ഇത് നിര്‍വഹിക്കണം.(മുഗ്‌നി-4/295). തന്റെ മുടിയുടെ തൂക്കത്തില്‍ സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മ്മം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ പ്രായം തികഞ്ഞതിന് ശേഷം വ്യക്തിക്ക് സ്വയം ചെയ്യാവുന്നതാണെന്ന് ഇമാം സര്‍കശി (റ)പറയുന്നുണ്ട്. അഖീഖഃ  അറുത്ത ദിവസം കളഞ്ഞ മുടി സൂക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തൂക്കം കണക്കാക്കിയോ, അല്ലെങ്കില്‍ സൂക്ഷ്മത പുലര്‍ത്തി ഏകദേശ കണക്ക് വെച്ച് കുറച്ച് കൂടുതല്‍ നല്‍കുകയോ ആവാം(മുഗ്‌നി). ഗര്‍ഭസ്ഥാവസ്ഥയില്‍ നിന്ന് കുട്ടിത്വ ഘട്ടത്തിലേക്ക് കുട്ടിക്ക് വളര്‍ച്ച ലഭിച്ച അനുഗ്രഹത്തിന് അല്ലാഹുവിനെ ശുക്‌റായിട്ടാണ് ഈ ധര്‍മ്മമെന്ന് ദഹ്‌ലവി(റ) പറയുന്നുണ്ട്. ഗര്‍ഭ കാലത്ത് ശരീരത്തിലുണ്ടായ വസ്തുക്കളില്‍ നിന്ന് അവശേഷിക്കുന്ന മുടി നീക്കം ചെയ്ത് അതിന്റെ തൂക്കം സ്വര്‍ണമോ വെള്ളിയോ സ്വദഖ കൊടുക്കുന്നതും അത് കൊണ്ടാണ്.

അഖീഖഃ യായി അറുക്കപ്പെട്ട മൃഗത്തിന്റെ എല്ലുകള്‍ കെണുപ്പുകളില്‍ മാത്രം മുറിച്ച് മറ്റു ഭാഗങ്ങളിലെ എല്ലുകള്‍ മുറിയാതിരിക്കാന്‍ പരമാവധി സൂക്ഷിക്കണം. കുട്ടിയുടെ അവയവങ്ങള്‍ മുറിയാതെ ജീവിക്കാനുള്ള ഒരു സുഭലക്ഷണമായിട്ടാണിത്. അങ്ങനെ മുറിക്കുന്നത് കറാഹത്തില്ലെങ്കിലും ഖിലാഫുല്‍ ഔലയാണെന്ന്(ഉത്തമത്തിനെതിര്) കാണാം(തുഹ്ഫ). ഏഴ് ഓഹരിയില്‍ പങ്ക് ചേര്‍ന്ന് അതില്‍ ഒന്ന് അഖീഖഃ യായി കരുതി അറുക്കുന്ന വേളയിലും എല്ലുകള്‍ മുറിയാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കില്‍ പരമാവധി പാലിക്കണമെന്നും ഫുഖഹാക്കള്‍ നിര്‍ദേശിക്കുന്നു(ശര്‍വാനി).

അഖീഖഃ നേര്‍ച്ചയാക്കിയാല്‍ ഉളുഹിയ്യത്ത് പോലെ അത് മുഴുവന്‍ ധര്‍മ്മം ചെയ്യണം. സുന്നത്തായ കര്‍മ്മമാണെങ്കില്‍ സുന്നത്തായ ഉളുഹിയ്യത്ത് പോലെ അല്‍പം കഴിക്കുകയും ബാക്കി പാവപ്പെട്ടവര്‍ക്ക് നല്‍കുകയും വേണം. എന്നാല്‍ ഉള്ഹിയ്യത്തില്‍ നിന്ന് വ്യത്യസ്തമായി അഖീഖഃ തിന്റെ മാംസം വേവിച്ച് നല്‍കേണ്ടതും ധനികര്‍ക്ക് കിട്ടിയത് അവരുടെ സ്വന്തം ഉടമസ്ഥതയില്‍ വരുന്നതുമാണ്. വേവിക്കുമ്പോള്‍ എന്തെങ്കിലും മധുരം ഉപയോഗിക്കാമെന്ന് കാണാം. കുട്ടിയുടെ സ്വഭാവം നന്നാവാനുള്ള ശുഭലക്ഷണമായിട്ടാണ് അങ്ങിനെ ചെയ്യുന്നത്(മുഗ്‌നി). എന്നാല്‍ പ്രസവം സ്വീകരിച്ച(ഖാബിലത്) സ്ത്രീക്ക് അഖീഖഃ മൃഗത്തിന്റെ വലത്തെ കാല്‍ (തുടഭാഗം വരെ) വേവിക്കാതെ നല്‍കലാണ് സുന്നത്ത്. വേവിച്ച മാംസം പാവപ്പെട്ടവന്റെ വീട്ടിലേക്ക് എത്തിച്ച് കൊടുക്കലാണ് അവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് കൊടുക്കുന്നതിനേക്കാള്‍ നല്ലത്.

Post a Comment

Previous Post Next Post