ഭൗതികതയുടെ മാലിന്യങ്ങളിൽ നിന്ന് ഹൃദയം വിമലീകരിച്ച് സ്രഷ്ടാവുമായുള്ള ആത്മ ബന്ധം ഉറപ്പിക്കുകയെന്ന അടിസ്ഥാന തത്വത്തിലൂന്നിയുള്ള ചില പ്രത്യേക ചിട്ടകളും കാർമ്മങ്ങളുമാണ് തസ്വവുഫ്. തസ്വവ്വുഫിന്റെ രണ്ടായിരത്തോളം വരുന്ന നിർവ്വചനങ്ങളിൽ നിന്ന് ഈ സത്യം ബോധ്യപ്പെടും. തഫ്സീർ, ഹദീസ്, നഹ്‌വ് തുടങ്ങിയ ജ്ഞാനശാഖകൾ പോലെ തസ്വവ്വുഫ് ഒരു വിജ്ഞാനശാഖ കൂടിയാണ്. ഈ ശാഖയിൽ നിരവധി രചനകൾ ലഭ്യമാണ്. അല്ലാമാ ശഅറാനി യും ഇമാം ഖുശൈരിയും മറ്റും ഈ മേഖലയിൽ നിരവധി സംഭാവനകൾ അർപ്പിച്ചവരാണ്..

 1914ൽ യു.പി യിലെ റായ്ബറേലിയിൽ വിശ്വ പണ്ഡിതൻ അബ്ദുൽഹയ്യില്ലഖ്നവിയുടെയും പണ്ഡിതയും കവയത്രിയും ഖുർആൻ ഹാഫിളതുമായ മഹതിയുടെയും മകനായി ജനിച്ച്, തന്റെ വ്യക്തിത്വത്തിലൂടെയും, രചനകളിലൂടെയും പ്രബോധന, സാമൂഹിക പ്രവർത്തനത്തിലൂടെയും ഇന്ത്യയെ വിശ്വത്തോളം ഉയർത്തിയ ഇന്ത്യയുടെ പുത്രനാണ് അലീമിയാൻ അബുൽ ഹസൻ അലി ഹുസൈൻ അന്നദ്വി. പാണ്ഡിത്യവും ആത്മീയതയും നിറഞ്ഞ ഹസനീ കുടുംബത്തിൽ ജനിച്ചു, ശൈശവത്തിൽ ഉപ്പയുടെയും അവർക്ക് ശേഷം ഉമ്മയുടെയും ജ്യേഷ്ഠ സഹോദരന്ടെയും തര്ബിയത്തിൽ വളർന്ന അദ്ദേഹം രചനാ വിപ്ലവം നടത്തി 'ഇന്ത്യയുടെ സുയൂഥ്വി' എന്ന കീർത്തി ലഭിച്ച മഹാപ്രതിഭയാണ്. നുസ്ഹതുൽഖവാഥ്വിർ വി ബഹ്ജത്തുൽ മസാമിഇ വന്നവാളിർ' എന്ന ജീവചരിത്ര കൃതിയിലൂടെ 'ഇബ്നുഖല്ലികാനിൽഹിന്ദ്' എന്നറിയപ്പെടുന്ന പിതാവിന്റെ പൊരുളായി ജീവിതം സമർപ്പിച്ച അലീമിയാൻ, തന്റെ ജീവിതത്തിലെന്ന പോലെ രചനയിലും തസ്വവ്വുഫ് സ്വാധീനിച്ച പണ്ഡിതനാണ്.

തസ്വവ്വുഫിന്റെ വിവിധ തലങ്ങളിലുള്ള രചനകൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്. തസ്വവുഫിന്റെ പ്രമാണികതയും, മതത്തിൽ അതിന്റെ അടിസ്ഥാനവും ചർച്ച ചെയ്യുന്ന പഠനങ്ങളും, ആത്മീയ ലോകത്തെ അതികായകരെ സംബന്ധിച്ച ഹൃസ്വവും വിശാലവുമായ ഗ്രന്ഥങ്ങളും ആ ഗണത്തിൽ കാണാവുന്നതാണ്. തന്റെ പതിനാലാം വയസ്സിൽ അറബിയിൽ ആദ്യമായി എഴുതിയ ലേഖനം തന്നെ ആത്മീയമായി സ്വാധീനിച്ച അസ്സയ്യിദ് അഹ്മദ്‌ബ്ൻഇർഫാൻ അശ്ശഹീദിനെ കുറിച്ചായിരുന്നു. റബ്ബാനിയ്യതുൻ ലാ റഹ്ബാനിയ്യഃ, ഇദാ ഹബ്ബത് രീഹുൽ ഈമാൻ, അദ്ദഅവതുൽ ഇസ്ലാമിയ്യഃ ഫിൽ ഹിന്ദ്, ശഖ്സിയ്യാതുൻ വ കുതുബ്, അൽമുസ്ലിമൂന ഫിൽ ഹിന്ദ്, രിജാലുൽ ഫിഖ്‌രി വദ്ദഅവ എന്നീ രചനകൾ ഇതിൽ പ്രത്യേക പരാമര്ശമർഹിക്കുന്നവയാണ്.

ഹിജ്റ 13ആം നൂറ്റാണ്ടിൽ സയ്യിദ് അഹ്‌മദ്‌ബിൻ ഇർഫാൻ അശ്ശഹീദിന്റെയും ശിഷ്യന്മാരുടെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന മത പ്രചാരണ, പ്രതിരോധപ്രവർത്തന്നങ്ങളുടെ ചരിത്രം കൃത്യമായി അനാവരണം ചെയ്യുന്ന കൃതിയാണ് 'ഇദാ ഹബ്ബത് രീഹുൽ ഈമാൻ'. "ഈമാനിന്റെ കാറ്റ് വീശിയാൽ അത് വിശ്വാസത്തിലും പ്രവർത്തനത്തിലും സ്വഭാവത്തിലും അത്ഭുതങ്ങൾ കൊണ്ട്വരും" എന്ന വാക്യം കൊണ്ടാണ് ഈ ഗ്രന്ഥത്തിന്ടെ മുഖവുര ആരംഭിക്കുന്നത്. ഹിജ്‌റ 13ൽ അസ്സയിദ് അഹ്‌മദ്‌ബ്ൻഇർഫാൻ അശ്ശഹീദ്‌ ഇന്ത്യയിൽ തൗഹീദിന്റെയും നവോഥാനത്തിന്ടെയും ജിഹാദിന്റെയും സന്ദേശവുമായി ഇറങ്ങിയപ്പോൾ ആ കാറ്റിന്റെ അലയൊലികൾ ഇന്ത്യയിൽ പ്രകടമായി.

അദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ആത്മീയ ജീവിതത്തിലേക്കാണ് അലീമിയാൻ വെളിച്ചം വീശുന്നത്. മനുഷ്യഹൃദയങ്ങളിൽ നൻമയുടെ ചിന്തകൾ വിതറിയ പ്രധാനവ്യക്തികളെയും അവരുടെ സേവനങ്ങളെയും, നദ് വി സാഹിബിനെ സ്വാധീനിക്കുകയും ജീവിത രീതിയിൽ മാറ്റങ്ങളുടെ ഓളങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പ്രധാന ഗ്രന്ഥങ്ങളെയും വിശദമാക്കുന്ന കൃതിയാണ് 'ശക്‌സിയ്യത്തുൻ വ കുതുബ്'. റബ്ബാനിയ്യഃ ലാ റഹ്ബാനിയ്യഃ എന്ന കൃതിയാണ് ഇവ്വിഷയത്തിൽ ഏറെ പ്രസക്തം. ഇൽമുത്തസ്വവ്വുഫ്, അതിലെ സാങ്കേതികപ്രയോഗങ്ങൾ എന്നിവ കേന്ദ്രമായി നടക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്ന പ്രസ്തുത ഗ്രന്ഥം വ്യത്യസ്ത സന്ദർഭങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. ആ കൃതിയിലെ 'നികത്തപ്പെടേണ്ട വിടവ്' എന്ന പ്രഥമ അധ്യായത്തിൽ സുപ്രധാനമായ ഒരു കാര്യം പ്രതിപാദിക്കുന്നുണ്ട്; "അധിക വിജ്ഞാനശാഖകളിലും തർക്കങ്ങൾ നടക്കുന്നത് പണ്ഡിതരുടെ ചില സാങ്കേതികപ്രയോഗങ്ങളെ ചുറ്റിപ്പറ്റിയാണ്.

ഇൽമുത്തസ്വവുഫും ഇതിൽ നിന്ന് ഭിന്നമല്ല. പുതിയ സാങ്കേതികപ്രയോഗങ്ങൾക്ക് പകരം പഴയപ്രയോഗങ്ങൾ തന്നെ ഉപയോഗിച്ചാൽ ഇത്ര തന്നെ പ്രശ്നങ്ങൾ ഉണ്ടാവില്ല. 'തസ്വവുഫ്' എന്ന പദപ്രയോഗം ഖുർആനിലോ സുന്നത്തിലോ ഉണ്ടോയെന്നും ആരാണിത് കൊണ്ടുവന്നത് എന്നുമെല്ലാം ചോദിക്കുന്നവരുണ്ട്. തൽവിഷയത്തിൽ നിരവധി വാദങ്ങൾ പോലും നടന്നിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിൽ പ്രയോഗത്തിൽ വന്ന 'തസ്വവുഫ്' എന്ന പദത്തിന് പകരം, ഖുർആനിലും സുന്നത്തിലും ദീനിലെ സുപ്രധാനമായ ഒരു ശാഖയെ പരിചയപ്പെടുത്താൻ പ്രയോഗിച്ച 'തസ്‌കിയ' എന്ന പദം നമുക്ക് കാണാം. ആ പദം ഉപയോഗിക്കുന്നത് ഈ തർക്കങ്ങൾ ഇല്ലാതെയാക്കാൻ സഹായകമാണ്". ഈ സമര്ഥനത്തിലൂടെ തസ്വവുഫിന് മതത്തിലുള്ള അടിസ്ഥാനം അദ്ദേഹം സ്ഥാപിക്കുകയാണ് ചെയ്തത്. ശരീഅതിനെ റുകൂഉ, സുജൂദ് തുടങ്ങിയ ബാഹ്യ കർമ്മങ്ങളായും, ഈ കാർമ്മങ്ങൾക്കൊപ്പം ഉണ്ടാവേണ്ട ഇഖ്ലാസ്, തവക്കുൽ, ക്ഷമ തുടങ്ങിയ ആന്തരിക കർമ്മങ്ങളായും രണ്ടായി അദ്ദേഹം വിഭജിക്കുന്നുണ്ട്. നന്മക്ക് പകരം തിന്മ അതിജയിക്കുന്ന ഇക്കാലത്ത് അതിനെല്ലാം ഏക പരിഹാരം തസ്വവ്വുഫ് ആണെന്ന് പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. ആത്മശുദ്ധിയിലേക്കും അല്ലാഹുവിലേക്കും ക്ഷണിക്കുന്നവരുടെ അസാന്നിധ്യം കാലങ്ങളോളം അനുഭവിക്കുന്ന ഒരു നാട്ടിൽ, പാശ്ചാത്യ സംസ്കാരം അതിജയിച്ച കാരണം അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്നതിലേക്ക് ജനങ്ങളെ വഴി നടത്തുന്നവർ അപൂർവ്വമായി മാറിയ നാടുകളിലും കേവലം ജ്ഞാന സമ്പാദനത്തിലൂടെ മാത്രം പരിഹൃതമാവാത്ത വലിയ വിടവ് അനുഭവപ്പെടുന്നതാണ്.

ആത്മീയ,സ്വഭാവ പ്രതിസന്ധി നേരിടുന്ന ആ പ്രദേശവാസികൾക്ക് തസ്വവ്വുഫിലൂടെയല്ലാതെ കരകയറാൻ സാധ്യമല്ലന്നാണ് നദ്വി യുടെ വിശ്വാസം. മാർഗ്ഗഭ്രംശം സംഭവിച്ച ജനതയെ ആത്മവിശുദ്ധി നേടിയ സൂഫികൾ വഴിയല്ലാതെ നേർമാർഗത്തിലെത്തിക്കാൻ സാധിക്കില്ലെന്ന് ഹസനുൽബസ്വരി, മഅറൂഫുൽഖർഖി, ജുനൈദുൽബഗ്ദാദി, അബ്ദുൽഖാദിർജീലാനി തുടങ്ങിയവരുടെ സേവനങ്ങൾ വിശദമാക്കികുറിച്ചിട്ടുണ്ട്. ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമികലോകത്തിന് വലിയ നാശങ്ങൾ വിതച്ച താര്ത്താരികൾ സൂഫികളുടെ ഉപദേശങ്ങളിലൂടെയാണ് ഇസ്‌ലാമികജീവിതം സ്വീകരിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ നന്മയുടെ വിത്തുകൾ പാകിയ സൂഫികളെകുറിച്ചും ഈ കൃതിയിൽ വിശദമായ വിശകലനമുണ്ട്. ചിശ്തി സരണിയുടെ സ്ഥാപകൻ അജ്മീർഖാജയെ കുറിച്ചും, അക്ബർ ചക്രവർത്തി സ്ഥാപിച്ച പിഴച്ച ചിന്താധാരകളുടെ സ്തംഭങ്ങളെ പിഴുതെടുത്ത അഹ്‌മദ്‌ബ്ൻഅബ്ദിൽഅഹദ് അസ്സർഹിന്ദി, അൽഇമാം വലിയ്യുല്ലാഹിദ്ദഹ്‌ലവി, അസ്സയ്യിദ്അഹ്‌മദ്‌ശഹീദ് തുടങ്ങിയവരെയും ഈ അധ്യായത്തിലാണ് വിശദമാക്കിയത്.

ശേഷം അധിനിവേശ പോരാട്ടങ്ങൾക്ക് മുൻനിരയിൽ നേതൃത്വം നൽകിയ അബ്ദുൽഖാദിർഅൽജസാഇരി, അഹ്‌മദ്‌ശരീഫ് സനൂസി, നഖ്ശബന്ധി മാർഗത്തിലെ സൂഫികൾ എന്നിവരെ സംബന്ധിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. അൽമുസ്ലിമൂന ഫിൽഹിന്ദ്; ഇന്ത്യയെ കുറിച്ചും, ഇന്ത്യൻ മുസ്ലിംകളെ സംബന്ധിച്ചും കൃത്യമായ ഉൾക്കാഴ്ച്ച ലഭിക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥത്തിൽ ഇന്ത്യയിൽ സൂഫികളുടെ സ്വാധീനവും പ്രവർത്തനഫലങ്ങളും അവലോകനം ചെയ്യുന്ന ഒരു അധ്യായം തന്നെയുണ്ട്. അലീമിയാൻ പറയുന്നു:"ഇസ്‌ലാമിക ശരീഅയുടെ നിയമ വൃത്തത്തിൽ നിലനിൽക്കുന്ന സ്രേഷ്ടമായ ശാഖയാണ് തസ്വവ്വുഫ്. അപ്പോൾ, തസ്വവ്വുഫ് ഇസ്ലാമിൽ അടിസ്ഥാനമില്ലാത്ത നവീന ചിന്തയാണെന്നും, അത് നിരീശ്വരവാദമാണെന്നും, അതിന്റെവക്താക്കൾ നിരീശ്വര വാദികളാണെന്നും വിഡ്ഢികളെല്ലാതെ പറയുകയില്ല.

 സൂഫികളുടെ വാക്കുകളെല്ലാം ഖുർആൻ, സുന്നത്ത് എന്നിവക്കനുസൃതവും ഇലാഹീ ചിന്തയിലേക്കും സൽപ്രവർത്ഥനങ്ങളിലേക്കും മാത്രം ജനങ്ങളെ ക്ഷണിക്കുന്നതുമാണ് എന്നത് തന്നെ ഈ ശാഖയുടെ യാഥാർഥ്യം ബോധ്യപ്പെടുത്തിത്തരുന്നതാണ്". അബുൽഹസൻഅലിനദ്‌വി യുടെ സുപ്രസിദ്ധ രചനയാണ് രിജാലുൽഫിക്രി വദ്ദഅവ; 1956ൽ സിറിയയിലെ ദിമശ്ഖ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണ പരമ്പരയുടെ സമാഹാരമാണിത്.

യൂണിവേഴ്സിറ്റിയിൽ ശരീഅ പഠന വകുപ്പ് മേധാവി ഡോ. മുസ്തഫസിബാഇ യുടെ പ്രത്യേക താത്പര്യത്തിലാണ് ഈ പ്രഭാഷണം നടത്തിയത്. നാശത്തിലേക്ക് നീങ്ങുന്ന സമൂഹത്തിൽ നവജാഗരണം സാധ്യമാവൻ എളുപ്പ വഴി സച്ചരിതരുടെയും മുജദ്ദിദുമാരുടെയും ജീവിതവും ചിട്ടകളും സമൂഹത്തിന് മനസ്സിലാക്കികൊടുക്കലാണെന്ന തത്വത്തിലൂന്നിയാണ് ഈ പ്രഭാഷണ പരമ്പരയിൽ ഉമർബിൻഅബ്ദിൽഅസീസ്(റ), അബുൽഹസനിൽഅശ്അരി(റ), ഹസനുൽബസ്വരി(റ), ഇമാം ഗസാലി(റ), അഹ്മദ്ബ്ൻ ഹമ്പൽ(റ), അബ്ദുൽഖാദിർ ജീലാനി(റ), ജലാലുദ്ദീൻ റൂമി(റ), ഇബ്നു തൈമിയ്യഃ തുടങ്ങി വിവിധ നൂറ്റാണ്ടുകളിൽ ആത്മീയ ജീവിതം കൊണ്ടും നവജാഗരണം കൊണ്ടും ഇസ്‌ലാമിനും സമൂഹത്തിനും സേവനം ചെയ്ത വ്യക്തികളെയാണ് പരിചയപ്പെടുത്തിയത്. സംഭവബഹുലമായ ആ ധന്യജീവിതം 1999 ഡിസംബർ 31ന് റമദാൻ 22 വെള്ളിയാഴ്ച്ച ഖുർആൻ പാരായണത്തിനിടയിൽ അവസാനിച്ചു. അവരെയും അവരുടെ സേവനങ്ങളെയും അല്ലാഹു സ്വീകരിക്കട്ടെ...

1 Comments

  1. This comment has been removed by the author.

    ReplyDelete

Post a Comment

Previous Post Next Post