ഇസ്‌ലാമിക പ്രമാണങ്ങളില്‍ ഹദീസുകള്‍ക്ക് ഉന്നതസ്ഥാനമുണ്ട്. വിശുദ്ധഖുര്‍ആനിന്റെ വ്യാഖ്യാനമായത് കൊണ്ട് തന്നെ ഖുര്‍ആന്‍ കൃത്യമായി മനസ്സിലാക്കുവാനും, വിധിനിര്‍ധാരണം നടത്തുവാനും ഹദീസുകള്‍ അനിവാര്യമാണ്. മതനിയമങ്ങള്‍ നടപ്പില്‍വരുത്താന്‍ നിയോഗിതരായ അന്ത്യദൂതരുടെ വാക്കുകളും, പ്രവൃത്തികളും, മൗനാനുവാദങ്ങളുമായതിനാല്‍ ഓരോ ഹദീസുകളും സ്വീകരിക്കുന്നതിലും, നിവേദനം ചെയ്യുന്നതിലും അതിസൂക്ഷ്മത പാലിക്കാന്‍ ഇസ്‌ലാമികലോകം ജാഗ്രതപുലര്‍ത്തിയിട്ടുണ്ട്. ഹദീസ്, സുന്നത്ത്, അസര്‍, ഖബര്‍ തുടങ്ങി വ്യത്യസ്ത പദങ്ങളാണ് നബിവചനങ്ങളെ പ്രതിപാദിക്കാന്‍ ഉപയോഗിക്കുന്നത്. ഓരോന്നിന്റെയും നിര്‍വ്വചനങ്ങള്‍ വ്യത്യസ്തമായി പണ്ഡിതര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും തത്വത്തില്‍ നബി(സ്വ)യുടെ വാക്കുകളും, പ്രവര്‍ത്തനങ്ങളും, മൗനാനുവാദങ്ങളുമാണിവ. സ്വഹാബിയുടേയും, താബിഇയുടേയും വാക്കുകളും, പ്രവര്‍ത്തികളും, അനുവാദങ്ങളും ഈ ശ്രേണയില്‍ തന്നെ ഗണിക്കപ്പെടുന്നതാണ്. നിരുപാധികം ഹദീസ് എന്നതുകൊണ്ട് തിരുനബിയുടെ ഹദീസുകളെന്നാണ് വിവക്ഷ.
വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മാതം സംസംസാരിച്ചിരുന്ന തിരുദൂതരുടെ ഓരോ വാക്കുകളും അമൂല്യമാണ്. സാഹിത്യകുലപതി ജാഹിള് പറുന്നു: 'അക്ഷരങ്ങള്‍ കുറഞ്ഞ, ആശയങ്ങള്‍ വിസ്തൃതമായ, അനുയോജ്യപദങ്ങള്‍ മാത്രം ഉപയോഗിച്ച(വിശദീകരിക്കേണ്ടിടത്ത് വിശദീകരിച്ചും, ചുരുക്കിപ്പറയേണ്ടിടത്ത് ചുരുക്കിപ്പറഞ്ഞും), തിരുദൂതര്‍ക്ക് നാക്ക്പിഴയോ, കാലിടര്‍ച്ചയോ, പരാജയമോ ഒന്നും സംഭവിച്ചിട്ടില്ല. ഏറെഫലപ്രദവും, സത്യസന്ധവും, കോര്‍വ്വയിണങ്ങിയതുമായ, സാഹിത്യമൂല്യങ്ങളുള്ള തിരുദൂതരുടെ ഹദീസുകളല്ലാതെ മറ്റൊരാളുടെ വാക്കുകളും ജനങ്ങള്‍ കേട്ടിട്ടില്ല'.(മുസ്ത്വഫാ അസ്സ്വാദിഖ് അര്‍റാഫിഈ...ഇഅ്ജാസുല്‍ഖുര്‍ആനിവല്‍ബലാഗ.ദാറുല്‍കിതാബ്). മതനിയമങ്ങളുടെ പ്രഥമസ്രോതസ്സായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുര്‍ആനിന്റെ ആഖ്യാനമാണ് ഹദീസെന്ന് നാം സൂചിപ്പിച്ചു. 'മാനുഷികത്തിനായി അവതീര്‍ണമായത് അവര്‍ക്ക് പ്രതിപാദിച്ചുകൊടുക്കാനും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും താങ്കള്‍ക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു(അന്നഹ്ല്‍ 44) എന്ന് വിശുദ്ധഖുര്‍ആനെ സംബന്ധിച്ചും, ''നിരക്ഷര സമൂഹത്തിനിടയില്‍ തന്റെ സൂക്തങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍(ജുമുഅ 2) എന്ന് നബിയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നതില്‍ നിന്ന് ഇക്കാര്യം നമുക്ക് വ്യക്തമാകും.
ഇസ്‌ലാമികശരീഅത്തിന്റെ സുപ്രധാന അവലംബമായത്‌കൊണ്ട് സ്വഹാബത്തും, താബിഉകളും അക്കാലത്ത് ലഭ്യമായ മാര്‍ഗങ്ങളുപയോഗിച്ച് ഹദീസുകളോരോന്നും ക്രോഡീകരിക്കാന്‍ ആവത് ശ്രമിച്ചു. ഹൃദിസ്ഥമാക്കിയും, എഴുതിവെച്ചും സ്വഹാബികളില്‍ പലരും ഹദീസുകള്‍ ക്രോഢീകരിച്ചു. എഴുത്ത് പൗരുഷത്തിന്റെ അടയാളമായിക്കണ്ടിരുന്ന അറബികളില്‍ പലരും ആ മേഖലയിലേക്ക് കടന്നുവന്നു. സഅ്ദ്ബ്‌നുര്‍റബീഅ്, ബശീറുബ്‌നുസഅ്ദ്, അബാനുബ്‌നുസഈദ്ബ്‌നുല്‍ആസ്വ് തുടങ്ങയവര്‍ നിരവധി പേര്‍ക്ക് എഴുത്ത് പഠിപ്പിച്ചുകൊടുത്തു. നബിയില്‍ നിന്നുള്ള പ്രത്യേക സമ്മതത്തോടെ ചില സ്വഹാബികളും, പൊതു സമ്മതാനന്തരം നിരവധി സ്വഹാബികളും ഹദീസുകള്‍ എഴുതിവെക്കാറുണ്ടായിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), അലി(റ) തുടങ്ങിയ ഖലീഫമാരും മറ്റു ചില സ്വഹാബികളും അവര്‍ക്ക് ലഭ്യമായ ഹദീസുകള്‍ ക്രോഡീകരിച്ചിരുന്നു. അബ്ദുല്ലാഹിബ്‌നിഅംരിബ്‌നില്‍ആസ്വ്(റ) നബിയില്‍ നിന്ന് ലഭിച്ച പ്രത്യേകാനുമതിപ്രകാരം ക്രോഢീകരിച്ച ഹദീസുകള്‍ അസ്വഹീഫതുസ്വാദിഖ എന്നും, ഹുമാമുബ്‌നുമുനബ്ബിഹ്(റ) അബൂഹുറൈറ(റ)യില്‍ നി്ന്ന് പകര്‍ത്തിയെഴുതിയ 138 ഹദീസുകളുടെ സമാഹാരമായ അസ്വഹീഫതുസ്വഹീഹയും ഈ ഗണത്തില്‍ ശ്രദ്ധേയമായവയാണ്.
മുന്‍സമൂഹങ്ങള്‍ക്ക് അല്ലാഹു നല്‍ികയിട്ടില്ലാത്ത, ഈ സമൂഹത്തെ അല്ലാഹു ആദരിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് അത്യപൂര്‍വ്വമായ ഓര്‍മ്മശക്തി. ആ സിദ്ധികൊണ്ട് ഖുര്‍ആനും ഹദീസുകളും ഹൃദിസ്ഥമാക്കുവാന്‍ സ്വഹാബികളും, താബിഉകളും ശ്രമിച്ചു. ശിഹാബുദ്ദീനുസ്സുഹ്‌രിയും, ഇമാം ബുഖാരിയുമെല്ലാം ഓര്‍മ്മശക്തിയില്‍ അദ്യുതീയരായിരുന്നു. ഹദീസിന്റെ സംരക്ഷണത്തിനാണ് അവരുടെ ഈ കഴിവുകള്‍ അവര്‍ ഉപയോഗിച്ചത്. ഹദീസ് സമാഹരണത്തിന് മുന്‍ഗാമികള്‍ നിര്‍വഹിച്ച യാത്രകള്‍ ചരിത്രമാണ്. ഒരു ഹദീസിന് വേണ്ടി ദിനരാത്രങ്ങള്‍ യാത്രചെയ്ത് സമാഹരിക്കാന്‍ ഞാന്‍ സന്നദ്ധമെന്ന് പറഞ്ഞ സഈദ്ബ്‌നുല്‍മുസയ്യിബ്(റ) ഇവ്വിഷയത്തില്‍ വലിയ പ്രചോദനമുണ്ടാക്കിയിട്ടുണ്ട്. ഇത്രയും ത്യാഗങ്ങള്‍ സഹിച്ച് ഹദീസുകള്‍ സമാഹരിക്കുമ്പോഴും ലഭ്യമായ ഹദീസുകള്‍ സമാഹരിക്കുവാനും, അത് സ്വഹീഹാണോ, ളഈഫാണോ, എന്ന് വേര്‍തിരിച്ച് നിബന്ധനകള്‍ക്ക് വിധേയമായി കൃത്യമായ പരിശോധനകള്‍ക്ക് ശേഷം രേഖപ്പെടുത്തുവാനും അവര്‍ ശ്രമിച്ചു. ഹദീസുകളെക്കുറിച്ചും, നിവേദകരെക്കുറിച്ചും മറ്റുമായി നിരവധി പഠനങ്ങള്‍ നടത്തി വിവിധ ഗ്രന്ഥങ്ങള്‍ കൊണ്ട് ഇസ്‌ലാമിക ഗ്രന്ഥാലയങ്ങളെ അവര്‍ നിറച്ചു. ഇമാം നവവിയുടെ അഭിപ്രായത്തില്‍ ഹദീസ് ശാസ്ത്രവുമായി ബന്ധപ്പെട്ട 65 മേഖലകളിലുള്ള ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട് എന്ന് കാണാം(അസ്സുന്നത്തു വമകാനതുഹാ.... സിബാഈ പേജ് 132).
ശര്‍ഹുല്‍ ഹദീസ്(ഹദീസ് വ്യാഖ്യാനം
അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനമെന്ന നിലയില്‍ തിരുദൂതരുടെ ഓരോ ഹദീസുകളും കൃത്യമായി മനസ്സിലാക്കുവാന്‍ ഇസ്‌ലാമികലോകം ശ്രമിച്ചിട്ടുണ്ട്. ഹദീസ്ശാസ്ത്രത്തില്‍ ഏറെ പ്രസക്തിയുള്ള ഒരു ജ്ഞാനശാഖയായിത്തന്നെ ശര്‍ഹുല്‍ഹദീസ്(ഹദീസ് വ്യാഖ്യാനം) വൈപുല്യം നേടി. ഹദീസ്പഠനത്തിന്റെ സുപ്രധാനലക്ഷ്യം തന്നെ ഹദീസുകളുടെ വ്യാഖ്യാനം മനസ്സിലാക്കലായതിനാല്‍ പണ്ഡിതര്‍ അവരുടെ രചനകളില്‍ ഇത് സംബന്ധമായ ചര്‍ച്ചകള്‍ വിശദമായിത്തന്നെ നടത്തിയത് കാണാം. ഖത്വീബുല്‍ബഗ്ദാദി(റ) പറയുന്നു: 'ഹദീസുകള്‍ ധാരാളമായി എഴുതിവെച്ചത് കൊണ്ടോ, നിവേദനം ചെയ്തത് കൊണ്ടോ ഒരാള്‍ ജ്ഞാനിയാവുകയില്ല. ആ ഹദീസുകളുടെ വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കിയും, ആഴത്തില്‍ ചിന്തിച്ചുമാണ് പണ്ഡിതനാവുന്നത്'(അല്‍ജാമിഉലിഅഖ്‌ലാഖിര്‍റാവി വആദാബിസ്സാമിഅ്). ഇബ്‌നുസ്വലാഹ്, ഇമാംശാഫിഈ(റ)യും ഇക്കാര്യം സുവ്യക്തമാക്കിയിട്ടുണ്ട്(ഇല്‍മുശര്‍ഹില്‍ഹദീസ്; ദിറാറസതുന്‍ തഅ്‌സ്വീലിയ്യ മന്‍ഹജിയ്യ- ബസ്സാമുബ്‌നുല്‍ഖലീല്‍ അല്‍സ്വഫ്ദി, പേജ് 15).
ഹദീസുകളുടെ ക്രോഡീകരണമാരംഭിച്ച നബി(സ്വ)യുടെ കാലത്ത് തന്നെ ഈ ശാഖയും വളര്‍ന്നുതുടങ്ങിയിട്ടുണ്ടെങ്കിലും ഹിജ്‌റ നാലാം നൂറ്റാണ്ടിലാണ് വ്യവസ്ഥാപിതരൂപത്തില്‍ ശര്‍ഹുകള്‍ വന്നുതുടങ്ങിയത്. ആദ്യകാലങ്ങളില്‍ ഹദീസ് സമാഹരണത്തില്‍ ശ്രദ്ധയൂന്നിയതും, നുബുവ്വതിന്റെ കാലത്തോട് കൂടുതല്‍ അടുത്തതിനാല്‍ കൂടുതല്‍ വ്യാഖ്യാനങ്ങളിലേക്ക് അത്യാവശ്യമില്ലാതിരുന്നതും ഈ ശാഖയിലെ രചനകള്‍ അല്‍പം പിന്തുന്നതിന് കാരണമായിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. നബിവചനങ്ങളോട് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തുവെക്കുന്നത് അനിഷ്ടമുള്ളവരുമുണ്ടായി എന്നത് ഇതിന്റെ മറ്റൊരു കാരണമാണ്. ഇമാം മാലിക്(റ)ന്റെ അല്‍മുവത്വയുടെ വ്യാഖ്യാനങ്ങളാണ് നമുക്ക് ലഭിച്ച ആദ്യ ശര്‍ഹുകള്‍. അബ്ദുല്‍മലികിബ്‌നി ഹബീബിസ്സുലമിഅല്‍ഉന്‍ദുലിസി(മ: ഹിജ്‌റ 238) യുടെ 'തഫ്‌സീറു ഗരീബില്‍ മുവത്വഅ'് എന്ന ശര്‍ഹാണ് ഇതില്‍ ഒന്നാം ശ്രേണിയിലുള്ളത്. ഹിജ്‌റ 388ല്‍ വഫാതായ ഇമാം ഖത്വാബി ഈ മേഖലയില്‍ മുന്‍നിരയിലാണ്. മആലിമുസ്സുനന്‍(സുനനുഅബീദാവീദിന്റെ വ്യഖ്യാനം), അഅ്‌ലാമുല്‍ഹദീസ്(ബുഖാരിയുടെ വ്യാഖ്യാനം) എന്നീ രചനകള്‍ അദ്ദേഹത്തിന്റെതാണ്. ഹിജ്‌റ 310ല്‍ വഫാതായ ഇബ്‌നുജരീരിനിത്വബ്‌രിയാണ് ''തഹ്ദീബുല്‍ആസാര്‍ വതഫ്‌സ്വീലു മആനീസ്സാബിതി അന്‍ റസൂലില്ലാഹി മിനല്‍അഖ്ബാര്‍'' രചിച്ചത്.
വ്യാഖ്യാതാക്കള്‍ വിവിധ രീതിയിലാണ് ഹദീസ് വ്യാഖ്യാനത്തെ സമീപിച്ചത്. ഓരോ ഹദീസിന്റെയും നിവേദനപരമ്പരകള്‍ സസൂക്ഷ്മം വിശദീകരിച്ചും, ഹദീസിന്റെ പദാവലികള്‍ വിശദീകരിച്ചും ദീര്‍ഘമായി വ്യാഖ്യാനിച്ചവരും, ഹദീസില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചവരുമുണ്ട്. വ്യാഖ്യാനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഗ്രന്ഥങ്ങളിലും അവര്‍ വ്യത്യസ്തത പുലര്‍ത്തി. 'എന്റെ വാക്കുകള്‍ കേള്‍ക്കുകയും അത് പഠിക്കുകയും കേട്ടത് പോലെ മററുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രകാശിപ്പിക്കട്ടെ' എന്ന തിരുവരുള്‍ പ്രകാരം ഹദീസുകള്‍ക്ക് സേവനം ചെയ്യണമെന്ന് വലിയ താത്പര്യമാണ് പല പണ്ഡിതരേയും ഇതിന് പ്രേരിപ്പിച്ചത്. ഹദീസുകളെ ഹദീസുകള്‍ കൊണ്ടും, സ്വഹാബത്തിന്റെ ഉദ്ധരണികളുപയോഗിച്ചും, താബിഉകളുടെ അഭിപ്രായങ്ങള്‍ അവലംബിച്ചും, അറബിഭാഷ കൊണ്ടും വ്യാഖ്യാനിച്ചവരെ നമുക്ക് കാണാം. ഈ സമൂഹത്തില്‍ നിന്ന് തിരുനബിയുടെ അനുചരന്‍മാരാവാന്‍ അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുത്ത സ്വഹാബികള്‍ നബിയുടേയും നബി പ്രബോധനം ചെയ്ത ദീനിന്റെയും സംരക്ഷകരും, പ്രചാരകരുമായത് കൊണ്ടും, ദിവ്യസന്ദേശത്തിന്റെ സാക്ഷികളും, ഹദീസുകള്‍ നേരിട്ട് കേട്ടവരായത് കൊണ്ടും ഹദീസ് വ്യഖ്യാനത്തില്‍ അവരുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്. വാക്കിലൂടെയും ചെയ്തിയിലൂടെയും അവര്‍ ഹദീസുകളെ വ്യാഖ്യാനിച്ചു.
ഹദീസുകള്‍ വ്യാഖ്യാനിക്കുന്നിടത്ത് പിഴവുകള്‍ വരാതിരിക്കാന്‍ എല്ലാവരും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. ഹദീസ് വ്യാഖ്യാനത്തില്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ കടന്നുകൂടരുത്. നബി(സ്വ) ശരീഅത്ത് നടപ്പിലാക്കുവാന്‍ നിയോഗിതരായ ശാരിഅ് ആയത് കൊണ്ട് തന്നെ, അവിടുത്തെ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ വ്യക്തിതാത്പര്യങ്ങളും, ഭൗതികനേട്ടങ്ങളും സ്വാധീനിക്കാനേ പാടില്ല. എന്നാല്‍ പല ഹദീസുകളും ചിലരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ടെന്നത് നിഷേധിക്കാവതല്ല.
ഹദീസുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിന് ഇടവരുത്തിയ പലഘടകങ്ങളെക്കുറിച്ചും പണ്ഡിതര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഗ്രൂപ്പ് പക്ഷപാതിത്വം(കര്‍മ്മശാസ്ത്ര, വിശ്വാസശാസ്ത്ര മദ്ഹബുകള്‍), ഭാഷാഅജ്ഞത, ആധുനിക ശാസ്ത്രത്തോടും കണ്ടുപിടിത്തങ്ങളോടും തുലനം ചെയ്യാനുള്ള വ്യഗ്രത, സമകാലിക സംഭവങ്ങളോട് ഹദീസുകളെ തുലനം ചെയ്യാനുള്ള തിടുക്കം, പ്രഭാഷണങ്ങള്‍ക്ക് ചാതുരി വര്‍ദ്ധിപ്പിക്കുവാനുള്ള താത്പര്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഹദീസുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് കാരണമായിട്ടുണ്ട്.
കര്‍മ്മശാസ്ത്ര മദ്ഹബുകളിലും, വിശ്വാസശാസ്ത്ര സരണികളിലും ചേര്‍ന്നുനില്‍ക്കുന്ന പല പണ്ഡിതരും അവരുടെ മദ്ഹബുകളിലെ അഭിപ്രായങ്ങളാണ് പ്രബലമെന്നത് തെളിയിക്കുവാന്‍ ചില ഹദീസുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്ന രീതി നമുക്ക് കാണാവുന്നതാണ്. ആദംനബിയും മൂസാനബിയും തമ്മില്‍ നടന്ന സംവാദം പ്രമേയമായ, ഇമാംബുഖാരി(റ) ഉദ്ധരിച്ച ഹദീസിന്റെ അവസാന ഭാഗത്ത് ഖദരിയ്യാക്കള്‍ അല്ലാഹുവിന് അടിമകളുടെ പ്രവര്‍ത്തനത്തില്‍ പ്രത്യേക ഇറാദതും മശീഅതും ഇല്ലെന്ന തങ്ങളുടെ തെറ്റായ വാദത്തിന് വേണ്ടി വ്യാകരണം തെററിച്ചു വ്യാഖ്യാനിച്ചത് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാം(സ്വഫ്ദി പേജ് 111)
തിരുനബി(സ്വ)ദിവ്യസന്ദേശമനുസരിച്ച് മാത്രം സംസാരിച്ചവരാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അവിടുന്ന് പറഞ്ഞ കാര്യങ്ങളില്‍ വിശ്വാസികള്‍ക്കാര്‍ക്കും സന്ദേഹമില്ലതന്നെ. അദൃശ്യകാര്യങ്ങള്‍, അന്ത്യനാളിന്റെ അടയാളങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വന്ന നിരവധി ഹദീസുകളെ പലരും അവരുടേതായ താത്പര്യങ്ങള്‍ക്കനുസരിച്ച് വിവിധ രൂപത്തില്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. അന്ത്യനാളിന്റെ അടയാളങ്ങളായി അവിടുന്ന പറഞ്ഞ നിരവധി കാര്യങ്ങള്‍ക്ക് പ്രാമാണിക പണ്ഡിതര്‍ പറയാത്ത, ഹദീസിന്റെ ബാഹ്യാര്‍ത്ഥത്തിന് പോലും വിപരീതമാകുന്ന വ്യാഖ്യനം നല്‍കുന്ന പ്രവണത ചില ഗ്രന്തകാരന്‍മാര്‍ക്കും പ്രഭാഷകര്‍ക്കുമുണ്ട്. ബസ്സാമുബ്‌നുഖലീല്‍അസ്വഫ്ദിയുടെ ഇല്‍മുശര്‍ഹില്‍ ഹദീസ് എന്ന ഗ്രന്ഥത്തില്‍ ചില ഉദാഹരണങ്ങളിലൂടെ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
വ്യാഖ്യാതാവിന്റെ നിബന്ധനകള്‍
ഹദീസ് നിവേദകര്‍ക്ക് നിരവധി നിബന്ധനകളുള്ളത് പോലെ ഹദീസ് വ്യാഖ്യാതാക്കള്‍ക്കും സുപ്രധാനമായ ചില നിബന്ധനകളുണ്ട്. തിരുനബിയുടെ ഹദീസുകളുടെ വ്യാഖ്യാനമായി താന്‍ രേഖപ്പെടുത്തുന്ന ഒരോ കാര്യങ്ങളും നൂറ്ശതമാനം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുകയെന്നതാണ് ഒന്നാമത്തെ നിബന്ധന. ഹദീസിന്റെ അര്‍ത്ഥം, അതിലടങ്ങിയ തത്വം, മതവിധി തുടങ്ങിയ ഓരോ കാര്യങ്ങളും സത്യമാണെന്ന് ഉറപ്പുവരുത്തണം.
വ്യാഖ്യാനത്തിനിടയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും, ഉദ്ധരണികളും രേഖപ്പെടുത്തുമ്പോള്‍ ആരുടേതാണെന്ന് കൃത്യമായി പറയണം. എല്ലാം സ്വന്തം അഭിപ്രായങ്ങള്‍ പോലെ രേഖപ്പെടുത്തുന്നത് വിജ്ഞാനത്തോടുള്ള അമാനത്ത്(വിശ്വാസ്യത) നഷ്ടപ്പെടുത്തലാണ്. വ്യാഖ്യാതാവ് തീര്‍ത്തും നിഷ്പക്ഷനായിരിക്കുകയെന്നതാണ് മറ്റൊരു പ്രധാനനബിന്ധന. ഓരോ ഹദീസുകളും അര്‍ഹിക്കുംവിധം കൃത്യമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും വേണം. അറബിഭാഷയിലെ നൈപുണ്യമടക്കം ഹദീസുകള്‍ വ്യാഖ്യാനം ചെയ്യാനുള്ള സര്‍വ്വ യോഗ്യതകളുമുള്ള പണ്ഡിതന്‍ തീര്‍ത്തും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നല്ല നിയ്യത്തോടെയാണ് ഈ ഉദ്യമത്തിന് ഇറങ്ങേണ്ടത്.
ചിലരുടെ തോന്നലുകള്‍ക്കനുസരിച്ചുള്ള ഹദീസ് വ്യാഖ്യാനം ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇടവരുത്തുന്നു എന്നത് ഏറെ സങ്കടകരമാണ്. മതനിഷേധികളും, ഹദീസ് നിഷേധികളും ഈ കെണിവലകള്‍ വീഷിയെറിഞ്ഞ് പാവപ്പെട്ടവരെ വലയില്‍ വീഴ്ത്തുകയും ഇസ്‌ലാമിനെതിരെ തിരിക്കുകയും ചെയ്യാറുണ്ട്. ഹദീസ്ശാസ്ത്രത്തില്‍ സവിശദം പഠനമനങ്ങള്‍ നടത്തുവാന്‍ നിരവധി ഡിപ്പാര്‍ട്ടുമെന്റുകളും വിദ്യാപീഠങ്ങളുമുള്ള ഇക്കാലത്ത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട ഹദീസുകള്‍ കൃത്യമായി സമൂഹത്തെ ബോധ്യപ്പെടുത്തി, തെറ്റിദ്ധരിക്കപ്പെട്ടവരെ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുവാന് ്അവസരങ്ങളുപയോഗപ്പെടുത്തേണ്ടതുണ്ട്.

Post a Comment