നബി(സ്വ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗമാണ് നബികുടുംബത്തെ പഠിക്കലും ആദരിക്കലും. മൂന്ന് ആണും നാല് പെണ്ണുമായി ഏഴ് മക്കളാണ് നബി(സ്വ)ക്കുണ്ടായിരുന്നത്. അവരില്‍ ആറ് പേരുടേയും മാതാവാകാനുള്ള സൗഭാഗ്യം ബീബിഖദീജ(റ)ക്കായിരുന്നു. മാരിയതുല്‍ഖിബ്ത്വിയ്യയിലാണ് ഇബ്‌റാഹീം എന്ന പുത്രന്‍ പിറക്കുന്നത്. പെണ്‍മക്കളെല്ലാം ഇസ്‌ലാമികഘട്ടത്തില്‍ ജീവിച്ചവരും, അവരില്‍ ഫാത്വിമ(റ)യെല്ലാത്തവരെല്ലാം തിരുനബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വിയോഗം പ്രാപിച്ചവരുമാണ്. ആണ്‍മക്കളെല്ലാവരും ചെറുപ്പത്തിലേ വിടപറഞ്ഞിട്ടുണ്ട്.
ഖാസിം എന്ന പുത്രനാണ് ആദ്യകണ്‍മണി. പ്രവാചകത്വനിയോഗത്തിന് മുന്നെ പിറവികൊണ്ട ഇവര്‍ അല്‍പകാലം മാത്രമാണ് ജീവിച്ചത്. പിച്ചവെച്ച് നടക്കുന്ന പ്രായത്തില്‍ തന്നെ വിടപറഞ്ഞ അവരുടെ പേരിലേക്ക് ചേര്‍ത്തിയാണ് തിരുനബി(സ്വ)യുടെ അബുല്‍ഖാസിം എന്ന സ്ഥാനപ്പേര് വിശ്രുതമായത്. മുഹമ്മദ് നബി(സ്വ)ക്ക് തന്നിലൂടെ പുത്രസൗഭാഗ്യമുണ്ടാകണമെന്ന കൊതിച്ചിരുന്ന ഖദീജ(റ)ക്ക് തന്റെ ആദ്യപുത്രന്റെ വിയോഗം വലിയ ആഘാതമേല്‍പ്പിച്ചു. തിരുനബി(സ്വ)യുടെ സാന്ത്വനവാക്കുകളാണ് അവര്‍ക്ക് ആശ്വാസം പകര്‍ന്നത്.
ആണ്‍മക്കളില്‍ രണ്ടാമത്തെയാളും ഖദീജബീബിയിലുണ്ടായ അവസാന സന്താനവുമാണ് അബ്ദുല്ലാഹ്. പ്രവാചകത്വനിയോഗത്തിന് ശേഷം പിറവിയെടുത്ത പുത്രനെന്ന നിലയില്‍ വിശുദ്ധന്‍, സംശുദ്ധന്‍ എന്നെല്ലാം അര്‍ത്ഥമുള്ള ത്വാഹിര്‍, ത്വയ്യിബ് എന്നീ സ്ഥാനപ്പേരുകള്‍ ഇവര്‍ക്കുണ്ടായിരുന്നു. കുറഞ്ഞകാലം മാത്രമേ ഇവരും ജീവിച്ചിട്ടുള്ളൂ. ഈ കുഞ്ഞ് വിടപറഞ്ഞപ്പോള്‍ ആസ്വ്ബ്‌നുവാഇല്‍ നബി(സ്വ)യെ പരമ്പരമുറിഞ്ഞവനെന്ന് ആക്ഷേപിക്കുകയുണ്ടായി. ആ ഘട്ടത്തിലാണ് ''താങ്കളോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാണ് വാലറ്റവന്‍'' എന്നസൂക്തമൊള്‍ക്കുള്ളുന്ന സൂറതുല്‍കൗസര്‍ അവതരിച്ചത്.
നബിപുത്രരില്‍ അവസാനത്തെവരും മാരിയതുല്‍ഖിബ്ത്വിയ്യയില്‍ ജനിച്ചവരുമായ സന്താനമാണ് ഇബ്‌റാഹീം. തന്റെ കാലത്ത് ജീവിച്ചിരുന്ന ഭരണാധികാരികളെ ദീനിലേക്ക് ക്ഷണിച്ച് നബി(സ്വ) കത്തെഴുതിയ കൂട്ടത്തില്‍ ഈജിപ്തിലെ മുഖൗഖിസ് രാജാവുമുണ്ടായിരുന്നു. കത്തുമായി ചെന്ന ദൂതന്‍ ഹാത്വിബ്ബ്‌നുഅബീബല്‍തഅ(റ)യെ മുഖൗഖിസ് ബഹുമാനാദരങ്ങളോടെ സ്വീകരിക്കുകയും, തിരുനബി(സ്വ)ക്ക് മാന്യമായ ഭാഷയില്‍ മറുപടിക്കത്ത് നല്‍കുകയും കൂട്ടത്തില്‍ നിരവധി സമ്മാനങ്ങളും കൊടുത്തയക്കുകയുണ്ടായി. ആ പാരിതോശികങ്ങളില്‍ ശംഊന്‍ എന്ന വ്യക്തിയുടെ പുത്രിമാരായിരുന്ന മാരിയ, സീരീന്‍ എന്ന അടിമസ്ത്രീകളും ഉണ്ടായിരുന്നു. പിന്നീട് മാരിയതുല്‍ഖിബ്ത്വിയ്യ എന്ന് പ്രസിദ്ധയായ അടിമയില്‍ ഹിജ്‌റ എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസം നബി(സ്വ)ക്ക് ജനിച്ച പുത്രനാണ് ഇബ്‌റാഹീം. ജനിച്ച ഏഴാം ദിനം രണ്ട് ആടുകളെ അഖീഖത് അറുത്ത് തലമുണ്ഡനം ചെയ്ത് ആ തൂക്കത്തില്‍ സ്വര്‍ണം സ്വദഖ നല്‍കുകയും പ്രിപിതാമഹന്‍ ഇബ്‌റാഹീംനബിയുടെ നാമം നല്‍കുകയും ചെയ്തു.
മറ്റുഭാര്യമാരുടെ വീടുകളില്‍ നിന്ന് അല്‍പം അകലെയായായിരുന്നു മാരിയതുല്‍ഖിബ്ത്വിയ്യ താമസിച്ചിരുന്നത്. അറബികളുടെ പതിവനുസരിച്ച് കുഞ്ഞിനെ മുലയൂട്ടാന്‍ ബനുന്നജ്ജാര്‍ ഗോത്രക്കാരനായ ബറാഉബ്‌നുഅവ്‌സിന്റെ പത്‌നി ഉമ്മുബുര്‍ദബിന്‍തുല്‍മുന്‍ദിറിനെ നബി(സ്വ)ഏല്‍പ്പിക്കുകയും പലപ്പോഴും അവിടെച്ചെന്ന് കുഞ്ഞിനെ തിരുനബി(സ്വ)ചുംബിക്കുകയും ചെയ്യുമായിരുന്നു.
വളരെ കുറഞ്ഞകാലം മാത്രമാണ് ഈ പുത്രനും ജീവിച്ചത്. അവസാനശ്വാസം വലിച്ചിരുന്ന സമയം തിരുനബി(സ്വ) കുഞ്ഞിനരികിലെത്തുകയും കുഞ്ഞിനെ മടിയില്‍ കിടത്തുകയും റൂഹ്പിരിഞ്ഞപ്പോള്‍ അവിടുത്തെ കണ്ണുനീര്‍പൊടിയുകയും, ''നിങ്ങളുടെ വിയോഗത്തില്‍ നാം അതീവദുഖിതരാണ്'' എന്ന് സങ്കടത്തോടെ പറയുകയും ചെയ്തു. ആളുകള്‍ മരണപ്പെട്ടാല്‍ കരയരുതെന്ന് താങ്കള്‍ വിലക്കിയിട്ടില്ലെ എന്ന് കൂടെയുണ്ടായിരുന്ന അബ്ദുറഹിമാനുബ്‌നുഔഫ്(റ) ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ''ഇത് കാരുണ്യത്തിന്റെ കണ്ണുനീര്‍തുള്ളികളാണ്. അലമുറയിട്ട് ഒച്ചവെച്ച് കരയുന്നതാണ് ഞാന്‍ വിലക്കിയത്''. ഫള്‌ലുബ്‌നുഅബ്ബാസ്(റ) മയ്യിത്ത് കുളിപ്പിക്കുകയും ഉസാമതുബ്‌നുസൈദ്(റ), ഫള്‌ല്ബ്‌നുഅബ്ബാസ്(റ) എന്നിവര്‍ ഖബ്‌റിലിറങ്ങുകയും മയ്യിത്ത് മറമാടിയതിന് ശേഷം തലയുടെ ഭാഗത്ത് അടയാളത്തിന് കല്ല് വെക്കുകയും ഖബ്‌റിന് മുകളില്‍ വെള്ളം തെളിക്കുകയും ചെയ്തു.
സൈനബ്(റ)യാണ് നബിപുത്രിമാരില്‍ മുതിര്‍ന്നവള്‍. നബി(സ്വ)യുടെ മുപ്പതാം വയസ്സില്‍ ഖദീജഉമ്മയുടെ ആദ്യപുത്രിയായി മക്കയില്‍ ജനിച്ച ഇവര്‍ ആദ്യകാലങ്ങളില്‍ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ഹിജ്‌റപോവുകയും ഏറെ ക്ലേഷങ്ങള്‍ സഹിക്കുകയും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വിടപറയുകയും ചെയ്തവരാണ്.
ഖദീജബീബി(റ)യുടെ സഹോദരിയായിരുന്ന ഹാലബിന്‍തുഖുവൈലിദ് എന്നവര്‍ക്ക് സൈനബിനോട് വലിയ ഇഷ്ടമായിരുന്നു. ഹാല തന്റെ ഉമ്മയെപ്പോലെ കാണുന്ന സഹോദരി ഖദീജയുടെ പുത്രിയും സ്‌നേഹഭാജനവുമായ സൈനബിനെ സ്വപുത്രനായ അബുല്‍ആസ്വിന്റെ വധുവായി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. വിശ്വസ്തനും, ധനാഠ്യനും പ്രധാനിയുമായിരുന്ന അബുല്‍ആസ്വ് പിതൃപരമ്പരയില്‍ മുഹമ്മദ്‌നബി(സ്വ)യോട് മൂന്നാം പിതാമഹന്‍ അബ്ദുമനാഫ്ബ്‌നുഖുസ്വയ്യ് എന്നവരിലും, മാതൃപരമ്പരയില്‍ ഖുവൈലിദ്ബ്‌നുഅസദിബ്‌നിഅബ്ദില്‍ഉസ്സയിലും സന്ധിക്കുന്നവരുമാണ്.
ഈ വിവാഹത്തിന് നബി(സ്വ)സമ്മതിക്കുകയും വിവാഹാനന്തരം ഇരുവരം സസന്തോഷം ജീവിക്കുകയും ചെയ്തു. അതിനിടയിലാണ് തിരുനബി(സ്വ)പ്രവാചകത്വവുമായി സമൂഹത്തിലേക്കിറങ്ങിയത്. ഖദീജബീബിയും നാല് പുത്രിമാരും ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും സൈനബിന്റെ ഭര്‍ത്താവ് അബുല്‍ആസ്വ് ഇസ്‌ലാം സ്വീകരിച്ചില്ല. നുബുവ്വത്തിന്റെ പത്താം വര്‍ഷം മാതാവ് ഖദീജ(റ)യും ഉപ്പയുടെ വലിയ സംരക്ഷകനായിരുന്ന അബൂത്വാലിബും ഇഹലോകം വെടിയുകയുണ്ടായി.
ഹിജ്‌റ രണ്ടില്‍ നടന്ന ബദ്‌റില്‍ ബന്ദികളായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അബുല്‍ആസ്വുമുണ്ടായിരുന്നു. മോചനദ്രവ്യം നല്‍കുന്നവരെ വിട്ടയക്കാമെന്ന് തിരുനബി(സ്വ) പറഞ്ഞപ്പോള്‍ അബുല്‍ആസ്വിനെ വിട്ടയക്കാന്‍ ഭാര്യ സൈനബ് കൊടുത്തയച്ചത് അവരുടെ ഉമ്മ ഖദീജ(റ) വിവാഹ സുദിനം കഴുത്തിലണിയാന്‍ അവര്‍ക്ക് നല്‍കിയിരുന്ന മാലയായിരുന്നു. ഇത് കണ്ട് നബി(സ്വ)യുടെ കണ്ണ് നിറഞ്ഞു. നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: ''നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ സൈനബിന്റെ ബന്ദിയെ മോചിപ്പിച്ച് ഈ മാല അവള്‍ക്ക് തന്നെ തിരിച്ചുനല്‍കാം''. അവര്‍ സമ്മതിച്ചു. മക്കയിലെത്തിയാല്‍ സൈനബിനെ മദീനയില്‍ സുരക്ഷിതമായി എത്തിക്കണമെന്ന നിബന്ധനയില്‍ അബുല്‍ആസ്വിനെ മോചിപ്പിച്ചു. അതോടൊപ്പം അവിശ്വാസിയായിത്തുടരുകയാണെങ്കില്‍ വിശ്വസിച്ച സൈനബുമായുള്ള ബന്ധം തുടരുന്നതില്‍ പ്രയാസമുണ്ടാകുമെന്നും തിരുനബി(സ്വ) സൂചിപ്പിച്ചു.
നാട്ടിലെത്തിയ അദ്ദേഹം സഹോദരന്‍ കിനാനത്ബ്‌നുറബീഅയോട് സൈനബിനെ സുരക്ഷിതമായി മദീനയില്‍ ഉപ്പയുടെ അരികിലെത്തിക്കാന്‍ ചുമതലെപ്പെടുത്തി. അദ്ദേഹം മഹതിയുമായി യാത്രപോകുമ്പോള്‍ ഹുബാറുബ്‌നുല്‍അസ്‌വദ്, ഖാലിദ്ബ്‌നുഅബ്ദില്‍ഖൈസ് തുടങ്ങിയവര്‍ തടയാന്‍ ശ്രമിക്കുകയും ഹുബാര്‍ മഹതിയ സഞ്ചരിച്ചിരുന്ന ഒട്ടകത്തെ കുത്തുകയും നാല് മാസം ഗര്‍ഭമുണ്ടായിരുന്ന മഹതി ഒരു പാറയില്‍ വീണ് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. അവരുമായി പോരാട്ടത്തിനൊരുങ്ങിയ കിനാനയെ അബൂസുഫ്‌യാന്‍തടയുകയും രംഗം ശാന്തമാകുമ്പോള്‍ അവരെ നിങ്ങിള്‍ യസ്‌രിബിലെത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പിന്നീട് സൈനബ്(റ) മദീനയിലെത്തുകയും അലി, ഉമാമ എന്നീ രണ്ട് മക്കളോടൊപ്പം സമാധാനത്തോടെ ജീവിക്കുകയും ചെയ്തു. ആയിടക്കാണ് മക്കയില്‍ നിന്ന് ശാമിലേക്ക് കച്ചവടത്തിന് പോയിരുന്ന ഒരു സംഘത്തെ സൈദ്ബ്‌നുഹാരിസയുടെ നേതൃത്വത്തില്‍ മുസ്ലിം സംഘം തടഞ്ഞുവെച്ച് അവരുടെ ധനം മുഴുവന്‍ പിടിച്ചടക്കുകയും ആളുകളെ ബന്ധിയാക്കാന്‍ ശ്രമിക്കുകയുമുണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന അബുല്‍ആസ്വ് നേരം ഇരുട്ടിയപ്പോള്‍ മദീനയില്‍ സൈനബിന്റെ വീട്ടിലെത്തി അഭയം തേടി. മഹതി അദ്ദേഹത്തിന് അഭയം നല്‍കുകയും, സ്വുബ്ഹി നിസ്‌കാരനേരത്ത് ഇക്കാര്യം വിളിച്ചുപറയുകയും ചെയ്തു. ഉണ്ടായകാര്യങ്ങളെല്ലാം സൈനബിനെ ബോധ്യപ്പെടുത്തിയ അബുല്‍ആസ്വ് മുസ്‌ലിമാവാന്‍ വന്നതല്ലെന്ന് തറപ്പിച്ച് പറയുകയും, മക്കക്കാര്‍ തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്ന മുഴുവന്‍ വസ്തുവഹകളും അവര്‍ക്ക് തന്നെ തിരികെ നല്‍കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു.
എല്ലാം തിരികെ ലഭിച്ച അബുല്‍ആസ്വ് ഉടനെ മക്കയിലെത്തി എല്ലാവര്‍ക്കും നല്‍കാനുള്ളത് തിരിച്ചേല്‍പിച്ചെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അവരുടെ മുമ്പില്‍ വെച്ച് തന്റെ ഇസ്‌ലാമാശ്ലേഷണം വെളിപ്പെടുത്തുകയുണ്ടായി. മദീനയില്‍ തിരികയെത്തിയ അദ്ദേഹത്തെ കണ്ട് മുത്ത്‌നബി(സ്വ)യും സ്വഹാബതും അതിരറ്റ് സന്തോഷിക്കുകയും സൈനബുമായുള്ള വൈവാഹികബന്ധം പുനസ്ഥാപിച്ചുനല്‍കുകയും ചെയ്തു. ഹിജ്‌റ എട്ടാം വര്‍ഷമാണ് ഇതെല്ലാം സംഭവിച്ചത്.
സൈനബ്(റ) പഴയ വീഴ്ചയില്‍ പറ്റിയ ആഘാതത്തില്‍ ലോകത്തോട് വിടപറഞ്ഞു. മഹതിക്ക് ശേഷം അബുല്‍ആസ്വ് നാല് വര്‍ഷം കൂടി ജീവിച്ചു. സ്വിദ്ദീഖ്(റ)ന്റെ കാലത്ത് അദ്ദേഹവും ഇഹലോകവാസം വെടിഞ്ഞു. അവരുടെ പുത്രന്‍ അലി ചെറുപ്പത്തിലേ മരിച്ചു. പുത്രി ഉമാമയെ അലി(റ)ഫാത്വിമബീബിയുടെ മരണശേഷം വിവാഹവും ചെയ്തു.
റുഖയ്യബീബി(റ)യാണ് നബിപുത്രിമാരില്‍ മൂത്തവള്‍. നബി(സ്വ)യുടെ മുപ്പത്തിമൂന്നാം വയസ്സിലാണ് മഹതി ജനിക്കുന്നത്. സുന്ദരിയായിരുന്ന അവരെയും സഹോദരി ഉമ്മുകുല്‍സുവിനേയും നബി(സ്വ)യുടെ പിതൃസഹോദരന്‍ അബ്ദുല്‍ഉസ്സാ(അബൂലഹബ്) തന്റെ പുത്രന്‍മാരായ ഉത്ബക്കും, ഉതൈബക്കും വിവാഹന്വേഷണം നടത്തുകയും മുഹമ്മദ്‌നബി(സ്വ) സമ്മതിക്കുകയും ചെയ്തു. പ്രവാചകത്വവുമായി തിരുനബി(സ്വ) കടന്നുവന്നപ്പോള്‍ അബൂലഹബും, ഭാര്യ ഉമ്മുജമീലയും നബിയെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പരമാവധി ശല്യം ചെയ്യാനും തുടങ്ങി. പരസ്യപ്രബോധനത്തിന്റെ പ്രഥമ പടിയെന്നോണം സ്വഫാ കുന്നിനു താഴെ തന്റെ കുടുംബങ്ങളെ മുഴുവന്‍ ഒരുമിച്ചുകൂട്ടി സത്യദീനിന്റെ സന്ദേശം മുഹമ്മദ്‌നബി(സ്വ) പരസ്യമായിപ്പറഞ്ഞപ്പോള്‍ തിരുനബിക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ അബൂലഹബിനേയും, ഈ വിഷയത്തില്‍ അവന്റെ കൂടെ നിന്ന ഭാര്യ ഉമ്മുജമീലിനേയും വിമര്‍ശിച്ച് ഖുര്‍ആനിലെ സൂറതുല്‍മസദ് ഇറങ്ങുകയുണ്ടായി. അത് റുഖയ്യബീബിയുമായുള്ള ഉത്ബയുടെ വിവാഹബന്ധം ഒഴിവാകാന്‍ നിമിത്തമായി.
അതിന് ശേഷം ഉസ്മാന്‍(റ) മഹതിയെ വിവാഹം കഴിച്ചു. മുസ്‌ലിംകളോടുള്ള ഖുറൈശികളുടെ ശാത്രവത്തം വര്‍ദ്ധിപ്പിച്ചപ്പോള്‍ നുബുവ്വതിന്റെ അഞ്ചാം വര്‍ഷം എത്യോപ്യയിലേക്ക് പാലായനം ചെയ്യാന്‍ നബിതങ്ങളുടെ നിര്‍ദേശം ലഭിച്ചപ്പോള്‍ ഉസ്മാനുബ്‌നുമള്ഊന്‍(റ)ന്റെ നേതൃത്വത്തില്‍ ഹിജ്‌റപോയവരുടെ കൂട്ടത്തില്‍ ഉസ്മാന്‍(റ)വും ഭാര്യ റുഖയ്യയും ഉണ്ടായിരുന്നു. മക്കക്കാര്‍ എല്ലാവരും ഇസ്‌ലാം സ്വീകരിച്ചെന്ന വാര്‍ത്തകേട്ട് അവരില്‍ പലരും മക്കയിലേക്ക് തന്നെ മടങ്ങി. എന്നാല്‍ ഖുറൈശികളുടെ മുസ്‌ലിം വിരോധത്തിന് യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. വീണ്ടും ഏത്യോപ്യയിലേക്ക് പാലായനം ചെയ്യാന്‍ അനുമതി ലഭിച്ചപ്പോഴും ഇരുവരും ഹിജ്‌റപോയി. പിന്നീട് അവിടെനിന്നാണ് ഇരുവരും മദീനയിലേക്ക് എത്തുന്നത്. ഇരുവര്‍ക്കും ജനിച്ച ഏക പുത്രനാണ് അബ്ദുല്ലാഹ്. കണ്ണിന് കോഴിയുടെ കുത്തേറ്റ് ചെറുപ്പത്തില്‍ തന്നെ ആ പുത്രനും വിടപറഞ്ഞിരുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷമായപ്പോഴേക്ക് മഹതി രോഗിണിയായി. നബി(സ്വ)യും സ്വഹാബത്തും ബദ്‌റിലേക്ക് പുറപ്പെട്ടപ്പോള്‍ മഹതിയെ ശുഷ്രൂഷിക്കാന്‍ നബി(സ്വ) ഉസ്മാന്‍(റ)നെ മദീനയില്‍ നിര്‍ത്തുകയും ബദ്‌റില്‍ പങ്കെടുത്തവരുടെ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. യുദ്ധം വിജയിച്ച സന്തോഷവാര്‍ത്തയുമായി സൈദ്ബ്‌നുഹാരിസ(റ) മദീനയില്‍ അണയുന്ന ദിവസം തന്നെയാണ് മഹതി റുഖയ്യയുടെ മരണവും സംഭവിച്ചത്.
നബി(സ്വ)യുടെ മൂന്നാമത്തെ പുത്രിയാണ് ഉമ്മുകുല്‍സൂം(റ). അബൂലഹബിന്റെ പുത്രന്‍ ഉതൈബയാണ് മഹതിയെ വിവാഹം ചെയ്തിരുന്നത്. സൂറതുല്‍മസദ് ഇറങ്ങിയ പശ്ചാതലത്തില്‍ അദ്ദേഹം നബി(സ്വ)യുടെ അരികിലെത്തി ഇങ്ങനെ പറഞ്ഞു:''എനിക്ക് നിങ്ങളുടെ മതത്തില്‍ വിശ്വാസമില്ല. അതിനാല്‍ നിങ്ങളുടെ മകളുമായുള്ള വിവാഹബന്ധം ഞാന്‍ വേര്‍പെടുത്തുകയാണ്''. ശേഷം നബി(സ്വ)യുടെ ഖമീസ് പിടിച്ച് കീറുകയും ശല്യം ചെയ്യുകയുമുണ്ടായി.അന്നേരം അവനെതിരെ തിരുനബി(സ്വ)നടത്തിയ പ്രാര്‍ത്ഥനാഫലമായി ശാമിലേക്കുള്ള യാത്രമദ്ധ്യേ ഒരു ഹിംസ്രജീവി അവന്റെ തല കടിച്ചുകീറുകയാണുണ്ടായത്.
ഉസ്മാന്‍(റ)ന്റെ ഭാര്യ റുഖയ്യ(റ)മരണപ്പെട്ടപ്പോള്‍ തന്റെ മകള്‍ ഹഫ്‌സ്വയെ വിവാഹം ചെയ്യാന്‍ ഉമര്‍(റ)അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. ഈ വിഷയം മുഹമ്മദ്‌നബി(സ്വ)യോട് പരാതിബോധിപ്പിച്ചപ്പോള്‍ ''ഉസ്മാന് ഹഫ്‌സ്വയേക്കാള്‍ നല്ല ഭാര്യയേയും, ഹഫ്‌സ്വക്ക് ഉസ്മാനേക്കാള്‍ നല്ല ഭര്‍ത്താവിനേയും അല്ലാഹു നല്‍കട്ടെ'' എന്ന് തിരുനബി(സ്വ)ആശീര്‍വദിച്ചു. ഹിജ്‌റ മൂന്നാം വര്‍ഷം മുഹമ്മദ്‌നബി(സ്വ) ഹഫ്‌സ്വ ബീബിയെ വിവാഹം ചെയ്യുകയും, തന്റെ മകള്‍ ഉമ്മുകുല്‍സൂമിനെ ആ വര്‍ഷം റബീഉല്‍അവ്വലില്‍ ഉസ്മാന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. റുഖയ്യയെ വിവാഹം ചെയ്തപ്പോള്‍ നല്‍കിയ അതേ അളവില്‍ മഹ്‌റ് നല്‍കിയാണ് ഉമ്മുകുല്‍സൂമിനേയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഉസ്മാന്‍(റ) നികാഹ് ചെയത് കൊടുത്തത്. റുഖയ്യക്ക് ശേഷം ഉമ്മുകുല്‍സൂമിനെ കൂടി വിവാഹം ചെയ്തത് കാരണം ഇരട്ടപ്രകാശത്തിനുടമ (ദുന്നൂറൈന്‍)യെന്നാണ് ഉസ്മാന്‍(റ) ചരിത്രത്തിലറിയപ്പെട്ടത്.
ഹിജ്‌റ ആറാം വര്‍ഷം മക്കയിലേക്ക് ഉംറ ചെയ്യാന്‍ നബി(സ്വ)യും സ്വഹാബതും പോയ കൂട്ടത്തില്‍ ഉസ്മാന്‍(റ)ന്റെ കൂടെ ഭാര്യ ഉമ്മുകുല്‍സൂമും ഉണ്ടായിരുന്നു. പിന്നീട് നടന്ന ബൈഅതുര്‍രിള്‌വാനിലും അവര്‍ പങ്കെടുത്തു. ഹിജ്‌റ ഒമ്പതാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് മഹതി വിടപറഞ്ഞത്. മദീനയില്‍ തന്നെ മറവ് ചെയ്യപ്പെട്ടു. മക്കളാരും ഉണ്ടായിരുന്നില്ല. മുത്തുനബി(സ്വ)യുടെ രണ്ടാം മകള്‍ കൂടി മരണപ്പെട്ടപ്പോള്‍ ഉസ്മാന്‍(റ) സങ്കടം അടക്കാനാവാതെ കരയുന്നത് കണ്ട തിരുനബി(സ്വ്) അദ്ദേഹത്തോട് പറഞ്ഞു:''എനിക്ക് നാല്‍പ്പ്ത് പെണ്‍മക്കളുണ്ടാകുമായിരുന്നെങ്കില്‍ അവരിലോരോരുത്തരേയും താങ്കള്‍ക്ക് ഞാന്‍ വിവാഹം ചെയ്ത് തരുമായിരുന്നു''.
തിരുനബി(സ്വ)യുടെ ഏറെ പ്രിയപ്പെട്ട മകളും, സ്വര്‍ഗസ്ത്രീകളുടെ നേതാവും, അഹ്‌ലുബൈതിലെ സയ്യിദുമാരുടെ മാതാവുമായ ഫാത്വിമബീബിയാണ് മുഹമ്മദ്‌നബി(സ്വ)യുടെ വിയോഗാനന്തരം ജീവിച്ചിരുന്ന ഏകപുത്രി. അവരുടെ ജന്‍മവര്‍ഷത്തില്‍ അഭിപ്രായാന്തരങ്ങള്‍ കാണുന്നുണ്ട്. പ്രബലാഭിപ്രായപ്രകാരം നുബുവ്വതിന്റെ അഞ്ച് വര്‍ഷം മുമ്പ് നബി(സ്വ)യുടെ മുപ്പത്തിഅഞ്ചാം വയസ്സില്‍ കഅ്ബയുടെ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍അസ്‌വദ് വെച്ച് പ്രശ്‌നപരിഹാരം നടത്തിയ സന്ദര്‍ഭത്തിലാണ് പുത്രിയുടെ ജനനസന്തോഷ വാര്‍ത്ത നബിയുടെ കാതില്‍ പതിയുന്നത്. ഫാത്വിമയെന്ന് പേര് വിളിച്ചതോടൊപ്പം സഹ്‌റാഅ് എന്ന സ്ഥാനപ്പേര് വിളിക്കുകയും ചെയ്തു.
ജ്യേഷ്ടസഹോദരിമാരുടേയും ഉമ്മയുടേയും കൂടെ സസന്തോഷം കഴിഞ്ഞിരുന്ന മഹതി സഹോദരിമാരുടെ വിവാഹങ്ങള്‍ക്ക് ശേഷം ഉമ്മയുടെ കൂടെ കഴിഞ്ഞു. ഉമ്മയുടേയും ഉപ്പയുടേയും സമ്പൂര്‍ണ പരിലാളനയും സ്‌നേഹവായ്പും വേണ്ടുവോളം ആസ്വദിക്കുവാന്‍ ഈ വേളയില്‍ അവര്‍ക്ക് സാധ്യമായി. ഹിറാഗുഹയില്‍ ഏകാന്തനായി ധ്യാനമനുഷ്ടിക്കാന്‍ തിരുനബി(സ്വ) പോകുന്നതെല്ലാം ഫാത്വിമ(റ)യുടെ മനസ്സില്‍ പച്ചപിടിച്ചുനില്‍കുന്ന ഓര്‍മകളായിരുന്നു. പ്രബോധനജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അവിടുന്ന് അനുഭവിച്ച കുത്തുവാക്കുകളും പരിഹാസങ്ങളുമെല്ലാം ഫാത്വിമ(റ)യെ വല്ലാതെ വേദനിപ്പിച്ചു. കഅ്ബയുടെ ചാരത്ത് വെച്ച് തിരുനബി(സ്വ) നിസ്‌കരിക്കുമ്പോള്‍ ഉഖ്ബതുബ്‌നുഅബീമുഐത്വ് കൊണ്ടുവന്നിട്ട കുടല്‍മാല എടുത്തുമാറ്റിയതും കഴുകിക്കൊടുത്തതും ഫാത്വിമബീബിയായിരുന്നു.
അബൂബകര്‍(റ), ഉമര്‍(റ) തുടങ്ങിയ പ്രമുഖരെല്ലാം വിവാഹന്വേഷണം നടത്തിയെങ്കിലും അലി(റ) നാണ് പ്രിയപ്പട്ട മോളെ നബി(സ്വ) വിവാഹം ചെയ്ത്‌കൊടുത്തത്. നാനൂറ് മിസ്ഖാല്‍ വെള്ളിക്കാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഹിജ്‌റ ഒന്നാം വര്‍ഷം റജബില്‍ ആ വിവാഹം നടന്നത്. രണ്ടാം വര്‍ഷം മുഹര്‍റം മാസത്തില്‍ കല്യാണസദ്യയും നടത്തി. ഇരുവര്‍ക്കും അവരുടെ സന്താനപരമ്പരക്കും ബര്‍കതിന് വേണ്ടി നബി(സ്വ)ദുആ ചെയ്തു.
ഇരുവര്‍ക്കിടയിലും പലപ്പോഴും പിണക്കങ്ങളും മറ്റും ഉടലെടുത്തപ്പോള്‍ എല്ലാം നബി(സ്വ) രമ്യമായി പരിഹരിച്ചു. ഒരുവേള അബൂജഹ്‌ലിന്റെ പുത്രിയെ വിവാഹം കഴിക്കാന്‍ അലി(റ) ചില നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഫാത്വിമബീബിക്കും നബി(സ്വ)ക്കും അത് ഇഷ്ടപ്പെട്ടില്ല. നബി(സ്വ) പരസ്യമായിത്തന്നെ അത് തന്റെ പ്രഭാഷണത്തില്‍ സൂചിപ്പിക്കുയുണ്ടായി. ''എന്റെ മകളെ ത്വലാഖ് ചൊല്ലിയശേഷമല്ലാതെ അബൂത്വാലിബിന്റെ പുത്രന് അംറുബ്‌നുഹിശാമിന്റെ പുത്രിയെ വിവാഹം ചെയ്യാന്‍ സാധിക്കുകയില്ല'' എന്ന് പോലും അവിടുന്ന് പറയുകയുണ്ടായി. അവസാനം അലി(റ) ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയുണ്ടായി.
ഫാത്വിമബീബി(റ)യെ ഏറെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് നബി(സ്വ) കണ്ടിരുന്നത്. വരുമ്പോഴെല്ലാം എഴുന്നേറ്റ് നിന്ന് ചുംബിക്കുകയും, കൈപിടിച്ച് സ്ഥാനങ്ങളില്‍ ഇരിത്തുകയും ചെയ്യുമായിരന്നു.
മുത്ത്‌നബി(സ്വ)മരണരോഗത്തില്‍ കിടക്കുമ്പോള്‍ തന്നെ തന്റെ വിയോഗാനന്തരം കുടുംബത്തില്‍ നിന്ന് ആദ്യമായി പരലോകത്തേക്ക് കടന്നുവരുന്നത് ഫാത്വിമയായിരിക്കും എന്ന് മഹതിയോട് സൂചിപ്പിച്ചിരുന്നു. മുത്ത്‌നബി(സ്വ)യെ മറവ് ചെയ്ത് തിരിച്ചുവരുന്ന അനസ്(റ)കണ്ടപ്പോള്‍ ഫാത്വിമബീബി(റ) അവരോട് ചോദിച്ചു; 'മുത്ത് നബി(സ്വ)യുടെ ശരീരത്തിലേക്ക് മണ്ണ് വാരിയെറിയാന്‍ നിങ്ങള്‍ക്ക് എങ്ങിനെയാണ് മനസ്സ് വന്നത്'.
തിരുനബി(സ്വ)യുടെ വഫാതിന് ശേഷം അല്‍പകാലം കഴിഞ്ഞപ്പോള്‍ മഹതിക്ക് രോഗം ബാധിച്ചു. അബൂബകര്‍(റ) തന്റെ ഭാര്യയായിരുന്ന അസ്മാഅ് ബിന്‍തു ഉമൈസിനെ അവരെ ശുശ്രൂഷിക്കാന്‍ വേണ്ടി പറഞ്ഞയിച്ചു. ഹിജ്‌റ പതിനൊന്നാം വര്‍ഷം റമളാന്‍ മൂന്നിന് ഇരുപത്തിഒമ്പതാം വയസ്സിലാണ് മഹതി വിടപറയുന്നത്. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, സൈനബ്, ഉമ്മുകുല്‍സൂം എന്നീ അഞ്ച് മക്കളാണവര്‍ക്കുണ്ടായിരുന്നത്.
ലോകസ്ത്രീകളില്‍ നാല് പേരാണ് മഹതികളായത്. ഇംറാന്‍പുത്രിമര്‍യം, ഫിര്‍ഔന്റെ ഭാര്യ മുസാഹിമിന്റെ മകള്‍ ആസിയ, ഖദീജബീബി, നബി(സ്വ)യുടെ പുത്രി ഫാത്വിമ(റ) എന്നിവരാണവര്‍. തിരുനബി(സ്വ)യുടെ വിയോഗാനന്തരം ഇവിടെ ഇട്ടേച്ചുപോയ രണ്ട് അമൂല്യനിധികളില്‍ ഒന്ന് അഹ്‌ലുബൈതാണ്. ഫാത്വിമബീബിയുടെ സന്താനങ്ങളായ ഹസന്‍, ഹുസൈന്‍ എന്നിവരിലൂടെയാണ് ആ കുടുംബം ഇവിടെ ലോകത്ത് നിലനിന്നത്. അവരുടെയെല്ലാം ഉമ്മയാണ് ഫാത്വിമബീബി(റ).
അവലംബങ്ങള്‍
1- സുബുലുല്‍ഹുദാ വര്‍റശാദ് ഫീ സീറതിഖൈരില്‍ഇബാദ്, മുഹമ്മദ്ബ്‌നുയൂസുഫ്അശ്ശാമി, കെയ്‌റോ, 1995, വാള്യം 11, പേജ് 442മുതല്‍.
2-അബ്‌നാഉന്നബിയ്യ്(സ്വ), ഇബ്‌റാഹീംമുഹമ്മദ്ഹസന്‍ജമല്‍, ദാറുല്‍ഫളീല, കെയ്‌റോ,
3- നൂറുല്‍അബ്‌സ്വാര്‍ഫീമനാഖിബിആലിബൈതിന്നബിയ്യില്‍മുഖ്താര്‍, മുഅ്മിന്‍ബിന്‍ഹുസൈന്‍അശ്ശിബ്ലന്‍ജി, അല്‍മക്തബതുത്തൗഫീഖിയ്യ
Post a Comment