ശക്തമായ വേനലിനും കഠിനമായ ജലക്ഷാമത്തിനും അറുതി വരുത്തി, മണ്ണിനെയും മനസ്സിനേയും കുളിരണിയിച്ച് ആകാശത്ത് നിന്നും പെയ്തിറങ്ങിയ മഴയില്‍ തണുത്തിരിക്കുകയാണ് നാം. വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജനങ്ങള്‍നല്‍കിയ നിവേദനങ്ങള്‍ കണ്ട് അന്താളിച്ചിരിക്കാനേ ഭരണചക്രം കറക്കിയവര്‍ക്ക് സാധിച്ചുള്ളൂ. ജലവിമാനങ്ങളും മറ്റു നൂതനസാങ്കേതിക പദ്ധതികളും സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ജലകണികകള്‍ ഉപയോഗിച്ച് ഒരു തുള്ളി വെള്ളം നിര്‍മ്മിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. ജീവല്‍കണികകള്‍ കണ്ടെത്തിയെന്ന് വീമ്പിളക്കിയവരേ നിങ്ങള്‍ ഒരു തുള്ളിവെള്ളമൊന്ന് ഉണ്ടാക്കൂ എന്ന വെല്ലുവിളി ഈ വര്‍ഷത്തെ വേനലില്‍ ഉണ്ടായിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാം തീര്‍ന്ന് അപ്രതീക്ഷിതമായി മഴപെയ്യാന്‍ തുടങ്ങി. കാലാവസ്ഥയും സാഹചര്യവും മാറി. ജഗനിയന്താവ് വിചാരിച്ചാല്‍ കാര്യം ഇത്രമേല്‍ ക്ഷിപ്രസാധ്യം.
ജലം അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ജലത്തിന്റെ പ്രധാന ഒരു സ്രോതസ്സാണല്ലോ മഴ. അനുഗ്രഹത്തിന്റെ മഴയും നിഗ്രഹത്തിന്റെ മഴയും അല്ലാഹു ഭൂമിയിലേക്ക് വര്‍ഷിപ്പിച്ചിട്ടുണ്ട്. വരണ്ടുണങ്ങിയ ഭൂമിയെ ശുദ്ധമായ വെള്ളം മിതമായ രീതിയില്‍ ഇറക്കി ഫലഭൂമിയാക്കി മാറ്റുന്നതും, ശക്തമായ കാറ്റിന്റേയും ഇടിയുടേയും അകമ്പടിയോടെ അതിവൃഷ്ടി നല്‍കി സമൂഹത്തെ നശിപ്പിക്കുന്നതും അല്ലാഹു തന്നെയാണ്. വിശുദ്ധഖുര്‍ആനില്‍ രണ്ട് വിധം മഴകളും പരാമൃഷ്ടമായിട്ടുണ്ട്.
കല്‍മഴകളിലൂടെ മുന്‍കാലസമുദായത്തെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ടെങ്കില്‍ വ്യത്യസ്തയിനം കളര്‍മഴകള്‍ നല്‍കി ആധുനിക സമൂഹത്തെ അല്ലാഹു ചിന്തിപ്പിച്ചിട്ടുണ്ട്. ശക്തമായ വരള്‍ച്ചയുള്ള കാലത്ത് അല്ലാഹുവിലേക്ക് കരമുയര്‍ത്തി അവന്റെ അനുഗ്രഹമാകുന്ന മഴ ചോദിച്ചു വാങ്ങിയ മഹാന്‍മാരും ലോകത്തുണ്ടായിട്ടുണ്ട്.
ജലവര്‍ഷം: അല്ലാഹുവിന്റെ അനുഗ്രഹം.
ജീവജാലങ്ങളുടെ ജീവന്റെ അടിസ്ഥാനമായ വെള്ളം മഴയായി ആകാശത്ത് നിന്ന് പെയ്തിറങ്ങുന്നതിനെ 'റഹ്മത്' (അനുഗ്രഹം) എന്നാണ് ഖുര്‍ആന്‍ സൂചിപ്പിട്ടുള്ളത്. മക്കാഖുറൈശികളോട് തങ്ങളാരാധിക്കുന്ന കല്‍ബിംബങ്ങളാണോ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ അനുഗ്രഹങ്ങളുടേയും വിധാതാവായ അല്ലാഹുവാണോ ഉത്തമമെന്ന് ചോദിക്കുന്നിടത്ത് സൂറത്തുന്നംലില്‍ അല്ലാഹു പറയുന്നു: 'കരയിലേയും കടലിലേയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും തന്റെ (മഴയാകുന്ന) അനുഗ്രഹത്തിനു മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയുക്കുകയും ചെയ്യുന്നവനാണോ (ആരാണുത്തമം?). അല്ലാഹുവിനു കൂടെ മറ്റു വല്ല ഇലാഹുകളുമുണ്ടോ?. അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു അത്യുന്നതനാകുന്നു'(സൂറതുന്നംല്- 63). തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പില്‍ സന്തോഷവാര്‍ത്ത അറിയിച്ചു കൊണ്ട് കാറ്റിനെ അയച്ചവനാണ് അല്ലാഹു. അങ്ങനെ അത് ഭാരിച്ച മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നിര്‍ജീവമായിക്കിടക്കുന്ന ഭൂമിയിലേക്ക് നാമതിനെ നീക്കിക്കൊണ്ടുപോകുന്നു. എന്നിട്ട് നാം അവിടെ മഴ വര്‍ഷിപ്പിക്കുകയും അതുമുഖേന നാനാവിധ പഴങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു(സൂറതുല്‍അഅ്‌റാഫ്- 57).
സൂര്യന്റെ ചൂടേറ്റ് ജലാശയങ്ങളിലെ ജലം നീരാവിയായി മുകളിലേക്കുയരും. അന്തരീക്ഷത്തിന്റെ മുകളിലെത്തുമ്പോള്‍ നീരാവി തണുത്ത് വെള്ളത്തുള്ളികളായി മാറുന്നു. അവകൂടിച്ചേര്‍ന്ന് മേഘമുണ്ടാവുകയും മേഘം വീണ്ടും മുകളിലേക്കുയരുകയും അവയുടെ വലിപ്പവും ഭാരവും വര്‍ദ്ധിക്കുന്നതോടെ മഴയായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നതിന് പിന്നിലുള്ള ശക്തി ആരാണെന്ന് തിരിച്ചറിയുന്നതിലാണ് മനുഷ്യന്റെ വിജയം കുടികൊള്ളുന്നത്. അല്ലാഹു ചോദിക്കുന്നു: ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവര്‍?. നാം ഉദ്ദേശിക്കുന്ന പക്ഷം അതിനെ നാം ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നി#്ങഹള്‍ നന്ദി കാട്ടാത്തതെന്താണ്!?''(വാഖിഅ 68,70). വീണ്ടും അല്ലാഹു ചോദിക്കുന്നു: ചോദിക്കുക: നിങ്ങളൊന്ന് പറയൂ, നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ നിങ്ങള്‍ക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്നുതരുന്നതാരാണ്?(സൂറതുല്‍മുല്‍ക് 30).
ബഹുമുഖ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അല്ലാഹു മഴയെ വര്‍ഷിപ്പിക്കാറുണ്ട്. സത്യാസത്യ പോരാട്ടത്തിന് വേണ്ടി നബി(സ്വ)യും സ്വഹാബത്തും ബദ്‌റില്‍ തമ്പടിച്ചപ്പോള്‍ ഖുറൈശികള്‍ ഉദ്‌വതുല്‍ഖുസ്‌വായില്‍ വെള്ളത്തിന്റെ സമീപത്താണ് നിലയുറപ്പിച്ചിരുന്നത്. മുസ്‌ലിംകള്‍ ജലസ്രോതസ്സില്‍ നിന്ന് വളരെ അകലെയായിരുന്നു. മുസ്‌ലിംകളില്‍ പലര്‍ക്കും വെള്ളം ആവശ്യമായി. കുടിക്കാനും കുളിക്കാനും അംഗസ്‌നാനം ചെയ്യാനും ഒന്നിനും തീരെ വെള്ളമില്ലാത്ത അവസ്ഥ. അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്താന്‍ വേണ്ടി പോരാടാന്‍ വന്നവര്‍ക്ക് തീരെ വെള്ളമില്ലാതിരിക്കുകയും അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് സുലഭമായി വെള്ളം ലഭിക്കുകയും ചെയ്യുന്നുവല്ലോ. നിങ്ങള്‍ ദാഹിച്ചവശരായാല്‍ ശത്രുക്കള്‍ക്ക് നിങ്ങളെ വകവരുത്താന്‍ നിശ്പ്രയാസം സാധിക്കും. തുടങ്ങിയ ദുര്‍ബോധനങ്ങള്‍ പിശാച് അവരുടെ മനസ്സിലേക്കിട്ടു കൊടുക്കാന്‍ തുടങ്ങി. അവര്‍ ആകെ അസ്വസ്ഥരായി. മാത്രവുമല്ല, മുസ്‌ലിംകള്‍ താവളമടിച്ച താഴ്‌വര മണ്ണ് കൂടുതലുള്ളതും മണല്‍കുറഞ്ഞതും മാര്‍ദ്ദവമേറിയതുമായതിനാല്‍ നടക്കാന്‍ പോലും സുഖമില്ലാത്ത വിധം താഴ്ന്നുപോകുന്നതായിരുന്നു. അങ്ങനെയിരിക്കെ അവിടേക്ക് അല്ലാഹു മേഘത്തെ അയച്ചു നല്ല മഴനല്‍കി. പൊടി അടങ്ങി. ഭൂമി ഉറക്കുകയും സഞ്ചാരയോഗ്യമാവുകയും ചെയ്തു. വെള്ളം സുലഭമായി ലഭിക്കുകയും പൈശാചിക ചിന്തകള്‍ മുസ്‌ലിംകളുടെ മനസ്സില്‍ നിന്ന് മായുകയുമുണ്ടായി. അവരെല്ലാം കുളിച്ചു ശുദ്ധിവരുത്തി ശുദ്ധജലം കൊണ്ട് ദാഹം ശമിപ്പിച്ചു. അന്തരീക്ഷം പോലെ അവരുടെ മനസ്സും കുളിരണിഞ്ഞു. ഇതിലേക്ക് സൂചിപ്പിച്ചു ഖുര്‍ആന്‍ പറയുന്നു: 'തന്റെ പക്കല്‍ നിന്നുള്ള നിര്‍ഭയാവസ്ഥ മൂലം അവന്‍ നിങ്ങളെ നിദ്രാമയക്കത്തിനു വിധേയരാക്കിയ സന്ദര്‍ഭം(സ്മരിക്കുക). നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും പിശാചിന്റെ (ദുര്‍ബോധന) മാലിന്യത്തെ നിങ്ങളില്‍ നിന്നകറ്റേണ്ടതിന്നും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ദൃഢതയുണ്ടാക്കുകയും പാദങ്ങളെ യുദ്ധക്കളത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യേണ്ടതിന്നും ആകാശത്ത് നിന്ന് അവന്‍ മഴ വര്‍ഷിപ്പിച്ചു തന്ന സന്ദര്‍ഭവും ഓര്‍ക്കുക)' (അന്‍ഫാല്‍ 11).
മഴ മുസ്‌ലിങ്ങള്‍ക്കനുഗ്രഹമായെങ്കില്‍ ഖുറൈശികള്‍ക്ക് കനത്ത ആഘാതമായി. അവരുടെ താവളത്തില്‍ ചെളിനിറയുകയും നടത്തവും വാഹനസഞ്ചാരവും ദുശ്കരമാവുകയുമുണ്ടായി. വെള്ളത്തിന്റെ തടാകം തങ്ങളുടെ സമീപത്തായിരുന്നുവെങ്കിലും അടുത്തേക്ക് ചെല്ലാന്‍ അവര്‍ക്ക് സാധിക്കാതെയായി. മുസ്‌ലിങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന മഴ ശത്രുക്കള്‍ക്ക് ശിക്ഷയായി പരിണമിച്ചുവെന്നര്‍ത്ഥം.
അനസ്ബ്‌നുമാലിക്(റ) നിവേദനം ചെയ്യുന്ന ഒരുഹദീസ് ഇങ്ങനെ കാണാം. ഒരു ദിവസം വെള്ളിയാഴ്ച നബി(സ്വ) ഖുത്വുബ ഓതിക്കൊണ്ടിരിക്കെ ഒരു അഅ്‌റാബി വന്നു കൊണ്ട് പറഞ്ഞു: 'നബിയേ, വെള്ളമില്ലാത്തത് കാരണം ഞങ്ങളുടെ സ്വത്തുക്കളെല്ലാം നശിക്കുകയും ജീവിതോപാദികളെല്ലാം വഴിമുട്ടുകയും ചെയ്തിരിക്കുന്നു. അത് കൊണ്ട് ഞങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ നിങ്ങളൊന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം'. ഉടനെ നബി(സ്വ) അല്ലാഹുവേ, ഞങ്ങളെ വെള്ളം കുടിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു. അനസ്(റ) പറയുന്നു ഈ പ്രാര്‍ത്ഥന നടത്തേണ്ട താമസം പള്ളിയിലേക്ക് വരുമ്പോള്‍ ആകാശത്ത് മഴയുടെ ഒരു ലക്ഷണമോ മേഘക്കീറോ കാണാത്ത ഞങ്ങള്‍ പിന്നീട് കണ്ടത് മേഘങ്ങളൊന്നാകെ മദീനയുടെ ഭാഗത്തേക്ക് കൂട്ടമായി വരുന്നതും അവിടെ വ്യാപകമായി മഴപെയ്യുന്നതുമാണ്. പിന്നീട് ആറ് ദിവസം ഞങ്ങള്‍ സൂര്യപ്രകാശം നേരെ കണ്ടിട്ടേയില്ല. അടുത്ത വെള്ളിയാഴ്ചയും ഇദ്ദേഹം നബി(സ്വ)യുടെ ഖുത്വുബ വേളയില്‍ കടന്നുവന്നു പറഞ്ഞു: ശക്തമായ മഴ കാരണം ഞങ്ങളുടെ സ്വത്തുക്കളെല്ലാം തകര്‍ന്നു. മഴനില്‍ക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഉടനെ നബി (സ്വ) പ്രാര്‍ത്ഥിച്ചു അല്ലാഹുവേ മഴ ഇനി ഞങ്ങള്‍ക്ക് മതി. ചുറ്റുപാടുകളിലുമുള്ള മലഞ്ചെരുവുകളിലും കാടുപ്രദേശങ്ങളിലും മതി. അനസ്(റ) പറയുന്നു ഉടനെ മഴനിന്നു. ഞങ്ങള്‍ സൂര്യന്റെ ചൂടേറ്റു നടന്നുപോയി(സ്വഹീഹുല്‍ബുഖാരി- കിതാബുല്‍ഇസ്തിസ്ഖാഅ്).
മഴതേടിയുള്ള നിസ്‌കാരം
ജലക്ഷാമമുണ്ടായാല്‍ മഴതേടിയുള്ള നിസ്‌കാരം(സ്വലാതുല്‍ഇസ്തിസ്ഖാഅ്) നിര്‍വ്വഹിക്കണമെന്നാണ് ഇസ്‌ലം മതത്തിന്റെ അധ്യാപനം. ഒരുപ്രാവശ്യത്തെ നിസ്‌കാരം കൊണ്ട് ഫലം കണ്ടില്ലെങ്കില്‍ മഴപെയ്യുന്നത് വരെ നിസ്‌കരിക്കാവുന്നതാണ്. നിസ്‌കരിക്കുന്നതിന് മുമ്പ് മൂന്ന് ദിവസം നോമ്പനുഷ്ടിക്കുവാനും തെറ്റുകുറ്റങ്ങളില്‍ നിന്ന് സമ്പൂര്‍ണ്ണ തൗബ ചെയ്യുവാനും സല്‍കര്‍മ്മങ്ങള്‍ വഴി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനും ഇമാം ജനങ്ങളോട് ആഹ്വാനം ചെയ്യണം. ഒഴിഞ്ഞ സ്ഥലത്ത് വെച്ച് നിസ്‌കരിക്കാന്‍ വേണ്ടി പോകുമ്പോള്‍ ചെറിയ കുട്ടികളേയും കന്നുകാലികളേയും കൂടെ കൊണ്ടുപോകുന്നത് പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുവാന്‍ കൂടുതല്‍ ഫലപ്രതമാണ്.
പെരുന്നാള്‍ നിസ്‌കാരം പോലെയാണ് ഇസ്തിസ്ഖാഅ് നിസ്‌കാരവും. നിസ്‌കാരത്തിന് ശേഷം നിര്‍വ്വഹിക്കുന്ന ഖുത്വുബയില്‍ തക്ബീറുകള്‍ക്ക് പകരം ഇസ്തിഗ്ഫാര്‍ ചൊല്ലണം എന്ന് മാത്രം. ഖുത്വുബയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിക്കേണ്ടതുണ്ട്(ശര്‍ഹുമിന്‍ഹാജില്‍മഹല്ലി 1/314,315).
വര്‍ഷത്തിലെ ആദ്യമഴയില്‍ ഔറതെല്ലാത്ത മറ്റുശരീരഭാഗങ്ങള്‍ മുഴുവന്‍ വെളിവാക്കി നനയല്‍ സുന്നതാണ്. ഇവ്വിഷയകമായി അനസ്(റ)നിവേദനം ചെയ്യുന്ന ഹദീസ് കാണാം. മഴപെയ്യുമ്പോള്‍ 'അല്ലാഹുവേ, ഈ മഴ നീ ഉപകാരപ്രദമാക്കേണമേ' എന്നര്‍ത്ഥം വരുന്ന (അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅ) ദിക്ര്‍ ചൊല്ലലും ഇഷ്ടമുള്ള കാര്യം ദുആ ചെയ്യലും സുന്നത്തുണ്ട്. ആഇശ ബീബി(റ) പറയുന്നു: നബി(സ്വ) മഴ കാണുമ്പോള്‍ ഈ ദിക്ര്‍ ചൊല്ലാറുണ്ടായിരുന്നു. മഴ പെയ്തുതീര്‍ന്നാല്‍ 'അല്ലാഹുവിന്റെ അനുഗ്രഹത്താലും കരുണയാലും ഞങ്ങള്‍ക്ക് മഴ ലഭിച്ചു' എന്നര്‍ത്ഥം വരുന്ന(മുത്വിര്‍നാ ബി ഫള്‌ലില്ലാഹി വറഹ്മതിഹി) വാചകവും പറയുവാനുണ്ട്. മഴ അധികരിച്ച് നാശനഷ്ടങ്ങളുണ്ടാകുമെന്ന് കണ്ടാല്‍ മഴ നില്‍ക്കാന്‍ വേണ്ടി അല്ലാഹുവിനോട് പറയാം. നബി(സ്വ) യോട് വന്ന് അതിവൃഷ്ടിയെ കുറിച്ച് പരാതി വന്നപ്പോള്‍ 'അല്ലാഹുമ്മ ഹവാലൈനാ വലാ അലൈനാ' (അല്ലാഹുവേ, മഴ ഞങ്ങള്‍ക്ക് ചുറ്റുഭാഗത്തും മതി, ഞങ്ങള്‍ക്ക് വേണ്ട) എന്ന് പറയുകയും മഴ നീങ്ങിപ്പോവുകയുമുണ്ടായി. (ശര്‍ഹുല്‍മിന്‍ഹാജ് -മഹല്ലി 1/318).
നിഗ്രഹങ്ങളുടെ ജവര്‍ഷം
അല്ലാഹു അനുഗ്രഹമെന്ന് വിശേഷിപ്പിച്ച മഴയും ചിലപ്പോള്‍ നാശകാരിയായി വര്‍ഷിച്ചിട്ടുണ്ട്. അതിക്രമം കാണിക്കുന്ന ജനവിഭാഗങ്ങളെ നശിപ്പിക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ അല്ലാഹു സ്വീകരിക്കുമ്പോള്‍ അതില്‍ ജലവര്‍ഷവും കല്‍വര്‍ഷവും ഉണ്ടായതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഉലുല്‍അസ്മുകളില്‍ പ്രധാനിയും ലോകജനതയുടെ രണ്ടാം പിതാവുമായ നൂഹ്‌നബി(അ)ന്റെ കാലത്തുണ്ടായ ജലപ്രളയം സുവിധിതമാണ്. വിശുദ്ധഖുര്‍ആനിലെ നിരവധി സ്ഥലങ്ങളില്‍ അതിലേക്കുള്ള സൂചനകള്‍ കാണാം. ഭൂമിയില്‍ നിന്നും ആകാശത്തുനിന്നും ഒരേ അളവില്‍ ജലപ്രവാഹമുണ്ടാവുകയും എല്ലാം മൂടിക്കളയുന്നവിധം വെള്ളപ്പൊക്കം സംഭവിക്കുകയും നൂഹ്‌നബിയും വിരലിലെണ്ണാവുന്ന അനുയായികളും അല്ലാഹുവിന്റെ കല്‍പനപ്രകാരം നിര്‍മ്മിച്ചുണ്ടാക്കി കപ്പലില്‍ രക്ഷപ്പെടുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: 'ഇവര്‍ക്ക്മുമ്പ്(ഖുറൈശികള്‍) നൂഹിന്റെ ജനത സത്യം നിഷേധിച്ചു. അങ്ങനെ അവര്‍ നമ്മുടെ ദാസനെ(നൂഹിനെ) വ്യാജമാക്കുകയും ഭ്രാന്തന്‍ എന്ന് പറയുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയു ചെയ്തു. അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു- നിശ്ചയമായും ഞാന്‍ പരാജിതനാണ്. അത് കൊണ്ട് നീ രക്ഷാനടപടി എടുക്കേണമേ എന്ന്. അപ്പോള്‍ കുത്തിച്ചൊരിയുന്ന(മഴ) വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നുവെക്കുകയും ഭൂമിയിലെ ഉറവുകള്‍ നാം പൊട്ടിയൊലിപ്പിക്കുകയും ചെയ്തു. അങ്ങനെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരുന്ന ഒരു വമ്പിച്ച കാര്യത്തിനുവേണ്ടി ആ വെള്ളം (രണ്ടും) കൂട്ടിമുട്ടി'(സൂറതുല്‍ഖമര്‍9-12). മേഘങ്ങള്‍പോലുമില്ലാതെ നാല്‍പത് ദിവസം തുടര്‍ച്ചയായി അന്ന് മഴവര്‍ഷിച്ചിട്ടുണ്ടെന്നാണ് ഇബ്‌നുഅബ്ബാസ്(റ) പറയുന്നത്(തഫ്‌സൂറുല്‍ഖുര്‍ത്വുബി). ഉബൈദ്ബ്‌നുഉമൈര്‍(റ) പറയുന്നു: ''തന്റെ ഉള്ളിലുള്ള വെള്ളമെല്ലാം പുറത്തേക്കൊഴിക്കാന്‍ ഭൂമിക്ക് അല്ലാഹു സന്ദേശം നല്‍കുകയും അരുവികളായി അത് പുറത്തേക്ക് തള്ളപ്പെടുകയും ചെയ്തു''. ഭൂമിയില്‍ നിന്ന് ഉറവവന്നതും ആകാശത്ത് പെയ്‌തൊലിച്ചതും ഒരേ അളവിലായിരുന്നുവെന്നും തഫ്‌സീറുകളില്‍ കാണാം.
ആ ശക്തമായ പ്രളയത്തില്‍ നൂഹ് നബിയുടെ കൂടെ കപ്പലില്‍ കയറിയ ആളുകളും ജീവജാലങ്ങളുമെല്ലാത്ത സര്‍വ്വവും നാശമടഞ്ഞു. 'അങ്ങനെ നമ്മുടെ കല്‍പനവരികയും അടുപ്പ് ഉറവ പൊട്ടുകയും ചെയ്തപ്പോള്‍ നാം(നൂഹ് നബിയോട്) പറഞ്ഞു: 'എല്ലാ ജീവികളില്‍ നിന്നും ഈ രണ്ട് ഇണകളേയും മുമ്പ് തന്നെ വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുള്ളവരൊഴിച്ച് താങ്കളുടെ കുടുംബത്തേയും സത്യത്തില്‍ വിശ്വസിച്ചവരേയും കപ്പലില്‍ കയറ്റുക'. ചുരുക്കം പേര്‍ മാത്രമേ അദ്ദേഹത്തോടൊപ്പം വിശ്വസിച്ചിരുന്നുള്ളൂ.(സൂറതു ഹൂദ് 40).
വീണ്ടും അല്ലാഹുവിന്റെ ആജ്ഞ വന്നതിന് ശേഷമാണ് ആ വെള്ളം മുഴുവനും വറ്റിപ്പോയത്. ആകാശത്ത് നിന്ന് വര്‍ഷിച്ചത് മുഴുവന്‍ തിരിച്ചെടുക്കാന്‍ ആകാശത്തോടും ഭൂമിയില്‍ നിന്ന് ഉറവപൊട്ടിയത് തിരിച്ചെടുക്കാന്‍ ഭൂമിയോടും അല്ലാഹു ആവശ്യപ്പെടുകയുണ്ടായി. ''ഓ ഭൂമി, നിന്നിലുള്ള വെള്ളം ഉള്ളിലേക്ക് വലിക്കുക. ആകാശമേ, മഴ നിര്‍ത്തൂ എന്ന് കല്‍പിക്കപ്പെട്ടു. വെള്ളം കുറയാന്‍ തുടങ്ങി. ഉദ്ദിഷ്ടകാര്യം നടത്തപ്പെട്ടു. ജൂദീപര്‍വ്വതത്തിന്‍മേല്‍ കപ്പല്‍ ചെന്നുനിന്നു. അക്രമികളായ ജനതക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു''(ഹൂദ് 44). ആറുമാസക്കാലം-റജബ് 10മുതല്‍ മുഹര്‍റം 10വരെ- നീണ്ടുനിന്ന ഥൂഫാന്‍ രാജകീയമായ ഈ ഉത്തരവിന് ശേഷം വറ്റി ഭൂതലം ഉണങ്ങിവന്നു.
കഴിഞ്ഞുപോയ സമൂഹങ്ങളില്‍ നന്ദികേടിന് കുപ്രസിദ്ധിനേടിയവരാണ് ബനൂഇസ്രാഈലികള്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരോളം അവര്‍ ഭൂമിലോകത്ത് വളരെ വിരളം. എന്നാല്‍ എല്ലാം വേണ്ടുവോളം ആസ്വദിക്കുകയും അനുഗ്രഹദാതാവിനെ ധിക്കരിക്കുകയും ചെയ്ത ചരിത്രമേ അവര്‍ക്കുള്ളൂ. അത്‌കൊണ്ട് തന്നെ അവരുടെയത്ര ശാപത്തിന് വിധേയരായവര്‍ നന്ദേകുറവാണ്. അവരിലേക്ക് നിയോഗിതനായ മൂസാ(അ) സത്യമതസംസ്ഥാപനത്തിന് വേണ്ടി എന്ത് ദൃഷ്ടാന്തം കാണിച്ചു കൊടുത്താലും മാരണം എന്ന് പറഞ്ഞ് അവരത് നിസ്സാരമാക്കും. അവസാനം അവര്‍ക്കെതിരെ റബ്ബിനോട് മൂസാ(അ) പ്രാര്‍ത്ഥിച്ചപ്പോള്‍ തുടര്‍ച്ചയായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവും നല്‍കി അവരെ ശിക്ഷിച്ചു. പ്രയാസം ദുസ്സഹമായപ്പോള്‍ ഖിബ്ത്വികള്‍ ഫറോവയോട് ചെന്ന് ആവലാതിപ്പെട്ടു. അദ്ദേഹം മൂസാ നബിയുടെ അടുത്തേക്ക് ദൂതനെ അയച്ചു പറഞ്ഞു: 'ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണെങ്കില്‍ ഞങ്ങള്‍ നിന്നെ വിശ്വസിക്കാം. മാത്രവുമല്ല താങ്കളുടെ കൂടെ എങ്ങോട്ട് പോരാനും ബനൂഇസ്രാഈലുകാരെ അനുവദിക്കുകയും ചെയ്യാം' എന്ന് സത്യം ചെയ്ത് പറഞ്ഞു. വീണ്ടും മൂസാനബി നടത്തിയ പ്രാര്‍ത്ഥനാഫലമായി മഴനില്‍ക്കുകയും വെള്ളം വറ്റി നല്ല സസ്യങ്ങള്‍ മുളക്കുകയും ചെയ്തു. അപ്പോഴും അവര്‍ ധിക്കാരം കാണിച്ചു. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ പേടിച്ചിരുന്ന കാര്യം ഞങ്ങള്‍ക്ക് നന്‍മയായിരുന്നുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല''. ശിക്ഷ നീങ്ങിയാല്‍ വിശ്വാസിക്കാമെന്ന് പറഞ്ഞിരുന്ന അവര്‍ കരാര്‍ ലംഘിക്കുകയും ധിക്കാരം തുടരുകയും ചെയ്തു. അന്നേരം വെട്ടുകിളി, ചെള്ള്, തവള, രക്തം തുടങ്ങിയ പരീക്ഷണങ്ങള്‍ നല്‍കുകയുണ്ടായി(തഫ്‌സീറുല്‍കബീര്‍, ഖുര്‍ത്വുബി-സൂറതുല്‍അഅ്‌റാഫ് 133).
ജലവര്‍ഷം കൊണ്ടാണ് ഈ രണ്ട് വിഭാഗങ്ങളെ അല്ലാഹു ശിക്ഷക്ക് വിധേയരാക്കിയത്. കല്‍വര്‍ഷം കൊണ്ട് നശിപ്പിക്കപ്പെട്ടവരും ചരിത്രത്തിലിടം നേടിയിട്ടുണ്ട്. പ്രവാചകശ്രേണിയിലെ ഏറെ ശ്രദ്ധേയനായ ലൂഥ് നബി നിയോഗിക്കപ്പെട്ടത് ജോര്‍ദാന്‍ നദിയുടെ തീരങ്ങളിലുണ്ടായിരുന്ന നാടുകളിലേക്കായിരുന്നു. ചാവുകടലിന്റെ തീരത്തുണ്ടായിരുന്ന സദൂം എന്ന ദേശമാണതില്‍ ഏറെ പ്രസ്താവ്യം. ബഹുദൈവത്വവും ബിംബാരാധനയും കൊടികുത്തിവാണതിന് പുറമെ അങ്ങേയറ്റം ഹീനമായ 'സ്വവര്‍ഗരതി' പടര്‍ന്നുപിടിച്ച സമൂഹമായിരുന്നു അവര്‍. ഇവരെ സംസ്‌കരിക്കാനാണ് ലൂഥ് നബി നിയോഗിക്കപ്പെടുന്നത്. അദ്ദേഹം തന്റെ ദൗത്യവുമായി മുന്നേറിക്കൊണ്ടിരിക്കെ ഈ മ്ലേച്ഛ പ്രവൃത്തിക്കെതിരെ തുറന്നടിച്ചു. 'നിങ്ങള്‍ പരിധി വിട്ട ഒരു സമൂഹമാണ്' എന്ന് പോലും അവരെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിച്ചു(ശുഅറാഅ് 166). പക്ഷെ ഉപദേശങ്ങളൊന്നും അവരില്‍ ഫലം ചെയ്തില്ല. മറ്റുള്ളവരെപ്പോലെ അവരും ഭീഷണിയുടെ വജ്രായുധം ചുഴറ്റി. അന്നേരം അവരെയും അല്ലാഹു കഥാവശേഷരാക്കി. അല്ലാഹു അവരുടെ മേല്‍ കന്‍മഴ വര്‍ഷിപ്പിക്കുകയും ഭൂമി കീഴ്‌മേല്‍ മറിക്കുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നു: ''അവരുടെ മീതെ നാം ഒരു പ്രത്യേകതരം മഴ വര്‍ഷിപ്പിച്ചു. മുന്നറിയിപ്പ് നല്‍കപ്പെട്ടവര്‍ക്ക് കിട്ടിയ മഴ വളരെ ചീത്ത!''(അശ്ശുഅറാഅ് 173). സൂറതുല്‍ഹിജ്ര്‍, ഹൂദ്, അഅ്‌റാഫ് തുടങ്ങിയ സൂറകളിലും ഇവരുടെ ചരിത്രം സവിശദമായി കാണാം.
ലൂഥ് നബി(അ)യുടെ സമൂഹം വസിച്ചിരുന്ന നാടുകള്‍ ഭൂമിയില്‍ ആണ്ടുപോവുകയും വെള്ളം മൂടുകയും ചെയ്തുവെന്നാണ് അഭിപ്രായം. സദൂം നാടും ഇവയില്‍ പെടുന്നു. ജോര്‍ദ്ദാനിലെ ചാവുകടലിന്നടിയിലാണ് അവയെന്നാണ് വിചാരിക്കപ്പെടുന്നത്. മുമ്പ് ജനവാസമുണ്ടായിരുന്ന കുറേ നാടുകളെ ആവരണം ചെയ്താണ് ചാവുകടല്‍ നിലകൊള്ളുന്നതെന്ന് ചില ജിയോളജിസ്റ്റുകള്‍ തറപ്പിച്ചു പറയുന്നു(ഫീളിലാലില്‍ ഖുര്‍ആന്‍, ഫത്ഹുര്‍റഹ്മാന്‍ ഫീതഫ്‌സീരില്‍ഖുര്‍ആന്‍).
ഇവര്‍ക്കെതിരെ നടത്തിയ കന്മഴയെ സംബന്ധിച്ച് 'മത്വര്‍' എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. മഴ എന്ന അര്‍ത്ഥത്തില്‍ 'മത്വര്‍' എന്നും 'ഗൈസ്' എന്നും അറബിയില്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ക്ഷാമം പിടിപെട്ടാല്‍ അതില്‍ നിന്നും രക്ഷയായി നല്‍കുന്ന മഴക്കേ 'ഗൈസ്' എന്ന് പറയൂ. 'മത്വര്‍' എന്നത് ഉപകാരമുള്ള മഴക്കും ഉപകാരമില്ലാത്ത മഴക്കും പ്രയോഗിക്കപ്പെടാറുണ്ട്(ഫുറൂഖുല്‍അല്‍ഫാള് പേജ് 526).
സുനാമി: ദൈവശിക്ഷയുടെ നവയുഗപ്പതിപ്പോ?!
നവയുഗത്തില്‍ തീര്‍ത്തും വ്യത്യസ്ഥ രൂപങ്ങളിലാണ് അല്ലാഹുവിന്റെ പരീക്ഷണങ്ങളും ശിക്ഷകളും ഇറങ്ങുന്നത്. വിവിധ നാമങ്ങളിലുള്ള ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും താണ്ഡവമാടിയ ധാരാളം പ്രദേശങ്ങള്‍ നമുക്ക് കാണാം. നാശം വിതച്ചുകൊണ്ടിരിക്കുന്ന ഓരോ കൊടുങ്കാറ്റുകള്‍ക്കും വ്യത്യസ്ഥമായ പേരുകള്‍ നല്‍കുന്നതില്‍ മാത്സര്യം കാണിക്കുന്ന ശാസ്ത്രലോകമാണിന്നുള്ളത്. റീത്ത, കത്രീന, ലൈല, താനെ തുടങ്ങിയവ ഈ അടുത്തായി നാശം വിതച്ച കൊടുങ്കാറ്റുകളാണ്.
ഇവര്‍ക്കെതിരെ നടത്തിയ കന്മഴയെ സംബന്ധിച്ച് 'മത്വര്‍' എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. മഴ എന്ന അര്‍ത്ഥത്തില്‍ 'മത്വര്‍' എന്നും 'ഗൈസ്' എന്നും അറബിയില്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ക്ഷാമം പിടിപെട്ടാല്‍ അതില്‍ നിന്നും രക്ഷയായി നല്‍കുന്ന മഴക്കേ 'ഗൈസ്' എന്ന് പറയൂ. 'മത്വര്‍' എന്നത് ഉപകാരമുള്ള മഴക്കും ഉപകാരമില്ലാത്ത മഴക്കും പ്രയോഗിക്കപ്പെടാറുണ്ട്(ഫുറൂഖുല്‍അല്‍ഫാള് പേജ് 526).
സുനാമി: ദൈവശിക്ഷയുടെ നവയുഗപ്പതിപ്പോ?!
നവയുഗത്തില്‍ തീര്‍ത്തും വ്യത്യസ്ഥ രൂപങ്ങളിലാണ് അല്ലാഹുവിന്റെ പരീക്ഷണങ്ങളും ശിക്ഷകളും ഇറങ്ങുന്നത്. വിവിധ നാമങ്ങളിലുള്ള ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും താണ്ഡവമാടിയ ധാരാളം പ്രദേശങ്ങള്‍ നമുക്ക് കാണാം. നാശം വിതച്ചുകൊണ്ടിരിക്കുന്ന ഓരോ കൊടുങ്കാറ്റുകള്‍ക്കും വ്യത്യസ്ഥമായ പേരുകള്‍ നല്‍കുന്നതില്‍ മാത്സര്യം കാണിക്കുന്ന ശാസ്ത്രലോകമാണിന്നുള്ളത്. റീത്ത, കത്രീന, ലൈല, താനെ തുടങ്ങിയവ ഈ അടുത്തായി നാശം വിതച്ച കൊടുങ്കാറ്റുകളാണ്.
സുനാമിയാണ് ഇരുപതാംനൂറ്റാണ്ടിലെ മറ്റൊരു പ്രതിഭാസം. ഭൂമികുലുക്കം കാരണമായി സമുദ്രത്തില്‍ രൂപപ്പെടുന്ന ഭീകര തിരമാലകള്‍ക്കാണ് സുനാമി എന്നുപറയുന്നത്(ഓക്‌സ്‌ഫോഡ് അഡ്വാന്‍സ്ഡ് ലേണേഴ്‌സ് ഡിക്ഷ്ണറി). ഈയിടെയായി നിരവധി നാടുകളില്‍ ശക്തമായ സുനാമി കാരണം കോടികളുടെ നാശനഷ്ടം ഉണ്ടായി. ഇന്തോനേഷ്യയിലും ജപ്പാനിലുമാണ് ഏറ്റവും വലിയ സുനാമികള്‍ ഉണ്ടായത്. 2004 ഡിസംബര്‍ 26നാണ് ഇന്തോനേഷ്യയിലെ സുമാത്രാദീപിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ശക്തമായ സുനാമിയുണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തപ്പെട്ട സുനാമി ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ അടിച്ചുവീശുകയും ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും കോടികളുടെ നാശനഷ്ടത്തിനും കാരണമായി. സമുദ്രാന്തര്‍ഭാഗത്തുണ്ടായ ഭൂകമ്പം പത്തുമിനിറ്റോളമാണ് നീണ്ടുനിന്നതെന്ന് (സെക്കന്‍ഡുകള്‍ മാത്രമേ ഏത് ഭൂകമ്പവും നീണ്ടുനില്‍ക്കാറുള്ളു)2005 മെയില്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഭൂകമ്പത്തോടെ ഇളകിമറിഞ്ഞ കടല്‍ ആയിരക്കണക്കിന് കിലോമീറ്ററകലെയുള്ള കരകളിലേക്കുപോലും പടുകൂറ്റന്‍ തിരമാലകളായി ആഞ്ഞടിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 8000 കിലോമീറ്ററകലെയുള്ള ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ വരെ വന്‍തിരകള്‍ കുതിച്ചുകയറി. ഇന്ത്യയില്‍ അന്ധമാന്‍ നിക്കോബാര്‍ ദ്വീപുകളും തമിഴ്‌നാടും കേരളവും ആന്ധ്രയും പോണ്ടിച്ചേരിയും അന്ന് ദുരന്തഭൂമികളായി മാറി(ലോകരാഷ്ട്രങ്ങള്‍- വാള്യം1/125)
ടെക്‌നോളജി ഏറ്റവും കൂടുതല്‍ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ടെക്‌നോളജിയില്‍ വമ്പിച്ച കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ജപ്പാന്‍. 2011ാമാണ്ടില്‍ നടന്ന സുനാമിയില്‍ കോടിക്കണക്‌ന് രൂപയുടെ നാശനഷ്ടവും ആയിരങ്ങളുടെ ജീവഹാനിയുമാണ് ജപ്പാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാധാരണ ഗതിയില്‍ അനുഭവപ്പെടാറുള്ള ഭൂമികുലുക്കമെല്ലാം പ്രതിരോധിക്കുവാനും അതിജീവിക്കുവാനും കഴിയുന്ന സംവിധാനങ്ങളോടെയാണ് അവിടങ്ങളിലെ കെട്ടിടനിര്‍മാണങ്ങള്‍. പക്ഷെ, 2011ലെ സുനാമിയില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി.
തുടരെതുടരെയുണ്ടാകുന്ന സുനാമികളും ഭൂകമ്പങ്ങളും നമ്മുടെ ചിന്തകളെ ഒന്ന് തൊട്ടുണര്‍ത്തേണ്ടതുണ്ട്. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ഒരു ഭൂകമ്പം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്ന് രേഖകള്‍ പറയുമ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ച സുനാമികളും ഭൂകമ്പങ്ങളും എണ്ണമറ്റവയാണ്. ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നബി(സ) പറയുന്നു: ''ഓരോ രാത്രിയും മൂന്ന് തവണ ഭൂമിക്കുമുകളിലൂടെ ശക്തിയായി ആഞ്ഞടിക്കുവാന്‍ കടല്‍ അല്ലാഹുവിനോട് സമ്മതം ചോദിക്കാറുണ്ട്. പക്ഷെ അല്ലാഹു അതിനെ തടഞ്ഞുവെക്കലാണ്''(മുസ്‌നദ് അഹ്മദ്). ജനങ്ങളില്‍ ഹീനകൃത്യങ്ങള്‍ അധികരിച്ചപ്പോള്‍ മുന്‍കാല സമൂഹങ്ങളിലേതുപോലെ നമ്മിലേക്കും പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ അല്ലാഹു അയച്ചു കൊണ്ടിരിക്കുകയാണ്.
വിശ്വസികളും ഭയഭക്തിയുള്ളവരുമായി ജീവിക്കുന്നവര്‍ക്ക് ആകാശഭൂമികളില്‍ നിന്നുള്ള അനുഗ്രഹാശിസ്സുകള്‍ അല്ലാഹു തുറന്നു കൊടുക്കുമെന്നാണ് ഖുര്‍ആനികാദ്ധ്യാപനം. ഖുര്‍ആന്‍ പറയുന്നു: ''ആ നാട്ടുകാര്‍ വിശ്വസിക്കുകയും ദോഷ ബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നുമുള്ള അനുഗ്രഹാശിസ്സുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുക്കുമായിരുന്നു''(അഅ്‌റാഫ് 96). എന്നാല്‍ അനുഗ്രഹങ്ങള്‍ വേണ്ടുവോളം ആസ്വദിക്കുകയും അനുഗ്രഹദാതാവിനെ ധിക്കരിക്കുകയും ചെയ്തു ജീവിക്കുന്നവരെ സുനാമിയിലൂടെയും മറ്റും കഥാവശേഷരാക്കുവാനും അവന് തന്നെ സാധ്യമാണ്. തൊട്ടടുത്ത ആയത്തുകളില്‍ തന്നെ ഖുര്‍ആനിന്റെ ഭീഷണി നോക്കൂ ''ആ നാട്ടുകാര്‍ രാത്രി ഉറങ്ങി കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെക്കുറിച്ച് നിര്‍ഭയരാണോ?!. അല്ലെങ്കില്‍ പകലില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ കുറിച്ച് അവര്‍ നിര്‍ഭയരായിരിക്കുന്നുവോ?''(അഅ്‌റാഫ് 97,98). മെറീനാബീച്ചില്‍ കള്ളും കുടിച്ച് നഗ്നകളുടെ മാറില്‍ കിടന്ന് നഗ്നതാപ്രദര്‍ശനം നടത്തുന്നവേളയിലാണ് സുനാമി ആ തീരമൊന്നാകെ കുട്ടിച്ചോറായിമാറിയത്.
ജലദുരന്തങ്ങള്‍: ആധുനികന്റെ കണ്‍ തുറക്കില്ലയോ!?
മനുഷ്യജീവിതത്തിലുണ്ടാകുന്ന എന്ത് നേട്ടങ്ങളും സ്വന്തം കഴിവ് കൊണ്ടല്ലന്നും എല്ലാത്തിനുപിന്നിലും സര്‍വ്വാധിപതിയാ അല്ലാഹുവിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അംഗ ീകരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ അടിമകളാവുന്നത്. പക്ഷെ, വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ജീവിതരീതി ഇതില്‍ നിന്ന് എത്രയോ വ്യത്യസ്ഥമാണ്. തന്റെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളുടേയെല്ലാം അധികാരി താനാണെന്ന മിഥ്യാധാരണയുമായി നടക്കുകയാണവന്‍.
ടൈറ്റാനിക് കപ്പല്‍ ദുരന്തം മുതല്‍ കേരളത്തില്‍ ഈയിടെ സംഭവിച്ച ബോട്ടപകടങ്ങള്‍ വരെ ചരിത്രത്തിലുണ്ടായ മുഴുവന്‍ ജലദുരന്തങ്ങളും മനുഷ്യന്റെ ബലഹീനതയാണ് വിളിച്ചോതുന്നത്. ഒഴുകുന്ന കൊട്ടാരം എന്ന് വിളിക്കപ്പെട്ടിരുന്ന, ഒരിക്കലും മുങ്ങിത്താണുപോവാത്ത എന്ന് ഗണിക്കപ്പെട്ടിരുന്ന ടൈറ്റാനിക് അതിന്റെ കന്നിയാത്രയില്‍ തന്നെ തകര്‍ന്നുപോയി. പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും കഴിഞ്ഞാല്‍ ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും വലിയദുരന്തമായി ചരിത്രം രേഖപ്പെടുത്തിയത് ടൈറ്റാനിക് ദുരന്തമാണ്. 2224യാത്രക്കാരുമായി 1912 ഏപ്രില്‍ 12 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട കപ്പല്‍ ഏപ്രില്‍ 14ന് ഉത്തരഅറ്റ്‌ലാന്റിക്കില്‍ ഒരു മഞ്ഞുമലയുമായി കൂട്ടിമുട്ടിയാണ് തകര്‍ന്നത്. 882 അടി 9 ഇഞ്ച് നീളവും 66000 ടണ്‍ ഭാരവുമുണ്ടായിരുന്ന കപ്പല്‍ അന്ന് വരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയതായിരുന്നു(ഇരുപതാം നൂറ്റാണ്ട്-വര്‍ഷാനുചരിത്രം 1912).
1893ല്‍ നടന്ന എച്ച് എം. എസ് വിക്‌ടോറിയ എന്ന കപ്പലിന്റെ ദുരന്തം ബ്രിട്ടീഷ് നാവിക സേനയുടെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്. 1968ല്‍ ഏപ്രില്‍ മാസത്തിലാണ് വഹൈന്‍ എന്ന കപ്പല്‍ മുങ്ങി കമ്പനിപോലും അടച്ചുപൂട്ടേണ്ടി വന്നു. ചില കപ്പല്‍ ദുരന്തങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് പോലും വഴിവെച്ചിട്ടുണ്ട്. ബ്രിട്ടനിലെ പ്രസിദ്ധമായ ക്യൂനാര്‍ഡ് ലൈന്‍ എന്ന കപ്പല്‍ കമ്പനി നിര്‍മ്മിച്ച ആദ്യത്തെ ആഡംബരക്കപ്പലായിരുന്ന ലൂസിറ്റാനിയയുടെ ദുരന്തമായിരുന്നു 1917ല്‍ അമേരിക്ക ജര്‍മനിയുമായി യുദ്ധം പ്രഖ്യാപിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. 1915 മെയ് 1ന് 1150യാത്രക്കാരും 700 ജീവനക്കാരുമായി ന്യൂയോര്‍ക്കില്‍ നിന്ന് ലിവര്‍പൂളിലേക്ക് യാത്ര തിരിച്ച ലൂസിറ്റാനിയയെ മെയ് 7ന് ജര്‍മ്മനിയുടെ അന്തര്‍വാഹിനിക്കപ്പല്‍ യു-20 അക്രമിച്ചു. മരിച്ച 700 പേരില്‍ 134പേരും അമേരിക്കക്കാരാണ്. ഇതാണ് അമേരിക്ക ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള കാരണമായി ചരിത്രം രേഖപ്പെടുത്തുന്നത്. ഇങ്ങനെ നിരവധി കപ്പല്‍ദുരന്തങ്ങള്‍ ചരിത്രത്തിലുണ്ട്. മിക്കഅപകടങ്ങളിലും നിരവധി ആളുകള്‍ മരണപ്പെടുകയും കോടികളുടെ നാശനഷ്ടങ്ങള്‍ കണക്കാക്കപ്പെടുകയും ചെയ്യുന്നുമുണ്ട്.
നമ്മുടെ കേരളത്തിലെ ചില കായലുകളില്‍ സംഭവിച്ച ബോട്ടുദുരന്തങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജലപ്പരപ്പിലൂടെ കപ്പലോട്ടാനുള്ള കഴിവ് നല്‍കുന്നത് അല്ലാഹു മാത്രമാണെന്ന ബോധം മനുഷ്യന്‍ കൈവിടുമ്പോള്‍ അല്ലാഹു അവര്‍ക്ക് ദുരന്തങ്ങള്‍ നല്‍കി ചിന്തിപ്പിക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: ''ആകാശഭൂമികളെ സൃഷ്ടിച്ച വനും ആകാശത്ത് നിന്ന് വെള്ളം ഇറക്കി അത്‌കൊണ്ട് നിങ്ങള്‍കുള്ള ഭക്ഷണമായി പഴവര്‍ഗ്ഗങ്ങള്‍ പുറത്തെടുത്തവനും അല്ലാഹുവിന്റെ തീരുമാനപ്രകാരം കടലില്‍കപ്പലോടാന്‍ കപ്പല്‍ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവനും നദികള്‍ കീഴ്‌പെടുത്തിയവനും അല്ലാഹുവാണ്''(ഇബ്‌റാഹീം 32). ഇതേ ആശയത്തിലുള്ള നിരവധി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം.
അവലംബങ്ങള്‍.
1)ഇമാം ഖുര്‍ത്വുബി- അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍
2) ഇമാം ഫഖ്‌റുദ്ദീന്‍ റാസി- തഫ്‌സീറുല്‍ കബീര്‍
30)ഇമാം മഹല്ലി(റ)- കന്‍സുര്‍റാഗിബീന്‍ ഫീ ശര്‍ഹില്‍മിന്‍ഹാജ്.
3)ലോകരാഷ്ട്രങ്ങള്‍- വാള്യം 1, പേജ് 125
4)കെ.വി മുഹമ്മദ് മുസ്‌ലിയാര്‍- ഫത്ഹുര്‍റഹ്മാന്‍ ഫീതഫ്‌സീരില്‍ഖുര്‍ആന്‍
5)യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ-ബദര്‍: ചരിത്രവും സന്ദേശവും
6)ഇരുപതാം നൂറ്റാണ്ട് വര്‍ഷാനുചരിത്രം.
നമ്മുടെ കേരളത്തിലെ ചില കായലുകളില്‍ സംഭവിച്ച ബോട്ടുദുരന്തങ്ങളും നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ജലപ്പരപ്പിലൂടെ കപ്പലോട്ടാനുള്ള കഴിവ് നല്‍കുന്നത് അല്ലാഹു മാത്രമാണെന്ന ബോധം മനുഷ്യന്‍ കൈവിടുമ്പോള്‍ അല്ലാഹു അവര്‍ക്ക് ദുരന്തങ്ങള്‍ നല്‍കി ചിന്തിപ്പിക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: ''ആകാശഭൂമികളെ സൃഷ്ടിച്ച വനും ആകാശത്ത് നിന്ന് വെള്ളം ഇറക്കി അത്‌കൊണ്ട് നിങ്ങള്‍കുള്ള ഭക്ഷണമായി പഴവര്‍ഗ്ഗങ്ങള്‍ പുറത്തെടുത്തവനും അല്ലാഹുവിന്റെ തീരുമാനപ്രകാരം കടലില്‍കപ്പലോടാന്‍ കപ്പല്‍ നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവനും നദികള്‍ കീഴ്‌പെടുത്തിയവനും അല്ലാഹുവാണ്''(ഇബ്‌റാഹീം 32). ഇതേ ആശയത്തിലുള്ള നിരവധി സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം.
അവലംബങ്ങള്‍.
1)ഇമാം ഖുര്‍ത്വുബി- അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍
2) ഇമാം ഫഖ്‌റുദ്ദീന്‍ റാസി- തഫ്‌സീറുല്‍ കബീര്‍
30)ഇമാം മഹല്ലി(റ)- കന്‍സുര്‍റാഗിബീന്‍ ഫീ ശര്‍ഹില്‍മിന്‍ഹാജ്.
3)ലോകരാഷ്ട്രങ്ങള്‍- വാള്യം 1, പേജ് 125
4)കെ.വി മുഹമ്മദ് മുസ്‌ലിയാര്‍- ഫത്ഹുര്‍റഹ്മാന്‍ ഫീതഫ്‌സീരില്‍ഖുര്‍ആന്‍
5)യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ-ബദര്‍: ചരിത്രവും സന്ദേശവും
6)ഇരുപതാം നൂറ്റാണ്ട് വര്‍ഷാനുചരിത്രം.
Post a Comment