ചരിത്രത്തില്‍ വിഖ്യാതരായവര്‍ രണ്ട് തരമുണ്ട്. ഒന്ന്:- യുഗസ്രഷ്ടാക്കള്‍; പ്രതികൂലമായ സാഹചര്യങ്ങളെ തന്റെ പ്രതിഭാവിലാസം കൊണ്ടും കര്‍മനൈപുണ്യം കൊണ്ടും മാറ്റി മറിച്ച്, കാലഘട്ടത്തെ തന്നെ തങ്ങള്‍ക്കനുകൂലമാക്കുന്നവര്‍. രണ്ട്:- യുഗസൃഷ്ടികള്‍; കാലഘട്ടത്തേയും സാഹചര്യത്തേയും ഒരു വിധത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാക്കാതെ അവയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഉപയോഗ്യമാക്കുന്നതിനും വേണ്ട പ്രതിഭയും കഴിവും ആര്‍ജ്ജിക്കുന്നവര്‍. പണ്ഡിതനും, പ്രഭാഷകനും, ഗ്രന്ഥകര്‍ത്താവും, സമരപോരാളിയും, രാഷ്ട്രീയനേതാവും, സംഘാടകനുമെല്ലാം ആയിരുന്ന പാങ്ങില്‍ അഹ്‌മദ് കുട്ടി മൗലവി ഇതില്‍ ഒന്നാം ഗണത്തില്‍ പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എന്ന് അ്‌ദ്ദേഹത്തിന്റെ ജീവിതരേഖകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. 


ഹിജ്‌റ വര്‍ഷം 1305 ശവ്വാല്‍ 11 വെള്ളിയാഴ്ച, (ക്രിസ്തുവര്‍ഷം 1888 ജൂണ്‍ 21) ജനിച്ച് ആറ് പതിറ്റാണ്ട് കാലത്തെ നവോത്ഥാന സേവനങ്ങള്‍ക്ക് ശേഷം ഹിജ്‌റ 1365 ദുല്‍ഹിജ്ജ 25 (ക്രിസ്തുവര്‍ഷം 1946 നവംബര്‍ 20)നാണ് മൗലാനാ  പാങ്ങില്‍ അഹ്‌മദ്കുട്ടി മുല്ലവി വഫാതാകുന്നത്. സാമൂഹികവും, ഭൗതികവുമായ അരക്ഷിതാവസ്ഥ മൂര്‍ദ്ധന്യദശയിലെത്തിയ ദുര്‍ഘടഘട്ടത്തിലാണ് മഹാനുഭാവന്‍ ജന്‍മമെടുക്കുന്നത്. 1821മുതല്‍ 1921വരെയുള്ള നൂറ് വര്‍ഷത്തിനിടയില്‍ അമ്പത്തിഒന്ന് ലഹളകള്‍ നടന്നുവെന്നും, അതില്‍ 1836നും 1853നും ഇടയില്‍ പതിനെട്ടം വര്‍ഷത്തിനിടയില്‍ ഇരുപത്തിരണ്ട് കലാപങ്ങള്‍ക്ക് മലബാര്‍ സാക്ഷിയായിട്ടുണ്ടെന്നും ചരിത്രരേഖയാണ്. നാടുകടത്തല്‍, കൂട്ടപ്പിഴ, ആയുധനിരോധനം തുടങ്ങിയ ക്രൂരനടപടികളിലൂടെ കലാപങ്ങള്‍ കുറച്ചുവെങ്കിലും പൂര്‍ണ്ണമായി നിലക്കുന്ന സാഹചര്യമായിരുന്നില്ല. ഇതിന്റെ അവസാന കത്തലായിരുന്നു 1921ലേത്. ഈ കലാപവര്‍ഷങ്ങള്‍ക്കിടയില്‍ 1888ലാണ് മൗലവി ജനിക്കുന്നത്. മതകീയ ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. മാതാപിതാക്കളില്‍ നിന്ന് കണ്ടും കേട്ടും അറബി അക്ഷരമാലകള്‍ പഠിച്ചുവളര്‍ന്ന അഹ്‌മദ്കുട്ടി മൗലവി ഏഴ് വയസ്സായപ്പോഴേക്ക് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പതിനാലാം വയസ്സ് വരെ സ്വദേശദര്‍സില്‍ പഠിച്ച അദ്ദേഹം പിന്നീട് ജ്ഞാന സമ്പാദന മാര്‍ഗത്തില്‍ അനുസ്യൂതം സഞ്ചരിക്കുകയുണ്ടായി. 


കുടുംബവേരുകള്‍

ഇസ്‌ലാമിക പ്രബോധനത്തിന് കേരളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്ന ഹബീബ്ബ്‌നുമാലിക്(റ)ന്റെ പുത്രപരമ്പരയിലാണ് പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി പിറവിയെടുക്കുന്നത്. ഹബീബുബ്‌നുമാലികിന്റെ പുത്രപരമ്പരയില്‍ ഇരുപത് പൗത്രന്‍മാര്‍ക്ക് ശേഷമാണ് പാങ്ങില്‍ അഹ്‌മദ്കുട്ടിമൗലവിയുടെ ഉദയം. ഹബീബുബ്‌നുമാലിക്(റ)ന് ശേഷം അബ്ദുറഹിമാന്‍, കുഞ്ഞിമരക്കാര്‍, ഹബീബലി, അബ്ദുറഹിമാന്‍മരക്കാര്‍, കുഞ്ഞാലി, ഹബീബ്കുഞ്ഞി, അബ്ദുറഹിമാന്‍ എന്ന അറമു, ഹബീബുട്ടി, കുഞ്ഞറമു, സൈദ്, സൂപ്പി, അസ്സനാലി, കുഞ്ഞാമുട്ടി, കുഞ്ഞാലന്‍, കോയാമുട്ടി, ഹസ്സന്‍, ഖാദര്‍, കോയാമു, കുഞ്ഞറമുട്ടി, കുഞ്ഞമ്മദ്, മമ്മു എന്നിങ്ങനെയാണ് പുത്രപരമ്പര കടന്നുപോകുന്നത്. മമ്മുമൊല്ല ചാലിയത്ത് നിന്ന് തിരൂരങ്ങാടിയിലെത്തി വലിയചക്കന്റെ സ്ഥലം വാങ്ങി താമസമാരംഭിച്ചു വലിയാക്കത്തൊടി മമ്മുമൊല്ല എന്ന പേരില്‍ തിരൂരങ്ങാടി പള്ളിയില്‍ അധ്യാപനവും ദീനീപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കി. അദ്ദേഹത്തിന് ഹബീബ്, കമ്മു, കുഞ്ഞമ്മദ് എന്നീ മൂന്ന് പുത്രന്‍മാരുണ്ടാവുകയും ക്രി: 1713ല്‍ മൃതിയടഞ്ഞപ്പോള്‍ മമ്പുറത്തെ സ്വത്ത് കമ്മുമൊല്ലക്കും, കൊടിഞ്ഞിയിലെ ആസ്തി കുഞ്ഞമ്മദ് മൊല്ലക്കുമാണ് വിഹിതമായി ലഭിച്ചത്. ഈ രണ്ട് പുത്രന്‍മാരിലൂടെയാണ് മമ്മുമൊല്ലയുടെ പുത്രപരമ്പര നിലനിന്നത്. 

ഇക്കാലത്ത് ഹളര്‍മൗതിലെ വിവിധി പ്രദേശങ്ങളില്‍ നിന്ന് മലബാറിലേക്ക് ദീനീപ്രബോധനത്തിനെത്തിയവരാണ് സയ്യിദ് ഹാമിദ് തങ്ങളും, സയ്യിദ് ജിഫ്രിയും. കോഴിക്കോടെത്തിയ സയ്യിദ് ജിഫ്രി അല്‍പകാലത്തെ താമസത്തിന് ശേഷം തിരൂരങ്ങാടിയിലെത്തി ദഅവീ കാര്യങ്ങള്‍ ചടുലമാക്കി. അതിനിടയില്‍ കോഴിക്കോട്ടെ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം സയ്യിദ് ജിഫ്രി അങ്ങോട്ട് തന്നെ താമസം മാറ്റി സയ്യിദ് ഹാമിദ് തങ്ങളുമൊത്ത് പ്രബോധനം സുശക്തമാക്കി. അല്‍പകാലശേഷം തരീമില്‍ നിന്നെത്തിയ സയ്യിദ് ജിഫ്രിയുടെ സഹോദരന്‍ സയ്യിദ് ഹസന്‍ ജിഫ്രി തിരൂരങ്ങാടിയില്‍ വന്ന് താമസമാക്കുകയും, മമ്മുമൊല്ലയുടെ മകന്‍ കമ്മുമൊല്ലയുടെ മകളെ വിവാഹം കഴിക്കുകയുമുണ്ടായി. അവരില്‍ ജനിച്ച ആദ്യപുത്രിയാണ് സയ്യിദത് ഫാത്വിമതുശ്ശരീഫ. ഇവരെയാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ പിന്നീട് വിവാഹം ചെയ്തത്. തന്റെ അരികിലെത്തി തങ്ങളുടെ പ്രദേശത്ത് ദീനീ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തനായ ഒരു പണ്ഡിതനെ അയച്ചു തരണമെന്ന് സയ്യിദ് ഹസന്‍ ജിഫ്രിയോട് പാങ്ങ് ദേശക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്മുമൊല്ലയെ(ഭാര്യാപിതാവിനെ)അവരുടെ കൂടെ പറഞ്ഞയച്ചു. പാങ്ങിലെത്തി ആറങ്കോട് എന്ന സ്ഥലത്ത് വീട് കെട്ടി അദ്ദേഹം താമസമാരംഭിച്ചു. ജിഫ്രി തങ്ങള്‍ പാങ്ങ് ദേശത്തെ ഈ വീട്ടില്‍ വന്ന് പ്രത്യേകം ദുആ ചെയ്തിട്ടുണ്ട്. 1760 വഫാതായ അദ്ദേഹം മമ്പുറം പള്ളിയുടെ ചാരത്ത് മറവ് ചെയ്യപ്പെട്ടു. 

കമ്മുമൊല്ലയുടെ പുത്രന്‍ തരീം, അവരുടെ മകന്‍ നൂറുദ്ദീന്‍, അവരുടെ മകന്‍ അബ്ദുറഹിമാന്‍, അവരുടെ പുത്രന്‍ നൂറുദ്ദീന്റെയും പഴമടത്തില്‍ തിത്തിക്കുട്ടി എന്നിവരുടെയും പുത്രനായി അഹ്‌മദ്കുട്ടിമൗലവി ജനിച്ചു. ഭൂവുടമയും കര്‍ഷകനുമായിരുന്ന പിതാവ് നൂറുദ്ദീന്‍ 1902ല്‍ ലോകത്തോട് വിടപറയുകയും പാങ്ങ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. 


ജ്ഞാനസമ്പാദനം

വിജ്ഞാനമാണ് വ്യക്തിയെ ആദര്‍ശനിഷ്ഠനും സംസ്‌കാര സമ്പന്നനും പുരോയാന ചിന്തകനുമാക്കുന്നത്. പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവിയുടെ ചരിത്രവും വ്യത്യസ്ഥമല്ല. സ്വന്തം മാതാപിതാക്കളില്‍ നിന്നും, ജന്‍മദേശത്തുനിന്നും അറിവിന്റെ ആദ്യപടികള്‍ ചവിട്ടിക്കടന്ന അഹ്‌മദ്കുട്ടിമൗലവിയുടെ ജ്ഞാനജീവിതത്തിന് വഴിത്തിരിവേകിയ സംഭവം അത്ഭുതകരമാണ്. കര്‍ഷകവൃത്തിയിലേര്‍പ്പെട്ടിരുന്ന പിതാവിനും സഹതൊഴിലാളികള്‍ക്കുമുള്ള ഭക്ഷണവുമായി പാടവരമ്പിലൂടെ നടന്നുവരുന്നതിനിടയില്‍ അഹ്‌മദിന്റെ കാല്‍വഴുതി ഭക്ഷണമെല്ലാം ചിന്തിപ്പോയി. കാലിപ്പാത്രവുമായി അവരുടെയരികിലെത്തുന്നത് പന്തിയല്ലെന്ന് കരുതിയ അദ്ദേഹം നാടുവിട്ടു പോയി. ആ യാത്ര അവസാനിച്ചത് കാനാഞ്ചേരി പള്ളിയിലായിരുന്നു. മുദരിസ് ഉസ്താദ് മമ്മുട്ടി മുസ്‌ലിയാരുടെ അരികില്‍ വിദ്യാര്‍ത്ഥിയായി ജീവിതം തുടങ്ങി. മഹാനരില്‍ നിന്ന് ആശീര്‍വാദങ്ങളത്രയും നേടി അക്കാലത്തെ പ്രഗത്ഭരില്‍ നിന്ന് തന്നെ അറിവ് നുകരാന്‍ ശ്രമിച്ചു. അശ്ശൈഖ് അലിയ്യുത്തൂരി(കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍), കരിമ്പനക്കല്‍ അഹ്‌മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍, തുടങ്ങിയ ജ്ഞാനസാഗരങ്ങളില്‍ നിന്ന് വിജ്ഞാന ദാഹം തീര്‍ത്ത് ഉന്നത പഠനത്തിനായി വെല്ലൂരിലേക്ക് യാത്രതിരിച്ചു. വെല്ലൂരില്‍ ആദ്യമായി ബാഖിയാതുസ്വാലിഹാത് കോളേജില്‍ ചേര്‍ന്നു. സ്ഥാപനത്തിന്റെ ബാനി(സ്ഥാപകന്‍)ശാഹ് അബ്ദുല്‍വഹാബ് ഹസ്രത്ത്, അബ്ദുല്‍ജബ്ബാര്‍ ഹസ്രത്ത്, അബ്ദുല്‍ഖാദിര്‍ ശാഹ് ബാദ്ശാഹ് ഹസ്രത്ത് തുടങ്ങിയ സ്വൂഫികളും വിജ്ഞരുമായ മഹത്തുക്കളുടെ തര്‍ബിയതും തഅ്‌ലീമും സ്വീകരിച്ചു. ശേഷം വെല്ലൂരില്‍ തന്നെയുള്ള ലത്വീഫിയ്യ അറബിക് കോളേജില്‍ ചേര്‍ന്നു. അവിടെ വെച്ച് മുഹമ്മദ് ഹുസൈന്‍ഖാന്‍ എന്ന ഫാരിസ്ഖാന്‍, ശൈഖ് അബ്ദുറഹീം ഹസ്രത്ത് എന്നിവരുടെ ശിക്ഷണത്തില്‍ പഠിച്ചുയര്‍ന്നു. 1912ല്‍ മതഗ്രന്ഥങ്ങളിലും, അറബി, ഉറുദു, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളിലും നൈപുണ്യം നേടി ബിരുദധാരിയായി നാട്ടിലേക്ക് തിരിച്ചു.


യുഗപ്രഭാവരെ വളര്‍ത്തിയെടുത്ത ഗുരുനാഥന്‍

വിദ്യാസമ്പന്നരെ സൃഷ്ടിച്ചെടുത്താണ് ഏതൊരു പ്രദേശത്തും ഉത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടേണ്ടത്. ഇരുപത്തിനാലാം വയസ്സില്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളിലും, ബഹുഭാഷകളിലും വൈദഗ്ധ്യം തെളിയിച്ച് നാടണഞ്ഞ അഹ്‌മദ്കുട്ടിമൗലവി സാമ്പ്രദായിക രീതിയില്‍ മുദരിസായി സേവനമാരംഭിക്കാന്‍ തീരുമാനിച്ചു. സ്വദേശത്തെ പള്ളിയില്‍ അധ്യാപക സേവനമാരംഭിച്ച അദ്ദേഹം 1915മുതല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍ സേവനം തുടര്‍ന്നു. 1921വരെ മണ്ണാര്‍ക്കാട് ദര്‍സ് നടത്തിയ അദ്ദേഹം പിന്നീട് താനൂര്‍ വലിയ കുളങ്ങരപ്പള്ളിയിലെ ചീഫ് മുദരിസായി ക്ഷണിക്കപ്പെടുകയുണ്ടായി. പിന്നീട് സ്മര്യപുരുഷന്റെ നവോത്ഥാന ചലനങ്ങളത്രയും താനൂര്‍ കേന്ദ്രീകരിച്ചായിരുന്നു.

1912മുതല്‍ നീണ്ട മൂന്നരപ്പതിറ്റാണ്ട് കാലത്തെ ജ്ഞാന പ്രസരണ യാത്രയില്‍ പാങ്ങില്‍ സമര്‍പ്പിച്ച സുപ്രധാന ശേഷിപ്പാണ് പരിണതപ്രജ്ഞരും, അനേകായിരങ്ങളുടെ ഗുരുനാഥരുമായ പണ്ഡിതവരേണ്യര്‍. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ഖാദിര്‍ ഫള്ഫരി, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, വെള്ളിയാമ്പുറം സൈദലവി മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങി കേരളം ദര്‍ശിച്ച അദ്വിതീയപ്രതിഭകള്‍ ആ ശിഷ്യശൃംഖലയിലെ ഏതാനും ചിലരാണ്. 

ഹിജ്‌റ 1310ല്‍ ജനിച്ച കുഞ്ഞലവി മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ഉലൂമില്‍ വെച്ചാണ് പാങ്ങുകാരന്റെ ശിഷ്യത്വം സ്വീകരിച്ചത്. ശേഷം വാഴക്കാട് ദാറുല്‍ഉലൂമിലും പഠനം നടത്തി. ഉസ്താദിന്റെ ഇജാസത്തോടെ അധ്യാപന രംഗത്തേക്ക് വന്ന കുഞ്ഞലവി മുസ്‌ലിയാര്‍ കുമരംപത്തൂരില്‍ മുദരിസായിരിക്കെയാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രഥമ പ്രിന്‍സിപ്പളാവാന്‍ അവസരം കൈവന്നത്. മൂന്ന് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. രോഗം കാരണം തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചു. ഭേദമായപ്പോള്‍ താഴക്കോട് ദര്‍സ് ഏറ്റെടുത്തു. ഹിജ്‌റ 1391 ജുമുാദല്‍ഊല 24ന് മഹാനുഭാവന്‍ മരണമടഞ്ഞു. 

പ്രമുഖ വിഷവൈദ്യനായിരുന്ന മമ്മുട്ടി മൊല്ലയുടെ പുത്രനായിട്ടാണ് ഹിജ്‌റ 1313ല്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ഷൊര്‍ണൂരില്‍ ജനിക്കുന്നത്. മണ്ണാര്‍ക്കാട് മഅ്ദിനുല്‍ഉലൂമില്‍ വെച്ചാണ് പാങ്ങില്‍ ഉസ്താദിന്റെ ശിഷ്യനായത്. രണ്ട് പതിറ്റാണ്ട് കാപ്പാട് ദര്‍സ് നടത്തിയത് കാരണം കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ എന്ന് വിശ്രുതനായി. ഓ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, കരിങ്ങനാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.

പണ്ഡിതനും, കവിയും, വാഗ്മിയും, എഴുത്തുകാരനുമായിരുന്ന അബ്ദുല്‍ഖാദിര്‍ഫള്ഫരിയാണ് മറ്റൊരു ശിഷ്യന്‍. ഹിജ്‌റ 1313(ക്രിസ്തുവര്‍ഷം 895ല്‍) മലപ്പുറം ജില്ലയില്‍ മങ്കടക്കടുത്ത് ജനിച്ച അദ്ദേഹം വിവിധ പള്ളുദര്‍സുകളില്‍ നിന്ന് വിദ്യനേടി. പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ നേട്ടമായിരുന്നു. നിരവധി കൃതികളെഴുതിയ അദ്ദേഹത്തിന്റെ രചനകളില്‍ ജവാഹിറുല്‍അശ്ആര്‍ വിശ്വപ്രസിദ്ധമാണ്. 

ഫത്ഹുല്‍മുഈന്‍ ഓതുന്ന ഏതൊരു പണ്ഡിതനും ചിരപരിചിത നാമമാണ് കരിങ്കപ്പാറ ഉസ്താദ്. ഹിജ്‌റ 1320ല്‍ ജനിച്ചു പിതാവില്‍ നിന്ന് പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തീകരിച്ച് കൈപ്പറ്റ മുഹമ്മദ്കുട്ടി മുസ്‌ലിയാരില്‍ നിന്ന് ദീര്‍ഘകാലം ശിഷ്യത്വം സ്വീകരിച്ചു. ഇസ്‌ലാഹുല്‍ഉലൂമില്‍ നിന്നാണ് പാങ്ങില്‍ ഉസ്താദിന്റെ ശിഷ്യനായത്. ശേഷം അവിടെത്തന്നെ മുദരിസായി. വിവിധ പള്ളിദര്‍സുകളിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്. കെ.കെ അബൂബക്കര്‍ ഹസ്രത്ത്, അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ അല്‍അസ്ഹരി, കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പുമുസ്‌ലിയാര്‍, അബ്ദുല്‍ഹകീംഫൈസി ആദൃശേരി എന്നിവര്‍ ശിഷ്യരില്‍ പ്രമുഖരാണ്. 

കേരളം കണ്ട പ്രമുഖ കര്‍മ്മശാസ്ത്ര വിശാരദനാണ് നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍. 1900ല്‍ നിറമരുതൂരില്‍ ജനിച്ച അദ്ദേഹം ഇസ്വ്‌ലാഹുല്‍ഉലൂമില്‍ വെച്ചാണ് പാങ്ങില്‍ അഹ്‌മദ്കുട്ടിമുസ്‌ലിയാരുടെ ശിഷ്യത്വം നേടിയത്. 1957ല്‍ ശംസുല്‍ഉലമ ഇസ്വ്‌ലാഹിലെ പ്രധാന മുദരിസായി ചുമതലയേറ്റപ്പോള്‍ ബീരാന്‍കുട്ടിമുസ്‌ലിയാരെ പ്രത്യേകമായി ക്ഷണിക്കുകയും അവിടെ മുദരിസായി സേവനമാരംഭിച്ച് 1986 നവംബര്‍ 20ന് മരണപ്പെടുന്നത് വരെ ആ സേവനം തുടരുകയും ചെയ്തു. സമസ്ത മുശാവറ അംഗമായിരുന്ന ശൈഖുനാ മരക്കാര്‍ മുസ്‌ലിയാര്‍ പുത്രനാണ്. 

താനൂരിലേയും പരിസരപ്രദേശങ്ങളിലേയും സര്‍വ്വരുടേയും അത്താണിയായിരുന്ന വെള്ളിയാമ്പുറം സൈതലവി മുസ്‌ലിയാര്‍ ഇസ്വ്‌ലാഹുല്‍ഉലൂമില്‍ വെച്ചാണ് പാങ്ങില്‍ ഉസ്താദില്‍ നിന്ന് കിതാബോതിയത്. നിരവധി പള്ളികളില്‍ മുദരിസായിരുന്ന അദ്ദേഹം ഫത്ഹുല്‍മുഈന്‍, അല്‍ഫിയ, മഹല്ലി തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. 1993 ഡിസംബര്‍ 20നാണ് വഫാതായത്. ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പാങ്ങില്‍ അഹ്ഹമദ് കുട്ടിമൗലവിയുടെ മറ്റൊരു ശിഷ്യനാണ്. ചെര്‍പ്പുളശ്ശേരിക്കടുത്ത് ഇരുമ്പാലശ്ശേരിയില്‍ ഹിജ്‌റ 1309ല്‍ ജനിച്ച അദ്ദേഹം പാനായിക്കുളം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് കിതാബോതി പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ താനൂരില്‍ മുദരിസായിരുന്നപ്പോള്‍ രണ്ടാം മുദരിസായി സേവനം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ചവരാണ്. നിരവധി ഗ്രന്ഥങ്ങള്‍ക്ക് ശര്‍ഹ് എഴുതിയ അദ്ദേഹം ഹിജ്‌റ 1364 ദുല്‍ഹിജ്ജ 8നാണ് വഫാതായത്. 

മോയ്‌ല്യാരുപ്പാപ്പ എന്ന് ജനങ്ങള്‍ ഭവ്യതയോടെ വിളിച്ചിരുന്ന, ആത്മീയോന്നതി പ്രാപിച്ച മഹാ പണ്ഡിതനായിരുന്നു ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍ ഹിജ്‌റ 1313ന് തിരൂരിനടുത്ത് ഓമച്ചപ്പുഴയിലാണ് ജനിച്ചത്. മുദരിസായി സേവനം ചെയ്യുന്നതിനിടയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം ഹാഫിള് അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ പ്രധാന ശിഷ്യനാണദ്ദേഹം. 



ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ്; പരിഷ്‌കരണ ഗോദയിലെ നാഴികക്കല്ല്

വിജ്ഞാനപ്രസരണ രംഗത്തെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ സമൂഹം എക്കാലവും സര്‍വ്വാത്മാനാ സ്വീകരിച്ചിട്ടുണ്ട്. പ്രവാചക കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന അഹ്‌ലുസ്വുഫ്ഫയുടെ ദര്‍സ് രീതിയാണ് പാരമ്പര്യമായി കേരളത്തില്‍ തുടര്‍ന്നുപോന്നിരുന്നത്. കാലക്രമേണ സിലബസ്, പരീക്ഷ, ടൈംടേബില്‍ പരിഷ്‌കരണങ്ങള്‍ ഈ മേഖലയില്‍ സ്വീകരിക്കപ്പെട്ടു. വിവിധ ഭാഷകള്‍ പഠിപ്പിക്കപ്പെട്ടു തുടങ്ങി. മതവിജ്ഞാനങ്ങളോടൊപ്പം അനിവാര്യമായ ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് സമന്വയവിദ്യാഭ്യാസ രീതി ആവിഷ്‌കരിക്കപ്പെട്ടു. ഇന്ന് കേരളത്തില്‍ വിവിധ ശ്രേണികളിലായി പഠിപ്പിക്കപ്പെടുന്ന സമന്വയ സംവിധാനമാണ് വിദ്യാഭ്യാസ കരിക്കുലം മേഖലയില്‍ കൂടുതല്‍ ജനാംഗീകാരവും സ്വീകാര്യതയുമുള്ള പ്രധാന വിദ്യാഭ്യാസ രീതി. ഈ മേഖലയില്‍ നൂറ് വര്‍ഷം തികഞ്ഞ കേരളത്തിലെ ഏക വിദ്യാപീഠമാണ് താനൂര്‍ ഇസ്്വലാഹുല്‍ുലൂം അറബിക് കോളേജ്. 

1921ല്‍ മലബാര്‍ കാലാപം ചവച്ചുതുപ്പിയ മലബാറിലെ മുസ്‌ലിംകളെ ജ്ഞാനോത്ബുദ്ധരാക്കി മുഖ്യധാരയിലേക്ക് പിടിച്ചുയര്‍ത്താന്‍ പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവിയുടെ മനോമുകുരത്തില്‍ ഉദിച്ച ചിന്താഫലമാണ് ഇസ്്വലാഹുല്‍ഉലും അറബിക് കോളേജ്. മണ്ണാര്‍ക്കാട് മഅ്ദനുല്‍ഉലൂം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗ്രന്ഥരചനയും, ദര്‍സും നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് മലപ്പുറം കുന്നില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ച് നടത്തിയ ഒരു പ്രഭാഷണം കാരണം തന്റെ ദര്‍സ് നിര്‍ത്തേണ്ടി വന്നു എന്ന് ചില രേഖകളില്‍ കാണുന്നുണ്ട്. 

1921ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സമരപരിപാടികള്‍ കത്തിപ്പടരുമ്പോള്‍ വലിയകുളങ്ങരപ്പള്ളിയിലെ മുദരിസായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടിമുസ്‌ലിയാരായിരുന്നു ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി. ബ്രിട്ടീഷ് വിരുദ്ധ ഗ്രന്ഥമെന്ന കാരണം ചുമത്തി നിരോധിക്കപ്പെട്ട മുഹിമ്മാത്തുല്‍മുഅ്മിനീന്‍ എന്ന കൃതിയുടെ രചയിതാവായ പരീക്കുട്ടിമുസ്‌ലിയാര്‍ താനൂര്‍ ദേശക്കാര്‍ക്കനുകൂലമായി ബ്രിട്ടീഷ് വിരുദ്ധ ഫത്‌വ നല്‍കിയ പേരില്‍ അവരുടെ നോട്ടപ്പുള്ളിയായി. 1921 ആഗസ്ത് 16 ന് കലക്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 24പേരില്‍ ആലിമുസ്‌ലിയാരുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കണ്ണില്‍പെടാതെ ഒളിവില്‍ പോയ അദ്ദേഹം മക്കയിലേക്ക് നാട് വിട്ടു ഉമ്മുല്‍ഖുറാ എന്ന അറബി പത്രത്തില്‍ പ്രവര്‍ത്തിച്ചു. 1936ല്‍ ത്വാഇഫില്‍ മരണമടഞ്ഞു. ഇതോടെ താനൂരിലെ വലിയകുളങ്ങരപ്പള്ളിയിലെ ദര്‍സ് താളംതെറ്റി. പഴയപ്രതാപം തിരിച്ചുപിടിക്കാന്‍ യോഗ്യനായ പണ്ഡിതനെ കൊണ്ടുവരണമെന്ന താനൂര്‍ക്കാരുടെ തീരുമാനം യുഗപ്രഭാവനായ പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവിയിലാണ് ചെന്നവസാനിച്ചത്. ജ്ഞാനകുതുകിയായിരുന്ന അദ്ദേഹത്തിന് ഈ ക്ഷണം സ്വീകരിക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. താനൂര്‍ വലിയ കുളങ്ങരപ്പള്ളിയിലെ കുതുബ്ഖാനയിലുണ്ടായിരുന്ന അമൂല്യവും അപൂര്‍വ്വവുമായ ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാനുള്ള ഒരു സുവര്‍ണാവസരമായി കണ്ടു. പ്രമുഖ പണ്ഡിതന്‍ ഇബ്‌നുല്‍മുഖ്‌രിയുടെ ഇര്‍ഷാദ് എന്ന ഗ്രന്ഥത്തിന് ഇബ്‌നുഹജര്‍(റ)എഴുതുയി ഇംദാദ് അടക്കം 12000രൂപയുടെ(100വര്‍ഷം മുമ്പ്)നിരവധി കയ്യെഴുത്ത് കിതാബുകള്‍ അടക്കം ആ ഗ്രന്ഥശാലയിലുണ്ടായിരുന്നു.

പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി വലിയകുളങ്ങരപ്പള്ളിയിലെ മുദരിസായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ഒഴുകിയെത്തിയത്. തന്റെ സംഘാടക മികവും, അഡ്മിനിസ്‌ട്രേഷന്‍ പവറും ഉപയോഗിച്ച് താനൂര്‍ കേന്ദ്രീകരിച്ച് വലിയ ജ്ഞാനമുന്നേറ്റം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. 1924ല്‍ ഒക്ടോബറില്‍ താനൂര്‍ വലിയകുളങ്ങരപ്പള്ളിയില്‍ പാങ്ങിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനപ്രകാരം വലിയകുളങ്ങരപ്പള്ളി ദര്‍സിന് ഇസ്വ്‌ലാഹുല്‍ഉലൂം മദ്രസ എന്ന് നാമകരണം നല്‍കുകയും അതിന്റെ പുനരുജ്ജീവനത്തിനും ഫണ്ട് ശേഖരണത്തിനും അസാസുല്‍ഇസ്‌ലാം സഭ എന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. മാനേജറും പ്രിന്‍സിപ്പളുമായി ചുമതലയേല്‍പ്പിക്കപ്പെട്ട പാങ്ങില്‍ അഹ്‌മദ്കുട്ടിമൗലവി ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. തന്റെ വാഗ്വിലാസം ഉപയോഗപ്പെടുത്തി അക്കാലത്തെ നാല്‍പതിനായിരം രൂപ സമാഹരിച്ച് മതവിദ്യാഭ്യാസത്തിന് കേരളത്തിലെ ഏറ്റവും മികച്ച കെട്ടിടം പണിതു. നൂറ്റിഅമ്പതിലേറെ ആളുകള്‍ക്ക് പൂര്‍ണ്ണ സൗകര്യത്തോടെ താമസിച്ചു പഠിക്കുവാന്‍ രണ്ടുനിലയില്‍ നാല്‍പ്പത് റൂമുകളും എട്ടു ഹാളുകളും, അതിനോട് ചേര്‍ന്ന് ആശുപത്രിറൂമുകള്‍, കുളിപ്പുര, പാചകപ്പുര, കക്കൂസ് തുടങ്ങി മുഴുവന്‍ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന കെട്ടിടമായിരുന്നു അത്. 1937 ഒക്ടോബര്‍ 5ന് കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ ഒന്നാം പുസ്തകം 913ആം നമ്പറായി ഇസ്വ്‌ലാഹുല്‍ ഉലും സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മതഗ്രന്ഥങ്ങള്‍ അപഗ്രഥിച്ച് ആഴത്തിലുള്ള പഠനത്തോടൊപ്പം, മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ കൂടി പഠിക്കുവാനുള്ള സൗകര്യം ഇസ്വ്‌ലാഹുല്‍ഉലൂമില്‍ സജ്ജീകരിക്കപ്പെട്ടു. ഭാഷാ പഠനത്തിന് നിശാപാഠശാല തയ്യാര്‍ ചെയ്തു തരാന്‍ 1928ല്‍ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ പൊന്നാനി താലൂക്ക് ബോര്‍ഡിനോട് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനത്തില്‍ പാസാക്കിയെടുത്തതും അദ്ദേഹമാണ്. 

1943ല്‍ പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി സ്ഥാപനത്തോട് വിട ചോദിച്ചു. അദ്ദേഹം കൊളുത്തിവെച്ച വിജ്ഞാനത്തിന്റെ പ്രകാശധാര ഇന്നും ആയിരങ്ങള്‍ക്ക് പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ്. 1954 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് നടത്തുന്ന ഈ സ്ഥാപനം 1996 മാര്‍ച്ച് 18 മുതല്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ യു.ജി സ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ചു മുപ്പത് വര്‍ഷം പൂര്‍ത്തിയായി. പത്ത് വര്‍ഷത്തെ പഠനം കഴിഞ്ഞ് സ്ഥാപനത്തില്‍ നിന്ന് അസ്വ്‌ലഹി സനദ് സ്വീകരിച്ചവര്‍ ദാറുല്‍ഹുദായില്‍ നിന്ന് രണ്ട് വര്‍ഷത്തെ പി.ജി പഠനം പൂര്‍ത്തിയാക്കി ഹുദവികളായി പുറത്തിറങ്ങുന്നു. 

പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍, പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ശൈഖുനാ ശംസുല്‍ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, ശൈഖുനാ കെ.കെ അബൂബകര്‍ ഹസ്രത്ത്, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, സി.എം മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖുനാ മരക്കാര്‍ഫൈസി എന്നിവരാണ് ഇക്കാലമത്രയും ഇസ്വ്‌ലാഹുല്‍ഉലൂമിലെ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ച് വിടപറഞ്ഞത്. സ്ഥാപനത്തിന്റെ മാനേജര്‍മാരായി പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍, കെ.പി ഉസ്മാന്‍ സാഹിബ്, പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ട്ി മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, സയ്യിദ് വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സി. ഇബ്രാഹീംകുട്ടി സാഹിബ്, യു.വി കുഞ്ഞുമുഹമ്മദ് ഹാജി, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ എന്നിവരും സേവനമനുഷ്ടിച്ചു വിടപറഞ്ഞു.


ജീവിതം അടയാളപ്പെടുത്തിയ രചനകള്‍

ഒരു പണ്ഡിതന്റെ ജീവിതം അടയാളപ്പെടുത്തുന്ന പ്രധാന ശേഷിപ്പുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. അറുപത് വര്‍ഷത്തെ ധന്യജീവിതത്തിനിടയില്‍ അധ്യായനം, അധ്യാപനം, സംഘാടനം, പോരാട്ടം, വിദ്യാഭ്യാസ ഇടപെടലുകള്‍ തുടങ്ങി തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ പ്രൗഢമായ ഇരുപത്തി അഞ്ചോളം രചനകള്‍ നിര്‍വ്വഹിച്ചത്. കര്‍മ്മശാസ്ത്രം, വചനശാസ്ത്രം, കാവ്യശാസ്ത്രം, മൗലിദ്, ഖുതുബിയ്യത്, അനുശോചനകാവ്യം തുടങ്ങി വിവിധ വിജ്ഞാനശാഖകളില്‍ നിരവധി ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റേതായി നമുക്ക് കാണാന്‍ സാധിക്കുന്നത്.

1912ല്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വിവിധ പ്രദേശങ്ങളില്‍ അധ്യാപനപ്രവര്‍ത്തികളുമായി മുന്നോട്ട് പോയി. പഠനകാലത്ത് തന്നെ രചനയാരംഭിച്ച മഹാനുഭാവന്‍, ഗ്രന്ഥപാരായണത്തോടൊപ്പം കുറിപ്പുകള്‍ തയ്യാറാക്കുകയും കിതാബുകളില്‍ അനുബന്ധങ്ങള്‍ ചേര്‍ത്തെഴുതലും ശീലമാക്കിയിരുന്നു. തന്റെ ഓരോ രചനകളും സര്‍വ്വ വിഷയങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധജ്ഞാനവും, അറബിഭാഷയിലെ നൈപുണിയും, വിഷയസമര്‍ത്ഥനത്തിലെ അദ്യുതീയ മികവും മറ്റും വിളിച്ചോതുന്ന ഉത്തമ കൃതികളാണ്. 

അന്നഹ്ജുല്‍ഖവീം ലിമന്‍യുഖല്ലിദു ഫില്‍ജുമുഅതി മിനശ്ശാഫിഇയ്യതി അല്‍ഖൗലല്‍ഖദീം, തുഹ്ഫതു അഹ്ബാബി തളിപ്പറമ്പ് ഫീ ബയാനിസ്സ്വിഹ്തി ജുമുഅതില്‍ജുംഹൂരി അലല്‍മദ്ഹബ്, ഹാശിയതുന്‍ അലാ മുഖദ്ദിമതി തുഹ്ഫതില്‍മുഹ്താജ് ലിബ്‌നിഹജര്‍, അല്‍ഖൗലുല്‍മുത്തസിഖ് ഫീ ബയാനില്‍ അഖ്വാലി വല്‍ ഔജുഹി വത്ത്വുറുഖ്, അല്‍ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ് എന്നിവയാണ് കര്‍മ്മശാസ്ത്രത്തിലെ പ്രധാന സംഭവാനകള്‍.


അന്നഹ്ജുല്‍ഖവീം ലിമന്‍യുഖല്ലിദു ഫില്‍ജുമുഅതി മിനശ്ശാഫിഇയ്യതി അല്‍ഖൗലല്‍ഖദീം 

പാങ്ങില്‍ ഉസ്താദിന്റെ കര്‍മ്മശാസ്ത്ര രചനകളില്‍ ഏറെ പ്രാധാന്യമുള്ള കൃതിയാണിത്. പന്ത്രണ്ടാളുകളെ കൊണ്ട് ജുമുഅ നിര്‍വ്വഹിച്ചാല്‍ ശരിയാകുമെന്ന ഒരു അഭിപ്രായം ഇമാം ശാഫിഈ(റ)ന് ഉണ്ടെന്ന് പറയുന്നവരുടെ വാദം ഘണ്ഡിച്ചുള്ള രചനയാണിത്. രണ്ട് ഉപധ്യായങ്ങളോടെ രചിച്ച ഈ ഗ്രന്ഥത്തിന് പ്രമുഖ പണ്ഡിതര്‍ ആശംസകളെഴുതിയിട്ടുണ്ട്. ഈജിപ്തിലെ അല്‍അസ്ഹര്‍ പണ്ഡിതന്‍ അഹ്‌മദ് സഅദ് അലി, മദ്രാസ് ഖാളിയായിരുന്ന അശ്ശൈഖ് മുഹമ്മദ് ഗൗസ് ഇബ്‌നുശ്ശൈഖില്‍ഹുമാം ഉബൈദുല്ലാഹ് എന്നിവരാണവരില്‍ പ്രധാനികള്‍. വിശ്വാസികളില്‍ ജുമുഅ നിര്‍ബന്ധമായവരും അല്ലാത്തവരും ആരെല്ലാമെന്നും, ആരെല്ലാം പങ്കെടുത്താലാണ് ജുമുഅ സ്വഹീഹാവുക തുടങ്ങിയ ചര്‍ച്ചകളാണ് ആദ്യ ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ചര്‍ച്ച വരുന്നത് രണ്ടാം ഉപധ്യായത്തിലാണ്. ശാഫിഈ മദ്ഹബ് പ്രകാരം ജുമുഅ ശരിയാവണമെങ്കില്‍ നിബന്ധനയൊത്ത നാല്‍പ്പത് പേരുണ്ടാകണമെന്നും, അതില്‍ താഴെ എത്ര പേരുണ്ടെങ്കിലും ഒരേ നിയമമാണെന്നും, അതില്‍ പന്ത്രണ്ടിന് പ്രത്യേകതയൊന്നുമില്ലെന്നുമാണ് അവിടെ സമര്‍ത്ഥിക്കുന്നത്. 


തുഹ്ഫതു അഹ്ബാബി തളിപ്പറമ്പ് ഫീ ബയാനി സ്വിഹ്ഹതി ജുമുഅതില്‍ ജുംഹൂരി അലല്‍മദ്ഹബ്

ഹിജ്‌റ 1345, ശവ്വാല്‍ 29ന് മതപ്രഭാഷണത്തിന് വേണ്ടി തളിപ്പറമ്പില്‍ പോയപ്പോള്‍ അവിടുത്തെ പുരാതന ജുമുഅത്ത് പള്ളിയുമായ ബന്ധപ്പെട്ട ഒരു പ്രശ്‌നം മഹാനവര്‍കളുമായി അവിടുത്തെ ചിലയാളുകള്‍ ഉന്നയിക്കുകയും, തത്വിഷയത്തില്‍ പണ്ഡിതോചിതമായ തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കൃതി രചിക്കപ്പെടുന്നത്.

എഴരനൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിതമായ തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ ആ പ്രദേശത്തെ മുഴുവനാളുകള്‍ക്കും ഒരു സമയം പങ്കെടുത്ത് ജുമുഅ നിര്‍വ്വഹിക്കാന്‍ സാഹചര്യമുണ്ടായിരിക്കെ ചിലയാളുകള്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട ഒരു ചെറിയ പള്ളിയില്‍ ജുമുഅ ആരംഭിക്കുകയും പഴയ പള്ളിയില്‍ ജുമുഅ ആരംഭിക്കുന്നതിന് മുമ്പ് പുതിയ ജുമുഅ തുടങ്ങി പഴയപള്ളിയിലെ ജുമുഅ ശരിയാകില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഈ പ്രചരണം വഴി പലയാളുകളും പല നിലപാടുകളും സ്വീകരിക്കുന്ന സാഹചര്യമുടലെടുത്തു. ചിലര്‍ ജുമുഅക്ക് വേണ്ടി അയല്‍പ്രദേശങ്ങളിലേക്ക് പോകുന്ന സാഹചര്യം വരെയുണ്ടായി. ഈ വിഷയത്തിലെ മസ്അലയാണ് ജനങ്ങള്‍ക്കറിയേണ്ടത്. 

ആറ് മുഖവുരകളാണ് ഈ ഗ്രന്ഥത്തില്‍ കാണുന്നത്. തവണ ജുമുഅയെകുറിച്ചും മറ്റും വളരെ വിശദമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. സാഹിത്യസമ്പുഷ്ടമായ അറബി ഭാഷയില്‍ രചിച്ച ഈ കൃതി പഠിതാക്കള്‍ക്കും പണ്ഡിതര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. ആധികാരിക രേഖകളോടെ പഴയ പള്ളിയിലെ ജുമുഅ ശരിയാകുമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

മവാഹിബുല്‍ജലീല്‍ ഫീ മനാഖിബിസ്സയ്യിദ് മുഹമ്മദ് ജമലുല്ലൈല്‍, അല്‍മന്‍ഹലുര്‍റവീ ഫീ മനാഖിബിസ്സയ്യിദ് അഹ്‌മദ് അല്‍ബദവി, അന്നഫഹാതുല്‍ജലീല ഫീ മനാഖിബില്‍ഗൗസ് അസ്സയ്യിദ് അലവി മൗലദ്ദവീല അല്‍മന്‍ഫുറമി, അല്‍ഫൈളുല്‍മുന്‍ജി ഫീ മനാഖിബിസ്സയ്യിദ് ഹുസൈന്‍ അല്‍കൊടിഞ്ഞി, അത്തുഹ്ഫതുര്‍റബീഇയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ എന്നിവയാണ് പാങ്ങില്‍ ഉസ്താദിന്റെ മൗലിദ്, കാവ്യ രചനകള്‍. 


അത്തുഹ്ഫതുര്‍റബീഇയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ വ താരീഖി മുഅ്ജിസാതിഹില്‍ബഹിയ്യതില്‍ആലിയ അലാ ജമീഇ ഖല്‍ഖിഹില്‍ജലിയ്യ

ഹിജ്‌റ 1338 റബീഉല്‍അവ്വല്‍ 21(ക്രി.വര്‍ഷം 1919)നാണ് ഇരുപത്തിമൂന്ന് പേജുള്ള ഈ കൃതി രചിക്കുന്നത്. നബിയുടെ മുഅ്ജിസതുകളില്‍പെട്ട ചന്ദ്രന്‍ പിളര്‍ന്ന സംഭവം മുഹമ്മദ്ബ്‌നുമാലികിന്റെ നിവേദനപ്രകാരം ഉദ്ധരിച്ച ശേഷം മലബാറിലെ ഇസ്ലാമികാഗമനവും ചര്‍ച്ച ചെയ്ത് പിന്നീട്  44വരികളില്‍ നബി(സ്വ)യുടെ വിശുദ്ധ നാമങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവിടുത്തെ മദ്ഹ് കോര്‍ത്തിണക്കിയതാണ് ഈ മൗലിദ്.


അത്തുഹ്ഫതുര്‍റബീഇയ്യ ഫീ മദ്ഹി ഗൗസില്‍ബരിയ്യ

നബി(സ്വ)തങ്ങളെ കുറിച്ചുള്ള ഈ പ്രകീര്‍ത്തന കാവ്യം തശ്ബീബ് രീതിയിലാണ് ആരംഭിച്ചിട്ടുള്ളത്. മുപ്പത്തിനാല് വരികള്‍ക്ക് ശേഷമാണ് നബി(സ്വ)യുടെ മദ്ഹ് ആരംഭിക്കുന്നത്. നബി(സ്വ)ജനിച്ച ദിവസമാണ് ഏറ്റവും ശ്രേഷ്ഠമേറിയ ദിനമെന്നും മഹബ്ബതിന്റെ ഭാഗമായി അന്ന് നിങ്ങള്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും പുണ്യപ്രവര്‍ത്തനങ്ങളാണെന്നും എല്ലാ വര്‍ഷവും ഇത് തുടരണമെന്നും ജനങ്ങളെ അദ്ദേഹം ഉണര്‍ത്തുന്നുണ്ട്. എണ്‍പത്തിആറ് വരികളാണ് ആകെയുള്ളത്. 


അല്‍ഖസ്വീദതുല്‍ഖുത്വ്ബിയ്യ ഫീ മദ്ഹി ഗൗസില്‍ബരിയ്യ

പാങ്ങില്‍അഹ്‌മദ്കുട്ടി മുസ്ലിയാര്‍ രചിച്ച ഖുതുബിയ്യതാണിത് . മൂന്ന് രൂപത്തില്‍ ഈ ഖുത്വുബിയ്യത് ചൊല്ലാമെന്ന് മഹാനവര്‍കള്‍ തന്നെ പറയുന്നുണ്ട്. 1- ശുദ്ധമായ ഒരു സ്ഥലത്തിരുന്ന് പൂര്‍ണ വൃത്തിയോടെ ഖിബിലയിലേക്ക് തിരിഞ്ഞ് ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടി ആദ്യാന്തം ഒരുതവണ ചൊല്ലുക.

2- ജീവിതത്തിലുണ്ടാകുന്ന വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടയില്‍ സംസാരിക്കാതെ ആരംഭം മുതല്‍ ചൊല്ലിത്തുടങ്ങി ഫമന്‍യുനാദി ബിസ്മി ബാസിന്‍.... എന്ന വരികളെത്തിയാല്‍ പന്ത്രണ്ട് റക്അത്ത് നിസ്‌കരിക്കുക. അതില്‍ സൂറതുല്‍കാഫിറൂനയും ഇഖ്‌ലാസ്വും ഓതുക. ശേഷം ആയിരം തവണ ശൈഖ് ജീലാനി തങ്ങളെ വിളിക്കുക.

3- ഓരോ മാസവും പതിനൊന്നിന്റെ രാത്രി റാതിബായി പതിവാക്കുക. ഫാതിഹ, ആയതുല്‍കുര്‍സി, സൂറതുല്‍ബഖറയിലെ 284 മുതല്‍ അവസാനം വരെ, അസ്തഗ്ഫിറുല്ലാഹ് 100 തവണ, പിന്നീട് ഖുത്വുബിയ്യതിലെ അഞ്ച് മുഖമ്മസുകള്‍ ചൊല്ലി പിന്നീട് തഹ്ലീല്‍ 100, അല്ലാഹ് 100, ഹൂ..അല്ലാഹ് 100  ലാഇലാഹ ഇല്ലല്ലാഹുല്‍ഹഖുല്‍മുബീന്‍ മുഹമ്മദുര്‍റസൂലുല്ലാഹിസ്സ്വാദിഖില്‍ വഅ്ദില്‍ അമീന്‍ 100, യാ ഹയ്യു യാഖയ്യൂം 100, യാ അല്ലാഹ് യാദല്‍ജലാലി വല്‍ഇക്‌റാം 100, യാ റബ്ബ് യാ നൂര്‍ യാ ഹഖ് യാ മുബീന്‍ 100,  അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിന്‍ അദദ മാഫീ ഇല്‍മില്ലാഹ്... എന്ന സ്വലാത്ത് 100 തവണയും ചൊല്ലി ശേഷം ഖസ്വീദ പൂര്‍ത്തിയാക്കി ദുആ ചെയ്യുക.

ഈ ഖുത്വുബിയ്യതിന്റെ അവസാനഭാഗത്ത് പ്രത്യേക അറിയിപ്പായി ഇങ്ങനെ എഴുതിയത് കാണാം 'ഈ ഖസ്വീദ ഓതുന്നയാള്‍ ഒന്നുകില്‍ രചയിതാവില്‍ നിന്ന് നേരിട്ട് സമ്മതം ലഭിച്ചവനോ, അല്ലെങ്കില്‍ രചയിതാവ് സമ്മതം നല്‍കിയവരില്‍ നിന്ന് ഇജാസത് ലഭിച്ചവരോ, ഗൗസുല്‍അഅ്‌ളമിന്റെ മുരീദോ ആയിരിക്കണം. അല്ലാത്തവര്‍ ഇത് പാരായണം ചെയ്യുമ്പോള്‍ നാല്‍പ്പത്തിഎട്ടാമത്തെ മുഖമ്മസില്‍ അന അര്‍ബഉന്‍ എന്ന പദം അന ഖാദിമുന്‍ എന്ന് ഓതേണ്ടതാണ്. അമ്പത് മുഖമ്മസുകളാണിതിലുള്ളത്. 


താജുല്‍വസാഇല്‍ ബി ഖൈരില്‍ അസാമീ വല്‍ഫവാളില്‍

മഹാന്‍മാരുടെ നാമങ്ങള്‍ കൊണ്ടുളള ഇടതേടിപ്രാര്‍ത്ഥനയാണിത്. അസ്മാഉല്‍ഹുസ്‌ന, നബി(സ്വ)യുടെ പേരുകള്‍, അമ്പിയാക്കളുടെ നാമങ്ങള്‍, മലക്കുകള്‍, ബദ്‌റിലും ഉഹ്ദിലും ഹുനൈനിലും പങ്കെടുത്ത സ്വഹാബികള്‍, നബി(സ്വ)യെ പ്രസവിച്ച, മുലയൂട്ടിയ ഉമ്മമാര്‍, ഉമ്മഹാതുല്‍മുഅ്മിനീന്‍, ഔലിയാക്കള്‍, മുഹദ്ദിസുകള്‍, ഫുഖഹാക്കള്‍, ഗ്രന്ഥരചയിതാക്കള്‍ തുടങ്ങിയവരുടെ നാമങ്ങള്‍ കോര്‍ത്തിണക്കിയ 245 വരികളാണിതിലുള്ളത്. ഇതിന് ശേഷം കവിത രൂപത്തിലുള്ള പ്രാര്‍ത്ഥനയും പിന്നീട് സാധാരണ ദുആയും ചേര്‍ത്തിട്ടുണ്ട്. 


അല്‍ഫൈളുല്‍മുന്‍ജി ഫീ മനാഖിബില്‍ വലിയ്യിസ്സയ്യിദ് ഹുസൈന്‍ അല്‍കൊടിഞ്ഞി

തന്റെ കാലിന് ശക്തമായ വേദന വന്ന് പ്രയാസമായപ്പോള്‍ രോഗം ഭേദമാകുകയാണെങ്കില്‍ മഹാനായ കൊടിഞ്ഞി ഹുസൈന്‍ തങ്ങളുടെ പേരില്‍ ഒരു മൗലിദ് രചിക്കുമെന്ന് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ നേര്‍ച്ച നേരുകയുണ്ടായി. തദടിസ്ഥാനത്തിലാണ് ഈ മൗലിദ് രചിക്കപ്പെടുന്നത്. ഹിജ്‌റ 1222ല്‍ തരീമില്‍ ജനിച്ച ഹുസൈന്‍ ജിഫ്രി(റ) പതിനേഴാം വയസ്സില്‍ മലബാറിലെത്തി. പനയത്തില്‍പള്ളിയില്‍ അല്‍പ്പകാലം പഠിച്ച അദ്ദേഹം മമ്പുറത്ത് കുഞ്ഞഹമ്മദ് വലിയാക്കത്തൊടിയുടെ കൂടെ കൊടിഞ്ഞിയിലേക്ക് അയക്കപ്പെട്ടു. 

നബികുടുംബത്തിന്റെ മഹത്വം, അഹ്ലുബൈതിന്റെ സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യം, ജിഫ്രിഖബീലയുടെ ശ്രേഷ്ഠതകള്‍, സയ്യിദ് ഹുസൈന്‍ ജിഫ്രിയുടെ മഹത്വങ്ങള്‍, കറാമതുകള്‍, പരമ്പര എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് ആറ് ഭാഗങ്ങളായാണ് ഈ മൗലിദ് മഹാനവര്‍കള്‍ രചിച്ചത്. ഇരിങ്ങല്ലൂര്‍ ദേശത്തുണ്ടായ സാമൂഹിക വിപത്തിന് പരിഹാരമായി ഹുസൈന്‍ ജിഫ്രിയാണ് മൗലിദ് ചൊല്ലാന്‍ ആ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 


അന്നഫഹാതുല്‍ജലീല ഫീ മനാഖിബില്‍ഖുത്വുബില്‍ഗൗസ് അസ്സയ്യിദ് അലവിബ്ന്‍ മുഹമ്മദ് മൗലദ്ദവീല

ഖുത്വുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളെക്കുറിച്ചുള്ള മൗലിദാണിത്. മലബാര്‍ പ്രദേശത്ത് ബ്രിട്ടീഷുകാരുടെ അക്രമത്തിന് വിധേയരായി നിരവധി മുസ്ലിംകള്‍ അക്രമിക്കപ്പെടുകയും അവരുടെ സ്വത്ത് കൊള്ളയടിക്കപ്പെടുകയും വീടുകള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്ത ദുസ്സാഹചര്യത്തില്‍ അതില്‍ നിന്നെല്ലാം പൂര്‍ണ്ണമോചനം തേടിയാണ് ഈ മൗലിദ് പാങ്ങി്ല്‍ ഉസ്താദ് രചിക്കുന്നത്. മഹാനായ മമ്പുറം തങ്ങളുടെ ജീവിത കാലത്തെ 100 കറാമത്തുകളും മരണാനന്തരം നടന്ന 18 കറാമത്തുകളുമടക്കം 118 കറാമതുകള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. 


മവാഹിബുല്‍ജലീല്‍ ഫീ മനാഖിബി ഖുത്വുബിസ്സയ്യിദ് മുഹമ്മദ് ജമലുല്ലൈല്‍ നസീലു കടലുണ്ടി മിന്‍  ദിയാരി മലൈബാര്‍

ഇന്തോനേഷ്യയില്‍ ജനിച്ച് ഹിജ്‌റ വര്‍ഷം 1180ല്‍ കടലുണ്ടിയില്‍ എത്തിയ സയ്യിദ് ജമലുല്ലൈല്‍ 1230ലാണ് വഫാതാകുന്നത്. ഹൈന്ദവ വീടുകള്‍ അക്രമിച്ച കൂട്ടത്തില്‍ പാങ്ങിലുള്ള തന്റെ സഹോദരനുമുണ്ടെന്ന നിഗമനത്തില്‍ ബ്രിട്ടീഷുകാര്‍ അവനെ ബന്ദിയാക്കിയപ്പോള്‍ അവന്റെ മോചനത്തിന് വേണ്ടി ജമലുല്ലൈല്‍ തങ്ങളുടെ പേരമകന്‍ മഹാനവര്‍കളുടെ മൗലിദ് രചിക്കാന്‍ നിര്‍ദേശിക്കുകയും,  രക്ഷപ്പെടുകയാണെങ്കില്‍ പൂര്‍ത്തിയാക്കാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത് വിരചിതമാകുന്നത്. ഗദ്യപദ്യ രീതിയില്‍ മഹാനവര്‍കളുടെ കറാമതുകളും മറ്റുമാണിതിലുള്ളത്. ഹിജ്‌റ 1341, ക്രി.വര്‍ഷം 1922ലാണ് ഈ  മൗലിദ് രചന പൂര്‍ത്തിയായത്.


ഖസ്വീദതുത്തഹാനീ ലിമന്‍ യസൂറു ളരീഹശ്ശൈഖില്‍വലിയ്യില്‍ബല്ലിയാനി

കണ്ണൂര്‍ജില്ലയിലെ വെള്ളിയാനിയില്‍ മ്‌റപെട്ടുകിടക്കുന്ന സയ്യിദവര്‍കളെ സിയാറത് ചെയ്ത സന്ദര്‍ഭത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളും മഹാനുഭാവന്റെ പ്രകീര്‍ത്തനങ്ങളുമാണ് കവിതയായി ഈ രചനയില്‍ ഉള്‍ക്കൊള്ളിച്ചത്. ഹിജ്‌റ 1304ല്‍, ക്രി.വര്‍ഷം 1927ലാണ് 104 വരികളോടെ ഇത് പൂര്‍ത്തീകരിച്ചത്. തശ്ബീബ് ശൈലിയില്‍ ആരംഭിക്കുന്ന ഈ കവിതകളും സാഹിത്യവും ആശയസമ്പുഷ്ടിയും ഒത്തുചേര്‍ന്ന അമൂല്യ രചനയാണ്.


അല്‍മന്‍ഹലുര്‍റവീ ഫീ മനാഖിബില്‍ ഖുത്വുബിസ്സയ്യിദ് അഹ്‌മദ് അല്‍ബദവി

ഹിജ്‌റ വര്‍ഷം 1339ല്‍ ക്രി.വര്‍ഷം 1920ലാണ് ഈ രചന നടക്കുന്നത്. മണ്ണാര്‍ക്കാട് മഅ്ദനുല്‍ഉലൂമിലാണ് അന്നദ്ദേഹം സേവനം ചെയ്തിരുന്നത്. ഇരുപത് പേജാണ് ഈ മനാഖിബുള്ളത്. ഇബ്‌റാസുല്‍മുഹ്‌മല്‍ ബിശര്‍ഹി നള്മി അലാഖാതില്‍മുര്‍സല്‍; മജാസു മുര്‍സലിനെ കുറിച്ച് പാങ്ങില്‍ ഉസ്താദ് തന്നെ എഴുതിയ ഗ്രന്ഥത്തിന് അദ്ദേഹം തന്നെ എഴുതിയ വ്യാഖ്യാന കൃതിയാണിത്. അറുപത് പേജ് വരുന്ന ഈ രചന ഹിജ്‌റ 1328, ക്രി.വര്‍ഷം 1910ലാണ് പൂര്‍ത്തിയാകുന്നത്.


അല്‍ഫൈളുല്‍മദീദ് ഫിത്തവസ്സുലി ബിആലി ഐദീദ്, തന്‍ബീഹുല്‍ ഗുഫൂല്‍ ഫീ അന്നന്നബിയ്യ ദാവൂദ് (അ) നബിയ്യുന്‍ വറസൂല്‍, തന്‍ബീഹുല്‍അനാം ഫീ തന്‍സീലി ദവില്‍അര്‍ഹാം, അല്‍ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്, മര്‍സിയതുന്‍ അലശ്ശൈഖ് അല്‍അല്ലാമല്‍കബീര്‍ അല്‍ഹാജ് മൗലാനാ അഹ്‌മദ്ബ്‌നുമുഹ്യിദ്ദീന്‍ അല്‍കോടഞ്ചേരി, മര്‍സിയതുന്‍ അലാ ഹാതിമിദ്ദഹ്ര് അല്‍ഗനിയ്യ് മുഹ് യിദ്ദീന്‍കുട്ടി അല്‍കല്ലടി എന്നിവയാണ് പാങ്ങില്‍ ഉസ്താദിന്റെ മറ്റു രചനകള്‍.


പോരാട്ട വീഥിയിലെ നിറസാന്നിദ്ധ്യം. 

മലബാര്‍ സമര പോരാട്ടങ്ങള്‍ ശക്തമായിക്കൊണ്ടിരുന്ന പ്രത്യേക കലുഷിത സാഹചര്യത്തിലാണല്ലോ പാങ്ങില്‍ അഹ്‌മദ് കുട്ടിമുസ്‌ലിയാര്‍ ജനിച്ചത്. ബ്രിട്ടീഷുകാരുടേയും, ജന്‍മിമാരുടേയും ക്രൂരമായ വിനോദങ്ങള്‍ക്കടിമപ്പെട്ട് മലബാറിലെ മാപ്പിളമാര്‍ സാമൂഹികമായും, സാമ്പത്തികമായും, മാനസികമായും വലിയ തകര്‍ച്ചയിലാണ്ടുപോയ ദുരിതഘട്ടം. ആയുധധാരികളായ ബ്രിട്ടീഷുകാരുടെ അക്രമങ്ങള്‍ക്ക് മുന്നില്‍ നിരായുധരായി പോരാടുന്ന മാപ്പിളമാര്‍ക്കെതിരെ ഭൂവുടമകളായ ജന്‍മികളും അക്രമം അഴിച്ചുവിടാന്‍ തുടങ്ങിയതോടെ കലാപാന്തരീക്ഷം കാലുഷ്യമായി. അക്കാലത്ത് ജീവിച്ചിരുന്ന ചില പണ്ഡിതര്‍ ഈ ക്രൂരതകള്‍ക്കെതിരെ ശക്തമായി നിലപാടെടുത്തു. നെല്ലിക്കുത്ത് ആലിമുസ്‌ലിയാരുടേയും, തയ്യില്‍ മുഹമ്മദ്കുട്ടി മൗലവിയുടേയും കൂടെ മുന്നണിപ്പോരാളിയായി പാങ്ങില്‍ അഹ്‌മദ്കുട്ട്ി മൗലവിയും നിലകൊണ്ടു. തന്റെ ചില പ്രഭാഷണങ്ങള്‍ കാരണം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിനെതിരെ അന്നത്തെ കലക്ടര്‍ ഇ.എഫ് തോമസ് 1921, ആഗ്‌സ്ത് 16ന് അറസ്റ്റ് വാറണ്ട് വരെ പുറപ്പെടീച്ചിട്ടുണ്ട്. ''ഖിലാഫത്ത് സമരത്തില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ സജീവി പങ്കെടുത്തിരുന്നു. അക്കാലത്തെ അദ്ദഹേത്തിന്‍രെ പ്രസംഗങ്ങള്‍ ബ്രിട്ടീഷ് വിരുദ്ധ ചിന്താഗതി വളര്‍ത്തി എടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു'' എന്ന് ചരിത്ര രേഖകളില്‍ കാണാം(ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം 3, പേജ് 251). ആയതിനാല്‍ തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറാക്കിയ 18 അപകടകാരികളായ ശിക്ഷിക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍ 18ആമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 

List of persons whose arrest under the Mappila Act xx of 1859 is necessary. 

1- palathumalayil Ali musliyar- Also known as Erikunnan Ali musliyar.

18. M Ahmathkutty Musliyar of pang

The above 18 persons are at this time most dangerous; the list may require amplifying and the period for their detention or deportation from Malabar may vary according to their influence.

മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച mopplah rebellion, malabar 1922 inquiry report എന്ന ഗ്രന്ഥത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടാണ് മുകളിലുള്ളത്. 


അറസ്റ്റുവാറണ്ടില്‍ പേര് വന്ന ഈ മൂന്നുപേരുടേയും പിന്നീടുള്ള ജീവിതാവസ്ഥ കേരളീയ മുസ്‌ലിം ചരിത്രത്തെ മൂന്ന് വിധത്തില്‍ ബാധിച്ചു. പോരാട്ട വീഥിയില്‍ ഉറച്ചുനിന്ന ആലിമുസ്ലിയാര്‍ പിടിക്കപ്പെടുകയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍ കൊലമരത്തിലേറ്റാന്‍ വിധിക്കപ്പെടുകയും ചെയ്തു. തയ്യില്‍ മുഹമ്മദ്കുട്ടിമൗലവി കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി കെ.എം മൗലവി എന്ന പേരില്‍ ബിദഈ ആശയങ്ങളുടെ പ്രചാരകനായി മലബാറിലേക്ക് പിന്നീട് തിരികെയത്തി. പാങ്ങില്‍ അഹ്‌മദ്കുട്ടിമൗലവി സമരഭടന്‍മാരെ ഉത്ബുദ്ധരാക്കി സമാധാനത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമം നടത്തി. അതിനിടെ രോഗബാധിതനായ അദ്ദേഹം മുള്ള്യാംകുര്‍ശിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിക്കുന്ന വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് കിളിയമണ്ണില്‍ മൊയ്തു സാഹിബ് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും, ഗവണ്‍മെന്റില്‍ തന്നെ സ്വാധീനമുപയോഗിച്ച് അറസ്റ്റ് വാറണ്ട് പിന്‍വലിപ്പിക്കുകയും ചെയ്തു. 


അക്രമവും, കൊള്ളയും, കൊലയും നടത്തി മുന്നേറുന്ന ശക്തരും, സായുധരുമായ ബ്രിട്ടീഷുകാര്‍ക്കെതിരെ, അബലരും, നിരായുധരുമായ മാപ്പിളമാര്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നും, അവരുടെ അസ്തിത്വം തന്നെ ചോദ്യചിഹ്നമായി മാറുമെന്നും തിരിച്ചറിഞ്ഞ പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി സമരപോരാട്ടങ്ങളുടെ ദിശ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചു. നാഷണല്‍കോണ്‍ഗ്രസ് അന്ന് സ്വീകരിച്ച ചില നിലപാടുകളും സമരരീതികളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. ഒരു കാലത്ത് നാഷണല്‍ കോണ്‍ഗ്രസിനെയും മറ്റും അനുകൂലിച്ച് പ്രസംഗിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പാങ്ങില്‍ പിന്നീട് സമുദായിക രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ലീഗിലേക്ക് കടന്നുവരാന്‍ ഇത് വഴിയൊരുക്കി. കലാപങ്ങളിലേക്ക് മാപ്പിളമാരെ വലിച്ചിറക്കിയ കോണ്‍ഗ്രസ് പിന്നീടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വിട്ടൊഴിയുന്ന വഞ്ചനാപരമായ സാഹചര്യമാണ് ഇതിനെല്ലാം സാഹചര്യമൊരുക്കിയത്. കെ.കെ.എന്‍ കുറുപ്പിന്റെ വരികള്‍ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ''കലാപം വരുത്തിയ ദുരന്തത്തിന്റെ സിംഹഭാഗവും ഏറ്റെടുക്കേണ്ടിവന്നത് മാപ്പിള സമൂഹത്തിനായിരുന്നു. വമ്പിച്ച ആള്‍നാശവും സ്വത്തുനാശവും യാതനകളും അവര്‍ക്കനുഭവിക്കേണ്ടി വന്നു. അനേകമനേകം കുടുംബങ്ങള്‍ അനാഥരായി. സാമൂഹികമായ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് ഇവിടെ ഗവണ്‍മെന്റോ നാഷണല്‍ കോണ്‍ഗ്രസോ മറ്റു സംഘടനകളോ മുന്നോട്ട് വന്നില്ല. അതിനാല്‍ കലാപം നടന്ന ഗ്രാമങ്ങളിലെ ദാരിദ്ര്യം കൂടുതല്‍ വര്‍ദ്ധിച്ചു വരികയും ഇന്നും ഈ പ്രദേശങ്ങള്‍ ദരിദ്ര്യം കൂടുതല്‍ വര്‍ദ്ധിച്ചു വരികയും ഇന്നും ഈ പ്രദേശങ്ങള്‍ ദരിദ്ര ജനലക്ഷങ്ങളുടെ ആവാസ കേന്ദ്രമായി തുടരുകയും ചെയ്യുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഗ്രസ്, നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുകയും അതിനുവേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാതലമാണ് കലാപമുണ്ടാക്കിയതെന്ന് മാപ്പിളമാര്‍ വിശ്വസിച്ചത് തികച്ചും നീതീകരണമര്‍ഹിക്കുന്നു. പക്ഷെ, നൈസര്‍ഗികമായ സായുധകലാപത്തില്‍ കലാശിച്ചതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം പിന്നീട് കോണ്‍ഗ്രസ് തന്നെ നിഷേധിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പോലുള്ള ഒരു വലിയ പ്രസ്ഥാനത്തിന് നിലക്കാത്ത ഖേദകരമായ തീരുമാനമായിട്ടാണതിനെ ചരിത്രകാരനായ ആര്‍.സി മജുംദാര്‍ വിലയിരുത്തിയത്. അതിനാല്‍ ക്രമേണ തെക്കേ മലബാറിലെ മാപ്പിള സമൂഹം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തില്‍ നിന്നും വിട്ടൊഴിഞ്ഞ് നിന്നു(മാപ്പിള പാരമ്പര്യം, ഡോ. കെ.കെ.എന്‍ കുറുപ്പ് 83,84)

മലപ്പുറം കുന്നുമ്മല്‍ വെച്ച് പാങ്ങില്‍ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. അതിന്റെ സംഗ്രഹിമിങ്ങനെ; ''പ്രിയപ്പെട്ട സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്. വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ട് പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷെ, നാം അക്രമം കാണിക്കരുത്. അക്രമരാഹിത്യത്തിലൂടെയുള്ള ഒരു സമരമാണ് നാം ഉദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് ആപ്പീസുകള്‍ കൊള്ളയടിക്കരുത്. ഗവണ്‍മെന്റുമായി യുദ്ധത്തിനൊരുങ്ങരുത്. അങ്ങിനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാനപരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം''. 

ഇതേലക്ഷ്യത്തില്‍ സമസ്തയുടെ സമ്മേളനങ്ങളില്‍ ചില പ്രമേയങ്ങളും അദ്ദേഹം പാസാക്കി. 1933 മാര്‍ച്ച് 5ന് ഫറോക്കില്‍ നടന്ന ആറാം വാര്‍ഷികത്തില്‍ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ അവതാരകനായും, കെ.എം അബ്ദുല്‍ഖാദിര്‍ മൗലവി അനുവാദകനായും അവതരിപ്പിച്ച പതിനൊന്നാം പ്രമേയമിങ്ങനെ; ''നിയമലംഘനം മുതലായ ഗവണ്‍മെന്റിനു വിരോധമായ സംഗതികളില്‍ മുസ്‌ലിമീങ്ങള്‍ പങ്കെടുക്കുന്നത് കൊണ്ട് ഇഹലോക വിപത്തുകള്‍ക്ക് കാരണമാണെന്ന് കാണുകയാല്‍ അതില്‍ പങ്കെടുക്കരുതെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുകയും അങ്ങനെയുള്ള പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ മുസ്‌ലിംകളോട് അപേക്ഷിക്കുകയും ചെയ്യുന്നു''. 

പാങ്ങില്‍ സ്വീകരിച്ച ഈ നിലപാടും തദനുസാരം സമരഗോദയില്‍ സംഭവിച്ച ദിശാമാറ്റവും മലബാറിലെ മാപ്പിളമാര്‍ക്ക് ശേഷിപ്പും അസ്തിത്വവും നല്‍കുകയും, സാമൂഹിക മുന്നേറ്റത്തിനനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണവും തത്ഫലമായി കേരളീയ മുസ്‌ലിംകള്‍ക്കുണ്ടായ സര്‍വ്വതല പുരോഗതിയും ഇതിന്റെ് വലിയ സാക്ഷ്യമാണ്. കോണ്‍ഗ്രസിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാങ്ങില്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. കൂടെയുണ്ടായിരുന്ന കെ.എം മൗലവി, കെ.എം സീതി സാഹിബടക്കം പലരും ഇതേ മാര്‍ഗം വരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലുള്ള ചിലര്‍ മാത്രമാണ് പിന്നെയും കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നത്. 1937ല്‍ മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തക സമിതിയില്‍ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ ഉണ്ടായിരുന്നു. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ തന്റെ പ്രഭാഷണ് വൈദഗ്ധ്യം കൊണ്ട് അദ്ദേഹം നേരിട്ടു. കോണ്‍ഗ്രസിനെതിരെ മുസ്‌ലിം ലീഗിന്റെ തുരുപ്പ് ചീട്ടായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഘണ്ഡിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ അദ്ദേഹം കാഫിറാക്കി എന്ന ആരോപണത്തില്‍ തളച്ചിടാന്‍ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. 1934 ല്‍ നടന്ന കേന്ദ്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന സത്താര്‍ സേട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹിമാന്‍ സാഹിബിനെതിരെ  വിജയിച്ചത് തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന കിളിയമണ്ണില്‍ ഉണ്ണീന്‍, എ.കെ കുഞ്ഞുമായിന്‍ ഹാജി, പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി എന്നിവരുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനഫലമാണ്. 


വിശ്വാസികളുടെ ആദര്‍ശത്തിന് കോട്ട കെട്ടിയ പണ്ഡിതസഭ

കേരളീയ മുസ്‌ലിം സമാജത്തിന് ആത്മീയ ചൈതന്യം നല്‍കുന്നതില്‍ അദ്വിതീയ സേവനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വ്വഹിച്ചത്. തിരുദൂതര്‍(സ്വ)കാലത്ത് തന്നെ ഇസ്‌ലാമിക പ്രഭ പരന്ന മലബാറില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ ആശയാദര്‍ശം നിരാക്ഷേപം തുടര്‍ന്ന് പോന്ന വിശ്വാസികള്‍ക്കിടയിലേക്ക് തയ്യില്‍ മുഹമ്മദ് കുട്ടി മൗലവി കൊടുങ്ങല്ലൂരില്‍ നിന്ന് കെ.എം മൗലവി എന്ന പേര് സ്വീകരിച്ച് പുത്തനാശയങ്ങളുമായി വന്നിറങ്ങിയ ഘട്ടത്തില്‍ തന്റെ സഹപ്രവര്‍ത്തകനും, രാഷ്ട്രീയ കൂട്ടായ്മയിലെ സഹസഞ്ചാരിയുമായ കെ.എം മൗലവിക്കെതിരെ അഹ്‌ലുസ്സുന്നയുടെ പടഹധ്വനി മുഴക്കി പാങ്ങില്‍ അഹ്‌മദ് കുട്ടി മൗലവി രംഗത്തിറങ്ങി. സുന്നീ ആശയധാരയംഗീകരിച്ച് ജീവിച്ചു പോരുന്ന വിശ്വാസികളുടെ തൗഹീദ് സംരക്ഷണത്തിന് ഒരു പണ്ഡിത സഭ രൂപീകരിച്ച് മുന്നേറ്റം കുറിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു.  തന്റെ ശൈഖും ആത്മജ്ഞാനിയുമായിരുന്ന പുതുപ്പറമ്പിലെ കോയാമുട്ടി മുസ്‌ലിയാരെ സമീപിച്ചു. വിശ്രമജീവിതം നയിക്കുന്ന മഹാനുഭാവന്‍ പറഞ്ഞു: എനിക്ക് പ്രായമായി. നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട ഈ പദ്ധതിക്ക് എന്റെ മകന്‍ അബ്ദുല്‍ബാരിയെ പറഞ്ഞയച്ചു തരാം'' എന്ന് പറഞ്ഞു ആശീര്‍വദിച്ചു. 

ദര്‍സ് നടത്തിയും ഇബാദത്തെടുത്തും ജീവിതം നയിച്ചിരുന്ന അഗ്രേസ്യരായ പണ്ഡിതശിരോമണികളെ സമീപിച്ച് കാലഘട്ടത്തിന്റെ തേട്ടവും, തൗഹീദ് ഊട്ടിയുറപ്പിച്ചു കൊടുക്കേണ്ടതിന്റെ അനിവാര്യതയും, അതിന് സംഘടിതമായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു ഈ ദൗത്യ പൂര്‍ത്തീകരണത്തിനായി ഓടി നടന്നു. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയതങ്ങളുടെ അധ്യക്ഷതയില്‍ വരക്കല്‍ തങ്ങളുടെ സുദീര്‍ഘമായ പ്രാര്‍ത്ഥനക്ക് ശേഷം സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ വൈസ്പ്രസിഡന്റായിരുന്നു പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍. 1926ല്‍ രൂപീകൃതമായ സംഘടന 1934 നവംബര്‍ 14നാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കൃത്യമായ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയുടെ ഉദ്ദേശ്യവും പ്രവര്‍ത്തനരീതിയും നിയമങ്ങളും, അധികാരങ്ങളുമെല്ലാം അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഭരണഘടനാപരമായി രേഖപ്പെടുത്തിയ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനമായത് പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളേയും വിശ്വാസങ്ങളേയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതുമാണ്. ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ സജീവമായി ഇടപെട്ടത്. സംവാദങ്ങളും, ഘണ്ഡനമണ്ഡനങ്ങളും, പൊതുയോഗങ്ങളും, മഹാസമ്മേളനങ്ങളും നിരവധിയായി നടന്നു. ഒരു വര്‍ഷത്തില്‍ തന്നെ ഒന്നിലധികം മഹാസമ്മേനങ്ങളൊക്കെ നടന്നത് കാണാം. ഓരോ പരിപാടികളിലൂടെയും അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ സുവ്യക്തമായി ജനങ്ങളിലേക്ക് പ്രഭാഷണങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും പകര്‍ന്നു ആദര്‍ശ വിശ്വാസങ്ങള്‍ക്ക് ചിറകെട്ടി സംരക്ഷണം തീര്‍ത്തു. ഇതിനെല്ലാം മുന്നിലുണ്ടായിരുന്നത് പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരാണ്. 

സമസ്തയുടെ രേഖകളിലുള്ളത് പ്രകാരം 1945 മെയ് 27,28 തിയ്യതികളില്‍ കാര്യവട്ടത്തു നടന്നത് പതിനാറാം സമ്മേളമെന്നാണ്. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ അവസാനമായി പങ്കെടുത്ത സമസ്തയുടെ സമ്മേളനമാണിത്. ആ സമ്മേളനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ അവസാനമായി സേവനം ചെയ്തിരുന്ന പടന്നയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സന്ദര്‍ഭത്തിലാണ് പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ രോഗബാധിതനായത്. കാര്യവട്ടസമ്മേളനം നടക്കുമ്പോള്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എങ്കിലും സമസ്തയുടെ റിപ്പോര്‍്ട്ടില്‍ സമ്മേളനത്തില്‍പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉസ്താദിന്റെ പേരും കാണാവുന്നതാണ്.

തീര്‍ത്തും പ്രതികൂല സാഹചര്യത്തില്‍ ജനിച്ച്, ആത്മീയ കുടുംബ പശ്ചാതലത്തില്‍ വളര്‍ന്ന് മഹോന്നതരില്‍ നിന്ന് മതവിജ്ഞാനവും, അതോടൊപ്പം ഭൗതിക വിദ്യയും, ഭാഷകളും സ്വയത്തമാക്കി ആറു പതിറ്റാണ്ട് കാലം കൊണ്ട് ആറ് നൂറ്റാണ്ടിന്റെ പരിഷ്‌കരണ പദ്ധതികളും ഉത്ഥാന പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചാണ് പാങ്ങില്‍ അഹ്‌മദ്കുട്ടി മൗലവി ലോകത്തോട് വിടപറഞ്ഞത്. നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്ന സമൂഹത്തിന് അഭിമാനകരമായ അസ്തിത്വം സൃഷ്ടിച്ചെടുക്കാന്‍ അവസരം നല്‍കിയ അദ്ദേഹം കൊളുത്തി വെച്ച അറിവിന്‍ പ്രകാശം ഇന്നും വെളിച്ചം വിതറിക്കൊണ്ടിരിക്കുകയാണ്. എഴുതിയ രചനകളും, സ്ഥാപിച്ച വിദ്യാപീഠങ്ങളും ഇന്നും അറിവിന്‍ കേന്ദ്രങ്ങളായി പരിലസിക്കുന്നു. നാഥന്‍ സ്വീകരിക്കട്ടെ.




അവലംബങ്ങള്‍

1- മാപ്പിള മുസ്‌ലിംകള്‍(മൊഴിമാറ്റം), റോളണ്ട് ഇ.മില്ലര്‍, അദര്‍ബുക്‌സ്, കോഴിക്കോട്

2- നൂറ് ഖിലാഫത് നായകന്‍മാര്‍, മുജീബ് തങ്ങള്‍ കൊന്നാര്, ഇസ ബുക്‌സ്, കോഴിക്കോട്

3- സമസ്ത: ചരിത്രത്തിന്റെ നാള്‍ വഴികള്‍, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഇസ്‌ലാമിക് സാഹിത്യ അക്കാദമി, കോഴിക്കോട്

4- ഇസ്‌ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്, കോഴിക്കോട്‌


Post a Comment

Previous Post Next Post