സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടചോദിച്ച് പതിനഞ്ച് വർഷം പൂര്‍ത്തിയാവുകയാണ്. ഒന്നര ദശകത്തിനിപ്പുറവും ആ പുണ്യജീവിതത്തിന്റെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് ഒട്ടും കുറഞ്ഞു പോയിട്ടില്ല. ധന്യജീവിതത്തിന്റെ നിത്യ സ്മാരകങ്ങള്‍ കാരുണ്യഭവനങ്ങളായും, ഡയാലീസ് സെന്ററുകളായും ദിനേനയെന്നോണം രാജ്യത്ത് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. വ്യക്തിജീവിതത്തില്‍ തങ്ങള്‍ പുലര്‍ത്തിയ സൂക്ഷ്മതയും വിശുദ്ധിയും വിനയവുമെല്ലാം ജനമനസ്സുകളില്‍ തങ്ങള്‍ക്ക് ഒരു ഇടം നല്‍കുകയുണ്ടായി. ആത്മീയമായി തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത സ്വഭാവ വൈശിഷ്ട്യങ്ങളാണ് ഈ നിലയിലേക്ക് തങ്ങളെ ഉയര്‍ത്തിക്കൊണ്ട് വന്നത്. നടപ്പുരീതികള്‍ ചിട്ടപ്പെടുത്തിയവരുടെ ചരിത്രവും ധന്യമായിരിക്കുമെന്നത് കൃത്യമായി പുലര്‍ന്ന ജീവിതമായിരുന്നു തങ്ങളുടെ ജീവിതം.
ജന്‍മം കൊണ്ട് തന്നെ അനുഗ്രഹീതരാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അഹ്്‌ലുബൈതിലെ അശ്‌റാഫുകളായ മഹോന്നത വ്യക്തിത്വങ്ങളുടെ പരമ്പരയില്‍, ആത്മീയലോകത്തെ അദ്യുതീയരുടെ പിന്‍ഗാമിയായിട്ടാണ് തങ്ങള്‍ ജനിക്കുന്നത്. തികഞ്ഞ ഭയഭക്തിയോടെ ജീവിക്കുകയും ജീവിതത്തിലൂടെ ഇസ്്‌ലാം പ്രബോധനം ചെയ്യുകയും ചെയ്ത അവരില്‍ രാജ്യം അധീനപ്പെടുത്തിയവര്‍ക്കെതിരില്‍ നേതൃപരമായി ശക്തമായി പോരാടുകയും ചെയ്തവരെയും നമുക്ക് കാണാവുന്നതാണ്.
1936 മെയ് 4ന് പി.എം.എസ്.എ പൂക്കോയത്തങ്ങളുടേയും ആയിശ ചെറുകുഞ്ഞിബീവിയുടേയും മകനായി ജനിച്ച ശിഹാബ്തങ്ങള്‍ പാണക്കാട്, കോഴിക്കോട് എന്നിടവങ്ങളിലെ സ്‌കൂള്‍പഠനത്തിന് ശേഷം തലക്കടത്തൂര്‍, തോഴന്നൂര്‍, കാനഞ്ചേരി എന്നിവടങ്ങളില്‍ 1953- 1958 വരെ ദര്‍സ്പഠനം നേടുകയുണ്ടായി. പൊന്‍മള മൊയ്തീന്‍മുസ്്‌ലിയാരാണ് പ്രധാനാധ്യാപകന്‍. സ്വന്തം പിതാവിന്റെ ശിക്ഷണത്തിന് ശേഷം ലഭിച്ച ഈ ദര്‍സ്പഠനം തങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ''സംസ്‌കാരം പിതാവില്‍ നിന്നും, നന്‍മകള്‍ അല്ലാഹുവില്‍ നിന്നുമാണ്'' എന്ന തിരുമൊഴി കൃത്യമായി സാക്ഷാകൃതമായ ജീവിതമാണ് തങ്ങളുടേത്. പള്ളിദര്‍സ് പഠനകാലത്തെ പല ഓര്‍മ്മകളും പലപ്പോഴും ഭാര്യയോടും മക്കളോടും പങ്ക് വെച്ചിരുന്ന തങ്ങള്‍ക്ക് ത്യാഗത്തിന്റെ വലിയ കഥകള്‍ തന്നെ പറയാനുണ്ടായിരുന്നു.
1958 മുതല്‍ 1966 വരെ ഉപരിപഠനാര്‍ത്ഥം ഈജിപ്തിലെത്തിയ തങ്ങള്‍ അല്‍അസ്ഹറില്‍ നിന്നും കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭാഷകളും വിവിധ വിഷയങ്ങളും ആഴത്തില്‍ പഠിച്ചെടുത്തപ്പോഴും ശൈഖ് അബ്ദുല്‍ഹലീം മഹ്്മൂദ് എന്ന പണ്ഡിതന്റെ കീഴില്‍ തസ്വവ്വുഫില്‍ പ്രത്യേകമായി ത്രിവര്‍ഷ സൂഫിസം കോഴ്‌സ് ചെയ്തത്, ആത്മീയമായി തങ്ങള്‍ ഉന്നതസ്ഥാനീയരാവാനുള്ള വിവിധ കാരണങ്ങളില്‍ ഒന്നായിരുന്നുവെന്നാണ് ശിഷ്ടകാല ജീവിതം അടയാളപ്പെടുത്തിയത്.
രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ മേഖലയിലെല്ലാം പ്രത്യേക ഇടം കൈവരിച്ച തങ്ങള്‍, ആത്മീയ നേതാവെന്ന നിലയിലാണ് ജനമനസ്സുകളില്‍ പ്രത്യേക സ്ഥാനം കരസ്ഥമാക്കിയത്. ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി, തങ്ങളുടെ ആത്മീയ നേതാവായിട്ടാണ് ബഹുജനങ്ങള്‍ തങ്ങളെ സമീപിച്ചത്. അതിനുള്ള നിരവധി ഘടകങ്ങളും തങ്ങളില്‍ സമ്മേളിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
തഹജ്ജുദ് നിസ്‌കാരത്തിന് വേണ്ടി എഴുന്നേല്‍ക്കുകയും കുടുംബാംഗങ്ങളെ മുഴുവന്‍ അന്നേരം വിളിച്ചുണര്‍ത്തുകയും, കുടുംബസമേതം ജമാഅത്തായി സുബ്്ഹി നിസ്‌കരിക്കുകയും ചെയ്ത ശേഷം അരമണിക്കൂറോളം കുടുംബ സമേതം ഖുര്‍ആന്‍ ഓതുകയും ചെയ്ത് കൊണ്ടാണ് തങ്ങളുടെ ഓരോ പ്രഭാതവും ആരംഭിച്ചിരുന്നത്. ഇവ്വിതം ഓരോ ദിനങ്ങളും പുണ്യകര്‍മ്മങ്ങള്‍ കൊണ്ട് ആരംഭിക്കുന്ന വ്യക്തിയുടെ ജീവിതം ആത്മീയമായി സമ്പന്നമായിരിക്കുമെന്നാണല്ലോ മതം പഠിപ്പിക്കുന്നത്.
താന്‍ തുടങ്ങുന്ന ഒരു സംരംഭത്തിന്റെ തുടക്കക്കാരന്‍ പാണക്കാട് തങ്ങളെന്ന ആത്മീയനേതാവായിരിക്കണമെന്ന് കൊതിച്ച് രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ ജനത ശിഹാബ് തങ്ങളെ സര്‍വ്വ സംരംഭങ്ങളുടേയും ഉദ്ഘാടകനായി ക്ഷണിച്ചു. അവരുടെ കൂട്ടത്തില്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനയുടെ വക്താക്കളല്ലാത്തവരും ഉണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. പള്ളി, മദ്രസ തുടങ്ങിയ മതസ്ഥാപനങ്ങളാണെങ്കിലും, കച്ചവട സ്ഥാപനങ്ങളാണെങ്കിലും, സമ്മേളനങ്ങളാണെങ്കിലും, സാംസ്‌കാരിക സംരംഭങ്ങളാണെങ്കിലും ശിഹാബ് തങ്ങളായിരുന്നു അതിന്റെയെല്ലാം സമാരംഭകന്‍. ഈ ലോകറെക്കോര്‍ഡ് ഒരാള്‍ക്കും മറികടക്കാന്‍ കഴിയില്ലെന്നാണ് അനുമാനം.
കേരളജനതക്ക് അഹ്്‌ലുസ്സുന്നയുടെ സച്ചരിതമാര്‍ഗ്ഗം കൃത്യമായി കാണിച്ചു കൊടുത്ത സമസ്ത കേരളജംഇയ്യത്തുല്‍ഉലമയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും അവരോധിതനല്ലാതിരുന്നിട്ടും, സമസ്തയുടെ തലമുതിര്‍ന്ന പണ്ഡിതര്‍ ശിഹാബ്തങ്ങളുമായി പല കാര്യങ്ങളിലും കൂടിയാലോചന നടത്തിയത് രാഷ്ട്രീയ നേതാവായത് കൊണ്ടല്ല, മറിച്ച് തങ്ങളിലെ ആത്മീയ നേതാവിനെ അവര്‍ വേണ്ടവിധം മനസ്സിലാക്കിയത് കൊണ്ടാണ്. വരക്കല്‍ മുല്ലക്കോയത്തങ്ങള്‍ പണിത സമസ്തക്ക് വലിയ കാവലായിരുന്നു ശിഹാബ് തങ്ങള്‍.
കേരളത്തില്‍ മുസ്്‌ലിംകളുടെ മതകാര്യങ്ങളെല്ലാം പ്രധാനമായി നടക്കുന്നത് അവരുടെ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ്. പള്ളിയും അനുബന്ധ സംവിധാനങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഓരോ മഹല്ലുകള്‍ക്കും അവരുടെ കാര്യങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഓരോ ഖാളിമാരുണ്ടാകും. റമളാന്‍ വ്രതം, പെരുന്നാളുകള്‍ എന്നിവ മാസമുറപ്പിച്ച് തീരുമാനിക്കാനും വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനുമെല്ലാം ഈ ഖാളിമാരാണുണ്ടാവുക. ഇങ്ങനെയുള്ള നാനൂറോളം മഹല്ലുകളില്‍ ഖാളിയായി മുഹമ്മദലി ശിഹാബ് തങ്ങളെ നിയമിച്ചത് തങ്ങള്‍ അവ്വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗ്യതയുള്ള തികഞ്ഞ പണ്ഡിതനും ആത്മീയ നേതാവുമെന്ന നിലയില്‍ മാത്രമാണ്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും, പി.എം.എസ്.എ പൂക്കോയ തങ്ങളും അലങ്കരിച്ച, മുസ്്‌ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയിലേക്ക് ശിഹാബ് തങ്ങള്‍ 39ാം വയസ്സില്‍ നിയമിക്കപ്പെടുന്നത് ഇരുവരില്‍ നിന്നും സമുദായം നേടിയെടുത്ത ആത്മീയ നേതൃത്വം ശിഹാബ് തങ്ങളില്‍ നിന്നും പ്രതീക്ഷിച്ചത് കൊണ്ടാണ്. ഒരു ന്യൂനപക്ഷ രാഷ്ട്രീയ സംഘത്തിന്റെ നേതാവിന്, ഒരു ന്യൂന പക്ഷ സമുദായ നേതാവിന് പോപുലറായ രാഷ്ട്രീയ നേതാക്കള്‍ക്കോ, സമുദായ നേതാക്കള്‍ക്കോ കിട്ടാതെ പോയ പൊതുസമൂഹാംഗീകാരം കിട്ടിയതും തങ്ങളുടെ ആത്മീയ വിശുദ്ധി കൊണ്ടാണ്. ശിഹാബ് തങ്ങളെ ജയിലിലടച്ചാല്‍ കേരളത്തില്‍ സമാധാനം സ്ഥാപിക്കപ്പെടുമെന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനക്ക്, എങ്കില്‍ ഞാനതിന് തയ്യാറാണെന്ന് പറഞ്ഞത് സമൂഹനന്‍മ കൊതിച്ച രാഷ്ട്രീയ നേതാവായത് കൊണ്ടാണ്.
കേവലം ഒരു രാഷ്ട്രീയ നേതാവെന്നത് കൊണ്ട് തങ്ങള്‍ക്ക് ഇത്രവലിയ അംഗീകാരം കിട്ടുമായിരുന്നില്ല. കാരണം, കേരളചരിത്രത്തില്‍ രാഷ്ട്രീയ ചാണക്യന്‍മാരായി തിളങ്ങിയിരുന്ന, ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ നിരവധി കഴിഞ്ഞുപോയിട്ടുണ്ടല്ലോ... എന്നാല്‍ തങ്ങള്‍ അധികാരക്കസേരയിലേക്ക് എത്തി നോക്കാതിരുന്നിട്ടു പോലും, സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടിയിലെ അണികള്‍ക്കും നേതാക്കള്‍ക്കും പുറമെ, മറ്റുള്ളവര്‍ക്കിടയിലും വലിയ മതിപ്പ് നേടിയെടുത്തത് വെണ്‍മയുള്ള ധവള വസ്ത്രത്തിനുള്ളില്‍ അപാരവെണ്‍മയുള്ള ഹൃദയം സൂക്ഷിച്ചത് കൊണ്ട് തന്നെയാണ്.
ആത്മീയമായി മഹോന്നതി നേടിയെടുത്ത വ്യക്തികള്‍ക്കുണ്ടാവുന്ന എല്ലാ സല്‍ഗുണങ്ങളും സമ്മേളിച്ചവരായിരുന്നു ശിഹാബ്തങ്ങള്‍. വിനയം, താഴ്മ, ക്ഷമ, വിട്ടുവീഴ്ച, ദാനശീലം തുടങ്ങി സര്‍വ്വ നന്‍മകളും ജീവിതത്തിലൂടെ കാണിച്ചു തന്നു ആ മഹാമനീഷി. വിശ്വപ്രസിദ്ധനായിട്ടും സാധാരണക്കാരെ വേണ്ട പോലെ പരിഗണിക്കാന്‍ പോലും വിശാല ഹൃദയനായിരുന്നു തങ്ങള്‍. പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഉചിതമായ രൂപത്തില്‍ സഹായങ്ങള്‍ ചെയ്യാന്‍ മാത്രം സഹൃദയനായിരുന്നു സയ്യിദവര്‍കള്‍. തന്റെ കയ്യില്‍ വരുന്ന സമ്പാദ്യങ്ങളത്രയും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന കൈലേസുകളായിത്തീരുകയായിരുന്നുവെന്ന് പാണക്കാട്ടെ വട്ടമേശക്ക് ചുറ്റും നിന്നവര്‍ക്കെല്ലാം ബോധ്യമായിരുന്നു.
രാഷ്ട്രീയ നേതാവായിട്ടാണോ ആത്മീയ നേതാവായിട്ടാണോ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ സാധാരണക്കാരനായി അറിയപ്പെട്ടാല്‍ മതി എന്ന വിനയാന്വിത പ്രതികരണമാണുണ്ടായത്. തന്നോട് സംസാരിക്കുന്നതിനിടയില്‍ പേടിച്ച് വിറച്ച അനുചരനോട് ഞാന്‍ രാജാവല്ലെന്നും ഉണക്കറൊട്ടി കഴിച്ച് നടന്നിരുന്ന ഒരു സാധാരണ സ്ത്രീയുടെ മകനാണെന്നും പറഞ്ഞ തിരുനബിയുടെ പ്രതികരണമാണ് ഇത് വഴി നമുക്കോര്‍മ്മ വരുന്നത്.
സുദീര്‍ഘമായ യാത്രകള്‍ക്കിടയില്‍ പോലും വഴിയരികില്‍ പ്രയാസപ്പെടുന്ന വ്യക്തികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്ത നിരവധി സംഭവങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചവര്‍ പങ്ക് വെച്ചത് കാണാം. തൃശൂരില്‍ നിന്ന് ഒരു ജ്വല്ലറി ഉത്ഘാടനം കഴിഞ്ഞ് തിരികെ വരുമ്പോള്‍ ചങ്കുവട്ടിയിലെ ഒരു മരണവീട്ടില്‍ കയറി വാഹനത്തിലേക്ക് തിരികെ വരുമ്പോള്‍ സങ്കടക്കണ്ണീരുമായി തന്റെ മകളുട വിവാഹകാര്യം പറഞ്ഞ വൃദ്ധയുടെ കയ്യിലേക്ക് ഉത്ഘാടനത്തിന് കിട്ടിയ സമ്മാന(സ്വര്‍ണ്ണ)പ്പൊതി എണ്ണിനോക്കുക പോലും ചെയ്യാതെ നല്‍കുകയും ആവശ്യമുണ്ടെങ്കില്‍ ഇനി ചൊവ്വാഴ്ച പാണക്കാട്ടേക്ക് വരൂ, അല്ലാഹു എന്തെങ്കിലും മാര്‍ഗ്ഗം കണ്ടിട്ടുണ്ടാകും എന്ന സമാശ്വാസ വചനവും പറഞ്ഞ സംഭവം പ്രസിദ്ധമാണ്. പതിനായിരം സംഭവങ്ങളില്‍ ഒന്ന് മാത്രം. ദീര്‍ഘകാലം ജീവിക്കുകയും നന്‍മകള്‍ അധികരിക്കുകയും ചെയ്തവര്‍ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവരാണെന്ന തിരുവചനം കൃത്യമായി നാം കണ്ട ഒരു ജീവിതമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടേത്.
ജീവിതപ്രയാസങ്ങളും വിഷമങ്ങളും പറയാന്‍ പാണക്കാട്ടെ വീട്ടില്‍ ഓരോ ദിവസവും വരുന്ന ജനങ്ങളുടെ മുഴുവന്‍ പരാതികളും കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ തീരെ പരിഭവം കാണിച്ചില്ല. എല്ലാം ക്ഷമയോടെ കേട്ടിരിക്കും. രാത്രി സമയങ്ങളില്‍ വിദൂര ദിക്കുകളില്‍ നിന്ന് പരിപാടികള്‍ കഴിഞ്ഞ് വിശ്രമിക്കാന്‍ വീട്ടിലെത്തുമ്പോഴും വീട്ടു പടിക്കല്‍ തന്നെ കാത്തുനില്‍ക്കുന്ന ജനങ്ങളില്‍ അവസാന വ്യക്തിയേയും ക്ഷമയോടെ, സ്വസ്ഥതയോടെ കേട്ട് പരിഹാരം നിര്‍ദേശിച്ചതിന് ശേഷമേ ആ വീട്ടില്‍ വിളക്കണയാറുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പ്രാര്‍ത്ഥനക്കും, മന്ത്രത്തിനും, ഐക്കല്ലിനും ഫലമുണ്ടെന്ന് വിശ്വസിച്ച ആയിരങ്ങളാണ് അവിടെ എത്തിയിരുന്നത്.
കോടതികള്‍ പോലും തീര്‍പ്പ് കല്‍പ്പിക്കാന്‍ പ്രയാസപ്പെട്ടിരുന്ന കേസുകളില്‍ പരിഹാരം കാണാന്‍ കൊടപ്പനക്കല്‍ തറവാട്ടിലെ വട്ടമേശക്കു ചുറ്റും കൂടിയിരിക്കാന്‍ കോടതി പോലും തീരുമാനിച്ചത് ഏവരേയും അതിശയിപ്പിക്കുന്നതാണ്. 1992 ഡിസംബര്‍ ആറിന് ശേഷം ഇതര സംസ്ഥാനങ്ങളില്‍ കലുഷിത സാഹചര്യങ്ങള്‍ ഉടലെടുത്തപ്പോള്‍ കേരളം സുരക്ഷിതമായത് തങ്ങള്‍ നടത്തിയ പ്രസ്താവനയുടെ ബലത്തിലാണ്. കേവലം ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയല്ലായിരുന്നു അത്. മറിച്ച്, ചിലര്‍ പറയുന്നത് അല്ലാഹു നടപ്പിലാക്കുമെന്ന് പറയപ്പെട്ട ആത്മീയവക്താവിന്റെ വാക്ഫലമായിരുന്നു.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഇരുട്ടിന്റെ മറവില്‍ കത്തിച്ച് കലാപത്തിന് തിരികൊളുത്താന്‍ ശ്രമിച്ചവരുടെ കുതന്ത്രങ്ങള്‍ നിശ്ഫലമാകാന്‍ കാരണം തങ്ങളുടെ ഇച്ഛാശക്തിയും മനോധൈര്യവുമായിരുന്നു. ആ പടിവാതിലില്‍ ചെന്ന് എല്ലാം ഊതിക്കെടുത്തിയത് സയ്യിദ് മുഹമ്മദലിശിഹാബ് തങ്ങളാണ്. മുമ്പ് നാദാപുരത്ത് ഒരു കൊലപാതകം നടന്ന് മയ്യിത്ത് വിലാപയാത്രയായി കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പോലീസുദ്യോഗസ്ഥരുടെ പക്ഷപാത തീരുമാനത്തിനെതിരെ സധൈര്യം മയ്യിത്ത് സംസ്‌കരണ യാത്രയക്ക് നേതൃത്വം നല്‍കിയത് ശിഹാബ് തങ്ങളായിരുന്നു.
സമുദായ സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ ലക്ഷ്യമാക്കിയതെന്ന് സുവ്യക്തമാണ്. ചരിത്രപ്രസിദ്ധവും സുപ്രധാനവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്റെ രക്ഷിതാവിന്റെ ദര്‍ബാറില്‍ കാര്യങ്ങള്‍ തുറന്നു പറയുന്ന രീതിയും തങ്ങള്‍ക്കുണ്ടായിരുന്നു. ആത്മീയബോധമുള്ളവര്‍ മാത്രമേ ആ രൂപത്തില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയുള്ളൂ. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറയുന്നു 'രണ്ടായിരത്തി ആറില്‍ മുസ്്‌ലിം ലീഗിന് രീഷ്ട്രീയ പരമായ പരാജയം സംഭവിച്ച ഘട്ടത്തില്‍ കോട്ടക്കലില്‍ വെച്ച് പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചയുടെ സന്ദര്‍ഭം. അന്ന് ഉസ്താദിനെ(അത്തിപ്പറ്റ ഉസ്താദ്) പാണക്കാട്ടേക്ക് ക്ഷണിച്ചു ദുആ ചെയ്യാനഭ്യാര്‍ത്ഥിച്ചു. 'സമുദായം ഞങ്ങളുടെ കൂടെയുണ്ട്, പക്ഷെ, ഞങ്ങള്‍ക്ക് തോല്‍വി സംഭവിച്ചു പോയി. അത് കൊണ്ട് വിജയത്തിന് വേണ്ടി ദുആ ചെയ്യണം. ഈ ദുആയില്‍ അതിനുള്ള ഫത്്ഹ്് ഉണ്ടാവണം എന്നായിരുന്നു വസ്വിയ്യത്..... രാഷ്ട്രീയപ്രവര്‍ത്തനം തങ്ങള്‍ എങ്ങനെ നോക്കിക്കണ്ടിരുന്നു എന്നതിന് കൃത്യമായ നിദര്‍ശനമാണ് ഈ സംഭവം.
അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറയുകയുണ്ടായി. ഒരു മനുഷ്യനെ അല്ലാഹു ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ജിബരീല്‍(അ)നെ അല്ലാഹു വിളിക്കുകയും, ഈ വ്യക്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, നിങ്ങളും അവരെ ഇഷ്ടപ്പെടണം എന്ന് പറയും. അന്നേരം ജിബ്രീല്‍ അദ്ദേഹത്തെ ഇഷ്ടപ്പെടും. ശേഷം ജിബരീല്‍ ആകാശ ലോകത്ത് ഇങ്ങനെ പ്രഖ്യാപിക്കും ഈ വ്യക്തിയെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ട്. നിങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടണം. അപ്പോള്‍ ആകാശത്തുള്ളവര്‍ മുഴുവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ഭൂമിയിലുള്ളവര്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത നല്‍കപ്പെടുകയും ചെയ്യും(ബുഖാരി, മുസ്്‌ലിം)...
Post a Comment