ഫലസ്തീന്‍, പശ്ചിമേഷ്യയില്‍ എന്നും നീറിപ്പുകയുന്ന കനലാണ്.ഒരു മുസ്ലിം രാജ്യത്തെ നാലുഭാഗത്തു നിന്നും വരിഞ്ഞുമുറുക്കി, ബോംബുകളുടെയും സ്‌കെഡ് മിസൈലുകളുടെയും അന്തരീക്ഷത്തില്‍ ,സിവിലയന്‍മാരുടെ ഉറക്കം കൊടുത്തി ഭീകര താണ്ഢവമാടിക്കൊണ്ടിരിക്കുന്ന ഇസ്‌റാഈലെന്ന ജൂതരാഷ്ട്രം പിറന്ന് അമ്പതാണ്ട് കഴിഞ്ഞു.മാറിമാറി വരുന്ന അവരുടെ പ്രധാനമന്ത്രിമാര്‍ എന്നും പാവം ഫലസ്തീനികളെ കണ്ണീര്‍ കുടിപ്പിക്കാന്‍ കിടമത്സരം നടത്തുകയാണ്.എന്നാല്‍ അവരിലെ പലരും പിന്നീട് കഥാവശേഷരാകുന്നതും നരകയാതനകള്‍ക്ക് വിധേയരാകുന്നതും ലോകരില്‍ പലരും അറിയുന്നില്ല.ഇന്നത്തെ ഫലസ്തീനികളുടെ മുന്‍ഗാമികളായ ബനൂഇസ്‌റാഈലികള്‍(യഅ്ഖൂബ് നബിയുടെ സന്തതികള്‍)ഈജിപ്തില്‍ അതിവസിക്കുന്ന കാലത്ത് രൗദ്രഭാവം പൂണ്ഢിരുന്ന ഫറോവമാരുടെ ക്രൂരവിനോദങ്ങള്‍ക്കു വിധേയരായതും കാലം അതിന് പ്രതികാരം ചെയതതും ചരിത്രം.ചരിത്രത്തിന്റെ ആവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗതകാലമൊന്നു അയവിറക്കുന്നത് ഉചിതമായിരിക്കുമെന്ന് വിചാരിക്കുന്നു.

ഈജിപ്ത്ഃചരിത്രത്തിലെ രാജമാണിക്യം.
ചരിത്രത്തിലെന്നും ഈജിപ്തിന് അതുല്യ സ്ഥാനമാണുള്ളത്. ഈജിപ്തിനെ സംസ്‌കാരത്തിന്റെ തൊട്ടിലെന്ന് വിശേഷിപ്പിച്ച ഗ്രീക്ക് ചരിത്രകാരന്‍മാരുടെ വാക്കുകളില്‍ നിന്ന് തന്നെ ഇക്കാര്യം നമുക്ക് മനസ്സിലാക്കാം. പ്രാചീന കാലം മുതലേ അവിടെ നിലനിന്നിരുന്ന സംസ്‌കാരവും പിന്നീടവിടെ നടന്ന വൈജ്ഞാനികസ്‌ഫോടനങ്ങളുമെല്ലാം ഈജിപ്തിന്റെ മഹത്വത്തിന് മാറ്റ് കൂട്ടി. ലോകത്തെ പ്രഥമവും പ്രശസ്തവുമായ മുസ്ലിം യൂനിവേഴ്‌സിറ്റികളൊക്കെ നിലനില്‍ക്കുന്നത് നൈലിന്റെ ദാനമെന്നറിയപ്പെടുന്ന ഈജിപതിലാണ്. ലോകക്ലാസിക് ഭാഷയായ അറബിക് സാഹിത്യത്തിന് ഈജിപ്തിനോളം സംഭാവനയര്‍പ്പിച്ച മറ്റൊരു രാജ്യമില്ലയെന്നത് ആരും സമ്മതിക്കുന്ന പച്ച യാഥാര്‍ത്ഥ്യം.ഈജിപതിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍ നിരവധിയാണ്. ഹുസ്‌നുല്‍ മുഹാളറ ഫീ താരീഖി മിസ്വ്‌റ് വല്‍ ഖാഹിറ(ഇമാം സുയൂഥി), താരീഖ് മിസ്വ്‌റില്‍ ഖദീമ എന്നിവ അവയില്‍ ചിലത് മാത്രം.


ഈജിപ്ഷ്യന്‍ ഭരണകൂടങ്ങള്‍.
ഈജിപതിലെ രാജാക്കന്‍മാര്‍ ഫറോവമാര്‍ എന്ന പേരിലാണ് പ്രസിദ്ധരായത്.പൗരാണിക ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ വക്താവെന്നറിയപ്പെടുന്ന പുരോഹിതനായ മാനിട്ടന്‍ പുരാതന ഈജിപ്തിലെ മുപ്പത് രാജവംശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.എന്നാല്‍ ആധുനിക ചരിത്രകാരന്‍മാര്‍ ഫറോവമാരുടെ കാലത്തെ പരാതന രാജവംശം, മധ്യകാല രാജവംശം, പുതിയ രാജവംശം, എന്നീ മൂന്ന് ഘട്ടങ്ങളായാണ് തിരിക്കുന്നത്. ഫിര്‍ഔന്‍ എന്ന അറബി പദം 'പര്‍ആ' എന്നോ, ഫര്‍ആ എന്നോ ഉള്ള കോപ്റ്റിക് പദത്തില്‍ നിന്നാണ് ലോപിച്ചിട്ടുള്ളത്. മഹനീയ സങ്കേതം എന്നാണതിന്റെ അര്‍ത്ഥം. റോം ഭരിച്ചിരുന്ന രാജാവിന് ഖൈസര്‍(സീസര്‍) എന്നും പേര്‍ഷ്യന്‍ രാജാവിന് കിസ്രാ(കോസ്രോസ്) എന്നും അബ്‌സീനിയന്‍ ചക്രവര്‍ത്തിമാര്‍ക്ക് നജാശി(നേഗസ്) എന്നും റോമാ നഗരത്തിന്റെ അധിപന് എംപറര്‍ എന്നും ഉപയോഗിക്കുന്നത് പോലെ ഈജിപ്ത് ഭരിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന പേരാണ് ഫിര്‍ഔന്‍ എന്നത്.ഇംഗ്ലീഷില്‍ ഫറോവ എന്നാണ് പറയുന്നത്(തഫ്‌സീറുല്‍ ജവാഹിര്‍6-84,ഫത്ഹുര്‍റഹ്മാന്‍2-469).

അബിഡോസ് എന്ന സ്ഥലത്തെ ശവകുടീര പരിശോധനയില്‍ ലഭിച്ച എട്ട് ഫറോവമാരുടെ പേരുകള്‍ ആദ്യകാല രാജവംശത്തിന്റെതായി ഗണിക്കപ്പെടുന്നു.പ്രസ്തുത വിവരണപ്രകാരം അറിയപ്പെടുന്ന ആദ്യ ത്തെ ഫിര്‍ഔന്‍ മെനസ് (നാര്‍മര്‍)എന്ന് പേരുള്ള രാജാവാണ്.ക്രി.മു 3200 നോടടുത്ത് ഈജിപ്ത് ഭരിച്ച ഇദ്ധേഹമാണ് തെക്കും വടക്കുമുള്ള ഈജിപ്ഷ്യന്‍ പ്രദേശങ്ങളെ ഏകോപിച്ച് മെന്‍ഫിസ് തലസ്ഥാനമാക്കി ആദ്യത്തെ രാജവംശം ഉണ്ടാക്കിയത്. നാലു മുതല്‍ പന്ത്രണ്ടു വരെയുള്ള രാജവംശങ്ങളിലെ രാജാക്കന്‍മാരെക്കുറിച്ച് കാലാവശിഷ്ടങ്ങളും ധാരാളം ലിഖിത രേഖകളും ലഭ്യമാണ്.ഇവരുടെ കാലഘട്ടത്തില്‍ അവര്‍ ലിബിയയും ആധുനിക സുഡാന്റെ ഭാഗമായ നൂബിയന്‍ പ്രദേശങ്ങളും കീഴടക്കുകയും ലബനാനില്‍ നിന്ന് ധാരാളം സമ്പത്തുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു. ജീസയിലെ ചിയോപ്‌സ്, ഖഫര്‍, മെങ്കൂര്‍, തുടങ്ങിയ പ്രശസ്തമായ പിരമിഡുകള്‍ നിര്‍മ്മിക്കപ്പെട്ടത് ഇവരുടെ കാലത്താണ്.

പതിനൊന്നാം രാജവംശത്തിന്റെ ഉദയം മുതലാണ് മധ്യകാല ഫറോവമാരുടെ കാലം ആരംഭിക്കുന്നതെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.ക്രി.മു 1785 വരെയത്രെ ഇവരുടെ കാലം.മധ്യകാലഘട്ടത്തിലാണ് ഈജിപ്തില്‍ ക്ഷേമവും ഐശ്വര്യവും നിലനിന്നിരുന്നത് (ഇസ്ലാമിക വിജ്ഞാനകോശം ഭാഗം6).

ക്രി.മു 2000-ത്തിനോടടുത്ത് ഈജിപ്തില്‍ അറബികളുടെ ആധിപത്യം നിലനിന്നിരുന്നതായി കാണാം. അതനുസരിച്ച് ആ കാലഘട്ടങ്ങളില്‍ ഫലസ്ത്വീനില്‍ നിന്നും സിറിയയില്‍ നിന്നും വന്ന് ഈജിപ്ത്  കീഴടക്കിയ അമാലിഖുകളാണ് ഹിക്‌സോസുകള്‍ എന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ എന്ന് നമുക്ക് മനസ്സിലാക്കാം.അമാലിഖുകള്‍ ഈജിപ്തില്‍ ഭരണം ആരംഭിക്കുന്ന കാലത്ത് ഏകദൈവ വിശ്വാസികളായിരുന്നുവെങ്കിലും പിന്നീടവര്‍ ബഹുദൈവ വിശ്വാസികളായി മാറിയെന്ന് ചരിത്രത്തില്‍ നിന്ന് ഊഹിക്കാവുന്നതാണ്.കാലാന്തരത്തില്‍ ഫറോവമാരുടേതിന് സമാനമായ ഭരണമാണ് ഇവരില്‍ നിന്നുണ്ടായത്.തദ്ദേശിയരായ ഖിബ്തികള്‍ക്ക് ഇവരോട് ശക്തമായ വിദ്വേശമുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.

ഇസ്‌റാഈല്‍ സന്തതികള്‍(ബനൂഇസ്‌റാഈലികള്‍) ഈജിപ്തിലേക്ക്.
മഹാനായ യഅ്ഖൂബ് നബി(അ)യാണ് ഇസ്‌റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രവാചകന്‍(ആലുഇംറാന്‍93).യൂസുഫ്, ബിന്‍യാമീന്‍ എന്നിവരടക്കം പന്ത്രണ്ട് മക്കളാണദ്ധേഹത്തിനുണ്ടായിരുന്നത്(ഇബ്‌നുകസീര്‍ യുസുഫ് 4). ഇവരാണ് ബനൂഇസ്‌റാഈല്‍ അഥവാ ഇസ്‌റാഈലിന്റെ സന്തതികള്‍ എന്നറിയപ്പെടുന്നത്.ഫലസ്തീനിലെ കന്‍ആനിലാണ് ഇവര്‍ താമസിച്ചിരുന്നത്.ഭാവിപ്രവാചകനും സുന്ദരനുമായിരുന്ന യൂസുഫിനോട് പിതാവായ യഅ്ഖൂബ് നബിക്കുണ്ടായ അമിതസ്‌നേഹം മറ്റു പത്ത് സഹോദരങ്ങളില്‍ ഈര്‍ശ്യതക്ക് കാരണമാവുകയും അവസാനം പലപല ഗൂഢാലോചനകള്‍ക്ക് ശേഷം ആള്‍പാര്‍പ്പമില്ലാത്ത വിജനമായ ഒരിടത്തെ കിണറ്റില്‍ അദ്ധേഹത്തെ അവര്‍തള്ളിയിടുകയും ചെയ്തു.അല്ലാഹുവിന്റെ നിശ്ചയപ്രകാരം വഴിയാത്രക്കാര്‍ മുഖേന ഈജിപ്തിലെ അടിമച്ചന്തയില്‍ എത്തിയ അദ്ധേഹത്തെ  ഭരണാധികാരിയായ റയ്യാന്ബ്‌നുല്‍ വലീദിന്റെ ഖജനാവ് സൂക്ഷിപ്പുകാരനായ ഖിത്ഫീര്‍ വാങ്ങുകയും മൂന്ന് വര്‍ഷത്തെ ഗൃഹവാസത്തിന് ശേഷം ജയിലില്‍ പോകേണ്ടിവരികയും ചെയ്തു.(അന്നത്തെ ഈജിപ്ത് ഭരണാധികാരിക്കും കീഴിലെ പ്രധാന ഉദ്യോഗസ്ഥനും അസീസ് എന്നാണ് പ്രയോഗിക്കാറുണ്ടായിരുന്നത്-റൂഹുല്‍മആനി).

യൂസുഫ് നബിയുടെ ജയില്‍ വാസകാലത്ത് അസീസ് രാജാവ്(റയ്യാനുബ്‌നുല്‍വലീദ്)കണ്ട സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുക വഴി നിരപരാധിയായ അദ്ധേഹം മോചിതനാവുകയും പിന്നീട് അവിടുത്തെ ധനകാര്യവകുപ്പ് മന്ത്രിയും ശേഷം രാജാവുമായിത്തീര്‍ന്നുവെന്നാണ് ചരിത്രം.യൂസുഫ് നബി(അ)ഈജിപതിന്റെ സിംഹാസനത്തിലിരിക്കുന്ന കാലത്ത് അയല്‍ രാജ്യമായ ശാമില്‍(കന്‍ആന്‍) ശക്തമായ ഭക്ഷണക്ഷാമമുണ്ടാവുകയും യഅ്ഖൂബ് നബിയുടെ മറ്റുമക്കള്‍ റേഷന് വേണ്ടി ഈജിപ്തിലേക്ക് വരികയുമുണ്ടായി. വന്നിരിക്കുന്നത് തന്നെ കിണറ്റിലെറിഞ്ഞവരാണെന്ന് മനസ്സിലാക്കിയ യൂസുഫ് അടുതത്ത തവണ വരുമ്പോള്‍ സഹോദരനായ ബിന്‍യാമീനെ കൂടെക്കൂട്ടണമെന്നാവശ്യപ്പെടുകയും യുക്തിയിലൂടെ അവനെ കൊട്ടാരത്തില്‍ പിടിച്ചു വെക്കുകയും, അവസാനം തന്റെ പിതാവായ യഅ്ഖൂബ് നബിയേയും കൂട്ടി വരാന്‍ ആവശ്യപ്പെടുകയും തെളിവിനായി തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന കുപ്പായം കൊടുത്തയക്കുകയും ചെയ്തു.അങ്ങിനെ യഅ്ഖൂബ് നബിയും ഭാര്യയും മക്കളും തന്റെ മകന്‍ യൂസുഫ് ഭരിക്കുന്ന ഈജിപ്തിന്റെ മണ്ണിലേക്ക് പുറപ്പെട്ടു.രാജോജിത സ്വീകരണങ്ങള്‍ക്ക് ശേഷം കൊട്ടാരത്തിലെത്തിയ അവര്‍ യൂസുഫ് നബിക്ക് മുമ്പില്‍ സാഷ്ടാംഗമര്‍പ്പിക്കുകയും കൊട്ടാരത്തില്‍ താമസിക്കുകയുമുണ്ടായി.ഇങ്ങനെയാണ് ഫലസ്ത്വീന്റെ കുന്നിന്‍ ചെരുവുകളില്‍ ഗ്രാമീണരായിക്കഴിഞ്ഞിരുന്ന യഅ്ഖൂബ് നബിയും കുടുംബവും ക്ഷേമത്തിന്റെ പറുദീസയായ ഈജിപ്തിലെത്തുന്നത്.പിന്നീടവര്‍ ഈജിപ്തിലെ പ്രധാന ശക്തികളായി വളര്‍ന്നു വന്നു.ഇമാം അബൂഹയ്യാന്‍(റ)പറയുന്നു യഅ്ഖൂബ് നബിയും കുടുംബവും ഈജിപ്തിലെത്തിയനാള്‍ മക്കളും പൗത്രരും കുടുംബാംഗങ്ങളുമൊക്കെയായി നൂറില്‍ താഴെ ആളുകളെ ആകെയുണ്ടായിരുന്നുള്ളൂ.അവര്‍ മുസാ നബിയുടെ നേതൃത്വത്തില്‍ രാജ്യം വിട്ടപ്പോള്‍ ആറുലക്ഷത്തിലധികം പേരുണ്ടായിരുന്നു(ബഹ്‌റുല്‍ മുഹീത്വ്).

ഏകദേശം പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് യുസുഫ് നബി ഈജിപ്തിലെത്തുന്നത്.രണ്ട് മൂന്ന് വര്‍ഷം ഈജിപ്തിലെ ഭരണാധികാരിയുടെ വീട്ടില്‍ താമസിച്ച് ഒന്‍പത് വര്‍ഷം ജയിലിലും കഴിച്ചു കുട്ടി മുപ്പതാം വയസ്സില്‍ ഈജിപ്തിന്റെ ഭരണാധികാരിയായി നിശ്ചയിക്കപ്പെട്ടു.എമ്പത് വര്‍ഷം ആ പദവിയില്‍ അദ്ധേഹം തുടര്‍ന്നു.യുസുഫ് നബിക്ക് ആധിപത്യം ലഭിച്ചതിന്റെ പത്താം വര്‍ഷത്തിലായിരിക്കണം പിതാവായ യഅ്ഖൂബ് നബിയെയും സഹോദരങ്ങളെയും ഈജിപ്തിലേക്ക് വരുത്തി താമസിപ്പിച്ചത്(ഇസ്ലാമിക് എന്‍സൈക്ലോപീഢിയ ഭാഗം 6).

ദീര്‍ഘകാലത്തെ അധികാരവും സാമൂഹികമേധാവിത്വവും അനുകൂലസാഹചര്യങ്ങളും മൂലം ഇസ്‌റാഈല്യര്‍ വലിയ ഒരു സമൂഹമായി മാറി.സമൂഹത്തിന്റെ നാനാ തുറകളിലും ആധിപത്യമുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.ഇത് തദ്ദേശീയരായ ഖിബ്തികളില്‍ അവരോട് വിദ്വേഷമുണ്ടാക്കി.അത് പിന്നീട് അമാലിഖുകളെ സിംഹാസനത്തില്‍ നിന്ന് സ്ഥാനഭ്രഷ്ഠരാക്കി ഖിബ്തീ പക്ഷപാതത്തിലധിഷ്ഠിതമായ ഒരു ഗോത്രം അധികാരത്തിലേറുന്നതിലാണ് കലാശിച്ചത്.ഇസ്‌റാഈലികളെ ദാസ്യന്മാരായിക്കണ്ട ഖിബ്തികള്‍ അവരെ പീഠനവിധേയരാക്കി.വിശുദ്ധഖുര്‍ആനും ബൈബിളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.നിങ്ങളുടെ ആണ്‍മക്കളെ അറുകൊലചെയ്തും പെണ്‍മക്കളെ ജീവനോടെ വിട്ടും നിങ്ങളെ നിഷ്ഠൂര മര്‍ദ്ദനങ്ങള്‍ അനുഭവിപ്പിച്ചു കൊണ്ടിരുന്ന ഫിര്‍ഔന്റെ കുട്ടരില്‍നിന്ന് നാം നിങ്ങളെ രക്ഷിച്ച സന്ദര്‍ഭം നിങ്ങളോര്‍ക്കുക.(ബഖറ49, ഇബ്‌റാഹീം 6). ബൈബിള്‍ പറയുന്നു മിസ്രഈമ്യര്‍ ഇസ്രഈല്‍ മക്കളെക്കൊണ്ട് കഠിനവേല ചെയ്യിപ്പിച്ചു.കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിന പ്രവൃത്തിയാലും അവരെക്കൊണ്ട് കാഠിന്യത്തോടെ ചെയ്യിപ്പിച്ച സകലപ്രയത്‌നത്താലും അവര്‍ അവരുടെ ജീവനെ കയ്പാക്കി(പുറപ്പാട് പുസ്തകം1-13,14).ഈ അക്രമ പീഠന പര്‍വ്വങ്ങള്‍ അനുവര്‍ത്തിക്കാന്‍ ഫറോവയെ പ്രേരിപ്പിച്ചത് അദ്ധേഹം കണ്ട ഒരു സ്വപ്നമാണ്.ബൈതുല്‍ മുഖദ്ദസില്‍ നിന്ന് ഒരു തീജ്ജ്വാല പുറപ്പെട്ട് ഫിര്‍ഔന്റെ സംഘക്കാരായ കോപ്റ്റിക് വംശചരുടെ എല്ലാ വീടുകളിലും പ്രവേശിക്കുകയും ഇസ്‌റാഈലികളുടെ വിടൊഴിവാക്കുകയും ചെയ്തതായാണ് അദ്ധേഹം സ്വപ്നം ദര്‍ശിച്ചത്.ഇതിന്റെ വ്യാഖ്യാനമായി തന്റെ സിംഹാസനം ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ഒരു പുരുഷന്‍ നശിപ്പിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞ് കൊടുത്തു.അപ്പോള്‍ ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊല്ലാനും പെണ്‍കുട്ടികളെ ദാസികളാക്കാന്‍ ജീവനോടെ വിടാനും ഫറോവയുടെ ഉത്തരവായി.'എബ്രായ സ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിന് ചെന്ന് പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നുവെങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലണം,പെണ്ണാകുന്നു എങ്കില്‍ ജീവനോടിരിക്കട്ടെ(പുറപ്പാട്1, 6-17). ഉമ്മയുടെ മടിത്തട്ടില്‍ പുഞ്ചിരി തൂകിയുറങ്ങുന്ന ചോരപ്പൈതലിനെയും, അമ്മിഞ്ഞ നുകരുന്ന പിഞ്ചുകുരുന്നിനെയും ക്രൂരമാം വിധം വാരിയെടുത്ത് അറുകൊല നടത്തുന്ന ഈ കശ്മലരെ പാഠം പഠിപ്പിക്കുവാനും, പെണ്‍കിടാങ്ങളെ ജീവനോടെ വെച്ച് ദാസ്യേവേല നടത്തിക്കുന്ന ഇവര്‍ ലോകര്‍ക്കൊരു ഗുണപാഠമാക്കുവാനും അല്ലാഹു തീരുമാനിച്ചു.ഇവരെ ശിഥിലമാക്കുന്നതിലൂടെ ഇസ്‌റാഈല്‍ സന്തതികളെ അല്ലാഹു കഷ്ടതയില്‍ നിന്ന് കരകയറ്റുകയുണ്ടായി. ഇക്കാര്യം വിശുദ്ധഖുര്‍ആനില്‍ സുവ്യക്തമാക്കുന്നുണ്ട്.അല്ലാഹു പറയുന്നു,  നാട്ടില്‍ ബലഹീനരായി ഗണിക്കപ്പെടുന്നവര്‍ക്ക് ഔദാര്യം ചെയ്യണമെന്നും അവരെ നേതാക്കളും അനന്തരരുമാക്കണമെന്നും നാമുദ്ധേശിക്കുന്നു.നാട്ടില്‍ അവര്‍ക്ക് സ്വാധീനം നല്‍കുവാനും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങള്‍ക്കും, ആ ബലഹീനരായ വിഭാഗത്തില്‍ നിന്നവര്‍ ഭയപ്പെട്ടിരുന്നതെന്താണോ അതവര്‍ക്ക് അനുഭവത്തില്‍ കാണിച്ചു കൊടുക്കുവാനും നാമുദ്ധേശിക്കുന്നു(ഖസസ് 5,6).
മൂസ നബി(അ)ജനിക്കുന്നു.
അതിക്രമികളെ പാഠം പഠിപ്പിക്കുകയെന്ന ദൈവികചര്യക്കിവിടെയും മാറ്റം സംഭവിച്ചില്ല.ആണ്‍കുഞ്ഞുങ്ങളെ അറുകൊല നടത്തിയിരുന്ന റംസീസ് രണ്ടാമെനെന്ന ഫറോവയുടെ അരമനയില്‍ തന്നെയാണ് അവന്റെരാജാധികാരം തെറിപ്പിക്കാനുള്ള മൂസയെന്ന പിഞ്ചോമന വളര്‍ന്നു വലുതായതെന്ന അത്ഭുതം ആ ചര്യക്ക് മാറ്റുകൂട്ടിയെന്ന് മാത്രം. അല്ലാഹുവിന്റെ കല്‍പനപ്രകാരം മാതാവ് മൂസനബിയെ പെട്ടിയിലാക്കി നൈല്‍നദിയിലെറിഞ്ഞു.അതിന്റെ കുഞ്ഞോളങ്ങള്‍ സുന്ദരമായി ആ കുട്ടിയെ ഫറോവയുടെ ഭാര്യയായ ആസ്യ ബീവിയുടെ കൈകളിലെത്തിച്ചു.മൂസനബി(അ)കൊട്ടാരത്തില്‍ സുഖസുശുപ്തിയിലായി വളര്‍ന്നുവലുതായി.
അദ്ധേഹത്തിന്റെ യൗവ്വനഘട്ടത്തില്‍ ഒരുദിവസം അങ്ങാടിയിലൂടെ നടന്നു നീങ്ങുന്ന സമയത്ത് കോപ്റ്റിക് വംശജരില്‍ പെട്ട ഒരാള്‍ ഒരു ഇസ്‌റാഈല്യനെ പീഠിപ്പിക്കുന്നത് കണ്ട അദ്ധേഹം അക്രമിക്കപ്പെടുന്ന വ്യക്തിയെ സഹായിക്കാന്‍ വേണ്ടി കോപ്റ്റിക് വംശജനെയൊന്ന് കൊടുത്തു.അവിചാരിതമായി ആ അടിയില്‍ അവന്‍ മരിച്ചു.പിറ്റേ ദിവസവും ആ ഇസ്‌റാഈല്‍ വംശജന്‍ തന്നെ മറ്റൊരു ഖിബ്തിയുമായി ശണ്ഠകൂടുന്നത് ശ്രദ്ധയില്‍ പെട്ട മൂസ(അ)അദ്ധേഹത്തെ ശകാരിക്കുകയും ശേഷം അദ്ധേഹത്തെ സഹായിക്കുവാന്‍ തുനിയുകയും ചെയ്തപ്പോള്‍ മൂസ തന്നെയാണ് അക്രമിക്കാന്‍ തുനിയുന്നതെന്ന് തെറ്റിദ്ധരിച്ച അവന്‍ നീ ഇന്നലെ ഒരു വ്യക്തിയെ ഹത്യനടത്തിയപോലെ ഇന്നെന്നെയും വകവരുത്തുവാനുദ്ധേശിക്കുന്നുവോ എന്നലറി.ഇതോടെ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.കൊട്ടാരമുറിയില്‍ മൂസാ നബിക്കെതിരെ ഗുഢാലോചന നടന്നു.ഈ വിവരം വിശ്വാസം മറച്ചുവെച്ചിരുന്ന ഒരു കൊട്ടാരസേവകന്‍ വന്ന് മൂസാ നബിയോട് പറയുകയും ഇപ്പോള്‍ തന്നെ രക്ഷപ്പെടാനാഹ്വാനം ചെയ്യുകയും ചെയ്തു.ഉടനെയദ്ധേഹം ശുഐബ്‌നബിയുടെ നാടായ മദ്‌യനിലേക്ക് രക്ഷപ്പെട്ടു.
സംഭവങ്ങളെല്ലാം കേട്ട ശുഐബ് നബി അദ്ധേഹത്തിന് പൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്യുകയും തന്റെ സഫൂറ എന്ന സുന്ദരിയും ബുദ്ധിമതിയുമായ മോളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജന്‍മ നാട്ടിലേക്ക്  ഭാര്യയേയും സമ്പാദ്യങ്ങളായ ആടുകളേയും വഹിച്ച് പുറപ്പെട്ട അദ്ധേഹത്തെ അല്ലാഹു പ്രവാചകത്വം കൊണ്ടനുഗ്രഹിക്കുകയും ഫറോവക്ക് സത്യദീന്‍ പരിചയപ്പെടുത്തിക്കൊടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.അല്ലാഹു അമാനുഷികമായി തന്നെയേല്‍പ്പിച്ച വടി പാമ്പാക്കി, മാരണംകൊണ്ട് തന്നെ കീഴടക്കാന്‍ വന്ന ആഭിചാരവൃന്ദത്തെ മുഴുവന്‍ സത്യദീനിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ ദൈവമെന്ന് വാദിച്ച ഫറോവ ഉടുമുണ്ടഴിഞ്ഞവനെപ്പോലെയായി. രോശാകുലനായ അദ്ധേഹം മൂസാ നബിയേയും അനുയായികളേയും അഗ്നിപരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി.അപ്പോഴാണ് അവരുമായി അവരുടെ പ്രപിതാക്കളുടെ നാടായ ഫലസ്ത്വീനിലേക്ക് പാലായനം ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കിയത്.
ആറുലക്ഷത്തിഎഴുപതിനായിരം അനുയായികളേയും കൂട്ടിയദ്ധേഹം പുറപ്പെട്ടു.ഈജിപ്തിലെ സീനാ മരുഭൂമി താണ്ടിയാണവര്‍ക്ക് ശാമില്‍ എത്തേണ്ടത്.ഇന്നത്തെ സൂയസ് കനാലിന്റെ റൂട്ടിലുള്ള തടാകങ്ങളുടെ അരികിലൂടെയാണവര്‍ ശരിക്ക് യാത്രതിരിക്കേണ്ടതെങ്കിലും നിശയുടെ തമസ്സില്‍ അവര്‍ക്ക് വഴിതെറ്റി.അല്‍പം വലത്തോട്ട് തെന്നി സഞ്ചരിച്ച അവര്‍ ചെങ്കടലിന്റെ തീരത്താണ് ചെന്ന്‌പെട്ടത്.ഭയവിഹ്വലരായ അവര്‍ പിന്നിലേക്ക് നോക്കിയപ്പോള്‍ ആര്‍ത്തിരമ്പിവരുന്ന ഫറോവയുടെ സൈന്യം തങ്ങളെ വിഴുങ്ങാന്‍ വാ പിളര്‍ത്തിവരുന്ന രംഗമാണവര്‍ ദര്‍ശിച്ചത്.സ്വാഭാവികമായും പതറിയ അവര്‍ മൂസാനബിയോട് പരാതിപ്പെട്ടു.എന്റെ രക്ഷിതാവ് എന്നോടൊപ്പമുണ്ട്, അവന്‍ എന്നെ സന്‍മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതാണ് എന്ന ദൃഢവാക്കുകള്‍ കൊണ്ടവരെയദ്ധേഹം സമാശ്വസിപ്പിച്ചു.എന്നിട്ട് അമാനുഷിക കഴിവുള്ള വടികൊണ്ട് സമുദ്രത്തിലടിച്ചപ്പോള്‍ പന്ത്രണ്ട് വഴികളായി കടല്‍ പിളരുകയും ആ ജനസാഗരം നിശ്പ്രയാസം ജലസാഗരം  വിട്ടുകടക്കുകയും ചെയ്തു.ഇത് കണ്ട ഫിര്‍ഔനും കൂട്ടരും ആ വഴിമാര്‍ഗം കടല്‍വിട്ടുകടക്കാന്‍ ശ്രമിക്കവെ വെള്ളം ഇരുഭാഗത്ത് നിന്നുംചേരുകയും അവരൊന്നൊഴിയാതെ മുങ്ങിനശിക്കുകയും ചെയ്തു (ശൂറാ 62-67).


മുങ്ങിനശിച്ചു ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കെ ഫറോവ പറഞ്ഞു ഇസ്‌റാഈല്യര്‍ ഏതൊരു ദൈവത്തിലാണ് വിശ്വസിച്ചിരുന്നത് അവനില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു.ഞാന്‍ അനുസരണയുള്ളവരില്‍ പെട്ടവനുമാകുന്നു.ഇതുവരെ ധിക്കാരിയായി നടന്ന നീ ഇപ്പോഴാണോ വിശ്വസിക്കുന്നത്.നീ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നല്ലോ എന്നവനോട് ചോദിക്കപ്പെട്ടു(യൂനുസ് 90-91).ഇങ്ങനെ ആ ധിക്കാരിയും ചരിത്രത്തിന്റെ ഭാഗമായി മാറി.

നിന്റെ പിറകെ വരുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമായിരിക്കാന്‍ ഇന്ന് നിന്റെ ദേഹത്തെ നാം സമുദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കും, മിക്ക ആളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് അശ്രദ്ധര്‍ തന്നെയാണെന്ന(യുനുസ് 92) അല്ലാഹുവിന്റെ പ്രഖ്യാപനം പിന്നീട് പുലര്‍ന്നതായി ചരിത്രം സാക്ഷ്യം വഹിക്കുന്നു.

ഫിര്‍ഔന്റെ ശവം തിരമാലകള്‍ കരക്കെത്തിച്ചുവെന്നും അത് ഇസ്‌റാഈല്യര്‍ കണ്ട് അവനെ തിരിച്ചറിഞ്ഞെന്നും തഫ്‌സീറുകളില്‍ കാണാം.രാജാക്കളും പ്രഭുക്കളും മരിച്ചാല്‍ ചില മരുന്നുകള്‍ ശവശരീരത്തില്‍ പൂശി പൊതിഞ്ഞുകെട്ടി പാറതുരന്ന് അതില്‍ വെച്ച് മൂടിക്കെട്ടി മമ്മികളാക്കി സൂക്ഷിക്കുന്ന പതിവ് ഈജിപ്ത് നിവാസികള്‍ക്കുണ്ടായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം.

മൂസനബിയുടെ കാലത്തെ ഫറോവമാര്‍.
ചരിത്രം സസൂക്ഷമം ഒന്ന് പോസ്റ്റുമോട്ടത്തിന് വിധേയമാക്കിയാല്‍ മൂസാനബിയെ വളര്‍ത്തിയ ഫിര്‍ഔനും ചെങ്കടലില്‍ മുങ്ങിനശിച്ച ഫിര്‍ഔനും രണ്ടാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരില്ല.ജനനസമയത്ത് ഈജിപ്ത് വാണിരുന്നത് റാമസേസ് രണ്ടാമന്‍(റഅംസീസ്)ആണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.ഇദ്ധേഹം തന്നെയാണ് ശിശുവായ മൂസയെ വളര്‍ത്തിയത്.പിന്നീട് നടേ സൂചിപ്പിച്ച സംഭവങ്ങളുടെ പശ്ചാതലത്തില്‍ മൂസാ(അ)മദ്‌യനിലേക്ക് പുറപ്പെടുകയും പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭാര്യയുമായി ഈജിപ്തിലേക്ക് തിരികെ വരുകയുണ്ടായി.ആ പത്ത് വര്‍ഷത്തെ ഇടവേളയില്‍ റാമസേസ് രണ്ടാമന്‍ മരിച്ചുവെന്നും ശേഷം അദ്ധേഹത്തിന്റെ പുത്രന്‍ മര്‍നപ്ത (അറബിയില്‍ മന്‍ഫതാഹ്)ഫറോവയായി അവരോധിതനായെന്നും ചരിത്രത്തില്‍ കാണാം.മുന്‍ഗാമികളെപ്പോലെ ഇദ്ധേഹവും ശക്തനും ധിക്കാരിയുമായിരുന്നു.
ഈ മര്‍നപ്തയുടെ ഭരണകാലം എന്നായിരുന്നുവെന്നതില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഖണ്ഡിതാഭിപ്രായമില്ല.എന്നാല്‍ ഡ്രിയോട്ടണ്‍, വാന്റീര്‍ എന്നീ ചരിത്ര പണ്ഡിതരുടെ പക്ഷം ഒന്നുകിലയാള്‍ ബി.സി.1234-1224 കാലത്തോ അല്ലെങ്കില്‍ ബി.സി.1224-1204 കാലത്തെ ആണ് ഭരണചക്രം കറക്കിയത്.ഇതനുസരിച്ച് ബി.സി.1204-ാമാണ്ടിലെങ്കിലും ഇയാള്‍ മുങ്ങിച്ചത്തിരിക്കണം.ഇതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം വരുന്നത്.അഥവാ മര്‍നപ്ത ചത്തൊടുങ്ങി 1800 ലധികം വര്‍ഷങ്ങള്‍ക്ക് ശേഷം അവന്റെ മമ്മിയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നിന്റെ ജഡം നാം സൂക്ഷിക്കും എന്ന് അവനെ മുക്കിക്കൊന്ന ദിവസത്തെ അല്ലാഹുവിന്റെ വിളംബരം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.പിന്നീടുള്ള സംഭവവികാസങ്ങള്‍ ഖുര്‍ആനിന്റെ അമാനുഷികതയുടെ നിത്യസാക്ഷ്യങ്ങളാണ്.


ക്രിസ്താബ്ദം 1898ല്‍ മര്‍നപ്ത ഫറോവയുടെ മമ്മിയാക്കപ്പെട്ട ജഡം തീബിസിലെ ഒരു താഴ്‌വരയില്‍ നിന്ന് ഫാദര്‍ ലോറെ കണ്ടെടുത്തു.പിന്നീടത് കൈറോവിലേക്ക് മാറ്റി. 1907 ജൂലൈ 8ന്  എലിയട്ട് സ്മിത്ത് അതിന്റെ ആവരണങ്ങള്‍ നീക്കി പരിശോധിച്ചു. അതിന്റെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി 1912 ല്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.
പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റായിരുന്ന പ്രൊഫസര്‍ അഹ്മദ് ബേഗ് നജീബ് 1900 മെയ് 2 ന് നിരവധി ഈജിപ്ഷ്യന്‍ ആര്‍ക്കിയോളജിസ്റ്റുകളുടെ സാന്നിദ്ധ്യത്തില്‍ ഈ മമ്മി പരിശോധിച്ച് അതിന്റെ നീളം 172 സെന്റീമീറ്ററും മൂര്‍ദ്ധാവില്‍ നിന്ന് നെഞ്ച് ഭാഗത്തേക്ക് വെച്ച ശിലാഫലകത്തിലേക്ക് 45 സെന്റീമീറ്ററും ആണെന്ന് രേഖപ്പെടുത്തുകയുണ്ടായി.
പ്രസിദ്ധ പണ്ഡിതനും പ്രഗത്ഭ ഗ്രന്ഥകാരനും ചിന്തകനുമായ മോറിസ് ബുക്കായിയും ഇതിന്റെ മറച്ചുവെക്കപ്പെട്ടിരുന്ന ഭാഗങ്ങള്‍ പരിശോധിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്.പിന്നീടീ പഠനങ്ങളദ്ധേഹം നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍ ഉള്‍പ്പടെയുള്ള വിവിധ ഫ്രഞ്ച് വിദ്വല്‍ സദസ്സുകളിലും അവതരിപ്പിച്ചിട്ടുണ്ട്.ഈ ഫലങ്ങള്‍ വെളിച്ചത്ത് വന്നതോടെ ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ റാമസേസ് രണ്ടാമന്റെ മമ്മി ഫ്രാന്‍സിലേക്കയക്കുകയും 1976 സെപ്തംബര്‍ 26 ന് അത് പാരീസില്‍ എത്തുകയും ചെയ്തിട്ടുണ്ട്.ഏറെ താമസിയാതെ അതിനെക്കുറിച്ചും ധാരാളം വിവരണങ്ങള്‍ ആധുനികശാസ്ത്രം വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. (തഫ്‌സീറുല്‍ജവാഹിര്‍ സൂറതുയൂനുസ്, വിശ്വവിജ്ഞാനകോശം ഭാഗം 6, ഫത്ഹുര്‍റഹ്മാന്‍ ഭാഗം 2).

മൂസാനബി(അ)മുഖേന ഈജിപ്തിന്റെ മണ്ണില്‍ നിന്ന് പാലായനം ചെയ്താണ് ബനൂഇസ്‌റാഈലികള്‍ തങ്ങളുടെ ജന്‍മസ്ഥാനമായ ഫലസ്ത്വീനിലെത്തിയത്.ക്രൂരരന്‍മാരായ ഫറോവമാരുടെ അക്രമ പീഠനങ്ങളില്‍ നിന്ന് രക്ഷതേടിയാണവര്‍ ഫലസ്ത്വീനില്‍ അഭയം തേടിയതെങ്കിലും  അവരുടെ പിന്നീടുള്ള ജീവിതചിത്രം പരിശോധിച്ചാല്‍ സ്വസ്ഥതയുടെയും ആശ്വാസത്തിന്റെയും ചുടുശ്വാസം വലിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തം.കുരിശ് യുദ്ധങ്ങളുടെ പൊടിപടലങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ ഇസ്‌റാഈലെന്ന യൂറോപ്യന്‍ ജാരസന്തതിയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് ഞെരിഞ്ഞമരാന്‍ അവര്‍ വിധിക്കപ്പെട്ടു. ഇന്നും അതിന്റെ അലയൊലികളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.അഥവാ റാമസേസുമാരില്‍ നിന്ന് ഷാരോണുമാരിലേക്കുള്ള ദൂരം അധികമില്ലെന്നര്‍ത്ഥം. പാരതന്ത്രത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള അവരുടെ പ്രയാണങ്ങള്‍ക്ക് ചില അനുകൂലശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത് തന്നെ നമുക്കേറെ ആശ്വാസമേകുന്നു.അവരുടെ ഈ പ്രയാണത്തിനല്ലാഹു ശക്തിയും കരുത്തും പകരട്ടെയെന്ന് നമുക്കൊന്നിച്ച് പ്രാര്‍ത്ഥിക്കാം.





Post a Comment

Previous Post Next Post