സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയും സമസ്തയെ ജീവനോളം സ്‌നേഹിച്ച് കര്‍മ്മനിരതനായി ജീവിതം ആ മഹല്‍പ്രസ്ഥാനത്തിന് നീക്കി വെച്ചവരായിരുന്നു മര്‍ഹൂം അബൂബക്കര്‍ നിസാമി. 1919ല്‍ മാര്‍ച്ച് 27ന് പഴയില്ലത്ത് മോയിന്‍കുട്ടിയുടേയും ഉമ്മാച്ചുട്ടിയുടേയും മകനായി ജനിച്ചു. നാട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ മര്‍ഹൂം കോട്ടുമല കോമു മുസ്‌ലിയാരുടെ ശിശ്വത്വം സ്വീകരിച്ചു. കൊയപ്പ കുഞ്ഞായീന്‍ മുസ്‌ലിയാരും, തേഞ്ഞിപ്പലം അലവി മുസ്‌ലിയാരും അദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യരാണ്. ഈ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി ഹൈദരാബാദിലെ നിസാമിയ്യ അറബിക് കോളേജിലേക്ക് പോയി.
ബിരുദം നേടി നാട്ടിലെത്തിയ അദ്ദേഹം ദര്‍സ് ആരംഭിച്ചെങ്കിലും അല്‍പ കാലങ്ങള്‍ക്ക് ശേഷം മണ്‍പാത്രക്കച്ചവടം ആരംഭിച്ചു. ഒലവക്കോട് പോയി മണ്‍പാത്രങ്ങളുമായി കടലുണ്ടിയില്‍ വന്ന് വില്‍പ്പന നടത്തുകയുണുണ്ടായിരുന്നത്. ബിസിനസ് ക്ലച്ച് പിടിച്ചില്ല, കടമായി. ഒരു ദിവസം കടലുണ്ടിയില്‍ നിന്ന് ഒലവക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ താനൂരില്‍ അഗതി-അനാഥ മന്ദിരം നടത്തുകയായിരുന്ന കെ.പി ഉസ്മാന്‍ സാഹിബിനെ കണ്ടുമുട്ടി. ബിസിനസ് കാര്യം പറഞ്ഞു ദുആ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ 'അല്ലാഹുവേ, ഇദ്ദേഹത്തിന്റെ ബിസിനസ് അവസാനിപ്പിക്കാന്‍ അനുഗ്രഹിക്കേണമേ' എന്ന് പ്രാര്‍ത്ഥിച്ചു. ഇത് ഫലം കണ്ടു. നിസാമി കച്ചവടം അവസാനിപ്പിച്ചു വീണ്ടും അധ്യാപന രംഗത്തേക്ക് വന്നു. കാളികാവില്‍ ഒരു മദ്രസ സ്ഥാപിച്ച് അവിടെ പ്രധാനധ്യാപകനായി സേവനം ചെയ്തു. ശേഷം പുലാമന്തോളിലും അധ്യാപകനായിട്ടുണ്ട്.
വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണ കാലം മുതലേ നിര്‍വ്വാഹകസമിതി അംഗമായ നിസാമി, പാഠപുസ്തക കമ്മിറ്റിയിലും പുസ്തക നിര്‍മ്മാണ സമിതിയിലും പരീക്ഷാ ബോര്‍ഡിലും അംഗമായിരുന്നു. വിദ്യാഭ്യാസബോര്‍ഡിന്റെ 9ആം വാര്‍ഷികം വടകരയില്‍ വെച്ചാണ് നടന്നത്. അന്ന് നിസാമി വടകര ബുസ്താനുല്‍ ഉലൂം മദ്രസയില്‍ സ്വദര്‍ മുഅല്ലിമായിരുന്നു. ആ സമ്മേളനത്തിന്റെ രണ്ടാം ദിനം മുഅല്ലിം-മാനേജ്‌മെന്റ് പ്രതിനിധി കണ്‍വെന്‍ഷനിലാണ് ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള ചര്‍ച്ച വരുന്നത്. അങ്ങിനെ മര്‍ഹൂം വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും, അബൂബകര്‍ നിസാമി ജനറല്‍ സെക്രട്ടറിയും, കെ.പി ഉസ്മാന്‍ സാഹിബ് ട്രഷററും ആയി കമ്മിറ്റി നിലവില്‍ വന്നു.
1977ല്‍ അദ്ദേഹം വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു കുട്ടിയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്കുള്ള വിസ അയക്കുന്നത്. അങ്ങിനെ ദുബായിലെത്തി ഒരു വര്‍ഷം ഒരു ഹോട്ടലിന്റെ മാനേജറായി ജോലി നോക്കി. നാട്ടില്‍ വന്ന് ആ പഴയ ജോലിക്ക് പോകാന്‍ താത്പര്യമില്ലായിരുന്നുവെങ്കിലും വിസ തന്നവരെ പരിഗണിച്ച് പോകുകയും അനുയോജ്യമായ ഒരു ജോലി അന്വേഷിക്കുകയും ചെയ്തു. അങ്ങിനെയാണ് അല്‍ഐന്‍ പള്ളിയില്‍ ഇമാമത് ജോലി കിട്ടുന്നതും അല്‍ഐന്‍ സുന്നീ യൂത് സെന്റര്‍ രൂപീകരിച്ച് മലയാളി മുസ്‌ലിമിന്റെ ഉത്ഥാനത്തിന് വേണ്ടിപ്രവര്‍ത്തിക്കുന്നതും. അതിന്റെ പ്രസിഡന്റ് നിസാമി തന്നെയായിരുന്നു. അവര്‍ നടപ്പില്‍ വരുത്തിയ നിരവധി പദ്ധതികളില്‍ പ്രധാനമായത് മുഅല്ലിം ക്ഷേമ നിധി തന്നെയായിരുന്നു. മരിക്കുന്ന സമയത്തും ഹാജി പി. അബൂബകര്‍ നിസാമി മുഅല്ലിം വിഭാഗത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ജംഇയ്യതുല്‍ മുഅല്ലിമീന്റെ നേതൃ നിരയിലുണ്ടായിരുന്നു.
പത്ത് വര്‍ഷത്തെ പ്രവാസത്തിന് ശേഷം 1987ല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും സംഘടനാ തലത്തില്‍ സജീവമായി. അക്കാലത്ത് ജംഇയ്യതുല്‍മുഅല്ലിമീന്‍ പ്രസിഡന്റ് കെ.കെ ഹസ്രതും ജനറല്‍ സിക്രട്ടറി കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടുമായിരുന്നു. 1995ല്‍ കെ.കെ ഉസ്താദിന്റെ വഫാതിന് ശേഷം കെ.വി ഉസ്താദ് പ്രസിഡന്റായപ്പോള്‍ നിസാമി ജനറല്‍ സെക്രട്ടറിയായി. മരണം വരെ അത് തുടര്‍ന്നു.
ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍കൗണ്‍സിലിന് കീഴില്‍ പുറത്തിറങ്ങുന്ന അല്‍മുഅല്ലിം മാസികയുടെ പബ്ലിഷറായി കെ.പി ഉസ്മാന്‍ സാഹിബിന് ശേഷം നിയമിക്കപ്പെടുന്നത് നിസാമിയാണ്. കുരുന്നുകള്‍ ബാലമാസികയുടേയും പ്രസാധകന്‍ അദ്ദേഹമായിരുന്നു. ഈ രണ്ട് പ്രസിദ്ധീകരണങ്ങളുടേയും വളര്‍ച്ചക്ക് അദ്ദേഹം അത്യധ്വാനം നടത്തിയിട്ടുണ്ട്. മുഅല്ലിമുകള്‍ക്ക് പെന്‍ഷന്‍ എന്ന ആശയം സമര്‍പ്പിക്കപ്പെട്ടത് മുതല്‍ അത് നടപ്പില്‍ വരുന്നത് വരെ നിസാമിക്ക് വിശ്രമമുണ്ടായിരുന്നില്ല.
കേരളമുസ്‌ലികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുകയും ഫാത്വിമതുസ്സഹ്‌റാ വനിതാ കോളെജിലൂടെ ആ സ്വപ്നം നടപ്പിലാക്കാന്‍ കഠിനാദ്ധ്വാനം നടത്തുകയുമുണ്ടായി. നിരവധി സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിതനായ അദ്ദേഹം ആ സ്ഥാപനങ്ങളുടെ പുരോഗതിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരില്‍ പ്രധാനിയാണ്. 2000 ആണ്ടില്‍ ഏപ്രില്‍ 12നായിരുന്നു അവരുടെ വഫാത്.
Post a Comment