പ്രപഞ്ചസൃഷ്ടികളില്‍ അത്യുത്കൃഷ്ടനായ മനുഷ്യന്റെ ജീവിതരീതികളും വ്യവസ്ഥകളും മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. വികാര-വിചാരങ്ങളുള്ള മനുഷ്യന് വികാരങ്ങളില്ലാത്ത മാലാഖമാരില്‍ നിന്നും വിചാരങ്ങളില്ലാത്ത മൃഗങ്ങളില്‍ നിന്നും വ്യതിരക്തമായ ജീവിതരീതിയാണ് നാഥന്‍ സംവിധാനിച്ചിട്ടുള്ളത്. ഇലാഹിയ്യായ ആ സരണിയിലൂടെ പ്രപഞ്ചത്തേക്കാള്‍ ഉന്നതമായ വിതാനത്തിലേക്കുയരാന്‍ അവന് സാധിക്കും. സമൂഹമായും കുടുംബമായും കഴിയേണ്ട മനുഷ്യന് അതിനുള്ള വഴികള്‍ അല്ലാഹു കാണിച്ചു കൊടുത്തു. അതാണ് അനുവദനീയമായ മാര്‍ഗത്തിലൂടെ ഇണചേര്‍ന്നു ജീവിക്കാനുള്ള വിവാഹരീതി അല്ലാഹു മനുഷ്യന് നിയമമാക്കിയത്.

വികാരങ്ങളില്ലാത്തത് കൊണ്ട് മലക്കുകള്‍ക്ക് വിവാഹത്തെ കുറിച്ചോ ഇണചേരുന്നതിനെ സംബന്ധിച്ചോ ആലോചിക്കേണ്ടതില്ല. അവര്‍ വിവാഹം കഴിക്കുന്നുമില്ല. എന്നാല്‍ വിവേകമോ വിചാരമോ ഇല്ലാത്ത വികാര ജീവികള്‍ ഇണചേരുന്നുവെങ്കിലും അതിനൊരു കൃത്യമായ മാര്‍ഗമോ ഫോര്‍മുലയോ ഇല്ല. മൃഗങ്ങള്‍ക്ക് തോന്നിയ പോലെ ബന്ധപ്പെടാനും ഇണചേരാനും പറ്റുമെങ്കില്‍ മനുഷ്യന് അതിനുള്ള അനുമതിയില്ല. നികാഹ് എന്ന അതി മഹത്തായ കര്‍മ്മത്തിലൂടെ മാത്രമേ മനുഷ്യര്‍ തമ്മില്‍ ഇണചേരുന്നത് ഹിതമാകുന്നുള്ളൂ.

വരനും, സ്ത്രീയുടെ രക്ഷകര്‍ത്താവും, നികാഹിന്റെ വചനവും രണ്ട് സാക്ഷികളും ചേര്‍ന്ന് നടക്കുന്ന അതിഹത്തായ കര്‍മ്മമാണ് നികാഹ്. ഒരു ബന്ധവുമില്ലാതിരുന്ന, കാണല്‍ പോലും നിശിദ്ധമായിരുന്ന ഒരാണും പെണ്ണുമാണ് ഈ കര്‍മ്മത്തിലൂടെ പരസ്പര ജീവിതപങ്കാളികളായി മാറുന്നത്. പരസ്പരം സന്തോഷ സന്താപങ്ങള്‍ പങ്ക് വെക്കാനും ആനന്ദ ദു:ഖങ്ങളില്‍ പങ്കാളികളാവാനും ഇത് വഴി സാധ്യമാവുന്നു. മനുഷ്യ കര്‍മ്മങ്ങളില്‍ സ്വര്‍ഗത്തില്‍ നിന്ന് പ്രാരംഭം കുറിച്ച് സ്വര്‍ഗത്തില്‍ വെച്ച് തന്നെ പരിസമാപ്തി കുറിക്കപ്പെടുന്ന ഏക കര്‍മ്മമാണ് വിവാഹം. മനുഷ്യപിതാവ് ആദം(അ)മിന്റെയും ഹവ്വാഅ് ബീബിയുടേയും വിവാഹം കൊണ്ട് തുടക്കം കുറിക്കപ്പെട്ട ഈ പുണ്യകര്‍മ്മം അന്ത്യനാളില്‍ സ്വര്‍ഗത്തില്‍ വെച്ച് മുത്ത് നബി(സ്വ)യുടെ മംഗല്യത്തോടെയാണ് അവസാനിക്കുന്നത്.

വിവാഹം മതത്തിന്റെ കാഴ്ചപ്പാടില്‍

മനുഷ്യജീവിതത്തിലെ നാനോന്‍മുഖ മേഖലകളും സ്പര്‍ശിക്കുന്ന, നിയമങ്ങളും രീതിചട്ടങ്ങളും വിശദീകരിക്കുന്ന ഇസ്‌ലാമിക തത്വസംഹിത വിവാഹത്തെ സംബന്ധിച്ചും വേണ്ടത്ര പ്രതിപാദിച്ചിട്ടുണ്ട്. ആണിനേയും പെണ്ണിനേയും ഒരേ ശരീരത്തില്‍ നിന്ന് പടക്കുകയും അവര്‍ക്കിടയില്‍ സ്‌നേഹവും ഇഷ്ടവും സംവിധാനിക്കുകയും ചെയ്ത നാഥന്‍ തന്നെയാണ് വിവാഹവും നിയമമാക്കിയത്. മതകീയ കാഴ്ചപ്പാടില്‍ ഏറെ പുണ്യമുള്ള പ്രവര്‍ത്തിയാണ് നികാഹ്(വിവാഹം). അമ്പിയാക്കള്‍ ജീവിതകാലത്തിനിടയില്‍ വിവാഹം കഴിക്കുകയും അവര്‍ക്ക് സന്താനങ്ങളുണ്ടാവുകയും ചെയ്തതായി ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 'അങ്ങയുടെ മുമ്പ് നിരവധി ദൂതന്‍മാരെ നാം നിയോഗിക്കുകയും അവര്‍ക്ക് ഭാര്യസന്താനങ്ങളെ നല്‍കുകയും ചെയ്തു'(സൂറതുര്‍റഅ്ദ് 38)വെന്ന ഖുര്‍ആനിക സൂക്തം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. നബി(സ്വ) പറയുകയുണ്ടായി: 'നാലുകാര്യങ്ങള്‍ പ്രവാചക ചര്യകളില്‍ പെട്ടതാണ്; സുഗന്ധം പുരട്ടുക, വിവാഹം ചെയ്യുക, മിസ്‌വാക് ശീലിക്കുക, മൈലാഞ്ചിയിടുക'(മുസ്‌നദ് അഹ്മദ്).

ഇമാം ബുഖാരി(റ)യുടെ നിവേദനത്തില്‍ വന്ന ഒരു ഹദീസിലിങ്ങനെ കാണാം; മൂന്നാളുകള്‍ വന്ന് നബി(സ്വ)യുടെ പത്‌നിമാരോട് നബിയുടെ ആരാധനകളെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോള്‍ സ്വന്തം നന്മകളെല്ലാം അവര്‍ക്ക് വളരെ കുറഞ്ഞതായി തോന്നി. ജീവിതത്തില്‍ വല്ലതെറ്റുകളും സംഭവച്ചിട്ടുണ്ടെങ്കില്‍ അത് പോലും പൊറുക്കപ്പെട്ട മുത്ത്‌നബി(സ്വ)യും നാമും ആരാധനയുടെ കാര്യത്തില്‍ എന്തൊരന്തരമാണെന്ന് അവര്‍  വ്യാകുലപ്പെട്ടു. അവരിലൊരാള്‍ പറഞ്ഞു: ഞാന്‍ ഇനി എപ്പോഴും നിസ്‌കരിച്ചുകൊണ്ടേയിരിക്കും. രണ്ടാമന്‍ പറഞ്ഞു: ഞാനെപ്പോഴും നോമ്പുകാരനായിരിക്കും. മൂന്നമത്തെയാള്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളെ മുഴുവനും ഒഴിവാക്കുകയും മേലില്‍ വിവാഹം കഴിക്കുകയുമില്ല. ഇത് കേട്ട് അവരിലേക്ക് കടന്നുവന്ന മുത്ത് നബി (സ്വ)ചോദിച്ചു. നിങ്ങളെല്ലെ ഇപ്രകാരം സംസാരിച്ചിരുന്നത്!?. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കുക; അല്ലാഹു തന്നെയാണ സത്യം ഞാനാണ് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ അല്ലാഹുവിനെ പേടിക്കുന്നതും സൂക്ഷിക്കുന്നതും. ഞാനാണെങ്കില്‍ നോമ്പെടുക്കുകയം മുറിക്കുകയും ചെയ്യുന്നു. രാത്രി നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം കഴിക്കുന്നു. ആരെങ്കിലും എന്റെ സുന്നതില്‍ നിന്ന് പുറം തിരിഞ്ഞാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല(മുത്തഫഖുന്‍അലൈഹി).

നബി(സ്വ)അരുളി: 'ഓ യുവസമൂഹമേ; നിങ്ങളില്‍ ആര്‍കെങ്കിലും വിവാഹം കഴിക്കാന്‍ സാധിക്കുമെങ്കില്‍ (വിവാഹത്തിന്റെ ചിലവ് നല്‍കാന്‍ സാധിക്കുമെങ്കില്‍) അവന്‍ വിവാഹം ചെയ്യട്ടെ. കാരണം വിവാഹം അവന്റെ കണ്ണുകളെ കൂടുതല്‍ (ഹറാമുകളെ തൊട്ട്)അടപ്പിക്കുന്നതും ഗുഹ്യഭാഗത്തെ നന്നായി (വ്യഭിചാരങ്ങളില്‍ നിന്ന്)സംരക്ഷിക്കുന്നതുമാണ്. ആര്‍കെങ്കിലും അതിന് സാധ്യമല്ലെങ്കില്‍ അവന്‍ നോമ്പനുഷ്ഠിക്കണം. കാരണം വ്രതം (വികാരങ്ങളെ നിയന്ത്രിക്കാന്‍)നല്ലൊരു പരിചയാണ്(മുത്തഫഖുന്‍അലൈഹി)
'നിങ്ങള്‍ സ്‌നേഹമുള്ളവരും നന്നായി പ്രസവിക്കുന്നവരുമായ സ്ത്രീകളെ വിവാഹം കഴിക്കുക. കാരണം ഖിയാമത് നാളില്‍ മറ്റു സമുദായങ്ങളേക്കാള്‍ നിങ്ങളുടെ എണ്ണപ്പെരുപ്പം കൊണ്ട് ഞാന്‍ മേനി പറയുന്നവനാണ്' എന്ന് നബി(സ്വ)തങ്ങളുടെ തിരുവചനങ്ങളില്‍ കാണാം.

എന്തിനാണ് വിവാഹം?
മനുഷ്യന്‍ വികാരവിചാരങ്ങളുള്ള പ്രകൃതിക്കാരനാണെന്ന് നാം സൂചിപ്പിക്കുകയുണ്ടായി. ഈ വികാര വിചാരങ്ങളെ മുഴുവനും ദൈവമാര്‍ഗത്തിലാക്കുമ്പോഴാണ് അവന് ഉത്തമ മനുഷ്യനാവാന്‍ സാധിക്കുന്നത്. ഇന്ത്രിയങ്ങളെ മുഴുവനും നിയന്ത്രിക്കാന്‍ ഉത്‌ഘോഷിക്കുന്ന മതം അവകൊണ്ടുണ്ടാവാന്‍ സാധ്യതയുള്ള തിന്‍മയിലേക്കുള്ള വഴികള്‍ പോലും ഇല്ലാതെയാക്കാനും ആവശ്യപ്പെടുന്നുണ്ട്. 'നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുകപോലും ചെയ്യരുത്. അത് വളരെ മോശവും നീചവുമായ മാര്‍ഗമാണ്'(ഇസ്രാഅ് 32) എന്ന് പറയുന്ന ഖുര്‍ആന്‍ കണ്ണുകളേയും മറ്റു അവയവങ്ങളേയും ഹറാമുകളില്‍ നിന്ന് നിയന്ത്രിക്കണമെന്ന് പറയുന്നു. 'കണ്ണ് കൊണ്ടുള്ള വ്യഭിചാരം നോട്ടവും, കൈ കൊണ്ടുള്ള വ്യഭിചാരം പിടുത്തവും, കാല് കൊണ്ടുള്ള വ്യഭിചാരം നടത്തവുമാണ്. ഗുഹ്യഭാഗം ഇവയെ സത്യമോ അസത്യമോ ആക്കുകയും ചെയ്യുന്നു' എന്ന നബിവചനവും ഇതോടൊപ്പം നാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ പറയുന്നു: 'നബിയേ; നിങ്ങള്‍ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

 സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നിങ്ങള്‍ പറയുക'(സൂറതുന്നൂര്‍ 31,32). ഇങ്ങനെ കണ്ണും കാതും കൈകാലുകളും നിയന്ത്രിച്ച് ജീവിച്ചാല്‍ ഉത്തമനും ഇല്ലെങ്കില്‍ നീചനുമാകുമെന്നും ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു.

മുത്തുനബി(സ്വ)യുവാക്കളോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നത് തന്നെ വിവാഹം കണ്ണുകളെയും ഗുഹ്യാവയവങ്ങളേയും ഹറാമുകളില്‍ നിന്ന് കൂടുതല്‍ സംരക്ഷിക്കാനുള്ള മാര്‍ഗെമെന്ന നിലയിലാണ്. 'നിങ്ങളില്‍ ആരെങ്കിലും അവനെ (സൗന്ദര്യം)അത്ഭുതപ്പെടുത്തുന്ന ഒരു സ്ത്രീയെ കണ്ടാല്‍ ഉടനെ സ്വന്തം ഭാര്യയുടെ അടുത്ത് ചെന്ന് അവരുമായി ബന്ധപ്പെടട്ടെ. കാരണം ഈ സ്ത്രീയിലുള്ളത് അവന്റെ ഭാര്യയിലുമുണ്ട്' എന്ന നബിവചനത്തിന്റെ ഉള്‍സാരവും ഇത് തന്നെയാണ്. മനുഷ്യന്റെ വികാരമിളകുകയും അത് ശമിപ്പിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ ശാരീരികമായി വലിയ അപകടങ്ങള്‍ വരുത്തിവെക്കുെമന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പക്ഷെ, അത് അനുവദനീയമായ നികാഹിലൂടെയുള്ള ഭാര്യയുമായി ബന്ധപ്പെട്ടാണെങ്കില്‍ അതിന് സ്വദഖയുടെ പുണ്യമുണ്ടെന്നും അവിഹിത മാര്‍ഗത്തിലൂടെയെങ്കില്‍ വന്‍കുറ്റമാണെന്നും നബിവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

അ്യസ്ത്രീയുടെ സൗന്ദര്യമോ അംഗലാവണ്യമോ നമ്മെ ഇക്കിളിപ്പെടുത്താനോ കാമവെറിയനാക്കാനോ പാടില്ല എന്നത് അല്ലാഹുവിന്റെ ആഹ്വാനമാണ്. അങ്ങിനെ വല്ല സാഹചര്യവുമുണ്ടാവുകയാണെങ്കില്‍ തന്നെ അതില്‍ നിന്ന് മുക്തിനേടാന്‍ നീ വിവാഹം കഴിക്കണമെന്നാണ് ദീന്‍ പഠിപ്പിക്കുന്നത്. അഥവാ, വിവാഹം മനുഷ്യനെ ശാരീരികമായും ആത്മീയമായും സംസ്‌കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇതു കൊണ്ടാണ് 'ഒരു യുവാവിന്റെ ആരാധനകളുടെ പൂര്‍ത്തീകരണം വിവാഹം കൊണ്ടല്ലാതെ സംവവിക്കുകയില്ല' എന്ന് അത്വാഅ്(റ) പറഞ്ഞത്
മനുഷ്യമനസ്സിന് സമാധാനം വര്‍ദ്ധിക്കാനും വിവാഹം സഹായകമാണ്. പുരുഷന്റെ വാരിയെല്ലില്‍ നിന്ന് പടക്കപ്പെട്ട സ്ത്രീയുമായി ഇണങ്ങുമ്പോള്‍ പുരുഷ മനസ്സില്‍ കുളിരും സന്തോഷവും ഉണ്ടാകുന്നത് അല്ലാഹുവിന്റെ വലിയ കാരുണ്യവും ദൃഷ്ടാന്തവുമാണ്. 'നിങ്ങള്‍ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തമത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്'(സൂറതുര്‍റൂം 21). കലുഷിതമനസ്സുമായി വീടണയുന്ന പുരുഷന് സ്‌നേഹവും കാരുണ്യവുമുള്ള ഒരു ഭാര്യയുടെ സാന്നിദ്ധ്യം എത്രമാത്രം ആശ്വാസദായകമാണെന്നതിന് മുഹമ്മദ്‌നബി(സ്വ)യുടേയും ഖദീജബീബിയുടേയും ചരിത്രം നമുക്ക് സാക്ഷ്യം.

ആരെയാണ് വിവാഹം ചെയ്യേണ്ടത്?

മനുഷ്യജീവിതത്തിന്റെ പ്രധാന വഴിത്തിരിവാണ് വിവാഹം. ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുക വഴി ഒരു വലിയ ഉത്തരവാദിത്വമാണ് അവന്‍ ചുമലിലേറ്റുന്നത്. തന്റെ ജീവിത പങ്കാളിയെ തേടുമ്പോള്‍ ജീവിതലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ സഹായിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കുന്നതിലാണ് നാം ശ്രദ്ധയൂന്നേണ്ടത്. 'സ്ത്രീയുടെ സ്വത്ത്, തറവാട്, സൗന്ദര്യം, മതബോധം എന്നീ നാല് മാനദണ്ഢങ്ങള്‍ നോക്കി വിവാഹം ചെയ്യാറുണ്ട്. മതബോധമുള്ളവളെക്കൊണ്ട് നീ വിജയിക്കണം'എന്ന ഹദീസും 'ദീനും സ്വഭാവവും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരുത്തന്‍ നിങ്ങളിലേക്ക് വിവാഹഭ്യാര്‍ത്ഥനയുമായി വന്നാല്‍ നിങ്ങളവന് വിവാഹം ചെയ്ത് കൊടുക്കുക. ഇല്ലെങ്കില്‍ ഭൂമിയില്‍ വ്യാപകമായ പ്രശ്‌നങ്ങളുടലെടുക്കാന്നതാണ്'(ബൈഹഖി)എന്ന നബിവചനവും ആരെയാണ് വരനായി സ്വീകരിക്കേണ്ടതെന്നും ആരെയാണ് വധുവായി കൊണ്ടുനടക്കേണ്ടതെന്നും കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്. 'അല്ലാഹുവിന് ദിക്‌റ് ചൊല്ലുന്ന നാവും, അനുഗ്രഹങ്ങള്‍ക് നന്ദി ചെയ്യുന്ന ഹൃദയവും, പരീക്ഷണങ്ങളില്‍ ക്ഷമിക്കുന്ന ശരീരവും മതകാര്യങ്ങളില്‍ സഹായിക്കുന്ന ഭാര്യയും ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായാല്‍ അവന്‍ വിജയം കൈവരിച്ചു'വെന്ന് ഹദീസുകളില്‍ കാണാം.

വിവാഹക്ഷണവും സദ്യയും

ഇസ്‌ലാമിക വീക്ഷണപ്രകാരം നികാഹ് തന്നെയാണ് കല്യാണം. നികാഹ് കഴിഞ്ഞാല്‍ തന്നെ ആണും പെണ്ണും തമ്മില്‍ ഭാര്യഭര്‍തൃ ബന്ധം സ്ഥാപിതമായി. ഈ നികാഹ് രഹസ്യമായിട്ടല്ല, പരസ്യമായിട്ട് തന്നെയാണ് നിര്‍വഹിക്കേണ്ടതെന്നാണ് മതശാസന. നബി(സ്വ)പറയുന്നു: 'ഈ നികാഹ് നിങ്ങള്‍ പരസ്യപ്പെടുത്തുകയും അത് പള്ളിയില്‍ വെച്ച് നിര്‍വഹിക്കുകയും ദഫ്‌കൊട്ടുകയും ചെയ്യുക'(തിര്‍മുദി). ഇത്രയും കാലം അന്യരായി ജീവിച്ചിരുന്ന ഒരാണും പെണ്ണും പരസ്പരം ഇണകളായി മാറുന്ന നികാഹ് രംഗം നാലാളുകള്‍ അറിയുന്നതില്‍ പല നന്‍മകളുമുണ്ട്. അനുവദനീയമായ ബന്ധത്തിലൂടെ ആണും പെണ്ണും ഇണകളാകുന്നതും അവിഹിത മാര്‍ഗത്തിലൂടെയാകുന്നതും വേര്‍തിരിച്ചറിയുകയെന്ന സാമൂഹികമായ വലിയ ഒരു നന്‍മ നികാഹിലേക്ക് ഒരുപാടാളുകളെ ക്ഷണിച്ച് നടത്തുന്നതിലുണ്ടെന്ന് ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി(റ) പറയുന്നുണ്ട.് കാരണം രണ്ട് ബന്ധങ്ങളിലും രണ്ട്‌പേരുടേയും മനസ്സംതൃപ്തിയും വികാര പൂര്‍ത്തീകരണവും ഉണ്ടാകുന്നുണ്ടല്ലോ?(ഹുജ്ജതുല്ലാഹില്‍ബാലിഗ).

സന്തോഷ വേളകളില്‍ ചിലയാളുകളെ വിളിച്ചുവരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സദ്യയെന്ന് പറയുന്നത്. വലീമത് എന്ന പദപ്രയോഗം നിരുപാധികം വിവാഹസദ്യയെ സൂചിപ്പിക്കുന്നുവെങ്കിലും ഏത്‌സദ്യയും അത് കൊണ്ട് ഉദ്ദേശിക്കപ്പെടാം. നബി(സ്വ) പറയുന്നു: 'നിങ്ങളില്‍ ആരെങ്കിലും വലീമതിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അതില്‍ പങ്കെടുക്കട്ടെ'(ബുഖാരി). മറ്റൊരു ഹദീസില്‍ പറയുന്നു: നിങ്ങളാരെങ്കിലും സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ സ്വീകരിക്കട്ടെ. ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷിക്കാം. ഇല്ലെങ്കില്‍ ഉപേക്ഷിക്കാം(മുസ്‌ലിം). സദ്യയിലേക്ക് ക്ഷണിക്കപ്പെട്ട് ക്ഷണം സ്വീകരിക്കാത്തവന്‍ അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിര് പ്രവര്‍ത്തിച്ചവനാണ്(തിര്‍മുദി). മുസ്‌ലിംകള്‍ പരസ്പരം ചെയ്ത് തീര്‍ക്കേണ്ട ആറ് കടമകള്‍ വിശദീകരിച്ചിടത്തും ക്ഷണിച്ചാല്‍ അത് സ്വീകരിക്കണമെന്ന് പറയുന്നുണ്ട്. ശരീഅത് നിശിദ്ധമാക്കിയ കാര്യങ്ങളേതുമില്ലെങ്കിലാണ് ക്ഷണം സ്വീകരിക്കുന്നത് ബാധ്യതയായി മാറുന്നത്. അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ ആ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തീര്‍ത്തും നിശിദ്ധമാണ്.

പത്ത് വിധം സദ്യകള്‍ വ്യത്യസ്ത പേരുകളില്‍ തന്നെ ശരീഅത് പരിചയപ്പെടുത്തുന്നുണ്ട്. ഇംലാക് എന്നറിയപ്പെടുന്ന നികാഹിന്റെ സദ്യയാണതിലൊന്ന്. ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യയാണ് വലീമത്. ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ ഖുര്‍സ് എന്നാണറിയപ്പെടുന്നത്. കുട്ടിയുടെ മുടി കളഞ്ഞ് മൃഗം അറുത്ത് സദ്യയുണ്ടാക്കുന്നത് അഖീഖത് എന്നറിയപ്പെടുന്നു. മാര്‍ഗ്ഗം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ് ഇഅ്ദാര്‍. പെണ്ണുങ്ങള്‍ മാര്‍ഗ്ഗം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ ആ സദ്യയുണ്ടാക്കുന്നതിന് പ്രശ്‌നമില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നതാണ് ഹിദാഖ്. കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വകീറത് എന്നും യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത് നഖീഅത് എന്നും വിളിക്കപ്പെടുന്നു. വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വളീമത് എന്ന് വിളിക്കാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യയാണ് മഅ്ദുബതെന്നറിയപ്പെടുന്നത്(ഖല്‍യൂബി 3/294).

നബി(സ്വ)യുടെ ജീവിതത്തില്‍ പറഞ്ഞും പ്രവര്‍ത്തിച്ചും കാണിച്ചു തന്ന ചര്യകളില്‍ പ്രധാനപ്പെട്ടതാണ് വിവാഹ സദ്യ. തന്റെ കഴിവിനും സാഹചര്യത്തിനുമനുസരിച്ചാണ് അതെല്ലാം നബി(സ്വ)ചെയ്തിരുന്നത്. ചില പത്‌നിമാരുടെ വിവാഹ വേളയില്‍ രണ്ട് മുദ്ദ് ബാര്‍ലിയും സഫിയ്യ ബീബിയുടെ വിവാഹ വേളയില്‍ അലീസയുമാണ് വലീമതായി നല്‍കിയിരുന്നത്. മഹാനായ അബ്ദുര്‍റഹിമാനിബ്‌നുഔഫ്(റ)വിനോട് വിവാഹം കഴിക്കുന്ന അവസരത്തില്‍ 'ഒരാടറുത്തെങ്കിലും നീ വലീമത് നല്‍കുക' എന്ന് ഉപദേശിച്ചു. വ്യക്തിയുടെ ജീവിത നിലവാരവും സാമ്പത്തിക മെച്ചവും നോക്കി ശരീഅത് വിരോധിക്കാത്ത ചടങ്ങുകളിലൂടെ സദ്യ നടത്തുന്നതിന് യാതൊരു വിരോധവും ഇസ്‌ലാമിലില്ല.

നികാഹിന്റെ വേളയില്‍ നല്‍കുന്ന സദ്യയിലേക്കും(ഇംലാക്) ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം നല്‍കുന്ന സല്‍ക്കാരത്തിലേക്കും(വലീമത്) ആളുകളെ ക്ഷണിക്കുന്നത് പുണ്യകരവും മഹത്വമേറിയതുമാണ്. നമ്മുടെ നാടുകളില്‍ നടക്കുന്നത് പോലെയുള്ള കല്യാണസദ്യയും നടത്തുന്നതിന് പ്രശ്ണമേതുമില്ല. നികാഹിന് മുമ്പ് തന്നെ ആളുകളെ വിളിച്ച് സദ്യ നല്‍കുന്നതില്‍ ചില സാമൂഹിക നന്‍മകളുണ്ടെന്ന് ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി പറയുന്നുണ്ട്. 1- ഇസ്‌ലാമികമായി പവിത്രതയുള്ള നികാഹ് പരസ്യപ്പെടുത്താന്‍ സഹായകമാകുന്നു. 2- ഇത്രയും കാലം അന്യയായിക്കഴിഞ്ഞ ഒരു സ്ത്രീയുമായി ദാമ്പത്യബന്ധം സ്ഥാപിക്കുന്നത് തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ ഇത് വഴി കഴിയുന്നു. 3- അല്ലാഹു തന്റെ ജീവിതത്തില്‍ നല്‍കിയ നികാഹ് എന്ന അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിക്കാന്‍ ഇത് വഴി സാധ്യമാകുന്നു. 4- തന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുമ്പോള്‍ ആളുകളെ വിളിച്ച് സദ്യ നല്‍കുന്നത് കാരണം ആ സ്ത്രീയെയും അവളുടെ കുടുംബത്തേയും താന്‍ നന്നായി മാനിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യമാകും. അത് കൊണ്ട് രണ്ട് കുടുംബവും തമ്മില്‍ സ്‌നേഹബന്ധം ഊട്ടിയുറക്കുകയും ചെയ്യും. 5- ഇത്രയും കാലം തന്റെ ഉടമസ്ഥതയിലില്ലാത്ത ഒരു വസ്തു ഉടമപ്പെടുത്തുന്നതിലുള്ള സന്തോഷപ്രകടനം. 6-നിരവധിയാളുകളെ വിളിച്ച് സദ്യനല്‍കി ധര്‍മ്മം ചെയ്യുകയെന്ന മഹത്തായ കര്‍മം തന്റെ ജീവിതസ്വഭാവമാക്കിയെടുക്കാന്‍ എളുപ്പമാര്‍ഗമാകുന്നു. ഇങ്ങനെയുള്ള നിരവധി സാമൂഹികവും കൗടുംബികവും വൈയക്തികവുമായ നന്മകള്‍ ഇതില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്ന ഈ സമ്പ്രദായം നിരോധിക്കാതെ ഇസ്‌ലാമിക സമൂഹത്തിലും നബി(സ്വ) നിലനിര്‍ത്തിയത്(ഹുജ്ജതുല്ലാഹില്‍ ബാലിഗ).

വിവാഹസദ്യയില്‍ ധൂര്‍ത്തോ!?

അല്ലാഹു നമുക്ക് നല്‍കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഹിദായത്(സന്‍മാര്‍ഗം), ആരോഗ്യം, സമ്പത്ത്. അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ പ്രതിഫലനങ്ങള്‍ അവരുടെ ജീവിതത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു. ഹലാലായ മാര്‍ഗത്തിലൂടെ എത്ര സമ്പാദിച്ചാലും ഇസ്‌ലാമില്‍ യാതൊരു പ്രശ്‌നവുമില്ല, കൃത്യമായി സകാതും മറ്റും കൊടുത്തു വീട്ടണമെന്ന് മാത്രം. 'ആദം സന്തതികളെ, നിങ്ങള്‍ നമസ്‌കാര വേളകളില്‍ നിങ്ങള്‍ ഭംഗിയുള്ളവരാകണം. നിങ്ങള്‍ ഭക്ഷിക്കുകയും പാനീയം കുടിക്കുകയും ചെയ്യുക, നിങ്ങള്‍ അമിതവ്യയം ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു അമിതവ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല'(അഅ്‌റാഫ് 31). റഹ്മാനായ റബ്ബിന്റെ ഇഷ്ടദാസരുടെ നിരവധി വിശേഷണങ്ങള്‍ പറഞ്ഞിടത്തും പിശുക്കോ ദുര്‍വ്യയമോ ചെയ്യാത്തവരെന്ന് ഊന്നിപ്പറയുന്നത് കാണാം(അല്‍ഫുര്‍ഖാന്‍ 67).

അമിതവ്യയം എന്ന അര്‍ത്ഥത്തിന് അറബിയില്‍ പ്രയോഗിക്കപ്പെടുന്ന ഇസ്‌റാഫ്, തബ്ദീര്‍ എന്നീ പദങ്ങളെ പണ്ഡിതര്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഇസ്‌റാഫ് എന്നാല്‍ പരിധി ലംഘിക്കുക എന്നാണ്. ഭക്ഷിക്കല്‍ അനുവദനീയമല്ലാത്തത് ഭക്ഷിക്കുന്നതിനാണ് ഇസ്‌റാഫ് എന്ന് പറയുകയെന്നും അഭിപ്രായമുണ്ട്. ഒരു വസ്തു അസ്ഥാനത്ത് വെക്കുന്നതിനോ, അല്ലാഹുവിന്റെ ത്വാഅതിലല്ലാതെ ചിലവഴിക്കപ്പെടുന്നതിനോ ആണ് ഇസ്‌റാഫ് എന്ന് പറയുകയെന്നും അഭിപ്രായമുണ്ട്(താജുല്‍അറൂസ്). പ്രമുഖ താബിആയ മുജാഹിദ്(റ) പറയുന്നു: 'അല്ലാഹുവിന് വഴിപ്പെടുന്ന മാര്‍ഗത്തില്‍ അബൂഖുബൈസ് പര്‍വ്വതത്തോളം നീ ചിലവഴിച്ചാലും അത് ഇസ്‌റാഫ്(അമിതവ്യയം)ആവുകയില്ല. അല്ലാഹുവിന് എതിര് ചെയ്യുന്നതില്‍ ഒരു സ്വാഅ് നീ ചെലവഴിച്ചാലും അത് ഇസ്‌റാഫ് ആകുന്നതാണ്'.
സൂറതുല്‍ഫുര്‍ഖാനിലെ അറുപത്തിഏഴാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം മാവര്‍ദി(റ) 'അവിടെ -സത്യവിശ്വാസികളുടെ ക്രയവിക്രയങ്ങളെ കുറിച്ച് പറഞ്ഞിടത്ത്-നാല് രൂപങ്ങളുണ്ട്. 1-സത്യവിശ്വാസികള്‍ അല്ലാഹുവിന് എതിര് ചെയ്യുന്നതില്‍ ചിലവഴിക്കുകയില്ല. ഇസ്‌റാഫ് എന്നാല്‍ അല്ലാഹുവിന് എതിര് ചെയ്യുന്ന കാര്യത്തില്‍ ചിലവഴിക്കലാണ്. ഇബ്‌നുഅബ്ബാസ്(റ)ന്റെ അഭിപ്രായമാണിത്. 2- അവര്‍ അമിതമായി ചിലവഴിച്ചു എന്ന് ആളുകള്‍ പറയുന്നവിധം അവര്‍ ചിലവഴിക്കുകയില്ല. ഇബ്‌റാഹീമുന്നഖ്ഈ(റ)ന്റെതാണീ അഭിപ്രായം. 3- ആനന്ദം ആഗ്രഹിച്ച് അവര്‍ ഭക്ഷണം കഴിക്കുകയോ ഭംഗി ഉദ്ധേശിച്ച് അവര്‍ വസ്ത്രം ധരിക്കുകയോ ചെയ്യില്ല. യസീദ്ബ്‌നുഅബീഹബീബ്(റ)ന്റെ അഭിപ്രായമാണിത്. 4- അവിഹിതമായി ഒന്നും അവര്‍ ചിലവഴിക്കുകയില്ല, അവിഹിതമായി ചിലവഴിക്കല്‍ ഇസ്‌റാഫാണ്.
 ഇബ്‌നുസീരീന്‍(റ)പറഞ്ഞതാണിത്'(അന്നുകതുവല്‍ഉയൂന്‍).
പരിധി വിടുന്നതിനാണ് സര്‍ഫ്(അമിതവ്യയം)എന്ന് പറയുന്നത്. ചിലവഴിക്കുന്ന കാര്യത്തിലെ പരിധിലംഘനത്തിന് തബ്ദീര്‍ എന്ന് പറയും. അല്ലാഹുവിന് എതിര് ചെയ്യുന്ന കാര്യത്തില്‍ എത്ര കുറച്ച് ചിലവഴിക്കുന്നവനും അമിതവ്യയം ചെയ്യുന്നവനാണ്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: 'അല്ലാഹുവിന് വഴിപ്പെടുന്ന കാര്യത്തില്‍ എത്ര ചിലവഴിച്ചാലും അവന്‍ അമിതവ്യയം ചെയ്തവനാകില്ല. അനുവദനീയ കാര്യങ്ങളില്‍ അമിതവ്യയം ഇല്ലതന്നെ. തെറ്റ് ചെയ്യുന്നതില്‍ മാത്രമാണതുള്ളത്'(ഇആനതുത്ത്വാലിബീന്‍2/179).


ഏതൊരു പ്രവര്‍ത്തനത്തിലുമെന്നത് പോലെ ചിലവഴിക്കുന്ന വിഷയത്തിലും മനുഷ്യന്റെ നിയ്യതും ചിലവഴിക്കപ്പെടുന്ന മാര്‍ഗവുമാണ് അത് മിതവ്യയമാണോ അമിതവ്യയമാണോ എന്ന് വേര്‍തിരിക്കേണ്ടത്.  ഹലാലായ മാര്‍ഗത്തില്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തുപയോഗിച്ച് സ്വന്തം വീട്ടില്‍ നടക്കുന്ന വിവാഹ സല്‍ക്കാരത്തിലോ മറ്റോ ഒരു വസ്തുപോലും അനാവശ്യമായി നഷ്ടപ്പെടുത്താതെ, ആളുകള്‍ കാണമെന്ന നാട്യമോ അഹങ്കാരമോ ഒന്നുമില്ലാതെ തനിക്ക് വേണ്ടപ്പെട്ടവരേയും മറ്റും ക്ഷണിച്ച് എത്രയിനം ഭക്ഷണം നല്‍കിയാലും അത് ധൂര്‍ത്തെന്ന് പറയാന്‍ ഇസ്‌ലാമിക ദൃഷ്ട്യാ നമുക്ക് അവകാശമില്ല. എന്നാല്‍ ഒരു പാവപ്പെട്ടവന്‍ സ്വന്തം വരുമാനമുപയോഗിച്ച് വീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷപോലുമില്ലാത്തയത്ര സ്വത്ത് കടം വേടിച്ചോ മറ്റോ ഇങ്ങനെയൊരു സദ്യനടത്തിയാല്‍ ഇസ്‌ലാമിക ദൃഷ്ട്യാ അംഗീകരിക്കപ്പെടാവതല്ല.






















Post a Comment

Previous Post Next Post