പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റബ്‌നുഹുര്‍മുസ് ഒരിക്കല്‍ ഒരു വഴിയിലൂടെ നടന്നു പോകുമ്പോള്‍  പ്രായമേറെ ചെന്ന ഒരു മനുഷ്യന്‍ ഒരു അത്തിമരം നട്ടുപിടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 'മുപ്പത്ത് വര്‍ഷത്തിന് ശേഷം മാത്രം ഫലം കായ്ക്കുന്ന ഈ അത്തിമരം വൃദ്ധനായ താങ്കെളെന്തിനാണ് കുഴിച്ചിടുന്നത്?'.  'നമ്മുടെ മുന്‍ഗാമികള്‍ നട്ടുപിടിപ്പിച്ചതില്‍ നിന്ന് നാം കഴിക്കുന്നു. ഇനി നാം നട്ടുപിടിപ്പിക്കുന്നതില്‍ നിന്ന് നമ്മുടെ അടുത്ത തലമുറ കഴിക്കട്ടെ'. ഈ മറുപടിയില്‍ സന്തുഷ്ടി തോന്നിയ രാജന്‍ 'സിഹ്' എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞാല്‍ ആയിരം സ്വര്‍ണ്ണ നാണയം നല്‍കണമെന്നാണ് പതിവ്. ആ വൃദ്ധന് രാജാവിന്റെ കൂടെയുള്ള പരിവാരം ആയിരം സ്വര്‍ണനാണയം നല്‍കി. അപ്രതീക്ഷിതമായി ഈ സമ്മാനം കിട്ടിയപ്പോള്‍ ആ വൃദ്ധന്‍ ഇങ്ങനെ പറഞ്ഞു:'അല്ലയോ മഹാരാജാ... അത്തിപ്പഴമരം മുപ്പത്ത് വര്‍ഷത്തിന് ശേഷമേ കായ്കാറുള്ളൂ. എന്റെ ചെടി നട്ടുപിടിപ്പിച്ചയുടനെ കായ്ച്ചുവല്ലോ'. ഇത് കേട്ടപ്പോഴും രാജാവ് സിഹ് എന്ന് പ്രതികരിച്ചു. വൃദ്ധന് ആയിരം സ്വര്‍ണനാണയം വീണ്ടും ലഭിച്ചു.  അപ്പോള്‍ സന്തോഷാധിക്ക്യത്താല്‍ അദ്ദേഹം പറഞ്ഞു. രാജാവേ... അത്തിപ്പഴം വര്‍ഷത്തില്‍ ഒരു തവണമാത്രമേ ഫലം തരൂ.. എന്റെ ഈ ചെടി ഇപ്പോള്‍ തന്നെ രണ്ട് തവണ കായ്ച്ചുവല്ലോ... അപ്പോഴും 'സിഹ്' എന്ന് പറയുകയും ആയിരം സ്വര്‍ണനാണയം നല്‍കപ്പെടുകയുമുണ്ടായി. പിന്നീട് കിസ്‌റബ്‌നുഹുര്‍മുസ് കൂടെയുള്ളവരോട് പറഞ്ഞു: നമുക്ക് വേഗം സ്ഥലം വിടാം... ഇല്ലെങ്കില്‍ ഈ വൃദ്ധന്‍ നമ്മുടെ ഖജനാവ് കാലിയാക്കും.....

പ്രകൃതിയോടും പരിസ്ഥിതിയോടും ഏറെ സമരസപ്പെട്ടുള്ള ജീവിത നിയമങ്ങളാണ്  ഇസ്‌ലാം മനുഷ്യന് നിഷ്‌കര്‍ഷിക്കുന്നത്. മനുഷ്യന് അവന്റെ ജീവിത വ്യവഹാരങ്ങളും ക്രമവും ഭക്ഷണരീതിയും വിഭവ മാര്‍ഗ്ഗങ്ങളുമെല്ലാം കൃത്യമായി അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. കൃഷി ചെയ്ത് ജീവിതവിഭവം കണ്ടെത്തുന്നതിന് വലിയ മഹത്വമാണ് ഇസ്‌ലാമികാധ്യാപനങ്ങളിലുള്ളത്. കൃഷിയും, കൃഷിഭൂമിയും, കൃഷിവിളവുമെല്ലാം അവന്റെ ഏകത്വത്തിന്റെ സൂചകങ്ങളായും ഖുര്‍ആനില്‍ പലയിടങ്ങളില്‍ സൂചിപ്പിക്കപ്പെട്ടത് കാണാം. ദാരിദ്ര്യം ഇല്ലാതെയാവാന്‍ ദിനേന പാരായണം ചെയ്യേണ്ട സൂറതുല്‍വാഖിഅയില്‍ അല്ലാഹു ചോദിക്കുന്നു 'നിങ്ങള്‍ ചെയ്യുന്ന കൃഷിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്, അതോ നാമോ? നാം വിചാരിച്ചാല്‍ അത് കച്ചിത്തുരുമ്പാക്കാമായിരുന്നു. തത്സമയം ഞങ്ങള്‍ക്ക് കടബാധ്യത വന്നല്ലോ, ഉപജീവനമാര്‍ഗം മുട്ടിയല്ലോ എന്ന് വിസ്മയം പൂണ്ട് പരിഭവിച്ചു കൊണ്ടിരിക്കുമായിരുന്നു നിങ്ങള്‍.(വാഖിഅ 63-67). മുഹമ്മദ് നബി(സ്വ)യുടെ അനുചരരുടെ ഉപമ പറഞ്ഞപ്പോഴും, ദാനധര്‍മ്മത്തിന്റെ പ്രതിഫലം സൂചിപ്പിച്ചപ്പോഴും കൃഷിയും, കതിരുമെല്ലാമാണ് ഖുര്‍ആനില്‍ വന്നത്. 

ഏറ്റവും നല്ല സമ്പാദ്യം കൃഷിയും ശേഷം കച്ചവടവുമാണെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. മറിച്ചുള്ള അഭിപ്രായങ്ങളുമുണ്ട്.  തന്റെ കയ്യിലുള്ള വിത്ത് കൃഷിയിടത്തില്‍ വിതറി ആവശ്യമായ വെള്ളവും വളവുമൊക്ക നല്‍കി അത് നല്ല കതിരും, ചെടിയുമൊക്കെയായി വരുമെന്ന പ്രതീക്ഷയില്‍ അല്ലാഹുവില്‍ തവക്കുലാക്കിയാണ് കര്‍ഷകന്‍ കഴിയുന്നത്. മുളച്ച കതിരിലും, ചെടിയിലും കൃത്യ സമയത്ത് വിത്തും, ഫലവുമുണ്ടാകുമെന്നതും അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ്. അത്‌കൊണ്ട് തന്നെ അല്ലാഹുവില്‍ ഭരമേല്‍പിച്ചു കൊണ്ടാണ് കര്‍ഷകന്‍ കൃഷിയിറക്കുന്നത്. വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങാനും, കാറ്റെടുത്ത് നശിക്കാനും, പ്രളയം വന്ന് ചീഞ്ഞുപോവാനുമെല്ലാം സാധ്യതയുണ്ടല്ലോ. റബ്ബിന്റെ കാരുണ്യമാണ് പ്രതീക്ഷ. അത് കൊണ്ട് തന്നെ കച്ചവടത്തേക്കാള്‍ നല്ല വരുമാനം കൃഷിയിലൂടെ ലഭിക്കുന്നതാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹലീമ(റ)യുടെ മുലകുടിച്ച് ബനൂസഅദ് ഗോത്രത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് സഹോദരന്‍ ളംറതിന്റെ കൂടെ ആടുകളെ മേക്കാന്‍ പോയിരുന്ന തിരുനബി(സ്വ) കൃഷിയെ ഏറെ ഇഷ്ടപ്പെടുകയും, കൃഷിവൃത്തിയില്‍ വ്യാപൃതനാവുകയും, അനുചരര്‍ക്ക് അവ്വിഷയത്തില്‍ വലിയ പ്രോത്സാഹനം നല്‍കുകുകയും ചെയ്തിരുന്നു. ജാബിറുബ്‌നുഅബ്ദില്ലാഹ്(റ)നിവേദനം ചെയ്യുന്നു; നബി(സ്വ) പറയുകയുണ്ടായി 'ഒരു മുസ്‌ലിം ഒരു ചെടി നട്ടുപിടിപ്പിക്കുകയോ, കൃഷി നടത്തുകയോ ചെയ്ത് അതില്‍ നിന്ന് മനുഷ്യനോ, മൃഗമോ, മറ്റുവല്ല ജീവികളോ കഴിച്ചാല്‍ അത് അവന് ദാനമായി മാറുന്നതാണ്. ഇനി ആരെങ്കിലും അതില്‍ നിന്ന് മോഷ്ടിച്ചാല്‍ പോലും ആ ഉടയുടെ നന്‍മയുടെ രേഖയിലാണ് അത് രേഖപ്പെടുത്തപ്പെടുക'. 

കൃഷിയോഗ്യമായ ഇടങ്ങള്‍ കൃഷിരഹിതമായി ഉപേക്ഷിച്ചിടരുതെന്നും നബിവചനങ്ങളില്‍ ഉത്‌ബോധിപ്പിച്ചത് കാണാം. ഇമാം ബുഖാരിയും, മുസ്‌ലിമും സംയുക്തമായി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) പറയുന്നു: 'ആര്‍ക്കെങ്കിലും ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ കൃഷിചെയ്യുന്ന സഹോദരന് നല്‍കട്ടെ. അതിന് തയ്യാറാകുന്നില്ലെങ്കില്‍ അവന്റെ ഭൂമി പിടിച്ചുവെക്കപ്പെടട്ടെ'(മുത്തഫഖുന്‍ അലൈഹി).

അനസ്ബ്‌നുമാലിക്(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറയുകയുണ്ടായി 'അറിവ് പഠിപ്പിക്കുക, അരുവി ഉണ്ടാക്കുക, കിണര്‍ കുഴിക്കുക, ഈത്തപ്പന നട്ടുപിടിപ്പിക്കുക, പള്ളി നിര്‍മിക്കുക, ഖുര്‍ആന്‍ അനന്തരമായി വെക്കുക, പാപമോചനം തേടുന്ന മകനുണ്ടാവുക തുടങ്ങിയ ഏഴ് നന്‍മകളുടെ പ്രതിഫലം മരണാനന്തരം ഒരു വ്യക്തിക്ക് ലഭിച്ചുകൊണ്ടിരിക്കും'. 

ജാബിറുബ്‌നുഅബ്ദില്ലാഹ്(റ) പറയുന്നു; നബി(സ്വ)ഒരിക്കല്‍ അന്‍സ്വാരിവനിതയായ ഉമ്മുമുബശിര്‍ എന്നിവരുടെ ഈത്തപ്പനത്തോട്ടത്തിലേക്ക് ചെന്നു. ഈ ഈത്തപ്പനകള്‍ വെച്ചുപിടിച്ചത് വിശ്വാസിയോ, അവിശ്വാസിയോ എന്ന് ചോദിച്ചു. മുസ്‌ലിം തന്നെയെന്ന് മഹതി പ്രതിവദിച്ചു. അന്നേരം നബി(സ്വ) പറഞ്ഞു: 'ഒരു വിശ്വാസി കൃഷിചെയ്യുകയോ, ചെടി നട്ടുപിടിപ്പിക്കുകയോ ചെയ്ത് അതില്‍ നിന്ന് മനുഷ്യനോ, മൃഗമോ, മറ്റോ കഴിച്ചാല്‍ അത് അവനുള്ള സ്വദഖയായി മാറും'. 

ഖിയാമത് നാള്‍ സംഭവിക്കാന്‍ പോകുന്ന ഘട്ടത്തിലും നിങ്ങളിലാരുടെയെങ്കിലും പക്കല്‍ ഒരു ചെറുതൈ ഉണ്ടെങ്കില്‍ അവനത് നട്ടുപിടിപ്പിക്കട്ടെ എന്ന് തിരുനബി(സ്വ) പറയുന്നത് അനസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇസ്‌ലാമികാശ്ലേഷണ ചരിത്രത്തില്‍ ഏറെ കൗതുകങ്ങള്‍ നിറഞ്ഞ ചരിത്രമാണ് സല്‍മാനുല്‍ഫാരിസി(റ)യുടേത്. അവസാനം അവര്‍ തിരുനബി(സ്വ)യുടെ സാന്നിധ്യത്തിലെത്തി ഇസ്‌ലാം സ്വീകരിച്ചു. എങ്കിലും ഒരു ജൂതന്റെ കീഴിലെ സേവകനായിരുന്നത് കാരണം ബദ്‌റിലും, ഉഹ്ദിലും നബി(സ്വ)യുടെ കൂടെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അവസാനം നബി(സ്വ)യുടെ നിര്‍ദേശപ്രകാരം മോചനദ്രവ്യം നല്‍കി അടിമത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യജമാനനുമായി മോചനപ്പത്രം എഴുതി. മുന്നൂറ് ഈത്തപ്പനകള്‍ കുഴികുഴിച്ച് നട്ടുപിടിപ്പിക്കുകയും നാല്‍പ്പത് ഊഖിയ നല്‍കുകയും ചെയ്യാമെന്നതായിരുന്നു മോചനദ്രവ്യം. നബി(സ്വ)യുടെ ആഹ്വാനപ്രകാരം പല സ്വഹാബികളും അതിലേക്കുള്ള ഈത്തപ്പനത്തൈകള്‍ ഏറ്റെടുത്തു. തൈകള്‍ വെക്കാനുള്ള കുഴികള്‍ നിങ്ങള്‍ കുഴിച്ചോളൂ.. തൈകള്‍ ഞാന്‍ വെച്ചുകൊള്ളാം എന്ന് നബി(സ്വ) സല്‍മാനുല്‍ഫാരിസി(റ)യോട് പറയുകയും ചെയ്തു. അങ്ങിനെ 300 ഈത്തപ്പനതൈകള്‍ നബി(സ്വ) സ്വകരങ്ങളാല്‍ ആ തോട്ടത്തില്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. ഇന്നും ആ തോട്ടം മദീനയില്‍ വളരെ നല്ല നിലയില്‍ സംരക്ഷിക്കപ്പെട്ടു വരുന്നുണ്ടെന്നാണ് ചരിത്രം.

കൃഷിയെ പ്രോത്സാഹിപ്പിച്ച് തിരുനബ(സ്വ)യുടെ ഈ വാക്കുകളും ചെയ്തികളും പല സ്വഹാബികളേയും സ്വാധീനിച്ചു. അവരില്‍ പലരും പിന്നീട് കൃഷി ചെയ്യുന്നവരായി. വാര്‍ദ്ധക്യത്തിലെത്തിയ ഘട്ടത്തിലും സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച, കൃഷി ചെയ്ത സ്വഹാബികളെ നമുക്ക് കാണാം. ഉസ്മാനുബ്‌നുഅഫാന്‍(റ), അബൂദര്‍റ്(റ)എന്നിവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്രപ്രായമായിട്ടും അങ്ങ് കൃഷിചെയ്യുന്നുവോ എന്ന് ചോദിച്ചയാളോട് ഉസ്മാന്‍(റ) പ്രതികരിച്ചതിങ്ങനെയാണ്:'നന്‍മകള്‍ ചെയ്തുകൊണ്ടിരിക്കെ മരണം വരിക്കലാണ് തിന്‍മകളില്‍ മുഴുകിയിരിക്കെ മരണം വന്നെത്തുന്നതിനേക്കാള്‍ എനിക്കിഷ്ടം'. ശതകോടീഷ്വരനായിരുന്ന അബ്ദുറഹിമാന്‍ബ്‌നുഔഫ്(റ) പണിയായുധങ്ങളെടുത്ത് കൃഷിയിടങ്ങളില്‍ ജോലി ചെയ്യുമായിരുന്നു. ത്വല്‍ഹതുബ്‌നുഉബൈദില്ലാഹ്(റ) വാണ് ആദ്യമായി മദീനയില്‍ തന്റെ കൃഷിത്തോട്ടത്തില്‍ ഗോതമ്പ് കൃഷി ചെയ്തത്. ശാമില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടിരുന്ന റേഷനില്‍ നിന്ന് വാങ്ങാതിരിക്കാന്‍ മാത്രം അദ്ദേഹവും കുടുംബവും ഈ കൃഷിയിടത്തില്‍ നിന്ന് ഗോതമ്പ് വിളയിച്ചിരുന്നു.

നബി(സ്വ) പറയുന്നു: 'ആരെങ്കിലും തരിശ്ഭൂമികള്‍ ജീവിപ്പിച്ചാല്‍ ആ ഭൂമി അവനുള്ളതാണ്'. ഇസ്‌ലാമിക സാമ്രാജ്യം വികസിക്കുന്നതിനനുസരിച്ച വ്യത്യസ്ത പ്രദേശങ്ങളില്‍ താമസമാക്കിത്തുടങ്ങിയവര്‍ അവരുടെ പരിസരങ്ങളിലെ മവാതുകള്‍(തരിശ്ഭൂമികള്‍) മേല്‍ ഹദീസിന്റെ വെളിച്ചത്തില്‍ കൃഷി ചെയ്തു ഉടമപ്പെടുത്തിയിരുന്നു. ഭക്ഷ്യവിഭവ സമാഹരണത്തിലും, പൊതുഖജനാവില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും കൃഷി വലിയ പങ്ക് വഹിക്കുന്നതിനാല്‍ തന്നെ എല്ലാ മുസ്‌ലിം ഭരണാധികരികളും കൃഷി നന്നായി പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായ ജലസേചന വഴികളും, കൃഷിഭൂമികളുടെ അതിര്‍വരമ്പുകളും മറ്റും നല്ലരൂപത്തില്‍ പരിപാലിച്ചുപോന്നു. 

കൃഷിപോലെയുള്ള ഭൗതിക കാര്യങ്ങളില്‍ താന്‍ പറയുന്നതിനേക്കാള്‍ നേട്ടമുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കറിയുമെങ്കില്‍ നിങ്ങള്‍ക്കത് സ്വീകരിക്കാമെന്ന് നബി(സ്വ) സ്വഹാബികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അനസ്(റ) പറയുന്നു: ഈത്തപ്പനകളില്‍ പരാഗണം നടത്തുന്ന ഒരു വിഭാഗം ആളുകള്‍ക്കരികിലൂടെ തിരുനബി(സ്വ) നടന്നു പോകുമ്പോള്‍ 'നിങ്ങളിത് ചെയ്തില്ലായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഫലം വിളയുമായിരുന്നേനെ' എന്ന് പറഞ്ഞു. അന്നേരം അവരത് ഉപേക്ഷിച്ചു. ആ വര്‍ഷം വളരെ മോഷമായ ഈത്തപ്പഴമാണ് വിളഞ്ഞത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു: ''നിങ്ങളുടെ ദുനിയാവിന്റെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ അറിയുന്നത്''(മുസ്‌ലിം). തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷി ചെയ്ത് കിട്ടുന്ന ആദ്യഫലം നബി(സ്വ)ക്ക് മുന്നില്‍ കൊണ്ട് വന്ന് സ്വഹാബികള്‍ സമര്‍പ്പിക്കും. അന്നേരം ആ പഴങ്ങള്‍ തന്റെ കണ്ണുകളിലും ചുണ്ടുകളിലും വെച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു; 'അല്ലാഹുവേ, ഈ കൃഷിയുടെ ആദ്യഫലം ഞങ്ങളെ കാണിച്ചത് പോലെ അവസാന ഫലവും ഞങ്ങള്‍ക്ക് കാണിച്ചുതരണേ''(ബൈഹഖി).

നജസുകളില്‍ ഏററവും ഗൗരവുമുള്ളതാണോ നായ. നായയുള്ള വീട്ടിലേക്ക് റഹ്‌മതിന്റെ മാലാഖമാര്‍ വരില്ലെന്ന് ഹദീസുകളില്‍ കാണാം. എന്നാല്‍ കൃഷി, കന്നുകാലികള്‍ എന്നിവയുടെ സംരക്ഷണത്തിനായി നായയെ വളര്‍ത്തുന്നതില്‍ തെറ്റില്ല. നായയെ വളര്‍ത്തുന്നവരുടെ സല്‍പ്രവൃത്തികളില്‍ നിന്ന് ദൈനംദിനം ഓരോ ഖീറാത്വ് നന്‍മയുടെ അളവ് ചുരുങ്ങും. കൃഷിക്ക് വേണ്ടിയോ, കന്നുകാലികളെ വളര്‍ത്തുന്നതിന് വേണ്ടിയോ കാവലായി നിര്‍ത്തുന്ന നായകള്‍ ഒഴികെ. 

മദീന ഇസ്‌ലാം തഴച്ച് വളരാന്‍ ഏറെ വളക്കൂറുള്ള ഭൂമിയായിരുന്നു. നിരവധി ഇസ്‌ലാമിക നിയമങ്ങള്‍ പ്രത്യേകിച്ച് കൃഷി സംബന്ധമായ മസ്അലകള്‍ കൃഷി സാര്‍വ്വത്രികമായിരുന്ന പ്രദേശമെന്ന നിലയില്‍ മദീനയില്‍ വെച്ചാണ് നിയമമാക്കപ്പെട്ടത്. വീടും നാടും സ്വത്തും വിട്ട് മദീനയിലെത്തിയ മുഹാജിറുകളെ തങ്ങളുടെ കൃഷിയിടത്തില്‍ തൊഴില്‍ നല്‍കിയും, കൃഷിഭൂമയില്‍ ശെയര്‍ നല്‍കിയും അന്‍സ്വാറുകള്‍ സഹായിച്ചു. ഇത് വഴി നിരവധി ഇടപാടുകള്‍ രൂപപ്പെട്ടുവെന്ന് മാത്രമല്ല, വിശ്വാസികള്‍ക്കിടയില്‍ സാമൂഹിക ഐക്യവും, കെട്ടുറപ്പും, സഹായ മനസ്ഥിതിയുമെല്ലാം വളരുകയുണ്ടായി. മുസാറഅത്, മുഖാബറത്, മുസാഖാത് തുടങ്ങി കൃഷിയില്‍ വ്യത്യസ്ത ഇടപാടുകള്‍ രൂപപ്പെട്ട് അതിന്റെയെല്ലാം മസ്അലകള്‍ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.  കൃഷിപ്പണി അറിയുന്നവര്‍ക്ക് ഭൂമിയില്ലാതിരിക്കുകയും, ഭൂമിയുള്ളവര്‍ക്ക് കൃഷിപ്പണി അറിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം ഇടപാടുകള്‍ മനുഷ്യ ജീവിതത്തിന്റെ സുഖഗമനത്തിന് അത്യന്താപേക്ഷിതമാണ്. രണ്ടും ഇല്ലാത്തവര്‍ക്ക് തോട്ടത്തില്‍ വെള്ളം തേവിയും, മറ്റു പരിപാലനക്രിയകള്‍ നടത്തിയും ജീവിത വരുമാന വഴികള്‍ കണ്ടെത്താനും വഴിയൊരുങ്ങി. മുസാഖാത് ആ ഗണത്തിലുള്ളതാണ്. ഈത്തപ്പനത്തോട്ടത്തിലോ, മുന്തിരിത്തോട്ടത്തിലോ വെള്ളം നനക്കുകയും, മറ്റു പരിപാലനച്ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നതിന് പകരം തൊഴിലാളിക്ക് തോട്ടയുടമ അതിന്റെ ഫലത്തിന്‍ നിന്ന് നിശ്ചിത വിഹിതം നില്‍കുന്നതിനാണ് മുസാഖാത് എന്ന് പറയുന്നത്. മദീനയില്‍ തോട്ടമില്ലാതെ, കൃഷിപ്പണി അറിയാതെ കഴിഞ്ഞിരുന്ന അനുയായികള്‍ക്കിത് വലിയ ഒരു ആശ്വാസമായിരുന്നു. 

ഭൂമിയുടമ വിത്ത് നല്‍കി തോട്ടത്തില്‍ നിന്നുണ്ടാകുന്ന ഫലത്തില്‍ നിന്ന് നിശ്ചിത വിഹിതം നല്‍കാമെന്ന നിബന്ധനയില്‍  ആ കൃഷിയിടത്തില്‍ പണിയെടുക്കാന്‍ ഇടപാട് നടത്തുന്നതിനാണ് മുസാറഅത് എന്ന് പറയുന്നത്. ഇനി വിത്ത് പണിക്കാരന്‍ തന്നെയാണ് എടുക്കുന്നതെങ്കില്‍ അതിന് മുഖാബറത് എന്നാണ് പറയുക. പാടില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും ഇമാം സുബുകി(റ) അടക്കം നിരവധി പണ്ഡിതര്‍ ഇവ രണ്ടും അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. ഉമര്‍(റ)വും മദീനക്കാരും നടത്തിയ ഇടപാടുകളാണ് ഇവര്‍ തെളിവായി ഉദ്ധരിക്കുന്നത്.

നിരവധി ഖുര്‍ആനിക വചനങ്ങളിലൂടെ കൃഷിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെയും പഠിപ്പിക്കുന്നതോടൊപ്പം സ്വജീവിതത്തിലൂടെ അത് ചെയ്ത് കാണിക്കുകയും, അനുചരരോട് അതേക്കുറിച്ച് നിരന്തരമായി പറയുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്ത് കൊണ്ടാണ് തിരുനബി(സ്വ) പിന്തുണച്ചത്. പ്രകൃതിയെ ഇത്രത്തോളം സ്‌നേഹിക്കുകയും, സംരക്ഷിക്കണമെന്ന് പറയുകയും ചെയ്ത മറ്റൊരു മതമോ, മതമേധാവിയോ ഉണ്ടാവില്ല.

 


Post a Comment

Previous Post Next Post