ഔലിയാക്കള്‍ ലോകത്തിന്റെ വിളക്കുമാടങ്ങളാണ്. പ്രവാചക ശ്രേഷ്ഠര്‍ കൊളുത്തി വെച്ച ദീനീ പ്രകാശത്തിന് മങ്ങലേല്‍ക്കുമ്പോള്‍ അതിനെ പ്രോജ്ജ്വലമാക്കുന്നവരാണ് അവര്‍. ഇസ്‌ലാമിക പ്രചാരണത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഇവര്‍ എന്നും മതത്തിന്റെ കാവലാളുകളായിരുന്നു. മുഈനുദ്ദീന്‍(ദീനിന്റെ സഹായി), ഗരീബെ നവാസ്(പാവങ്ങളുടെ സുല്‍ത്വാന്‍), അത്വാഉര്‍റസൂല്‍(പുണ്യദൂതരുടെ ദാനം), എന്നീ പേരുകളില്‍ പ്രസിദ്ധരായ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ഇവരില്‍ സുപ്രധാനിയാണ്.
ഹി. 530ല്‍ റജബ് 14ന് ഖുറാസാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ ശൈഖ് ഖാജാ ഗിയാസുദ്ദീന്‍(റ), സയ്യിദത്ത് മാഹീനൂര്‍ എന്നിവരുടെ പുത്രനായിട്ടാണ് ശൈഖ് ഹസന്‍ മുഈനുദ്ദീന്‍(റ) ജന്‍മം കൊള്ളുന്നത്. ജ്ഞാനവും ജീവിത വിശുദ്ധിയുമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം പിതാവ് വഴി ഹുസൈനി(റ)യും മാതാവ് വഴി ഹസനി(റ)യുമാണ്. ഇമാം ഗിയാസുദ്ദീന്‍(റ)-സയ്യിദ് കമാലുദ്ദീന്‍(റ)-സയ്യിദ് അഹ്മദ് ഹുസൈന്‍(റ)-സയ്യിദ് നജ്മുദ്ദീന്‍(റ)-സയ്യിദ് ത്വാഹിര്‍(റ)-സയ്യിദ് അബ്ദുല്‍ അസീസ്(റ)-സയ്യിദ് ഇബ്‌റാഹീം(റ)-സയ്യിദ് ഇദ്‌രീസ്(റ)-സയ്യിദ് മൂസല്‍ കാളിം(റ)-ഇമാം ജഅ്ഫര്‍ സ്വാദിഖ്(റ)-സയ്യിദ് ബാഖിര്‍(റ)-ഇമാം സൈനുല്‍ ആബിദീന്‍(റ)-ഇമാം ഹുസൈന്‍(റ) ഇവരാണ് പിതാവിന്റെ പരമ്പരയിലുള്ള മഹത്തുക്കള്‍. സയ്യിദത്ത് മാഹീനൂര്‍(റ)-സയ്യിദ് ദാവൂദ്(റ)-സയ്യിദ് അബ്ദുല്ല ഹമ്പലി(റ)-സയ്യിദ് യഹ്‌യ അസ്സാഹിദ്(റ)-സയ്യിദ് മുഹമ്മദ് മുഖര്‍റിസ്(റ)-സയ്യിദ് ദാവൂദ്(റ)-സയ്യിദ് മൂസല്‍ ജൗനി(റ)-സയ്യിദ് അബ്ദുല്ലാഹില്‍ മഹളി(റ)-സയ്യിദ് ഹസനുല്‍ മുസന്ന(റ)-ഇമാം അലി(റ) ഇവരാണ് മാതാവ് വഴിക്കുള്ള പരമ്പരയിലെ കണ്ണികള്‍.
ഭക്തി സാന്ദ്രമായ കുടുംബ സാഹചര്യവും പാരമ്പര്യ മഹത്വവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്വാധീനിച്ചതായി നമുക്ക് കാണാം. പിതാവില്‍ നിന്ന് തന്നെയാണ് ആദ്യമായി വിജ്ഞാനം നേടിയത്. പിന്നീട് സഞ്ചറിലെ മദ്‌റസയില്‍ ചേര്‍ന്നു. പതിനഞ്ചാം വയസ്സില്‍ പിതാവും പിന്നീട് ഒരു വര്‍ഷത്തിനകം മാതാവും മരിച്ച് പോയി. ഖുറാസാനിലെ ഒരു തോട്ടമാണ് അനന്തരസ്വത്തായി ലഭിച്ചത്.

മാതാപിതാക്കളുടെ മരണ ശേഷം അനന്തരമായി ലഭിച്ച തോട്ടത്തില്‍ പണിയെടുത്ത് മഹാനവര്‍കള്‍ ഉപജീവനം നടത്തി. അങ്ങനെയിരിക്കെയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ഒരു സംഭവം നടന്നത്. അഥവാ, ഒരു ദിനം തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കെ ഇബ്‌റാഹീം ഖന്‍ദൂസി(റ)യെന്ന ഒരു മഹാന്‍ കടന്നു വന്നു. അദ്ദേഹത്തെ തോട്ടത്തില്‍ ലഭ്യമായ മുന്തിയ ഇനം ഈത്തപ്പഴങ്ങള്‍ നല്‍കി സല്‍കരിച്ചു. അത് കഴിച്ച ഖന്‍ദൂസി(റ) തന്റെ ഭാണ്ഡക്കെട്ടില്‍ നിന്ന് ഉണങ്ങിയ ഒരു റൊട്ടിക്കഷ്ണം എടുത്ത് തന്റെ വായിലിട്ട് ചവച്ചതിന് ശേഷം മുഈനുദ്ദീന്(റ) നല്‍കി. അത് കഴിച്ചയുടന്‍ അദ്ദേഹത്തില്‍ ഐഹിക പരിത്യാഗത്തിന്റെ ചിന്ത മുള പൊട്ടുകയും തന്റെ തോട്ടം തദ്ദേശീയരായ പാവങ്ങള്‍ക്ക് വഖ്ഫ് ചെയ്ത് വിജ്ഞാന സമ്പാദനത്തിന് വേണ്ടി ഖുറാസാനിലേക്ക് നീങ്ങുകയും ചെയ്തു. അവിടെനിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ ശേഷം ബുഖാറയില്‍ ചെന്ന് ഹിസാമുദ്ദീനുല്‍ ബുഖാരിയില്‍ നിന്ന് തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാനങ്ങള്‍ നേടി. അതോടൊപ്പം അറബി, ഫാര്‍സി തുടങ്ങി ഒട്ടനവധി ഭാഷകളിലും തന്റെ വിജ്ഞാന സപര്യയില്‍ അവഗാഹം നേടി.


ബാഹ്യ ജ്ഞാനങ്ങള്‍ കൊണ്ട് തന്റെ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആന്തരിക ജ്ഞാനങ്ങളുടെ ഉറവകള്‍ തേടി അദ്ദേഹം ഉലകം ചുറ്റുകയുണ്ടായി. നീണ്ട കാലം അനേകം കാതങ്ങള്‍ സഞ്ചരിച്ച അദ്ദേഹത്തിന്റെ ജീവിതം തന്നെ പൂര്‍ണ്ണമായും സഞ്ചാരത്തിന്റെതാണ്. ആത്മീയ ജ്ഞാനം പ്രസരണം നടത്തുന്ന ഔലിയാക്കളെ ലക്ഷ്യം വെച്ചായിരുന്നു ഈ യാത്രകള്‍ മുഴുവനും. അതിനിടയില്‍ ജീവിക്കുന്ന സ്വൂഫികളില്‍ നിന്ന് നേരിട്ടും, മണ്‍മറഞ്ഞവരില്‍ നിന്ന് അവരുടെ മഖ്ബറകള്‍ സന്ദര്‍ശിച്ചും തന്റെ ആത്മാവിന്റെ ദാഹം പൂര്‍ണ്ണമായും ശമിപ്പിച്ചു. സഞ്ചാര മദ്ധ്യേ മഹാനവര്‍കള്‍ ശൈഖ് ഉസ്മാന്‍ ഹാറൂനിയെക്കുറിച്ച് കേള്‍ക്കാനിടയായി. തന്റെ കൈപിടിച്ച് അല്ലാഹുവിലേക്ക് വഴി നടത്താന്‍ യോഗ്യനായ ആ പുണ്യ പുരുഷനെ അന്വേഷിച്ചായിരുന്നു പിന്നീടുള്ള സഞ്ചാരം. അതിനിടയില്‍, ഉമ്മ വഴി തന്റെ അമ്മാവനും(ചിശ്തി(റ)യുടെ വല്യുപ്പയായ-ഉമ്മവഴി- അബ്ദുല്ലാ ഹമ്പലയുടെ പേരക്കുട്ടിയാണ് അബ്ദുല്‍ ഖാദിര്‍ ജീലാനി) ഭുവനപ്രസിദ്ധമായ ഖാദിരിയ്യാ ത്വരീഖത്തിന്റെ സംസ്ഥാപകനും ഖുതുബുല്‍ അഖ്ത്വാബുമായ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യെ കാണാന്‍ വേണ്ടി ബഗ്ദാദില്‍ ചെല്ലുകയുണ്ടായി. ഖാജാ മുഈനുദ്ദീനെ(റ)കണ്ടയുടനെ എഴുനേറ്റ് നിന്ന് സ്വീകരിക്കുകയും 'ഈ ചെറുപ്പക്കാരന്‍ അനേകലക്ഷമാളുകള്‍ക്ക് സന്‍മാര്‍ഗ്ഗത്തിന്റെ വെളിച്ചം കാണിച്ചു കൊടുക്കുമെന്നും ഔലിയാക്കളില്‍ അത്യുന്നത പദവി നേടു'മെന്നും പ്രഖ്യാപിച്ചു. ഈ പ്രവചനം സത്യമായിപ്പുലര്‍ന്നതിന് ലോകം പിന്നീട് സാക്ഷിയായി. ആത്മീയ പ്രകാശത്തിന്റെ രണ്ട് ജ്യോതിര്‍ ഗോളങ്ങളുടെ ഈ ചരിത്ര സംഗമം ഹി.551ലായിരുന്നു.
ഇവിടെ നിന്നാണ് മനാമിലും ഉണര്‍ച്ചയിലുമായി നിരവധി ഔലിയാക്കള്‍ നിര്‍ദേശം നല്‍കിയതനുസരിച്ച് ശൈഖ് ഉസ്മാന്‍ ഹാറൂനി(റ)യെക്കാണാന്‍ ഹാറൂന്‍ പട്ടണത്തിലേക്ക് പുറപ്പെട്ടത്. ശൈഖവര്‍കള്‍ മുഈനുദ്ദീനെ ദൈവിക നിര്‍ദേശമനുസരിച്ച് സ്വീകരിക്കുകയും നിരവധി കാലം അദ്ദേഹത്തിന്റെ കൂടെ കൂട്ടുകയും ചെയ്തു. നിരവധി പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് ശൈഖവര്‍കളുടെ സേവകനായി ഒരുപാടു കാലം കഴിച്ചു കൂട്ടി. ഖാജാ(റ)യുടെ ഖലീഫയായ ഖുതുബുദ്ദീന്‍ ബഖ്തിയാറുല്‍ കഅ്കി തന്റെ ദലീലുല്‍ ആരിഫീന്‍ എന്ന കൃതിയില്‍ പറയുന്നു:'സ്വശരീരത്തിന് സര്‍വ്വ സുഖാഢംഭരങ്ങളും ഒഴിവാക്കി നീണ്ട ഇരുപത് വര്‍ഷം അദ്ദേഹം ശൈഖ് ഉസ്മാന്‍ ഹാറൂനിയുടെ കൂടെ കഴിഞ്ഞു'. പക്ഷെ, ഈ കാലയളവില്‍ ഉസ്താദിന്റെ കൂടെ സേവനവുമായി കഴിഞ്ഞു കൂടിയെന്നല്ലാതെ ഒരു വിജ്ഞാനവും പഠിപ്പിച്ചു കൊടുത്തില്ല. ഉസ്മാന്‍ ഹാറൂനി(റ)ക്ക് ഇല്‍മും കറാമത്തും ഇല്ലെന്ന് പറഞ്ഞ് നിരവധി മുരീദുമാര്‍ അവരെ പിരിഞ്ഞ് പോയെങ്കിലും ശൈഖ് മുഈനുദ്ദീന്‍(റ) അവരെ വിട്ട് പിരിഞ്ഞില്ല. പിന്നീട് രണ്ട് വര്‍ഷം അല്‍പം വിജ്ഞാനങ്ങള്‍ പറഞ്ഞ്‌കൊടുത്ത ശേഷം പത്ത് കൊല്ലത്തോളം ലോകം ചുറ്റി സഞ്ചരിച്ച് വരാന്‍ വേണ്ടി വിട്ടു.


ആത്മീയ ലോകത്തെ സഞ്ചാരം
ദീര്‍ഘയാത്രക്ക് പുറപ്പെട്ട ചിശ്ത്തി(റ) ആദ്യമായി എത്തിയത് സിറിയയിലാണ്. അവിടെ വെച്ചാണ് ശൈഖ് ഔഹദ് മുഹമ്മദ് അല്‍ വാഹിദി ഗസ്‌നവി(റ)യുമായി സന്ധിക്കുന്നത്. ഒരു ഗുഹയിലാണ് മഹാനവര്‍കള്‍ താമസിച്ചിരുന്നത്. കൂടെ രണ്ട് കൂറ്റന്‍ സിംഹങ്ങളുമുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.  അവിടെ വെച്ച് ഗസ്‌നവി(റ) നല്‍കിയ ഉപദേശം നിസ്‌കാരത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവ കൃത്യമായി നിര്‍വഹിക്കേണ്ട ബാധ്യതയെക്കുറിച്ചുമായിരുന്നു. അവിടന്ന് സര്‍വ്വ അനുഗ്രഹങ്ങളും ഏറ്റു വാങ്ങി ചിശ്ത്തി(റ) ഇറാനിലേക്ക് പുറപ്പട്ടു.
ഇറാനിലെ തിബ്‌രീസില്‍ വെച്ച് അബൂസഈദ് തിബ്‌രീസി(റ)യെ കണ്ടുമുട്ടുകയും അവരില്‍ നിന്ന് ആത്മീയ പ്രകാശവും അനുഗ്രവും നേടി. അബൂയസീദുല്‍ ബിസ്ത്വാമിയുമായി സുദൃഢബന്ധം പുലര്‍ത്തിയിരുന്ന   ശൈഖ് നാസ്വിറുദ്ദീന്‍ ഉസ്തുറാബാദിയുമായി ആത്മീയ ബന്ധം സ്ഥാപിക്കാന്‍ ഉസ്തുറാബാദിലേക്ക് യാത്രതിരിച്ചു. ശേഷം ബുഖാറയിലെത്തിയ മഹാനുഭാവന്‍ അന്ധനായിരുന്ന ഒരു ദര്‍വേശുമായി ബന്ധപ്പെട്ടു. ആത്മീയതയുടെ ഉത്തുംഗതയിലെത്തിയ ആ ദര്‍വേശിന് ഒരു നിമിഷം അല്ലാഹുവല്ലാത്ത വസ്തുവിലേക്ക് തന്റെ കണ്ണുകള്‍ തെറ്റിയതായി അനുഭവപ്പെട്ടു. ഇതില്‍ മനസ്സ് വേദനിച്ച അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു ''അല്ലാഹുവേ, നീയല്ലാത്തതിലേക്ക് തിരിയുന്ന എന്റെ കണ്ണിന്റെ കാഴ്ച നീ തിരിച്ചെടുക്കേണമേ''. പ്രാര്‍ത്ഥിച്ചു തീരും മുമ്പ് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു.


അവിടെ നിന്ന് ഹര്‍ഖാനില്‍ ശൈഖ് അബുല്‍ ഹസനുല്‍ ഹര്‍ഖാനിയുടെ ദര്‍ഗ്ഗയിലെത്തി കാലങ്ങളോളം ഇബാദത്തില്‍ കഴിഞ്ഞ് മഹാനുമായി ആത്മബന്ധം പുലര്‍ത്തി. പിന്നീട് സമര്‍ഖന്ധിലേക്ക് പുറപ്പെട്ടു. അവിടെയുള്ള പള്ളികള്‍ ഖിബ്‌ലയുടെ ശരിയായ ദിശയിലേക്കാണോ അല്ലയോ എന്ന തര്‍ക്കം കാരണം അബുല്ലൈസ് സമര്‍ഖന്ധി(റ)യും ശിഷ്യരും അസ്വസ്ഥരായി നിലനില്‍ക്കുന്ന രംഗമാണവിടെ അദ്ദേഹം കണ്ടത്. കശ്ഫ് കൊണ്ടും വഹബിയ്യായ ജ്ഞാനം കൊണ്ടും ശൈഖ്  മുഈനുദ്ദീന്‍(റ) ആ പ്രശ്‌നം പരിഹരിക്കുകയുണ്ടായി. നിരവധിയാളുകള്‍ ദീനില്‍ നിന്ന് തെറിച്ചു പോയ അഫ്ഘാനിലെ മംന എന്ന പ്രദേശത്തേക്കാണ് പിന്നീട് ചെന്നത്. ഹള്‌റത്ത് ഖാജാ അബൂസഈദ് അബ്ദുല്‍ഖാദിര്‍(റ) അവര്‍കളുടെ മഖാമില്‍ നിന്ന് ആത്മീയപ്രചോദനം നേടി ആ ജനസമൂഹത്തെ നേര്‍മാര്‍ഗ്ഗത്തിലേക്ക് വഴിനടത്താന്‍ രണ്ട് വര്‍ഷത്തോളം അവിടെ താമസിച്ചു. ഹി.481ല്‍ മരണപ്പെട്ട ശൈഖ് അബ്ദുല്ലാഹ് അന്‍സാരി(റ)യുടെ ഹര്‍റാത്തിലെ മഖ്ബറയിലാണ് പിന്നീട് ഇബാദത്തുമായി കഴിഞ്ഞുകൂടിയത്.
ഈ കാലമത്രയും പൂര്‍ണ്ണമായും ഇബാദത്തിലായിരുന്നു ശൈഖ് ചിശ്തി(റ). പകല്‍ മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ ഇബാദത്തുമായി അല്ലാഹുവിലേക്ക് പരമാവധി അടുത്തു. വര്‍ഷങ്ങളോളം ഇശാഇന്റെ വുളു കൊണ്ട് സുബ്ഹി നമസ്‌കരിച്ചു. ശൈഖ് ബാബാ ഫരീദുദ്ദീന്‍ കന്‍ജ് ശക്ര്‍  ശൈഖ് ഖുതുബുദ്ദീന്‍ ബക്തിയാറുല്‍ കഅ്കി(റ) ശൈഖായ ചിശ്തി(റ)യെക്കുറിച്ച് പറയുന്നതായി ഉദ്ധരിക്കുന്നു:'ശൈഖ് മുഈനുദ്ദീന്‍(റ) എഴുപത് വര്‍ഷം പകല്‍ നോമ്പിലും രാത്രി നിസ്‌കാരത്തിലുമായി കഴിച്ചു കൂട്ടി. വളരെ അത്യാവശ്യഘട്ടത്തിലൊഴികെ മുഴുസമയം വുളൂവിലായിരുന്നു മഹാനവര്‍കള്‍. ഒരു റൊട്ടിക്കഷ്ണം കൊണ്ട് നോമ്പു മുറിക്കുകയും ദിവസവും രണ്ട് തവണ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുകയും ഓരോ ഖത്മിന്റെയും അന്ത്യത്തില്‍- മുഈനുദ്ദീന്‍ നിന്റെ ഖത്മ് നാം സ്വീകരിച്ചിരിക്കുന്നുവെന്ന് വിളിയാളം കേള്‍ക്കുകയും ചെയചതിരുന്നു'(സിയറുല്‍ അഖ്ത്വാബ്, സിയറുല്‍ ആരിഫീന്‍).


ഹര്‍റാതില്‍ നിന്ന് പാകിസ്ഥാനിലെ മുല്‍ത്താനിലേക്ക് യാത്രതിരിച്ചു. ഹിജ്‌റ 561 മുഹര്‍റം 10 ന് മുള്‍ട്ടാനിലെത്തി. നിരവധി ദര്‍വേശുമാരെ കാണുകയും ഒട്ടനവധി കാര്യങ്ങള്‍ പഠിക്കുകയും പഠിച്ചത് മുഴുന്‍ ജീവിതത്തില്‍ പകര്‍ത്തി വീണ്ടും യാത്ര തുടര്‍ന്നു. ലാഹോറിലെത്തി അവിടെ ദാദാ ഗഞ്ച് ബക്ശി(റ)ന്റെ ദര്‍ഗ്ഗയില്‍ താമസിച്ചു. പിന്നെ ഗസനി, ബല്‍ഖ്, ഉസ്ത്വുറാബാദ്, റയ്യ് വഴി വീണ്ടും ബഗ്ദാദില്‍ തിരിച്ചെത്തി. മുരീദിന്റെ സുദീര്‍ഘമായ ഈ പഠനയാത്രക്കിടയില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനിയും യാത്രയിലായിരുന്നു. തന്റെ യാത്ര കഴിഞ്ഞ് ഹി.562ല്‍ മഹാനവര്‍കളും ബഗ്ദാദില്‍ തിരിച്ചെത്തി ശിഷ്യനുമായി കണ്ടു മുട്ടി. പിന്നീടങ്ങോട്ട് ശൈഖും മുരീദും കൂടെ ജീവിച്ച് ശിക്ഷണം തുടങ്ങി. ജുനൈദുല്‍ ബഗ്ദാദി(റ)യുടെ  പള്ളിയില്‍ വെച്ചാണ് ഇതിന് സമാരംഭം കുറിച്ചത്.

സ്ഥാന കൈമാറ്റം
ശൈഖ് മുഈനുദ്ദീന്‍(റ) തസ്‌കിയത്തിന്റെ അത്യുന്നത പദവിയിലെത്തിയപ്പോള്‍ തന്റെ പദവികള്‍ ശിഷ്യന് കൈമാറാന്‍ ഉസ്മാന്‍ ഹാറൂനി(റ) ഉദ്ദേശിച്ചു.ആ രംഗം മഹാനായ ശംസുല്‍ഉലമ രേഖപ്പെടുത്തുന്നുണ്ട്. ഒരു ദിവസം ഖാജയോട് വുളു പുതുക്കി വന്ന്  ഒന്നാം റക്അതില്‍ ഫാതിഹ ഒരു പ്രാവശ്യവും ശേഷം ആയിരം തവണ സൂറതുല്‍ ഇഖ്‌ലാസും രണ്ടാം റക്അതില്‍ ഫാതിഹ ആയിരം തവണയും ഇഖ്‌ലാസ് ഒരു പ്രാവശ്യവും ഓതി രണ്ട് റക്അത് നിസ്‌കരിക്കുവാന്‍ കല്‍പ്പിച്ചു. നിസ്‌കാരം കഴിഞ്ഞപ്പോള്‍ പുണ്യനബി(സ)യുടെ പേരില്‍ നൂറ്റിഒന്ന് തവണ സ്വലാത് ചൊല്ലാനാവശ്യപ്പെട്ടു. അത് കഴിഞ്ഞപ്പോള്‍ നീ ഇപ്പോള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ സത്യത്തിന്റെ ഇരിപ്പിടം നേടിയിരിക്കുന്നുവെന്ന് പറഞ്ഞ് പാവനമായ ഖില്‍അ (സ്ഥാനവസ്ത്രം) ധരിപ്പിച്ചു. പിന്നെ ഒരു രാവും പകലും ഒഴിഞ്ഞിരുന്ന് രിയാളയിരിക്കാനാവശ്യപ്പെട്ടു. അതില്‍ ആയിരം തവണ സൂറതുല്‍ഇഖ്‌ലാസ് ഓതുവാനും പറഞ്ഞു. ഇത് കഴിഞ്ഞ് ശൈഖിന്റെ സന്നിധിയിലെത്തിയപ്പോള്‍ ആകാശത്തേക്ക് തല ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. നോക്കിയപ്പോള്‍ എല്ലാ മറകളും നീക്കപ്പെട്ട് അര്‍ശും കുര്‍സുമെല്ലാം തനിക്ക് വെളിവായതായി കാണപ്പെട്ടു. പിന്നീട് താഴോട്ട് നോക്കാന്‍ പറഞ്ഞു. അന്നേരം ഭൂമിക്ക് താഴെയുള്ളത് മുഴുവനും വെളിവായതായി കാണപ്പെട്ടു. വീണ്ടും ചെന്ന് സൂറതുല്‍ഇഖ്‌ലാസ് ആയിരം തവണ ഓതുവാന്‍ പറഞ്ഞു. അത് കഴിഞ്ഞ് കണ്ണ് ചിമ്മിത്തുറക്കുവാനാവശ്യപ്പെട്ടു, ശേഷം നീ എന്ത് ദര്‍ശിച്ചുവെന്നാരാഞ്ഞു. അവിടുന്ന് പറഞ്ഞു ഞാന്‍ പതിനെട്ട് ലോകങ്ങള്‍ കണ്ടു. അപ്പോള്‍ ഉസ്മാന്‍ ഹാറൂനി(റ) പറഞ്ഞു, നിന്റെ കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നീ ചെന്ന് ആ കാണുന്ന കല്ല് കൊണ്ട് വരിക, കൊണ്ട് വന്ന് തുറന്ന് നോക്കുമ്പോള്‍ അത് സ്വര്‍ണ്ണമായി മാറിയിട്ടുണ്ട്. ഇത് നീ പാവപ്പെട്ടവര്‍ക്ക് ചിലവഴിക്കുക. ഇതാണ് പിന്നീട് അജ്മീറില്‍ താമസമാക്കിയപ്പോഴും ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് മഹാനുഭാവന്‍ ഭക്ഷണം നല്‍കിയിരുന്നത്. ഇന്നും അതേ നിലതുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന് ശേഷം തന്റെ അടുക്കലേക്ക് ത്വരീഖത്ത് വാങ്ങാന്‍ വന്നവരോട് മുഈനുദ്ദീനില്‍ നിന്ന് വാങ്ങുക, ഞാന്‍ എല്ലാം അവനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഉസ്മാന്‍ ഹാറൂനി പറയാറുണ്ടായിരുന്നു.
സ്ഥാനക്കൈമാറ്റത്തിന് ശേഷം മുഈനുദ്ദീനു(റ)മായി ഉസ്മാന്‍ ഹാറൂനി(റ) മക്കയിലേക്ക് പുറപ്പെടുകയും അവിടെ ചെന്ന് ത്വവാഫ് നിര്‍വ്വഹിച്ചതിന് ശേഷം ചിശ്തി(റ)യെ ലോകരില്‍ ഉന്നതനാക്കാനും അദ്ധേഹത്തെ സ്വീകരിക്കാനും അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിളിയാളം കേട്ടപ്പോള്‍ പുണ്യ നബി(സ)യുടെ മദീനയിലേക്ക് പുറപ്പെട്ടു. എത്തിയ ഉടനെ നബിയോട് സ്വലാതും സലാമും ചൊല്ലി അഭിമുഖീകരിച്ചു. തദവസരം റൗളയില്‍ നിന്ന് സുന്ദരമായ, ഇശ്ഖില്‍ പതിഞ്ഞ സ്വരത്തില്‍ വഅലൈകസ്സലാം യാ ഖുതുബല്‍ മശാഇഖ് എന്ന് പ്രത്യുത്തരം കേള്‍ക്കിനടയായി(തദ്കിറതുല്‍ മുഈന്‍).


പിന്നീടുള്ള കാലം രണ്ട് പേരും കൂടെയാണ് സഞ്ചരിച്ചിരുന്നത്. സീസ്താനിലേക്കും അവിടെ നിന്ന് സദ്‌റുദ്ദീന്‍ മുഹമ്മദ് അഹ്മദ് സീസ്താനിയെ കണ്ടതിന് ശേഷം ഡമസ്‌കസിലേക്കും പുറപ്പെട്ടു. മദീനയില്‍ നിന്നുള്ള മടക്ക വേളയില്‍ ഔഷ് എന്ന പ്രദേശത്തെത്തുകയും അവിടെ വെച്ച് ചില സംഭവങ്ങള്‍ അരങ്ങേറുകയുമുണ്ടായി. പല ആളുകളും രണ്ട് പേരെക്കൊണ്ടും ബര്‍കത്തെടുക്കാന്‍ വേണ്ടി വന്നു. അങ്ങനെയിരിക്കെ ഒരു ഉമ്മ തന്റെ കുട്ടിക്ക് ഈ മഹാന്‍മാര്‍ ബിസ്മി എഴുതി വായിച്ച് കൊടുക്കാന്‍ വേണ്ടി വന്നു. മുഈനുദ്ദീന്‍(റ) കുട്ടിക്ക് പ്രായമെത്രയായെന്ന് ചോദിച്ചു. നാല് വര്‍ഷവും നാല് മാസവും നാല് ദിവസവുമെന്ന് ഉമ്മ മറുപടി നല്‍കി. പേരെന്തെന്ന് ചോദിച്ചു. ഖുതുബുദ്ദീന്‍ എന്ന് പറഞ്ഞു. അപ്പോള്‍ പറഞ്ഞു അതെ ഇവന്‍ ഭാവിയിലെ ഖുതുബും ലോകമറിയുന്ന ആരിഫുമായിത്തീരുമെന്ന് ആശീര്‍വദിച്ചു. ഈ ബാലനാണ് പിന്നീട് ഡല്‍ഹി ആസ്ഥാനമായി ഇന്ത്യയില്‍ ഇസ്‌ലാമിക പ്രചരണം നടത്തിയ ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി(റ) എന്ന ചരിത്രപുരുഷന്‍. ഹി.581 മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ ജീവിതത്തിലെ ഒരു സുപ്രധാന വര്‍ഷമാണ്. ശൈഖ് ജീലാനി(റ)യെ ഒരിക്കല്‍ കൂടി കണ്ടതും അനീസുല്‍ അര്‍വാഹ് എന്ന ബൃഹത് ഗ്രന്ഥം രചിച്ചതും ഈ വര്‍ഷമാണ്.
ശൈഖ് ഉസ്മാന്‍ ഹാറൂന്(റ) എഴുപത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ തനിക്ക് ചിശ്തി ത്വരീഖത്തിന്റെ ശൈഖുമാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ കാര്യങ്ങളും ഖാജ(റ)ക്ക് നല്‍കുവാനും അവരെ ഖലീഫയാക്കാനും ഖിര്‍ക്ക ധരിപ്പിക്കാനും ശൈഖ് ഉസ്മാന്‍ ഹാറൂനി(റ) ഉദ്ദേശിച്ചു. സജ്ജാദേ നശീന്‍ എന്നാണ് ഈ ചടങ്ങിന് പേര്. സ്ഥാനവസ്ത്രം ധരിപ്പിക്കപ്പെട്ട ശൈഖ് മുഈനുദ്ദീന്‍(റ) സദസ്സില്‍ കൊണ്ടു വന്നിരുത്തപ്പെട്ടു. ഔപചാരികതകള്‍ക്ക് ശേഷം ഹാറൂന്‍(റ) ഇങ്ങനെ പറഞ്ഞു. ഓ മുഈനുദ്ദീന്‍, നിനക്ക് വേണ്ടതെല്ലാം ഞാന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതെല്ലാം കര്‍ശനമായി പാലിക്കണം. നീ എന്റെ ആത്മീയ പുത്രനും പിന്‍ഗാമിയുമാകുന്നു. നിന്റെ കാലം അവസാനിക്കുമ്പോള്‍ യോജിച്ച ഒരു പിന്‍ഗാമിയെ നീ കണ്ടെത്തുക. ഇത്രയും പറഞ്ഞ ശേഷം ചിശ്തി ശൈഖുമാരിലൂടെ കൈമാറി വന്ന വടി ഉസ്മാന്‍ ഹാറൂനി കയ്യിലെടുത്തു മുഈനുദ്ദീന് നേരെ നീട്ടി. ഭക്ത്യാദരങ്ങളോടെ സ്വീകരിച്ചു. വിശേഷപ്പെട്ട ഷാള്‍ പുതപ്പിച്ചു. സുഗന്ധ ദ്രവ്യവും മുസ്വല്ലയും നല്‍കി, തലപ്പാവ് ധരിപ്പിച്ചു. തുടര്‍ന്ന് ശൈഖ് ഖലീഫയെ ആലിംഗനം ചെയ്തു, ശിരസ്സിലും കണ്ണിലും ചുംബനം നല്‍കി. ഖലീഫക്ക് സലാം ചൊല്ലി ഇരുപത് വര്‍ഷത്തെ സഹവാസത്തിന് ശേഷം ശൈഖും മുരീദും പിരിഞ്ഞു. ഹിജ്‌റ 582ല്‍ ചിശ്തി തങ്ങളുടെ അമ്പത്തിരണ്ടാം വയസ്സിലായിരുന്നു ഈ സംഭവം.


ചിശ്തി ത്വരീഖത്ത്.
സിറിയയില്‍ ജനിച്ച് വളര്‍ന്ന ഖാജാ അബൂഇസ്ഹാഖ് ശാമി(റ) യാണ് ചിശ്തി ത്വരീഖത്തിന്റെ സംസ്ഥാപകന്‍. തന്റെ ചെറുപ്രായത്തില്‍ ത്വരീഖത്ത് സ്വീകരിക്കാന്‍ വേണ്ടി അബൂഇസ്ഹാഖ് ശാമി(റ) ബഗ്ദാദിലെ ഹള്‌റത്ത് മംശാദ് അലി ദിന്നൂരിയുടെ അടുക്കല്‍ ചെന്നു. കണ്ടയുടനെ ദിന്നൂരി(റ) പേരെന്താണെന്ന് ചോദിച്ചു. അബൂഇസ്ഹാഖ് ശാമിയാണെന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് മുതല്‍ അബൂഇസ്ഹാഖ് ചിശ്തി യെന്ന പേരില്‍ നിങ്ങള്‍ അറിയപ്പെടുകയും ഖിയാമത് വരെ നിങ്ങളുടെ ത്വരീഖതില്‍ പ്രവേശിക്കുന്നവര്‍ ചിശ്തി എന്ന പേരില്‍ പ്രസിദ്ധരാവുകയും ചെയ്യുമെന്ന് പറഞ്ഞു. ഇവരിലേക്ക് ചേര്‍ത്താണ് ചിശ്തി ത്വരീഖത്ത് അറിയപ്പെടുന്നത്. എന്നാല്‍ മുഈനുദ്ദീനുല്‍ ചിശ്തിയാണ് ഈ ത്വരീഖത്തിന്റെ സംസ്ഥാപകന്‍ എന്ന ധാരണ ശരിയല്ല. അബൂഇസ്ഹാഖ് ചിശ്തിയുടെ പിന്‍ഗാമികളില്‍ പ്രധാനിയാണ് ഉസ്മാന്‍ ഹാറൂനി(റ). അവരില്‍ നിന്നാണ് മുഈനുദ്ദീന്(റ) ത്വരീഖത് ലഭിച്ചതെന്ന് നാം സൂചിപ്പിച്ചുവല്ലോ. ഹി.583ല്‍ തന്റെ പതിനാലാം വയസ്സില്‍ ഖുതുബുദ്ദീന്‍(റ) ഖാജാ മുഈനുദ്ദീനുമായി ബൈഅത് ചെയ്യുകയും നബിയുടെ നിര്‍ദേശപ്രകാരം ഖാജാ മുഈനുദ്ദീന്‍(റ) ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോള്‍ ബഗ്ദാദില്‍ വെച്ച് ശൈഖ് അബുല്ലൈസ് സമര്‍ഖന്തിയുടെ പള്ളിയില്‍ വെച്ച് പല മഹാന്‍മാരുടേയും സാന്നിദ്ധ്യത്തില്‍ വെച്ച് ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കിയെ തന്റെ ഖലീഫയായി പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് ഖുതുബുദ്ദീന്(റ) പതിനേഴ് വയസ്സായിരുന്നു പ്രായം.

വീണ്ടും ഹറമുകളില്‍.
ശൈഖ് ഉസ്മാന്‍ ഹാറൂനി(റ)യുമായി പിരിഞ്ഞതിന് ശേഷം തന്റെ ശിഷ്യനായ ഖുതുബുദ്ദീനു(റ)മായി ഹി. 583ല്‍ മഹാനായ ഖാജാമുഈനുദ്ദീന്‍(റ) ഹജ്ജിന് പുറപ്പെട്ടു. മക്കയിലെത്തി ത്വവാഫ് ചെയ്യുന്നതിനിടയില്‍ ഒരു വിളിയാളം. ഓ മുഈനനുദ്ദീന്‍, വേണ്ടതെല്ലാം ചോദിക്കുക. അല്ലാഹുവേ, എന്റെ മുരീദുമാരെ നീ അനുഗ്രഹിക്കണേ. ഖിയാമത് നാള്‍ വരെയുള്ള മുഴുവന്‍ മുരീദുമാര്‍ക്കും നമ്മുടെ അനുഗ്രഹമുണ്ടായിരിക്കുന്നതാണ് എന്നായിരുന്നു അതിന് പ്രത്യുത്തരം ലഭിച്ചത്. മക്കയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം മദീനയിലേക്ക് പുറപ്പെട്ടു. അധികസമയവും മസ്ജിദുന്നബവിയില്‍ ഇബാദതും സിയാറതുമായി കഴിഞ്ഞു കൂടി. ഒരു ദിനം സിയാറതിന് ചെന്നപ്പോള്‍ റൗളയില്‍ നിന്ന് വിളിയാളം, ''ഓ മുഈനുദ്ദീന്‍, ഇന്ത്യയുടെ അധികാരകിരീടം ഞാന്‍ നിന്റെ ശിരസ്സില്‍ അണിയിക്കുകയാണ്. നീ അവിടെ ചെന്ന് അജ്മീര്‍ ദേശം നിന്റെ ആസ്ഥാനമാക്കുക. മരണ ശേഷം അവിടെയായിരിക്കും നീ അടക്കം ചെയ്യപ്പെടുക. കാലങ്ങള്‍ക്ക് ശേഷവും ആളുകള്‍ നിങ്ങളെക്കൊണ്ട് ബര്‍കതെടുക്കുന്നതായിരിക്കു''. ഇന്ത്യയും അജ്മീറും അറിയാതെ വിഷമിച്ചിരിക്കുന്ന മഹാനവര്‍കള്‍ക്ക് നബി(സ) സ്വപ്നത്തില്‍ ഒരു ഉര്‍മാന്‍ പഴം നല്‍കി അതില്‍ ഭുലോകം മുഴുവന്‍ കാണിച്ചിട്ട് അജ്മീറിലെ പര്‍വ്വതം കാണിച്ചു കൊടുത്തു. സ്വപ്നം ഉണര്‍ന്നു നോക്കുമ്പോള്‍ ആ പഴം മഹാനവര്‍കളുടെ കയ്യിലുണ്ടായിരുന്നു(തസ്വ്‌രീഹുല്‍ ഖാത്വിര്‍).


തന്റെ ഊരുചുറ്റലിനിടയില്‍ മുഹ്‌യിദ്ദീന്‍ ശൈഖുമായി ഒരു പ്രാവശ്യം കൂടെ അദ്ധേഹം സന്ധിക്കുകയുണ്ടായി. മഹാനവര്‍കള്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)ക്ക് ഏറ്റവും തൃപ്തിയുള്ള കാര്യം കൊണ്ട് തന്നെ മഹാനുഭാവനെ സ്വീകരിച്ചു. അതെ, നബിയോടുള്ള ഇശ്ഖിന്റെ ശീലുകള്‍ പാടുന്ന സമാഇ സദസ്സ്(ഇന്ന് ഖവ്വാലി എന്ന് നാം വിളിക്കുന്നു) ഒരുക്കിയാണ് സ്വീകരിച്ചത്. ചിശ്തി ത്വരീഖതില്‍ വളരെ പ്രാധാന്യമുള്ള കര്‍മ്മമാണിതെങ്കിലും ഖാദിരീ ത്വരീഖതില്‍ അത്ര പ്രാധാന്യമില്ല. എങ്കിലും ചിശ്തിയെ സന്തോഷിപ്പിക്കാന്‍ ബഗ്ദാദിലെ ഗായകരെ വിളിച്ചു വരുത്തി. ഖാജാ(റ) സസന്തോഷം ആ സദസ്സിലെത്തി. ജീലാനി(റ) ഉടനെ മുരീദുമാര്‍ക്ക് ദര്‍സെടുക്കാന്‍ ഖാന്‍ഖാഹിലെത്തി. ഒരു ഭാഗത്ത് ഗാനസദസ്സും മറ്റൊരു ഭാഗത്ത് ദര്‍സുമായി മുന്നോട്ടു പോകവെ പെട്ടന്ന് മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെ ഭാവം മാറുന്നത് മുരീദുമാര്‍ ശ്രദ്ധിച്ചു. വളരെ വേഗം ഒരു കുന്തം കയ്യിലെടുത്തു നിലത്ത് കുത്തിപ്പിടിച്ചു. ഭൂമിക്ക് വിറയല്‍ ബാധിച്ചു. കുന്തം ശക്തമായി അമര്‍ത്തിപ്പിടിച്ചപ്പോള്‍ എല്ലാം ശാന്തമായി. പിറ്റേന്ന് പ്രഭാതത്തില്‍ ജീലാനി(റ) കാര്യങ്ങള്‍ വിശദീകരിച്ചു പറഞ്ഞു. ഗാനാലാപന സമയത്ത് അല്ലാഹുവിനോടുള്ള ഇശ്ഖില്‍ ഖാജാ സ്വന്തത്തെ മറന്നു. ഇശ്ഖിന്റെ ശക്തിയില്‍ ബഗ്ദാദ് കീഴ്‌മേല്‍ മറിയുമോയെന്ന് പേടിച്ചത് കൊണ്ടാണ് ഞാന്‍ കുന്തം കുത്തി പിടിച്ചത്. ഇല്ലായിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നു.


ഇന്ത്യയിലേക്ക്.......
അനുഗ്രഹവര്‍ഷം കൊണ്ട് പുളകിതമാണ് ഇന്ത്യ. നിരവധി മതങ്ങളുടേയും സംസ്‌കാരങ്ങളുടെയും സംഗമസ്ഥാനമായ ഇന്ത്യാ ഉപഭൂഖണ്ഡം ആത്മീയതക്ക് വേരോട്ടം ലഭിച്ച ഭൂമികയാണ്. ഇന്ത്യക്ക് പുറത്ത് ഉത്ഭവിച്ച ത്വരീഖത് സരണികള്‍ക്ക് വേരോട്ടം ലഭിച്ചതിന് പുറമേ നിരവധി ത്വരീഖതുകളുടെ ഉത്ഭവത്തിനും ഇന്ത്യ സാക്ഷിയായിട്ടുണ്ട്. ഖലന്‍ദരിയ്യ, മദാരിയ്യ, ഫിര്‍ദൗസിയ്യ, മുജദ്ദിദിയ്യ, ശത്വാരിയ്യ എന്നിവ ഉദാഹരണം. നിരവധി സൂഫികളും ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിട്ടുണ്ട്. ചരിത്രത്തില്‍ അങ്ങിനെയുള്ള നിരവധി മഹത്തുക്കളെ നമുക്ക് കണ്ടെത്താവുന്നതാണ്. അധികാരി വര്‍ഗ്ഗത്തിന്റെ മുഖത്ത് നോക്കി സത്യം തുറന്ന് പറഞ്ഞ് പുണ്യയുദ്ധം നടത്തിയവുരും അക്കൂട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്.
തന്റെ ആത്മീയവെളിച്ചം നല്‍കി ലക്ഷക്കണക്കിനാളുകളെ നേരിന്റെ ഉപാസകരാക്കി ഇന്ത്യയെ അനുഗ്രഹിച്ച പുണ്യപുരുഷനാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരി(റ). ഈ വെളിച്ചത്തിന്റെ ഉടമയും തന്റെ വല്യുപ്പയുമായ പുണ്യനബി(സ)യുടെ നിര്‍ദേശപ്രകാരമാണ് അവര്‍ ഇന്ത്യയില്‍ വരുന്നത്. അവിഭക്ത ഇന്ത്യയില്‍ വന്ന് തന്റെ സംശുദ്ധ ജീവിതമാണ് അവര്‍ പ്രബോധനമാധ്യമമാക്കിയത്. ആ ജീവിത പ്രകാശത്തിലേക്ക് ഒഴുകിയെത്തി ഇരുളടഞ്ഞ തങ്ങളുടെ ജീവിതത്തെ ഇവിടെയുള്ളവര്‍ പ്രകാശപൂരിതമാക്കി. അല്ലാഹ് എന്നുച്ചരിക്കുന്ന ഒരാളുപോലുമില്ലാതിരുന്ന ഇന്ത്യയില്‍ സത്യത്തിന്റെ വാഹകരായി ലക്ഷക്കണക്കിന് ജനങ്ങളെ അവര്‍ വാര്‍ത്തെടുത്തു. ഒരു മനുഷ്യനോട് ആയിരം പേര്‍ വഅള് പറയുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലനമുണ്ടാകുക ആയിരം ആളുകള്‍ക്കിടയില്‍ ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി ജീവിക്കുമ്പോഴാണെന്ന തത്വം ഇവിടെ സാക്ഷാത്കൃതമാവുകയായിരുന്നു.

ദിമശ്ഖ്, ശാദ്മാന്‍, ബല്‍ഖ്, ബുഖാറ, ഖാണ്ഡഹാര്‍, മുള്‍ട്ടാന്‍ വഴി നിരവധി ഔലിയാക്കളേയും ആരിഫീങ്ങളേയും സന്ദര്‍ശിച്ചനുഗ്രഹം വാങ്ങി മഹാനവര്‍കള്‍ ഇന്ത്യയില്‍ പ്രവേശിച്ചു. സിഹ്‌റ് കൊടുകുത്തി വാഴുന്ന കാലമാണന്നിന്ത്യയില്‍. അക്കാലത്ത് പൃഥി രാജ് ചൗഹാനാണ് അജ്മീര്‍ ഉള്‍ക്കൊള്ളുന്ന ഡല്‍ഹി വരെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്നത്. തന്റെ അധികാരം തൂത്തെറിയാന്‍ ചില പ്രത്യേക വിശേഷണങ്ങളുളള ഒരു ഫഖീര്‍ ഇവിടെ വരുമെന്ന് ജോത്സ്യന്‍മാര്‍ ആദ്യമേ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രവുമല്ല നക്ഷത്രരാശി നോക്കി കാര്യങ്ങള്‍ വിലയിരുത്തിയിരുന്ന തന്റെ അമ്മ ഖാജയുടെ ആഗമനത്തിന് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം പ്രവചിച്ചിരുന്നു. പാവങ്ങളെ സഹായിക്കുന്ന ,ആറേബ്യയിലുള്ള ഒരു മനുഷ്യന്‍ ഇവിടെ വരുമെന്നും ദൈവകൃപയുള്ള അദ്ദേഹം ജനങ്ങലെ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കുമ്പോള്‍ നീയും ജനങ്ങളോടൊപ്പം വിശ്വസിക്കണമെന്നും ആ അമ്മ ഉപദേശിച്ചു.

ഇത് കേട്ടത് മുതല്‍ തന്റെ അധികാര പരിതിയിലേക്ക് മുന്‍ചൊന്ന വിശേഷണങ്ങളുള്ളവര്‍ വരുന്നത് നിരീക്ഷിക്കാന്‍ അദ്ധേഹം കാവലേര്‍പ്പെടുത്തുകയുണ്ടായി. അല്ലാഹുവിന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ നിന്ന് അവനെ തടയുന്ന ഒരു ശക്തിയും ലോകത്തില്ലെന്ന് ആ പാവം ചിന്തിച്ചില്ല. ഖാജാ(റ) ഡല്‍ഹിയില്‍ വന്നു. മഹാനവര്‍കളുടെ ദര്‍ശനം കൊണ്ട് തന്നെ അവിടെയുള്ള നിരവധിയാളുകള്‍ സത്യസരണിയണഞ്ഞു. പിന്നെയവിടന്ന് ലക്ഷ്യസ്ഥാനമായ അജ്മീറിലേക്ക് നീങ്ങി. ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി(റ)യെ ഡല്‍ഹിയിലെ ചുമതല ഏല്‍പിച്ച ശേഷമാണ് പൃഥീരാജ് ചൗഹാന്റെ അധികാര കേന്ദ്രത്തിലേക്ക് പുറപ്പെടുന്നത്.

അജ്മീറില്‍ പൃഥീരാജിന്റെ ഒട്ടകങ്ങള്‍ വിശ്രമിക്കുന്ന മൈതാനിയിലുള്ള ഒരു തണല്‍ മരത്തിനു ചുവട്ടിലാണ് മഹാനവര്‍കള്‍ തമ്പടിച്ചത്. ഇത് രാജാവിന്റെ ഒട്ടകങ്ങള്‍ വിശ്രമിക്കുന്ന ഇടമാണ് നിങ്ങള്‍ ഇവിടെ നിന്ന് പോകണം എന്ന് കാവല്‍ക്കാരന്‍ പറഞ്ഞു. എന്നാല്‍ നിന്റെ ഒട്ടകങ്ങള്‍ ഇവിടെ കിടക്കട്ടെ, ഞങ്ങള്‍ ഇവിടം വിടുകയാണുന്ന് പറഞ്ഞ് തൊട്ടടുത്തുള്ള അനാസാകര്‍ നദിക്കരികില്‍ ചെന്ന് കൂടി. പിറ്റേന്ന് പ്രഭാതത്തില്‍ ശൈഖവര്‍കള്‍ പറഞ്ഞത് പോലെ  ഒട്ടകങ്ങള്‍ എഴുന്നേല്‍ക്കില്ല. എത്ര പ്രഹരം നല്‍കിയിട്ടും എഴുന്നേല്‍ക്കുന്നില്ല. കാര്യം രാജനറിഞ്ഞു. മുന്നറിയിപ്പ് നല്‍കപ്പെട്ട ഫഖീര്‍ വന്നിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞത് കൊണ്ടാണിങ്ങനെ സംഭവിച്ചതെന്നും പൃഥീരാജന്‍ മനസ്സിലാക്കി. തല്‍ക്കാലം ക്ഷമ ചോദിക്കാനും നമുക്കവനെ ആട്ടിപ്പുറത്താക്കാമെന്നും അദ്ധേഹം കല്‍പ്പന പുറപ്പെടീച്ചു. തദടിസ്ഥാനത്തില്‍ അവര്‍ ചെന്ന് മാപ്പിരന്നു. അലിവ് തോന്നിയ മഹാനുഭാവന്‍ ഒട്ടകങ്ങള്‍ എഴുന്നേല്‍ക്കട്ടെ എന്ന് പ്രഖ്യാപിച്ചു. അവ സാധാരണ പോലെ എഴുന്നേറ്റു പോയി.

പിന്നീടാണ് തങ്ങളാരാധിക്കുന്ന അനാസാഗറിലെ തീര്‍ത്ഥ ജലം ശൈഖവര്‍കളും അനുയായികളും ഉപയോഗിക്കുന്നത് അവരുടെ ദൃഷ്ടിയില്‍ പതിഞ്ഞത്. അവര്‍ വിലക്കേര്‍പ്പെടുത്തി. കാര്യം മനസ്സിലാക്കിയ ചിശ്തി(റ) 'സത്യം വെളിപ്പെട്ടിരിക്കുന്നു അസത്യം തകര്‍ന്നിരിക്കുന്നു, അസത്യം തകരാനുള്ളതു തന്നെ' എന്ന് ഉത്‌ഘോശിച്ചു ഒരു മുരീദിനെ വിളിച്ച് നദിയില്‍ ചെന്ന് യാ ബുദ്ദൂഹ് എന്ന് വിളിച്ച് ഒരു പാത്രത്തില്‍ വെള്ളം കോരി വരാന്‍ കല്‍പ്പിച്ചു. അത്യുത്ഭതമാണ് പിന്നീട് സംഭവിച്ചത്. അനാസാഗറിലേയും ആ നാട്ടിലെ എല്ലാ ജലസ്രോതസ്സുകളിലേയും വെള്ളം മുഴുവന്‍ ആ പാത്രത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടു. ജനങ്ങള്‍ വെള്ളം കിട്ടാതെ പ്രയാസത്തിലായി. മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാല്‍ വറ്റി പിഞ്ചു കുട്ടികള്‍ പോലും വിഷമത്തിലായി. ജനങ്ങള്‍ കരഞ്ഞ് വന്ന് പറഞ്ഞു. ഉടനെ ഖാദിമിനോട് വെള്ളം തിരികെ ഒഴിക്കാന്‍ ആവശ്യപ്പെട്ടു. നദിയും മറ്റും പഴയ സ്ഥിതി കൈവരിച്ചു. ഇത് കാണുകയും മനസ്സിലാക്കുകയും ചെയ്ത രാജാവും കൂട്ടരും മാരണവിദ്യയെന്ന് പറഞ്ഞ് പരിഹസിച്ചു.
ഈ രണ്ട് സംഭവങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത സത്യനിഷേധികള്‍ മുസ്‌ലിംകളോട് ശക്തമായ വിദ്വേഷ്യം വെച്ചു പുലര്‍ത്തി. അപ്പോഴാണവര്‍ മറ്റൊരടവ് പരീക്ഷിച്ചത്. എല്ലാവരും ഒരുമിച്ചു വന്ന് ശൈഖവര്‍കളേയും ശിഷ്യരേയും കല്ല് കൊണ്ട് എറിഞ്ഞക്രമിക്കുക. ശൈഖ്(റ) ഭൂമിയില്‍ നിന്ന് ഒരു പിടി മണ്ണ് വാരിയെടുത്ത് ആയതുല്‍കുര്‍സിയ്യ് ഓതി അവര്‍ക്ക് നേരെയെറിഞ്ഞു. അതേറ്റവര്‍ക്ക് ഒരടിപോലും മുന്നോട്ട് വെക്കാന്‍ സാധിച്ചില്ല. തങ്ങള്‍ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ പാമര ജനങ്ങള്‍ തങ്ങളില്‍ ഏറ്റവും വലിയ മാരണക്കാരനായ ശാദീദേവിനെ കാര്യങ്ങളേല്‍പ്പിച്ചു. ശാദീദേവ് തന്റെ സര്‍വ്വ തന്ത്രങ്ങളുമായി ഖാജ(റ)ക്ക് മുന്നിലെത്തി. അവനു നേരെ ഒന്നു നോക്കേണ്ട താമസം അവന്റെ സര്‍വ്വ പിശാചുക്കളും അവനില്‍ നിന്ന് ഓടിയകന്നു. നിര്‍ന്നിമേശനായി നില്‍ക്കുന്ന ശാദിദേവിനെ കോപിഷ്ഠരായ ജനങ്ങള്‍ കല്ലെറിയാന്‍ തുടങ്ങി. കരുണ തോന്നിയ ചിശ്തി(റ) അല്‍പം വെള്ളം നല്‍കാന്‍ പറഞ്ഞു. അത് കുടിച്ചയുടനെ ശൈഖവര്‍കളുടെ പാദത്തിനരികില്‍ വന്ന് നമ്രശിരസ്‌കനായി വീണു. അദ്ധേഹം വിജയതേരിലേറുകയുണ്ടായി. പിന്നീട് തന്റെ ഇഹപര വിജയം സൂചിപ്പിക്കുന്ന സഈദ് എന്ന നാമം ശൈഖവര്‍കള്‍ അവര്‍ക്ക് നല്‍കുകയുണ്ടായി.

തന്ത്രങ്ങള്‍ വിലപ്പോവാതിരിക്കുന്നതും ശാദീദേവ് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തത് പൃഥീരാജന്റെ കോപം പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഹേതുകമായി. അവസാനം ഉഗ്രമാരണക്കാരനായ ജൈപാല്‍ ജവ്കിയെത്തന്നെ കളത്തിലിറക്കാന്‍ പദ്ധതിയിട്ടു. ശാദീദേവ് പഞ്ചപുഛമടക്കിയവനോടാണ് തനിക്കെതിരിടാനുള്ളതെന്ന് മനസ്സിലാക്കിയ ജൈപാല്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായി  ഇതിനെ വിലയിരുത്തി. ശിഷ്യന്‍മാരേയും കൂട്ടി രാജാവിന്റെയും പരിവാരങ്ങളുടേയും അകമ്പടിയോടെ ചിശ്തി(റ)യുമായി എതിരിടാന്‍ അവന്‍ പുറപ്പെട്ടു. ശത്രുക്കളുടെ ആഗമനം അറിഞ്ഞ മഹാനവര്‍കള്‍ വലിയ വൃത്തം വരച്ച് അനുയായികളോട് അതിനകത്ത് നില്‍ക്കാനാവശ്യപ്പെട്ടു. ജൈപാലും ശിഷ്യന്‍മാരും തങ്ങളുടെ കയറുകളും വടികളും പാമ്പുകളും തേളുകളുമാക്കി മുസ്‌ലിംകള്‍ക്കു നേരെ വിട്ടു. പക്ഷെ, വൃത്തത്തിനടുത്തെത്തിയ മുഴുവന്‍ ജീവികളും ചത്തൊടുങ്ങി. ചത്തൊടുങ്ങിയവയെ വലിച്ചെറിയയാന്‍ ശൈഖ് ചിശ്തി(റ) കൂടെയുള്ളവരോടാവശ്യപ്പട്ടു. അവ ചെന്നു വീണിടത്തെല്ലാം വലിയ തണല്‍ മരങ്ങള്‍ മുളച്ചു പൊന്താന്‍ തുടങ്ങി. പിന്നെ അദ്ദേഹം ചത്ത ഒരു തേളിനെ ഒരു സ്ഥലത്ത് കുഴിച്ചു മൂടി, അവിടെ മുളച്ച മരത്തിന്റെ കൊമ്പുകള്‍ തേള്‍ വിഷത്തിന്റെ മരുന്നായിരുന്നു.  ഖാജയുടെ മറ്റൊരു കറാമത്തിന് കൂടി നിശേധികള്‍ ദൃക്‌സാക്ഷികളായി.
അവസാനം ജൈപാല്‍ നേരിട്ടിറങ്ങാന്‍ തീരുമാനിച്ചു. അവന്‍ മഹാനവര്‍കള്‍ക്കെതിരെ ഭീഷണി മുഴക്കി. നിനക്ക് എന്തും ചെയ്യാമെന്ന് ശൈഖവര്‍കളും പ്രതികരിച്ചു. അപ്പോള്‍ തന്റെയടുത്തുള്ള മൃഗത്തിന്റെ തോല്‍ അന്തരീക്ഷത്തില്‍ വിരിച്ച് അതില്‍ കയറിയിരുന്നു അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങി. ഉടനെ ചിശ്തി(റ) തന്റെ മെതിയടികളോട് ജൈപാലിനെ അടിച്ചു വീഴ്ത്താനാവശ്യപ്പെട്ടു. അങ്ങിനെ സംഭവിക്കുകയും ചെയ്തു. ഇത് കണ്ട ശത്രുവ്യൂഹം പരിഭ്രാന്തരായി. അദ്ധേഹത്തിനും ശൈഖവര്‍കള്‍ വെള്ളം കൊടുത്തയച്ചു. അത് കുടിച്ച ജൈപാല്‍ ശൈഖിന്റെ മുമ്പില്‍ വന്ന് തൗബ ചെയ്ത് ഇസ്‌ലാം പുല്‍കി, അബ്ദുല്ലാ എന്ന പേര് വിളിക്കപ്പെട്ടു. നിനക്ക് വേണ്ടെതെന്തും ആവശ്യപ്പെടാമെന്ന് ശൈഖ് പറഞ്ഞപ്പോള്‍ ആത്മീയ ലോകത്ത് ഉന്നത സ്ഥാനം വേണമെന്ന് പറഞ്ഞു. ഇനിയെന്ത് വേണമെന്ന് ചോദിച്ചപ്പോള്‍ സൂദീര്‍ഘകാലം നിങ്ങളുടെ സേവകനായി ജീവിക്കണമെന്നാശ പ്രകടിപ്പിച്ചു. അവരുടെ ശിരസ്സ് തടവിക്കൊണ്ടിങ്ങനെ പറഞ്ഞു. നീ ദീര്‍ഘ കാലം ജീവിക്കും, ലോകാവസാനം വരെ ജീവിക്കും, ആയുസ്സ് കഴിഞ്ഞാല്‍ ജനങ്ങളില്‍ നിന്ന് മറഞ്ഞായിരിക്കും പിന്നെ ജീവിതം. ഖാജ ആശീര്‍വദിച്ചു. ഈ ശിഷ്യനാണ് അജ്മീറിലും താരാഘട്ടിലും വഴിതെറ്റിപ്പോയവര്‍ക്ക് വഴികാണിച്ചു കൊടുക്കുന്ന, വിശന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന അബ്ദുല്ലാബയാബാനി. ഇങ്ങിനെ നിരവധി കറാമത്തുകള്‍ അവിടുത്തെ ജീവിതത്തില്‍ നമുക്ക് കാണാം.


വിവാഹം

ഖുതുബുദ്ദീന്‍ ഐബകിന്റെ ഉന്നത ഉദ്യോഗസ്ഥനായ സയ്യിദ് വജീഹുദ്ദീന്‍ ചിശ്തി ഒരു ദിവസം ജഅ്ഫര്‍സ്വാദിഖി(റ)നെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അദ്ദേഹം വജീഹുദ്ദീനോട് പറഞ്ഞു. നിങ്ങളുടെ മകള്‍ ബീബി ഇസ്മത്തിനെ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിക്ക് വിവാഹം ചെയ്ത് കൊടുക്കണം. പിറ്റേന്ന് തന്നെ  ചിശ്തി തങ്ങളെ വിവരമറിയിക്കാന്‍ വജീഹുദ്ദീന്‍(റ) പുറപ്പെട്ടു. ഖാജാ(റ) അത് സ്വീകരിച്ചു. ഈ ദാമ്പത്യത്തില്‍ മുന്ന് ആണ്‍മക്കള്‍ ജനിച്ചു. ഖാജാ ഫഖ്‌റുദ്ദീന്‍(റ), ഖാജാ ളിയാഉദ്ദീന്‍(റ), ഖാജാ ഹുസാമുദ്ദീന്‍(റ). മൂന്ന് പേരും പിതാവിന്റെ പാത പിന്തുടര്‍ന്നു. അജ്മീറില്‍ നിന്ന് മുപ്പത് കിലോമീറ്ററകലെ സല്‍വാര്‍ എന്ന സ്ഥലത്താണ് ഫഖ്‌റുദ്ദീന്‍(റ) താമസിച്ചിരുന്നത്. പിതാവിന് ശേഷം മുപ്പത് വര്‍ഷം താമസിച്ചു. യുദ്ധത്തില്‍ ശഹീദായ അദ്ധേഹം സല്‍വാറില്‍ തന്നെ അടക്കപ്പെട്ടു.
പട്ട്‌ലികോട്ടയുടെ അധികാരി മലിക് ഖത്താബ് യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ ശത്രുരാജാവിന്റെ മകള്‍ ബന്ധിയായി പിടിക്കപ്പെട്ട് ഖാജയുടെ മുന്നില്‍ കൊണ്ടു വരപ്പെട്ടു. മുസ്‌ലിമായി അമതുല്ലാഹ് എന്ന പേര് സ്വീകരിച്ചു. ഇവരും ഖാജയും തമ്മില്‍ വിവാഹിതരായി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഹാഫിള്ത്ത് ജമാല്‍ എന്നായിരുന്നു പേര്.

വഫാത്
വിശുദ്ധ ദീനിന്റെ തിരുവെട്ടം ഇല്ലാതിരുന്ന നമ്മുടെ ഇന്ത്യാ രാജ്യത്ത് തൗഹീദിന്‍ പ്രകാശധാര പൊഴിച്ചു തന്നത് മഹാനായ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി(റ)യാണ്. സംശുദ്ധ ജീവിതവും ആത്മീയതയില്‍ ചാലിച്ചെടുത്ത സ്വഭാവമഹിമയും പാവങ്ങളോടുള്ള അടങ്ങാത്ത താത്പര്യവും നിരവധി പേരെ തന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ അവര്‍ക്ക് സഹായകമായി. ദീനിന്റെ ശത്രുക്കളോട് തൗഹീദിന്റെ ആയുധവുമായി പോരിനിറങ്ങി. എല്ലാ കുതന്ത്രങ്ങളും അതിന് മുമ്പില്‍ നിശ്പ്രഭമാവുകയുണ്ടായി.
സംഭവബഹുലമായ ആ ജീവിതം ഹി. 627.റജബ് 6 ന് തിങ്കളാഴ്ച(എ.ഡി. 1229 മെയ് 1) സുബ്ഹിയോടടുത്ത സമയം പള്ളികളില്‍ ബാങ്ക് മുഴങ്ങുന്ന നേരം പൊലിഞ്ഞു പോയി. മരിക്കുന്നതിന് തലേന്നാള്‍ ഇശാഅ് ജമാഅത്തിന് ശേഷം മഹാനവര്‍കള്‍ റൂമില്‍ പ്രവേശിച്ചു കതകടച്ചു. സുബ്ഹ് വരെ സുന്ദര ശബ്ദത്തില്‍ ദിക്‌റ് കേള്‍ക്കാമായിരുന്നു. പിറ്റേന്ന് സാധാരണ സമയത്ത് എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ ചില ഖാദിമീങ്ങള്‍ അകത്ത് കയറി. നോക്കുമ്പോള്‍  മഹാനവര്‍കള്‍ സുഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ നിലത്ത് വിരിച്ച പുതപ്പില്‍ ശാന്തമായി അന്ത്യയുറക്കത്തിലായി കിടക്കുന്നത് കണ്ടു. അതൊരു യുഗത്തിന്റെ അന്ത്യമായിരുന്നു. മരിച്ചു കിടന്നിരുന്ന മുറിയില്‍ തന്നെയാണ് ഖബറടക്കം ചെയ്യപ്പെട്ടത്.

ഇന്നും ഇന്ത്യയുടെ സുല്‍ത്വാനായി(സുല്‍ത്വാനുല്‍ഹിന്ദ്), പാവങ്ങളുടെ അത്താണിയായി(ഗരീബ് നവാസ്), ആത്മീയദാഹം ശമിപ്പിക്കുന്ന മുറബ്ബിയായ ശൈഖായി, വഴിപിഴച്ചവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായി, വിശുദ്ധ മതത്തിന്റെ സഹായിയായി(മുഈനുദ്ദീന്‍), അജ്മീറിന്റെ മണ്ണില്‍ മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. ആയിരക്കണക്കിനാളുകള്‍ ഇന്നും അവിടുത്തെ സഹായം കൊണ്ട് ജീവിക്കുന്നവരാണ്.
അജ്മീറില്‍ സിയാറത്തിന് ചെന്ന് പ്രാര്‍ത്ഥിച്ചവര്‍ക്ക് ഉത്തരം ലഭിച്ച നിരവധി സംഭവങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം. സുല്‍ത്വാന്‍ ഔറംഗസീബ് ഖാജയെ ഏറ്റവും കൂടുതല്‍ ആദരിക്കുന്നവരില്‍ പ്രധാനിയായിരുന്നു. നഗ്ന പാദനായിട്ടാണ് അജ്മീറിലേക്ക് സിയാറത്തിന് വരാറ്. ഒരിക്കല്‍ അജ്മീറില്‍ സിയാറത്തിന് ചെന്നപ്പോള്‍ അവിടെ നിരവധി അന്ധന്‍മാരെ കാണാനിടയായി. അവരുടെ അടുക്കല്‍ ചെന്ന് എന്തിന് വേണ്ടിയാണിവിടെ വന്നതെന്നും കാലമെത്രയായെന്നും അന്വേശിച്ചു. പലരും കാലങ്ങളോളമായി കാഴ്ചതിരിച്ചു കിട്ടാന്‍ വന്നതാണെന്ന് പറഞ്ഞു. ഉടനെ അദ്ധേഹം ഞാന്‍ സിയാറത് കഴിഞ്ഞ് വരുമ്പോഴേക്ക് നിങ്ങളില്‍ കാഴ്ച തിരിച്ചു കിട്ടാത്തവരെ ഗളഛേദം നടത്തുമെന്ന് പറഞ്ഞ് സിയാറതിന് പോയി. ജീവന് ഭീഷണി നേരിട്ട അന്ധന്‍മാര്‍ മുമ്പൊരിക്കലുമില്ലാത്ത ആത്മാര്‍ത്ഥതയില്‍ ഖാജയെ മുന്‍നിറുത്തി പ്രാര്‍ത്ഥിച്ചു. കാഴ്ച തിരിച്ചു കിട്ടി. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചു വന്ന സുല്‍ത്വാന് കാഴ്ച തിരിച്ചുകിട്ടിയതില്‍ സന്തോഷം പങ്ക് വെക്കുന്ന അന്ധന്‍മാരെയാണ് കാണാന്‍ കഴിഞ്ഞത്. അപ്പോളവരോടിങ്ങനെ പറഞ്ഞു. ഇത് വരെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല. ആത്മാര്‍ത്ഥമായി എന്ത് ചോദിച്ചാലും അത് ഖാജ നല്‍കുന്നതാണ്.

മഖാം പരിപാലന പ്രവര്‍ത്തനങ്ങള്‍
മഹാനായ ഖാജാ((റ)യെ മറമാടിയ പരിസരപ്രദേശങ്ങളില്‍ മുന്നൂറ് വര്‍ഷം വന്യജീവികള്‍ അധിവസിക്കുന്ന കാടായി നിലകൊണ്ടു. അങ്ങനെയിരിക്കെ, സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ അജ്മീറില്‍വെച്ച് ചിശ്തി ത്വരീഖതിന്റെ അക്കാലത്തെ ശൈഖായ ഖാജാ ഹുസൈന്‍ നാഗോരിയുമായി കണ്ടുമുട്ടുകയും ഖാജക്ക് വേണ്ടി ഒരു കെട്ടിടം പണിയണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യുയുടെ സുല്‍ത്വാന് അനുയോജ്യമായ ഒരു ദര്‍ബാര്‍ തന്നെ നിങ്ങള്‍ പണിയുക എന്ന് പറഞ്ഞു. അങ്ങിനെ ഇന്ന് കാണുന്ന വെള്ള ഖുബ്ബയുടെ പണിപൂര്‍ത്തിയാക്കി. പിന്നീടിതിന്  മുകളില്‍ സ്വര്‍ണ്ണത്തിന്റെ താഴികക്കുടം പണികഴിക്കപ്പെട്ടു. ദര്‍ഗ്ഗ കാമ്പൗണ്ടിലേക്ക് പ്രവേശിക്കാനുള്ള നൈസാം ഗെയ്റ്റ് ഹൈദരാബാദ് നൈസാമാണ് പണികഴിപ്പിച്ചത്. എ.ഡി. 1912ല്‍ തുടങ്ങി 1915ല്‍ പണി പൂര്‍ത്തിയായി. മറ്റൊരു ഗെയ്റ്റായ ബുലന്‍ദ് ദര്‍വാസ ഹി. 859ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഖില്‍ ജിയാണ് നിര്‍മ്മിച്ചത്. ഹി. 1047ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് കല്‍മാ ദര്‍വാസ പണിതത്.
ദര്‍ഗ്ഗയുടെ പരിസരങ്ങളിലായി അക്ബരി മസ്ജിദും ഷാജഹാനി മസ്ജിദും സന്തല്‍ഖാനാ മസ്ജിദും കാണാം. തനിക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ മുഴുവന്‍ മരിച്ചുപോകുന്നുവെന്ന പരാതിയുമായി സൂഫിവര്യനായ സലീം ചിശ്തിയെ കാണാന്‍ ചെന്ന അക്ബര്‍ ചക്രവര്‍ത്തിയോട് അദ്ദേഹം പറഞ്ഞു. ബാഹ്യമായി ഇന്ത്യയുടെ ചക്രവര്‍ത്തി താങ്കളാണെങ്കിലും ഇന്ത്യയുടെ യഥാര്‍ത്ഥ സുല്‍താനായ അജ്മീറില്‍ മറപെട്ടു കിടക്കുന്ന ഖാജയോട് നിങ്ങള്‍ സങ്കടം പറയൂ എന്ന് നിര്‍ദേശിച്ചു. കാല്‍ നടയായി അജ്മീര്‍വരെ സഞ്ചരിച്ച് ഖാജയോട് സങ്കടം ബോധിപ്പിച്ചു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന സഫലമായി. ആണ്‍ കുഞ്ഞ് പ്രസവിക്കപ്പെട്ടു. കുഞ്ഞിന് സലീം എന്ന് പേരിട്ടു. ഇതിന്റെ നന്ദി സൂചകമായി അജ്മീറിലെത്തി ഒരു പള്ളി നിര്‍മ്മിക്കാന്‍ നേര്‍ച്ചയാക്കി. ഹി. 977 ല്‍ പണിപൂര്‍ത്തിയാക്കി ഇതാണ് അക്ബരീ മസ്ജിദ്. അദ്ദേഹം നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തിയിട്ടുണ്ട്. സൂല്‍ത്താന്‍ മഹ്മൂദ് ഖില്‍ജിയാണ് സന്തല്‍ഖാന മസ്ജിദ് ഹി. 859ല്‍ നിര്‍മ്മിച്ചത്. ഹി. 1047ലാണ് ഷാജഹാനി മസ്ജിദ് പണികഴിക്കപ്പെട്ടത്.
അജ്മീറിലെ രണ്ട് ചെമ്പുകള്‍ ഇന്നും അത്ഭുതമായി നില നില്‍ക്കുന്നു. കോണിവെച്ചാണ് അതിലേക്കിറങ്ങാറ്. ലങ്കര്‍ എന്നാണ് അതില്‍ പാകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ പേര്. അത് കഴിച്ച നിരവധി രോഗികള്‍ക്ക് ശമനം ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ യുദ്ധത്തില്‍ വിജയിച്ച അക്ബര്‍ നന്ദി സൂചകമായി ഹി.974ല്‍ സ്ഥാപിച്ചതാണ് അവിടെയുള്ള വലിയ ചെമ്പ്. ഹി. 1022ല്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയാണ് രണ്ടാമത്തെ ചെമ്പ് നിര്‍മ്മിച്ചത്.


ഗ്രന്ഥങ്ങള്‍, രചനകള്‍
ആത്മ ശുദ്ധീകരണത്തിന് സഹായകമായ സുപ്രധാന ഗ്രന്ഥങ്ങള്‍ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി(റ) രചിച്ചിട്ടുണ്ട്.
1-അനീസുല്‍അര്‍വാഹ്: തന്റെ ശൈഖായിരുന്ന ഉസ്മാനുല്‍ഹാറൂനിയുടെ മജ്‌ലിസിനെക്കുറിച്ചും അവിടുന്ന് നല്‍കിയിരുന്ന ഉപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതി. പതിനെട്ട് അദ്ധ്യായമുള്ള ഈ കൃതിക്ക് ഉര്‍ദുവില്‍ പരിഭാഷയുണ്ട്.
2-കശ്ഫുല്‍ അസ്‌റാര്‍: മിഅ്‌റാജുല്‍ എന്ന പേരിലും പ്രസിദ്ധമാണ് ഈ കൃതി.
3-ഗഞ്ചെ അസ്‌റാര്‍: ശൈഖ് ഉസ്മാന്‍ ഹാറൂനിയുടെ നിര്‍ദേശപ്രകാരം സുല്‍ത്വാന്‍ ഇല്‍തുമിഷിന് വേണ്ടി രചിച്ചതാണീ ഗ്രന്ഥം. ബാഹ്യവും ആന്തരികവുമായ ശുദ്ധീകരണവും മഅ്‌രിഫതുമാണ് പ്രതിപാധ്യം
4- ഇല്‍ഹാമിയ്യാതെ ഖാജാ മുഈനുദ്ദീന്‍: ഖാജ(റ) ക്ക് ലഭിച്ചിരുന്ന ഇല്‍ഹാമാതുകള്‍ ശിഷ്യനായ ബക്തിയാരിക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അവയും സ്വപ്നദര്‍ശനങ്ങളും ഒരുമിച്ചു കൂട്ടി ബക്തിയാരി ശേഖരിച്ചതാണിത്.
5-രിസാലയേ തസ്വവ്വുഫ്: കവിതാസമാഹാരമാണിത്.
6-രിസാലയേ ആഫാഖി വന്നഫ്‌സ്
ഖലീഫമാര്‍, പിന്‍ഗാമികള്‍
തന്റെ കാലശേഷം ചിശ്തി ത്വരീഖതിന്റെയും ഇസ്‌ലാം ദീനിന്റെയും സന്ദേശം ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ നിരവധി ഖലീഫമാരെ മഹാനവര്‍കള്‍ വാര്‍ത്തെടുക്കുകയുണ്ടായി. മനുഷ്യ ഭൂതവര്‍ഗ്ഗങ്ങളിലൊക്കെ അവരുടെ ഖലീഫമാരുണ്ടെന്ന് രേഖകള്‍ സംസാരിക്കുന്നു. ജിന്നുകളില്‍ എഴുപത്തിഅഞ്ച് പേരുണ്ടെന്നാണ് ശംസുല്‍ ഉലമയുടെ മൗലിദില്‍ കാണുന്നത്. ശൈഖ് ഖുതുബുദ്ദീന്‍ ബക്തിയാറുല്‍ കഅ്കി(റ), ഹമീദുദ്ദീനുന്നാഹൂരി(റ), ളിയാഉദ്ദീനുല്‍ഹകീം(റ), അഹ്മദുല്‍ചിശ്തി(റ), മജ്ദുദ്ദീനുസ്സന്‍ജരി(റ), ഹമീദുദ്ദീനുദ്ദഹ്‌ലവി(റ), അബ്ദുല്‍അഹദ്ബ്‌നുല്‍ബുര്‍ഹാനില്‍ഗസ്‌നവി(റ), ഖാജാ ഫക്‌റുദ്ദീനിബ്‌നുമുഈനുദ്ദീന്‍(റ), മുഹമ്മദ് ബഹാഉദ്ദീനില്‍ബഗ്ദാദി(റ), ഫക്‌റുദ്ദീനില്‍കര്‍വീസി(റ), ജമാലുദ്ദീനില്‍അവ്ശി(റ), അവ്ഹദുദ്ദീനില്‍ കര്‍മാനി(റ), ബുര്‍ഹാനുദ്ദീന്‍(റ), മുഹമ്മദുല്‍ഇസ്ഫഹാനി(റ), അശൈഖ് സക്‌റാന്‍ സിജ്ന്‍ ദീവാന (റ), അശൈഖ് വാഹിദുല്‍ചിശ്തി(റ), ശൈഖ് ഹസന്‍ ഖയ്യാത്വ(റ), ഇബ്‌റാഹീം സ്വഫിയ്യുദ്ദീന്‍(റ) എന്നിവര്‍ അവിടുത്തെ പിന്‍ഗാമികളും ഖലീഫമാരുമാണ്. ആ പുണ്യ മഹത്തുക്കളുടെ മാര്‍ഗ്ഗം സ്വീകരിച്ച് അവരോടൊപ്പം സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂടാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍



















2 Comments

  1. Masha Allaaah
    Alhamdulillaah
    Writing Ishtappettu, Upakaarappettu جزاك الله خيرا أحسن الجزاء

    ReplyDelete

Post a Comment

Previous Post Next Post