വൈജ്ഞാനിക ലോകത്തിന് നിരവധി സംഭാവനകളര്‍പിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം.പ്രവാചക കാലം തൊട്ടേ ദീനീ പ്രഭയില്‍ പ്രശോഭിച്ച കൊച്ചുകേരളത്തില്‍ ഫിഖ്ഹ്, ഹദീസ്, ചരിത്രം തുടങ്ങി വിവിധ വിജ്ഞാനമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരും രചനകള്‍ നടത്തിയവരും ജന്‍മം കൊണ്ടിട്ടുണ്ട്. വിശുദ്ധഖുര്‍ആന് മലയാള പരിഭാശകള്‍ ധാരാളമുണ്ടെങ്കിലും  അറബിഭാഷയില്‍ ഒരു മലയാളിരചിച്ച സമ്പൂര്‍ണ്ണമായ ഒരു തഫ്‌സീറിന്റെ വിടവ് കാലങ്ങളായി നിലനിന്നിരുന്നു. സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയത്തങ്ങള്‍ (പാനൂര് തങ്ങള്‍)രചിച്ച അലാഹാമിശിത്തഫാസീര്‍ എന്ന ഗ്രന്ഥം ഈ ന്യുനതക്ക് പരിഹാരവും കേരളീയര്‍ക് അഭിമാന ദായകവുമാണ്.
ജനനം,ജീവിതം
ക്രി. 1936ല്‍ കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ സയ്യിദ് മുഹമ്മദ് ഹുസൈന്‍ കോയമ്മതങ്ങളുടേയും ഫാത്വിമകൂഞ്ഞിബീബിയുടേയും മകനായിട്ടാണ് സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയത്തങ്ങള്‍ ജനിക്കുന്നത്. ആയൂര്‍വേദ യൂനാനി ചികിത്സകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പിതാവ് ആത്മീയ ലോകത്തും പ്രഗത്ഭനായിരുന്നു. മാതാവിന്റെ മരണശേഷം മാതൃസഹോദരന്റെ കൂടെയാണ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ വളര്‍ന്നത്. കാസര്‍കോഡ് ഖാളിയും മുദരിസുമായിരുന്ന അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ശംസുല്‍ ഉലമ, ഉള്ളാള്‍ തങ്ങള്‍  എന്നിവരില്‍ നിന്നാണ് ദര്‍സ് പഠനം നേടിയത്. 1957ല്‍ ദയുബന്ദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന് 1959വരേ അവിടെ ഉപരിപഠനം നടത്തുകയും ഗ്രന്ഥങ്ങളോടൊപ്പം ഉര്‍ദു ഭാഷയിലും അവഗാഹം നേടുകയുമുണ്ടായി. ശേഷം ഏലത്തൂര്‍, പയ്യോളി, പാറക്കടവ്, തളിപ്പറമ്പ്, എന്നിവിടങ്ങളില്‍ ദര്‍സീ സേവനം നടത്തി. ഉമ്മത്തൂരില്‍ നിന്ന് വിരമിച്ച ശേഷം 1974ല്‍ പാനൂര്‍ തങ്ങള്‍ പീടികയിലെ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് കമ്പസില്‍ അല്‍മദ്‌റസതുസ്സഹ്‌റ ഇസ്ലാമിക് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിച്ചു.പിന്നീടതിന്റെ നാമം അല്‍ജാമിഅതുസ്സഹ്‌റ എന്നാക്കി മാറ്റി.
അപാരചിന്താശക്തിയും അഗാധജ്ഞാനവുമായിരുന്നു തങ്ങളുടെ കൈമുതല്‍. മുഴുസമയ വിജ്ഞാന സേവകനായി ജീവിച്ച അദ്ദേഹം നിരവധി ശാഖകളില്‍ രചനയും നടത്തിയിട്ടുണ്ട്. 1982-84കാലഘട്ടങ്ങളിലാണ് രചനയില്‍ ശ്രദ്ധയൂന്നാന്‍ തുടങ്ങിയത്. വിസ്മയാവഹമായ പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ശക്തവും യുക്തി ഭദ്രവും പണ്ഡിതോചിതവുമായ അവതരണശൈലിയാണ് തന്റെ കൃതികളെ തീര്‍തും വിത്യസ്തമാക്കുന്നത്.ഒരു മുസ്ലിം നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന അദബുല്‍ മുസ്ലിം ഫീമന്‍ഹജില്‍ഇസ്ലാം,വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന സ്വഫ്‌വതുല്‍കലാം ഫീഅഖീദതില്‍ഇസ്ലാം,തര്‍കശാസ്ത്രത്തില്‍ അല്‍മന്‍ത്വിഖ് ഫീശര്‍ഹീത്തഹ്ദീബ്,വിശ്വാസശാസ്ത്രത്തിരചിക്കപ്പെട്ട ശര്‍ഹുല്‍അഖാഇദിന്റെ വിശദീകരണമായ അല്‍കലാം ഫീ ശര്‍ഹില്‍അഖാഇദിന്നസഫിയ്യ,ചരിത്രത്തില്‍ രചിച്ച നിഖാതുന്‍ മിന്‍താരീഖില്‍ ഇസ്ലാം,അല്‍മിര്‍ഖാത് ഫീ അഖീദതില്‍മുസ്ലിം,എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.ശാഫിഈ മദ്ഹബിലെ കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അന്നിബ്‌റാസ് ഫില്‍മസ്‌ലകില്‍ ഫിഖ്ഹിശ്ശാഫിഈ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മൂന്ന് വാള്യങ്ങളുണ്ട്.ശാഫിഈമദ്ഹബിലെ മത്‌നുല്‍ഗായ വത്തഖ്‌രീബ് എന്ന കൃതിക്ക് സമ്പൂര്‍ണമായ വിശകലനമായിട്ടാണ് അല്‍മദാരിജ് ഫീ തഖ്‌രീരില്‍ഗായതി വത്തഖ്‌രീബ് തങ്ങള്‍ രചിക്കുന്നത്.
അലാഹാമിശിത്തഫാസീര്‍
വൈജ്ഞാനിക മേഖലകളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ നിരവധി ഇന്ത്യന്‍ പണ്ഡിതരെ നമുക്ക് ചരിത്രത്തില്‍ വായിക്കാം. ഫിഖ്ഹ്, ഹദീസ്, താരീഖ്, തസ്വവ്വുഫ് എന്നീവിഷയങ്ങളില്‍ അറബിയില്‍ തന്നെ ഗ്രന്ഥരചന നടത്തിയവരില്‍ ധാരാളം മലയാളികളുമുണ്ട്. എന്നാല്‍, കേരളത്തിലെ പൂര്‍വ്വ പണ്ഡിതരില്‍ ആരും അറബിയില്‍ തഫ്‌സീര്‍ എഴുതിയതായി അറിവില്ല. സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയതങ്ങള്‍ അറബിയില്‍ രചിച്ച അലാഹാമിശിത്തഫാസീര്‍ എന്ന കൃതിയായിരിക്കും ഒരു പക്ഷേ ഒരുമലയാളി ആദ്യമായി എഴുതിയ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ തഫ്‌സീര്‍.
ഗഹനമായ വിശകലനവും, പാരമ്പര്യ ഗ്രന്ഥശൈലിയും ആധുനികഅറബിസാഹിത്യവും സമ്മിശ്രമാക്കിയുള്ള ആകര്‍ഷണീയമായ അവതരണവും, ശാസ്ത്രീയ ആനുകാലിക വിഷയങ്ങളെ ഉള്‍കൊള്ളിച്ചുള്ള വിശദീകരണവും മറ്റും ഈ ഗ്രന്ഥത്തിന് വ്യത്യസ്ഥത നല്‍കുന്നു. അലാ ഹാമിശിത്തഫാസീര്‍ തഅ്‌ലീഖാതുന്‍ അലാ തഫ്‌സീരില്‍ ജലാലൈന്‍ എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ നാമം.
ഇമാം ത്വബ്‌രിയുടെ ജാമിഉല്‍ബയാന്‍ മുതല്‍ ശൈഖ് ത്വന്‍ത്വാവിയുടെ തഫ്‌സീറുല്‍ജവാഹിറടക്കം പതിനെട്ടോളം തഫ്‌സീറുകളും മറ്റു നിരവധി പഠന ഗ്രന്ഥങ്ങളും അവലംഭിച്ച് ഒമ്പത് വര്‍ഷം കൊണ്ടാണ് (ഹി:1419-1428)(ക്രി:1998-2007)ഏഴ് വാള്യങ്ങളിലായി ഈ ഗ്രന്ഥം  തയ്യാറാക്കപ്പെട്ടത്.  മുഖവുരയില്‍ തഫ്‌സീറുകളോട് സ്വീകരിച്ച നയവും രചനാശൈലിയും വ്യക്തമാക്കുന്നുണ്ട്. തഫ്‌സീറുകള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ വളരെ സംക്ഷിപ്തവും എന്നാല്‍ സുഗ്രാഹ്യവുമായ തഫ്‌സീറുല്‍ജലാലൈനിയാണ് തന്റെ രചനയുടെ മൂലകൃതിയായി അദ്ദേഹം അവലംഭിച്ചത്. തഫ്‌സീറുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പ്രൗഢമായ ഈ മുഖവുരയില്‍ അദ്ദേഹം ഉള്‍കൊള്ളിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:''ഇസ്ലാമിന്റെ സുന്ദരമുഖം വികൃതമാക്കുന്ന, പ്രവാചകര്‍(സ്വ)ക്കെതിരെ ഒളിയമ്പുകളുതിര്‍കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കുന്ന ഒരുപാട് ഇസ്രാഈലിയ്യാത്തുകള്‍(ഇസ്രാഈലികഥകള്‍)തഫ്‌സീറുകളില്‍ കടന്നു കൂടിയിട്ടുണ്ടെന്നത് ഖേദകരം തന്നെ. നബി(സ്വ)യും സൈനബ് ബീബിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് പ്രചരിച്ച നിരവധി കെട്ടുകഥകള്‍ ഇതിനുദാഹരണമാണ്. ഇതിന്റെ യാഥാര്‍ത്യവും ആ വിവാഹത്തിന്റെ തത്വവുമെല്ലാം മനസ്സിലാക്കി ഈ കഥകള്‍ മുഴുവന്‍ കെട്ടുകഥകളാണെന്നറിഞ്ഞിട്ടും ചില മുഫസ്സിരീങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ ഗ്രന്ഥങ്ങളും അന്ധമായി അവലംഭിക്കാന്‍ നമുക്ക് പാടില്ലെന്നദ്ദേഹം നിര്‍ദേശിക്കുന്നു. ഖുര്‍ആനികാശയങ്ങള്‍ മുഴുവനായി വിശദീകരിക്കാന്‍ ലോകത്ത് വിരചിതമായ ഒരു ഗ്രന്ഥത്തിനും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. ഇസ്ലാം വിരോധികളുടെ അംഗീകാരത്തിനു വേണ്ടി മാത്രം തങ്ങളുടെ രചനകളില്‍ ഗുരുതരമായമായ കൃത്രിമങ്ങള്‍ നടത്തുന്ന ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ നാം ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പും ആ മുഖവുരയിലുണ്ട്.
ജലാലുദ്ദീന്‍ മഹല്ലി(റ)യും ജലാലുദ്ദീന്‍ സുയൂഥി(റ)യും ചേര്‍ന്നെഴുതിയ തഫ്‌സീര്‍ജലാലൈനിയില്‍, ഫാതിഹക്ക് ശേഷം സൂറതുന്നാസ് മുതല്‍ അല്‍കഹ്ഫിലെ പകുതി ഭാഗം വരെ ഇമാം മഹല്ലി (റ)യും ബാക്കിയുള്ളത് ഇമാം സുയൂഥി(റ)വുമാണ് വ്യാഖ്യാനിച്ചത്. തദടിസ്ഥാനത്തില്‍ സൂറതുല്‍ ഫാതിഹയുടെ തഫ്‌സീര്‍ അവസാനഭാഗത്താണ് കൊടുക്കാറുള്ളത്. എന്നാല്‍ പാനൂര്‍ തങ്ങള്‍ തന്റെ കൃതി ഫാതിഹയുടെ വിശദീകരണം കൊണ്ടാണ് ആരംഭിച്ചത്.
ജലാലൈനിയിലെ വ്യാഖ്യാനത്തിന് അനുബന്ധമായ വിശദീകരണങ്ങള്‍ മറ്റു തഫ്‌സീറുകളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തുദ്ധരിക്കുകയാണദ്ദേഹം ചെയ്തത്. എന്നാല്‍ ഒരോന്നും ഏത് ഗ്രന്ഥത്തില്‍ നിന്നാണുദ്ധരിച്ചതെന്ന് കൊടുക്കാത്തത്‌കൊണ്ട്(മുഖവുരയില്‍ സൂചിപ്പിച്ചത് പോലെ)ഒഴുക്കോടെ വായിച്ചുതീര്‍ക്കുവാനും താനറിയാതെ നിരവധി ഗ്രന്ഥങ്ങളിലൂടെ കടന്നു പോകുവാനും വായനക്കാരന് സാധിക്കുന്നു.
ഭാഷാ ശൈലിയാണ് ഗ്രന്ഥത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്രത്യേകത. നല്ല അറബിഉപയോഗങ്ങളും ,ഖുര്‍ആന്‍, ഹദീസ് വാക്യങ്ങളുടെ ആവശ്യാനുസരണ ചേരുവകളും വായനാനുഭൂതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരോ സൂക്തങ്ങളിലും അടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ തലക്കെട്ടുകള്‍ നല്‍കിത്തന്നെ വിശദീകരദീകരിക്കുന്നത് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സഹായകമാണ്. മിക്ക പേജുകളിലും നമുക്കിത് ദര്‍ശിക്കാനാകും. ആധുനിക, സമകാലിക വിഷയങ്ങളൊക്കെ സഗൗരവമേറിയ ചര്‍ച്ചകള്‍ക് വിഷയീഭവിച്ചതായി ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന യാഥാര്‍ത്ഥ്യമാണ്.
സൂറത്തുകളുടെ ആരംഭത്തില്‍ അതില്‍ പ്രതിഭാധിക്കുന്ന കാര്യങ്ങള്‍ സുന്ദരവും സംക്ഷിപ്തവുമായി വിശദീകരിക്കുകയും ശേഷം ആ സൂറതും അതിന് മുമ്പും ശേഷവുമുള്ള മറ്റു സൂറതുകളും തമ്മിലുള്ള ബന്ധവും സൂചിപ്പിക്കും. ഉദാഹരണമായി മുഅമിനൂന്‍ സൂറതിന്റെ പ്രാരംഭത്തില്‍ ഇങ്ങനേ കാണാം തൊട്ടു മുമ്പുള്ള സൂറതുല്‍ഹജ്ജ് അവസാനിക്കുന്നതിപ്രകാരമാണ് നിങ്ങള്‍ നിസ്‌കാരം നിര്‍വഹിക്കുക,സകാത്ത്‌കൊടുത്തു വീട്ടുക,നന്‍മകല്‍പിക്കുക എന്നാല്‍ നിങ്ങള്‍ വിജയികളാകും.ശേഷം ഈ അദ്ധ്യായം(മുഅമിനുന്‍) വിജയികളാകുന്ന മുഅ്മിനീങ്ങളുടെ പത്ത് വിശേഷണങ്ങള്‍ വിശദീകരിച്ചാണ്ആരംഭിക്കുന്നത്. ഇങ്ങനെ എല്ലാ സൂറതുകളേയും പരസ്പരം ബന്ധിപ്പിച്ചുള്ള വിശദീകരണങ്ങള്‍ ഗ്രന്ഥത്തില്‍ നമുക്ക് കാണാം.
വ്യാഖ്യാനങ്ങള്‍ക്കിടയില്‍ ശാസ്ത്രീയ വിശകലനങ്ങളിലൂടെ അല്ലാഹുവിന്റെ ഉണ്‍മയെ കുറിച്ചും അവന്റെ അപാരമായ കഴിവുകളെ കുറിച്ചുമുള്ള ചിന്തകള്‍ വായനക്കാരന് പകര്‍ന്നുനല്‍കുന്നു. ഈ പ്രപഞ്ചം സ്വയംഭുവാണെന്ന ചിലരുടെ വിദണ്ഢവാദങ്ങളാണ് അദ്ദേഹം ഇതിലൂടെ തകര്‍ത്തെറിയുന്നത്. അല്‍ബഖറ അദ്ധ്യായത്തില്‍ പത്തൊമ്പതാം സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇടിമിന്നലുകളെ കളെക്കുറിച്ചും അതിന്റെ ശാസ്ത്രീയ മാനങ്ങളും മറ്റും ചര്‍ച്ച ചെയ്ത് ഇവയുടെ ഉല്‍പ്പത്തി എങ്ങനേയാണെന്നുള്ള തര്‍ക്കങ്ങള്‍ വിശദീകരിച്ച ശേഷം അദ്ദേഹം പറയുന്നു:''ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ യാഥാര്‍ത്യങ്ങള്‍ സ്രഷ്ടാവായ തമ്പുരാന് മാത്രമേ വ്യക്തമാക്കുവാന്‍ സാധിക്കുകയുള്ളു''.(ഭാഗം1:65,66)
മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് പലയിടത്തും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇരുപത്തിമൂന്നാം അദ്ധ്യായത്തിലെ 12-14വരെയുള്ള സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ മനുഷ്യ സൃഷ്ടപ്പിനെക്കുറിച്ച് ശാസ്ത്രത്തിന്റെ കാഴ്ചപ്പാട് ഗ്രന്ഥകാരന്‍ സവിസ്തരം പ്രതിപാദിക്കുന്നത് നമുക്ക് വായിക്കാം(ഭാഗം5:7-10). ഇതേ അദ്ധ്യായത്തില്‍ എഴുപത്തിയെട്ടാം സൂക്തത്തില്‍ അല്ലാഹു പറയുന്നു:അവനാണ് നിങ്ങള്‍ക് കണ്ണും കാതും ഹൃദയവുമെല്ലാം സൃഷ്ടിച്ചു തന്നത്. ഈ ആയത്തിന് അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു:''വിശുദ്ധ ഖുര്‍ആനില്‍ കാഴ്ചയെക്കുറിച്ച് പറയുന്നിടത്തൊക്കെ തൊട്ടു മുമ്പായി കേള്‍വിശക്തിയെക്കുറിച്ച് പ്രതിപാതിക്കുന്നതായി കാണാം. കാഴ്ചയേക്കാള്‍ എത്രയോ വലിയ അനുഗ്രഹമാണ് കേള്‍വിയെന്നാണിത് സൂചിപ്പിക്കുന്നത്.കാരണം കാഴ്ചയില്ലാത്ത പലരും ചരിത്രത്തിലിടം നേടിയിട്ടുണ്ട്.എന്നാല്‍ കേള്‍വി ശക്തിയില്ലാത്തവര്‍ പ്രഗല്‍ഭരായത് ചരിത്രത്തില്‍ വിരളമാണ്''.(ഭാഗം5:30)
ശാസ്ത്രീയ സത്യങ്ങള്‍ വിശദീകരിക്കവെ ഒരിടത്തദ്ദേഹം മുസ്ലിം സമൂഹത്തെക്കുറിച്ച്  വ്യാകുലപ്പെടുന്നതായികാണാം. അല്‍ബഖറയിലെ 21,22ആയത്തുകളുടെ വിശദീകരണത്തില്‍ എജെ ക്രോണിന്‍,എബ്രഹാം ലിങ്കണ്‍,ആര്‍തര്‍ ക്രോംപ്ടണ്‍ എന്നിവരെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു: ''പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് വിചിന്തനം നടത്തുന്ന ഏതൊരാള്‍കും ഏകനായ ദൈവത്തെക്കുറിച്ചുള്ള വിശ്വാസം വര്‍ദ്ധിക്കുക തന്നെചെയ്യും. ഈ അമുസ്ലിംകള്‍ പോലും ഇവ്വിഷയങ്ങളില്‍ ആഴമേറിയ പഠനങ്ങള്‍ നടത്തുമ്പോള്‍ നാം മുസ്ലിംകളാണ് ഇത്തരം പഠനങ്ങളില്‍ പിറകോട്ടു പോകുന്നത്. സത്യത്തില്‍ നാമാണല്ലോ ഈ പഠനങ്ങള്‍കൊക്കെ നേതൃത്വം നല്‍കി ഖുര്‍ആനികാദ്ധ്യാപനങ്ങള്‍ ശാസ്ത്രത്തിന് എതിരല്ലെന്ന് മാലോകരെ ബോധ്യപ്പെടുത്തേണ്ടത്?!. ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍ ചിന്തിക്കുന്നവര്‍ക് ദൃഷ്ടാന്തമുണ്ടെന്ന സൂക്തമിറങ്ങിയപ്പോള്‍ നബി(സ)പറഞ്ഞുവത്രെ; ആകാശ ഭൂമികളില്‍ ചിന്തിക്കാതെ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നവര്‍ക്കാണ് നാശം.നാം മുസ്ലിംകള്‍ ഏറെ ചിന്തിക്കേണ്ടൊരു വാക്കാണിത്''.
ദൈവീക ഗ്രന്ഥത്തിന്റെ അമാനുഷികതയെക്കുറിച്ച് സൂറതുല്‍ ബഖറയിലാണദ്ദേഹം കൂടുതല്‍ വിശദീകരിക്കുന്നത്. അതിലൊരു ഭാഗത്ത് ഈ സത്യമംഗീകരിക്കുന്ന വാഷിംഗ്ടണ്‍ഐര്‍വിംഗ്,ജൊനാബ ജൈംസ് മിസ്റ്റ്ന്‍ തുടങ്ങിയ ഭൗതിക ശാസ്ത്രഞ്ജരുടെ പേര് സൂചിപ്പിച്ചത് കാണാം.
നബിക്ക് ലഭിച്ചിരുന്ന വഹ്‌യിന്റെ രൂപം ആധുനികര്‍ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഹിപ്‌നോട്ടിസത്തിലസത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹം ശ്രമിക്കുന്നു.(ഭാഗം5:182). അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കുവാനും ബിദഇകളുടെ അടിസ്ഥാനരഹിതമായ വാദ കോലാഹലങ്ങള്‍ക് ശക്തവും യുക്തവുമായ മറുപടികള്‍ തെളിവ് സഹിതം  ഈ തഫ്‌സീറില്‍നല്‍കുവാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഔലിയാക്കളോടുള്ള സഹായഭ്യാര്‍ത്ഥന എതിര്‍ക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഫാതിഹയുടെ വിശദീകരണങ്ങള്‍.
ഫിര്‍ഔനിന്റെ ക്രൂരതകളില്‍ നിന്ന് ബനൂഇസ്രാഈലികളെ രക്ഷിക്കാന്‍ കടല്‍ പിളര്‍ത്തി കടന്നു പോയ മൂസാ നബിയുടെ മുഅ്ജിസത്ത് നിശേധിക്കുന്ന അമാനീ മൗലവിയെപ്പോലോത്ത കള്ള നാണയങ്ങളെ അദ്ദേഹം പുറത്ത് കാണിക്കുന്നു.(ഭാഗം1:141)കടല്‍പിളര്‍ത്തിയിട്ടല്ല അവര്‍ രക്ഷപ്പെട്ടതെന്നും മൂസയും അനുയായികളും സാധാരണക്കാരായത് കൊണ്ട് കയ്യിലെ വടികൊണ്ട് ആഴമില്ലാത്ത സ്ഥലത്തു കൂടെ കടന്നു പോയതാണെന്നും കൊട്ടാര വാസികളായ ഫിര്‍ഔനും കൂട്ടര്‍കും ആഴസ്ഥലങ്ങള്‍ പരിചിതമല്ലാത്തത് കൊണ്ടാണ് മുങ്ങിനശിച്ചെതെന്നുമാണ് മൗലവിയുടെ വാദം.
മയ്യിത്ത് കേള്‍ക്കുമെന്നും അവര്‍ക് തസ്ബീതും തല്‍ഖീനും ചൊല്ലിക്കൊടുക്കുന്നതിന് പ്രമാണങ്ങള്‍ തെളിവാണെന്നും ഇബ്‌നുല്‍ ഖയ്യിമിന്റെ കിതാബുര്‍റൂഹില്‍ നിന്നും മറ്റും ഉദ്ധരണികളെടുത്ത് സ്ഥാപിക്കുന്ന ഈ ഗ്രന്ഥം(ഭാഗം5:241) യഥാര്‍ത്തത്തില്‍ സുന്നത്തു ജമാഅത്തിന്റെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ വലിയ സഹായിയാണ്. സൂറതുല്‍ അഅ്‌റാഫിലെ 9,10സൂക്തങ്ങളില്‍ മനുഷ്യോല്‍പത്തിയെക്കുറിച്ച് ഡാര്‍വിന്‍ പറഞ്ഞ പരിണാമസിദ്ധാന്തത്തെ ചോദ്യം ചെയ്യുന്ന അദ്ദേഹം മനുഷ്യപിതാവായ ആദം ഹവ്വാ എന്നിവരില്‍ നിന്നാണ് ലോകസമൂഹം ജനിച്ചു വളര്‍ന്നതെന്ന സത്യം ഉറക്കെപ്രഖ്യാപിക്കുന്നുണ്ട്.(ഭാഗം3:10)
ഈഗ്രന്ഥത്തിന്റെ മൂന്നാം വാള്യത്തില്‍ 300മുതല്‍311പേജുകളില്‍ കൃസ്ത്യാനിസത്തിലെ ത്രിയേകത്തവിശ്വാസവും ഹൈന്ദവതയുടെ ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയ ത്രിമുര്‍ത്തികളിലുള്ള വിശ്വാസവും വിശകലനം ചെയ്ത് രണ്ടും തമ്മിലുള്ള സമാനതയും, കൃസ്ത്യാനികള്‍ യേശുവിനെ സംബന്ധിച്ചും ഹിന്ദുക്കള്‍ കൃഷ്ണനെക്കുറിച്ചും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചൈതുകൊണ്ടിരിക്കുന്ന കാര്യങ്ങളും ഒരു ചാര്‍ട്ടിലാക്കി രേഖപ്പെടുത്തിയിട്ടുണ്ട്.
വളരെ നിസ്സാരമെന്ന് നാമൊക്കെ വിലയിരുത്തുന്ന, എന്നാല്‍ നമ്മുടെ നിത്യജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ പോലും അദ്ദേഹം സഗൗരവം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്തതാണ് നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നത്. കത്തിലുടെ സലാം പറഞ്ഞാല്‍ അത് മടക്കണമെന്നും, സലാം മടക്കല്‍ നിര്‍ബന്ധമായത് പോലെ കത്തിന് മറുപടിയെഴുതലും നിര്‍ബന്ധമാണെന്ന ഇബ്‌നുഅബ്ബാസിന്റെ വാക്കും അദ്ദേഹം രേഖപ്പെടുത്തുന്നതായികാണാം.(ഭാഗം5:212)
ചുരുക്കത്തില്‍, മതവും ശാസ്ത്രവും കാലികവിഷയങ്ങളുമെല്ലാം ഖുര്‍ആനികായത്തുകളുടെയും ഹദീസ് വാക്യങ്ങളുടെയും വെളിച്ചത്തില്‍ ഒരേ സമയത്ത് വായിക്കുവാന്‍ സഹായിക്കുന്ന ഒരുത്തമ റഫറന്‍സാണ് പാനൂര് തങ്ങള്‍ രചിച്ച സമ്പൂര്‍ണ്ണ തഫ്‌സീറായ അലാഹാമിശിത്തഫാസീര്‍. ഈ ഗ്രന്ഥം ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അത് പരിശോധിക്കാന്‍ അവര്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റിയോട് ആവശ്യപ്പെടുകയും അതിന്റെ പ്രസാധനം ഏറ്റെടുക്കുകയുമുണ്ടായി. ഇനിയും നമുക്കിടയില്‍ നിന്ന് ഇത്‌പോലോത്ത സമര്‍ത്ഥരായ പണ്ഡിതരും രചനകളും ഉണ്ടാവട്ടേ.

Post a Comment

Previous Post Next Post