അനുഗ്രഹഭൂമികയായ വിശുദ്ധ മക്കയും പുണ്യ ഗേഹമായ കഅ്ബാലയവും മറ്റു പുണ്യസ്ഥലങ്ങളും കണ്‍കുളിര്‍ക്കെ കാണാന്‍ ഏതൊരു മുസ്‌ലിമിന്റെയും ഹൃദയം വെമ്പല്‍ കൊള്ളുന്നു. തമ്പുരാനെ വണങ്ങാന്‍ ഭൗമോപരിതലത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഈ വിശുദ്ധ ഗേഹവും പരിസരവും എന്നും ചരിത്രത്തിന്റെ ഭാഗമാണ്. വി:ഖുര്‍ആനിലെ മൂന്നാം അദ്ധ്യായത്തില്‍ 96,97 സൂക്തങ്ങളില്‍ വ്യക്തമാക്കപ്പെട്ടത് പോലെ കഅ്ബാലയവും ചുറ്റുമുള്ള മഖാമു ഇബ്‌റാഹീം, ഹജറുല്‍ അസ്‌വദ്, സംസം കിണര്‍ തുടങ്ങിയവ മുഴുവന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അനുഗ്രഹപൂരിതവും സ്വര്‍ഗ്ഗീയസ്പര്‍ശമുള്ളവയുമാണ്.

ചരിത്ര പശ്ചാതലം 
 ഖലീല്ലുല്ലാഹി ഇബ്‌റാഹീം നബി (അ) കഅ്ബാലയം പുതുക്കിപ്പണിതപ്പോള്‍ അല്ലാഹുവിന്റെ കല്‍പന പോലെ ജിബ്‌രീല്‍ (അ)സ്വര്‍ഗത്തില്‍ നിന്ന് ഇറക്കിക്കൊടുത്ത കല്ലാണ് ഹജറുല്‍ അസ്‌വദ്. പാലിനേക്കാളും മഞ്ഞ് തുള്ളിയേക്കാളും പരിശുദ്ധിയും പ്രശോഭിതവുമായിരുന്ന ഈ  പവിഴം പിന്നീട് നാമം സൂചിപ്പിക്കുന്നത് പോലെ മനുഷ്യരുടെ പാപക്കറകള്‍ ആവാഹിച്ചു കറുത്തു പോയി. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ് (റ) പറയുന്നത് പോലെ ഒരു മുഴത്തോളം നീളമുള്ള ഈ കല്ലിന്റെ പുറത്തേക്ക് കാണുന്ന ഭാഗം മാത്രമേ കറുത്തിരുണ്ടിട്ടുള്ളൂ.ബാക്കിയുള്ള ആന്തരിക ഭാഗങ്ങളൊക്കെ ഇപ്പോഴും തൂ വെള്ളയായി തന്നെ നില നില്‍ക്കുന്നു. ഇബ്‌റാഹീം (അ) കഅ്ബ നിര്‍മ്മിച്ച് ഹജറുല്‍ അസ്‌വദ് വെക്കേണ്ട ഭാഗമെത്തിയപ്പോള്‍ മകനായ ഇസ്മാഈലി(അ)നോട് കല്ല് കൊണ്ട് വരാനാവശ്യപ്പെട്ടു. അദ്ദേഹം പോയ സമയത്ത് ജിബ്‌രീല്‍ (അ) സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ കല്ല് കൊണ്ട് വന്ന് വിടവ് നികത്തി. തിരിച്ചു വന്ന് അത്ഭുതപ്പെട്ട് നില്‍ക്കുന്ന മകനോട് ആ കല്ല് ജിബ്‌രീല്‍ (അ) കൊണ്ട് വന്ന് വെച്ചതാണെന്ന് പിതാവ് പറഞ്ഞു (അഖ്ബാറു മക്ക). ജിബ്‌രീല്‍ (അ)ആ കല്ല് തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ കിഴക്കും പടിഞ്ഞാറും മറ്റുമൊക്കെ അതിന്റെ പ്രകാശം വ്യാപിച്ചു. പിന്നീട് ആ പ്രകാശത്തെ അല്ലാഹു മനുഷ്യദൃഷ്ടിയില്‍ നിന്ന് ഗോപ്യമാക്കി വെക്കുകയാണുണ്ടായത്. .
അമാലിഖ വംശജരുടെ കാലത്തും ജുര്‍ഹൂം ഗോത്രം മക്കയില്‍ താമസമാക്കിയ സമയത്തും കഅ്ബ പുനര്‍നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ആ കല്ല് അവിടെത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടു. നുബുവ്വത്തിന്റെ അഞ്ച് വര്‍ഷം മുമ്പ് ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഹജറുല്‍ അസ്‌വദ് ആരു വെക്കുമെന്നു തര്‍ക്കമുയരുകയും, ഈ വാതിലിലൂടെ ആദ്യമായി കടന്നു വരുന്നവന്‍ ആ ദൗത്യം നിര്‍വഹിക്കുമെന്നു തീരുമാനിക്കപ്പെടുകയും അങ്ങിനെ നബി (സ) ആ ദൗത്യം പ്രശനം പരിഹരിക്കുകയും ചെയ്തു (ഫത്ഹുല്‍ ബാരി). നബിയുടെ ജനനം, പ്രവാചകത്വ ലബ്ധി, വഫാത്ത്, ഹിജ്‌റ എന്നിവ പോലെ ഒരു തിങ്കളാഴ്ച തന്നെയാണീ പ്രശ്‌നപരിഹാരവും ഉണ്ടായതെന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു അഹ്മദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.

മഹത്വങ്ങള്‍, ശ്രേഷ്ഠതകള്‍
ഈ ശിലക്ക് ധാരാളം മഹത്വങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. പ്രഥമവും പ്രധാനവുമായി അത് ഒരു സ്വര്‍ഗ്ഗീയ മാണിക്യമാണെന്നത് തന്നെ. അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വില്‍ നിന്ന് നിവേദനം: ഹജറുല്‍ അസ്‌വദും മഖാമു ഇബ്‌റാഹീമും സ്വര്‍ഗ്ഗത്തിലെ രണ്ട് മാണിക്യങ്ങളാണ്. അതിന്റെ പ്രകാശം അല്ലാഹു മൂടി വെച്ചില്ലായിരുന്നുവെങ്കില്‍ മശ്‌രിഖിനും മഗ്‌രിബിനുമിടയിലുള്ള മുഴുവന്‍ ലോകവും അവ പ്രകാശിപ്പിക്കുമായിരുന്നു (തിര്‍മുദി).  ഇബ്‌നു അബ്ബാസി(റ)ന്റെ നിവേദനത്തില്‍ ഇങ്ങനെ കാണാം, സ്വര്‍ഗ്ഗീയ മാണിക്യങ്ങളായി (ഭൂമിയില്‍)ഹജറുല്‍ അസ്‌വദും മഖാമു ഇബ്‌റാഹീമും മാത്രമേയുള്ളൂ. മുശ്‌രിക്കീങ്ങള്‍ അതിനെ സ്പര്‍ശിച്ചില്ലായിരുന്നുവെങ്കില്‍ ഏത് രോഗികള്‍ക്കും അതിന്റെ സ്പര്‍ശനം ശമനമാകുമായിരുന്നു.
ഒരു മുസ്‌ലിം സ്വസഹോദരനോട് ഹസ്തദാനം നടത്തുന്നത് പോലെ അല്ലാഹുവുമായി അടിമകള്‍ക്ക് ഹസ്തദാനം നടത്താന്‍ വേണ്ടി ഭൂമിയില്‍ ഒരുക്കിയ വലതുകയ്യാണ് ഹജറുല്‍ അസ്‌വദ് (അഖ്ബാറു മക്ക-). കഅ്ബ ത്വവാഫ് ചെയ്ത പ്രവാചകരും മാലാഖമാരും ഹജറുല്‍ അസ്‌വദ് ചുംബിച്ചിട്ടുണ്ട്. മാത്രവുമല്ല, മഹാനായ നബി (സ) തങ്ങള്‍ അവിടുത്തെ തിരുഅധരങ്ങള്‍ കൊണ്ട് ഹജറുല്‍ അസ്‌വദ് ചുംബിച്ചതിന് നിരവധി രേഖകളുണ്ട്. ഇതിലേറെ ഒരു മഹത്വം ഇനി ആവശ്യമില്ലല്ലോ. നബി(സ) തങ്ങളുടെ കരങ്ങള്‍ സ്പര്‍ശിച്ചിരുന്ന അനസ്ബ്‌നുമാലിക്കിനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ ചുംബിക്കാന്‍ സാബിതുല്‍ബുനാനി വെമ്പല്‍ കൊള്ളാറുള്ളത് പോലെ, അവിടുത്തെ ചുംബനങ്ങളേറ്റ ഹജറുല്‍അസ്‌വദിന്റെ ഭാഗം മുത്താന്‍ മുഅ്മിനിന്റെ ഹൃദയത്തില്‍ ആഗ്രഹം മുള പൊട്ടുക തന്നെ ചെയ്യും. ഹജറുല്‍ അസ്‌വദ് മുത്തുമ്പോള്‍ റസൂല്‍ (സ) ചുംബിച്ച ഭാഗം തന്നെ ചുംബിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പണ്ഡിതര്‍ നിശ്കര്‍ശിക്കുന്നുണ്ട്. ഹജറുല്‍ അസ്‌വദ് സ്പര്‍ശിക്കുന്നത് പാപമുക്തിക്ക് ഹേതുകമാണെന്ന് നബി(സ) അരുളിയതായി ഇബ്‌നു ഉമര്‍ (റ) പറഞ്ഞിട്ടുണ്ട്. നാളെ മഹ്ശറയില്‍ ഉഹ്ദ് മല പോലെ ഹജറുല്‍ അസ്‌വദ് കൊണ്ട് വരപ്പെടുമെന്നും ഇവിടെ ലോകത്ത് വെച്ച് അതിന് മുത്തമര്‍പ്പിക്കുന്നവര്‍ക്ക്  വേണ്ടി അത് ശുപാര്‍ശ ചെയ്യുമെന്നും (ഇബ്‌നു ഖുസൈമ, തിര്‍മുദി) റുക്‌നുല്‍ യമാനിക്കടുത്ത് വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറയാന്‍ രണ്ട് മലക്കുകള്‍ മാത്രമാണെങ്കില്‍ ഹജറുല്‍ അസ്‌വദിനരികില്‍ എണ്ണമറ്റ മലക്കുകള്‍ ഉണ്ടെന്നും അതിന്റെയരികില്‍ വെച്ച് ഒരാള്‍ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അവന്‍ നല്‍കുമെന്നും ശ്രേഷ്ഠതകളായി ഹദീസുകളില്‍ കാണാം.
 കണ്ണില്‍ കണ്ടതൊക്കെ ദൈവമാക്കി ആരാധിച്ചിരുന്ന മക്കാ മുശ്‌രിക്കുകളില്‍ ഒരാളും ഹജറുല്‍ അസ്‌വദ് ആരാധ്യവസ്തുവാക്കിയിട്ടില്ല എന്ന വസ്തുത, അല്ലാഹു അതിനെ എത്ര മാത്രം പരിപാവനവും പരിശുദ്ധവുമാക്കി പരിപാലിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ വ്യക്തമായ നിദര്‍ശനമാണ്. ഹജറുല്‍ അസ്‌വദ് വെള്ളത്തില്‍ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുമെന്നും കത്തിച്ചാല്‍ ചൂടാകില്ലെന്നും ഗ്രന്ഥങ്ങലില്‍ കാണാം (താരീഖു മക്കത്തില്‍ മുശര്‍റഫ വല്‍ മസ്ജിദില്‍ ഹറാം).
മുഅ്മിനായ ഒരു വ്യക്തി ചെയ്യുന്ന ത്വവാഫിന്റെ തുടക്കസ്ഥാനവും ഒടുക്കസ്ഥാനവും ഹജറുല്‍ അസ്‌വദ് നില കൊള്ളുന്ന മൂലയാണ്. നൂഹ് നബിയുടെ കാലത്ത് സര്‍വ്വ ചരാചരങ്ങളും നശിച്ചു പോയെങ്കിലും ഹജറുല്‍ അസ്‌വദ് ജബല്‍ അബീ ഖുബൈസില്‍ സംരക്ഷിക്കപ്പെടുകയും അത് മോഷ്ടിക്കാന്‍ ശ്രമിച്ചവരുടെ കുല്‍സിത ശ്രമങ്ങളെല്ലാം അല്ലാഹു വൃഥാവിലാക്കുകയും ചെയ്തു.
ഖുറൈശികളുടെ കാലത്തും പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെ ഹുസൈ്വനു ബ്‌നു നുമൈറില്‍ കിന്‍ദി ഉപരോധിച്ചപ്പോഴും മസ്ജിദുല്‍ ഹറാമിനേറ്റ അഗ്നി ബാധയില്‍ ഈ കല്ല് കറുത്തിരുണ്ടെങ്കിലും പൂര്‍ണ്ണമായ നാശത്തില്‍ നിന്നല്ലാഹു സംരക്ഷിക്കുകയുണ്ടായി. ഇബ്‌നുസുബൈറി(റ)ന്റെ കാലത്ത് മൂന്ന് കഷ്ണമായി പിളര്‍ന്നപ്പോഴാണ് ആദ്യമായി ഹജറുല്‍ അസ്‌വദ് വെള്ളിക്കൂടില്‍ സംരക്ഷിക്കപ്പെടാന്‍ തുടങ്ങിയത് (അസ്‌റഖി, ഫാകിഹി).
ഹജറുല്‍ അസ്‌വദും ഖറാമിത്വികളുടെ വിളയാട്ടവും
ഹി: 278 സവാദുല്‍ കൂഫയില്‍ ശിയാക്കളിലെ തീവ്രവിഭാഗമായ ബാത്വിനീയതില്‍ പെട്ട ഖിര്‍മിത്വിന്റെ നേതൃത്വത്തില്‍ ഉടലെടുത്ത അക്രമവിഭാഗമാണ് ഖറാമിത്വികള്‍. ഇസ്‌ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത അക്രമപ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഇവര്‍ ഈ പരിശുദ്ധ ശിലയുടെ പരിപാവനത്വം കളങ്കപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഹി: 293 ല്‍ ഇറാഖിന്റെ ഭരണാധികാരി മന്‍സൂറുദ്ദൈലമിയും അനുയായികളും ഹജ്ജിന് വേണ്ടി സുരക്ഷിതരായി മക്കയിലെത്തിച്ചേര്‍ന്നു.ആ വര്‍ശം ദുല്‍ഹിജ്ജ 8 യൗമുത്തര്‍വിയയില്‍ ഖറാമിത്വികളില്‍ പെട്ട അബൂത്വാഹിറില്‍ ഖര്‍മത്വി സുലൈമാനു ബ്‌നു അബീസഈദിന്റെ നേതൃത്വത്തില്‍ 900ത്തോളം അക്രമികള്‍ വിശുദ്ധ ഹറമിലേക്ക് അക്രമിച്ചു കയറി. പിന്നീടാ ദുഷ്ടന്‍ കഅ്ബയുടെ കവാടത്തില്‍ കയറി ഇങ്ങനെ പ്രഖ്യാപിച്ചു: ''ഞാനാണ് ദൈവം, സൃഷ്ടിക്കുന്നവനും മരിപ്പിക്കുന്നവനും ഞാനാണ്''. യുദ്ധം ഹറാമായ വിശുദ്ധ മാസത്തില്‍ ഹറമില്‍ വെച്ച് നിരവധിയാളുകളെ കൊന്നൊടുക്കി. ഒരുപാടാളുകള്‍ കഅ്ബയുടെ ഖില്ല പിടിച്ച് അഭയം തേടിയെങ്കിലും രക്ഷയുണ്ടായില്ല. 30,000 ല്‍ അധികം നിരപരാധികള്‍ അന്ന് വധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അരിശം തീരാത്ത അവര്‍ മയ്യിത്തുകള്‍ വേണ്ട ആദരവുകള്‍ നല്‍കാതെ ഹറമിലും പരിസരപ്രദേശങ്ങളിലും സംസം കിണറിലുമായി മറവ് ചെയ്തു.
 പിന്നീട് കഅ്ബയുടെ വാതില്‍ പറിച്ചെടുക്കാന്‍ ഓര്‍ഡര്‍ പുറപ്പെടുവിപ്പിക്കുകയും കഅ്ബയുടെ കിസ്‌വ പിച്ചിച്ചീന്തി അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ശേഷം കഅ്ബയുടെ മുകളില്‍ കയറി സ്വര്‍ണ്ണപ്പാത്തി പറിച്ചെടുക്കാന്‍ ഒരാള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പക്ഷെ, ആ ഉദ്യമത്തില്‍ വിജയിച്ചില്ലെന്ന് മാത്രമല്ല, ആ വ്യക്തി ഉടനെ തലയടിച്ച് വീണ് നശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നത് കാണാം. പിന്നീടാണ് ഹജറുല്‍ അസ്‌വദ് പറിച്ചെടുക്കാന്‍ ശ്രമങ്ങളാരംഭിക്കുന്നത്. ഞങ്ങളെ തുരത്താന്‍ അബാബീല്‍ പക്ഷികളെവിടെ? ഞങ്ങളെ നശിപ്പിക്കാന്‍ ചുടുകല്ലുകളെവിടെ? എന്ന് ധാര്‍ഷ്ട്യത്തോടെ പരിഹസിച്ച് കൊണ്ട് ഒരു കശ്മലന്‍ തന്റെ കയ്യിലെ ഒരു ദണ്ഡ് കൊണ്ടതിനെ ശക്തമായി അടിക്കുകയും പിന്നീടത് പറിച്ചെടുക്കുകയും നാട്ടിലേക്ക് കൊണ്ടു പോകുകയുമുണ്ടായി.  ബഹ്‌റൈനിലെ ഹജര്‍ എന്ന സ്വന്തം പ്രദേശത്തേക്ക് ആളുകളെ ഹജ്ജിന് വേണ്ടി എത്തിക്കുക എന്ന ഗൂഢലക്ഷ്യവുമായിട്ടാണ് അബൂ ത്വാഹിര്‍ ഹജറുല്‍ അസ്‌വദ് കൊണ്ട് പോയത്. പക്ഷെ, അബ്‌റഹത്തിന് പോലെ ഇവനും തന്റെ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമായില്ല.
അന്നത്തെ മക്കയുടെ അമീര്‍ ബജ്കമുത്തുര്‍കിയും കുടുംബവും ഹജറുല്‍ അസ്‌വദ് തിരികെ കിട്ടാന്‍  പലവിധ ശ്രമങ്ങള്‍ നടത്തി, അവസാനം തന്റെ സമ്പത്ത് മുഴുവന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും അവന്‍ വഴങ്ങിയില്ല. മാത്രവുമല്ല, അമീറിനെയും കുടുംബത്തെയും ക്രൂരമായി കൊന്ന് കളയുകയും ചെയ്തു. 332 ല്‍ അബൂത്വാഹിറുല്‍ ഖര്‍മിത്വിയുടെ വിയോഗശേഷം 339 ല്‍ സന്‍ബറബ്‌നുല്‍ ഹസനുല്‍ ഖര്‍മത്വിയുടെ കാലത്താണ് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖഅ്ദ് മാസം ഹജറുല്‍ അസ്‌വദ് പിന്നീട് പുന:പ്രതിഷ്ഠിക്കപ്പെടുന്നത് (അല്‍ ബിദായ -11/161,223).
ഇതിന് പുറമേ ഹജറുല്‍ അസ്‌വദിനെതിരെ വേറെയും ചില ഹീനശ്രമങ്ങള്‍ നടന്നതായി ചരിത്രത്തില്‍ വായിക്കാം. ഹി: 363 ല്‍ ഒരു റോമന്‍ ക്രൈസ്തവനാണ് വില്ലനായി വന്നത്. ഇത്ഫാഹുല്‍ വറാ ബി അഖ്ബാരി ഉമ്മില്‍ ഖുറാ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഫഹദില്‍ മക്കി ഈ സംഭവം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: ശക്തമായ ചൂടുള്ള ദിവസം, ആളുകള്‍ പൂര്‍വ്വാഹ്ന മയക്കത്തിലായ സമയം, അല്‍പം ചില ആളുകള്‍ മാത്രമാണ് മത്വാഫിലുള്ളത്. അവരില്‍ പെട്ട, പഴയ രണ്ട് പുതപ്പ് കൊണ്ട് ശരീരവും ശിരസ്സും മൂടിയ ഒരു വ്യക്തി ത്വവാഫിനിടയില്‍ ഹജറുല്‍ അസ്‌വദിന്റെയടുത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയിരുന്ന പിക്കാസ് കൊണ്ട് ശക്തമായി രണ്ട് തവണ അടിച്ചു. ഇത് കണ്ട ഒരു യമനി അദ്ദേഹത്തെ കഠാര കൊണ്ട് കുത്തിവീഴ്ത്തുകയും, ചുറ്റും  കൂടിയ ജനം അദ്ദേഹത്തിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞു മസ്ജിദുല്‍ ഹറാമിന് വെളിയിലേക്ക് കൊണ്ട് പോയി കൈകാര്യം ചെയ്യുകയും ചെയ്തു.
 ഹി: 413ലും ഇതിന് സമാനമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അര നൂറ്റാണ്ട് മുമ്പ് ഹി: 1356 ല്‍ നടന്ന മറ്റൊരു സംഭവവും ചരിത്രത്തില്‍ കാണാം. അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്ന ഒരു വ്യക്തിയാണ് ഈ പ്രാവശ്യം അക്രമത്തിന് മുതിര്‍ന്നത്. ഹജറുല്‍ അസ്‌വദിന്റെ ഒരു കഷ്ണവും കഅ്ബയുടെ വിരിയില്‍ നിന്ന് അല്‍പവും മറ്റുമായി മുങ്ങാന്‍ ശ്രമിച്ച ഇദ്ദേഹത്തെ പാറാവുകാര്‍ തൊണ്ടി സഹിതം പിടികൂടി. പിന്നീട് അബ്ദുല്‍ അസീസ് രാജാവ് ഈ വസ്തുക്കള്‍ പൂര്‍വ്വസ്ഥാനത്ത് തന്നെ വെച്ചു (താരീഖുല്‍ കഅ്ബത്തില്‍ മുശര്‍റഫ:).

ഹജറുല്‍ അസ്‌വദും കര്‍മ്മശാസ്ത്രവും
ഹജ്ജിന്റെ അര്‍കാനുകളില്‍ പെട്ട ത്വവാഫിന്റെ നിബന്ധനകളില്‍ നാലാമത്തേത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങണമെന്നാണ്. ഹജറുല്‍ അസ്‌വദ് അവിടെ ഇല്ലെങ്കിലും അവിടെ നിന്ന് തന്നെ ആരംഭിക്കണമെന്ന് കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നു. (തുഹ്ഫ 4/86). ത്വവാഫിന്റെ ആരംഭത്തിലും ഇടയിലും ഹജറുല്‍ അസ്‌വദ് തൊട്ട് മുത്തലും അതിനും സാധിച്ചില്ലെങ്കില്‍ ആംഗ്യം കാട്ടി മുത്തലും പ്രത്യേകം സുന്നത്തുണ്ട്. കഴിയുമെങ്കില്‍ ശബ്ദമുണ്ടാക്കാതെ ചുംബിക്കല്‍ പ്രത്യേകം സുന്നത്താണ്. ത്വവാഫിന്റെ ഇടവേളകള്‍ക്ക് പുറമെ മറ്റു സമയങ്ങളിലും ഹജറുല്‍ അസ്‌വദ് മുത്തുന്നത് പുണ്യകരമാണ്. ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ഉമറുബ്‌നുല്‍ഖത്താബ് (റ) ഹജറുല്‍ അസ്‌വദിന്റെയരികില്‍ വന്ന് ചുംബിച്ച ശേഷം ഇങ്ങനെ പറഞ്ഞു: ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണ് നീയെന്ന് എനിക്കറിയാം, നബിതിരുമേനി (സ) നിന്നെ മുത്തുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ മുത്തുമായിരുന്നില്ല (കിതാബുല്‍ ഹജ്ജ്, ബാബു മാജാഅ ഫീ ദിക്‌രില്‍ ഹജറില്‍ അസ്‌വദ്). ബിംബാരാധനയില്‍ മുഴുകിയിരുന്നവര്‍ ഇസ്‌ലാമിലേക്ക് വന്ന ശേഷവും, ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നത് തങ്ങള്‍ ജാഹിലിയ്യാ കാലത്തും ചെയ്തത് പോലെയുള്ള ബിംബാരാധന തന്നെയാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്.
മുഖമോ, നെറ്റിത്തടമോ വെച്ച് ഹജറുല്‍ അസ്‌വദില്‍ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ടെന്ന് ഗ്രന്ഥങ്ങളില്‍ കാണാം. നബി (സ) ഹജറുല്‍ അസ്‌വദിന് മുകളില്‍ നെറ്റി വെച്ച് സുജൂദ് ചെയ്തിട്ടുണ്ടെന്ന് ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തതായി ഹാകിം (റ) ഉദ്ധരിച്ചിട്ടുണ്ട്. മൂന്ന് തവണ സുജൂദ് ചെയ്യാമെന്നാണ് ഹനഫി, ശാഫി, ഹമ്പലി മദ്ഹബുകളിലുള്ള അഭിപ്രായം. മാലികി മദ്ഹബില്‍ അത് കറാഹത്താണ്. എന്നാല്‍ മത്വാഫ് ഒഴിഞ്ഞ്, ആളുകളുടെ ശല്യമില്ലാത്ത സമയത്ത് മാത്രമേ സ്ത്രീകള്‍ക്ക് ഹജറുല്‍ അസ്‌വദ് മുത്തുന്നതും മറ്റും സുന്നത്തുള്ളൂ എന്ന് ഇമാം നവവി മജ്മൂഇല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉപര്യുക്ത വരികളില്‍  നിന്ന് ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിന്റെയും സ്പര്‍ശിക്കുന്നതിന്റെയും പുണ്യം നാം മനസ്സിലാക്കി. എന്നാല്‍ ഈ പുണ്യം നേടുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മറ്റുള്ളവര്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ ഇടവരരുതെന്ന് നബി (സ) കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്‌നദു അഹ്മദില്‍ ഉമറുബ്‌നുല്‍ ഖത്താബിനോട് നബി (സ) ഇങ്ങനെ ഉപദേശിക്കുന്നത് കാണാം: ഉമറേ, നീ ആരോഗ്യദൃഢഗാത്രനാണ്. ഹജറുല്‍ അസ്‌വദിന്റെയരികില്‍ നീ തിക്കിത്തിരക്കരുത്. അത് അബലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. തിരക്കൊഴിഞ്ഞ നേരത്ത് നീ ചുംബിക്കുക. ഇല്ലെങ്കില്‍ അതിന് നേരെ നിന്ന് തഹ്‌ലീലും തക്ബീറും ചൊല്ലുക.
ഹജറുല്‍ അസ്‌വദ് പഠന മനനങ്ങളില്‍
മക്കയെന്ന വിശുദ്ധഭൂമികയില്‍ സ്ഥിതി ചെയ്യുന്ന പല ചരിത്രവസ്തുക്കളെ കുറിച്ചും സ്വതന്ത്രവും അല്ലാത്തതുമായ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കഅ്ബയെ സംബന്ധിച്ചും, സംസം കിണറിനെ കുറിച്ചും മസ്ജിദുല്‍ ഹറാമിനെ കുറിച്ചുമൊക്കെ വിശദവും ലളിതവുമായ ധാരാളം പഠനങ്ങള്‍ നമുക്ക് ലഭ്യമാകും. നാം ചര്‍ച്ച ചെയ്യുന്ന ഹജറുല്‍ അസ്‌വദിനെ സംബന്ധിച്ചും ഇത് പോലെ ധാരാളം കൃതികള്‍ വിരചിതമായിട്ടുണ്ട് എന്നത് ഇതിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്നു. ഹജറുല്‍ അസ്‌വദിന്റെ പോലെ സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കപ്പെട്ട മഖാമു ഇബ്‌റാഹീമിനെ കുറിച്ചും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.  ഹി: 1057 ല്‍ വഫാത്തായ ഇമാം ഇബ്‌നു അല്ലാന്‍ മുഹമ്മദ് അലി ബിന്‍ മുഹമ്മദ് അസ്സ്വിദ്ദീഖി രചിച്ച അല്‍അലമുല്‍ മുഫ്‌റദ് ഫീ ഫള്‌ലി ഹജറില്‍ അസ്‌വദ്, മാലികീ പണ്ഡിതനും ഹി: 1101 ല്‍ വഫാത്താവുകയും ചെയ്ത അഹ്മദ് ബ്‌നു അഹ്മദില്‍ ഫര്‍ഖാവീ അല്‍ ഫയൂമിയുടെ രിസാലത്തുന്‍ ഫില്‍കലാം അലല്‍ ഹജറില്‍ അസ്‌വദ് എന്നീ ഗ്രന്ഥങ്ങള്‍ ഇവയില്‍ പ്രഥമ ഗണത്തില്‍ പെട്ടവയാണ്. ഹുസ്‌നുല്‍ മഖ്‌സ്വിദ് ഫീ ഫളാഇലി വഅഹ്കാമില്‍ ഹജറില്‍ അസ്‌വദ് എന്നതാണ് മറ്റൊരു ഗ്രന്ഥം.
ചുരുക്കത്തില്‍, സ്വര്‍ഗ്ഗീയ വസ്തുക്കളില്‍ നിന്നു ഇന്നും ഭൂമി ലോകത്ത് നിലനില്‍ക്കുന്ന, മാലാഖമാരുടെയും പ്രവാചകശ്രേഷ്ഠരുടെയും സ്പര്‍ശനമേറ്റ്, അനുഗ്രഹീതമായ, അപൂര്‍വ്വമായ ഒരു മാണിക്യമാണ് ഹജറുല്‍ അസ്‌വദ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന അവിടം ചെന്ന് തിരുമേനി(സ)യും അനുചരരും കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചത് പോലെ അല്ലാഹുവോട് ദുആ ചെയ്യുവാനും അവിടുത്തെ അധരങ്ങള്‍ സ്പര്‍ശിച്ചിടം നമ്മുടെ മുഖമൊന്ന് ചേര്‍ത്ത് വെക്കാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.



Post a Comment

Previous Post Next Post