മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിനെ ലോകത്തെ ഉത്തമസമുദായമാക്കിയാണ്അല്ലാഹു ആദരിച്ചത്. നേതാവിന്റെ ശ്രേഷ്ഠതക്കനുസരിച്ചാണ് അനുയായികളുടെ ഔന്നത്യവും വര്‍ദ്ധിക്കുന്നത്. തൗറാത് പാരായണം ചെയ്യവെ നിരവധി ദൈവികാനുഗ്രഹങ്ങള്‍ ലഭിക്കുന്ന ഒരു സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശം മൂസാനബി(അ) കാണുവാനിടയായി. ആ സമുദായത്തിന്റെ സത്യദൂതനാകുവാന്‍ മൂസാനബി(അ) താത്പര്യം പ്രകടിപ്പിച്ചു. അവര്‍ മുഹമ്മദ് നബി(സ)യുടെ സമുദായമാണെന്ന് അല്ലാഹു പറഞ്ഞു. എന്നാല്‍ ആ സമുദായത്തിലെ ഒരു അംഗമാകാന്‍ എനിക്ക് അവസരം നല്‍കാമോയെന്ന് അദ്ദേഹം അല്ലാഹുവിനോട് ചോദിക്കുകയുണ്ടായി. 'മൂസാ, കാര്യമെല്ലാം മുന്‍തീരുമാനപ്രകാരമേ നടക്കുകയുള്ളൂ, നിങ്ങള്‍ മറ്റൊരു സമുദായത്തിന്റെ സത്യദൂതനാകണമെന്നാണ് നമ്മുടെ തീരുമാനം. അതില്‍ തൃപ്തിയടയുക' യെന്ന് അല്ലാഹു മറുപടി നല്‍കി(അല്‍ബിദായതുവന്നിഹായ).
ഉമ്മത്തിനെ അതിയായി സ്‌നേഹിക്കുകയും, അവര്‍ക്ക് പ്രയാസമുണ്ടാകുന്നതില്‍ ഏറെ വേദനിക്കുകയും, അവരുടെ ഇരുലോക വിജയത്തിനായി അക്ഷീണം യത്‌നിക്കുകയും ചെയ്തവരാണ് മഹാനായ മുഹമ്മദ് നബി(സ). അല്ലാഹുവിന്റെ സ്‌നേഹഭാജനത്തെ കുറിച്ച് ഖുര്‍ആനില്‍ നിരവധി പരാമര്‍ഷങ്ങള്‍ കാണാം. സൂറതുത്തൗബയുടെ അവസാനത്തില്‍ നബി(സ)യെക്കുറിച്ചുള്ള വിശേഷണം ഇപ്രകാരമാണ്.'സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങള്‍ സന്‍മാര്‍ഗികളാകുന്നതില്‍ അത്യാഗ്രഹിയുമാണദ്ദേഹം. സത്യവിശ്വാസികളോട് വളരെ അലിവും കനിവുമുള്ള ആളും'(തൗബ 128).
ഉപര്യുക്ത സൂക്തം നബിയുടെ സമുദായ സ്‌നേഹത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഞാന്‍ നിങ്ങള്‍ക്ക് കരുണയുള്ള ഒരുപിതാവിനെപ്പോലെയാണെന്ന് പുണ്യനബി(സ)തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനബിയുടെ ജീവിതം ഈ സൂക്തത്തിന്റെ അര്‍ഥഗര്‍ഭമായ നിദര്‍ശനമായിരുന്നു. അനുയായികളെ ശാശ്വതമായ ശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്തുവാനും അനന്തമായ കാലം സ്വര്‍ഗീയ സുഖങ്ങളില്‍ ആറാടിക്കഴിയുന്നവരാക്കുവാനുമാണ് അവിടന്ന് മതകല്‍പനകളൊക്കെ പഠിപ്പിച്ചത്. വാല്‍സല്യനിധിയായ ഒരുപിതാവിനെയും വിദഗ്ദനായ ഒരു ഭിഷഗ്വരനെയും പോലെയുമായിരുന്നു ഇക്കാര്യത്തില്‍ പുണ്യറസൂല്‍(സ).
മുഹമ്മദ് നബിയെ കുറിച്ച് അഞ്ച് വിശേഷണങ്ങളാണ് തൗബയിലെ അവസാന സൂക്തത്തിലുള്ളത്. അതില്‍ അവസാനഭാഗത്ത് തന്റെ രണ്ട് വിശേഷണങ്ങള്‍ തന്നെയാണ് അല്ലാഹു നബി(സ)ക്കും നല്‍കിയിട്ടുള്ളത്. കരുണയും ആര്‍ദ്രതയും അത്രമാത്രം ആ ജീവിതത്തില്‍ നിഴലിച്ചിരുന്നു. എപ്പോഴും ഉമ്മത്തിന്റെ കാര്യമായിരുന്നുവല്ലോ നബി(സ)യെ അലട്ടിയിരുന്നത്. പ്രബോധനഘട്ടത്തിലും, മരണവേളയിലും, സ്വന്തത്തേക്കാള്‍ ഉമ്മത്തിന്റെ കാര്യമാണ് അവിടുന്ന് ചിന്തിച്ചത്. ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല(അമ്പിയാഅ്107) യെന്ന ഖുര്‍ആനിക പ്രഖ്യാപനം തീര്‍ത്തും സത്യസന്ധമാക്കുന്ന വിധമായിരുന്നു ആ ധന്യജീവിതം.
പ്രബോധനജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതിന് മുമ്പ് തന്നെ മനുഷ്യരോടും, മറ്റുജീവിജാലകങ്ങളോടും സൗമ്യതയോടെ മാത്രം പെരുമാറി. പാവങ്ങളുടെ കണ്ണീരൊപ്പിയും, അശരണര്‍ക്ക് അത്താണിയായും, യതീമുകളുടെ സംരക്ഷകനായും പ്രശസ്തനായി. ഹിറായുടെ സന്ദേശവാഹകനായി ജിബ്‌രീല്‍(അ)വന്നു കൂട്ടിപ്പിടിച്ച ഞെട്ടലില്‍ നിന്ന് മോചനം തേടി വീട്ടിലെത്തി ജീവിതസഖിയോട് പരിതപിച്ചപ്പോള്‍ ആശ്വാസമായി മഹതി പറഞ്ഞ വാചകം ശ്രദ്ധേയമാണ്. 'ഇല്ല, അങ്ങയെ ഒരിക്കലും  അല്ലാഹു നിരാശപ്പെടുത്തുകയില്ല. കാരണം, താങ്കള്‍ കുടുംബബന്ധം ചാര്‍ത്തുന്നവനും, മറ്റുള്ളവരുടെ പ്രയാസങ്ങള്‍ വഹിക്കുന്നവനും, ഉടയാടയില്ലാത്തവനെ ഉടുപ്പിക്കുന്നവനും, അതിഥികള്‍ക്ക് ആതിഥ്യമരുളുന്നവനുമാണ്'(അല്ലുഅ്‌ലുഉ വല്‍മര്‍ജാന്‍). സഹജീവികളോട് ഇത്രമാത്രം ആര്‍ദ്രതയും അലിവുമുണ്ടായിരുന്ന മറ്റൊരു വ്യക്തിയെ നമുക്ക് കാണാന്‍ സാധ്യമല്ല.
ശത്രുക്കള്‍ പോലും ആ സ്‌നേഹവലയത്തിലുണ്ടായിരുന്നു. പ്രബോധനവേളയില്‍ ശത്രുക്കളില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോഴും സൗമ്യതയുടെ ഭാഷയില്‍ മാത്രമാണ് പ്രതികരിച്ചിരുന്നത്. മക്കയില്‍ ശത്രുക്കളുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ ത്വാഇഫിലേക്ക് നീങ്ങിയ നബി(സ)തങ്ങളെ അവിടെയുള്ളവര്‍ അസഭ്യവാക്കുകള്‍കൊണ്ടും കരിങ്കല്‍ചീളുകള്‍ കൊണ്ടും വരവേറ്റു. പരിക്ഷീണനായി വിശ്രമിക്കാനിരുന്ന പുണ്യനബിയുടെ അടുക്കലേക്ക് ഒരുമലക്ക് വന്നിങ്ങനെ പറഞ്ഞു'മുഹമ്മദ്‌നബി(സ)യെ, ശത്രുക്കള്‍ നിങ്ങളോട് പ്രതികരിച്ച രീതി വ്യക്തിമായി അല്ലാഹു കേട്ടിട്ടുണ്ട്. ഞാന്‍ പര്‍വ്വതങ്ങളുടെ ഉത്തരവാദിത്വമുള്ള മാലാഖയാണ്. താങ്കള്‍ നിര്‍ദ്ദേശിക്കുന്ന കാര്യം നിര്‍വ്വഹിക്കുവാനാണ് ഇപ്പോള്‍ അല്ലാഹു എന്നെ താങ്കളുടെ അടുക്കലേക്ക് പറഞ്ഞു വിട്ടത്. നിങ്ങള്‍ സമ്മതിച്ചാല്‍ അഖ്ശബൈനികള്‍(മക്കയിലെ രണ്ട് പര്‍വ്വതനിരകള്‍)ക്കിടയിലിട്ട് അവരെ നശിപ്പിച്ചുകളയാം. അന്നേരം അവിടുന്ന് പ്രതികരിച്ചിതങ്ങനെയാണ് 'വേണ്ട, മറിച്ച് അവരുടെ പിന്‍കാമികളില്‍ നിന്നെങ്കിലും അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കാത്ത സത്യവിശ്വാസികളെ അല്ലാഹു സൃഷ്ടിക്കട്ടെ എന്നാണ് ഞാന്‍ ആശിക്കുന്നത്'.
ഈ സൗമ്യസ്വഭാവമാണ് കാടന്‍ അറബികളെ ഇസ്‌ലാമിലേക്ക് അത്യാകൃഷ്ഠരാക്കിയത്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു'അല്ലാഹുവിന്റെ കാരുണ്യം കൊണ്ടുമാത്രമാണ് താങ്കള്‍ അവരോട് സൗമ്യതയോടെ വര്‍ത്തിച്ചത്. താങ്കള്‍ ഹൃദയകാഠിന്യമുള്ള പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റുഭാഗത്ത് നിന്ന് അവര്‍ വിട്ടുപോകുമായിരുന്നു'(ആലുഇംറാന്‍:159). ചരിത്രസംഭവങ്ങളുടെ അകമ്പടിയോടെ നമുക്കിത് സമര്‍ത്ഥിക്കുവാനാകും.
ആട്ടിയോടിക്കപ്പെട്ട ജന്‍മദേശത്തേക്ക് വിജയശ്രീലാളിതനായി അനുയായിവൃന്ദത്തോടൊപ്പം കയറിവന്ന് കഅ്ബാലയത്തിന്നടുത്ത് വെച്ച് നടത്തിയ പ്രഭാഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ശത്രുവ്യൂഹത്തോട് തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്തെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു മാന്യനായ സഹോദരന്റെ മാന്യനായ പുത്രനാണ് താങ്കള്‍. മാന്യതയുടെ സീമ വിട്ടുള്ള ഒന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ അവിടുന്ന് പറഞ്ഞു, ഇന്നേ ദിവസം നിങ്ങള്‍ക്കെതിരെ പ്രതികാര നടപടികളില്ല. നിങ്ങള്‍ മോചിതരാണ് നിങ്ങള്‍ക്ക് പോകാം.  നിസ്‌കരിക്കുമ്പോള്‍ കഴുത്തില്‍ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയവരും, ഉപരോധം നടത്തി പട്ടിണിക്കിട്ടവരും, തന്റെ സന്ദേശമുള്‍കൊണ്ടതിന്റെ പേരില്‍ അനുയായികളെ ക്രൂരമായി പീഠിപ്പിച്ചവരും, ആത്മരക്ഷാര്‍ത്ഥം മദീനയിലേക്ക് പോകുന്നവരെ പിടിച്ചുവെച്ചവരും, പിതൃവ്യന്റെ കരള്‍ കടിച്ചുതുപ്പിയപ്പോള്‍ ആനന്ദനൃത്തമാടിയവരും, കഅ്ബാലയത്തിലേക്ക് ഉംറ ചെയ്യാനെത്തിയപ്പോള്‍ സമ്മതിക്കാതെ തിരിച്ചയച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നിട്ടും പ്രതികാരത്തിന്റെ ലാഞ്ചനപോലുമില്ലാതെ സുമനസ്സുമായി അവരെ വെറുതെ വിടുകയാണ് ആ മഹാമനസ്‌കന്‍ ചെയ്തത്.
യുദ്ധത്തിന് പുറപ്പെട്ട സൈനികവ്യൂഹത്തിന് അവിടുന്ന് നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ ഇന്നത്തെ യുദ്ധക്കൊതിയന്‍മാരുടെ ഹൃദയം തുറപ്പിക്കേണ്ടതാണ്. ശത്രുക്കളുടെ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും നിങ്ങള്‍ കൊല്ലരുത്, കൃഷിയിടങ്ങള്‍ നശിപ്പിക്കുകയോ, ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ അരുത്. ഒരുയുദ്ധം കഴിഞ്ഞ് രണാങ്കണത്തില്‍ നടക്കുന്നവേളയില്‍ നിരവധി കുഞ്ഞുങ്ങള്‍ മരിച്ചുകിടക്കുന്നത് കണ്ട തിരുമേനി പൊട്ടിക്കരയാന്‍ തുടങ്ങി. ഇത് കണ്ട അനുചരരില്‍ ആരോ ചോദിച്ചു റസൂലേ അവര്‍ ശത്രുക്കളുടെ കുട്ടികളല്ലേ? അപ്പോള്‍ ചോദിച്ചു ജൂതരുടെ കുഞ്ഞുങ്ങളും മനുഷ്യക്കുഞ്ഞുങ്ങളല്ലേ?.
ഫത്ഹ്മക്കയുടെ ദിവസം ഉസ്മാനുബ്‌നുത്വല്‍ഹയുടെ കയ്യില്‍ നിന്ന് മുഹമ്മദ് നബി(സ) കഅ്ബയുടെ ചാവി വാങ്ങി കഅ്ബ തുറന്ന് അകത്ത് പ്രവേശിച്ച് നിസ്‌കാരം നിര്‍വ്വഹിച്ച് ചാവി അദ്ദേഹത്തിന്റെ കയ്യില്‍ തന്നെ തിരികെയേല്‍പിച്ചു. എന്നിട്ട് പറഞ്ഞു. ഉസ്മാന്‍ ഇത് സ്വീകരിക്കൂ, അക്രമിയായ ഒരാള്‍ മാത്രമേ നിന്നില്‍ നിന്നത് തട്ടിയെടുക്കുകയുള്ളൂ. ഇത് കേട്ട് നാണം കൊണ്ട് അദ്ദേഹം ശിരസ്സ് കുനിച്ചുപോയി. ജാള്യതകൊണ്ട് ഭൂമിയെന്നെ വിഴുങ്ങിയിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചുപോയി എന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.വര്‍ഷങ്ങള്‍ക്ക് മുമ്പ് നബിയും താനും നടത്തിയ ഒരു സംഭാഷണം നബി(സ) അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചപ്പോഴാണ് അദ്ദേഹം തലകുനിച്ചത്. ഉസ്മാനുബ്‌നുത്വല്‍ഹ തന്നെ പറയുന്നു. ഒരു ദിവസം മുഹമ്മദ് നബി(സ)തന്നോട് വന്ന് കഅ്ബയുടെ ചാവി ചോദിച്ചപ്പോള്‍  ഞാനത് നല്‍കിയില്ല. അപ്പോള്‍ പറഞ്ഞു, ഉസ്മാന്‍; ഈ ചാവി എന്റെ അധീനതയിലാവുകയും എനിക്കിഷ്ടമുള്ളവന് ഞാന്‍ കൈമാറുകയും ചെയ്യുന്ന ഒരു ദിവസത്തെ കുറിച്ച് നിനക്ക് സങ്കല്‍പ്പിക്കാനാവുമോ?. ഞാന്‍ പറഞ്ഞു; അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഖുറൈശികള്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെടുന്ന ദിനമായിരിക്കുമത്. നബി(സ) പറഞ്ഞു; ഇല്ല, അവരുടെ അഭിമാനം ആകാശം മുട്ടെ ഉയരുന്ന ദിനമായിരുക്കുമത്. ആ സംഭാഷണം ഫത്ഹ് മക്കയുടെ ദിനത്തില്‍ നബി(സ) അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. അത് ചരിത്രമായി പുലര്‍ന്നിരിക്കുന്നു. അന്നും ചാവി ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം മുസ്‌ലിമായിരുന്നില്ല. ഈ സൗമ്യസമീഭനത്തില്‍ ആകൃഷ്ടനായി പിന്നീടദ്ദേഹം മുസ്‌ലിമായി. ഇന്നും അദ്ദേഹത്തിന്റെ കുടുംബക്കാരാണ് ചാവിസൂക്ഷിപ്പുകാര്‍. 'ധിക്കാരികളോട് നിങ്ങള്‍ മാന്യമായ നിലയില്‍ വിട്ടുവീഴ്ച ചെയ്യുക നബിയേ'(ഹിജ്ര്‍ 85) എന്ന ഖുര്‍ആനിക കല്‍പ്പനയുടെ പൂര്‍ത്തീകരണമാണ് ഇവിടെ സംഭവിക്കുന്നത്.
മനുഷ്യരെപ്പോലെ മറ്റുജീവികളും ആ സ്‌നേഹാലയത്തിന്റെ വൃത്തത്തിനകത്തായിരുന്നു. പുണ്യനബിയുടെ അരികെ വന്ന് പരാതിപറയുന്ന മിണ്ടാപ്രാണികള്‍ക്ക് അവിടുന്ന് നല്‍കിയത് കനിവിന്റെനോട്ടവും കരുണയുടെ കൈനീട്ടവുമാണ്.  തന്റെ യജമാനന്‍ അമിതഭാരമെടുപ്പിക്കുകയും വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ലെന്നും പരാതിപ്പെട്ട ഒട്ടകത്തിന്റെ ഉടമയെ വിളിച്ചു ശാസിക്കുകയും ജീവികളോട് കരുണ കാണിക്കേണ്ടതിന്റെ മഹത്വം പഠിപ്പിക്കുകയുമുണ്ടായി. വേടന്റെ കെണിയില്‍പെട്ട പേടമാന്‍ ആ വഴികടന്നുപോയ കാരുണ്യത്തിന്റെ ദൂതനോട് പറഞ്ഞു; റസൂലെ, ഇദ്ദേഹമെന്നെ വേട്ടയാടിപ്പിടിച്ചിരിക്കുന്നു. ആ കാണുന്ന മലമുകളില്‍ എന്റെ കുഞ്ഞുങ്ങള്‍ മുലകുടിക്കാന്‍ കാത്തുനില്‍കുന്നുണ്ട്. അവരെ മുലയൂട്ടി ഞാന്‍ തിരികെ വരാം. നിങ്ങളൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. മുഹമ്മദ്‌നബി(സ) വേടനോട് പറഞ്ഞു, നിങ്ങള്‍ ആ പെണ്‍മാനെ അതിന്റെ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ വിടുക, ശേഷം നിങ്ങളുടെ അടുക്കലേക്ക് തന്നെ അത് തിരികെ വരും. ഇത് കേട്ട അദ്ദേഹം നബി(സ)യെ പരിഹസിച്ചു. അപ്പോള്‍ നബി(സ)തങ്ങള്‍ ആ മൃഗത്തിന് വേണ്ടി ജാമ്യം നിന്നു. മാന്‍പേടയെ വിട്ടയച്ച സത്യനിശേധി ദര്‍ശിച്ചത് അത്ഭുതമായിരുന്നു. ഓടിച്ചെന്ന് തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി നബിയുടെ അടുക്കല്‍ തന്നെ  അത് വന്ന് നിന്നു. ഇത് കണ്ട അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ കാലതാമസമുണ്ടായില്ല.
അനുചരരില്‍ ആരോ സ്‌നേഹസമ്മാനമായി ഒരു പക്ഷിക്കുഞ്ഞിനെ നല്‍കിയപ്പോള്‍ കുഞ്ഞിനെയെടുത്ത് തള്ളപ്പക്ഷിയെ വിഷമിപ്പിക്കാന്‍ പാടില്ലെന്ന പാഠം പഠിപ്പിക്കുകയും കൂട്ടില്‍ തന്നെ തിരികെവെക്കാന്‍ ആവശ്യപ്പെട്ടതും, ഉറുമ്പിന്‍കൂട്ടത്തെ കരിച്ചുകളഞ്ഞ സഹചരോട് തീ കൊണ്ട് കരിക്കാന്‍ തീ സൃഷ്ടിച്ച നാഥനുമാത്രമേ അധികാരമുള്ളൂ എന്ന് അനുശാസിച്ചതും ആ ജീവിതത്തില്‍ നമുക്ക് കാണാം.
സത്യസന്ദേശം ജനങ്ങള്‍ക്കെത്തിച്ച് അത് സത്യമാണെന്ന് ബോധ്യപ്പെട്ടശേഷവും അംഗീകരിക്കാതിരുന്ന തങ്ങളുടെ സമുദായത്തിനെതിരെ അമ്പിയാക്കളില്‍ പലരും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും അതിന്റെ തിക്തഫലം ജനങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നൂഹ്‌നബിയുടെ സമുദായവും ലൂത്വ്‌നബിയുടെ സമുദായവുമൊക്കെ അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ മുഹമ്മദ് നബി(സ) സമുദായത്തിനൊന്നടങ്കം എതിരെ പ്രാര്‍ത്ഥിച്ചിട്ടില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രവുമല്ല, അമ്പിയാക്കള്‍ക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പ് നല്‍കപ്പെട്ട ഒരുപ്രാര്‍ത്ഥനയുണ്ട്. ആ പ്രാര്‍ത്ഥന പല അമ്പിയാക്കളും തങ്ങള്‍ക്ക് വേണ്ടിയും മറ്റുചിലര്‍ സമുദായത്തിനെതിരെയും പ്രയോഗിച്ചുവെങ്കില്‍ മുഹമ്മദ് നബി(സ) ആ പ്രാര്‍ത്ഥന തന്റെ സമുദായത്തിലെ പാപികളുടെ ശുപാര്‍ഷക്ക് വേണ്ടി പരലോകത്തേക്ക് സൂക്ഷിച്ചുവെക്കുകയാണുണ്ടായത്. അബൂഹുറൈറ(റ)നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണാം. നബി(സ) പറയുന്നു; ഓരോ നബിമാര്‍ക്കും ഉത്തരം ലഭിക്കുമെന്ന് തീര്‍ച്ചയുള്ള ഒരു പ്രാര്‍ത്ഥനയുണ്ട്. ഞാന്‍ എന്റെ പ്രാര്‍ത്ഥന എന്റെ സമുദായത്തിന് പരലോകത്ത് ശുപാര്‍ശ ചെയ്യാന്‍ വേണ്ടി സൂക്ഷിക്കുകയാണ്(സ്വഹീഹുല്‍ബുഖാരി-കിതാബുദ്ദഅ്‌വാത്). ഇമാം നവവി(റ)പറയുന്നു, മുഹമ്മദ്‌നബി(സ)ക്ക് തന്റെ സമുദായത്തോടുണ്ടായിരുന്ന സ്‌നേഹവും കരുണയും അവര്‍ക്ക് നന്‍മകൈവരുന്നതിലുണ്ടായിരുന്ന അതീവ താത്പര്യവുമാണ് ഈ ഹദീസ് വിളിച്ചോതുന്നത്. അത് കൊണ്ടാണ് അവര്‍ക്കേറ്റവും ആവശ്യമുള്ള സമയത്തേക്ക് തന്റെ പ്രാര്‍ത്ഥനപോലും നീക്കിവെച്ചത്(ഫത്ഹുല്‍ബാരി).
മുഹമ്മദ് നബി(സ)യെ പരിഹസിച്ച ശത്രുക്കളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടിയും മുഹമ്മദ്‌നബിയെ ആശ്വസിപ്പിച്ചുമാണ് സൂറതുള്ളുഹായിലെ ആയത്തുകള്‍ ഇറങ്ങിയത്. 'താങ്കള്‍ തൃപ്തിപ്പെടുന്നത് വരെ തങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നല്‍കുമെന്ന'(സൂറതുള്ളുഹാ-5) സൂക്തമിറങ്ങിയപ്പോള്‍  എന്റെ സമുദായത്തിലെ എല്ലാവരും നരകമോചിതരാകുന്നത് വരെ ഞാന്‍ തൃപ്തിയടയുകയില്ല എന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി(തഫ്‌സീറുര്‍റാസി). ഇമാം ജഅ്ഫര്‍സ്വാദിഖ്(റ) പറയുന്നു; തൗഹീദംഗീകരിച്ച ഒരാളും നരകത്തില്‍ കടക്കരുതെന്നാണ് എന്റെ വല്യുപ്പയുടെ തൃപ്തി. ഖുര്‍ആന്‍ പണ്ഡിതരില്‍ പലരും സൂറതുസ്സുമറിലെ 53ാം സൂക്തമാണ് ഖുര്‍ആനിലെ പ്രതീക്ഷാനിര്‍ഭരമായ ആയതെന്ന് പറയുമ്പോള്‍ അഹ്‌ലുബൈതിലെ പ്രമുഖരായ പണ്ഡിതര്‍ രേഖപ്പെടുത്തുന്നത് സൂറതുള്ളുഹായിലെ അഞ്ചാം സൂക്തമെന്നാണ്.
മിഅ്‌റാജിന്റെ രാത്രിയില്‍ അമ്പത് വഖ്ത് നിസ്‌കാരം ഉമ്മതിന് നിര്‍ബന്ധമാക്കിയപ്പോള്‍ മൂസാനബിയുടെ നിര്‍ദ്ദേശപ്രകാരം അല്ലാഹുവിന്റെ അടുക്കല്‍ ചെന്ന് അമ്പതില്‍ നിന്ന് അഞ്ചിലേക്ക് ചുരുക്കുവാന്‍ അപേക്ഷിച്ചത് സമൂഹത്തോടുള്ള പ്രതിപത്തിയാണ്. ഇത്‌പോലെ മുഹമ്മദ് നബി(സ) ശരീഅത്തിന്റെ നിയമങ്ങളില്‍ സമൂഹത്തെ നന്നായി പരിഗണിക്കുമായിരുന്നു. എന്റെ സമൂഹത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ എല്ലാ ഫര്‍ള് നിസ്‌കാരങ്ങള്‍ക്കും മിസ്‌വാക് ചെയ്യാന്‍ അവരെ ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും , രണ്ട് കാര്യങ്ങളില്‍ ഇഷ്ടം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കപ്പെട്ടാന്‍ ഏറ്റവും എളുപ്പമുള്ളത് തെരഞ്ഞടുക്കുമയിരുന്നുവെന്നും ഹദീസുകളില്‍ കാണാം. ഇരുപത് റക്അത്ത് തറാവീഹ് തന്റെ സമൂഹത്തിന് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയമാണ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പള്ളിയിലേക്ക് വന്ന് ജനങ്ങള്‍ക്കൊപ്പം നിസ്‌കരിക്കാതിരുന്നത്.
അല്ലാഹുവിന്റെ വിചാരണകോടതിയില്‍ പരകോടി ജനങ്ങള്‍ പ്രയാസമനുഭവിക്കുമ്പോള്‍ അവരുടെ ശുപാര്‍ശകനായി വരുന്നത് പുണ്യനബി(സ) മാത്രമാണ്. ആളുകള്‍ ഓരോപ്രവാചകനേയും സമീപിക്കുമ്പോള്‍ സ്വന്തം നിലയുടെ കാര്യത്തില്‍ വ്യാകുലചിത്തനായി നില്‍ക്കുന്ന അവര്‍ക്ക് സമൂഹത്തെ പരിഗണിക്കാന്‍ സാധിക്കുകയില്ല. അന്നേരം മുഹമ്മദ് നബി മാത്രമായിരിക്കും അവരുടെ അത്താണിയായി വരിക. ആളുകളുടെ പ്രയാസങ്ങള്‍ നേരിട്ടുമനസ്സിലാക്കുന്ന പുണ്യനബി(സ) അര്‍ശിന്റെ ചുവട്ടില്‍ ചെന്ന് റബ്ബിന്റെ മുന്നില്‍ നമ്രശിരസ്‌കനായി വീഴുകയും, മുഹമ്മദ്‌നബിയേ, താങ്കള്‍ ശിരസ്സുയര്‍ത്തുക, ചോദിക്കുക, നല്‍കപ്പെടും, ശുപാര്‍ശചെയ്യുക സ്വീകരിക്കപ്പെടും എന്ന വിളിയാളം വരുന്നത് വരെ അവിടന്ന് സുജൂദില്‍ തന്നെ കിടക്കുകയും ചെയ്യും. വിളിയാളം കേട്ടാല്‍ ഉടനെ എഴുന്നേറ്റ് സമൂഹത്തിന്റെ കാര്യം റബ്ബിന്റെ മുന്നില്‍ സമര്‍പ്പിക്കും. ആ വാക്ക് സ്വീകരിച്ചാണ് മാലോകരുടെ വിചാരണക്ക് അല്ലാഹു സമാരംഭം കുറിക്കുന്നത്.
വിചാരണ കഴിഞ്ഞ് ജനം സ്വിറാത്വ്പാലം വിട്ടുകടക്കുമ്പോള്‍ അതിന്റെയരികില്‍ വന്ന് നാഥാ, നീ രക്ഷപ്പെടുത്ത്, റബ്ബേ നീ രക്ഷിക്ക് എന്ന് പറയുമത്രെ. അവരില്‍ ആരെങ്കിലും നരകത്തിലേക്ക് വഴുതി വീഴുന്നത് പോലും ആ ഹൃദയത്തെ വേദനിപ്പിക്കുന്നവെന്നാണതിന്റെയര്‍ത്ഥം. സമൂഹം നര കശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് ദീനിന്റെ സര്‍വ്വനിയമങ്ങളും അവിടുന്ന് പഠിപ്പിച്ചതും അതിലേക്കവരെ വഴിനടത്തിയതും. ആളുകള്‍ തെറ്റ് ചെയ്യുന്നതും അവര്‍ പിശാചിന്റെ ദുര്‍ബോദനങ്ങള്‍ക്ക് വശംവദരാവുന്നതും തീരെ സഹിച്ചില്ല. കത്തിച്ചുവെച്ച തീനാളത്തിലേക്ക് പാറിയടുക്കുന്ന ശലഭങ്ങളെ പോലെ നരകത്തിലേക്കാപതിക്കുന്ന വിഭാഗത്തെയാണ് ഹബീബ് രക്ഷപ്പെടുത്തിയത്. നബി(സ)പറയുന്നു: എന്റെയും ജനങ്ങളുടേയും ഉപമ, അഗ്‌നികത്തിച്ചുവെച്ച ഒരാളെപ്പോലെയാണ്. അദ്ദേഹം വെളിച്ചം കത്തിച്ചപ്പോള്‍ തീയില്‍ വീണ് നശിക്കുന്ന പ്രാണികളും ജന്തുക്കളും അതില്‍ വീഴാന്‍ തുടങ്ങി. അവയെ അദ്ദേഹം പ്രതിരോധിക്കുന്നുവെങ്കിലും അദ്ദേഹത്തെ അതിജയിച്ച് അവയെല്ലാം അതില്‍ വീണ് ചത്തൊടുങ്ങുന്നു. അത്‌പോലെ നരകത്തിലേക്ക് എടുത്ത് ചാടുന്ന നിങ്ങളുടെ ഊരയില്‍ പിടിച്ച് രക്ഷപ്പെടുത്തുന്നവനാണ് ഞാന്‍. ആലുഇംറാനിലെ 103ാം സൂക്തവും ഇത് തന്നെയാണ് വിളിച്ചോതുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ സംഘടിതരായിക്കൊണ്ട് അല്ലാഹുവിന്റെ പാശം(ഖുര്‍ആന്‍) മുറുകെപ്പിടിക്കുക; ഭിന്നിക്കരുത്. പരസ്പരം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം ഓര്‍ക്കുക. അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ പരസ്പരം ഇണക്കി. എന്നിട്ട് അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷപ്പെടുത്തി. ഇങ്ങനെ നിങ്ങള്‍ക്ക് സന്‍മാര്‍ഗ്ഗം പ്രാപിക്കേണ്ടതിനായി അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളെ വ്യക്തമാക്കിത്തരുന്നു. ഈ അനുഗ്രഹങ്ങളൊക്കെ അല്ലാഹു സമൂഹത്തിന് ചെയ്ത് കൊടുത്തത് മുത്ത് നബി(സ)മാര്‍ഗ്ഗേണയാണ്.
സ്വജീവിതത്തിലൂടെ സ്‌നേഹവും കരുണയും ആര്‍ദ്രതയും കാണിച്ചുകൊടുത്തതിന് പുറമെ മറ്റുള്ളവരെ സ്‌നേഹിക്കുവാനും, കരുണയോടെ വര്‍ത്തിക്കുവാനും, സൗമ്യമായി പെരുമാറുവാനും ഉപദേശിക്കുന്ന ധാരാളം വിശുദ്ധവചനങ്ങള്‍ സമൂഹത്തെ അവിടന്ന് പഠിപ്പിക്കുകയും ചെയ്തു. നിസ്‌കാരം , ഖുതുബ പോലോത്ത കര്‍മ്മങ്ങള്‍ പോലും പ്രായമായവരെയും കുട്ടികളെയും പരിഗണിച്ച് അവിടുന്ന് ദീര്‍ഘിപ്പിക്കുമായിരുന്നില്ല. അങ്ങിനെ പ്രയാസപ്പെടുത്തുന്നവിധം കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുചരരെ വിളിച്ച് ശാസിക്കാറുമുണ്ടായിരുന്നു.
ഈ സ്‌നേഹത്തിന് നമുക്ക് തിരിച്ച് നല്‍കാനുള്ളത് ആത്മാര്‍ത്ഥമായ സ്‌നേഹം മാത്രമാണ്. അവിടുന്ന് പഠിപ്പിച്ചുതന്ന തിരുചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ആ പൂമേനിയുടെ പാരത്രികപദവി വര്‍ദ്ധിക്കാന്‍ സ്വലാത്ത് അധികരിപ്പിക്കലും ആ സ്‌നേഹത്തിന്റെ ഭാഗമാണ്. നബി(സ)പറയുന്നു: എന്റെ ചര്യകള്‍ ആരെങ്കിലും പുലര്‍ത്തിക്കൊണ്ടിരുന്നാല്‍ നാല് കാര്യങ്ങള്‍കൊണ്ടല്ലാഹു അവനെ ആദരിക്കും ഒന്ന്, നല്ലമനുഷ്യരുടെ മനസ്സില്‍ അവനോട് സ്‌നേഹം ഇട്ട് കൊടുക്കും. രണ്ട്, തെമ്മാടികളുടെ മനസ്സില്‍ അവനെക്കുറിച്ചുള്ള ഭയം ഇട്ട് കൊടുക്കും. മൂന്ന്, ജീവിതവിഭവങ്ങളില്‍ അവന് സമൃദ്ധി നല്‍കും. നാല്, മതകാര്യങ്ങളില്‍ ഉറപ്പ് നല്‍കും. എന്നാല്‍ പുണ്യറസൂല്‍(സ) വീണ്ടും പറയുന്നു ആരെങ്കിലും എന്റെ ചര്യകള്‍ നഷ്ടപ്പെടുത്തിയാല്‍ എന്റെ ശുപാര്‍ശ അവന് നിശിദ്ധമായിരിക്കും. സ്വലാത്ത് വര്‍ദ്ധിപ്പിച്ചാലുള്ള നേട്ടങ്ങള്‍ എണ്ണമറ്റതാണെന്നതില്‍ സന്ദേഹമില്ല. സ്‌നേഹം നല്‍കിയാല്‍ ഇരട്ടി സ്‌നേഹം തിരികെ നല്‍കുന്ന, ഒരുചാണ്‍അടുത്താല്‍ ഒരുമുഴം അടുക്കുന്ന പുണ്യറസൂലിനെ സ്‌നേഹിക്കുവാനും അവിടുത്തെ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

Post a Comment

Previous Post Next Post