പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദമാണ് മൂന്നാഴ്ചയോളമായി കേരളത്തില്‍ കത്തിനില്‍ക്കുന്ന പ്രധാന ഇഷ്യു. ഇസ്‌ലാമും മുസ്‌ലിമും കഥാവിഷയമായി വന്നാല്‍ ശ്വാനുക്കള്‍ക്കിടയിലേക്കെറിയപ്പെട്ട എല്ലിന്‍കഷ്ണം പോലെ അതേറ്റുപിടിക്കാനും വിവാദമാക്കി നിര്‍ത്തുവാനും രംഗത്തുവരുന്നവര്‍ നവയുഗത്തിലെ പ്രതിഭാസമാണ്. ഇത്തവണ മുസ്‌ലിം സമുദായത്തിലെ ചിലപേനയൂന്തികളും പ്രസ്താവനാജീവികളും വിഷയമേറ്റെടുത്തതോടെ രംഗം കൂടുതല്‍ സജീവമായി.
പശ്ചാതലം
കല്യാണം കഴിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് പതിനെട്ട് തികയണമെന്ന നിയമം കൂടുതല്‍ കര്‍ഷനമായി കേരളത്തില്‍ നടപ്പിലാക്കപ്പെടുന്ന സാഹചര്യം ഉടലെടുക്കുകയും, അത് വഴി നിശ്ചിതപ്രായത്തിന് മുമ്പ് വിവാഹിതരായ, വിവാഹിതരാവുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും വിവാഹരജിസ്‌ട്രേഷന്‍ മുതല്‍ ഒരുപാട് കീറാമുട്ടികളില്‍ അകപ്പെട്ടുപോവുന്ന ഒരു പ്രശ്‌നഗുരുതരമായ അവസ്ഥ ഉണ്ടാവുകയും, മാത്രവുമല്ല തങ്ങളുടെ മതവിശ്വാസാചാരപ്രകാരം യാതൊരു പ്രശ്‌നവുമില്ലാത്ത ഒരു കാര്യത്തിന് കാര്‍മികത്വം വഹിക്കുകയോ സാക്ഷിയാവുകയോ സമ്മതം നല്‍കുകയോ ചെയ്തതിന്റെ പേരില്‍, മതവിശ്വാസവും ആചാരങ്ങളും മതപ്രബോധനവും സ്വതന്ത്രമായി നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയനുസരിച്ച് ഭരണം നടക്കുന്ന, നടക്കേണ്ട ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരരാജ്യത്ത് കോടതിവരാന്തകള്‍ കയറിയിറങ്ങുകയും അഴിയെണ്ണിക്കഴിയേണ്ടിവരികയും ചെയ്യുമെന്ന് ദീര്‍ഘദൃഷ്ടിയോടെ കണ്ട കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത സഭ സമസ്തകേരള ജംഇയ്യത്തുല്‍ഉലമയുടെ കീഴ്ഘടകം സമസ്തകേരള ഇസ്‌ലം മത വിദ്യാഭ്യാസബോര്‍ഡ് കേരളത്തിലെ മുഖ്യധാര സംഘടനകളെ ഒരുമിച്ചിരുത്തി ഈ പ്രശ്‌നത്തിനെന്ത് പരിഹാരം എന്ന് കൂടിയാലോചിക്കാന്‍ കഴിഞ്ഞ മാസം 21ന് കോഴിക്കോട് ഒരു യോഗം വിളിക്കുകയുണ്ടായി. മുസ്‌ലിം ലീഗ്, ഇരുവിഭാഗം മുജാഹിദുകള്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണകേരളാജംഇയ്യത്തുല്‍ഉലമ, സംസ്ഥാനകേരള ജംഇയ്യത്തുല്‍ഉലമ, എം.ഇ.എസ്. എം.എസ്.എസ് തുടങ്ങിയ മത-സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒമ്പത് സംഘടനാ പ്രതിനിധികളാണ് ആ യോഗത്തില്‍ ക്ഷണിക്കപ്പെട്ടത്.
യോഗലക്ഷ്യം
മുന്‍ചൊന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട് മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും, എല്ലാമതവിഷയങ്ങളിലെന്ന പോലെ വിവാഹപ്രായ വിഷയത്തിലും ഭരണഘടന അനുവദിച്ച പരിരക്ഷ മുസ്‌ലിംകള്‍ക്ക് ഉറപ്പുവരുത്തുകയും വേണം. അതിന് വേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോവാനുള്ള പദ്ധതികളാവിശ്കരിക്കലായിരുന്നു യോഗത്തിന്റെ പ്രധാനലക്ഷ്യം. ചര്‍ച്ചക്കൊടുവില്‍ മുസ്‌ലിം വ്യക്തിനിയമസംരക്ഷണ സമിതി രൂപീകരിക്കപ്പെടുകയും ഈ വിഷയത്തില്‍ ഒരു ക്ലാരിഫിക്കേഷന് വേണ്ടി നീതിന്യായകോടതിയെ സമീപിക്കാമെന്നും തീരുമാനമായി.
തികച്ചും നിയമാനുസൃതവും പൗരാവകാശ പരവുമായ ഈ തീരുമാനം പത്രത്തിലൂടെ പ്രഖ്യാപിച്ചപ്പോഴേക്കും പലരും വാളെടുത്തു വെളിച്ചപ്പാടായി മാറി. എന്തിനാണ് യോഗം വിളിച്ചതെന്നും എന്തായിരുന്നു യോഗലക്ഷ്യമെന്നും എന്താണ് യോഗതീരുമാനമെന്നും പൂര്‍ണ്ണമായി മനസ്സിലാക്കാതെ കാളപെറ്റെന്ന് കേട്ടപ്പോഴേക്ക് കയറെടുത്തു പാഞ്ഞു വന്നു പലരും. പത്രപ്രസ്താവനകളിലൂടെയും ചാനല്‍ചര്‍ച്ചകളിലൂടെയും പലരും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു. തങ്ങളുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ട അസ്ഥിത്വം പോലും മറന്ന് പ്രസ്താവനകളിറക്കിയവരുണ്ട് അക്കൂട്ടത്തില്‍. സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരു വിഷയവും ലഭിക്കാതെ കോട്ടുവായ ഇട്ടിരിക്കാന്‍ വിധിച്ച ചാനലുകാര്‍ക്ക് വീണ് കിട്ടിയ നിധിയായി വിവാഹപ്രായം മാറിയെങ്കില്‍, ചില പത്രക്കാര്‍ക്ക് എഡിറ്റോറിയല്‍ പേജ് നിറക്കാനുള്ള വിഷയമായിരുന്നു അത്.
വി.എസ്. അച്ചുതാനന്ദനും, പിണറായി വിജയനും, ബി.ജെ.പി നേതാവ് വി. മുരളീധരനും ഈ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ തുനിഞ്ഞു. ലീഗ് താലിബാനിസം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി വക്താവ് വെടി പൊട്ടിച്ചത്. എന്നും മുസ്‌ലിം വിരുദ്ധനായ വി.എസും ഇക്കാര്യത്തില്‍ തുറന്നടിക്കുകയുണ്ടായി. മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നതമാര്‍ക്കോടെ വിജയിച്ചത് കോപ്പി അടിച്ചാണെന്ന് പറഞ്ഞ അധരഭ്യാസിയെ സഹിക്കാമായിരുന്നു. മുസ്‌ലിം നാമധാരികളായ ചിലര്‍ എരിതീയില്‍ എണ്ണയൊഴിക്കും വിധം രംഗത്തെത്തിയതാണ് നമ്മെ കൂടുതല്‍ വേദനിപ്പിച്ചത്. സാമുദായിക രാഷ്ട്രീയ സംഘടനയുടെ യൂത്ത്‌വിംഗ് നേതാക്കളും മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനയുടെ ആണ്‍പെണ്‍ നേതാക്കളും ഈ വിഷയത്തില്‍ കൂടുതല്‍ മുഷ്‌ക്ക് പ്രകടിപ്പിച്ചതിന് പിന്നിലെ രഹസ്യമെന്തെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.
1984 ല്‍ ശരീഅത്ത് വിവാദം കേരളത്തില്‍ അരങ്ങേറിയപ്പോള്‍ ശരീഅത്ത് വിരുദ്ധ പ്രസംഗം കൊണ്ട് മലബാറിനെ മലീമസമാക്കിയവരില്‍ പ്രമുഖനായ വ്യക്തി ഇപ്രാവശ്യവും കിട്ടിയ എല്ലിന്‍കഷ്ണം നന്നായി നക്കിത്തുടച്ചു. തന്നെ ഏല്‍പ്പിച്ച പണി പോലും കൃത്യമായി നോക്കി നടത്താന്‍ കഴിയാത്ത, ശരീഅത്ത് വിരുദ്ധനായ നാമമാത്ര മുസ്‌ലിമാണ് ഇദ്ദേഹം. ഇതിന്റെ മറപിടിച്ച് ചില കൂലിയെഴുത്തുകാര്‍ തങ്ങളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ദിവസവും തങ്ങളുടെ വശളത്തരങ്ങള്‍ വിളമ്പാന്‍ ഇലയിട്ടു കൊടുത്തിരുന്ന ചില മഞ്ഞപ്പത്രങ്ങളുമുണ്ടായിരുന്നു. അതില്‍ ചിലതിന് സര്‍ക്കാറില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് വന്നിരിക്കുകയാണിപ്പോള്‍.
വിവാഹപ്രായം തങ്ങളുടെ കാര്യമായത് കൊണ്ട് അതില്‍ അഭിപ്രായം പറയേണ്ടതും തീരുമാനമെടുക്കേണ്ടതും തങ്ങളാണെന്ന അവകാശവാദമുള്ള, 'പെണ്‍മനസ്സറിയുന്നവര്‍' എന്ന് സ്വയം മേനി നടിക്കുന്ന പെണ്ണൊരുത്തികളും പത്രത്തിലും ചാനലുകളിലും ആടിക്കളിക്കാന്‍ ഈ അവസരം ഉപയോഗിച്ച് മുന്നോട്ട് വന്നു.
വിവാഹപ്രായവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടെന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയോ, തദ്‌വിഷയവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുണ്ടായ പ്രശ്‌നത്തില്‍ മുസ്‌ലിംകളുടെ ആശങ്കയെന്താണെന്നോ, അവരുന്നയിക്കുന്ന ആവശ്യമെന്താണെന്നോ യഥാവിധി ഗൃഹപാഠം നടത്താതെ, വരികള്‍ക്കിടയിലൂടെ മഞ്ഞക്കണ്ണട വെച്ച് വായിക്കുകയും, ചില അര്‍ദ്ധസത്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുകയും ചെയ്താണ് ഈ പ്രസ്താവനാ ആചാര്യന്‍മാരും ചാനല്‍ ചര്‍ച്ചാമേധാവികളും രംഗത്തെത്തിയത്. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ പതിനെട്ട് തികയാന്‍ കാത്തിരിക്കാന്‍ ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും പതിനാറിലേക്ക് അത് ചുരുക്കണമെന്നുമാണ് മുസ്‌ലിംകളുടെ വാദമെന്ന് തോന്നിപ്പോകും ചിലരുടെ വായാടിത്തങ്ങള്‍ കേള്‍ക്കുമ്പോള്‍. എന്നിട്ട് പതിനാറില്‍ പിടിച്ചാണ് ഇത് വഴി അവരുടെ വിദ്യാഭ്യാസത്തിനും മറ്റു പുരോഗതിക്കും നാം തടസ്സം നില്‍ക്കുന്നതെന്നവര്‍ അധരവ്യായാമം നടത്തുന്നു. വിവാഹമാണ് ഏതൊരു വിദ്യാര്‍ത്ഥിയുടേയും തുടര്‍പഠനത്തിനു വിഘ്‌നമാവുന്നതെന്നാണ് ഇവര്‍ മനസ്സിലാക്കിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ നമുക്ക് പരിശോധിക്കാം. ശേഷം വിഷയത്തിന്റെ മര്‍മ്മപ്രധാന കാര്യങ്ങളിലേക്ക് കടന്നു ചെല്ലാം.
'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്കണമെന്നത് അവരെ അന്ധകാരത്തിലേക്ക് നയിക്കാനുള്ള ചിലപ്രമാണിമാരുടെ താത്പര്യമായേ കണക്കാക്കാന്‍ കഴിയൂ. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തേയും ഭാവിയേയും അത് അപകടത്തിലാക്കും' -ആര്യാടന്‍(മലയാളമനോരമ 2013 സെപ്തംബര്‍ 23 തിങ്കള്‍).
മുസ്‌ലിം സമുദായത്തെ പിറകോട്ടുവലിക്കുന്ന തീരുമാനം- എം.എസ്.എഫ്. മതവിഷയമായല്ല, വിദ്യാഭ്യാസ, സാമൂഹിക വിഷയമായാണ് പ്രശ്‌നത്തെ സമീപിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി അശ്‌റഫലി(മനോരമ, 23-9-13).
അറബിക്കല്യാണം, മൈസൂര്‍കല്യാണം, ശൈശവവിവാഹം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നു യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സ്വാദിഖലി. വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ കുതിച്ചുചാട്ടം നടത്തുന്ന കാലത്ത് അത്തരം നിലപാട് ഗുണകരമാവില്ല
വിവാഹപ്രായത്തില്‍ കൈവെക്കും മുമ്പ് പെണ്‍കുട്ടികളുടെ അഭിപ്രായം കൂടി ആരായണമെന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥിനിവിഭാഗമായ ഹരിത. അവിവാഹിതരും വിവാഹിതരുമായ പെണ്‍കുട്ടികള്‍ക്കിടയില്‍ സര്‍വ്വേ നടത്തണം. വിവാഹപ്രായം 18ല്‍ നിന്ന് ഉയര്‍ത്തുകയാണ് വേണ്ടത്. വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന കൊടുത്ത ഖുര്‍ആന്റെ ആശയത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഹരിത സംസ്ഥാന ജനറല്‍സെക്രട്ടറി. ഫാത്തിമ തഹ്‌ലിയ പറഞ്ഞു. (മനോരമ, 23-9-13).
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാനുള്ള മുസ്‌ലിം ലീഗിന്റേയും ഈ വിഷയത്തെ വൈകാരികമായി സമീപിക്കുന്ന സമുദായ സംഘടനകളുടേയും നീക്കം അപകടകരമാണെന്ന് പോപുലര്‍ഫ്രണ്ട്.
വസ്തുതയെന്ത്?!
മതസംഘടനയുടെ നിലപാടിനെതിരെ പ്രസ്താവനായുദ്ധം നടത്തിയവരും പേനയുന്തിയവരും മതനേതൃത്വത്തിന്റെ ചിന്തപോലും കടന്നുചെല്ലാത്ത മേഖലയിലേക്ക് വിഷയത്തെ തിരിച്ചുവിട്ട് ആടിനെ പിട്ടിയാക്കി, പട്ടിയെ പേപട്ടിയാക്കി, പിന്നീടതിനെ തല്ലിക്കൊല്ലുന്ന രീതിയാണ് സ്വീകരിച്ചത്. പതിനെട്ടില്‍ നിന്ന് പതിനാറാക്കി വിവാഹപ്രായം ചുരുക്കണമെന്നാണ് മതനേതൃത്വം ആവശ്യപ്പെടുന്നതെന്ന് അവര്‍ കൊട്ടിഘ്‌ഘോഷിച്ചു. സത്യത്തില്‍ മതസംഘടനകള്‍ ശരീഅത്തിന്റെ നിലപാടില്‍ നിന്ന് അണുയിട മാറിയിട്ടില്ല. അഥവാ, വിവാഹത്തിന് യാതൊരു പ്രായപരിധിയും ശരീഅത്ത് നിശ്കര്‍ശിച്ചിട്ടില്ല. ആയതിനാല്‍ വിവാഹ പ്രായം ഇത്ര വയസ്സായി കുറക്കണമെന്നോ കൂട്ടണമെന്നോ മതസംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല. നേരേ മറിച്ച്, പതിനെട്ട് എന്ന കട്ട്ഓഫ്ഏജ് പ്രാവര്‍ത്തികമാക്കുമ്പോള്‍ ഏന്തെങ്കിലും സാഹചര്യത്തില്‍ അതിന് മുമ്പ് മതാനുസൃതമായി വിവാഹിതരാവേണ്ടി വരുന്ന, വന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വ്യക്തിനിയമ പരിരക്ഷനല്‍കണമെന്നേ സമിതി ആവശ്യമുന്നയിച്ചിട്ടുള്ളൂ. യോഗാനന്തരം വന്ന പത്രവാര്‍ത്തകളില്‍ നിന്നും മറ്റും ഇത് വ്യക്തമാണ്.
യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ 25-9 13 ന് മാതൃഭൂമിയില്‍ എഴുതിയ 'വിവാഹപ്രായമല്ല പ്രശ്‌നം' എന്നലേഖനത്തില്‍ മതസംഘടനകളെ കണക്കിന് വിമര്‍ശിക്കുന്നുണ്ട്. 'പേപട്ടിയെ' അടിച്ചുകൊല്ലുന്ന ആ ലേഖനത്തില്‍ നിരവധി വങ്കത്തരങ്ങള്‍ കാണാം. 'മുസ്‌ലിം സംഘടനകള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്കണമെന്നാവശ്യപ്പെട്ട് ഐക്യപ്പെട്ടിരിക്കുന്നു' എന്ന അസംബന്ധത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ ചോദിക്കുന്ന ഒരു വലിയ ചോദ്യമുണ്ട്. 'മുഹമ്മദന്‍ലോ പ്രകാരവും ശരീഅത്ത് അപ്ലികേഷന്‍ ആക്ട് അനുസരിച്ചും മുസ്‌ലിംകള്‍ക്ക് നല്‍കുന്ന നിയമപരിരക്ഷ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് പിന്നെയുള്ള പ്രധാന ആക്ഷേപം. ഒരു മുസ്‌ലിമിന് അവന്റെ വിശ്വാസത്തിന്റെ അടിത്തറയില്‍ ഉലച്ചില്‍ തട്ടാതെ താന്‍ താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ വിശ്വാസപരമായി എന്ത് പ്രശ്‌നമാണുള്ളത്?'.
എന്നാല്‍ നമുക്ക് പറയാനുള്ളത് മതമെന്നാല്‍ വിശ്വാസവും കര്‍മ്മങ്ങളും ധര്‍മ്മവും കൂടിച്ചേരുന്നതാണ്. മാത്രവുമല്ല ശരീഅത്ത് എന്ന് പറഞ്ഞാല്‍ തന്നെ മുഖ്യമായും കര്‍മ്മകാര്യങ്ങളാണുതാനും. ഭരണഘടനയുടെ ആമുഖത്തില്‍(ജൃലമായഹല)പൗരന് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യമെന്നാല്‍ തന്റെ വിശ്വാസവും മതകര്‍മ്മവും യാതൊരു പ്രശ്‌നവുമില്ലാതെ കൊണ്ട് നടക്കാന്‍ കഴിയലാണ്. വസ്തുത ഇതായിരിക്കെ ഉന്നയിക്കപ്പെട്ട ചോദ്യത്തിന്റെ പ്രസക്തി ഏതൊരാള്‍ക്കും വ്യക്തമാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന മുസ്‌ലിം വിദ്യാര്‍ത്ഥി സംഘത്തിന്റെ ഒരു പരിപാടിയില്‍ ഫിഖ്ഹിന് വിരുദ്ധമായി ജുമുഅ നടത്തിയപ്പോള്‍ പണ്ഡിതര്‍ കാര്യം മനസ്സിലാക്കിക്കൊടുത്തിട്ടും ധാര്‍ഷ്ഠ്യം ഒഴിവാക്കാത്ത ഇദ്ദേഹമാണ് ഇപ്പോള്‍ മതസംഘടനകള്‍ ആത്മവിമര്‍ശനത്തിനും തിരുത്തിനും തയ്യാറാവണമെന്ന് പറഞ്ഞ് ഉപദേശകന്റെ റോളില്‍ വരുന്നത്. പണ്ഡിതരെ വിമര്‍ശിക്കും മുമ്പ് സ്വന്തം വിശ്വാസം എവിടെ എത്തിനില്‍ക്കുന്നുവെന്ന് സ്വയം വിലയിരുത്തുവാനുള്ള നല്ല മനസ്സ് കാണിക്കുകയാണ് വേണ്ടത്.
എം.എസ്.എഫിന്റെ സംസ്ഥാനപ്രസിഡന്റാണ് വിമര്‍ഷനവുമായി കടന്നുവന്ന മറ്റൊരാള്‍. സെപ്തംബര്‍ 22ന് പ്രസ്താവനയിറക്കുകയും 23ന് നിലപാടില്‍ മാറ്റമില്ലെന്ന് അരക്കിട്ടുറപ്പിക്കുകയും കൂടുതല്‍ പഠനമനങ്ങള്‍ നടത്തി ഒക്‌ടോബര്‍ 3ന് തന്റെ നിലപാട് ന്യായീകരിച്ച് ലേഖനം(ചന്ദ്രിക- പാത്തുമ്മക്കുട്ടിയില്‍ നിന്ന് ഫാത്വിമയിലേക്ക് മടങ്ങിയ സമുദായം) എഴുതുകയുമുണ്ടായി. പതിനെട്ടിന് മുമ്പ് വിവാഹിതരായാല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസമപരമായി പിറകോട്ടുപോകുമെന്നും അപ്പോള്‍ ഫാത്വിമകള്‍ക്ക് പകരം പാത്തുമ്മക്കുട്ടിയും കുഞ്ഞിപ്പാത്തുമ്മയും കടന്നുവരുമെന്നും, ഇക്കാലത്ത് പെണ്‍കുട്ടികള്‍ വിദ്യാപഠുക്കളായത് കൊണ്ട് ഫാത്വിമകളായി നിലനില്‍ക്കുന്നുവെന്നുമാണ് ഗവേഷണത്തിന്റെ പടിക്കല്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥി നേതാവിന്റെ കണ്ടുപിടുത്തം. ദീനില്‍ ഇല്ലാത്ത പ്രമാണം കൊണ്ടാണ് കുട്ടിനേതാവിന്റെ ഗവേഷണം. അദ്ദേഹം എഴുതുന്നു: ''സ്വരാജ്യസ്‌നേഹം വിശ്വാസത്തിന്റെ പകുതിയാണെന്ന് പഠിപ്പിച്ച ഒരു വിശ്വാസപ്രമാണം. ആ വിശ്വാസികള്‍ ഏത് രാജ്യത്ത് ജീവിക്കുന്നുവോ ആ രാജ്യത്തിന്റെ നിയമങ്ങള്‍ സ്വന്തം വിശ്വാസത്തിന് വിരുദ്ധമല്ലെങ്കില്‍ പാലിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും പറയുന്നു.'' വിദ്യാര്‍ത്ഥിനേതാവിന് എവിടുന്ന് കിട്ടി ഈ പ്രമാണം എന്നറിയാന്‍ താത്പര്യമുണ്ട്.
പുരോഗതിയുടെ നിദാനമായ വിദ്യാഭ്യാസത്തിന് വിവാഹം തടസ്സമാവുമെന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. വിവാഹമെന്നത് ഒരിക്കലും വിദ്യാഭ്യാസപ്രക്രിയക്ക് തടസ്സമാവില്ലയെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ നമുക്ക് കഴിയും. പതിനാലാം വയസ്സില്‍ വിവാഹിതയായി ഇപ്പോള്‍ പെരിന്തല്‍മണ്ണയില്‍ ഡോക്ടറായി സേവനം ചെയ്യുന്ന സഹോദരിയും, വിവാഹിതയാകുമ്പോള്‍ ഏഴാം തരം യോഗ്യത മാത്രമുണ്ടായി പിന്നീട് എസ്.എസ്.എല്‍.സിയും, എച്ച്.എസ്.സിയും തുടര്‍ന്ന് ലൈബ്രറി സയന്‍സ് കോഴ്‌സും ഡിഗ്രിയും ചെയ്ത സഹോദരിയും ചില ഉദാഹരണങ്ങള്‍ മാത്രം. അതെല്ലാം കുടുംബ, വ്യക്തി താത്പര്യത്തിലധിഷ്ഠിതമാണ്. അല്ലാതെ വിവാഹമെന്നതിന് വിദ്യാഭ്യാസത്തിന്റെ മാപിനിയല്ല.
കേരളത്തിനകത്തും പുറത്തുമായി ആണിനും പെണ്ണിനും നിരവധി മതഭൗതിക സ്ഥാപനങ്ങള്‍ നടത്തുന്ന മതനേതൃത്ത്വത്തിനെതിരെയാണ് കുട്ടി നേതാവിന്റെ ശരങ്ങള്‍ പായുന്നത്. ആ സ്ഥാപനങ്ങളിലേതെങ്കിലും ഒന്നില്‍ നിന്നാകും കുട്ടിനേതാക്കളും യുവനേതാക്കളും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചത്. എന്നിട്ട് അനവസരത്തില്‍ അപക്വമായി പ്രസ്താവനയിറക്കുന്ന ഇവര്‍ പാല്‍കൊടുത്ത കൈയ്ക് തന്നെ കടിക്കുന്നവരാണ്. സത്യത്തില്‍ വിവാഹത്തിനല്ല പ്രായം നിശ്ചയിക്കേണ്ടത്, മറിച്ച് പ്രസ്താവനയിറക്കുന്നതിനാണ്.
ലേഖനത്തില്‍ ഒരു ഫത്‌വയുണ്ട്. 'ഇസ്‌ലാമില്‍ വിവാഹത്തിന് പ്രായം പക്വതയെത്തുകയെന്ന അര്‍ത്ഥത്തിലുമാണ്'. ഈ മസ്വ്അല ഏത് കിതാബില്‍ നിന്നാണ് ലേഖകന്‍ ഉദ്ധരിക്കുന്നത്?!. അറിയാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കൊതിയുണ്ട്. മാത്രവുമല്ല പക്വതയെത്താന്‍ ഇവര്‍ പറയും പോലെ പതിനെട്ട് വയസ്സാകണമെന്നുമില്ലല്ലോ.!ലേഖനത്തില്‍ സൂചിപ്പിക്കപ്പെട്ടത് പോലെ ഹദീസ്പണ്ഡിത, യുദ്ധനായിക തുടങ്ങിയ പദവികളിലെത്തിയ വനിതയും പതിനെട്ടിന് മുമ്പ് വിവാഹിതയായവരാണ്. ഞാന്‍ ആറ് വയസ്സുകാരിയായപ്പോള്‍ എന്നെ നബിതങ്ങള്‍ വിവാഹം കഴിച്ചു വെന്ന് ആഇശ ബീബി തന്നെ പറയുന്ന ഹദീസ് സ്വഹീഹുല്‍ബുഖാരിയില്‍ കാണാം(ബാബു തസ്‌വീജിന്നബിയ്യി(സ്വ)അല്‍ആഇശ(റ).
എം.ഇ.എസ് മലപ്പുറം ജില്ലയിലെ തങ്ങളുടെ പത്ത് സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വിവാഹപ്രായ വിഷയത്തില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 4030 പേരില്‍ 4003 കുട്ടികളും വിവാഹപ്രായം 18നു മീതെ ആക്കണമെന്നു അഭിപ്രായപ്പെട്ടുപോല്‍. ഇത് പിടിച്ചാണ് ഓപോര്‍ച്യൂനിസ്റ്റ് അബ്ദുല്ല(ഒ) മതനേതൃത്വത്തിനെതിരെ വടിയോങ്ങുന്നത്(ഒക്‌ടോബര്‍ 2 തേജസ് പത്രം-സമുദായത്തെ വീക്കാന്‍ വടി ഒരുക്കുന്നവരോട്). ശരീഅത്ത് നിയമങ്ങളില്‍ സര്‍വ്വേകള്‍ നടത്തി അഭിപ്രായശേഖരണം നടത്താമോ?! എങ്കില്‍ ഇസ്‌ലാം നിരോധിച്ച ബഹുഭര്‍തൃത്വം, പൂര്‍ണ്ണമായി നിരോധിക്കാത്ത ബഹുഭാരിത്വം, ത്വലാഖിന്റെയും വഫാതിന്റെയും ഇദ്ദ എന്നിവയില്‍ കൂടി സര്‍വ്വേ നടത്തി അഭിപ്രായമാരാമായിരുന്നില്ലേ. നൂറുശതമാനം നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരം അവര്‍ നല്‍കും. ഈ ബാലിശ സര്‍വ്വേ പിടിച്ച് മതസംഘടനകളുടെ ശുദ്ധ നിലപാടിനെതിരെ കുതിരകയറുന്നയാള്‍ സീറോ അബ്ദുല്ലയാവുകയാണ്.
കേരളീയ മുഖ്യധാരയിലോ മുസ്‌ലിം സമുദായത്തിലോ ഒരു സ്വാധീനവുമില്ലാത്ത ചില സംഘടനകളെ കോഴിക്കോട്ട് നടന്ന മതസംഘടനകളുടെ ഒത്തുചേരലിലേക്ക് വിളിച്ചിരുന്നില്ല. അതിന്റെ അരിശം തീര്‍ക്കാന്‍ അവര്‍ കുരങ്ങന്‍മാര്‍ക്ക് ഏണി വെച്ചുകൊടുക്കുകയായിരുന്നു. വിവാഹപ്രായം പതിനെട്ടില്‍ നിന്ന് കുറക്കണമെന്ന് ആദ്യം പ്രസ്താവനയിറക്കിയ കാന്തപുരം ഈയിടെ മുതലക്കുളത്ത് ചേര്‍ന്ന തങ്ങളുടെ ആദര്‍ശ വിശദീകരണ സമ്മേളനത്തില്‍ പറഞ്ഞത് മുസ്‌ലിം മത സംഘനടകളുടെ ഫത്‌വ മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനിടയായി എന്നാണ്. സത്യത്തില്‍ കള്ളമുടിയില്‍ കുരുങ്ങിക്കഴിയുന്ന ഇദ്ദേഹത്തിന്റെ ചില വാസ്തവവിരുദ്ധ പ്രസ്താവനകളും ചെയ്തികളുമാണ് മുസ്‌ലിം സമൂഹത്തെ മൊത്തത്തിലും പണ്ഡിതസമൂഹത്തെ പ്രത്യേകിച്ചും സമുഹമദ്ധ്യേ ഇടിച്ചുതാഴ്ത്തിയത്.
മാതൃഭൂമി പത്രത്തില്‍ സെപ്തംബര്‍ 26ന് 'വിവാഹപ്രായവും വിശ്വാസസംരക്ഷണവും' എന്ന തലക്കെട്ടില്‍ എം.എന്‍ കാരശ്ശേരി എഴുതിയ ലേഖനത്തില്‍ മതസംഘടനകളുടെ കോഴിക്കോട്ടെ ഒത്തുചേരല്‍ സ്ത്രീവിരുദ്ധം മാത്രമായിരുന്നുവെന്നതിലേക്ക് നിരത്തിയ തെളിവുകളില്‍ നാലാമത്തെ തെളിവ് ഇങ്ങനെ വായിക്കാം. 'മതനിയമത്തില്‍ വിവാഹപ്രായം ഇത്രയെന്ന് പറഞ്ഞിട്ടില്ല. അത് ഇത്രയെന്ന് നിര്‍ണ്ണയിക്കരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ അതെങ്ങനെ മതവിരുദ്ധമാവും?'. കാരശ്ശേരി സാറേ, ഇത് ഇസ്‌ലാമിക ശരീഅത്താണ്. ഇസ്‌ലാമിക നിയമങ്ങളില്‍, പ്രത്യേകിച്ച് കര്‍മ്മകാര്യങ്ങള്‍ക്ക് പ്രായ, പക്വത മറ്റു യോഗ്യതകള്‍ ആവശ്യമുള്ളവ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വിവാഹപ്രായം ഇത്രയെന്ന് പറഞ്ഞിട്ടില്ലയെന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. അപ്പോള്‍ പ്രായപരിധി നിശ്ചയിച്ചാല്‍ അതിന് മുമ്പ് വിവാഹം പാടില്ലയെന്ന് മനസ്സിലാക്കാന്‍ മലയാള വിഭാഗം തലവനാകണമെന്നില്ല. ഏത് കുട്ടിക്കും അത് മനസ്സിലാകും. അത് തന്നെയാണ് മുസ്‌ലിം മതനേതൃത്വത്തിന്റെ ആശങ്കയും. താങ്കളെ പോലെയുള്ള പൊതുമുസ്‌ലിംകളാണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും പൊതുശാപം.
ഇസ്‌ലാമിലെ വിവാഹസങ്കല്‍പം
വിശുദ്ധഖുര്‍ആനും തിരുഹദീസുകളും ഇസ്‌ലാമികപ്രമാണങ്ങളും ഇസ്‌ലാമിലെ വിവാഹ സങ്കല്‍പത്തെ കുറിച്ച് വിശദമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. തികച്ചും പവിത്രമായ ഒന്നാണ് ഇസ്‌ലാമിലെ വിവാഹം. അല്ലാഹു പറയുന്നു: 'അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ് സ്വവര്‍ഗ്ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നിട്ടുള്ളത്; നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്'(സൂറതുര്‍റൂം 21). നബി(സ്വ) പറയുന്നു: ആരെങ്കിലും എന്റെ ശുദ്ധപ്രകൃതി ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ എന്റെ ചര്യ സ്വീകരിക്കട്ടെ. തീര്‍ച്ചയായും നികാഹ് എന്റെ ചര്യയില്‍ പെട്ടതാണ്(ബൈഹഖി).
ഒരു മനുഷ്യന് വിവാഹത്തിന്റെ ആവശ്യമുണ്ടാവുകയും അതിന്റെ ചിലവ് വഹിക്കാന്‍ സാധിക്കുകയുമെങ്കില്‍ വിവാഹം സുന്നതാണ്. ചിലവ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ വിവാഹം കഴിക്കാതിരിക്കലാണ് സുന്നത്. പക്ഷെ, തന്റെ വികാരം നോമ്പനുഷ്ടിച്ച് ശമിപ്പിക്കണം. വിവാഹത്തിന് ആഗ്രഹമില്ലാത്തവനും ചിലവ് വഹിക്കാന്‍ കഴിയാത്തവനുമാണെങ്കില്‍ വിവാഹം കറാഹത്തും ചിലവിന് കഴിയുമെങ്കില്‍ കറാഹത്തില്ലതാനും. പക്ഷെ ഇബാദതാണ് ഉത്തമം. ചിലവിന് കഴിയുമെങ്കിലും നിത്യരോഗമോ മറ്റോ ഉണ്ടെങ്കില്‍ വിവാഹം കറാഹത്താണ്(മഹല്ലി വാള്യം 3 കിതാബുന്നികാഹ്).
ഒരു മുസ്‌ലിമിന് വേണമെങ്കില്‍ ഒരേ സമയത്ത് നാല് വിവാഹം വരെ കഴിക്കാം. നാലില്‍ കൂടുതല്‍ ഭാര്യമാരെ ഒരേ സമയത്ത് വിവാഹം കഴിക്കാന്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കില്‍
അവര്‍ക്കിടയില്‍ നീതി കാണിക്കണം. അതിന് സാധിക്കില്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം പാടില്ല. ഖുര്‍ആന്‍ പറയുന്നു: അനാഥക്കുട്ടികളുടെ കാര്യത്തില്‍ നീതിപാലിക്കാനാവുകയില്ലെന്നു ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു നന്നായിത്തോന്നുന്ന സ്ത്രീകളെ രണ്ടുവീതമോ മൂന്നുവീതമോ നാലുവീതമോ വിവാഹം ചെയ്യുക. എന്നാല്‍ (അവര്‍ക്കിടയിലും) നീതി പാലിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെമാത്രം(വിവാഹം ചെയ്യുക). അല്ലെങ്കില്‍ നിങ്ങള്‍ ഉടമയാക്കിയ വെള്ളാട്ടികളെ (കൊണ്ട് തൃപ്തിപ്പെടുക). നിങ്ങള്‍ അനീതി ചെയ്യാതിരിക്കുന്നതിനു ഏറ്റവും ഉപയുക്ത മാര്‍ഗം അതാകുന്നു.(സൂറതുന്നിസാഅ് 3).
ശരീഅതും ഇന്ത്യന്‍ഭരണഘടനയും
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യാരാജ്യം 1947 ല്‍ സ്വതന്ത്ര്യമാവുകയും 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്ന് റിപ്പബ്ലിക്കാവുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനയില്‍ മതത്തിന് അതിമഹത്തായ സാഥാനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. അതിന്റെ ആമുഖവും(ുൃലമായഹല) മറ്റു വകുപ്പുകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവുന്നതാണ്.
ആമുഖത്തില്‍ നമുക്ക് ഇങ്ങനെ വായിക്കാം. We, THE PEOPLE OF INDIA; Having solemnly resolved to constitute india to a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all tis citizens: JUSTICE, social, economic and political; Liberty of thought, expression, belief, faith, and worship; ......(ഇന്ത്യന്‍ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്‌ളിക്കായി രൂപപ്പെടുത്തുവാനും അതിലെ പൗരന്‍മാക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും....പരിപാവനമായി തീരുമാനിച്ചിരിക്കയാല്‍).
ഇവിടെ പരാമൃഷ്ഠമായ മതേതരത്വത്തിന്റെ അര്‍ത്ഥം ചിലര്‍ പറയുന്നത് മതത്തിന് യാതൊതു സ്ഥാനവുമില്ല എന്ന അര്‍ത്ഥത്തിലാണെന്നാണ്. എന്നാല്‍ ഭരണഘടനയിലെ ആമുഖത്തിലെ മതത്തെ സംബന്ധിച്ച മൂന്നു പദങ്ങള്‍ വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയും മൗലികാവകാശങ്ങളായ 25, 29 എന്നീ അനുഛേദങ്ങളും വിവിധ മതവിശ്വാസികള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട മത-വ്യക്തിനിയമങ്ങളും ആ ധാരണ ശരിയല്ലെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. മതനിരപേക്ഷയുടെ അര്‍ത്ഥം രാഷ്ട്രത്തിന് പ്രത്യേക മതമില്ലെന്നും, എല്ലാമതത്തിനും തുല്യ പ്രാധാന്യം നല്‍കുമെന്നും മതവിശ്വാസത്തിനും പ്രവര്‍ത്തനത്തിനും മതം അനുസരിച്ച് ജീവിക്കുന്നതിനും പൗരന്‍മാര്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെന്നുമാണ്. അപ്പോള്‍ മതേതരത്വം മതരാഹിത്യമല്ല, മതനിരപേക്ഷതയാണ്.
ഭരണഘടനയില്‍ ശരീഅത്തിന്റെ താത്പര്യം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഭാഗം 3 പൗരന്‍മാരുടെ മൗലികാവകാശം സംബന്ധിച്ചാണ്. ഇക്കൂട്ടത്തില്‍ 25മുതല്‍28വരെയുള്ള വകുപ്പുകള്‍ മതസ്വാതന്ത്ര്യം സംബന്ധിച്ചാണ് വിവരിക്കുന്നത്. ഇരുപത്തിഅഞ്ചാം വകുപ്പില്‍ പറയുന്നു.....all persons are equally entitled to freedom of con-science and the right to freely to profess, practice and propagate religion. (മതം സ്വീകരിക്കുന്നതിനും മതമനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും എല്ലാവ്യക്തികള്‍ക്കും മനസ്സാക്ഷിസ്വാതന്ത്ര്യവും സ്വഛന്ദമായ അവകാശവും ഉണ്ടായിരിക്കും).
ഇനി ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കല്‍ എന്ന ശീര്‍ഷകത്തില്‍ മൗലികാവകാശങ്ങളിലെ 29ാം വകുപ്പ് പറയുന്നു: Any section of the citizens residing in the territory of india or any part of thereof having a distinct language, script or culture of its own shall have the right to conserve the same. (ഇന്ത്യയില്‍ നിവസിക്കുന്ന ഏതെങ്കിലും പൗര വിഭാഗത്തിന് അവരുടേതായ ഭാഷയോ ലിപിയോ സംസ്‌കാരമോ ഉണ്ടെങ്കില്‍ അത് നിലനിറുത്തുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്) . ഇവിടെ പറഞ്ഞ സംസ്‌കാരം എന്നതില്‍ മതം ഉള്‍പ്പെടുന്നു.
ഏത് മതക്കാരനും അവന്റെ വിശ്വാസാചാരപ്രകാരം ജീവിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഇനി മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ ശരീഅത്തുമായി ബന്ധപ്പെട്ട ആക്ടും ഇന്ത്യയില്‍ നിലവിലുണ്ട്.
1937ലാണ് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് എന്ന പേരില്‍ ഇത് നിയമമാക്കപ്പെടുന്നത്. ഇതില്‍ 5 വകുപ്പുകളാണുള്ളത്. രണ്ടാം വകുപ്പാണ് സുപ്രധാനം. അത് ഇങ്ങനെ വായിക്കാം..........marriage, dissolution of marriage including talaq, ila, zihar, lian, khula, and mubarat, maintenance, dower, guardianship, gifts, trust, and trust properties and wakfs(other than charitable and religiors endowments), the rule of decission in cases where the parties are muslims shall be the muslim personal law(shariat). .....വിവാഹം, മുബാറഅത്, ഖുല്‍അ്, ലിആന്‍, ളിഹാര്‍, ഈലാഅ് എന്നിവ ഉള്‍പ്പടെയുള്ള വിവാഹമോചനം ചിലവിന് കൊടുക്കല്‍, വിവാഹമൂല്യം, രക്ഷാകര്‍തൃത്വം, സമ്മാനം, വഖ്ഫ്, എന്നീ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ കക്ഷികളായുള്ള കേസുകളില്‍ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്) അനുസരിച്ചാണ് വിധികല്‍പിക്കേണ്ടത്.
ഈ പറഞ്ഞതില്‍ നിന്ന് മുസ്‌ലിം വിവാഹം അവരുടെ ശരീഅത് അനുസരിച്ച് നടത്താന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്നാണ്. എന്നാല്‍ 1929ലെ ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് ദുര്‍ബലമാക്കി 2006ല്‍ കൊണ്ട് വന്ന Prohibition of child marriage Act (ശൈശവ വിവാഹ നിരോധനനിയമം)ലെ ശിശുനിര്‍വ്വചനത്തില്‍ 18ന് താഴെയുള്ള സ്ത്രീയും 21ന് താഴെയുള്ള പുരുഷനും ശിശുക്കളാണ്. അഥവാ ഈ പ്രായപരിധിക്ക് താഴെയുള്ളവര്‍ വിവാഹിതരാവാന്‍ പാടില്ല. എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിലാണെങ്കില്‍ വിവാഹത്തിന് പ്രായപരിധിനിശ്ചയിച്ചിട്ടില്ല. ചെറിയകുട്ടികളെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിതാവിനും പ്രപിതാവിനും കെട്ടിച്ചയക്കാന്‍ ശരീഅത് അനുവദിക്കുന്നുണ്ട്(മിന്‍ഹാജ്. കിതാബുന്നികാഹ്).
അപ്പോള്‍ ശിശുവിവാഹ നിരോധനനിയമപ്രകാരം നിശ്ചിതപ്രായപരിധിക്ക് താഴെയുള്ള വിവാഹങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ മുസ്‌ലിംകള്‍ക്കാണെങ്കില്‍ വിവാഹം അവരുടെ വ്യക്തിനിയമത്തില്‍ പെട്ടതായത് കൊണ്ട് ശരീഅത് പ്രകാരം നടത്താനുള്ള സ്വാതന്ത്യം ശരീഅത് ആക്ട് 1937 അനുവദിക്കുന്നുമുണ്ട്. ശരീഅത്തില്‍ വിവാഹത്തിന് പ്രായപരിധി ഇല്ലതാനും. അപ്പോള്‍ നമ്മുടെ നാട്ടിലെ നിലവിലുള്ള ശരീഅത്ത് അപ്ലിക്കേഷന്‍ നിയമവും 2006ല്‍ പാസാക്കിയ ശൈശവ വിവാഹനിരോധന നിയമവും തമ്മില്‍ പരസ്പര വിരുദ്ധത വന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494 വകുപ്പ്(ഒന്നിലധികം സ്ത്രീകളെ ഒരേ സമയത്ത് ഭാര്യമാരായി സ്വീകരിക്കുക എന്നത് ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്) മുസ്‌ലിം സമുദായത്തിന് ബാധകമല്ലാത്തത് പോലെ 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് പ്രകാരം ശൈശവ വിവാഹ നിരോധനനിയമത്തിന്റെ പരിധിയില്‍ മുസ്‌ലിം സമുദായം വരില്ല എന്ന ക്ലാരിഫിക്കേഷന് വേണ്ടിയാണ് മതസംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അഥവാ അവരില്‍ 18നും 21നും താഴെയുള്ള വയസ്സുകളില്‍ വിവാഹം നടന്നാല്‍(നടത്തണം എന്നതിനര്‍ത്ഥമില്ല) അവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കല്‍ അവരുടെ അവകാശവും ആ വിവാഹത്തിന്റെ പേരില്‍ രക്ഷിതാക്കളേയും കാര്‍മികത്വം വഹിച്ചവരേയും ശിക്ഷിക്കാന്‍ പാടില്ല എന്നുമാണ് മതസംഘടനകള്‍ സുപ്രീം കോടതിയില്‍ ചെന്ന് ആവശ്യപ്പെടുന്നത്. അത് ഭരണഘടനാപരമായ അവരുടെ അവകാശമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും അസംബന്ധമാണ്. എതിര്‍പ്പുള്ളവര്‍ക്ക് കേസില്‍ എതിര്‍ കക്ഷിയായി ചേരാവുന്നതാണ്. കേസും വാദവും കഴിഞ്ഞ് കോടതി വിധിക്കട്ടെ. ആണത്തമുള്ളവര്‍ അതാണ് ചെയ്യേണ്ടത്. അതൊന്നും ചെയ്യാതെ മതസംഘടനകള്‍ക്ക് നേരെ തിരിയലല്ല.
അവലംബങ്ങള്‍:
ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍
സ്വഹീഹുല്‍ബുഖാരി
സുനനുല്‍ബൈഹഖി
ശര്‍ഹുല്‍മഹല്ലി അലല്‍മഹല്ലി.
ശരീഅതും കോടതിവിധിയും- ഇര്‍ശാദ് ബുക്സ്റ്റാള്‍
പത്രവാര്‍ത്തകള്‍
Very useful جزاك الله خيرا
ReplyDeletePost a Comment