ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തിലെ ഏത് ഘട്ടത്തിലും തിരുനബി(സ്വ)യുടെ ജീവിതത്തില്‍ മാതൃകയുണ്ടെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വവിജ്ഞാനങ്ങളും നേടിയെടുത്ത ഏക വ്യക്തിയെന്ന നിലയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ റോള്‍മോഡലാണ് തിരുനബി(സ്വ).
നമ്മുടെ സങ്കല്‍പ്പത്തിലെ വിദ്യാര്‍ത്ഥി ജീവിതവും തിരുനബി(സ്വ)യുടെ ജീവിതത്തിലെ ജ്ഞാന സമ്പാദന രീതിയും തമ്മില്‍ പൂര്‍ണ്ണമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നത് സത്യമാണ്. എഴുത്തും വായനയും ഔദ്യോഗികമായി ഒരു അധ്യാപകനില്‍ നിന്ന് പഠിച്ചെടുക്കാതെ, ഉമ്മിയ്യായിരുന്ന തിരുനബി(സ്വ) അല്ലാഹു നിശ്ചയിച്ച ചില പ്രത്യേക മാര്‍ഗ്ഗങ്ങളിലൂടെയാണ് അറിവ് നേടിയത്. അറിവിന്റെ ഉറവിടമായ അല്ലാഹുവില്‍ നിന്ന് വിശ്വസ്തനായ മാലാഖ ജിബ്രീല്‍(അ) മുഖേനയാണ് അവിടുന്ന് ജ്ഞാനങ്ങളെല്ലാം നേടിയത്. 'നിപതിക്കുന്ന നക്ഷത്രം തന്നെ ശപഥം, നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുര്‍മാര്‍ഗ്ഗിയാവുകയോ ചെയ്തിട്ടില്ല. ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല. പ്രബലശേഷിയുള്ള കരുത്തുറ്റ ജിബ്‌രീലാണ് അവിടത്തെ പഠിപ്പിച്ചത്'' (അന്നജ്മ് 1-5).
ഹിറാഗുഹയില്‍ ധ്യാനനിമഗ്‌നനായിക്കഴിഞ്ഞിരുന്ന തിരുനബി(സ്വ)യെ ജിബ്രീല്‍(അ) വന്ന് കൂട്ടിപ്പിടിക്കുകയും ഓതാന്‍ ആവശ്യപ്പെടുകയും ഞാന്‍ ഓത്തറിയുന്നവനല്ലെന്ന് തിരുനബി(സ്വ) പ്രതികരിക്കുകയും അന്നേരം മൂന്ന് തവണ തന്റെ ശരീരത്തിലേക്ക് നബി(സ്വ)യെ ജിബ്രീല്‍(അ) ചേര്‍ത്ത്പിടിക്കുകയും ചെയ്തതിന് ശേഷം വഹ് യിന്റെ ആദ്യവചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. പിന്നീട് സന്ദര്‍ഭോചിതമായി മാലാഖ വന്ന് ആയതുകള്‍ ഓതിക്കേള്‍പ്പിക്കുകയായിരുന്നു. ഹിറാഗുഹയിലെ കൂട്ടിപ്പിടുത്തത്തില്‍ പേടിച്ച് വിറച്ച് പനിബാധിച്ചാണ് തിരുനബി(സ്വ) വീടണഞ്ഞത്. അത്‌പോലെ വഹ്‌യവതരിക്കുന്ന ഓരോ ഘട്ടങ്ങളിലും അതിന്റെ കാഠിന്യത്തില്‍ തിരുനബി(സ്വ)യുടെ ശരീരത്തില്‍ ഭാവപ്പകര്‍ച്ചകള്‍ സംഭവിക്കാറുണ്ടെന്നും നിരവധി ഹദീസുകളില്‍ നമുക്ക് കാണാം. ജ്ഞാന സമ്പാദനത്തില്‍ തിരുദൂതര്‍ സഹിച്ച ശരാരീരികത്യാഗങ്ങളാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടാവേണ്ട അതിപ്രധാന വിശേഷണവും ത്യാഗസന്നദ്ധതയാണ്. മുന്‍കാല പണ്ഡിതര്‍ ജ്ഞാനസമ്പാദനത്തില്‍ സഹിച്ച ത്യാഗങ്ങളെ കുറിച്ച് മാത്രം അബ്ദുല്‍ഫത്താഹ് അബൂഗുദ്ദ എഴുതിയ കൃതിയാണ് ' സ്വഫഹാതുന്‍ മിന്‍ സ്വബ്രില്‍ ഉലമാഅ്'. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത നിരവധി ചരിത്രങ്ങളാണതില്‍ കാണുന്നത്.
ഹദീസുജിബ്രീല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഹദീസില്‍ ജിബ്രീല്‍(അ) നബിയുടെ ചാരത്ത് വന്ന് ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ എന്താണെന്ന് ചോദിക്കുന്ന ഹദീസിന്റെ വ്യഖ്യാനത്തില്‍ വിദ്യാര്‍ത്ഥിയുടെ മര്യാദകള്‍ ചില പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ചോദ്യങ്ങളുന്നയിക്കുന്ന ജിബ്രീല്‍(അ)ന്റെ മുന്നില്‍ വളരെ ഭവ്യതയോടെയാണ് നബി(സ്വ) ഇരുന്നത്. അറിയുന്നതിനെല്ലാം കൃത്യവും വ്യക്തവുമായി ഉത്തരം നല്‍കി, അറിയാത്തതിന് ചോദിച്ചവരേക്കാള്‍ കൂടുതലായി അവ്വിഷയത്തില്‍ അറിയില്ലെന്നും അവിടന്ന പ്രതികരിച്ചു.
ജിബ്രീല്‍(അ)നെ തന്റെ ഗുണകാംക്ഷിയായ ഗുരുനാഥനായാണ് നബി(സ്വ)തങ്ങള്‍ കണ്ടത്. ഇസ്രാഅ്മിഅ്‌റാജ് യാത്രയിലും മറ്റുമെല്ലാം താന്‍ കണ്ട കാഴ്ചയുടെ വിശദവിവരങ്ങള്‍ ജിബ്രീലിനോടാണ് നബി(സ്വ) അന്വേഷിച്ചത്. തന്റെ അന്ത്യനിമിഷത്തില്‍ പോലും ആ ഗുരുനാഥനെ കാണാനുള്ള ഉല്‍ക്കടമായ ആഗ്രഹം നബി(സ്വ) പ്രകടിപ്പിച്ചിട്ടുണ്ട്. തിരുനബി(സ്വ)യോട് തിരിച്ചും ജിബ്രീല്‍(അ)ന്റെ പെരുമാറ്റം അതുപോലെയായിരുന്നു. ഇത്രമേല്‍ വലിയ ആത്മബന്ധം ഗുരുവും ശിഷ്യനും സൂക്ഷിക്കണമെന്നാണ് ആ ജീവിതം നമുക്ക് മാതൃകയാക്കിത്തരുന്നത്. കേവലം അക്ഷരങ്ങള്‍ വായിച്ചുതരുന്നവനായി അധ്യാപകനെ ഗണിക്കാതെ, തന്റെ ഹൃദയത്തിന് വെളിച്ചം പകര്‍ന്നുതരുന്നവനെന്ന കടപ്പാട് നാം കാണിക്കേണ്ടതുണ്ട്.
ഓരോ ഘട്ടത്തിലും ജ്ഞാനവര്‍ദ്ധനവിനുള്ള വഴികളും മാര്‍ഗ്ഗങ്ങളുമന്വേഷിക്കുന്നവനായിരിക്കം ഒരു വിദ്യാര്‍ത്ഥി. തന്റെ നിത്യേനയുള്ള പ്രാര്‍ത്ഥനയില്‍ അറിവിന്റെ വര്‍ദ്ധനവിന് തിരുനബി(സ്വ) അല്ലാഹുവിന്റെ ആഹ്വാനപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു. അതോടൊപ്പം ഉപദ്രവം വരുത്തുന്ന അറിവില്‍ നിന്നും സദാ കാവല്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറയുന്നു: 'യഥാര്‍ത്ഥ രാജാവായ അല്ലാഹു പരമോന്നതന്‍ തന്നെ. ഖുര്‍ആന്‍ പാരായണ നിര്‍വ്വഹണത്തിനായി-താങ്കള്‍ ബോധനം നല്‍കപ്പെട്ട് തീരുംമുമ്പെ- തത്രപ്പെടേണ്ട. നാഥാ.. എനിക്ക് നീ വിജ്ഞാന വര്‍ദ്ധന നല്‍കേണമേ എന്ന് താങ്കള്‍ പ്രാര്‍ത്ഥിക്കുക''(ത്വാഹാ 39). വഹ്‌യിറങ്ങുമ്പോള്‍ തന്നെ ഖുര്‍ആന്‍ മറന്ന്‌പോകുമോ എന്ന് പേടിച്ച് ജിബ്രീലിന്റെ കൂടെ ദൃതിപ്പെട്ട് ഓതിയിരുന്ന നബി(സ്വ)യേയും നമുക്ക് കാണാം. അതിന്റെ ആവശ്യം അങ്ങേക്കില്ല എന്ന് അല്ലാഹു പറഞ്ഞപ്പോഴാണ് നബി(സ്വ)ക്ക് ആശ്വാസമായത്. ''ഖുര്‍ആന്‍ തത്രപ്പെട്ട് ഹൃദിസ്ഥമാക്കാനായി താങ്കളതുകൊണ്ട് നാവ് ചലിപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും പാരായണം ചെയ്തുതരലും നമ്മുടെ ചുമതലയാണ്. അങ്ങിനെ നാം ഓതിത്തരുമ്പോള്‍ താങ്കളത് അനുധാവനം ചെയ്യുക. പിന്നീടതിന്റെ പ്രതിപാദനവും നമ്മുടെ ബാധ്യത തന്നെ(അല്‍ഖിയാമ).
പഠനം എന്നതിനേക്കാള്‍ പ്രധാനം പഠിച്ചെടുത്ത അറിവ്‌കൊണ്ട് ജീവിതം ക്രമീകരിച്ചെടുക്കലാണ്. ആര്‍ജ്ജിച്ചെടുത്ത അറിവ്പ്രകാരം തന്റെ ജീവിതം ക്രമീകരിച്ചു എന്നതാണ് വിദ്യാര്‍ത്ഥിക്ക് തിരുനബി(സ്വ)യില്‍ അനുകരണീയമായ മറ്റൊരു മാതൃക. തിരുനബി(സ്വ)യുടെ സ്വഭാവമെങ്ങനെയായിരുന്നു എന്ന് ചോദിക്കപ്പെട്ട ആഇശ(റ) ''അവിടത്തെ സ്വഭാവം ഖുര്‍ആനായിരുന്നു'' എന്നാണല്ലോ പ്രതികരിച്ചത്. പഠിച്ചതനുസരിച്ചുള്ള ജീവിതം അറിയാത്ത കാര്യങ്ങള്‍ അറിയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്ന് മതം പറയുന്നു. ''അല്ലാഹു താങ്കള്‍ക്ക് വേദവും ജ്ഞാനവും അവതരിപ്പിക്കുകയും അറിയാത്തത് പഠിപ്പിക്കുകയും ചെയ്തു. താങ്കള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹം അതിമഹത്തരമാകുന്നു''(അന്നിസാഅ് 113). നബി(സ്വ)യുടെ ജ്ഞാനമാര്‍ഗ്ഗം വഹ് യായിരുന്നെങ്കില്‍ ഇല്‍ഹാമിലൂടെ ശുദ്ധമനുഷ്യര്‍ക്കും അറിവൊഴുകുമെന്ന് ഗ്രന്ഥങ്ങള്‍ പറയുന്നു.
വഹ്‌യിന്റെ ആദ്യവചനങ്ങളിറങ്ങി പിന്നീട് അല്‍പ്പകാലം പ്രിയപ്പെട്ട ജിബ്രീലിനെ കാണാത്ത്തു കൊണ്ടും വഹ്‌യിറങ്ങാത്തത് കാരണവും നബി(സ്വ) ഏറെ ഖിന്നനായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. തന്റെ രക്ഷിതാവ് തന്നോട് കോപിച്ചുവോ എന്നും തന്നെ ഒഴിവാക്കിയോ എന്നുപോലും പേടിച്ചുപോയി. അന്നേരം ''അങ്ങയുടെ രക്ഷിതാവ് അങ്ങയെ ഒഴിവാക്കുകയോ അങ്ങയോട് കോപിക്കുകയോ ചെയ്തിട്ടില്ല'' എന്ന വചനങ്ങളിറങ്ങിയത്. അറിവ് തടസ്സപ്പെടുന്നതും ഗുരുനാഥന്റെ അഭാവവും ഏതൊരു വിദ്യാര്‍ത്ഥിയുടേയും മനസ്സിനെ മഥിക്കുന്ന പ്രശ്‌നം തന്നെയാണ്.
അറിവുകള്‍ പഠിക്കേണ്ടത് പേജുകളില്‍ നിന്നല്ല, സച്ചരിതരായ ഗുരുമുഖങ്ങളില്‍ നിന്നാണെന്ന് മതം പഠിപ്പിക്കുന്നത്. ''വിജ്ഞാനം മതം തന്നെയാണ്. അത് കൊണ്ട് അറിവുകള്‍ ആരില്‍നിന്നാണ് ആര്‍ജ്ജിക്കുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിക്കണം'' എന്ന് വിശ്വപ്രസിദ്ധമായ ഒരു വാക്യമുണ്ട്. തിരുമേനി(സ്വ) അല്ലാഹുവില്‍ നിന്നും ഏറ്റവും വിശ്വസ്തനായ ജിബ്രീല്‍(അ) മുഖേനയാണ് സന്ദേശങ്ങള്‍ സ്വീകരിച്ചത്. ജിബ്രീലിന്റെ സത്യസന്ധതയും വിശ്വസ്തതയും പല സ്ഥലങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃത്യായുള്ള ബുദ്ധിശക്തി, പഠിച്ചുവളരാനുള്ള ശുദ്ധപ്രകൃതം, പഠിക്കണമെന്നുള്ള അധീവതാത്പര്യം, ഗുണകാംക്ഷിയായ അധ്യാപകന്‍ എന്നീ നാല് കാര്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ ഒരുമിച്ചു കിട്ടിയാല്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചവനാണവന്‍ എന്ന് ഖാളീഹുസൈന്‍(റ) പറഞ്ഞിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം നബി(സ്വ)യിലുണ്ടായിരുന്നുവെന്നതില്‍ തര്‍ക്കങ്ങളൊന്നുമില്ല.
ഉമ്മിയ്യായ സര്‍വ്വജ്ഞാനി
നബി(സ്വ) ഔദ്യോഗികമായി ഒരു അധ്യാപകനില്‍ നിന്ന് എഴുത്തും വായനയും പഠിച്ചിട്ടില്ല. അന്നത്തെ അറബികള്‍ക്കിടയില്‍ ആ ഒരു സമ്പ്രദായം വ്യാപകവുമായിരുന്നില്ല. എങ്കിലും അറബികള്‍ അജ്ഞരായിരുന്നില്ല. അറബിഭാഷയിലെ അഗ്രേസ്യരും സാഹിത്യനിപുണരുമായിരുന്നു അവര്‍. ''നിരക്ഷരസമൂഹത്തിനിടയില്‍ തന്റെ സൂക്തങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കരിക്കുകയും വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു റസൂലിനെ നിയോഗിച്ചവനാണവന്‍. നേരത്തെ സ്പഷ്ടമായ ദുര്‍മാര്‍ഗ്ഗത്തില്‍ തന്നെയായിരുന്നു അവര്‍'(അല്‍ജുമുഅ 2). ''തങ്ങള്‍ വശമുള്ള തൗറാത്തിലും ഇന്‍ജീലിലും ഉല്ലേഖിതനായി അവര്‍ക്കു കാണാന്‍ കഴിയുന്ന അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ അനുധാവനം ചെയ്യുന്നവരാണവര്‍(അഅ്‌റാഫ് 157). വളരെ തുഛം ആളുകള്‍ തങ്ങലുടെ ഉയര്‍ന്ന കുടുംബപശ്ചാതലത്തിലൂടെയാണ് എഴുത്തും വായനയും അഭ്യസിച്ചത്.
അറിവ് സമ്പാദനത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളില്‍പെട്ട എഴുത്തും വായനയും പഠിക്കാതെത്തന്നെ ലോകത്തെ സര്‍വ്വജ്ഞാനിയായിത്തീരാന്‍ നബി(സ്വ)ക്ക് അല്ലാഹു അവസരം നല്‍കി എന്നത് ഏറ്റവും വലിയ സവിശേഷതയാണ്. മാത്രവുമല്ല, പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ ദര്‍ശനമായി നല്‍കിയ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത ബോധ്യപ്പെടാന്‍ നബി(സ്വ)യുടെ നിരക്ഷരത വലിയ തെളിവാണല്ലോ. വേദഗ്രന്ഥങ്ങള്‍ പഠിച്ചവരില്‍ നിന്ന് വിദ്യനേടിയ മുഹമ്മദ്‌നബി(സ്വ)യുടെ സ്വയംസൃഷ്ടിയാണ് ഖുര്‍ആന്‍ എന്നാരോപിക്കാന്‍ ശത്രുക്കള്‍ക്ക് പഴുത് നഷ്ടപ്പെട്ടത് നബി(സ്വ) ഉമ്മിയ്യായത് കൊണ്ടാണ്.
സര്‍വ്വവിജ്ഞാനങ്ങളും നബി(സ്വ)ക്ക് നല്‍കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ ഹദീസ് എന്നിവ കൊണ്ട് സ്ഥിരപ്പെട്ട സത്യമാണ്. ''നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനും അല്ലാഹുവിനെകുറിച്ചറിയുന്നവനും ഞാനാണ്'' എന്ന് തിരുനബി(സ്വ)യുടെ വചനം ഇമാം ബുഖാരി(റ), മുസ്‌ലിം(റ) എന്നിവരുദ്ധരിച്ചിട്ടുണ്ട്. ''അല്ലാഹു താങ്കള്‍ക്ക് വേദവും ജ്ഞാനവും അവതരിപ്പിക്കുകയും അറിയാത്തത് പഠിപ്പിക്കുകയും ചെയ്തു''(നിസാഅ് 113) എന്ന ഖുര്‍ആനിക സൂക്തവും ഇതിന് സാക്ഷ്യമാണ്. ''നിങ്ങളെന്നോട് എന്തിനെക്കുറിച്ചും ചോദിച്ചോളൂ.. ഞാനത് വിശദമാക്കിത്തരും '' എന്ന ഹദീസ് കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. ''ഭൗതിക, പാരത്രിക നന്‍മകളെല്ലാം അങ്ങയുടെ ഔദാര്യത്തില്‍പ്പെട്ടതാണ്. ലൗഹിലേയും ഖലമിലേയും വിജ്ഞാനങ്ങള്‍ അങ്ങയുടെ വിജ്ഞാനത്തിന്റെ ഒരു ഭാഗം മാത്രമാണ്'' എന്ന ബുര്‍ദാ വരികളും ഈ സത്യമാണ് വിളിച്ചുപറയുന്നത്.
ഉമ്മിയ്യായ തിരുനബി(സ്വ)യില്‍ നിന്ന് ജ്ഞാനസമ്പാദനത്തിന് മത്സരിക്കുന്ന അനുചരരെയാണ് ചരിത്രം നമുക്ക് പരിചയപ്പെടുത്തിയത്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം തീരെ പരിചയിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ തിരുഅധരങ്ങളില്‍ നിന്ന് ജ്ഞാനം പെറുക്കിയെടുക്കാന്‍ നേരിട്ട് എത്താന്‍ സാധിക്കാത്ത കാരണം അയല്‍വാസിയുമായി ശട്ടംകെട്ടി ഊഴം നിശ്ചയിച്ച് അറിവ് നേടി പരസ്പരം പങ്ക് വെക്കുന്ന ചരിത്രം ഉമര്‍(റ)ന്റെ ജീവിതത്തിലുണ്ട്. ഇത്രകണ്ട് ആ സമൂഹത്തെ ജ്ഞാനാര്‍ത്ഥികളാക്കി മാറ്റിയത് തിരുനബി(സ്വ) വിജ്ഞാനത്തിന് നല്‍കിയ മഹത്വവും പ്രാധാന്യവുമാണ്.
സ്വഹാബികളുടെ ഗണത്തില്‍ തന്നെ വിവിധ ജ്ഞാനശാഖകളില്‍ നിപുണരായവരെ നബി(സ്വ) തന്നെ പ്രത്യേകം പരാമര്‍ശിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഹലാല്‍, ഹറാമുകളെ കുറിച്ച് എന്റെ സമുദായത്തില്‍ ഏറ്റവും അറിവുള്ളവര്‍ മുആദ്ബ്‌നുജബലാണെന്നും, അനന്തരസ്വത്ത് ഓഹരിജ്ഞാനം കൂടുതല്‍ അറിയുന്നവര്‍ സൈദ്ബ്‌നുസാബിത്(റ) ആണെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍വ്യാഖ്യാതാക്കളുടെ നേതാവെന്ന് അറിയപ്പെടുന്ന ഇബ്‌നുഅബ്ബാസ്(റ) തിരുനബി(സ്വ)യുടെ പ്രമുഖ സ്വഹാബിയാണല്ലോ. സര്‍വ്വതലസ്പര്‍ശിയായ ജീവിതമാതൃക സമര്‍പ്പിച്ച തിരുനബി(സ്വ)യെ അനുധാവനം ചെയ്യാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
Post a Comment