വിശ്വാസികളുടെ ഹൃദയവിളക്ക് തിരുനബി(സ്വ) പിറന്ന് വീണ റബീഉല്‍അവ്വല്‍ സമാഗതമാകുന്നത് വിശ്വാസികളെ സംബന്ധിച്ച് ഏറെ സന്തോഷമുഹൂര്‍ത്തമാണ്. വിശുദ്ധ റമദാനിന്റെ ആഗമനത്തിലാണ് വിശ്വാസികള്‍ രണ്ടാമതായി ഏറെ സന്തോഷിക്കാറുള്ളത്. നന്‍മകള്‍ കൂടുതല്‍ പ്രതിഫലാര്‍ഹമായി നിര്‍വ്വഹിക്കാനവസരം ലഭിക്കുമെന്ന പൊലിവാണ് റമദാനിലെങ്കില്‍, നന്‍കളെന്തെന്ന് പഠിപ്പിച്ച തിരുനബി(സ്വ)യെ കൂടുതല്‍ പറയാനും അറിയാനും കേള്‍ക്കാനും ഓര്‍ക്കാനും അവസരമുണ്ടാവുന്നു എന്നതാണ് റബീഉല്‍അവ്വലിന്റെ ഏറ്റവും വലിയ മേന്‍മ. വസന്തം പിറന്ന ഈ മാസം ഒന്നാം വസന്തമെന്നാണ് അറിയപ്പെടുന്നത്.
സ്രഷ്ടാവിന്റെ സൃഷ്ടികളില്‍ പൂര്‍ണ്ണതയുടെ ചേരുവകളെല്ലാം സമ്പൂര്‍ണ്ണമായി മേളിച്ച മഹത് വ്യക്തിത്വമാണ് തിരുനബി(സ്വ). ഏതൊരു വ്യക്തിയുടെയും മഹത്വം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിപ്രധാനമാണല്ലോ പാരമ്പര്യ മേന്‍മകള്‍. തിരുനബി(സ്വ)യുടെ പാരമ്പര്യം അവകാശപ്പെടാന്‍ സാധ്യമാകുന്ന മറ്റൊരു വ്യക്തിയും ലോകത്തില്ല. ആദം(അ)ന്റെ നാല്‍പത്തിഒമ്പതാം പൗത്രനായി പിറന്ന മുഹമ്മദ്‌നബി(സ്വ)യുടെ പിതാക്കളെല്ലാവരും വിശുദ്ധരായിരുന്നുവെന്ന് സുവ്യക്തമായ സത്യമാണ്. ഖുര്‍ആന്‍ സൂക്തങ്ങളും തിരുവരുളുകളും ഈ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറയുന്നു: 'ആദം സന്താനങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായവരിലൂടെയാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്'(കിതാബുല്‍മനാഖിബ്-സ്വഹീഹുല്‍ബുഖാരി). വാസിലതുബ്‌നുല്‍അസ്ഖഅ്(റ) നബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ കാണാം ''കിനാന ഗോത്രത്തെ ഇസ്മാഇല്‍(അ)ന്റെ പരമ്പരയില്‍ നിന്ന് അല്ലാഹു തിരഞ്ഞെടുത്തു. കിനാനയില്‍ നിന്ന് ഖുറൈശിയേയും ഖുറൈശിയില്‍ നിന്ന് ബനൂഹാശിമിയേയും അവരില്‍ നിന്ന് എന്നേയും''(മുസ്‌ലിം). നിയമാനുസൃത വിവാഹങ്ങളിലൂടെ ശാരീരികശയനം പ്രാപിച്ചവരിലൂടെ മാത്രമാണ് ഞാന്‍ ജനിച്ചത്. 'അങ്ങ് നിസ്‌കരിക്കുമ്പോഴും സുജൂദ് ചെയ്യുന്ന പിതാക്കളിലൂടെ കടന്നുവന്നപ്പോഴും അങ്ങയെ അനുഗ്രഹിച്ച ഉന്നതനും കാരുണ്യവാനുമായവനില്‍ അങ്ങ് ഭരമേല്‍പ്പിക്കുക' (അശ്ശുഅറാഅ് 217,18,19) എന്ന് ഖുര്‍ആനില്‍ കാണാം. ''ഒരു നബിയുടെ മുതുകില്‍ നിന്ന് മറ്റൊരു നബിയുടെ മുതുകിലേക്ക് നീങ്ങി അവസാനം ഞാന്‍ നബിയായി നിയോഗിക്കപ്പെട്ടു'' എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടെന്ന് ഈ സൂക്തത്തിന്റെ വിവരണത്തില്‍ ഇബ്‌നുഅബ്ബാസ്(റ), ഇക്രിമ(റ) എന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അറബികളില്‍ ഉന്നത വിഭാഗമാണ് ഖുറൈശികള്‍. മക്കയിലെ പ്രധാനവും ശ്രേഷ്ടവുമായ ചുമതലകള്‍ അവരില്‍ നിക്ഷിപ്തമായിരുന്നു. അറബികളിലെ അത്യുന്നതരായ മുളര്‍ വിഭാഗത്തില്‍ നിന്ന് ഏറ്റവും ഉന്നതര്‍ അബ്ദുമനാഫിന്റെ പരമ്പരയാണ്. അവരില്‍ ശ്രേഷ്ടര്‍ ഹാശിമിന്റെ പൗത്രന്‍മാരാണ്. അവരില്‍ തന്നെ ഏറ്റവും ഉത്തമര്‍ അബ്ദുല്‍മുത്വലബിന്റെ സന്താനങ്ങളും. ''ആദംനബി(അ) മുതല്‍ സമൂഹങ്ങള്‍ പലഘട്ടങ്ങളില്‍ വിഭജനം നടന്നപ്പോള്‍ അതില്‍ അത്യുത്തമ സമൂഹത്തിലായിരുന്നു താനെന്ന് നബി(സ്വ) അരുളിയിട്ടുണ്ട'്. സൂറതുതൗബയുടെ അവസാന ആയത് ഓതി നബി(സ്വ) പറയുമായിരുന്നു: 'ഞാന്‍ നിങ്ങളില്‍ കുടുംബ, ദാമ്പത്യ, തറവാട് കാര്യങ്ങള്‍ ഏറ്റവും ശ്രേഷ്ടനാണ്. ആദി മനഷ്യന്‍ മുതല്‍ സ്വന്തം പിതാവ് വരെ എന്റെ പരമ്പരയില്‍ അവിഹിത ബന്ധത്തിലൂടെയുണ്ടാവരാരുമില്ല'.
ഇസ്മാഈല്‍ നബിയുടെ പരമ്പരയിലാണ് അറബികള്‍ ജനിക്കുന്നത്. ഹാജര്‍ബീബിയേയും പുത്രന്‍ ഇസ്മാഈല്‍(അ) നേയും മക്കയില്‍ തനിച്ചാക്കി ഇബ്‌റാഹീം നബി തിരികെപ്പോയി. പുത്രന്‍ വലുതായി അവിടെ താമസമാക്കിയ ഖുസാഅ: ഗോത്രത്തില്‍ നിന്ന് വിവാഹം കഴിച്ച് അവരുടെ സന്താന പരമ്പരയില്‍ അറബികള്‍ വളരുകയുമുണ്ടായി. ഇസ്മാഈല്‍ നബിയുടെ പുത്രപരമ്പരയില്‍ മുഹമ്മദ്‌നബി(സ്വ) മാത്രമാണ് നബിയായി നിയോഗിക്കപ്പെട്ടത്. ഇരുവര്‍ക്കും ഇടയില്‍ രണ്ടായിരത്തിലേറെ വര്‍ഷങ്ങളുണ്ട്. മുഹമ്മദ് നബി(സ്വ)ക്കും ഈസാനബി(അ)ന്റെ ആകാശാരോഹണത്തിനും ഇടയില്‍ അറുനൂറ് വര്‍ഷങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷക്കാലയളവില്‍ തീരെ പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടില്ലെങ്കിലും ഖുസാഅ ഗോത്രത്തലവനായ അംറിന്റെ കാലം വരെ അറബികള്‍ ഇസ്മാഈല്‍ നബിയുടേയും ഇബ്‌റാഹീം നബിയുടേയും മതനിയമാചാരങ്ങള്‍ക്കനുസൃതമായിട്ടാണ് ജീവിച്ചിരുന്നത്. അറേബ്യയില്‍ ബിംബാരാധന കൊണ്ടുവന്ന അംറിന്റെ ഗോത്രത്തിന് തന്നെയായിരുന്നു കഅ്ബയുടെ നിയന്ത്രണാധികാരവും. അത്കാരണമാണ് പ്രധാന ബിംബങ്ങളുടെ സുക്ഷിപ്പ് കേന്ദ്രമായി കഅ്ബ മാറിയത്.
ഹാഫിള് അബ്ദുര്‍റസാഖ്(റ) മുസ്വന്നഫില്‍ അലി(റ)വില്‍ നിന്നുദ്ധരിക്കുന്നു: ''ഭൂമിലോകത്ത് എപ്പോഴും ഏഴോ അതിലധികമോ മുസ്‌ലിംകള്‍ എപ്പോഴുമുണ്ടാകും. ഇല്ലെങ്കില്‍ ഭുമിയും അതിനുമുകളിലുള്ളതും നശിക്കും''. ഇമാം അഹ്മദ്(റ) ഇബ്‌നുഅബ്ബാസ്(റ)ല്‍ നിന്നുദ്ധരിക്കുന്നു: ''നൂഹ്‌നബിക്ക് ശേഷം ഭൂമിയില്‍ ഏഴ് സത്‌വൃത്തരൊഴിഞ്ഞ കാലമുണ്ടായിട്ടില്ല. അവര്‍ കാരണം ഭൂവാസികളെ പല വിപത്തുകളില്‍ നിന്നും അല്ലാഹു തടയുന്നതാണ്''. ഇതൊടൊപ്പം തിരുനബി(സ്വ)യുടെ മറ്റൊരുവചനം കൂടി നമുക്ക് ചേര്‍ത്തുവായിക്കാം. നബി(സ്വ) പറയുന്നു: ''വിശുദ്ധരുടെ മുതുകില്‍ നിന്ന് മഹതിമാരുടെ ഗര്‍ഭാശയത്തിലേക്ക് ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു''. തിരുനബി(സ്വ)യുടെ പിതൃപരമ്പര വിശുദ്ധമായിരുന്നുവെന്ന് ഇതിലൂടെ നമുക്ക് ബോധ്യമാകുന്നതാണ്.
ഇര്‍ബാളുബ്‌നുസാരിയ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ''ഞാന്‍ എന്റെ പിതാമഹന്‍ ഇബ്‌റാഹീം നബിയുടെ പ്രാര്‍ത്ഥനാഫലമാണ്'' എന്ന് നബി(സ്വ) പറയുന്നത് കാണാം. കഅ്ബാമന്ദിരം പണിത് കഴിഞ്ഞ് ഇ്ബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്ന് നടത്തിയ സുദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ ''ഞങ്ങളുടെ നാഥാ, ആ ജനതക്കു നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്ന് തന്നെ നിയോഗിക്കേണമേ''(അല്‍ബഖറ 129) എന്ന ദുആയുടെ ഫലമാണ് തിരുനബി(സ്വ) എന്നാണ് മേല്‍ ഹദീസിന്റെ വിവക്ഷ. ആ പ്രാര്‍ത്ഥനയില്‍ ''നാഥാ ഞങ്ങളിരുവരേയും നിനക്ക് കീഴ്‌പെട്ടവരാക്കേണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നു നിന്നോടു വിധേയത്വമുള്ള സമൂഹത്തെ ഉണ്ടാക്കേണമേ'' എന്നുമുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ ഫലമായി ഇബ്‌റാഹീമീ പരമ്പരയില്‍ മുവഹ്ഹിദുകള്‍ എപ്പോഴും ഉണ്ടാകുമെന്നത് നിശ്ചയമാണല്ലോ...
നബി(സ്വ)യുടെ ഇരുപതാമത്തെ ഉപ്പാപ്പ അദ്‌നാന്‍ വരെയുള്ളവരുടെ ചരിത്രം വളരെ കൃത്യവും അഭിപ്രായഭിന്നതയില്ലാത്തതുമാണ്. അവിടന്നങ്ങോട്ടുള്ളവരുടെ കാര്യത്തില്‍ ചില ഭിന്നാഭിപ്രായങ്ങളുണ്ട്. അത്കാരണമാണ് മദ്രസകളില്‍ നാം ഇരുപത് ഉപ്പാപ്പമാരെ മാത്രം കൃത്യമായി പഠിച്ചവസാനിപ്പിക്കുന്നത്. അദ്‌നാന്‍ എന്നവര്‍ മുതല്‍ ആദം(അ) വരെയുള്ളവര്‍ ആരൊക്കെയെന്നതില്‍ തര്‍ക്കമുടലെടുക്കാനുള്ള കാരണവും ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയുട്ടുണ്ട്. പൂര്‍വ്വികരായ അറബികള്‍ക്ക് കാര്യങ്ങള്‍ എഴുതിസൂക്ഷിക്കുന്ന ശീലമില്ലാതിരുന്നു. ആദംനബിക്കും നൂഹ്‌നബിക്കും ഇതര അമ്പിയാക്കള്‍ക്കും ഇടയിലുള്ള കാലം നിര്‍ണ്ണയിക്കുന്നതില്‍ ജൂതന്‍മാര്‍ വരുത്തിയ വിനയാണ് അഭിപ്രായവ്യത്യാസത്തിനുള്ള കാരണമെന്ന് സിബ്ത്വുബ്‌നുല്‍ജൗസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്(സീറതുല്‍ഹലബി).
ഇബ്‌റാഹീം നബിയുടെ പിതാവ് ആരാണെന്നും ഖുര്‍ആനില്‍ പറയപ്പെട്ട ആസര്‍ ഇബ്‌റാഹീം നബിയുടെ ആരായിരുന്നുവെന്നുമൊക്കെ പണ്ഡിതര്‍ വ്യക്തമായ ചര്‍ച്ചകളിലൂടെ കൃത്യമായ നിരീക്ഷണങ്ങളിലെത്തിയിട്ടുണ്ട്. ആസര്‍ ഇബ്‌റാഹീം നബിയുടെ പിതൃസഹോദരനായിരുന്നുവെന്നും താറഖ് എന്നവരാണ് ഇബ്‌റാഹീം നബിയുടെ പിതാവെന്നും ഇബ്‌നുഹജര്‍(റ) അടക്കമുള്ള പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്(അസ്‌നല്‍മത്വാലിബ് ഫീ നജാതി അബീത്വാലിബ്). ആസര്‍ ഇബ്‌റാഹീം നബിയുടെ പിതാവല്ലെന്ന അഭിപ്രായത്തെയാണ് അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷം പണ്ഡിതരും പ്രബലമാക്കിയത്.
അണ്ഡകടാഹങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണക്കാരനായ തിരുനബി(സ്വ)യുടെ പ്രകാശമാണ് ആദ്യമായി അല്ലാഹു സൃഷ്ടിച്ചത്. ആ തിരുവൊളി ആദിമനുഷ്യന്‍ ആദം(അ)ല്‍ നിന്ന് വിശുദ്ധരായ പ്രവാചകരിലൂടെയും സംശുദ്ധരായ മഹാന്‍മാരിലൂടെയും മഹതികളിലൂടെയും സഞ്ചരിച്ച് അബ്ദുല്ലാ എന്നവരിലൂടെ ആമിനബീബിയുടെ ഗര്‍ഭാഷയത്തിലെത്തി. ഈ തിരുപ്രകാശത്തിന്റെ സൂക്ഷിപ്പുകാരോ, സംരക്ഷകരോ ആയി വന്നവരെല്ലാം മുവഹ്ഹിദുകളും വിശുദ്ധരുമായിരുന്നു. വിശുദ്ധറബീഉല്‍അവ്വല്‍ 12 ന്റെ സുന്ദരദിനത്തില്‍ തിരുദൂതര്‍ പിറവിയെടുക്കുകയും ആ തിരുവൊളി ലോകത്ത് മുഴുവന്‍ വിശുദ്ധദീനിന്‍രെ പ്രകാശം പരത്തുകയും തിരുദൂതരുടെ തിരുവൊളി പ്രിയപുത്രി ഫാത്വിമയിലൂടെ അന്ത്യനാള്‍ വരെ അഹ്‌ലുബൈതിലൂടെ ലോകത്ത് സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ് അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നത്.
കര്‍ബലയില്‍ അഹ്‌ലുബൈതിന്റെ പരമ്പര മുറിഞ്ഞുപോയന്ന വാദം നിരര്‍ത്ഥകവും അബദ്ധജഢിലവുമാണ്. അലി(റ)ന് വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് ആണും പെണ്ണുമായി 39മക്കളുണ്ട്. ഇവരില്‍ ഫാത്വിമബീബിയുടെ മക്കളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നവര്‍ക്കും സൈനബ്(റ)ക്കും മാത്രമാണ് സന്താനപരമ്പരയുള്ളത്(നൂറുല്‍അബ്‌സ്വാര്‍). ഹസന്‍(റ)ന് പതിനഞ്ചും ഹുസൈന്‍(റ)ന് ആറും മക്കളാണുണ്ടായിരുന്നത്. ഹസന്‍(റ)ന്റെ ഹസന്‍, സൈദ് എന്നീ മക്കള്‍ക്ക് മാത്രമേ സന്താനങ്ങളുണ്ടായിട്ടുള്ളൂ. പുത്രനായ ഹസന്‍ പിതൃസഹോദരനായ ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുക്കുകയും ബന്ധിയായി പിടിക്കപ്പെടുകയുമുണ്ടായി. ഹിജ്‌റ 97ല്‍ വഫാതായ മഹാനവര്‍കള്‍ക്ക് അഞ്ച് മക്കളുണ്ടായി. ഇദ്ദേഹത്തിലൂടെയും സഹോദരന്‍ സൈദിലൂടെയും ഹസനീ പരമ്പര ലോകത്ത് നിലനില്‍ക്കുകയുണ്ടായി. ഹിജ്‌റ 120ലാണ് സൈദ് എന്നവര്‍ വഫാതാകുന്നത്.
ഹുസൈന്‍(റ) ആറ് മക്കളുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവരില്‍ അലിയ്യുനില്‍അക്ബര്‍, അബ്ദുല്ലാഹ് എന്നവര്‍ പിതാവിനൊപ്പം കര്‍ബലയില്‍ ശഹീദായി. ജഅ്ഫര്‍ എന്ന പുത്രന്‍ പിതാവിന്റെ ജീവിതകാലത്ത് തന്നെ ചെറുപ്പത്തില്‍ മരണപ്പെട്ടു. ശേഷിച്ച അലുയ്യുന്‍സൈനുല്‍ആബിദീന്‍ എന്നവര്‍ക്കാണ് സന്താനപരമ്പരയുണ്ടായത്. അദ്ദേഹത്തിന് പതിനഞ്ച് മക്കളില്‍ പതിനൊന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണുണ്ടായിരുന്നത്. ഇവരിലൂടെ ഹുസൈനീ പരമ്പരയും ലോകത്ത് നിലനില്‍ക്കുന്നു. ഹിജ്‌റ 94 മുഹര്‍റം 12ന് 57ആം വയസ്സില്‍ അലിയ്യുന്‍സൈനുല്‍ആബിദീന്‍(റ) വഫാതായി.
ഈ പരമ്പരയില്‍ ജനിച്ചുവളര്‍ന്ന സയ്യിദുമാരിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹ്‌ലുബൈത് നിലനില്‍ക്കുന്നത്. അന്ത്യനാളില്‍ പ്രതീക്ഷിക്കപ്പെടുന്ന ഇമാം മഹ്ദി(റ) അഹ്‌ലുബൈതിന്റ പരമ്പരയില്‍ നിന്ന് വരാനുള്ള മഹല്‍വ്യക്തിയാണ്. മുഹമ്മദ്ബ്‌നുഅബ്ദില്ലാഹ് എന്ന പേരുള്ള ആ മഹാനുഭാവിനെ കുറിച്ച് നബി(സ്വ)തങ്ങള്‍ തന്നെ കൃത്യമായി അറിവ് നല്‍കിയിട്ടുണ്ട്. ആദ്യമായി അല്ലാഹു സൃഷ്ടിച്ച തിരുവൊളി ആദംനബിയിലൂടെ അമ്പിയാക്കള്‍, മഹത്തുക്കള്‍ എന്നിവരിലൂടെ തിരുനബി(സ്വ)യിലെത്തി അഹ്‌ലുബൈത്തിലെ സാദാത്തീങ്ങളിലൂടെ അന്ത്യനാള്‍ വരെ ഭൂലോകത്ത് നിലനില്‍ക്കുമെന്ന യാഥാര്‍്തഥ്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
❤️❤️❤️
ReplyDeletePost a Comment