മുത്ത് നബി(സ്വ)യുടെ ജീവിതത്തിലെ നിരവധി യാത്രകളില്‍ അമാനുഷികവും അത്യത്ഭുതകരവും ഏറെ പ്രാധാന്യത്തോടെ ചരിത്രത്തിലിടം പിടിച്ചതുമായ യാത്രയാണ് ഇസ്‌റാഅ് മിഅ്‌റാജ്(നിശാപ്രയാണവും ആകാശാരോഹണവും). ഹിജ്‌റയടക്കം നബി(സ്വ)യുടെ പല യാത്രകളില്‍ നിന്നും വ്യത്യസ്തതകള്‍ നിറഞ്ഞതാണ് ഈ സഞ്ചാരം. പ്രബോധനത്തിന്റെ ആദ്യ ദശകം പൂര്‍ത്തിയാകുമ്പോള്‍ ശത്രുക്കള്‍ അക്രമമുറകള്‍ ശക്തികൂട്ടുകയും, കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് സംരക്ഷകര്‍ ഇഹം വിട്ട്പിരിയുന്നത്. ദു:ഖ വര്‍ഷത്തിന് ശേഷമാണ് അത്ഭുത യാത്രയ്ക്ക് വഴിയൊരുങ്ങന്നത്.
ലോകത്തെ ഏറ്റവും അത്യത്ഭുതകരമായ യാത്രയാണിത്. കണ്ണെത്തും ദൂരത്ത് കാല്‍പാദങ്ങള്‍ വെക്കുന്ന അതുല്യ വാഹനപ്പുറത്ത് യാത്രികനായി ലോക നേതാവ് മുഹമ്മദ് നബി(സ്വ)യും, സഹയാത്രികനായി ജിബ്‌രീല്‍(അ)മും, പ്രപഞ്ച സ്രഷ്ടാവുമായി അഭിമുഖസംഭാഷണത്തിനായി പുറപ്പെട്ട യാത്ര. ഒരു രാജാവ് തനിക്ക് പ്രിയപ്പെട്ട വ്യക്തിയുടെ അടുത്തേക്ക് പ്രത്യേക ദൂതന്‍ വശം നല്ലൊരു വാഹനവുമായി തന്നെ കാണാന്‍ ക്ഷണിക്കുന്നത് പോലെ, മാലാഖരുടെ നേതാവും സന്ദേശവാഹകനുമായ ജിബ്‌രീല്‍(അ)ന്റെ കൂടെ, ബുറാഖ് എന്ന അസാധാരണ വാഹനവുമായി തന്റെ ഹബീബിനെ വിളിച്ചുകൊണ്ടുവരാന്‍ അല്ലാഹു പറഞ്ഞയക്കുകയാണ്. മസ്ജിദുല്‍ഹറാമിന്റെ പരിസരത്ത് ഉമ്മുഹാനിഅ്(റ)യുടെ വീട്ടില്‍ വിശ്രമിക്കുന്ന മുത്ത് നബി(സ്വ)യെ വിളിച്ച് സംസം കിണറരികില്‍ വെച്ച് മലക്കുകളുടെ നേതൃത്വത്തില്‍ നെഞ്ച് കീറി ചിലതെല്ലാം വലിച്ചെറിഞ്ഞ് സംസം കൊണ്ട് കഴുകി ശുദ്ധിയാക്കി ഈമാനും ഹിക്മതും നിറച്ച് നബി(സ്വ)യെ അവര്‍ യാത്രക്ക് സജ്ജരാക്കി. യാത്രക്കുള്ള മുന്നൊരുക്കും തന്നെ യാത്രയുടെ അസാധാരണത്വം വിളിച്ചറിയിക്കുന്നുണ്ട്.
മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നിന്ന് ഫലസ്ത്വീനിലെ ഖുദ്‌സ് (റോഡ് മാര്‍ഗം മക്കയില്‍ നിന്ന് ആയിരത്തിനാനൂറ് കി.മീ. ഉണ്ട് ഖുദ്‌സിലേക്ക്)നഗരത്തിലുള്ള മസ്ജിദുല്‍ അഖ്‌സ്വായിലെക്ക് ജിബ്‌രീല്‍ എന്ന മലക്ക് സഹയാത്രികനായിക്കൊണ്ട് ബുറാഖ് എന്ന അത്ഭുത മൃഗത്തിന്റെ പുറത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യെ സര്‍വ്വ ശക്തനായ അല്ലാഹു രാത്രിയുടെ ഏതാനും സമയങ്ങള്‍ക്കുള്ളില്‍ കൊണ്ട്‌പോവുകയും തിരിച്ചു കൊണ്ടുവരികയും ചെയ്തതാണ് ഇസ്‌ലാമില്‍ സാങ്കേതികമായി ഇസ്‌റാഅ് (രാപ്രയാണം)കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മിഅ്‌റാജ്(വാനാരോഹണം)എന്നാല്‍ ബൈതുല്‍മുഖദ്ദസില്‍ നിന്ന് ഏഴ് ആകാശങ്ങളിലേക്കും അതിനപ്പുറത്തുള്ള അപ്രാപ്യവും അത്യഭുതകരവുമായ മേഖലകളിലേക്കും അല്ലാഹു കൊണ്ടുപോവുകയും വാനലോകത്ത് വെച്ച് അഞ്ച് വഖ്ത് നിസ്‌കാരം നിര്‍ബന്ധമാക്കുകയും മറ്റു നിരവധി ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്ത് തിരികെ ബൈതുല്‍മുഖദ്ദസില്‍ തന്നെ എത്തിക്കുകയും ചെയ്തതിന്നാണ് പറയുന്നത്.
മക്കയില്‍ നിന്ന് ഖുദ്‌സിലേക്കുള്ള നിശാപ്രയാണത്തിനി(ഇസ്‌റാഅ്)ടയില്‍ നിരവധി അത്ഭുത സംഭവങ്ങള്‍ക്ക് സാക്ഷിയായ മുത്ത് നബി(സ്വ) എല്ലാത്തിന്റേയും നേര്‍സാക്ഷിവിവരണം ജിബ്‌രീല്‍(അ)മില്‍ നിന്ന് ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു. യാത്രമധ്യേ ആദ്യമായി കാണുന്നത് കൃഷിയിറക്കുന്ന ഒരു വിഭാഗത്തെയാണ്. കൃഷിയിറക്കുന്ന ദിവസം തന്നെ അതിന്റെ കൊയ്ത്തും വിളവെടുപ്പും നടക്കുന്നു!. ഉടനെ അടുത്ത കൃഷി പ്രത്യക്ഷപ്പെടുന്നു. ഇത് കണ്ട് യാത്രാ ഗൈഡിനോട് കാര്യമന്വേഷിച്ച നബി(സ്വ)ക്ക് ലഭിച്ച പ്രതികരണം ഇങ്ങനെയാണ്; അല്ലാഹുവിന്റെ വഴിയില്‍ ധര്‍മ്മ സമരം ചെയ്ത ധീരരാണവര്‍. അവരുടെ ഒരു നന്‍മക്ക് 700ഇരട്ടി പ്രതിഫലം അല്ലാഹു നല്‍കുമെന്നതിന്റെ ചിത്രീകരണമാണത്.
രണ്ടാമതായി കാണുന്നത് പാറക്കല്ലുകള്‍ കൊണ്ട് സ്വന്തം ശിരസ്സുകള്‍ തകര്‍ക്കുന്ന ഒരു വിഭാഗത്തെയാണ്. തകരും തോറും അവരുടെ ശിരസ്സുകള്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.വീണ്ടും തകര്‍ക്കുന്നു. നിര്‍ബന്ധ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ സന്നദ്ധരല്ലാത്ത വിധം അഹങ്കാരം കൊണ്ടു നടക്കുന്നവരുടെ ശിക്ഷയാണിതെന്ന് മുത്ത് നബി(സ്വ)യോട് ജിബ്‌രീല്‍(അ)വിശദീകരിച്ചുകൊടുത്തു. സകാത്ത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷയാണ് പിന്നീട് നബി(സ്വ)ക്ക് കാണിക്കപ്പെട്ടത്. മുന്‍പിന്‍ദ്വാരങ്ങള്‍ തുണിക്കീറുകളുപയോഗിച്ച് മറച്ചുവെച്ച് മൃഗങ്ങളെ പോലെ മേഞ്ഞുനടക്കുന്ന ഒരു വിഭാഗം. കള്ളിമുള്‍ചെടികളും, നരകവൃക്ഷമായ സഖൂം, നരകത്തിലെ ചുടുകല്ലുകള്‍ എന്നിവയാണ് അവര്‍ കഴിക്കുന്നത്.
ജിബ്‌രീല്‍(അ)മും നബി(സ്വ)യും ചെന്നെത്തുന്നത് മറ്റൊരു ആള്‍കൂട്ടത്തിലേക്കാണ്. അവര്‍ക്ക് മുന്നില്‍ വേവിച്ച നല്ല മാംസങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും അത് എടുക്കാതെ അടുത്തുള്ള വേവിക്കാത്ത, ദുശിച്ച മാംസമാണവര്‍ കഴിക്കുന്നത്. ആരാണിവര്‍ എന്ന് നബി(സ്വ)അന്വേഷിച്ചു. നിങ്ങളുടെ സമൂഹത്തില്‍ അനുവദനീയമാം വിധം ഉടമപ്പെടുത്തിയ ഭാര്യയോ/ഭര്‍ത്താവോ ഉണ്ടായിരിക്കെ അവരെ മാറ്റിവെച്ച് അവിഹിതമായി പരസ്ത്രീ/പുരുഷ ബന്ധത്തില്‍ കഴിയുന്നവര്‍ക്കുള്ള പരിണിതിയാണെന്ന് വിശദീകരിക്കപ്പടുകയുണ്ടായി.
പിന്നീട് നബി(സ്വ)കാണുന്നത് വിറകിന്റെ വമ്പന്‍ ശേഖരത്തിനടുത്തു നില്‍ക്കുന്ന ഒരു വ്യക്തിയെയാണ്. മുന്നിലുള്ള വിറക് തന്നെ വഹിപ്പാന്‍ കഴിയാത്ത അദ്ദേഹം വീണ്ടും വിറകുകള്‍ ശേഖരിച്ചുകൊണ്ടേയിരിക്കുന്നു. ആരാണ് ജിബ്‌രീല്‍ ഇത്?. മലക്ക് പറഞ്ഞു; സ്വന്തം ഉമ്മത്തിലെ ചിലരുടെ അവസ്ഥയാണിത് നബിയേ, ആളുകളുടെ അമാനത്തുകളും ബാധ്യതകളും ഏറ്റെടുത്ത് അതെല്ലാം യഥാവിധി ചെയ്തുതീര്‍ക്കാനോ കൊടുത്തുവീട്ടാനോ കഴിയാത്ത അദ്ദേഹം വീണ്ടും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. അവരെ കാത്തിരിക്കുന്ന അവസ്ഥയാണിത്.
നബി(സ്വ) സഹയാത്രികനോടൊപ്പം യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ബീഭത്സമായ കാഴ്ചയാണ് പിന്നീട് ദൃശ്യമായത്. ഒരു സംഘം സ്വന്തം നാക്കുകളും ചുണ്ടുകളും ഇരുമ്പുകത്രികകളുപയോഗിച്ച് മുറിച്ച് കൊണ്ടിരിക്കുകയാണ്. മുറിയും തോറും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്ന അവയവങ്ങള്‍ വീണ്ടും ഛേദിക്കപ്പെടുകയാണ്. വിനാശത്തിന്റെ പ്രഭാഷകരാണിവരെന്ന് ജിബ്‌രീല്‍(അ) നബിക്ക് പറഞ്ഞുകൊടുത്തു. കഠോരമായ ശകാരവര്‍ഷങ്ങള്‍ നടത്തി പിന്നീട് അതിന്റെ പേരില്‍ ഖേദപ്രകടനങ്ങള്‍ നടത്തുമെങ്കിലും വേണ്ട വിധം തിരിച്ചെടുക്കാന്‍ കഴിയാത്തവരുടെ ഉപമയാണ് നബി(സ്വ)ക്ക് പിന്നീടകാണിക്കപ്പെടുന്നത്. അഥവാ; ചെറിയ ഒരു കല്ല്. അതില്‍ നിന്നും ഒരു വലിയ കാള പുറത്തേക്ക് വരുന്നു. ആ സുശിരത്തിലൂടെത്തന്നെ ആ ജീവിക്ക് ഉള്ളില്‍ കയറിപ്പറ്റണം. ശ്രമിക്കുന്നുവെങ്കിലും എല്ലാം വിഫലമാവുകയാണ്.
ഇങ്ങിനെ നിരവധി അനുഭവങ്ങളും കാഴ്ചകളും കണ്ടും ചിന്തിച്ചും അനുഭവിച്ചുമാണ് തിരുനബി(സ്വ)യും ജിബ്‌രീലും യാത്ര തുടരുന്നത്. യാത്രയുടെ തത്കാല വിരാമം ബൈതുല്‍മഖ്ദിസിലാണ്.അവിടെയെത്തിയ ഉടനെ വാഹനം നിര്‍ത്തിയിട്ട് പള്ളിയില്‍ പ്രവേശിച്ച് സന്നിഹിതരായ നബിമാര്‍ക്കും മാലാഖമാര്‍ക്കും നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അവിടുന്നങ്ങോട്ടുള്ള യാത്രയാണ് ആകാശയാത്ര; അഥവാ മിഅ്‌റാജ്.
ബൈതുല്‍മഖ്ദിസില്‍ നിന്ന് ആകാശലോകത്തേക്ക് ജിബ്‌രീല്‍(അ) കൊണ്ടുപോവുകയും ഓരോ ആകാശങ്ങളിലെത്തുമ്പോഴും അതിന്റെ പാറാവുകാരോട് സമ്മതം ചോദിച്ച ശേഷം പ്രവേശിച്ചു. ജിബ്‌രീല്‍(അ) പ്രവേശനകവാടം തുറക്കാനാവശ്യപ്പെടുമ്പോള്‍ മറുഭാഗത്ത് നിന്ന് തിരിച്ചു ചോദിക്കും'ആരാണ്?'. ജിബ്‌രീലാണെന്ന് പറയുമ്പോള്‍ നിങ്ങളുടെ കൂടെ ആരാണ്? എന്ന് ചോദിക്കും. മുഹമ്മദ് നബിയാണ് എന്നു ജിബ്‌രീല്‍(അ) പറയും. അന്നേരം 'അവിടത്തോട് ഇന്നേരം ഇങ്ങോട്ട് പുറപ്പെടാന്‍ നിര്‍ദേശിക്കപ്പെട്ടതാണോ'? എന്ന് ചോദ്യമുയരും. അതെ എന്ന് കേള്‍ക്കലോടെ നല്ല അഭിവാദ്യ വചനങ്ങളാല്‍ പ്രവേശനാനുമതി നല്‍കപ്പെടും. ഇങ്ങനെ ഏഴ് ആകാശങ്ങളിലും നടന്നിട്ടുണ്ട്.
ഒന്നാം ആകാശത്ത് പ്രവേശിച്ചപ്പോള്‍ അവിടെ അന്യൂനനായ ഒരു പൂര്‍ണ്ണ മനുഷ്യനെ ദര്‍ശിച്ചു. അദ്ദേഹത്തിന്റെ വലതുഭാഗത്തെ കവാടത്തിലൂടെ സുഗന്ധവും ഇടതുഭാഗത്തെ കവാടത്തിലൂടെ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. വലതുഭാഗത്തേക്ക് നോക്കുമ്പോള്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ആ വ്യക്തി ഇടതുവശത്തേക്ക് നോക്കുമ്പോള്‍ ദു:ഖിച്ചു പരവശനാവുകയാണ്. നബി(സ്വ)ചോദിച്ചു. ആരാണ് ജിബ്‌രീലേ ഇത്? ജിബ്‌രീല്‍(അ)പറഞ്ഞു അങ്ങയുടെ പിതാവ് ആദം(അ)ആണത്. വലത് ഭാഗത്തെ സ്വര്‍ഗ കവാടത്തിലൂടെ കടന്നു പോകുന്നവരെ കാണുമ്പോള്‍ സന്തോഷിക്കുന്ന അദ്ദേഹം ഇടതുഭാഗത്തെ നരക കവാടത്തിലൂടെ പോകുന്നവരെ കാണുമ്പോള്‍ ദു:ഖിക്കുകയുമാണ്.
രണ്ടാം ആകാശത്തേക്ക് കടന്ന ഇരുവരും രണ്ടു യുവാക്കളെയാണ് അവിടെ കണ്ടത്. നബി ചോദിച്ചു ആരാണിവര്‍?.മാതൃസഹോദരീ പുത്രന്‍മാരായ സകരിയ്യ(അ), ഈസാ(അ) എന്നിവരാണവര്‍. ജിബ്‌രീല്‍(അ) മറുപടി നല്‍കി. മൂന്നാം ആകാശത്ത് യൂസുഫ്(അ), നാലില്‍ ഇദ്‌രീസ്(അ), അഞ്ചില്‍ ഹാറൂന്‍(അ) ആറില്‍ മൂസാ(അ) എന്നിവരെയാണ് മുത്ത് നബി(സ്വ) കണ്ടത്.
ഏഴാം ആകാശത്തേക്ക് പ്രവേശിച്ചപ്പോള്‍ സ്വര്‍ഗകവാടത്തില്‍ ഒരു കസേരയില്‍ ഇരിക്കുന്ന, നരകയറിയ ഒരു മനുഷ്യനെ കണ്ടു. അദ്ദേഹത്തിന്റെ അടുത്ത് കൂറേ ആളുകളിരിക്കുന്നുണ്ട്. ചിലര്‍ കടലാസ് പോലെ വെളുത്തവരാണ്. മറ്റു ചിലര്‍ കലര്‍പ്പ് നിറത്തിലുള്ളവരും. രണ്ടാം വിഭാഗം അടുത്തുള്ള നദിയില്‍ കുളിച്ചു വന്നപ്പോള്‍ അവരുടെ നിറത്തില്‍ അല്‍പ്പം മാറ്റം സംഭവിച്ചു. വീണ്ടും മറ്റൊരു നദിയിലിറങ്ങി കുളിച്ചപ്പോള്‍ നിറം വീണ്ടും മാറി. മൂന്നാം നദിയില്‍ നിന്ന് കുളിച്ചു കയറിയപ്പോള്‍ അവരും ആദ്യ വിഭാഗത്തെപ്പോലെ വെളുത്തവരായി. എല്ലാത്തിന്റെയും വിശദീകരണം ചോദിച്ച നബിയോട് ജിബ്‌രീല്‍(അ) പറഞ്ഞു; ഇരിക്കുന്നത് അങ്ങയുടെ പിതാവ് ഇബ്‌റാഹീം(അ)ആണ്. അദ്ദേഹമാണ് ആദ്യമായി ഭൂമിയില്‍ നരകയറിയ മനുഷ്യന്‍. അദ്ദേഹത്തോടൊപ്പമുള്ള സുമുഖര്‍ വിശ്വാസത്തില്‍ യാതൊരു കളങ്കവും ചേരാത്ത സത്യസന്ധരാണ്. സല്‍പ്രവര്‍ത്തനത്തോടൊപ്പം ചില ദുശ്ചൈതികളുമുള്ളവരാണ് രണ്ടാം വിഭാഗം. അവര്‍ തൗബ ചെയ്തപ്പോള്‍ അല്ലാഹു സ്വീകരിച്ചു. ഒന്നാം നദി അല്ലാഹുവിന്റെ റഹ്മത്തും രണ്ടാമത്തേത് അവന്റെ അനുഗ്രഹവും മൂന്നാമത്തേത് അവരെ കുടിപ്പിച്ച പാനീയവുമാണ്.
ഏഴ് ആകാശങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് സിദ്‌റതുല്‍മുന്‍തഹായിലേക്കാണ് പ്രയാണം. സമൂഹത്തിലെ സര്‍വ്വരുടേയും സല്‍കര്‍മ്മങ്ങള്‍ എത്തിച്ചേരുന്ന ഒരു വൃക്ഷമാണ് സിദ്‌റതുല്‍മുന്‍തഹാ. അതിന്റെ ഇലകളെ കുറിച്ചും പഴങ്ങളെ കുറിച്ചുമെല്ലാം തിരുവചനങ്ങളില്‍ ധാരാളം പ്രതിപാദ്യങ്ങളുണ്ട്. ആ മരച്ചുവട്ടില്‍ നിന്ന് കലര്‍പ്പില്ലാത്ത ശുദ്ധജലം, രുചിവ്യത്യാസമില്ലാത്ത പാല്‍, ആസ്വാദ്യകരമായ മദ്യം, തെളിഞ്ഞ തേന്‍ എന്നിവയുടെ ഉറവകളൊഴുകുന്നുണ്ട്. ഒരു സവാരിക്കാരന്‍ എഴുപത് വര്‍ഷം സഞ്ചരിച്ചാലും തീരാത്തത്ര വഴിദൂരം തണല്‍ വിരിക്കുന്ന അത്യത്ഭുത മരമാണത്. ഇബ്‌നുഅബ്ബാസ്(റ)അടക്കമുള്ള മുഫസ്സിറുകളുടെ വീക്ഷണത്തില്‍ മാലാഖമാര്‍ക്ക് ഇത് വരെ മാത്രമേ അറിയുകയുള്ളൂ. അതിനപ്പുറത്തേക്ക് അവര്‍ക്ക് പ്രവേശനാനുമതി പോലുമില്ല.
മുഴുവന്‍ സൃഷ്ടിവസ്തുക്കളുടേയും പ്രകാശം കൊണ്ട് സിദ്‌റതുല്‍മുന്‍തഹാ അലങ്കൃതമായി.അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് ആവരണം ചെയ്തതെല്ലാം അതിനെ അലങ്കരിച്ചപ്പോള്‍ അതിന് രൂപഭേദം വന്നു. അതിന്റെ വര്‍ണന നടത്തുവാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് മുത്ത് നബി(സ്വ)തന്നെ പറഞ്ഞിട്ടുണ്ട്. മലക്കുകളെല്ലാം അതിന്റെ ചില്ലകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകനാഥന്‍ തന്റെ പ്രിയനോട് സംസാരിക്കുവാനും സമ്മാനങ്ങള്‍ നല്‍കുവാനും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടു. അവിടെവെച്ച് സവിശേഷ രീതിയില്‍ പ്രത്യേക രൂപഭാവങ്ങളൊന്നുമില്ലാതെ അല്ലാഹുവിനെ തിരുനബി കാണുകയും സംസാരിക്കുകയും ചെയ്തു. ഒരു വിശ്വാസിയുടെ ജീവിതത്തിലെ സവിശേഷ നേട്ടം ഇത് മാത്രമാണ്. ഹബീബ്(സ്വ)ക്ക് മാത്രമേ ഇത് സാധ്യമായിട്ടുള്ളൂ. ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷതയും ഈ അഭിമുഖമാണ്.
അഭിമുഖത്തിനിടയില്‍ അങ്ങേക്ക് ആവശ്യമുള്ളത് ചോദിക്കാന്‍ മുത്ത് നബി(സ്വ)യോട് അല്ലാഹു ആവശ്യപ്പെട്ടു. തന്റെ മുന്‍ പ്രവാചകര്‍ക്ക് നല്‍കിയ ഒരു പാട് മഹത്വങ്ങള്‍ വിശദീകരിച്ച മുഹമ്മദ് നബി(സ്വ) തനിക്ക് വേണ്ടി ഒന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. ഏറ്റവും വലിയ സംസ്‌കാരവും മര്യാദയും മാന്യതയുമാണ് ഇത് വഴി ലോകത്തിന് മുമ്പില്‍ നബി(സ്വ) സമര്‍പ്പിച്ചത്. ഒന്നും ചോദിക്കാതെത്തന്നെ എല്ലാം തന്റെ സ്‌നേഹഭാജനത്തിന് നല്‍കാന്‍ അല്ലാഹു തയ്യാറായിരുന്നു.
അല്ലാഹു നബിയോടായി പറഞ്ഞു: ''താങ്കളെ ഞാന്‍ ആത്മമിത്രമായി തെരഞ്ഞെടുത്തിരിക്കുന്നു. താങ്കളുടെ ഹൃദയം ഞാന്‍ തുറസ്സാക്കിത്തരികയും പാപങ്ങള്‍ ദൂരീകരിക്കുകയും പ്രസിദ്ധി ഉന്നതമാക്കിത്തരികയും ചെയ്തിരിക്കുന്നു. എന്റെ നാമം പറയപ്പെടുമ്പോഴൊക്കെ താങ്കളും പറയപ്പെടുന്നതാണ്. അങ്ങയുടെ ഉമ്മതിനെ മാനവികതക്ക് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാക്കിത്തന്നിരിക്കുന്നു. താങ്കള്‍ എന്റെ അടിമയും റസൂലുമാണെന്ന് അനുയായികള്‍ സാക്ഷ്യം വഹിക്കാതെ ഒരു ഖുതുബയും പൂര്‍ണ്ണമാകാത്ത വിധം ഞാനാക്കിയിരിക്കുന്നു. സ്വഹൃദയങ്ങളില്‍ വേദഗ്രന്ഥം കൊണ്ടു നടക്കുന്ന അനുയായികളേയും താങ്കള്‍ക്ക് ഞാന്‍ നല്‍കി. ഏറ്റമാദ്യം സൃഷ്ടിക്കപ്പെട്ട താങ്കള്‍ നിയോഗത്തില്‍ അന്തിമരാണ്. പരലോകത്ത് ആദ്യ വിധി താങ്കള്‍ക്ക് വേണ്ടിയായിരിക്കും. മറ്റൊരു പ്രവാചകനുംനല്‍കാത്ത, ആവര്‍ത്തിച്ചോതപ്പെടുന്ന ഏഴ് സൂക്തങ്ങളടങ്ങിയ ഫാതിഹ അങ്ങേക്ക് ഞാന്‍ കനിഞ്ഞേകിയിരിക്കുന്നു. അങ്ങയെ സമാരംഭകനും ഉപസംഹാരകനുമാക്കിയത് ഞാനാണ്. ഹൗളുല്‍കൗസര്‍ കൊണ്ടും, അര്‍ശിന് ചുവട്ടിലെ നിധിയില്‍ നിന്നുള്ള സൂക്തങ്ങള്‍ കൊണ്ടും(സൂറതുല്‍ബഖറയിലെ അവസാന സൂക്തങ്ങള്‍) അനുഗ്രഹിച്ചിരിക്കുന്നു''.
ഇത്രയും പറഞ്ഞ ശേഷമാണ് മുത്ത് നബി(സ്വ)ക്കും സമൂഹത്തിനും നിസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കുന്നത്. ആദ്യം അമ്പതായിരുന്നുവെങ്കിലും മൂസാനബിയുടെ ഇടപെടലിലൂടെ അത് അഞ്ചായി ചുരുക്കുകയായിരുന്നു.
മേലുദ്ധരിച്ച കാഴ്ചകള്‍ക്ക് പുറമെ മറ്റനവധി സംഭവങ്ങള്‍ക്കും മുത്ത് നബി(സ്വ) ഈ യാത്രയില്‍ സാക്ഷിയായിട്ടുണ്ട്. ഹലാല്‍ ഒഴിവാക്കി ഹറാം കഴിക്കുന്നവര്‍, പലിശ ഭക്ഷിക്കുന്നവര്‍, അനാഥകളുടെ സമ്പത്ത് പിടുങ്ങുന്നവര്‍, വേശ്യകള്‍ തുടങ്ങിയവരെല്ലാം ബീഭത്സവും നടുക്കുന്നതുമായി ശിക്ഷകള്‍ക്ക് വിധേയരാകുന്ന കാഴ്ച നബി(സ്വ) കണ്ടിട്ടുണ്ടെന്ന് ഹദീസുകളില്‍ കാണാം. ഏഴാം ആകാശത്തിലെ, ദിനേന എഴുപതിനായിരം മാലാഖമാര്‍ സന്ദര്‍ശിക്കുന്ന ബൈതുല്‍മഅ്മൂറിലും ഹബീബ്(സ്വ)പ്രവേശിച്ചിട്ടുണ്ട്.
മക്കയില്‍ നിന്നും ഫലസ്ത്വീനിലെ ബൈതുല്‍മഖ്ദിസിലേക്കും അവിടുന്ന് ഏഴ് ആകാശങ്ങളിലേക്ക് മറ്റനേകം സ്ഥലങ്ങളിലേക്കും കൊണ്ട് പോവപ്പെട്ട മുഹമ്മദ് നബി(സ്വ) അതേ രാത്രി പ്രഭാതമാകുമ്പോഴേക്ക് താന്‍ കിടന്നിരുന്ന അതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. തന്റെ അനുഭവങ്ങള്‍ മക്കക്കാരോട് വിവരിച്ചാല്‍ അവര്‍ പരിഹസിക്കുമെന്ന് നബി(സ്വ)ക്ക് തീര്‍ച്ചയായിരുന്നു. കാര്യങ്ങളറിഞ്ഞ അബൂജഹല്‍ നബിയേയും ദീനിനേയും സത്യവിശ്വാസികളേയും പരിഹസിക്കാന്‍ ഇതൊരു അവസരമായി കണ്ടു. പലരേയും വിളിച്ചു കൊണ്ടുവന്നു നബി(സ്വ)ക്ക് മുന്നില്‍ ഹാജരാക്കി. തന്റെ അനുഭവം അവരുമായും നബി പങ്കു വെച്ചു. കൂട്ടത്തിലുണ്ടായിരുന്ന, ബൈതുല്‍മഖ്ദിസ് കണ്ടവര്‍ ആ പള്ളിയുടെ വര്‍ണനകള്‍ വിശദീകരിക്കാനാവശ്യപ്പെട്ടു. അല്ലാഹുവിന്റെ സഹായത്തോടെ കൃത്യമായി അത് വിവരിച്ചു. എങ്കിലും പലര്‍ക്കുംം ഈ സംഭവത്തിന് ശേഷം മാര്‍ഗ്ഗഭ്രംശം സംഭവിച്ചതായി ആഇശ(റ)ഉദ്ധരിച്ചിട്ടുണ്ട്. അബൂബക്ര്‍(റ)ന് സ്വിദ്ദീഖ് എന്ന പേര് പോലും കിട്ടിയത് ഇതംഗീകരിച്ചത് കൊണ്ടാണ്.
തിരുസന്ദേശം, അമൂല്യപാഠം
തിരുനബി(സ്വ)യെ ഇത്ര വലിയ അത്ഭുത യാത്ര കൊണ്ടുപോയതിന് പിന്നില്‍ അല്ലാഹുവിന് ഒരു പാട് ഉദ്ദേശ്യമുണ്ട്. നാമതില്‍ നിന്ന് ഉള്‍കൊള്ളണ്ട ഒട്ടനവധി പാഠങ്ങളുമുണ്ട്. സൂറതുല്‍ഇസ്രാഇന്റെ പ്രഥമ സൂക്തത്തില്‍ 'നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നബിയെ കാണിക്കാന്‍'വേണ്ടിയെന്ന് അല്ലാഹു പറയുന്നുണ്ട്. പല നബിമാര്‍ക്കും പല ദൃഷ്ടാന്തങ്ങളും അല്ലാഹു കാണിച്ചു കൊടുത്തത് ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
സമഗ്ര പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഇസ്രാഅ് മിഅ്‌റാജ് കേവലം വൈയക്തികവും സാധാരണവുമായ സംഭവമായി ചുരുക്കിക്കാണാന്‍ നമുക്ക് സാധിക്കില്ല. ആ യാത്ര സൂചിപ്പിക്കുന്ന ഒരു കാര്യം ഇതാണ്: മുഹമ്മദ് മുസ്ഥഫാ(സ്വ)(ബാഹ്യലോകത്തിന്റെയും ആന്തരികലോകത്തിന്റെയും)രണ്ടു പശ്ചിമങ്ങളുടേയും പൂര്‍വ്വങ്ങളുടേയും സാരഥിയാണ്. മുന്‍കഴിഞ്ഞ പ്രവാചകരുടെ സമ്പൂര്‍ണ്ണ അനന്തരവകാശിയും വരാനിരിക്കുന്ന തലമുറകളുടെ നായകനും അവിടുന്ന് തന്നെ. മനുഷഷ്യരാശയുടെ വിമോചനത്തിന് നിയുക്തരായ മിക്ക ദൂതരുടേയും ആത്മികസ്ഥാനം ബൈതുല്‍മഖ്ദിസായിരുന്നു. മുത്ത് നബി(സ്വ)മുതല്‍ ലോകാവസാനം വരെയുള്ളവരുടെ വിശ്വാസികളുടെ ഖിബ്‌ല കഅ്ബയും. കഅ്ബയും ഖുദ്‌സും പരസ്പരം ബന്ധിക്കുന്ന യാത്രയായിരുന്നുവല്ലോ ഇസ്രാഅ്. ഖുദ്‌സില്‍ ചെന്ന് സര്‍വ്വര്‍ക്കും നേതൃത്വം നല്‍കി നിസ്‌കരിച്ചതിന്റെ വ്യംഗ്യഭാഷ്യം സര്‍വ്വമതങ്ങളുടേയും സമുന്നത സാരഥ്യം അവിടുത്തെ കരങ്ങളിലാണെന്നാണ്. യാത്രക്കിടയില്‍ കണ്ട സര്‍വ്വ നബിമാരും ഹബീബിനെ വാഴ്ത്തുകയും ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയുമുണ്ടായി. ഇതെല്ലാം വലിയ സന്ദേശങ്ങളാണ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്.
റോമാസാമ്രാജ്യത്തിന് കീഴിലായിരുന്ന ഖുദ്‌സിലേക്ക് അല്ലാഹു ഹബീബിനെ കൊണ്ടുപോയത് അവിടെയുണ്ടായിരുന്ന സര്‍വ്വമതക്കാര്‍ക്കും തങ്ങളുടെ കാലം കഴിഞ്ഞുവെന്നും ലോകനേതാവ് ആഗതനായിട്ടുണ്ടെന്നും അവരെ അംഗീകരിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ബോധ്യപ്പെടുത്താന്‍ കൂടിയാണ്. പ്രബോധനവുമായി മുന്നോട്ടു നീങ്ങുന്ന നബി(സ്വ)യുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ഉണ്ടായ ഈ യാത്രയുടെ മറ്റൊരു പൊരുള്‍ തന്റെ പ്രബോധനത്തിന് നല്ലൊരു ഭൂമിക തയ്യാറാക്കപ്പെടുമെന്നും ചുരങ്ങിയ സമയത്തിനുള്ളില്‍ ഇസ്‌റാഉം മിഅ്‌റാജും കഴിഞ്ഞത് പോലെ മദീന കേന്ദ്രീകരിച്ച് ക്ഷിപ്രകാലത്തില്‍ ഇസ്‌ലാം വ്യാപിക്കുമെന്നുമാണ്.
ഫര്‍ളു നിസ്‌കാരങ്ങളുടെ മഹത്വവും അദ്വിതീയ സ്ഥാനവും ഉദ്‌ഘോഷിക്കുന്ന യാത്ര കൂടിയാണ് മിഅ്‌റാജ്. നിസ്‌കാരം കൃത്യമായി ജീവിതത്തില്‍ പകര്‍ത്തുകയും ഈ സമ്മാനം നമുക്ക് ലഭിച്ച യാത്രയുടെ ദിവസം(റജബ് 27) ഹബീബിനെ പ്രത്യേകം സ്മരിക്കുകയും ഈ യാത്രയുടെ സ്മരണകളെ അയവിറക്കുകയും ഫുഖഹാഅ് നിര്‍ദേശിച്ച പോലെ സുന്നത്ത് നോമ്പെടുക്കുകയും ചെയ്യുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍.
Post a Comment