അല്ലാഹു ലോകത്തിന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് തിരുനബി(സ്വ). ഈ അനുഗ്രഹം അല്ലാഹു ഖുര്‍ആനില്‍ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. 'സ്വന്തത്തില്‍ നിന്ന് തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണ് അവര്‍ക്ക് അല്ലാഹു ചെയ്തത്.  അവര്‍ക്ക് അവിടന്ന് അവന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗ്ഗത്തില്‍ തന്നെയായിരുന്നു അവര്‍'(ആലിഇംറാന്‍ 164).

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുകയാണല്ലോ സൃഷ്ടികള്‍ ചെയ്യുന്നത്. ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യേണ്ടതും അവരുടെ ബാധ്യതയാണ്. തിരുനബി(സ്വ)യെന്ന അനുഗ്രഹം നമ്മള്‍ അനുഭവിക്കേണ്ടത് തിരുനബി(സ്വ)യുടെ മഹത്വങ്ങള്‍ നാം കൂടുതല്‍ പഠിച്ചും, തിരുചര്യകള്‍ അനുദാവനം ചെയ്തും, സമ്പൂര്‍ണ്ണമായ ഇശ്ഖില്‍ ലയിച്ചു ചേര്‍ന്നും അപദാനങ്ങള്‍ പാടിപ്പറഞ്ഞുമാണ്.

തിരുദൂതരുമായി ബന്ധപ്പെട്ട സര്‍വ്വ കാര്യങ്ങള്‍ക്കും മഹത്വവും ശ്രേഷ്ഠതയുമുണ്ട്. തിരുകേശങ്ങള്‍ക്കും, അവിടുന്ന് ധരിച്ച വസ്ത്രങ്ങള്‍ക്കും, ഉപയോഗിച്ച മറ്റുവസ്തുക്കള്‍ക്കും, കുടുംബത്തിനും, എല്ലാത്തിനും പവിത്രതയും ആദരവും ഉണ്ട്. സത്യവിശ്വാസികള്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്യുന്നവരാണ്.

ഹബീബ്(സ്വ)യുടെ പേരുകള്‍ക്ക് ഏറെ മഹത്വവും പ്രാധാന്യവുമുണ്ട്. സ്തുതി എന്നര്‍ത്ഥമുള്ള ഹംദ് എന്നതിന്റെ വകഭേദങ്ങളുള്ള വ്യത്യസ്ഥ നാമങ്ങള്‍ തിരുമേനി(സ്വ)ക്ക് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. മുഹമ്മദ്, അഹ്മദ്, ഹാമിദ്, മഹ്മൂദ് തുടങ്ങിയവ ചിലത് മാത്രമാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് നാമങ്ങളാണ് മുഹമ്മദ്, അഹ്മദ് എന്നിവ. തിരുനബി(സ്വ)യുമായി ബന്ധപ്പെട്ടവക്ക് മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന നമുക്ക് ഈ നാമങ്ങള്‍ക്കും ചില പ്രത്യേകതകളുണ്ടെന്ന് അംഗീകരിക്കാന്‍ പ്രയാസമില്ല.

മുഹമ്മദ് എന്ന് നാമകരണം വെച്ചതിന്റെ കാരണമന്വേഷിച്ച ഖുറൈശി പ്രമുഖരോട് 'ഭൂലോകത്തുള്ളവര്‍ മുഴുവന്‍ തന്റെ പുത്രനെ പ്രകീര്‍ത്തിക്കണമെന്നാഗ്രഹിക്കുന്നു' എന്നാണ് അബ്ദുല്‍മുത്വലിബ് പ്രതികരിച്ചത്.  'അങ്ങയുടെ മഹത്വം നാം ഉയര്‍ത്തിയിരിക്കുന്നു'(അശ്ശറഹ് 4) എന്ന ഖുര്‍ആനിക വചനം കൃത്യമായി ലോകത്ത് പുലര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭുമിലോകത്ത് ഓരോ സെക്കന്റിലും വാങ്കിലൂടെയും മറ്റും മുത്ത് നബി(സ്വ)യുടെ നാമം ഉരുവിട്ടു കൊണ്ടിരിക്കുന്നുണ്ട്.

നമ്മുടെ മക്കള്‍ക്ക് തിരുമേനി(സ)യുടെ നാമങ്ങള്‍ ഇട്ടുകൊടുക്കുന്നതില്‍ കൂടുതല്‍ മഹത്വങ്ങളുള്ളതായി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. നാലുമക്കളുണ്ടായിട്ട് അതില്‍ ഒരാള്‍ക്കുപോലും മുഹമ്മദെന്ന നാമം വെച്ചില്ലെങ്കില്‍ അവന്റെ ഹൃദയത്തില്‍ മുഹമ്മദ്‌നബിയോടുള്ള പ്രേമം കുടികൊള്ളുകയില്ലെന്ന് ഹിശാമ്ബ്‌നുയഹ്‌യല്‍മിഖ്ദാം തന്റെ പിതാവ് വഴി നബിയില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ പറയുന്നുണ്ട്. അബൂസഈദില്‍ഖുദ്‌രി(റ)പറയുന്നു: അഹ്മദ്, മുഹമ്മദ്, അബ്ദുല്ലാഹ് എന്നീ മൂന്ന് നാമങ്ങളുള്ള ഒരുവീട്ടില്‍  ദാരിദ്ര്യം ഉണ്ടാവുകയില്ല. ഇബ്‌നുമസ്ഊദ്(റ) പറയുന്നു:ആരെങ്കിലും എന്നോടുള്ള മഹബ്ബത്ത് കാരണം തന്റെ മകന് എന്റെ നാമം വെച്ചാല്‍ അവനും അവന്റെ മകനും എന്റെ കൂടെ സ്വര്‍ഗ്ഗത്തിലായിരിക്കും. മുഹമ്മദ് എന്ന നാമമുള്ള ആളുകള്‍ നാളെ മഹ്ശറയില്‍ വിചാരണകൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നവരിലുണ്ടാകുമെന്നും ഹദീസില്‍ കാണാം. എനിക്ക് എന്റെ ഹബീബ്(സ്വ)യുടെ നാമമായ മുഹമ്മദ് എന്ന് പേര് വെക്കപ്പെട്ടത് കാരണം എന്റെ ഹബീബ്(സ്വ) നാളെ എന്നെ രക്ഷപ്പെടുത്തമെന്ന് വിശ്വാസമുണ്ട് എന്ന് ഇമാം ബൂസ്വീരി(റ) ഖസ്വീദതുല്‍ബുര്‍ദയില്‍ പാടിയതും ഇതിനോട് നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇങ്ങനെ തങ്ങളുടെ നാമം ഹബീബ്(സ്വ)യുടെ നാമമായത് കൊണ്ട് ഏറെ സന്തോഷിക്കുകയും അത് കൊണ്ടെങ്കിലും രക്ഷപ്പെടാന്‍ സാധിക്കുമെന്ന ആഗ്രഹം പങ്ക് വെക്കുകയും ചെയ്ത മറ്റു ആശിഖീങ്ങളും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. മഹാനായ ഇമാം ഗസ്സാലി(റ)യുടേയും അദ്ദേഹത്തിന്റെ രണ്ട് പിതാക്കളുടേയും നാമം മുഹമ്മദ് എന്നും, മൂന്നാമത്തെ പിതാവ് അഹ്മദ് എന്നുമായിരുന്നു.

'ഞാന്‍ എന്ത് ശ്രവിക്കുകയാണെങ്കിലും അത് അങ്ങയെക്കുറിച്ചുള്ള നല്ല വാക്കുകള്‍ മാത്രമായിരിക്കും, എന്തെങ്കിലും മൊഴിയുകയാണെങ്കില്‍ അങ്ങയുടെ മഹത്വമായിരിക്കും ഞാന്‍ പറയുക'യെന്നും മഹാനായ അബൂഹനീഫ(റ)പാടിയത് ഏറെ ചിന്തനീയമാണ്. അബ്ദുല്ലാഹിബ്‌നുഉമര്‍(റ)ന്റെ കാലിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഇബ്‌നുസഅദ്(റ) പറഞ്ഞു:'ജനങ്ങളില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെ നിങ്ങള്‍ വിളിക്കുക'. ഇബ്‌നുഉമര്‍(റ) 'യാ മുഹമ്മദ്' എന്ന് വിളിച്ചു. തത്ഫലം പ്രയാസം ഇല്ലാതെയായി  എന്ന് കാണാം.

തിരുനബി(സ്വ)യെ പലരൂപത്തില്‍ വിശുദ്ധഖുര്‍ആനില്‍ അഭിസംബോധന ചെയ്തത് കാണാം. എന്നാല്‍ യാ ആദം, യാ നൂഹ്, എന്നെല്ലാം മറ്റു അമ്പിയാക്കളെ നാമം വിളിച്ച് നേരിട്ട് വിളിച്ച വിധം തിരുനബി(സ്വ)യെ അല്ലാഹു ഖുര്‍ആനില്‍ വിളിച്ചിട്ടില്ല. പകരം, പുതപ്പിട്ട് മൂടിയവരെ, നബിയേ, സത്യദൂതരെ എന്നെല്ലാമാണ് വിളിച്ചത്.

തിരുനബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്നത് ഏറെ പുണ്യകരമാണല്ലോ. അന്നേരം സ്വലാത്ത് ചൊല്ലാത്തവര്‍ പിശുക്കനാണെന്നും, ആ പുണ്യനബി(സ്വ)യുടെ നിലാവൊളിപോല്‍ പ്രകാശം അന്ത്യനാളില്‍ അവര്‍ക്ക് കാണാന്‍ കഴിയില്ലെന്നും തിരുവചനങ്ങളില്‍ കാണാവുന്നതാണ്. മുത്ത് നബി(സ്വ)യുടെ പേര് കേള്‍ക്കാന്‍ കൂടുതല്‍ കൊതിക്കുകയും, അത് പറഞ്ഞവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തവര്‍ പോലും നമ്മുടെ മുന്‍ഗാമികളിലുണ്ട്. ഒരുദിനം തന്റെ അടുക്കലേക്ക് അല്‍പ്പം കടം ചോദിച്ചു വന്ന ഒരു ജൂതനെ നബി(സ്വ) ഉസ്മാന്‍(റ)ന്റെ അരികിലേക്ക് വിട്ടു. അദ്ദേഹം ഉസ്മാന്‍(റ)ന്റെ വീട്ടുപടിക്കല്‍ ചെന്ന് മുഹമ്മദ്(സ്വ) താങ്കളുടെ അടുക്കല്‍ നിന്ന് കടം ചോദിക്കാന്‍ പറഞ്ഞു വിട്ടതാണ് എന്ന് പറഞ്ഞു. ആരാണ് പറഞ്ഞയച്ചതെന്ന് ഉസ്മാന്‍(റ) ചോദിച്ചു. മുഹമ്മദ്(സ്വ) എന്ന് ജൂതന്‍ പ്രതികരിച്ചു. വീണ്ടും ചോദിച്ചു. അപ്പോഴും മുഹമ്മദ്(സ്വ) എന്ന് പറഞ്ഞു. തന്റെ സ്‌നേഹഭാജനത്തിന്റെ പേര് പറയുന്നത് കേള്‍ക്കാന്‍ കൊതിച്ച് ഉസ്മാന്‍(റ) വീണ്ടും ചോദിച്ചു. ആരാണ്?. ജൂതന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി. അന്നേരം ഉസ്മാന്‍(റ) അദ്ദേഹത്തോട് പറഞ്ഞു. സഹോദരാ, എന്റെ പ്രിയപ്പെട്ട ഹബീബിന്റെ നാമം താങ്കള്‍ പറയുന്നത് വീണ്ടും വീണ്ടും പറയുന്നത് കേള്‍ക്കാനുള്ള കൊതിയാണ് അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. താങ്കള്‍ ചോദിച്ചത് അല്‍പ്പം വെള്ളിക്കാശാണെങ്കില്‍ എന്റെ ഹബീബിന്റെ പേര് മൂന്ന് തവണ പറഞ്ഞ താങ്കള്‍ക്ക് മൂന്ന് കോരി വെള്ളി ഞാന്‍ നല്‍കാമെന്നും, ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചതിന് താങ്കള്‍ ആ പേര് ആവര്‍ത്തിക്കുമായിരുന്നുവെങ്കില്‍ എന്റെ സമ്പത്ത് തീരുവോളം ഞാന്‍ നല്‍കുകയും വീണ്ടും നിങ്ങള്‍ പറയുമായിരുന്നുവെങ്കില്‍ അങ്ങയുടെ സേവകനായി നില്‍ക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നുവെന്നും ഉസ്മാന്‍(റ) പ്രതികരിച്ചത് കാണാം.

അല്ലാഹുവിന്റെ ഹബീബിന്റെ നാമം ശുദ്ധിയോടെയല്ലാതെ പറയാന്‍ പോലും മടിച്ച ആശിഖീങ്ങളെ നമുക്ക് കാണാം. സുല്‍ത്വാന്‍ മഹ്മൂദ് ഗസ്‌നവി സേവകനായിരുന്നു അയാസ്. അയാസിന്റെ പുത്രന്‍ മുഹമ്മദും കൊട്ടാരത്തില്‍ ചെറിയ ചെറിയ സേവനങ്ങള്‍ ചെയ്ത് കഴിഞ്ഞുകൂടി. മുഹമ്മദ് എന്ന് പേര് തന്നെയാണ് രാജാവ് ആ കുട്ടിയേയും വിളിച്ചിരുന്നത്.  ഒരു ദിനം ചുടുവെള്ളം കൊണ്ട് വരാന്‍ ആവശ്യപ്പെട്ട് 'അയാസ് കെ ബേട്ടേ', അയാസിന്റെ മോനേ എന്നാണ് വിളിച്ചത്. ചൂട് വെള്ളം കൊണ്ട് വന്നപ്പോള്‍ കരയുന്ന മുഹമ്മദിനെയാണ് രാജാവ് കണ്ടത്. അദ്ദേഹം ചോദിച്ചു. എന്ത്പറ്റി, വെള്ളം ചൂടാക്കിയപ്പോള്‍ കൈ പൊള്ളിയോ?!. അദ്ദേഹം പറഞ്ഞു:'സാധാരണ എന്റെ പേര് വിളിക്കുമ്പോള്‍ ഹബീബ്(സ്വ)യുടെ പേരാണല്ലോ അത്മുഖേന പറയപ്പെടുന്നതെന്ന സന്തോഷം എനിക്കുണ്ടായിരുന്നു. ഇന്ന് അയാസിന്റെ പുത്രാ എന്ന വിളിയില്‍ അത് നഷ്ടപ്പെട്ടല്ലോ എന്ന സങ്കടം കൊണ്ടാണ് കരയുന്നത്'. അപ്പോള്‍ ഗസ്‌നവി പറഞ്ഞു''ഞാന്‍ താങ്കളെ വിളിക്കുമ്പോള്‍ എന്റെ ഹബീബിന്റെ പേരാണല്ലോ വിളിക്കുന്നത് എന്ന സന്തോഷം എനിക്കുണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ശുദ്ധിയില്ലാതെ ആ നാമം ഞാന്‍ ഉച്ചരിക്കാറില്ല. അത് കൊണ്ടാണ് മറ്റുനാമം ഞാന്‍ വിളിച്ചത്്''!!!. മഹാന്‍മാരുടെ അപദാനങ്ങള്‍ പാടിപ്പറയുന്ന മൗലിദ് സദസ്സുകളില്‍ ഇരിക്കുമ്പോള്‍ പോലും സച്ചരിതരായ മഹത്തുക്കള്‍ പൂര്‍ണ്ണശുദ്ധിയോടെയാണ് ഇരിന്നിരുന്നത്. മഹാനായ ശംസുല്‍ ഉലമയുടെ ജീവിതത്തില്‍ അങ്ങനെയുള്ള പല സംഭവങ്ങളും കേട്ടിട്ടുണ്ട്.

തിരുനബി(സ്വ)യുടെ മദ്ഹുകള്‍ പാടലും പറയലും സത്യവിശ്വാസിയുടെ മനസ്സിന് കുളിര്‍മ്മയും ഈമാനിന് വര്‍ദ്ധനവും പരലോക മോക്ഷവും നല്‍കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. എന്നാല്‍ ചിലര്‍ നബി(സ്വ)ഒരു സാധാരണ മനുഷ്യനാണെന്നും മറ്റും പറഞ്ഞു റബീഉല്‍അവ്വലില്‍ പ്രത്യേകം അപദാനങ്ങള്‍ ചൊല്ലിപ്പാടുന്നത് പറഞ്ഞ് അപശബ്ദങ്ങളുണ്ടാക്കുന്നത് കാണാറുണ്ട്. പറഞ്ഞ് പറഞ്ഞ് അപകീര്‍ത്തിപ്പെടുന്നവര്‍ പോലും അക്കൂട്ടരിലുണ്ടാവാറുണ്ട്. ഈമന്‍ നഷ്ടപ്പെട്ടുപോകുമെന്ന് പേടിക്കേണ്ട കാര്യമാണത്.

മുഗളന്‍മാരില്‍ പെട്ട ഒരു ഭരണാധികാരി ക്രൈസ്തവമതം സ്വീകരിച്ചതറിഞ്ഞു അദ്ദേഹത്തിന്റെ സന്നിധിയിലേക്ക് നിരവധി ക്രൈസ്തവ പാതിരിമാരടങ്ങുന്ന വലിയ സംഘം ചില മഗുലിയരുടെ കൂടെ കടന്നുവന്നു. കൂട്ടത്തില്‍ പെട്ട ഒരാള്‍ മഹാനായ ആ ഭരണാധികാരിയുടെ സദസ്സില്‍ വവെച്ച് പുണ്യനബി(സ)യെ അപകീര്‍ത്തിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇവരുടെ സംസാരം കേള്‍ക്കുന്ന പരിധിയിലായി ഒരു വേട്ട നായയെ കെട്ടിയിട്ടുണ്ട്. നബി(സ) തങ്ങളെക്കുറിച്ചുള്ള ടിയാന്റെ സംസാരം പരിധി വിടാന്‍ തുടങ്ങിയപ്പോള്‍ ആ നായ ഇദ്ദേഹത്തിനെതിരെ ചാടി വീണു മാന്തിയക്രമിക്കാന്‍ തുടങ്ങി. കൂടെയുള്ളവര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി. ഇത് കണ്ട ചിലയാളുകളദ്ദേഹത്തോടിങ്ങനെ പറഞ്ഞു. ''മുഹമ്മദ് നബി(സ)യെക്കുറിച്ച് മോശമായി സംസാരിച്ചത് കൊണ്ടാണ് താങ്കള്‍ക്കിങ്ങനെ ഒരനുഭവം ഉണ്ടായത്''. അതിനദ്ദേഹത്തിന്റെ പ്രതികരണമിപ്രകാരമായിരുന്നു. ഈ ജീവി സാധാരണ നായകളെപ്പോലെയല്ല. മറിച്ച്, അല്‍പം മാന്യത കല്‍പ്പിക്കപ്പെടുന്ന ഒരു ജീവിയാണ്. എന്റെ സംസാരത്തിനിടിയിലെ ചില ആംഗങ്ങ്യള്‍ അതിന് നേരെയായിരുന്നത് കൊണ്ട് ഞാനതിനെ അക്രമിക്കാന് തുനിയുകയാണെന്ന വിചാരത്തില്‍ എന്നെ അക്രമിക്കുകയാണുണ്ടായത്. വീണ്ടും തന്റെ അസഭ്യവര്‍ഷം തുടങ്ങി. രണ്ടാമതും നബി(സ)യെ അസഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ ആ നായ അദ്ദേഹത്തിന്റെ കണ്ഠനാളത്തിലേക്ക് ചാടിവീണ് കടിച്ചുകീറുകയും ഉടനെത്തന്നെയദ്ദേഹം മരണപ്പെടുകയുമുണ്ടായി. ഇത് കാരണം മുഗളന്‍മാരിലെ നാല്‍പതിനായിരം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. ഇബ്‌നുഹജറില്‍ അസ്ഖലാനി തന്റെ അദ്ദുററുല്‍ കാമിന ഫീ അഅ്‌യാനില്‍ മിഅതിസ്സാമിന എന്ന കൃതിയില്‍ രേഖപ്പെടുത്തിയാതാണീ സംഭവം.


Post a Comment

Previous Post Next Post