മാനസികോല്ലാസവും, ആനന്ദവും, സന്തോഷവും, സമാധാനവുമാണ് സര്‍വ്വ മനുഷ്യരും കൊതിക്കുന്നത്. വേദനകളും, ദുഖങ്ങളും, സമ്മര്‍ദ്ദങ്ങളും, പരിഭവങ്ങളും നിറഞ്ഞ് നെരിപ്പോടാകുന്ന ഹൃദയത്തിന് കുളിരേകുന്നതെല്ലാം മനുഷ്യന്‍ ഇഷ്ടപ്പെടും. വ്രണിത ഹൃദയങ്ങള്‍ക്ക് ഏറ്റവും നല്ല ലേപനം ദിക്‌റ് തന്നെയാണ്. പുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റേതിനുമില്ലാത്ത പ്രത്യേകത ദിക്‌റിനുണ്ട്. ദിക്‌റ് വഴി ലഭ്യമാകുന്ന പരമാനന്ദം തന്നെയാണത്. ദിക്‌റിലൂടെ ലഭ്യമാകുന്ന പരമാനനന്ദവും, ഹൃദയശാന്തിയും അതിന് ലഭിക്കാനുള്ള മറ്റു പ്രതിഫലങ്ങളേക്കാളും സമുന്നതമാണ്. ഇത്‌കൊണ്ട് തന്നെയാണ് ദിക്‌റ് മജ്‌ലിസുകള്‍ക്ക് സ്വര്‍ഗീയാരാമം(രിയാളുല്‍ജന്ന) എന്ന് പറയപ്പെടുന്നത്. മാലിക്ബ്‌നുദീനാര്‍(റ)പറയുന്നു: ''ഇലാഹീസ്മരണ കൊണ്ടാനന്ദിക്കുന്നതിനേക്കാള്‍ മറ്റൊരാനന്ദവും ഇല്ലതന്നെ''. അല്ലാഹുവിന്റെ നാമങ്ങള്‍ ചൊല്ലിയും അവന്റെ അനുഗ്രഹങ്ങളോര്‍ത്തും, ഈ പ്രബഞ്ചത്തില്‍ അവനൊരുക്കിയ ദൃഷ്ടാന്തങ്ങളില്‍ ചിന്തിച്ചുമെല്ലാം ഇലാഹീസ്മരണയിലലിയാന്‍ സാധിക്കും. അല്ലാഹുവിനെ ഓര്‍ക്കാന്‍ സഹായിക്കുന്ന ഏതിനും ദിക്‌റ് എന്ന് പറയുമെന്നാണ് പണ്ഡിതര്‍ പഠിപ്പിച്ച്ത്. എന്നാല്‍ സ്രഷ്ടാവിന്റെ നാമങ്ങള്‍ ദിക്‌റാകുന്നതിന് മഹത്വമേറെയുണ്ട്. 'അല്ലാഹുവിനെ സ്മരിക്കുക എന്നത് ഏറ്റം മഹത്തായ കാര്യം തന്നെ'(അല്‍അന്‍കബൂത് 45) എന്നാണ് ഖുര്‍ആനികവചനം. 'അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും അവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു' (അല്‍അഹ്‌സാബ്) എന്നാണ് മമറ്റൊരു ആയതിലുള്ളത്. ''നിങ്ങള്‍ എന്നെ സ്മരിക്കുക, ഞാന്‍ നിങ്ങളേയും സ്മരിക്കും'(അല്‍ബഖറ 152) എന്ന പ്രഖ്യാപനം തന്നെയാണ് ദിക്‌റിന് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം.
അബൂഹുറൈറ(റ)പറയുന്നു: നബി(സ്വ)പറയുകയുണ്ടായി; 'അല്ലാഹുവിന് 99 നാമങ്ങളുണ്ട്. ആരെങ്കിലും അവ ഹൃദിസ്ഥമാക്കിയാല്‍ അവന്‍ സ്വര്‍ഗസ്ഥനായിരിക്കും''.(ബുഖാരി, മുസ്‌ലിം).
സ്രഷ്ടാവിന്റെ നാമങ്ങളില്‍ അല്ലാഹു എന്ന വിശുദ്ധനാമത്തിന് മഹത്വങ്ങളേറെയുണ്ട്. ഏതൊരു സത്യവിശ്വാസിയുടേയും കാതില്‍ ആദ്യമായി മുഴങ്ങുന്നതും, അന്ത്യശ്വാസം വലിക്കുമ്പോള്‍ അന്ത്യവാചകമായിപ്പറയാന്‍ കാതില്‍ പറഞ്ഞുകൊടുക്കുന്നതും ഈ നാമം തന്നെ. ആദ്യമന്ത്യങ്ങള്‍ക്കിടയില്‍ ജീവിതകാലമത്രയും മനുഷ്യന്‍ നിരന്തരം ഓര്‍ക്കേണ്ടതും, ഉരുവിടേണ്ടതും 'അല്ലാഹ്' എന്ന് തന്നെ. അല്ലാഹു എന്നുച്ചരിക്കാതെ ഒരു വ്യക്തിയും വിശ്വാസിയാവുകയില്ല. അനുസരിക്കുക, ആരാധിക്കുക, അന്ധാളിക്കുക, അഭയം പ്രാപിക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ വരുന്ന അലിഹ എന്ന അറബിപദത്തില്‍ നിന്നാണ് ഇലാഹ് എന്ന വാക്ക് നിഷ്പന്നമായത്. സ്രഷ്ടാവിന്റെ ദാസനായ മനുഷ്യന്‍ പൂര്‍ണമനസ്സോടെ അനുസരിക്കുന്നതും, ആരാധിക്കുന്നതും, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതിസന്ധിവേളകളില്‍ മനുഷ്യന്‍ അഭയം തേടുന്നതും ആരാധ്യനായ അല്ലാഹുവിലാണ്. ആ അല്ലാഹുവിനെക്കുറിച്ച് ചിന്തിച്ചാല്‍ മനുഷ്യന്‍ അന്ധാളിച്ചു പോകുമെന്നതില്‍ രണ്ടഭിപ്രായമില്ല.
അല്ലാഹ് എന്ന നാമം ലോകത്ത് ഒരാളും സ്വനാമമായി സ്വീകരിച്ചിട്ടില്ല, മറ്റൊരാള്‍ക്ക് നാമമായി ഇട്ടുകൊടുത്തിട്ടുമില്ല. 'ഞാനാണ് നിങ്ങളുടെ ഉന്നതനായ റബ്ബ്'' എന്ന് പറഞ്ഞ ഫറോവ പോലും അല്ലാഹ് എന്ന നാമം സ്വന്തമായി സ്വീകരിച്ചിട്ടില്ല. 'അവന്നു സമാനനാമമുള്ള മറ്റാരെയെങ്കിലും അറിയാമോ താങ്കള്‍ക്ക്' (മര്‍യം 16) എന്ന വാക്യത്തിന്റെ ഒരു വ്യാഖ്യാനമിതാണ് എന്ന് ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തിയത് കാണാം. ഏകനായ അല്ലാഹുവിന്റെ ആ നാമം ഏകവചനമായല്ലാതെ, ദ്വിവചനമായോ, ബഹുവചനമായോ മറ്റോ ഉപയോഗിക്കപ്പെടില്ല. അസ്മാഉല്‍ ഹുസ്‌നായിലെ ഏത് നാമങ്ങളുടേയും അര്‍ത്ഥങ്ങളില്‍ നിന്ന് എന്തെങ്കിലുമൊരംശം മനുഷ്യരില്‍ കണ്ടെത്താം. റഹീം, സ്വബൂര്‍ തുടങ്ങിയ നാമങ്ങള്‍ ഉദാഹരണം. കരുണയും, ക്ഷമയും മനുഷ്യനിലും ഉണ്ടാകുന്ന വിശേഷങ്ങളാണല്ലോ. എന്നാല്‍ പരിശുദ്ധനാമത്തിലെ ഒരംശവും സ്രഷ്ടാവല്ലാത്ത മറ്റൊരു വ്യക്തിയിലും ഉണ്ടാവുകയില്ല(അല്‍മഖ്‌സ്വദുല്‍അസ്‌നാ ഫീ അസ്മാഇല്ലാഹില്‍ ഹുസ്‌നാ- ഇമാം ഗസ്സാലി). സ്വന്തത്തെ പരിചയപ്പെടുത്താന്‍ അല്ലാഹു ഉപയോഗിച്ചതും ഈ നാമം തന്നെ. 'നിശ്ചയം ഞാനാണ് അല്ലാഹു. ഞാനല്ലാതെ ഒരു ദൈവമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനാക്കാനായി നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക'(ത്വാഹാ 14). 'ഓ മൂസാ, പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവാണ് ഞാന്‍'(അന്നംല് 9).
അറബി ഭാഷയില്‍ അല്ലാഹു എന്നെഴുതുമ്പോള്‍ അലിഫ്, ലാം, ലാം, ഹാഅ് എന്നീ നാല് അക്ഷരങ്ങളാണുള്ളത്. അതിലെ അലിഫ് കളഞ്ഞാല്‍ ലില്ലാഹി എന്ന് ലഭിക്കും. അതില്‍ നിന്ന് ഒന്നാമത്തെ ലാം കൂടി കളഞ്ഞാല്‍ ലഹു എന്ന് ലഭിക്കും. അതിലെ ലാം കൂടി കളഞ്ഞാല്‍ ഹു എന്നവശേഷിക്കും. ഒരു ലാം മാത്രം കളഞ്ഞാല്‍ ഇലാഹ് എന്നും ലഭിക്കും. എല്ലാം അല്ലാഹുവുമായി ബന്ധപ്പെട്ട അര്‍ത്ഥം നല്‍കുന്ന പദങ്ങള്‍ തന്നെ. ലില്ലാഹി എന്നാല്‍ അല്ലാഹുവിന് വേണ്ടി എന്നും, ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്നും, ലഹു എന്നാല്‍ അല്ലാഹുവിനാണ് എന്നും, ഹു എന്നാല്‍ ഹുവാ, അഥവാ അവന്‍ എന്നുമാണര്‍ത്ഥം. അല്ലാഹു എന്ന നാമത്തിന്റെ പ്രത്യേകതമാത്രമാണിത്. മറ്റു നാമങ്ങള്‍ക്കിത് കാണുക സാധ്യമല്ല. അല്ലാഹു എന്ന വാക്കിന്റെ പദാതിഷ്ടിത പ്രത്യേകതയാണിത്. ഒരു അടിമ അല്ലാഹുവേ എന്നര്‍ത്ഥത്തില്‍ 'യാഅല്ലാഹ്' എന്ന് വിളിച്ചാല്‍ സ്രഷ്ടാവിനെ മുഴുവന്‍ വിശേഷണങ്ങള്‍ കൊണ്ടും വിശേഷിപ്പിച്ചാണ് വിളിക്കുന്നത്. എന്നാല്‍ യാ റഹ്‌മാന്‍ എന്ന് വിളിക്കുമ്പോള്‍ കാരുണ്യവാന്‍ എന്ന വിശേഷണം കൊണ്ട് മാത്രമാണ് വിശേഷിപ്പിക്കുന്നത്. മറ്റും നാമങ്ങളും ഇപ്രകാരം തന്നെ. ശഹാദത് കലിമ ചൊല്ലിയാണല്ലോ അവിശ്വാസി വിശ്വാസിയാകുന്നത്. ആ ശഹാദത് കലിമയിലും അല്ലാഹു എന്ന് തന്നെയാണ് പ്രയോഗിക്കേണ്ട്ത്. (തഫ്‌സീര്‍ റാസി 1/ 167).
ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണല്ലോ വിശുദ്ധഖുര്‍ആന്‍. ഖുര്‍ആനില്‍ ആദ്യമായി അല്ലാഹു ഉപയോഗിച്ച നാമവും, ഏറ്റവും കൂടുതല്‍ തവണ വന്ന പദവും 'അല്ലാഹു' എന്നാണ്. ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ അധ്യായങ്ങളിലും, സൂക്തങ്ങളിലുമായി അല്ലാഹു എന്ന നാമം വ്യന്യസിച്ചത് പോലും അത്യത്ഭുതകരവും അമാനുഷികവുമായിട്ടാണ്. അലിഫ്, ലാം, ലാം, ഹാഅ് എന്നീ നാല് ഹര്‍ഫുകളാണ് ഈ വിശുദ്ധ നാമത്തിലുള്ളത്. ഖുര്‍ആനിലെ ഏത് ആയതും സൂറതും പരിശോധിച്ചാല്‍ അതിലേറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട അക്ഷരങ്ങള്‍ ക്രമപ്രകാരം അല്ലാഹു എന്നതിലെ അലിഫും, ലാമും, ഹാഉമാണ്. അതില്‍ തന്നെ കൂടുതല്‍ തവണ അലിഫും, പിന്നെ ലാമും, പിന്നെ ഹാഉം. അഥവാ അതൊന്ന് ഗ്രാഫിലാക്കിയാല്‍ അല്ലാഹു എന്ന് വായിക്കാവുന്ന വിധത്തിലായിരിക്കും. അലിഫ് എന്നത് ഒന്ന് പോലെയാണ് എഴുതുന്നത്. അല്ലാഹുവിന്റെ ഏകത്വത്തിലേക്കുള്ള സൂചനയുണ്ടതില്‍. അറബി ഭാഷയിലെ ഒന്നാമത്തെ അക്ഷരമാണ് അലിഫ്. ഏത് ഭാഷയിലും ആദ്യത്തെ അക്ഷരം ആ ഭാഷയില്‍ അല്ലാഹു എന്ന് എഴുതുന്ന ആദ്യാക്ഷരമാണ്. ഖുര്‍ആനില്‍ ഈ അക്ഷരങ്ങള്‍ തന്നെയാണ് ഏറ്റവും തവണ വന്നതും. അലിഫ് 52655, ലാമ് 38102, ഹാഅ് 17194 തവണയും വന്നിട്ടുണ്ട്. ഈ മൂന്ന് അക്ഷരങ്ങള്‍ മാത്രമാണ് തൗഹീദിന്റെ വചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിലുമുള്ളത്. ചുണ്ടനക്കാതെ മനുഷ്യന് മൊഴിയാന്‍ സാധ്യമായ ഈ വചനമാണ് മരണനേരം മനുഷ്യന്‍ ഉച്ചരിക്കേണ്ടതും.
നബി(സ്വ) പറയുന്നു: 'ഞാനും എന്റെ മുമ്പുള്ള പ്രവാചകരും പറഞ്ഞതിലേറ്റവും ശ്രേഷ്ഠമായ വാക്ക് ലാഇലാഹ ഇല്ലല്ലാഹ് എന്നാണ്'. ഹൃദയത്തിലെ എല്ലാ തുരുമ്പുകളും മായ്ച്ചുകളയാനും, ഹൃദയം വിമലീകരിക്കാനും ഈ ദിക്‌റ് പതിവാക്കിയാല്‍ മതി. ചില മുരീദുമാര്‍ അവരുടെ ശൈഖിനോട് വന്ന് വസ്‌വാസിനെക്കുറിച്ച് പരിഭവം പറഞ്ഞു. ഞാന്‍ പത്ത് വര്‍ഷം കൊല്ലപ്പണിക്കാരനും, പത്ത് വര്‍ഷം അലക്കുകാരനും, പത്ത് വര്‍ഷം കാവല്‍ക്കാരനുമായിരുന്നു. മുരീദുമാര്‍ ചോദിച്ചു: 'ഞങ്ങളാരും താങ്കള്‍ ഈ ജോലികള്‍ ചെയ്യുന്നത് കണ്ടി്ട്ടില്ലല്ലോ!?'. ഞാനിതെല്ലാം നിര്‍വ്വഹിച്ചിട്ടുണ്ട്, നിങ്ങള്‍ കണ്ടിട്ടില്ലായിരിക്കാം. നിങ്ങള്‍ക്കറിയുമോ ഹൃദയം ഇരുമ്പ് പോലെയാണ്. പത്ത് വര്‍ഷം ഞാനതിനെ ദൈവഭയം എന്ന അഗ്‌നി ഉപയോഗിച്ച് മാര്‍ദ്ധവമാക്കുകയായിരുന്നു. ശേഷമുള്ള പത്ത് വര്‍ഷം ഞാന്‍ അതിനെ മാലിന്യങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും കഴുകി ശുദ്ധീകരിക്കുകയായിരുന്നു. ശേഷം പത്ത് വര്‍ഷം ഹൃദയവാതിലില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാളും പിടിച്ച് കാവലിരിക്കുകയായിരുന്നു. അല്ലാഹുവേതര വസ്തുക്കളോടുള്ള ഇഷ്ടങ്ങളെല്ലാം ഹൃദയത്തില്‍ നിന്നും പുറംതള്ളി, അല്ലാഹുവോടുള്ള അനുരാഗം അതില്‍ ഞാന്‍ നിറച്ചുകൊണ്ടേയിരുന്നു. അങ്ങിനെ ഹൃദയം അല്ലാഹുവിന്റെ മഹബ്ബതില്‍ ശക്തിപ്രാപിച്ചപ്പോള്‍ അല്ലാഹുവിന്റെ ലോകത്ത് നിന്ന് ഒരു പ്രകാശതുള്ളിയിറ്റി വീഴുകയും ഹൃദയം അതില്‍ മുങ്ങുകയും പിന്നീട് ഹൃദയത്തില്‍ ലാഇലാഹഇല്ലല്ലാഹ് എന്ന് മാത്രമവശേഷിക്കുകയും ചെയ്തു.(തഫ്‌സീര്‍ റാസി 1/165).
അല്ലാഹുവിലേക്കെത്തുവാന്‍ പരിശ്രമിക്കുന്ന ഏതൊരു വ്യക്തിയും 'അല്ലാഹ്'' എന്ന ദിക്‌റിനേക്കാള്‍(അദ്ദിക്‌റുല്‍മുഫ്‌റദ്) ഫലപ്രദമായ മറ്റൊരു ദിക്‌റുമില്ലയെന്ന് സ്വൂഫികള്‍ പറയാറുണ്ട്. എല്ലാ ഭൗതികചിന്തകളും ഒഴിവാക്കി പൂര്‍ണ ഹൃദയസാന്നിധ്യത്തോടെ നാവ്‌കൊണ്ട് 'അല്ലാഹ്, അല്ലാഹ്' എന്ന് ചൊല്ലി നാവ് കൊണ്ട് ചൊല്ലിയില്ലെങ്കിലും ചിന്തയില്‍ നിരന്തരം ഈ ദിക്‌റ് ശീലമാകുന്ന അവസ്ഥ പ്രാപിക്കുന്നത് വരെ വിശ്വാസി ഇത് പതിവാക്കണമെന്നാണ് ആത്മജ്ഞാനികള്‍ പറഞ്ഞിട്ടുള്ളത്(ഫൈളുല്‍ഖദീര്‍). ഇമാം ജുനൈദുല്‍ബഗ്ദാദി(റ) പറയുന്നു: 'അല്ലാഹ് എന്ന ദിക്‌റ് ചൊല്ലുന്നവന്‍ സ്വചിന്തയില്‍ നിന്ന് മാറി അല്ലാഹുവില്‍ ലയിച്ച് അവന്റെ എല്ലാ ബാധ്യതകളും പൂര്‍ത്തീകരിച്ച്, ഹൃദയം കൊണ്ട് നാഥനിലേക്ക് നോക്കി, ദിവ്യപ്രകാശം കൊണ്ട് മാനുഷികവൈകല്യങ്ങള്‍ കരിച്ച് കളഞ്ഞവനാണ്''. അബുല്‍അബ്ബാസില്‍മുര്‍സി(റ) പറയുന്നു: '' സദാസമയം നിന്റെ ദിക്‌റ് അല്ലാഹ് എന്നാകട്ടെ. ദൈവികനാമങ്ങളില്‍ ശ്രേഷ്ടമായ ഈ ദിക്‌റിന് വലിയ പ്രതിഫലനമാണുള്ളത്. കലിമതുത്തൗഹീദിന്റെ എല്ലാ അര്‍ത്ഥങ്ങളും ഉള്‍ക്കൊള്ളുന്ന ദിക്‌റ് ആയതിനാല്‍ തന്നെ മറ്റു ദിക്‌റുകളേക്കാള്‍ ഈ ദിക്‌റിനേയാണ് മുന്തിക്കേണ്ടത്''. ഇബ്‌നുഅജീബ(റ)യും സമാനമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്(ഹഖാഇഖു അനിത്തസ്വവ്വുഫ് പേജ് 153)
ഖുര്‍ആനില്‍ അല്ലാഹ് എന്ന നാമവുമായി ബന്ധപ്പെട്ട് നിരവധി ഗണിതാത്ഭുതങ്ങള്‍ കാണാം. ഈ മേഖലയില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്. അല്ലാഹു എന്ന് 2550 തവണയും, ലില്ലാഹി എന്ന് 149 തവണയും, അല്ലാഹുമ്മ എന്ന് 5 തവണയുമായി മൊത്തം 2704തവണയാണ് ഇസ്മുല്‍ജലാലത് ഖുര്‍ആനില്‍ വന്നത്. 9 കാര്യങ്ങളിലൂടെ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആയതുല്‍കുര്‍സിയാണല്ലോ ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂക്തം. ആ സൂക്തമാരംഭിക്കുന്നത് അല്ലാഹു എന്നും അവസാനിക്കുന്നത് അല്‍അളീം എന്നുമാണ്. രണ്ടും ചേര്‍ത്തുവെച്ചാല്‍ അല്ലാഹുല്‍അളീം(മഹോന്നതനായ അല്ലാഹു) എന്ന് ലഭിക്കും. ആയതുല്‍കുര്‍സിയില്‍ 50 വാക്കുകളാണുള്ളത്. 50*50+ 50= 2550 എന്ന് കിട്ടും(അല്ലാഹു എന്നത് മാത്രം ഖുര്‍ആനില്‍ 2550 തവണയാണല്ലോ വന്നിട്ടുള്ളത്. ആയതുല്‍കുര്‍സി 255ആം ആയതാണ്). അല്ലാഹുവിന്റെ പേര് ആദ്യമായി വന്നത് 19 അക്ഷരങ്ങളുള്ള ബിസ്മിയില്‍, അവസാനം വന്നത് സൂറതുല്‍ ഇഖ്‌ലാസ്വിലെ രണ്ടാം ആയതില്‍. രണ്ട് ആയതുകളിലും ആകെ അക്ഷരങ്ങള്‍ 28 (19+9). അറബി അക്ഷരമാലയിലെ ആകെ അക്ഷരങ്ങളും 28 എണ്ണമാണ്. ഖുര്‍ആനില്‍ മൊത്തം 77800 വാക്കുകളുണ്ട്. 2704തവണയാണ് അല്ലാഹ് എന്ന നാമം വന്നത്. അഥവാ ഖുര്‍ആനിലെ ഓരോ 29 വാക്കുകളിലും ഒരു തവണ അല്ലാഹു എന്ന പദം വന്നത് പോലെ പരിശുദ്ധനാമം ഖുര്‍ആനില്‍ വ്യാപിച്ചുകിടക്കുകയാണ്.
അല്ലാഹ് എന്ന നാമം ഏറ്റവും കൂടുതല്‍ തവണ വന്നത് രണ്ടാം അധ്യായമായ സൂറതുല്‍ബഖറയിലാണ്. 282 തവണയാണ് സൂറതുല്‍ബഖറയില്‍ വന്നത്. സൂറതുല്‍ബഖറയിലെ 282ആം ആയതിലാണ് ആ അധ്യായത്തില്‍ ഏറ്റവും തവണ പരിശുദ്ധനാമം വന്നത്, ആറ് തവണ. സൂറതുല്‍ബഖറയിലെ 165ആം ആയതില്‍ അഞ്ച് പ്രാവശ്യമാണ് അല്ലാഹ് എന്ന നാമം വന്നിട്ടുള്ളത്. ആ ആയതിലെ മധ്യത്തില്‍ വന്ന അല്ലാഹ് എന്ന പദത്തിന് മുമ്പ് രണ്ട് തവണയും ശേഷം രണ്ട് തവണയും അല്ലാഹ് വന്നിട്ടുണ്ട്. മധ്യത്തിലെ വിശുദ്ധനാമത്തിന് മുമ്പും ശേഷവും 15 വീതം കലിമതുകളും, 60 അക്ഷരങ്ങളും, 20 പുള്ളിയുള്ള അക്ഷരങ്ങളും, 40 പുള്ളിയില്ലാത്ത അക്ഷരങ്ങളും, അലിഫ് 12 തവണയും വന്നിട്ടുണ്ട്. അറബി അക്ഷരമാലയിലെ 12 അക്ഷരങ്ങള്‍ ഇരു വശങ്ങളിലും വന്നിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്. അല്ലാഹ് എന്ന നാമം ഒരു തവണ മാത്രം വന്ന സൂറതുകള്‍ 13ഉം, തീരെ വരാത്തത് 29ഉം, വന്നത് 85 സൂറതുകളിലുമാണ്. 6236 ആയതുകളില്‍ 1825ആയതുകളില്‍ പരിശുദ്ധനാമം വന്നിട്ടുണ്ട്. 4411ആയതുകളിലാണ് വരാത്തത്. ഖുര്‍ആനിലെ 1825ആം ആയത് സൂറതുല്‍ഹിജ്‌റിലെ 23ആം ആയതാണ്. 'ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് നാമാണ്''(അല്‍ഹിജ്ര്‍ 23); അതിലും അല്ലാഹുവിനെക്കുറിച്ചാണ് പരാമര്‍ഷം. ഖുര്‍ആനിലെ 4411ആമത്തെ ആയത്ത് സൂറതുസ്സുഖ്‌റുഫിലെ 86ആമത്തെ ആയതാണ്. അല്ലാഹുവിനെക്കുറിച്ചു തന്നെയാണതിലും പരാമര്‍ശം. ഈ ആയതില്‍ 52 അക്ഷരങ്ങളാണുള്ളത്. 52*52= 2704(അല്ലാഹുവിന്റെ നാമം ഖുര്‍ആനില്‍ വന്ന എണ്ണം).
ഏറെ പ്രത്യേകതകളുള്ള അക്കമാണ് 7. ഖുര്‍ആനിലെ 7 സൂറതുകളില്‍ ഏഴും, ഏഴിന്റെ ഗുണിതമായി ലഭിക്കുന്ന സംഖ്യകളുടെയത്രയും പ്രാവശ്യം അല്ലാഹു എന്ന് വന്നിട്ടുണ്ട്. ആലുഇംറാന്‍(210തവണ), അന്നഹ്ല്‍(84തവണ), അന്‍കബൂത്(4്2തവണ), മുംതഹിന(21തവണ), മുനാഫിഖൂന്‍(14തവണ), നൂഹ്(7തവണ), മുസമ്മില്‍(7തവണ). 7 തവണ അല്ലാഹുവിന്റെ പേര് വന്ന ആയത് സൂറതുല്‍ മുസമ്മിലിലെ 20ആം ആയത് മാത്രമാണ്. ആയതിലെ 16, 43, 48, 58, 68, 74, 76 വാക്കുകളായിട്ടാണ് അല്ലാഹു എന്നത് വന്നത്. ആ സംഖ്യകളുടെ ടോട്ടല്‍ 383, അഥവാ 114+114+114+41= 383. 114സൂറതുകളുള്ള ഖുര്‍ആനില്‍ സൂറതുല്‍മുസമ്മിലിന് ശേഷം 41 അധ്യായങ്ങളാണുള്ളത്. സൂറതുല്‍മുസമ്മില്‍ 73ആം അധ്യായമാണ്. അല്ലാഹു എന്ന പദത്തിലെ നാല് അക്ഷരങ്ങളുടെ ക്രമനമ്പറുകള്‍ കൂട്ടിയാല്‍ 73 എന്നാണ് ലഭിക്കുക (1+23+23+26= 73).
സൂറതുന്നിസാഇലും അല്ലാഹുവിന്റെ നാമവുമായി ബന്ധപ്പെട്ട ചില ഗണിതാത്ഭുതങ്ങള്‍ കാണാം. സൂറതുന്നിസാഇല്‍ 17ആം തവണ അല്ലാഹു എന്ന് വന്നത് 17ആം ആയതിലും, 19ആം തവണ വന്നത് 19ആം ആയതിലും, 26ആം തവണ വന്നത് 26ആം ആയതിലും, 27ആം തവണ വന്നത് 27ആം ആയതിലും, 28ആം തവണ വന്നത് 28ആം ആയതിലും, 29ആം തവണ വന്നത് 29ആം ആയതിലുമാണ്. ഈ ആറ് ആയതുകളില്‍ മൊത്തം 114 വാചകങ്ങളാണുള്ളത്. ആറു ആയതുകളുടേയും നമ്പറുകളുടെ ടോട്ടല്‍ 146. ഈ സൂറതില്‍ 176 ആയതുകളാണുള്ളത്. 176ല്‍ നിന്ന് 146 കുറച്ചാല്‍ 30ലഭിക്കും. ഈ സൂറതിലെ 30ആം ആയതിലാണ് 30ആം തവണ അല്ലാഹു എന്ന് വന്നിട്ടുള്ളത്. ഗണിതശാസ്ത്രത്തില്‍ പ്രൈംനമ്പറുകള്‍ക്ക്(അവിഭാജ്യ സംഖ്യകള്‍)ക്ക് വലിയ പ്രാധാന്യമുണ്ടല്ലോ. ഖുര്‍ആനില്‍ അല്ലാഹ് എന്ന നാമവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പരിശോധിക്കുമ്പോള്‍ പലതിന്റെയും റിസള്‍ട്ടുകളായി വരുന്നത് പ്രൈംനമ്പറുകളാണ്.
വിശുദ്ധഖുര്‍ആനിലെ ഓരോ അ്ധ്യായങ്ങള്‍ പരിശോധിച്ചാലും അല്ലാഹുവിന്റെ നാമവുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങള്‍ നമുക്ക് കാണാനാകും. ലോകത്തിന്റെ വിവിധഭാഗത്തുള്ള വിശ്വാസികള്‍ നിരന്തരം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെ സ്രഷ്ടാവിന്റെ വിശുദ്ധനാമം നിരന്തരം സ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. വാങ്കിന്റെ ആദ്യവാചകവും, അവസാന വാചകവും അല്ലാഹ് എന്നാണല്ലോ. ഭൂമിയിലെ ടൈംസോണ്‍ മാറുന്നതിനനുസരിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ ഓരോ സെക്കന്റുകളിലും വാങ്ക് വിളിക്കപ്പെടുന്നു. അതിലൂടെയും നിരന്തരം അല്ലാഹു സ്മരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. തന്റെ ഹൃദയാന്തരാളങ്ങളിലും അധരങ്ങളിലും അല്ലാഹ് എന്ന മന്ത്രധ്വനിയുമായി നടക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളും ലോകത്തുണ്ട്. ഇതിലൂടെയെല്ലാം അല്ലാഹു സ്മരിക്കപ്പെടുകയും പ്രപഞ്ചം താളംതെറ്റാതെ നിലകൊള്ളുകയും ചെയ്യുന്നു. അത് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് അന്ത്യനാള്‍ സംഭവിക്കുകയെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. അനസ്(റ)പറയുന്നു: 'അല്ലാഹ്, അല്ലാഹ് എന്ന് പറയപ്പെടാത്ത സാഹചര്യം ഭൂമിയില്‍ നിലവില്‍ വരുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല'' എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
Post a Comment