ഡോ. ഇസ്മാഈല്‍ ഹുദവി. ചെമ്മലശ്ശേരി


അല്ലാഹുവിന്റെ ഓരോ സൃഷ്ടികള്‍ക്കും പ്രത്യേകമായ ലക്ഷ്യവും ധര്‍മ്മവും അവന്‍ ലക്ഷീകരിച്ചിട്ടുണ്ട്. സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യരുടെ ജീവിതലക്ഷ്യമെന്തെന്ന് കൃത്യമായി അല്ലാഹു ഖുര്‍ആനില്‍ വിവരിച്ചത് കാണാം. അല്ലാഹുവിന്റെ ഖലീഫയായി ഭൂമിയില്‍ വസിക്കുന്ന മനുഷ്യര്‍ അവന്റെ നിയമചിട്ടകള്‍ക്കൊത്ത് ക്രമപ്രവൃദ്ധമായ ജീവിതം നയിക്കണമെന്നാണ് സ്രഷ്ടാവിന്റെ ആഹ്വാനം. 

സമൂഹത്തിന്റെ അസ്തിത്വഘടകങ്ങളായ സ്ത്രീയും പുരുഷനും സൃഷ്ടിവൈജാത്യങ്ങളോടൊപ്പം സ്വഭാവ, സിദ്ധി വ്യതിയാനങ്ങളും ഒരുപാടുള്ളവരാണ്. ലോകത്തുള്ള ഒരു വസ്തുവും മറ്റൊന്നിനോട് പൂര്‍ണ്ണതുല്യത നിലനിര്‍ത്തുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം, ഒരു വ്യക്തിയിലെ ഒരേ അവയവങ്ങള്‍പോലും തുല്യതപാലിക്കുന്നില്ലെന്ന് നാം മനസ്സിലാക്കണം. നമ്മുടെ കൈവിരലുകള്‍ക്കിടയിലെ വ്യതിയാനം തന്നെ നമുക്കിത് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. അപ്പോള്‍ അതുല്യതയാണ് വ്യക്തിത്വത്തിന്റെ അടിസ്ഥാനമെന്നും വ്യതിരക്തതയാണ് അസ്തിത്വങ്ങളുടെ മാനദണ്ഡമെന്നും ആദ്യമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളായ സ്ത്രീയും പുരുഷനും എല്ലാ വിഷയത്തിലും തുല്യരായിരിക്കണമെന്ന് വാദിക്കുന്നവരുണ്ട്. മതത്തിനെതിരെ പ്രത്യേകിച്ച് ഇസ്‌ലാമിനെതിരെ ഈ വിഷയത്തിലൂന്നിയാണ് അവര്‍ ആരോപണങ്ങളുന്നയിക്കുന്നത്. അപ്രായോഗിക സമത്വത്തിന് പകരം നീതിയാണ് ഇസ്‌ലാം അടിസ്ഥാനഘടകമായിക്കാണുന്നത്. ഓരോ സൃഷ്ടിക്കും അര്‍ഹമായ നീതി ലഭ്യമാക്കുവാന്‍ ഓരോരുത്തരോടും അല്ലാഹു ആഹ്വാനം ചെയ്യുന്നുണ്ട്. ''വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെയാളുകള്‍ക്ക് തിരിച്ചുകൊടുക്കാനും ജനമധ്യേ വിധികല്‍പ്പിക്കുമ്പോള്‍ അതു നീതിപൂര്‍വ്വകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവന്‍ നിങ്ങള്‍ക്കു നല്‍കുന്നത്!. നന്നായി കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണവന്‍(അന്നിസാഅ് 58). 

എന്നാല്‍ തഖ്‌വയും നന്‍മയും അടിസ്ഥാനപ്പെടുത്തി അല്ലാഹുവിന്റെ അടുത്തുള്ള സ്ഥാനം പരിഗണിക്കുന്നതില്‍ ഇരുവരും തുല്യരാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിന്‍മക്ക് പകരം ശിക്ഷ നല്‍കപ്പെടുന്നിടത്തും ഇങ്ങനെത്തന്നെയാണ് ''ഒരാള്‍ ഒരു തിന്‍മ ചെയ്താല്‍ തത്തുല്യപ്രതിഫലമേ നല്‍കപ്പെടൂ. സത്യവിശ്വാസിയായി സല്‍കര്‍മ്മമനുഷ്ടിക്കുന്നത് ആരോ - പുരുഷനോ സ്ത്രീയോ ആവട്ടെ - അവര്‍ സ്വര്‍ഗപ്രാപ്തരാകുന്നതും അവര്‍ക്കവിടെ  കണക്കില്ലാത്ത ഉപജീവനം നല്‍കപ്പെടുന്നതുമാകുന്നു'(സൂറതുഗാഫിര്‍ 40). 'നിശ്ചയം അല്ലാഹുവിന് കീഴ്‌പ്പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈകൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധര്‍മനിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും- ഇവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു''(അഹ്‌സാബ് 35)

അല്ലാഹുവിന്റെ അടിമകളെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും നിരവധി ബാധ്യതകളും കടപ്പാടുകളുമുള്ളത് പോലെ മനുഷ്യരെന്ന നിലയില്‍ നിരവധി അവകാശങ്ങളുമുണ്ട്. ബാധ്യതകള്‍ നിര്‍വ്വഹിച്ചാല്‍ അല്ലാഹു അവര്‍ക്ക് പലകാര്യങ്ങളും ചെയ്തുകൊടുക്കാമെന്നേറ്റെടുത്തിട്ടുണ്ട്. മതം അനുശാസിക്കുന്ന വിധം അല്ലാഹുവിനെ പൂര്‍ണ്ണമായി ആരാധിക്കലാണ് മനുഷ്യരുടെ(സ്ത്രീപുരുഷ ഭേദമന്യേ) ബാധ്യതയെങ്കില്‍ അവരെ ശിക്ഷിക്കാതെ പ്രതിഫലം നല്‍കലാണ് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തത്. നബി(സ്വ) ചോദിച്ചു മുആദേ, മനുഷ്യര്‍ അല്ലാഹുവിനോട് നിവര്‍ത്തിക്കേണ്ട ബാധ്യകളേതെല്ലാമെന്ന് അറിയുമോ? ഇല്ല നബിയേ. നബി(സ്വ) പറഞ്ഞു അല്ലാഹുവിനോട് ഒന്നും പങ്ക് ചേര്‍ക്കാതെ യഥാവിധി ആരാധിക്കലാണ്. ഇത് അവര്‍ അനുസരിച്ചാല്‍ അല്ലാഹു തിരികെ നല്‍കുന്നതെന്തന്നറിയുമോ? ഇല്ല. നബി(സ്വ) പറഞ്ഞു: അവരെ ശിക്ഷിക്കാതിരിക്കല്‍(മുസ്‌ലിം). ഈ ബാധ്യതയില്‍ സ്‌ത്രൈണ പൗരുഷത്തിന് യാതൊരു റോളുമില്ല. ഇരുവരും തുല്യരാണ്. അതിന് പകരം ലഭിക്കുന്ന അവകാശത്തിലും തഥൈവ. എന്നാല്‍ പുരുഷനുബാധ്യതയുള്ള ചില കാര്യങ്ങള്‍ സ്ത്രീകള്‍ക്കില്ലാതെയും പുരുഷന് ബാധ്യതയില്ലാതെ സ്ത്രീകള്‍ മാത്രം നിര്‍വ്വഹിക്കേണ്ട ചില ചുമതലകളും ശരീഅത്തിന്റെ നിയമങ്ങളില്‍ കാണുന്നത് സ്‌ത്രൈണപൗരുഷ മാനദണ്ഡത്തിലല്ല, മറിച്ച് സമൂഹത്തിന്റെ സുസ്ഥിതി നിലനിറുത്തുന്നതിനും മറ്റും സ്രഷ്ടാവ് കണ്ട ഹിക്മതിന്റെയും മറ്റുബാഹ്യഘടകങ്ങളുടേയും മാനദണ്ഡത്തിലാണ്. ആണുങ്ങളില്‍ തന്നെ ബാഹ്യകാരണങ്ങള്‍ നിമിത്തം ഒരു വിഷയത്തില്‍ വ്യത്യസ്ത വിധികളുണ്ടാകുന്ന സാഹചര്യം നമുക്ക് കണ്ടെത്താനാവും. സ്ത്രീകളിലും ഇത് പോലെയുണ്ട്. ഉദാഹരണങ്ങള്‍ നിരവധി നമുക്ക് നിരത്തുവാന്‍ കഴിയും.

വിശേഷബുദ്ധിയും ചിന്താശേഷിയും നല്‍കി ആദരിക്കപ്പെട്ട മനുഷ്യന്‍ അവനുള്‍ക്കൊള്ളുന്ന സമുഹം താളബന്ധിതമായി ചിട്ടയില്‍ നിലനില്‍ക്കാന്‍ ശ്രമിക്കേണ്ടവനാണ്. സ്ത്രീപുരുഷ വിഭാഗങ്ങള്‍ക്ക് ചില സവിശേഷതകള്‍ നല്‍കി അല്ലാഹു അവരെ സൃഷ്ടിച്ചത് സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനായി ഇരുവിഭാഗവും പ്രത്യേക കടമകള്‍ നിര്‍വ്വഹിക്കുവാന്‍ വേണ്ടിയാണ്. ഇരുവിഭാഗവും കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ അവരുടെ അവകാശങ്ങളും കൃത്യമായി നേടുവാനും ഗുണഫലങ്ങള്‍ ആസ്വദിക്കുവാനും ഇത് വഴി സാധ്യമാകുന്നതാണ്.

സമൂഹഘടനയില്‍ കുടുംബസംവിധാനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം അവരുടെ ചുമതലകള്‍ നിര്‍വ്വഹികുന്നതിലൂടെ ഇരുവരും അവകാശങ്ങള്‍ നേടിയെടുക്കുന്നയിടമാണ് കുടുംബം. കുടുംബജീവിതത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ സുഗമമായ പ്രയാണത്തിന് ഉത്തരവാദിത്വങ്ങള്‍ ആണിനും പെണ്ണിനും വിഭജിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊരു സംവിധാനത്തിനും മൊത്തത്തില്‍ നേതൃത്വം നല്‍കുന്ന ഒരു ലീഡര്‍ ഉണ്ടാവുന്നത് അനിവാര്യമാണ്. ലീഡറില്ലാത്ത സംവിധാനം ഓര്‍ഡറിലാകില്ലെന്നത് അനുഭവബോധ്യമാണല്ലോ. മൂന്നാളുകള്‍ യാത്രപോകുമ്പോള്‍ പോലും ഒരാളെ അവര്‍ യാത്രാനായകനാക്കണമെന്ന് മുഹമ്മദ് നബി(സ്വ) ആഹ്വാനം നല്‍കിയിട്ടുണ്ട്. കുടുംബസംവിധാനത്തില്‍ സ്ത്രീയുടെ സംരക്ഷണവും നിയന്ത്രണവും ഏറ്റെടുക്കാന്‍ ചില മേന്‍മകള്‍ പുരുഷനുള്ളത് കൊണ്ട് കുടുംബനാഥനായി പുരുഷനാണ് നിയമിക്കപ്പെടുന്നത്. രാഷ്ട്രത്തിന് തന്റെ മേല്‍ നിയന്ത്രണാധികാരം ഒരുപൗരന്‍ വകവെച്ച് കൊടുക്കുന്നത് പകരം രാഷ്ട്രത്തില്‍ സുരക്ഷിതമായി തനിക്ക് ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. ഇതൊരിക്കലും വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കലാണെന്ന് ആരും പറയില്ലല്ലോ. 

'പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയത് കൊണ്ടും ആണുങ്ങള്‍ സമ്പത്തു ചിലവഴിക്കുന്നതിനാലുമാണിത്'' എന്ന സൂക്തം വിമര്‍ശകര്‍ ഇസ്‌ലാം ആണധികാരത്തിന്റെ പ്രത്യേയശാസ്ത്രമാണെന്നതിന് പിന്‍ബലമായി ഉദ്ധരിക്കാറുണ്ട്. ഈ ആയത്തിന് പൗരാണിക മുഫസ്സിറുകളും ആധുനിക മുഫസ്സിറുകളും നല്‍കിയ വ്യാഖ്യാനങ്ങള്‍ കൃത്യമായി പഠിച്ചു നോക്കിയാല്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാമിനോളം നീതി ഉറപ്പ് വരുത്തിയ മറ്റൊരു പ്രത്യേയശാസ്ത്രവുമില്ലെന്ന് തറിപ്പിച്ച് പറയാന്‍ കഴിയും. ആരോഗ്യവും ശാരീരികക്ഷമതയും കൂടുതലുള്ള പുരുഷനാണ് കുടുംബത്തിന്റെ ചിലവുകള്‍ വഹിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.  ജീവിതോപാദികള്‍ കണ്ടെത്തി സ്വകുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ച് പൂര്‍ണമായി അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ആണിനാണുള്ളത്. അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ സ്ത്രീയേക്കാള്‍ പുരുഷന് അനന്തരവിഹിതം ലഭ്യമാകുന്ന സാഹചര്യം നമുക്ക് കാണാം.  സന്താനപരിപാലനത്തിന് അവശ്യമായ ഹൃദയലോലതയും, നൈര്‍മല്യവും, അനുകമ്പയുമെല്ലാം ഏറെ നല്‍കപ്പെട്ട സ്ത്രീയാണ് കുടുംബിനിയായി മക്കളെ സംരക്ഷിക്കാനും, ഭര്‍ത്താവിന്റെ അഭാവത്തില്‍ അവന്റെ സമ്പത്ത് സംരക്ഷിക്കാനുമുള്ള ചുമതലയേല്‍പ്പിക്കപ്പെട്ടത്. ഈ കാര്യങ്ങള്‍ ഇത് പോലെ നിര്‍വ്വഹിക്കാന്‍ ഇരുവരേയും അനുവദിക്കുക എന്നതാണ് അവരോട് ചെയ്യുന്ന ഏറ്റവും വലിയ നീതി. 


സ്ത്രീ സമ്പന്നയാണെങ്കില്‍ പോലും ഭര്‍ത്താവിന്റെ ചിലവ് വഹിക്കേണ്ട ചുമതലയോ, കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയോ അവള്‍ക്കില്ല. മാത്രവുമല്ല, നിര്‍ബന്ധമായി അവള്‍ നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതോടൊപ്പം മതം അനുശാസിക്കുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് പുരുഷനെപ്പോലെ ജോലി ചെയ്യാന്‍ അവള്‍ക്ക് സാധ്യമെങ്കില്‍ ആ ജോലി നിര്‍വ്വഹിക്കുന്നതിന് യാതൊരു തടസ്സവുമില്ലതാനും. എങ്കിലും ഉദ്യോഗ തൊഴില്‍ ജോലികളും കുടുംബ സാമൂഹിക ആവശ്യങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ സമൂഹനന്‍മയില്‍ അത്യാവശ്യം, ആവശ്യം, നല്ലത് എന്ന മുന്‍ഗണനാക്രമം പാലിക്കേണ്ടി വരുമെന്ന് മാത്രം.

എന്നാല്‍ സ്ത്രീഅവകാശ സംരക്ഷകരെന്ന് പറഞ്ഞ് സ്ത്രീകള്‍ സ്വയംപര്യപ്തരാകണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നവര്‍ പാവപ്പെട്ട സ്ത്രീകളെ ജോലിഭാരങ്ങളിലേക്ക് തള്ളിവിട്ട് സാമൂഹികഭദ്രതയുടെ അടിത്തറയായ കുടുംബം ശിഥിലമാവുകയും സ്ത്രീകള്‍ സ്വയം തകരുകയും ചെയ്യുന്ന ദയനീയസ്ഥിതിയാണ് നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. 


ഇസ്‌ലാമിലെ അനന്തരവിഹിതനിയമം എടുത്തിട്ട് ഇസ്‌ലാമില്‍ സാമ്പത്തികാസമത്വം ഉണ്ടെന്ന് ഘോഷിക്കുന്നവരുണ്ട്. സൂറതുന്നിസാഇലെത്തന്നെ 11 ആം സൂക്തത്തിലുള്ള ''ആണിനു രണ്ടു പെണ്ണിന്റെയത്ര വിഹിതമുണ്ട്'' എന്ന ശകലം പിടിച്ചാണ് കൊട്ടും കൊരവയുമായി അവര്‍ വരാറുള്ളത്. അനന്തരമോഹരിയിലെ പൊതുനിയമമാണിതെന്ന് തെറ്റിദ്ധരിച്ചവരില്‍ വിശ്വാസികള്‍ പോലുമുണ്ടെന്നാണ് സത്യം.. യഥാര്‍ത്ഥത്തില്‍ അനന്തരനിയമത്തില്‍ നാല് ഘട്ടത്തില്‍ മാത്രമേ ഈ നിയമം വരുന്നുള്ളൂ. പതിനാല് സ്ഥലങ്ങളില്‍ പുരുഷനേക്കാള്‍ വിഹിതമെടുക്കുന്നത് സ്ത്രീയാണ്. വിഹിതപ്രകാരം ആറ് സ്ഥലങ്ങളിലാണ് പുരുഷന്‍ അവകാശിയാകുന്നതെങ്കില്‍ പതിനഞ്ച് സ്ഥലങ്ങളില്‍ സ്ത്രീ വിഹിതപ്രകാരം തന്നെ അവകാശിയാകുന്നുണ്ട്. മുപ്പത് സ്ഥലങ്ങളില്‍ സ്ത്രീയും പുരുഷനും ഒരേ വിഹിതമെടുക്കുന്നവരുമാണ്. മാത്രവുമല്ല, മരിച്ച വ്യക്തിയുമായുള്ള അനന്തിരവന്റെ ബന്ധം, കൂടുതല്‍ ആയുസ്സ് ലഭിക്കാന്‍ സാധ്യതയുള്ളവന്‍, ചിലവ് വഹിക്കേണ്ടി വരുന്നവന്‍ എന്ന ചില ഹിക്മതുകള്‍ കൂടി ഇസ്‌ലാമിലെ അനന്തരനിയമത്തില്‍ പരിഗണിക്കപ്പെട്ട ഘടകങ്ങളാണെന്ന് പണ്ഡിതര്‍ സൂചിപ്പിച്ചിട്ടുണ്ട്. 


അധികാരവ്യവഹാരങ്ങളില്‍ സ്ത്രീയും പുരുഷനും നല്‍കപ്പെടുന്ന സമത്വമാണ് മറ്റൊരു ചര്‍ച്ച. രാഷ്ട്രനേതൃത്വം ഒഴിച്ചു നിര്‍ത്തിയാല്‍ ഇസ്‌ലാമിക ശരീഅത്തില്‍ ഗണിക്കപ്പെടുന്ന മറ്റുരാഷ്ട്രീയ പദവികളും സംരഭങ്ങളും സ്ത്രീപുരുഷന്‍മാര്‍ക്ക് തുല്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരു രാഷ്ട്രത്തിന്റെ പ്രധാനചുമതല സ്ത്രീയെ ഏല്‍പ്പിക്കുന്നത് നിഷിദ്ധമാണെന്നും ഇസ്‌ലാമികമായി ആ കരാര്‍ ശരിയാവില്ലെന്നും സ്വഹീഹായ ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതലോകം സാക്ഷ്യപ്പെടുത്തിയത് കാണാം. ഇതിന് പിന്നിലെ യുക്തി കൂടി നാം മനസ്സിലാക്കുമ്പോഴാണ് കാര്യം യഥാവിധി നമുക്ക് ബോധ്യമാവുകയുള്ളൂ. 

മുസ്‌ലിം ഖലീഫയും അല്ലെങ്കില്‍ അയാളുടെ പ്രതിനിധിയും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കേവല രാഷ്ട്രീയപ്രവര്‍ത്തനമെന്നതിലുപരി തീര്‍ത്തും മതപരമായിരിക്കും. ഉദാഹരണത്തിന് ജുമുഅഖുതുബയും ജുമുഅ നിസ്‌കാരവും ധര്‍മ്മസമരവും. സ്വയം ബാധ്യതയില്ലാത്ത വിഷയങ്ങളില്‍ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കല്‍ പ്രയാസമാകുന്നത് പോലെ, സ്വയം നിര്‍വ്വഹിച്ചാല്‍ ശരിയാകാത്ത കാര്യം മറ്റൊരാളെ ഏല്‍പ്പിക്കുന്നതും ശരിയാകില്ലെന്ന കര്‍മ്മശാസ്ത്ര നിയമവും ഇതിനോടൊപ്പം നാം ചേര്‍ത്ത് വായിക്കണം. 

ഇനി മനുഷ്യോല്‍പ്പത്തി മുതല്‍ കഴിഞ്ഞുപോയ സമൂഹങ്ങളില്‍ എത്ര വിഭാഗം അവരുടെ രാഷ്ട്രനേതാവായി സ്ത്രീകളെ തിരഞ്ഞെടുത്തിട്ടുണ്ട് എ്ന്നും നാം പരിശോധിക്കുന്നത് ഉചിതമായിരിക്കും. വിരലിലെണ്ണാവുന്ന സ്ത്രീ നാമങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ ഉന്നതാധികാരമല്ലാത്ത മറ്റു പദവികള്‍ സ്ത്രീ അവളുടെ വ്യക്തിനിയമങ്ങള്‍ കൃത്യമായി പാലിച്ച് ഏറ്റെടുക്കുന്നതിനും നിര്‍വ്വഹിക്കുന്നതിനും യാതൊരു തടസ്സവുമില്ല. 

ചുരുക്കത്തില്‍ സ്ത്രീപുരുഷ സമത്വം എന്നതൊരിക്കലും നീതിപൂര്‍വ്വകമല്ല. അത് അപ്രായോഗികമാണ്. ഓരോ വിഷയങ്ങളിലും ഓരോരുത്തര്‍ക്ക് ചില ബാധ്യതകളും കടമകളും ഉള്ളത് പോലെ മറ്റു വിഷയങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശങ്ങളുമുണ്ട്. സമൂഹത്തിന്റെ അവിഭാജ്യഘടകമായ കുടുംബത്തിന്റെ ഭദ്രതയാണ് അടിസ്ഥാനപരമായ വിഷയം. കുടുംബം സുഭദ്രമായി മുന്നോട്ട് പോകുന്നതിന് ആണുംപെണ്ണും അവരുടെ ബാധ്യതകള്‍ നിര്‍വ്വഹിക്കുകയാണ് വേണ്ടത്. ഇരുവുരും ബാധ്യതകള്‍ നിര്‍വ്വഹിക്കുമ്പോള്‍ അത് വഴി ഇരുവിഭാഗത്തിനും അവരുടെ അവകാശങ്ങള്‍ അനുഭവിക്കാന്‍ സാധ്യമാകും. ഇതിന് വേണ്ടി ഇരുവര്‍ക്കും അവകാശപ്പെട്ട നീതി നടപ്പിലാകുവാന്‍ അധികാരസ്ഥാനത്തുള്ളവര്‍ ജാഗ്രതപാലിക്കുകയാണ് വേണ്ടത്...







Post a Comment

Previous Post Next Post