ലോക ഭൂപടത്തില്‍ അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയാണ് വിശുദ്ധ മക്ക. സര്‍വ്വ നന്‍മകളുടേയും തുടക്കം മക്കയില്‍ നിന്നാണ്. ഭൂമിയുടെ കേന്ദ്രമായി നിലകൊള്ളുന്ന മക്കയുമായി വിശ്വാസികള്‍ക്ക് അവിച്ഛേദ്ധ്യമായ ബന്ധമുണ്ട്. അഞ്ച് നേരം നിര്‍ബന്ധമായും മറ്റു സമയങ്ങളില്‍ ഐശ്ചികമായും സ്രഷ്ടാവുമായി സൃഷ്ടികള്‍ അഭിമുഖം നടത്തുന്ന നമസ്‌കാര വേളകളിലും മറ്റു സല്‍കര്‍മ്മങ്ങളിലും മക്കയിലെ കഅ്ബാലയത്തിലേക്കാണ് അവര്‍ തിരിയുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ ഏററവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പ്രദേശം മക്കയായിരിക്കും. മാലാഖമാര്‍, അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങി മഹത്തുക്കളെല്ലാം മക്കയൊന്ന് കാണാനും അനുഗ്രഹീതരാവാനും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവരാണ്. മക്കയില്‍ താമസമാക്കി അവിടെ വെച്ച് തന്നെ അന്ത്യശ്വാസം വലിക്കണമെന്ന ആഗ്രഹം കൊണ്ട് നടന്നവര്‍ ധാരാളമുണ്ട്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തീരുമാനിക്കുന്നവരെ തദ്ത്വിഷയത്തില്‍ മറ്റു മഹത്തുക്കള്‍ ആക്ഷേപിക്കുകയും മക്കയില്‍ തന്നെ കഴിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുര്‍റഹീം ബ്ന്‍ ഹസന്‍ അര്‍റമ്മാദി(റ)ക്ക് കൂട്ടുകാരനായ ഹസനുല്‍ബസ്വരി(റ) എഴുതിയ കത്ത് പിന്നീട്'ഫളാഇലുമക്ക വസ്സുക്‌നി ഫീഹാ' എന്ന കൃതിയായി പ്രസിദ്ധീകൃതമായതാണ്.
ഭൂമിയില്‍ അല്ലാഹുവിന്റെ പ്രഥമ ഭവനം നിര്‍മ്മിക്കപ്പെടാനും, മുത്ത് നബി(സ്വ) ജന്‍മമെടുക്കാനും, വഹ്‌യിന്റെ പ്രഭവകേന്ദ്രമാവാനും മക്കയെ അല്ലാഹു തിരഞ്ഞെടുത്തത് തന്നെ ഈ നാടിന്റെ മഹത്വമാണ് വിളിച്ചറിയിക്കുന്നത്. മക്കയുടെ പ്രത്യേകതകളില്‍ പ്രഥമവും പ്രധാനനവും വിശുദ്ധ കഅ്ബാലയം സ്ഥിതിതി ചെയ്യുന്നു ഏന്നത് തന്നെയാണ്. '(റബ്ബിനെ ആരാധിക്കുവാന്‍) നിശ്ചയമായും മനുഷ്യര്‍ക്ക് സ്ഥാപിതമായ ഒന്നാമത്തെ ഭവനം മക്കയിലുള്ളത് തന്നെയാകുന്നു. അത് അനുഗ്രഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണ്'(ആലുഇംറാന്‍ 96). വാന ലോകത്ത് മാലാഖമാര്‍ ബൈതുല്‍മഅ്മൂറിനെ കേന്ദ്രീകരിച്ച് ഇബാദതുകള്‍ നിര്‍വ്വഹിക്കുന്നത് പോലെ ഭൂമിയില്‍ അത് പോലൊരു ഭവനം നിര്‍മ്മിക്കണമെന്ന കല്‍പനപ്രകാരം മാലാഖമാരാണ് ആദ്യമായി കഅ്ബാലയം നിര്‍മ്മിക്കുന്നത്. പിന്നീട് ആദം, ശീസ്, നൂഹ്, എന്നീ പ്രവാചകരും, അമാലിഖ്, ജുര്‍ഹും, ഖുസ്വയ്യ്, ഖുറൈശ് തുടങ്ങിയ ഗോത്രങ്ങളും ശേഷം ചില ഭരണകര്‍ത്താക്കളും കഅ്ബയുടെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്.
ഭൂമിയില്‍ നിര്‍ഭയത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു നാടാണ് മക്ക. ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു നേടിയതാണത്. 'എന്റെ നാഥാ, നീ ഇതിനെ ഒരു നിര്‍ഭയ രാജ്യമാക്കിത്തീര്‍ക്കുകയും ഇവിടെയുള്ളവര്‍ക്ക്- അവരില്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക്- ഫലവര്‍ഗ്ഗങ്ങളില്‍ നിന്ന് ആഹാരം നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം നബി പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ഓര്‍ക്കുക'(അല്‍ബഖറ 126). ഇസ്‌ലാമിക നിയമപ്രകാരം കഅ്ബയും മക്കയും ഉള്‍പ്പെടുന്ന പരിശുദ്ധ ഹറം പവിത്രവും യുദ്ധവും വേട്ടയും മറ്റു കാര്യങ്ങളും നിഷിദ്ധമായ പ്രദേശവുമാണ്.
എത്ര പോയാലും, കണ്ടാലും വീണ്ടും പോവണമെന്നും കാണണമെന്നും വിശ്വാസിയുടെ മനസ്സില്‍ ആഗ്രഹം ജനിക്കുന്ന ഒരു നാടാണ് മക്ക. അതും ഇബ്രാഹീമീ പ്രാര്‍ത്ഥനാ ഫലം തന്നെ. സ്വന്തം സന്താനത്തേയും ഭാര്യയേയും വിജനദേശത്ത് കുടിയിരുത്തി അല്ലാഹുവിനോട് അവിടുന്ന് പ്രാര്‍ത്ഥിച്ച; 'മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ ഇവരുടെ നേരെ സ്‌നേഹം കാണിക്കുന്നതാക്കുകയും നന്ദിയുള്ളവരായിരിക്കാന്‍ ഇവര്‍ക്ക് പഴങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ'(ഇബ്‌റാഹീം 37). 'നാം ആ ഭവനത്തെ ജനങ്ങള്‍ക്കുള്ള ഒരു പ്രതിഗമനസ്ഥാനവും നിര്‍ഭയ സങ്കേതവുമായി നിശ്ചയിച്ച സന്ദര്‍ഭത്തേയും ഓര്‍ക്കുക'(അല്‍ബഖറ 125) എന്ന ഖുര്‍ആനിക വചനം ഇബ്‌റാഹീം നബിയുടെ പ്രാര്‍ത്ഥന സ്വീകാര്യമാണെന്നതിന് നിദര്‍ശനമാണ്.
ഒരേ സമയം കൂടുതല്‍ ആളുകള്‍ നന്‍മകള്‍ ചെയ്യാന്‍ ഒരുമിച്ചു കൂടുന്ന ഇടവും മക്കയിലാണ്. സ്രഷ്ടാവിനുള്ള സമ്പൂര്‍ണ്ണ വണക്കവും, മാനവമൈത്രിയും വിളിച്ചോദതുന്ന, വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജ് വേളയിലും മറ്റു സമയങ്ങളില്‍ ഉംറക്കും മറ്റുമായി ലക്ഷങ്ങളാണ് ഹറമില്‍ സമ്മേളിക്കുന്നത്. പരിശുദ്ധ കഅ്ബാലയം നിര്‍മ്മിച്ച ശേഷം ഉടമസ്ഥനായ അല്ലാഹുവിന്റെ സമ്മതത്തോടെ, ഇബ്‌റാഹീം നബിയാണ് സമൂഹത്തെ ഈ നന്‍മയിലേക്ക് വിളിച്ചത്.
ഭൂമിയിലെ ഏറ്റവും നല്ല നാട് മക്ക തന്നെ. മുഹമ്മദ് നബി(സ്വ)യുടെ തിരുവചനങ്ങളിലൂടെ ഇത് ബോധ്യമാവുന്നതാണ്. 'ഭൗമോപരിതലത്തില്‍ ഏറ്റവും നല്ലതും, അല്ലാഹുവിന് ഏറ്റവും പ്രിയമുള്ളതുമായ നാട് മക്കയാണ്', മക്ക വിട്ട് പോകുന്ന സന്ദര്‍ഭത്തില്‍ മക്കയെ നോക്കി അവിടുന്ന പറഞ്ഞു; ''ഭൂമിയില്‍ എനിക്കും അല്ലാഹുവിനും ഏറ്റവും പ്രിയപ്പെട്ട ദേശം മക്കയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കുമായിരുന്നില്ലെങ്കില്‍ ഞാനിവിടം വിട്ട് പോകുമായിരുന്നില്ല'' എന്ന വചനവുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.
നാടുകളുടെ കൂട്ടത്തില്‍ മക്കയാണോ മദീനയാണോ ശ്രേഷ്ഠമെന്ന് പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള കാര്യമാണ്. ഇമാം നവവി(റ) പറയുന്നത് ഭൂരിപക്ഷം പണ്ഡിതരുടേയും അഭിപ്രായത്തില്‍ മദീനയേക്കാള്‍ മക്കയാണ് ശ്രേഷ്ഠമെന്നാണ്(അല്‍ ഈളാഹ്). എന്നാല്‍ റൗളാശരീഫ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഭൂമയില്‍ ഏറ്റവും പുണ്യ സ്ഥലമെന്നതില്‍ തര്‍ക്കമില്ല. ഹജ്ജ് കഴിഞ്ഞാലും മക്കയില്‍ താമസിക്കുന്ന കാലമത്രയും പരമാവധി ഉംറയും ത്വവാഫും മസ്ജിദുല്‍ ഹറാമിലെ നിസ്‌കാരവുമായി വിനിയോഗിക്കണമെന്നും നവവി(റ) നിര്‍ദേശിക്കുന്നുണ്ട്.
ഭൂമിയില്‍ എവിടെ വെച്ച് നിര്‍വഹിക്കപ്പെടുന്ന നന്‍മയേക്കാളും മസ്ജിദുല്‍ ഹറാമിലെ നന്‍മകള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുമെന്നതാണ് മക്കയുടെ മറ്റൊരു പ്രത്യേകത. അബ്ദുല്ലാഹിബ്‌നുസ്സുബൈര്‍(റ) പറയുന്നു; നബി(സ്വ) അരുളി''എന്റെ ഈ പള്ളിയില്‍(മസ്ജിദുന്നബവി) നിസ്‌കരിക്കുന്നത് മസ്ജിദുല്‍ ഹറാമല്ലാത്ത മറ്റേത് പള്ളിയില്‍ നിസ്‌കരിക്കുന്നതിനേക്കാളും ആയിരമിരട്ടി പ്രതിഫലാര്‍ഹമാണ്. മസ്ജിദുല്‍ഹറാമിലെ ഒരു നിസ്‌കാരം എന്റെ പള്ളിയിലെ നിസ്‌കാരത്തേക്കാള്‍ ഒരുലക്ഷം ഇരട്ടി പ്രതിഫലാര്‍ഹവുമാണ്''. നിസ്‌കാരം മാത്രമല്ല, ഹറമില്‍ വെച്ചുള്ള ഏത് സല്‍കര്‍മ്മങ്ങളും ലക്ഷങ്ങള്‍ ഇരട്ടി പ്രതിഫലം ലഭ്യമാകുന്നവയാണ്.
മക്കയില്‍ ജീവിക്കുന്നതിനിടയിലുണ്ടാവുന്ന പ്രയാസങ്ങള്‍ സഹിക്കുന്നവര്‍ക്ക് ഒരുപാട് പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മക്കയില്‍ വെച്ച് ആരെങ്കിലും രോഗിയായി ഇബാദതുകള്‍ക്ക് തടസ്സം നേരിട്ടാല്‍ രോഗമില്ലാത്ത ദിവസങ്ങളില്‍ അവന്‍ ചെയ്യുന്ന അമലുകള്‍ പരിഗണിച്ച്, മക്കയല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് അവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം 60 വര്‍ഷം ഇബാദത് ചെയ്തതായിഇരട്ടിയാക്കി നല്‍കപ്പെടും. മക്കയിലെ താപം സഹിക്കുന്നവര്‍ നരക ചൂടില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗ്ഗാസ്വാദനത്തിലേക്ക് അടുപ്പിക്കപ്പെടുകയും ചെയ്യും. മകയിലെ കാഠിന്യം സഹിക്കുന്നവര്‍ക്ക് ഞാന്‍ ശുപാര്‍ഷകനാകുമെന്നും, മക്കയില്‍ വെച്ച് മരിക്കുന്നവര്‍ ശിക്ഷയില്‍ നിന്നും വിചാരണയില്‍ നിന്നും മുക്തരായി രക്ഷപ്രാപിച്ച് സ്വര്‍ഗ്ഗപ്രവേശം ലഭിക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇരുഹറമുകളിലേതെങ്കിലും ഒന്നില്‍ വെച്ച് മരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങളതിന് ശ്രമിക്കുക. ഞാന്‍ അവന് ശുപാര്‍ഷകനായി വരികയും, ശിക്ഷയില്‍ നിന്ന് നിര്‍ഭയനായി സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.
എല്ലാ അമ്പിയാക്കളും മുര്‍സലുകളും, മാലാഖമാരും, മനുഷ്യ ഭൂത വര്‍ഗത്തിലെ സല്‍വൃത്തരും കടുന്നു ചെന്ന ഭൂമിയിലെ ഏക സ്ഥലവും മക്കയാണ്. തങ്ങള്‍ നിയോഗിക്കപ്പെട്ട സമുദായം ദീന്‍ സ്വീകരിക്കാതെ അമ്പിയാക്കളെ കളവാക്കുകയാണെങ്കില്‍ അവരില്‍ നിന്ന് രക്ഷതേടി നബിമാര്‍ അഭയം തേടിയത് മക്കയിലാണ്. പിന്നീട് അന്ത്യം വരെ ഹറമില്‍ അല്ലാഹുവിന് ഇബാദത് ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. കഅ്ബക്ക് ചുറ്റും മുന്നോറോളം അമ്പിയാക്കളുടെ ഖബറുകളുണ്ടെന്നാണ് ചരിത്രം. റുക്‌നുല്‍യമാനിക്കും റുക്‌നുല്‍ ഹജറിനും ഇടയില്‍ മാത്രം എഴുപത് നബിമാരുടെ ഖബറുകളുണ്ടത്രെ.
ഉമ്മുല്‍ഖുറാ (നഗരമാതാവ്)എന്ന കീര്‍ത്തിയുള്ള പ്രദേശമാണ് മക്ക. ഈ നാമകരണത്തിന്് വ്യത്യസ്ഥ കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. 'ഭൂമി മുഴുവന്‍ പരന്നത് മക്കയില്‍ നിന്നായത് കൊണ്ടാണ് ഈ നാമം വന്നതെന്ന് ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ഖിബ്‌ല മക്കയിലായത് കൊണ്ടാണെന്നാണ് രണ്ടാം അഭിപ്രായം. ഇസ്‌ലാം കാര്യങ്ങളില്‍ അതിപ്രാധാന്യമുള്ള ഹജ്ജിന് വേണ്ടി മക്കള്‍ ഉമ്മയിലേക്ക് അണയുന്നത് പോലെ ലോകഭൂപടത്തിലെ മുഴുവന്‍ മുസ്‌ലിം വിശ്വാസികളും ഹജ്ജ് മാസത്തില്‍ അവിടെ ഒരുമിച്ചു കൂടുന്നതാണ് കാരണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രഥമ ഭവനം മക്കയിലായത് കൊണ്ട് തന്നെ സ്രഷ്ടാവിന്റെ ഭവനം നിലനില്‍ക്കുന്ന പ്രദേശത്തിന് ആ നാമം വെച്ചതാകാം എന്നൊരു അഭിപ്രായവുമുണ്ട്. മക്കയോളം പവിത്രതയും മഹത്വങ്ങളുമുള്ള ഒരു നാട് ലോകത്ത് ഇല്ലായെന്നതാണ് ഉമ്മുല്‍ഖുറാ എന്ന് വിളിക്കപ്പെടാനുള്ള മറ്റൊരു ന്യായം.
ഈ വിശുദ്ധ മണ്ണിന് ഉമ്മുല്‍ഖുറാ എന്നതിന് പുറമെ മറ്റു നാമങ്ങളുമുണ്ട്. മക്ക, ബക്ക, അല്‍അമീന്‍, അല്‍ബലദ്, അല്‍ബല്‍ദ, അല്‍ബൈതുല്‍അതീഖ്, അല്‍ബൈതുല്‍ഹറാം, അല്‍മഅ്മൂന്‍, അന്നാസ്സ, അല്‍ബാസ്സ, അന്നസ്സാസ, സ്വലാഹ്,ഉമ്മുറുഹ്മ്, ഉമ്മുസുഹ്മ്, കൂസാ, അല്‍ഹാത്വിമ, അല്‍അര്‍ശ്, അല്‍അരീശ്, അല്‍ഖാദിസ്, അല്‍മുഖദ്ദസ, അല്‍ഖര്‍യ, അസ്സനിയ്യ, ത്വയ്ബ, അല്‍ഹറം, ബര്‍റ, രിതാഹ് തുടങ്ങിയവയാണത്(അല്‍ഹുജജുല്‍ മുബയ്യിന ഫിത്തഫ്‌ളീലി ബൈന മക്ക വല്‍മദീന- ഇമാം സുയൂഥി(റ).
ദൈനംദിനം അല്ലാഹുവിന്റെ റഹ്മത് ഏറ്റവും കൂടുതല്‍ വര്‍ഷിക്കുന്ന ഇടമാണ് മക്ക. കഅ്ബ ത്വവാഫ് ചെയ്യുന്നവര്‍ക്കും, അവിടെ നിസ്‌കരിക്കുന്നവര്‍ക്കും, കഅ്ബയെ നോക്കിയിരിക്കുന്നവര്‍ക്കുമാണ് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.
ഭൂമിലോകത്ത് പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ ഏറ്റവും കൂടുതലുള്ളത് മക്കയിലാണ്. പരിശുദ്ധ മക്കയിലെ 15ഓളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനക്കുത്തരം ഉറപ്പാണ്. കഅ്ബയുടെ ഉള്‍വശം, ഹജറുല്‍അസ്‌വദിന് സമീപം, ഹിജ്‌റ് ഇസ്മാഈല്‍, റുക്‌നുല്‍യമാന്‍, മഖാമുഇബ്‌റാഹീമിന് പിന്‍വശം, സംസം കിണറിന്റെ വാതില്‍, സ്വഫാമര്‍വ മലമുകള്‍, അറഫ, മിന തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്.
ലോകത്ത് അവശേഷിക്കുന്ന സ്വര്‍ഗ്ഗ ശേഷിപ്പുകള്‍ നിലനില്‍ക്കുന്നതും കഅ്ബയുടെ ചാരത്താണ്. ഹജറുല്‍അസ്‌വദും മഖാമുഇബ്‌റാഹീമുമാണത്. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍ നിന്ന് നിവേദനം: ഹജറുല്‍ അസ്‌വദും മഖാമു ഇബ്‌റാഹീമും സ്വര്‍ഗ്ഗത്തിലെ രണ്ട് മാണിക്യങ്ങളാണ്. അതിന്റെ പ്രകാശം അല്ലാഹു മൂടി വെച്ചില്ലായിരുന്നുവെങ്കില്‍ മശ്‌രിഖിനും മഗ്‌രിബിനുമിടയിലുള്ള മുഴുവന്‍ ലോകവും അവ പ്രകാശിപ്പിക്കുമായിരുന്നു (തിര്‍മുദി). ഇബ്‌നു അബ്ബാസി(റ)ന്റെ നിവേദനത്തില്‍ ഇങ്ങനെ കാണാം, സ്വര്‍ഗ്ഗീയ മാണിക്യങ്ങളായി (ഭൂമിയില്‍)ഹജറുല്‍ അസ്‌വദും മഖാമു ഇബ്‌റാഹീമും മാത്രമേയുള്ളൂ. മുശ്‌രിക്കീങ്ങള്‍ അതിനെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ ഏത് രോഗികള്‍ക്കും അതിന്റെ സ്പര്‍ശനം ശമനമാകുമായിരുന്നു.
ഒരു മുസ്‌ലിം സ്വസഹോദരനോട് ഹസ്തദാനം നടത്തുന്നത് പോലെ അല്ലാഹുവുമായി അടിമകള്‍ക്ക് ഹസ്തദാനം നടത്താന്‍ വേണ്ടി ഭൂമിയില്‍ ഒരുക്കിയ വലതുകയ്യാണ് ഹജറുല്‍ അസ്‌വദ് (അഖ്ബാറു മക്ക-). കഅ്ബ ത്വവാഫ് ചെയ്ത പ്രവാചകരും മാലാഖമാരും ഹജറുല്‍ അസ്‌വദ് ചുംബിച്ചിട്ടുണ്ട്. മാത്രവുമല്ല, മഹാനായ നബി (സ) തങ്ങള്‍ അവിടുത്തെ തിരുഅധരങ്ങള്‍ കൊണ്ട് ഹജറുല്‍ അസ്‌വദ് ചുംബിച്ചതിന് നിരവധി രേഖകളുണ്ട്. ഇതിലേറെ ഒരു മഹത്വം ഇനി ആവശ്യമില്ലല്ലോ. ഇസ്മാഈല്‍ നബി(അ)ക്ക് ദാഹമുണ്ടായപ്പോള്‍ ജിബ്‌രീല്‍ (അ) കിളച്ചുണ്ടാക്കിയ പരിശുദ്ധിയുടെ തീര്‍ത്ഥജലം സംസം ഉറവു പൊട്ടിയതും ഉമ്മുല്‍ഖുറയിലാണ്. വഹ്‌യിന്റെ ഉത്ഭവകേന്ദ്രം മക്കയാണ്. നാല്‍പത് വര്‍ഷത്തെ സത്യസന്ധമായ ജീവിതം കഴിഞ്ഞ് മക്കയിലെ ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ ഏകാന്ത വാസത്തിനിടയിലാണ് ജിബ്‌രീല്‍(അ) സന്ദേശവുമായിറങ്ങി വന്നത്.
സര്‍വ്വ നന്‍മകളുടേയും ഉറവിടമായ വിശുദ്ധ മക്കയുടെ ശ്രേഷ്ഠതകളാണ് ഇത്രയും നാം വിവരിച്ചത്. വെറുതെ നോക്കിയിരുന്നാല്‍ പ്രതിഫലം ലഭിക്കുന്ന മൂന്ന് നന്‍മകളാണ് കഅ്ബാലയം നോക്കിയിരിക്കല്‍. സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷവും, കണ്‍കുളിര്‍മയും കഅ്ബ കാണുമ്പോഴുണ്ടാകുമെന്ന് അനുഭവസ്ഥര്‍ വിവരിച്ചത് നമുക്ക് കാണാം. നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
Post a Comment