ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി


വിശ്വാസിയുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളും, കര്‍മ്മങ്ങളും പ്രധാനമായും പള്ളി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നിത്യജീവിതത്തിലെ നിര്‍ബന്ധനിസ്‌കാരങ്ങള്‍ക്ക് പുറമെ വെള്ളിയാഴ്ച ജുമുഅയും, പെരുന്നാള്‍ നിസ്‌കാരവും മറ്റു സാമൂഹികാരാധനകളും, നികാഹ് പോലെയുള്ള സാമൂഹിക ഇടപാടുകളും, പള്ളി കേന്ദ്രീകരിച്ച് തന്നെയാണ് നടക്കാറുള്ളത്. അതിലുപരി കുടുംബതര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, വൈവാഹിക പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ അവയ്ക്കുള്ള പരിഹാര കേന്ദ്രമായും പള്ളികള്‍ വേദിയാകാറുണ്ട്. ഇസ്‌ലാമിക വിജ്ഞാന പ്രസരണത്തില്‍ പള്ളികള്‍ വഹിച്ച സ്ഥാനം അനിഷേധ്യമാണല്ലോ. വിശ്വാസിക്ക് ഒരു കുഞ്ഞ് ജനിച്ചാല്‍ അവന് പേരിടുന്നത് മുതല്‍ അവസാനം മരണപ്പെട്ട് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യപ്പെടുന്നത് വരെയുള്ള അവന്റെ ജീവിതത്തിലെ സുപ്രധാനകാര്യങ്ങളെല്ലാം പള്ളി കേന്ദ്രീകരിച്ച് തന്നെയാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും ജുമാ മസ്ജിദ് ഉണ്ടാകുമെന്ന രീതി പ്രവാചകകാലം മുതലേ നിലനില്‍ക്കന്നതാണ്. 

53ആം വയസ്സില്‍ മദീനയിലേക്ക് പലായനം ചെയ്ത തിരുനബി(സ്വ) അവിടെ എത്തിയയുടന്‍ പള്ളി നിര്‍മാണ നടപടികളാണാരംഭിച്ചത്. അങ്ങിനെയാണ് മസ്ജിദുഖുബാഅ് നിര്‍മ്മിക്കപ്പെട്ടത്. ശേഷം പ്രബോധനം സജീവമാവുകയും ദിനംപ്രതി ദീനിലേക്ക് വരുന്നവര്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് മസ്ജിദുന്നബവിയുടെ നിര്‍മാണമാരംഭിച്ചത്. ഇസ്‌ലാമിക ചലനങ്ങളുടെ ആസ്ഥാന കേന്ദ്രമായി മാറിയ ഈ പള്ളി തഖ്‌വയിലസ്ഥിവാരമിട്ട പള്ളിയെന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടത്. ആരാധനാലയം എന്നതിനപ്പുറം ജ്ഞാനകേന്ദ്രമായും, കോടതിയായുമെല്ലാം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ അവയ്ക്ക് സാധിച്ചു. ഖലീഫമാരുടെ കാലത്തും ഈ സ്ഥിതി വിശേഷം തുടര്‍ന്നു പോന്നു. ഉമര്‍(റ) അധികാരസ്ഥനായിരുന്നപ്പോള്‍ ബസ്വറയിലും, കൂഫയിലും, ഈജിപ്തിലും തന്റെ ഗവര്‍ണര്‍മാരായിരുന്ന അബൂമൂസല്‍ അശ്അരിക്കും, സഅ്ദുബ്‌നുഅബീവഖാസിനും, അംറുബ്‌നുല്‍ ആസ്വിനുമെല്ലാം അദ്ദേഹം എഴുതിയ ഒരു കത്തിന്റെ ഉള്ളടക്കം നിങ്ങളുടെ അധികാരപരിധിയുടെ കേന്ദ്രസ്ഥാനത്ത് ഒരു മസ്ജിദുല്‍ജാമിഉം(ജുമുഅ മസ്ജിദ്), നാടിന്റെ വിവിധ സ്ഥലങ്ങളില്‍ കൊച്ചുപള്ളികളും നിര്‍മിക്കണമെന്നും, സാധാരണ ദിനങ്ങളിലെ ആരാധനകള്‍ക്ക് തദ്ദേശവാസികള്‍ ഗ്രാമപ്പള്ളികളിലും, വെള്ളിയാഴ്ചകളില്‍  കേന്ദ്രപള്ളികളിലും ഒരുമിച്ചുകൂടണമെന്ന് നിര്‍ദേശം നല്‍കുകയും വേണമെന്നതായിരുന്നു. മുസ്‌ലിം സമൂഹ രൂപീകരണത്തില്‍ പള്ളികളുടെ സ്വാധീനമാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തിലേക്ക് ഇസ്‌ലാം കൊണ്ട് വന്ന മാലിക്ബ്‌നുദീനാറും സംഘവും നിര്‍മ്മിച്ച തീരദേശ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ ഇസ്‌ലാമിക് സൊസൈറ്റികള്‍ രൂപീകരിക്കപ്പെട്ടു വന്നത്. ഓരോ പള്ളിയും നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അവിടെ മതകീയ പ്രവര്‍ത്തനങ്ങള്‍ക്കും ആരാധനകള്‍ക്കും നേതൃത്വം നല്‍കാനുതകുന്ന പണ്ഡിതനെ ഖാളിയായി അവര്‍ നിശ്ചയിച്ചു. ആദ്യം തീരദേശങ്ങളില്‍ പരിമിതപ്പെട്ടിരുന്ന ഈ വ്യവസ്ഥാപിത രീതി പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് കൂടി വ്യാപിച്ചു. യമനില്‍ നിന്നും മറ്റും കടന്നുവന്ന പല സ്വൂഫികളും അവരോട് ഭരണാധികാരികള്‍ ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു പള്ളി നിര്‍മ്മാണത്തിന് വേണ്ട സ്ഥലവും പണവുമാണ് മിക്കപ്പോഴും ചോദിച്ചിരുന്നത്. ആ പള്ളിയില്‍ വെച്ച് തന്റെ ആത്മീയ, പ്രബോധന ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചു പോകുമ്പോള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു മുസ്‌ലിം സാമൂഹിക പരിസരം അവിടെ വളര്‍ന്നുവന്നു. പിന്നീട് മഖ്ദൂമുമാരുടെ കാലമെത്തിയപ്പോള്‍ അവര്‍ ഈ പള്ളികളില്‍ നേതൃത്വം നല്‍കുകുയം ദര്‍സ് ആരംഭിക്കുകയും ചെയ്തു. പിന്നീട് വിവിധ കാരണങ്ങളാല്‍ ഓരോ പ്രദേശങ്ങളിലും പള്ളികള്‍ ഉയര്‍ന്നുവന്നു. ജനസാന്ദ്രത വര്‍ദ്ധിക്കുകയും, ആള്‍ത്തിരക്ക് കൂടുകയും ചെയ്തത് കാരണം ഒരു പള്ളിയില്‍ ഒരുമിച്ച് കൂടുന്നത് ദുഷ്‌കരമായ സാഹചര്യത്തില്‍ പുതിയ പള്ളികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. വിദൂര ദിക്കുകളില്‍ പോയി ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുകയെന്ന പ്രയാസം പരിഹരിക്കാന്‍ പല നാട്ടുകാരും അവരുടെ സ്വന്തം ദേശത്ത് തന്നെ പള്ളികളുണ്ടാക്കാന്‍ മുന്നോട്ട് വന്നതിന്റെ ഫലമായും നിരവധി പള്ളികള്‍ ഉയര്‍ന്നുവന്നു. ഈ പള്ളികളുടെ ചുറ്റുവട്ടങ്ങളില്‍ കഴിയുന്ന വീട്ടുകാരും വിശ്വാസികളും രൂപം കൊടുത്ത സാമൂഹിക സംവിധാനമാണ് പിന്നീട് മഹല്ലുകള്‍ എന്ന പേരില്‍ വിശ്രുതമായത്. ഒരു മഹല്ലിലെ എല്ലാവരുടേയും മതപരവും, ആത്മീയവും, വിദ്യാഭ്യാസപരവും, സാമൂഹികവുമായ എല്ലാ കാര്യങ്ങളും ഈ പള്ളി കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യുകയും, നിര്‍വ്വഹിക്കപ്പെടുകയും ചെയ്യുക വഴി ചിട്ടയാര്‍ന്ന സംവിധാനമായി അത് മാറി. ഇന്ന് കേരളത്തില്‍ വിശിഷ്യാ മലബാര്‍ ഏരിയയില്‍ മഹല്ല് ജമാഅത്ത് സംവിധാനത്തിലൂടെയാണ് മുസ്‌ലികളുടെ മിക്ക വ്യവഹാരങ്ങളും നടന്നുപോരുന്നത്. 

ഇസ്ലാമിക ഭരണകൂടം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ചിട്ടയോടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ചൈതന്യം നിലനില്‍ക്കുവാനുള്ള സേവനങ്ങളാണ് ഒരു മഹല്ലിലുണ്ടാവേണ്ടത്. മഹല്ലിനെ വിവിധ ഏരിയകളും ഡിവിഷനുകളും ബ്ലോക്കുകളുമായിത്തിരിച്ച് അവിടങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികളെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്ന രീതിയാണ് സാര്‍വ്വത്രികമാക്കേണ്ടത്.  ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ചുമതലയേല്‍പ്പിക്കപ്പെടുന്ന ഭരണസമിതി ആകുമ്പോള്‍ ഒന്നുകൂടി സുതാര്യമായിരിക്കും. മഹല്ലിലെ മുഴുവന്‍ ജനറല്‍ബോഡി മെമ്പര്‍മാരുടേയും സെന്‍സസ് എടുത്ത് ഓരോരുത്തരുടേയും ജീവിതകാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും, സഹായ സഹകരണങ്ങളും നല്‍കി അവരെ മതബോധമുള്ളവരും, അഭ്യസ്ഥവിദ്യരും, സ്വയം പര്യപ്തരുമാക്കുവാന്‍ ഈ സമിതിക്ക് സാധ്യാവണം. അതിന് വേണ്ടി ഭരണസമിതിയില്‍ നിന്ന് ആത്മീയം, വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, സാമൂഹികം തുടങ്ങി ആവശ്യാനുസരണം വിവിധ വിംഗുകള്‍ രൂപീകരിച്ച് ഓരോ വിംഗുകള്‍ക്ക് കീഴിലും ഉപവിംഗുകള്‍ക്കിടയില്‍ ചുമതലകള്‍ വിന്യസിച്ച് ഉത്തരവാദിത്വങ്ങള്‍ ഏകോപിപ്പിച്ചാല്‍ ഒരു ഗവണ്‍മെന്റിന് പോലും ചെയ്യാന്‍ കഴിയാത്ത വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ മഹല്ല് ജമാഅത്തിന് കീഴില്‍ നടപ്പിലാക്കുവാന്‍ സാധ്യമാകുമെന്നതില്‍ സന്ദേഹമില്ല. സാമൂഹിക ഘടനയില്‍ താഴെതട്ടില്‍ നിലകൊള്ളുന്ന മേഖലയെന്നത് കൊണ്ട് തന്നെ മഹല്ല് തലത്തില്‍ നടക്കുന്ന ചലനങ്ങള്‍ക്ക് ഉയര്‍ന്ന തട്ടില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നത് അവിതര്‍ക്കിതമാണ്.

മേല്‍ സൂചിപ്പിച്ച പോലെ ശാസ്ത്രീയ രീതിയില്‍ മഹല്ല് നിവാസികളുടെ സെന്‍സസ് എടുത്ത് മഹല്ല് പരിധിയിലെ വീടുകളുടെ എണ്ണവും, ഓരോ വീട്ടിലെയും മെമ്പര്‍മാരുടെ എണ്ണവും, അവരിലോരോരുത്തരുടേയും വിദ്യാഭ്യാസ യോഗ്യതയും, സാമ്പത്തിക ശേഷിയും, കുടുംബ സ്റ്റാറ്റസും, ആര്യോഗ്യ സ്ഥിതിയും, റെക്കോര്‍ഡായി സൂക്ഷിച്ച് വേണം പ്രവര്‍ത്തനങ്ങളുടെ ഏകോപനം. 

ആത്മീയം.

വിശ്വാസികളുടെ ജീവിതലക്ഷ്യമെന്ന നിലയില്‍ അവരുടെ ആത്മീയജീവിതം മഹല്ല് ഭരണസമിതിയുടെ പ്രധാന അജണ്ടയാവണം. സ്രഷ്ടാവുമായുള്ള ബന്ധം അഭംഗുരം തുടരുവാന്‍ സഹായിക്കും വിധം ആത്മീയ സദസ്സുകളും, സാരോപദേശങ്ങളും, ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഒരു വിംഗിന് കീഴില്‍ ഖത്വീബിന്റെ നേതൃത്വത്തില്‍ ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടന്നുകൊണ്ടിരിക്കണം. നിശ്ചിത കാലയളവില്‍ ആത്മീയ സിയാറത്ത് യാത്രകള്‍ മഹല്ലുകാര്‍ക്കിടയില്‍ ഐക്യവും ആത്മീയോന്‍മേശവും ഉണ്ടാക്കിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. പഠന സദസ്സുകളാണ് പ്രധാനമായ മറ്റൊരു പദ്ധതി. ശ്രോദ്ധാക്കള്‍ക്ക് മടുപ്പുളവാക്കാത്ത രീതിയില്‍ ആത്മീയ സദസ്സുകളിലും മറ്റുമായി ഇത് സംഘടിപ്പിക്കപ്പെടാവതാണ്. ആവര്‍ത്തന വിരസതയില്ലാതിരിക്കുവാന്‍ ഓരോ സദസ്സുകളിലും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നേരത്തെ ജനങ്ങളെ അറിയിക്കുന്നതും, പ്രത്യേക ഇടവേളകളില്‍ ക്വിസ് മത്സരം, പരീക്ഷ നടത്തി സമ്മാനം വിതരണം ചെയ്യുന്നതും പഠിതാക്കളെ കൂടുതല്‍ ആവേശഭരിതരാക്കാന്‍ സാഹായകമാകും. ജീവിതത്തില്‍ ബറകത് നല്‍കുന്ന നന്‍മകള്‍ ജീവിത ശീലമാക്കുന്നതില്‍ പ്രത്യേക പ്രോത്സാഹനം നല്‍കുന്നതും നല്ല പദ്ധതിയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മഹല്ല് സംഗമ പ്രോഗ്രാമുകളില്‍ ആ വര്‍ഷം എല്ലാ ദിക്‌റ്, സ്വലാത്ത്, മജ്‌ലിസുന്നൂര്‍ സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണ്. ദിനേന പള്ളിയില്‍ നടക്കുന്ന ഹദ്ദാദ് സദസ്സും, വാരാന്തം നടക്കുന്ന സ്വലാത്, ദിക്‌റ് സദസ്സും, മാസാന്തം നടക്കുന്ന മജ്‌ലിസുന്നൂര്‍ സദസ്സും വിരലിലെണ്ണാവുന്നവര്‍ മാത്രം പങ്കെടുക്കുന്ന സദസ്സുകളാവാതെ മഹല്ലിലെ ജനകീയ സംഗമ വേദികളായിത്തീരുവാന്‍ നാം ശ്രമിക്കണം. ഒരു മഹല്ലില്‍ സുബ്ഹ് ജമാഅത്തിന് പങ്കെടുക്കുന്ന ആളുകളുടെ എണ്ണമാണ് ആ മഹല്ലിലെ ആത്മീയ വളര്‍ച്ചയുടെ ഗ്രാഫായി നമുക്ക് കണക്കാക്കാന്‍ പറ്റുന്നത്. 

മുത്ത് നബി(സ്വ)യോട് മനസ്സില്‍ ഇശ്ഖ് നിറഞ്ഞ് കഴിഞ്ഞാല്‍ വിശ്വാസിയുടെ ജീവിതം ആത്മീയോന്നതി പ്രാപിച്ചതാകും. ഇശ്ഖ് നിറയാനുള്ള പ്രധാന വഴികളില്‍ ഒന്ന് തിരുചര്യകള്‍ പതിവാക്കലും, സ്വലാത്ത് അധികരിപ്പിക്കലും, ആ വിശുദ്ധ ജീവിത ചരിതം കൂടുതല്‍ പഠിക്കലും, ആശിഖീങ്ങളുടെ സഹവാസവുമാണ്. ആ വഴികളില്‍ കൂടി നമ്മുടെ മഹല്ല് നിവാസികളെ വഴിനടത്താനുള്ള മാര്‍ഗങ്ങള്‍ മഹല്ലടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ആത്മീയവളര്‍ച്ചയുടെ ഗ്രാഫുയര്‍ത്താനാകും. ഇടക്കിടെ പ്രത്യേകിച്ച് റബീഅ് മാസത്തില്‍ ഇശ്ഖ് മജ്‌ലിസുകള്‍ സംഘടിപ്പിച്ച് ഓരോരുത്തര്‍ക്കുമുള്ള നബിയോര്‍മകള്‍ പങ്ക് വെക്കാന്‍ അവസരമുണ്ടാകുന്നത് ആ മാര്‍ഗം കൂടുതല്‍ വേഗതയുള്ളതാക്കും. 

വിദ്യാഭ്യാസം

വിദ്യയിലൂടെയാണ് സമൂഹത്തെ സമുദ്ധരിക്കുവാനും ഉത്ബുദ്ധരാക്കുവാനും സാധിക്കുകയുള്ളൂ. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണെന്ന് പഠിപ്പിച്ച വഹ്‌യിന്റെ ആദ്യ സന്ദേശവും വിദ്യാസമ്പാദനത്തിന്റ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. മഹല്ല് നിവാസികള്‍ സാമാന്യം മതഭൗതിക പരിജ്ഞാനികളാവുന്നത് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യഘടകമാണ്. കുറ്റമറ്റ രീതിയില്‍ ഇബാദതുകള്‍ നിര്‍വ്വഹിക്കുവാനുള്ള വിജ്ഞാനമാണ് മതവിദ്യയില്‍ പ്രാഥമികമായി കൈവരിക്കേണ്ടത്. സമസ്തയുടെ മദ്രസകളില്‍ നിന്ന് സീനിയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയാല്‍ നിശ്പ്രയാസം ഈ നിലയിലെത്താനാവും. നമ്മുടെ മഹല്ലില്‍ മദ്രസാതലം പ്ലസ്ടൂ വരെ പഠിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുകയും, ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും മഹല്ല് കമ്മിറ്റി നിര്‍വ്വഹിച്ചു കൊടുക്കണം. സ്‌കൂള്‍ ബസ് നേരത്തെ വരുന്നതും, ട്യൂഷന്‍ കോഴ്‌സിന് ചേരുന്നതും നമ്മുടെ മഹല്ലിലെ വിദ്യാര്‍ത്ഥികളുടെ മതപഠനത്തിന് തടസ്സമാവരുത്. അതിനുള്ള ബദല്‍ സംവിധാനം നാം ഒരുക്കിയേ മതിയാകൂ. ഒരേ സമയം പൊതുപരീക്ഷകളില്‍ ടോപ് പ്ലസും, എസ്.എസ്.എല്‍.സിയില്‍ ഫുള്‍ എ പ്ലസും നേടി നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചരിത്രം തീര്‍ക്കുന്നവരാകണം.

മദ്രസയില്‍ പ്ലസ്ടൂ പഠനം പൂര്‍ത്തിയാകുമ്പോഴേക്ക് മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ കൃത്യമായ ജീവിതലക്ഷ്യമുള്ളവരായിത്തീരുകയും, കരിയര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ യോഗ്യരായിത്തീരുകയും വേണം. പല ഘട്ടങ്ങളില്‍ അവര്‍ക്ക് നല്‍കുന്ന മോട്ടിവേഷന്‍ ക്ലാസുകളും, കരിയര്‍ പ്ലാന്‍ ഓറിയന്റേഷനും ഇതിന് സഹായകമാണ്. ഉയര്‍ന്ന് പഠിക്കുവാന്‍ താത്പര്യമുള്ളവരെ അഭിരുചിക്കനുസരിച്ച് സമസ്തയുടെ തന്നെ മതഭൗതിക സമന്വയ സംവിധാനങ്ങളിലേക്ക് അഡ്മിഷന്‍ നല്‍കുന്നത് നല്ല മുന്നേറ്റത്തിന് വഴിയൊരുക്കും. അഞ്ചാം ക്ലാസിലേയും, ഏഴാം ക്ലാസിലേയും, പത്താം ക്ലാസിലേയും പൊതുപരീക്ഷകള്‍ക്ക് ശേഷം അഡ്മിഷന്‍ നേടാവുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓരോ വര്‍ഷവും നമ്മുടെ മഹല്ലില്‍ നിന്ന് നിശ്ചിത വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ അഡ്മിഷന്‍ എടുക്കണമെന്ന പ്ലാനിംഗില്‍ കരുക്കള്‍ നീക്കണം. യോഗ്യതാ പരീക്ഷകളില്‍ വിജയിക്കുവാനുള്ള വഴികള്‍ പറഞ്ഞ് കൊടുക്കണം. പഴയകാലങ്ങളില്‍ ഏതൊരു മഹല്ലിന്റെയും സൗരഭ്യമായി നിലകൊണ്ടിരുന്ന പ്രധാന കാര്യം പള്ളിദര്‍സുകളായിരുന്നു. സ്വദേശികളും വിദേശികളുമായി നിരവധി മുതഅല്ലിമുകള്‍ പഠിക്കുന്ന ദര്‍സുകള്‍ ഓരോ നാട്ടിലുമുണ്ടായിരുന്നു. ആ ദര്‍സിന്റെ നടത്തിപ്പിന് വേണ്ടിമാത്രം വഖ്ഫ് ചെയ്യപ്പെട്ട നിരവധി ഭൂസ്വത്തുകള്‍ ഓരോ പള്ളിക്കുമുണ്ടായിരുന്നു. എന്നാല്‍ ഈ മേഖലയില്‍ വലിയ ശോഷണമാണ് നമ്മുടെ പ്രദേശങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. എസ്.എം.എഫിന്റെ കീഴില്‍ ഈയിടെ ആരംഭിച്ച സ്വദേശീ ദര്‍സ് പദ്ധതി നല്ലൊരു മുന്നേറ്റമാണ്. മദ്രസയില്‍ പ്ലസ്ടൂ പഠനം പൂര്‍ത്തിയായി നാട്ടില്‍ തന്നെ ഭൗതിക മേഖലയില്‍ ഉയര്‍ന്ന് പഠിക്കുന്നവരേയും, ഇടക്കാലത്ത് മദ്രസാ പഠനം നിര്‍ത്തലാക്കിയവരേയും ഈ ദര്‍സുകളിലേക്ക് ആകര്‍ഷിക്കുകയും വ്യവസ്ഥാപിതമായി മുന്നോട്ടു കൊണ്ടുപാവുകയും ചെയ്യുന്നത് വഴി മഹല്ലില്‍ വെളിച്ചം വിതറുന്ന നല്ലൊരു സംരംഭം നിലനിര്‍ത്തുവാന്‍ നമുക്ക് സാധ്യമാകും. 

ഭൗതിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കണമെന്ന് താത്പര്യമുള്ളവര്‍ക്ക് അതിനാവശ്യമായ ഓറിയന്റേഷന്‍ നാം നല്‍കണം. സാമ്പത്തിക സഹായമാവശ്യമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, പലിശരഹിത വിദ്യാഭ്യാസ ലോണ്‍ തുടങ്ങിയ പദ്ധതികളില്‍ നിന്ന് സഹായം ഉറപ്പ് വരുത്തണം. ഓരോ വീട്ടിലും മതപണ്ഡിതര്‍ക്കു പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐ.എ.എസ്. ഐ.പി.എസ് കാര്‍ ഉണ്ടാകുന്നതിന് കൃത്യമായ വിദ്യാഭ്യാസ പ്രൊജക്ടും മഹല്ല് ഭരണസമിതിക്ക് കീഴില്‍ നടപ്പില്‍ വരുത്തണം. പള്ളിയുടെ ബോര്‍ഡുകളില്‍ കേരള പി.എസ്.സിയുടെയും യൂ.പി.എസ്.സിയുടേയും വിജ്ഞാപനങ്ങള്‍ തൂക്കുകയും, വെള്ളിയാഴ്ച നല്‍കുന്ന ഉത്‌ബോധനത്തിലോ, അറിയിപ്പുകളിലോ ഇത് സംബന്ധമായ ലഘു വിവരണം നല്‍കുകയും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് വഴി നിര്‍വ്വഹിച്ചു നല്‍കുകയും ചെയ്യുന്നത് മഹല്ലിലെ പതിവ് രീതിയാത്തീരണം. 

സാമ്പത്തികം

സന്തോഷ പൂര്‍ണമായ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് സാമ്പത്തിക ഭദ്രത. എന്നാല്‍ സാമ്പത്തിക ശുദ്ധി മനുഷ്യന്റെ ആത്മീയോന്നതിയുടെ അടിസ്ഥാന ശിലയുമാണ്. നിങ്ങള്‍ ഹലാലും ത്വയ്യിബും മാത്രമേ ഭക്ഷിക്കാവൂ എന്ന് പറയുന്ന ഖുര്‍ആന്‍, പലിശയുടേയും, സാമ്പത്തിക ചൂഷണത്തിന്റേയും ദുരിതഫലങ്ങളെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിഹിത സമ്പാദ്യം ഭുജിച്ച് ജീവിക്കുന്നവര്‍ നരകാഗ്‌നിയില്‍ വെന്തുരുകേണ്ടവരാണ് എന്നാണ് ഖുര്‍ആന്റെ ഭാഷ്യം. ഈ സാഹചര്യത്തില്‍ മഹല്ല് ഭരണസമിതി സാമ്പത്തിക മേഖലയില്‍ ശ്രദ്ധയൂന്നി നിവാസികളെ സാമ്പത്തിക ശുദ്ധിയും ഭദ്രതയുമുള്ളവരാക്കി മാറ്റാന്‍ പ്രത്യേക സമിതിക്ക് കീഴില്‍ പദ്ധതികള്‍ നടപ്പിലാക്കണം.

സമൂഹത്തിലുള്ളവര്‍ പലരും സാമ്പത്തികമായി വിവിധ തട്ടിലായിരക്കും. ധനികരും, ദരിദ്രരും, ഇടത്തരക്കാരും കൂട്ടത്തിലുണ്ടാകും. സാമ്പത്തിക വിനിമയങ്ങളും, ഇടപാടുകളും ഇസ്‌ലാമികധ്യാപനങ്ങളിലധിഷ്ഠിതമായാല്‍ സാമ്പത്തിക വളര്‍ച്ചയും, ഭദ്രതയും ഉറപ്പാണ്. ഇസ്ലാമിലെ സകാത്ത് സമ്പ്രദായം കൃത്യമായി നടപ്പില്‍ വരുത്തിയാല്‍ തന്നെ മഹല്ലിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നമുക്ക് നടപ്പിലാക്കുവാനാകും. സകാത്ത് കൊടുക്കേണ്ട സമ്പന്നര്‍ക്കും, കച്ചവടക്കാര്‍ക്കും അവബോധം നല്‍കുകയും, കൃത്യ സമയങ്ങളില്‍ അവരുട ബാധ്യത നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഫോളോ ചെയ്ത് ഉറപ്പ് വരുത്തുകയും ചെയ്യേണ്ട ബാധ്യത മഹല്ല് ഭരണ സമിതി ഏറ്റെടുക്കണം. ബാധ്യസ്ഥരില്‍ നിന്ന് ഏറ്റെടുത്ത് അവകാശികളിലേക്ക് കൃത്യമായി എത്തുന്ന രീതി സകാത്ത് വിതരണ കാര്യത്തില്‍ നൂറ് ശതമാനം നടപ്പിലാവേണ്ടതുണ്ട്. മഹല്ലിലെ കച്ചവടസ്ഥാപനങ്ങളുടെയും, കൃഷിഭൂമികളുടേയും കണക്കെടുത്ത് അവര്‍ സകാത്ത് കൊടുക്കേണ്ട സമയം അവരെയുണര്‍ത്തി മഹല്ലിലെ അവകാശികള്‍ക്കത് എത്തിയിട്ടുണ്ടെന്ന് സമിതിയംഗങ്ങള്‍ ഉറപ്പ് വരുത്തണം. സകാത്ത് വാങ്ങാന്‍ അര്‍ഹരായ മഹല്ല് നിവാസികളെ ഘട്ടം ഘട്ടമായി സകാത്ത് കൊടുക്കേണ്ടവരാക്കി മാറ്റാന്‍ സകാത്ത് വിതരണത്തിലൂടെ സാധ്യമാകണം. നിത്യവരുമാനത്തിന് വഴിയൊരുക്കുന്ന സംവിധാനങ്ങള്‍ സകാത്ത് വിഹിതത്തിലൂടെ അര്‍ഹര്‍ക്ക് നല്‍കിയാല്‍ പിന്നീടതിലൂടെ അവര്‍ സാമ്പത്തിക സുരക്ഷിതത്വം കൈവരിച്ച് വാങ്ങാനുള്ള അര്‍ഹതയില്‍ നിന്ന് നല്‍കാനുള്ള യോഗ്യതയിലേക്ക് ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തീര്‍ച്ച. സകാത്ത് വിതരണത്തില്‍ ശരീഅത്ത് അനുവദിച്ച നിയമങ്ങള്‍ പാലിച്ച് മാത്രമേ ഈ കാര്യങ്ങള്‍ നടപ്പിലാക്കാവൂ. നിയമരേഖകള്‍ ലംഘിച്ച് സകാത്ത് കമ്മിറ്റി എന്ന പേരില്‍ നടക്കുന്ന ചതിക്കുഴികളില്‍ നാം പെട്ട് പോകരുത്. 

മഹല്ലിലെ പാവപ്പെട്ടവരേയും ഇടത്തരക്കാരെയും മനസ്സിലാക്കി ജീവിതപ്രയാണത്തില്‍ അവര്‍ക്ക് കൈതാങ്ങ് നല്‍കേണ്ട ഘട്ടങ്ങളില്‍ കൂടെനില്‍ക്കേണ്ടതും മഹല്ലിന്റെ ബാധ്യതയാണ്. വിവാഹം, വീട് നിര്‍മാണം, ചികിത്സാ തുടങ്ങിയ കാര്യങ്ങളില്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നവര്‍ക്ക് സഹായം നല്‍കുവാന്‍ സംവിധാനം കമ്മിറ്റിക്ക് കീഴിലുണ്ടാവണം. നമ്മുടെ മഹല്ലിലെ ഒരു വ്യക്തിയും കമ്മിറ്റിയുടെ ലറ്റര്‍ബാഡും പിടിച്ച് സാമ്പത്തിക സഹായം ചോദിച്ച് മറ്റു നാടുകളിലെ പള്ളികള്‍ക്ക് മുന്നിലും സമ്പന്നര്‍ക്ക് മുന്നിലും കൈ നീട്ടുന്ന സാഹചര്യം നാം സൃഷ്ടിക്കരുത്. മനുഷ്യന്റെ അഭിമാനത്തിന് കഅ്ബയുടെ വിശുദ്ധിയേക്കാള്‍ പവിത്രതയുണ്ട്. കടക്കെണിയില്‍ പെട്ട് ആത്മാഹുതി ചെയ്യുന്ന സാഹചര്യവും നമ്മുടെ നാടുകളിലുണ്ടാവരുത്. 

എസ്.എം.എഫിന്റെയും മറ്റും നേതൃത്വത്തില്‍ പല മഹല്ലുകളിലും വിജയകരമായി നടന്നുവരുന്ന പലിശരഹിത വായ്പാ പദ്ധതിയും മറ്റു പദ്ധതികളും എല്ലാ മഹല്ലുകളിലും നടപ്പില്‍ വരേണ്ടതുണ്ട്. അവശതയനുഭവിക്കുന്നവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പടക്കം സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന സാമ്പത്തിക സഹായങ്ങളും, ആനുകൂല്യങ്ങളും മഹല്ലിലെ അര്‍ഹരായവര്‍ക്ക് എത്തിച്ചു കൊടുക്കുവാനും സമിതിക്ക് കീഴില്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനിക്കണം. സാമ്പത്തിക സഹായങ്ങള്‍ എ്ത്തിച്ചു കൊടുക്കുന്നതില്‍ മഹല്ല് പരിധിയില്‍ താമസിക്കുന്ന അമുസ്‌ലിംകളെയും പരിഗണിക്കണമെന്നാണ് അഭിപ്രായം. സാമ്പത്തിക വിഷയത്തില്‍ മഹല്ല് സ്വയം പര്യപ്തത നേടുക എന്നത് സുപ്രധാനമാണ്. മഹല്ലിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി ശമ്പളം നല്‍കുവാനും, മറ്റു മരാമത്ത് ജോലികള്‍ക്കും നമ്മുടെ മഹല്ലിന്റെ സ്വന്തം വരുമാനം ഉപയോഗപ്പെടുത്താനാവണം. മഹല്ല് നിവാസികളുടെ മാസാന്ത വരിസംഖ്യ മാത്രം ആശ്രയിക്കാതെ,  നടത്തിപ്പിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയേ തീരു. 

മഹല്ല് നിവാസികള്‍ക്ക് സാമ്പത്തിക അച്ചടക്കം നല്‍കുക എന്നതാണ് ഇവ്വിഷയത്തില്‍ പ്രധാനമായ മറ്റൊരു വശം. ഓരോരുത്തരും തന്റെ സോഷ്യല്‍ സ്റ്റാറ്റസ് മനസ്സിലാക്കി, ഹലാലായ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുകയും, അതിലൂടെ ലഭിക്കുന്ന സമ്പത്ത് ഫാമിലി ബഡ്ജറ്റിംഗിലൂടെ തിട്ടപ്പെടുത്തി, ജീവിതച്ചിലവുകളെ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നീ മൂന്ന് തരത്തില്‍ വിഭജിച്ച് വരുമാനത്തിനനുസരിച്ച് ചിലവഴിക്കാന്‍ അവരെ പ്രാപ്തരാക്കിയെടുക്കല്‍ വലിയൊരു കടമ്പയാണ്. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും പലിശബാങ്കുകളുമായി ഇടപാട് നടത്തുന്ന ദുശ്ശീലങ്ങളില്‍ നിന്ന് അതിന്റെ ഗൗരവം ബോധ്യപ്പെടുത്തി തടയിടല്‍ അത്യന്താപേക്ഷിതമാണ്. വരുമാനത്തില്‍ നിന്ന് ചെറിയ ഒരു വിഹിതമെങ്കിലും ദിനേന ദാനധര്‍മ്മത്തിന് നീക്കിവെക്കുന്നതും, വാഖിഅ സൂറത്ത് നിത്യവും പാരായണം ചെയ്യുന്നതും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുവാനുള്ള ആത്മീയ മാര്‍ഗ്ഗമാണെന്ന് ബോധ്യപ്പെടുത്തണം. 

സാമൂഹികം.

വിശ്വാസവും സൗഹൃദവും (ഈമാനും ഉഖുവ്വതും) ഊട്ടിയുറക്കപ്പെട്ട സമൂഹത്തില്‍ ശാന്തിയും സമാധാനവും ജീവിതനിലവാരവളര്‍ച്ചയും ഉണ്ടാകുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മദീന. ഔസ്, ഖസ്‌റജിന്റെ ഇടയില്‍ സാഹോദര്യം വളര്‍ത്തിയെടുത്ത ശേഷം അന്‍സ്വാറുകള്‍ക്കിടയിലും മുഹാജിറുകള്‍ക്കിടയിലും സ്വരച്ചേര്‍ച്ചയും ഐക്യവും ഊട്ടിയുറപ്പിച്ച തിരുനബി അഭയാര്‍ത്ഥികളായി വന്നവരെ നേതാക്കളായി അംഗീകരിക്കാന്‍ മാത്രം ഉയര്‍ന്ന മാനവസൗഹൃദാന്തരീക്ഷമാണ് മദീനയില്‍ സൃഷ്ടിച്ചെടുത്തത്. അപരനെ സ്വന്തമായി കാണുന്നത് വരെ വിശ്വാസം സമ്പൂര്‍ണ്ണമാകില്ലെന്നാണല്ലോ തിരുവരുള്‍.

ഒരു മഹല്ലിലെ ഓരോ വീട്ടിലും സമൂഹത്തിന്റെ വ്യത്യസ്ത തട്ടിലുള്ള നിരവധിയാളുകളുണ്ടാകും. എല്ലാവരേയും ചേര്‍ത്തുപിടിച്ച് ഒന്നിച്ച് മുന്നേറുമ്പോഴാണ് മഹല്ലിന്റെ പുരോഗതി സുനിശ്ചിതമാവുകയുള്ളൂ. സമൂഹമായി ജീവിക്കുമ്പോഴുണ്ടാകേണ്ട ഏറ്റവും വലിയ കാര്യം സൗഹൃദവും, ചേര്‍ത്തുപിടിക്കലും, സഹജമനോഭാവവുമാണ്. രോഗികള്‍, ഭിന്നശേഷിക്കാര്‍, അശരണര്‍, വിധവകള്‍ തുടങ്ങി നിരവധി പേര്‍ സാന്ത്വനവും, ആശ്വാസവാക്കുകളും ആവശ്യമുള്ളവരായിട്ടുണ്ടാകും. രോഗികളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. വിധവകള്‍ക്ക് സാമ്പത്തിക സഹായത്തിനപ്പുറം ഒരു ജീവിതപങ്കാളിയെ കണ്ടെത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കേണ്ടതുണ്ട്.

ശാന്തമായി ഉറങ്ങാനൊരിടം ഏതൊരു മനുഷ്യന്റെയും ആഗ്രഹവും അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനവുമാണ്. അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കുഴങ്ങിനില്‍ക്കുന്നവര്‍ക്കതിന് വഴി കാണിച്ചുനല്‍കലും വലിയ സാമൂഹിക സേവനമാണ്. വര്‍ഷത്തില്‍ ചുരുങ്ങിയത് ആയിരം രൂപ നല്‍കാന്‍ കഴിയുന്ന ആയിരം പേരെ കണ്ടെത്തി പത്ത് ലക്ഷം രൂപയുടെ കളക്ഷനിലൂടെ സ്വന്തം ഭൂമിയുണ്ടെങ്കിലും വീട് വെക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് 'മഹല്ലുല്‍ബൈത്' സംവിധാനിച്ച് വര്‍ഷത്തില്‍ ഒരു വീട് നടപ്പിലാക്കുവാന്‍ വലിയ ത്യാഗമൊന്നും വേണ്ടി വരില്ല. വിശ്വസ്തനായ ഒരു വ്യക്തിയെ ഫണ്ട് കളക്ഷനും ഫോളോഅപ്പ് ചുമതലയും നല്‍കിയാല്‍ കാര്യം എളുപ്പമായിരിക്കും. ആയിരത്തില്‍ കൂടുതല്‍ നല്‍കുന്നവരും, നല്‍കുന്നവര്‍ ആയിരത്തില്‍ കൂടുന്നതിനുമനുസരിച്ച് മഹല്ലുല്‍ബൈത് പദ്ധതി വിപുലപ്പെടുത്തുവാനും പ്രയാസമുണ്ടാകില്ല.

കുടുംബങ്ങളിലും, വ്യക്തികളിലും പിണങ്ങി നില്‍ക്കുന്നവരെ കൂട്ടിയിരുത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് സൗഹൃദം സൃഷ്ടിക്കാന്‍ പ്രശ്‌നപരിഹാര സെല്‍ സജീവമായി ഇടപെടേണ്ടതുണ്ട്. പിണങ്ങാനും, വിഘടിച്ചു നില്‍ക്കുവാനും ഒന്നോ രണ്ടോ കാരണങ്ങള്‍ ചികഞ്ഞന്വേഷിക്കേണ്ടി വരുമ്പോള്‍, ഇണങ്ങാനും, ചേര്‍ന്നു നില്‍ക്കുവാനും  ആയിരക്കണക്കിന് കാരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കുടുംബങ്ങള്‍ക്കിടയിലും, അയല്‍വാസികള്‍ക്കിടയിലും, മാതാപിതാക്കള്‍, മക്കള്‍ക്കിടയിലും പിണക്കങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. മൂന്ന് ദിവസത്തിലേറെ ഒരു വിശ്വാസിയും തന്റെ വിശ്വാസി സഹോദരനുമായി പിണങ്ങി നില്‍ക്കരുതെന്ന മതധ്യാപനമുണ്ടെങ്കില്‍ ആളുകള്‍ ഇതിന്റെ ഗൗരവം കാണാതെ പോകുന്നത് സങ്കടകരമാണ്. 

കുടുംബജീവിതത്തിന്റെ ആധാരശിലയാണല്ലോ നികാഹ്. നമ്മുടെ മഹല്ലില്‍ നടക്കുന്ന സുപ്രധാന സാമൂഹിക ഇടപാടും ഇത് തന്നെ. നികാഹിലൂടെ രണ്ട് വ്യക്തികളും അവരുടെ കുടുംബങ്ങളും തമ്മില്‍ ബന്ധം സ്ഥപിതമാകും, തദ്വാര രണ്ട് മഹല്ലുകള്‍ക്കിടയിലും വലിയ ബന്ധത്തിന് ശിലപാകുകയാണ്. ആയതിനാല്‍ ഏറെ കാര്യങ്ങള്‍ ഇവ്വിഷയത്തില്‍ മഹല്ല് സാരഥികള്‍ക്ക് നിര്‍വ്വഹിക്കാനുണ്ട്. നമ്മുടെ മഹല്ലിലെ വിവാഹപ്രായമെത്തിയ ചെറുപ്പക്കാര്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്തുന്നതില്‍ നാം ഒറ്റെക്കെട്ടായി പരിശ്രമിക്കണം. നമ്മുടെ നാട്ടിലെ ഭാവി തലമുറക്ക് ജന്‍മം നല്‍കുന്നവര്‍ ദീനും, തറവാടും, അന്തസ്സുമുള്ളവരാവണം. നമ്മുടെ നാട്ടില്‍ നിന്ന് വിവാഹിതരായിപ്പോകുന്നവരും ഈ സല്‍ഗുണങ്ങളുള്ളവരായിരിക്കണം. നമ്മുടെ സംവിധാനങ്ങള്‍ക്ക് കീഴില്‍ വിജയകരമായി നടക്കുന്ന പ്രീമാരിറ്റല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി മഹല്ലിന്റെ സര്‍ട്ടിഫിക്കറ്റ് നേടുന്നവരുടെ നികാഹുകള്‍ മാത്രമേ മഹല്ലിന് കീഴില്‍ നടക്കുകയുള്ളൂ എന്ന തീരുമാനും ഏവരെയും ബോധ്യപ്പെടുത്തി നടപ്പില്‍ വരുത്തേണ്ടതുണ്ട്. മരുമക്കള്‍ വരുന്ന വീടുകളിലെ മാതാപിതാക്കള്‍ക്ക് പ്രത്യേക കോഴ്‌സുകള്‍ വിഭാവനം ചെയ്ത് അവര്‍ക്കിടയിലെ പെരുമാറ്റ രീതികള്‍ പ്രവാചകീയമാക്കുവാനും നാം ഉത്സാഹിക്കണം. കെട്ടുബന്ധങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായി ഉണ്ടാകുന്ന ഉടക്കുകള്‍ കാരണം ഒറ്റയടിക്ക് വിവാഹമോചനത്തില്‍ ചെന്ന് ചാടുന്നതിന് പകരം ഇസ്‌ലാമിക രീതിശാസ്ത്രത്തോട് താദാത്മ്യം പുലര്‍ത്തി മാത്രം ഇത്തരം കാര്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഏവരെയും ഉത്ഭുദ്ധരാക്കണം. വിവാഹ മോചനത്തിന്റ വ്യത്യസ്ത മാര്‍ഗങ്ങളായ ത്വലാഖ്, ഖുല്‍അ്, ഫസ്ഖ് എന്നിവ യഥോചിതം പഠിപ്പിക്കുകയും അവ തമ്മിലുള്ള വ്യത്യാസം തെര്യപ്പെടുത്തുകയും വേണം. ആധുനിക കോടതികള്‍ മുഖേന നടപ്പിലായെന്ന് പറയപ്പെടുന്ന ഖുല്‍ഉം, ഫസ്ഖും ഇസ്‌ലാമിക വീക്ഷണത്തില്‍ നടപ്പിലായിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മഹല്ല് സാരഥികള്‍ക്കുണ്ട്. നികാഹുകളേക്കാള്‍ ത്വലാഖ് വര്‍ദ്ധിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ നിന്ന് നമ്മുടെ മഹല്ലിനെ മോചിപ്പിക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്വമാണ്. 

വിവാഹപൂര്‍വ്വ കോഴ്‌സുകള്‍ക്ക് പുറമെ വിവാഹിതര്‍ക്ക് പോസ്റ്റ് മാരിറ്റല്‍ കോഴ്‌സ്, പാരന്റിംഗ് തുടങ്ങിയ കോഴ്‌സുകളും മഹല്ലിന് കീഴില്‍ സംവിധാനിക്കപ്പെടണം. മക്കളുണ്ടാവുന്നതിനല്ല, മക്കളെ നല്ല നിലയില്‍ പരിപാലിക്കുന്നതിലാണ് മാതാപിതാക്കള്‍ മികവ് തെളിയിക്കേണ്ടത്. അതിന് പാരന്റിംഗ് മെത്തേഡുകള്‍ കൃത്യമായി അറിവുണ്ടായിരിക്കണം. ജീവിതചിട്ടകള്‍ മാതാപിതാക്കളില്‍ നിന്ന് സ്വയത്തമാക്കുന്നവര്‍ക്ക് സ്വലാഹിയ്യതിന്റെ വഴികള്‍ അല്ലാഹു തുറന്ന് കൊടുക്കുമെന്ന് തിരുനബി(സ്വ)അരുളിയിട്ടുണ്ട്. പാരന്റിംഗിലെ പാളിച്ചകള്‍ കാരണം പല കുട്ടികളും മാര്‍ഗഭ്രംശം സംഭവിച്ച് ലഹരിയുടേയും, ചൂതാട്ടത്തിന്റെയും റാക്കറ്റുകളില്‍ പെട്ട് ജീവിതം ദുസ്സഹമായതിന്റെ സാക്ഷ്യങ്ങള്‍ മാധ്യമങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മദ്യ, മയക്കുമരുന്നുകളുടെ മാഫിയകള്‍ ഇന്ന് നമ്മുടെ നാടുകളില്‍ വലവിരിച്ച് സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. പണം നല്‍കി പ്രലോഭിപ്പിച്ച് ഏജന്റുമാരാക്കി പിന്നീട് തലപൊക്കാന്‍ കഴിയാത്ത വിധത്തില്‍ അഗാധഘര്‍ത്തങ്ങളിലേക്കിവര്‍ ചെന്ന് പതിക്കുകയാണ്. വിവിധ രൂപത്തിലുള്ള മയക്കുമരുന്നുകള്‍ ലഭിക്കാന്‍ വലിയ പണം ആവശ്യമായി വരുമ്പോള്‍ വീട്ടിലുള്ള സ്വര്‍ണാഭരണങ്ങളില്‍ കണ്ണുനട്ട് കൊലപാതകത്തിന് വരെ ഇവര്‍ മുതിരുകയാണ്. ദാരൂണമായ ഈ സാഹചര്യം നമ്മുടെ മഹല്ലുകളില്‍ നിന്ന് ഉച്ഛാടനം ചെയ്യേണ്ടത് നമ്മുടെ ധാര്‍മിക ബാധ്യതയാണ്. കൗണ്‍സിലിംഗ് നല്‍കേണ്ടവര്‍ക്കത് നല്‍കുകയും, ഡ്രഗ് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ താമസിപ്പിക്കേണ്ടവരെ അതിലേക്ക് റെഫര്‍ ചെയ്തും ചടുലമായ നീക്കങ്ങള്‍ ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്. 


നാം കൂടതുല്‍ ശ്രദ്ധനല്‍കേണ്ട മറ്റൊരു ഇടമാണ് ആരോഗ്യമേഖല. സുബ്ഹി നിസ്‌കാരത്തില്‍ ഖുനൂതില്‍ ഹിദായത് ചോദിച്ച ശേഷം നാം അല്ലാഹുവോട് ചോദിക്കുന്ന കാര്യം ആരോഗ്യമാണ്. സന്‍മാര്‍ഗപ്രാപ്തിക്ക് ശേഷം വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ആരോഗ്യം തന്നെ. അശക്തനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിന് പ്രിയമുള്ളത് ആരോഗ്യമുള്ള വിശ്വാസിയോടാണ് എന്നാണ് ഹദീസിലുള്ളത്. ഇബാദതും, ജോലിയും, സാമൂഹിക സേവനവുമെല്ലാം നിര്‍വ്വഹിക്കണമെങ്കില്‍ നമുക്ക് ആരോഗ്യം അനിവാര്യമാണ്. എന്നാല്‍ ഇവ്വിഷയത്തിലും നമ്മുടെ ഗ്രാഫ് താഴെതട്ടിലാണെന്നതാണ് ദുഖകരം. നിത്യരോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും, മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും ചെയ്ത് സാമ്പത്തികമായി തളര്‍ന്ന് ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവര്‍ വരെ കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതക്രമം പിഴച്ച മനുഷ്യരുടെ അമിതാഹാരവും, താളം തെറ്റിയ ഭക്ഷണരീതിയും, ഉറക്കമൊഴിക്കലുമെല്ലാം പ്രധാനകാരണളാണ്. 2030 ആകുമ്പോഴേക്കും ഓരോ വീട്ടിലും ഒരു കിഡ്‌നി രോഗിയെന്ന സാഹചര്യത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നതെന്ന് ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് പത്രമാധ്യങ്ങളില്‍ വായിച്ചതോര്‍ക്കുകയാണ്. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ച് കണ്ണിനും, കിഡ്‌നിക്കും സാരമായി ബാധിക്കുന്ന സാഹചര്യം എത്ര ഗുരുതരമാണ്. ഓരോ പഞ്ചായത്തിലും ഡയാലീസ് സെന്ററുകള്‍ വന്നാലും ആവശ്യം മതിയാകാത്ത വിധം രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ ആരോഗ്യബോധവത്കരണം തന്നെയാണ് ഇതിനുള്ള പരിഹാരം. 


മഹല്ല് ലീഡേഴ്‌സ് ഓറിയന്റേഷന്‍

മഹല്ല് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തരും വലിയൊരു അമാനതാണ് തന്റെ ചുമലില്‍ വന്നിട്ടുള്ളതെന്നും, ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ നാളെ പരലോകത്ത് അല്ലാഹു ചോദിക്കുമെന്നും ഉള്‍ഭയമുള്ളവരാകുകയും, ദീനും സമൂഹവും കല്‍പ്പിച്ച സര്‍വ്വ യോഗ്യതകളും ഉള്ളവരായി ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സദാജാഗ്രതയുള്ളവരാവാന്‍ ശ്രദ്ധിക്കണം. 'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നിസ്‌കാരം യഥാവിധി നിലനിറുത്തുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകുയും ചെയ്യുന്നവര്‍ മാത്രമേ അവന്റെ മസ്ജിദുകള്‍ പരിപാലിക്കാവൂ' എന്നാണ് സൂറതുത്തൗബയിലെ 18ആം സൂക്തം പഠിപ്പിക്കുന്നത്. അധികാരമോഹമോ, സ്ഥാനലബ്ധിയോ സ്വപ്‌നം കാണാതെ, അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ച് നിര്‍വ്വഹിക്കുന്ന സേവനങ്ങള്‍ക്ക് മാത്രമേ നാഥന്റെ സഹായമുണ്ടാവുകയുള്ളൂ. അതോൊടൊപ്പം ചുമതല ഏല്‍പ്പിക്കപ്പെട്ടാല്‍ ഭൗതിമായും, ബൗദ്ധികമായും അതിനുള്ള യോഗ്യതകള്‍ നാം നേടുക തന്നെ വേണം. മഹല്ലിലെ എല്ലാ നേതാക്കള്‍ക്കും കൃത്യമായ ഇടവേളകളില്‍  ലീഡേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് ഈ കാര്യങ്ങള്‍ നേടിയെടുക്കാവുന്നതാണ്. 



Post a Comment

Previous Post Next Post