അല്‍പം വിശ്വാസകാര്യങ്ങളും ചില കര്‍മ്മങ്ങളും ഒട്ടനവധി ചിട്ടവട്ടങ്ങളും ചേര്‍ന്നതാണ് ഇസ്‌ലാം. കര്‍മ്മങ്ങളില്ലാത്ത വിശ്വാസവും വിശ്വാസമില്ലാത്ത കര്‍മ്മങ്ങളും ചിട്ടകളില്ലാത്ത കര്‍മ്മവും വിശ്വാസവും അര്‍ത്ഥശൂന്യമാണ്. കര്‍മ്മങ്ങള്‍ വിശ്വാസത്തെ അലങ്കരിക്കുമ്പോള്‍ മര്യാദകള്‍ കര്‍മ്മങ്ങളെയും അലങ്കൃതമാക്കുന്നു. മൂന്നും ചേരുമ്പോള്‍ ഒരാള്‍ യഥാര്‍ത്ഥ സത്യവിശ്വാസിയായി മാറുകയും ചെയ്യുന്നു. ഉമ്മുല്‍അഹാദീസില്‍(ഹദീസുജിബ്‌രീല്‍) വിശദീകരിക്കപ്പെട്ട ഈമാന്‍ കാര്യങ്ങള്‍ വിശ്വാസകാര്യങ്ങളായും ഇസ്‌ലാം കാര്യങ്ങള്‍ കര്‍മ്മങ്ങളായും ഇഹ്‌സാന്‍  മര്യാദകളായും നമുക്ക് മനസ്സിലാക്കാം.
വൈയക്തിക, കൗടുംബിക, ഗാര്‍ഹികാന്തരീക്ഷങ്ങള്‍ സന്തോഷപൂര്‍ണ്ണമാകാന്‍ ജീവിതമര്യാദകള്‍(അദബ്) പുലര്‍ത്തുകയാണ് വേണ്ടത്. പാരമ്പര്യ പൈതൃകങ്ങള്‍ക്ക് അതിമഹത്തായ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാം. ജീവിതത്തില്‍ അനുഗ്രഹവര്‍ഷമുണ്ടാകാന്‍ ഈ പാരമ്പര്യ പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജീവിതത്തിലെ പ്രധാനകര്‍മ്മങ്ങളിലേര്‍പ്പെടുമ്പോള്‍ പ്രത്യേക സമയങ്ങളില്‍ പുണ്യവ്യക്തികളുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കം കുറിക്കാന്‍ മുന്‍കാമികള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.  അത് അവരുടെ ജീവിതത്തില്‍ ബറകതുണ്ടാകാന്‍ ഹേതുകമായി. കാലങ്ങളോളം ഈ പൈതൃകങ്ങള്‍ കൊണ്ട് നടക്കാന്‍ നമ്മുടെ പൂര്‍വ്വീകര്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു.


  ഏത് കാര്യത്തിലുമുണ്ടാകുന്ന ദൈവികാനുഗ്രഹങ്ങളുടെ വര്‍ഷമാണ് ബറകത് കൊണ്ട് നാം വിവക്ഷിക്കുന്നത്. പരിശുദ്ധ ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ ബറകതിന്റെ മാഹാത്മ്യവും പ്രാധാന്യവും ധാരാളം കാണാം. ശാമിനെ സംബന്ധിച്ച് ബറകത് ചെയ്യപ്പെട്ട ഭൂപ്രദേശമായും(അമ്പിയാഅ് 71,81), ചുറ്റുപാടും അനുഗ്രഹീതമായ പള്ളിയായി  ബൈതുല്‍മുഖദ്ദസിനെ സംബന്ധിച്ചും(ഇസ്‌റാഅ്1) ഖുര്‍ആനിലുള്ള പരാമര്‍ശങ്ങള്‍ ബറകതിന്റെ പ്രാമാണികതക്ക് മതിയായ തെളിവാണ്. ഞങ്ങളുടെ അളവിലും തൂക്കത്തിലും ബറകത് ചെയ്യേണമേ എന്ന് മുഹമ്മദ് നബി(സ)അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം(മുത്തഫഖുന്‍അലൈഹി).
വീട് നിര്‍മ്മാണം തുടങ്ങുമ്പോള്‍, വീട്കൂടുമ്പോള്‍, വീട്ടില്‍ നിന്ന് മക്കള്‍ വിവാഹിതരായി ഇറങ്ങുമ്പോള്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിത്തുടങ്ങുമ്പോള്‍, മക്കളെ വിദ്യാഭ്യാസത്തിന് വേണ്ടി പറഞ്ഞയക്കുമ്പോള്‍ എല്ലാം ബര്‍കത്തുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ശ്രദ്ധിച്ചുപോന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ നല്ല ദിവസങ്ങളില്‍ മാത്രമേ അവര്‍ വീടിന് കുറ്റിയടിക്കാറുണ്ടായിരുന്നുള്ളൂ. ശേഷം ആ വീട് നിര്‍മ്മാണത്തിനിടയിലെ സുപ്രധാന കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ദിവസം അവര്‍ അന്വേഷിക്കും. അവസാനം നിര്‍മ്മാണം പൂര്‍ത്തിയായ തന്റെ സ്വഭവനത്തില്‍ താമസമാരംഭിക്കാനും അനുയോജ്യമായ ദിവസം പണ്ഡിതരോട് അന്വേഷിച്ച് കണ്ടെത്തും. അത് കാരണം ആ വീട്ടില്‍ എന്നെന്നും ബറകതുണ്ടാകുമായിരുന്നു.


അല്‍പം വരുമാനമുള്ള ജോലികള്‍ ചെയ്തും, കുറഞ്ഞ നെല്‍വയലുകളിലെയും പറമ്പിലെയും  വരുമാനം മാത്രമുപയോഗിച്ചും നിരവധി അംഗങ്ങളുള്ള കുടുംബങ്ങള്‍  സസന്തോഷം ജീവിക്കുകയും മിച്ചം വരുന്ന ധനം കൊണ്ട് പെണ്‍മക്കളെ വിവാഹം ചെയ്ത് വിട്ട് പിന്നീട് ഹജ്ജും ഉംറയും നിര്‍വ്വഹിച്ച് കടമില്ലാതെ മരിക്കുന്നവരുമായിരുന്നു നമ്മുടെ പൂര്‍വീകര്‍. ജീവിതത്തിലെ ബറകതുതന്നെയാണിത്. ജീവിതായ്ശ്വര്യമെന്നാല്‍ സമ്പത്തിന്റെ ധാരാളിത്തമല്ല, മാനസിക തൃപ്തിമാത്രമാണെന്ന വിശുദ്ധ വചനം (മുത്തഫഖുന്‍അലൈഹി)അവരുടെ ജീവിതത്തില്‍ വളരെ പ്രകടമായിരുന്നു. തങ്ങളുടെ വരുമാനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്തുവെന്നതാണിതിന് കാരണം. റഹ്മതിന്റെ മാലാഖമാറുള്ളിടത്ത് അനുഗ്രഹവര്‍ഷമുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്തും, ദിക്‌റിന്റെ സദസ്സുകളിലും പ്രവാചകകീര്‍ത്തനവെളകളിലുമാണ് അവര്‍ ഇറങ്ങിവരിക. ഇവയെല്ലാം ജീവിത ചിട്ടകളാക്കി കൊണ്ടുനടന്നവരായിരുന്നു അവര്‍.


പഴയകാലത്ത് വീടുകളില്‍ നിന്നു ഇശാമഗ്‌രിബിനിടയില്‍ ഉയര്‍ന്നുകേട്ടിരുന്നത് യാസീനിന്റെയും സൂറതുല്‍വാഖിഅയുടേയും മറ്റും പാരായണശബ്ദങ്ങളായിരുന്നു. അന്ന് വയോവൃദ്ധരുടെ കൈകളില്‍ ജപമാലയും ചുണ്ടുകളില്‍ തസ്ബീഹും തഹ്‌ലീലുമായിരുന്നു. സ്ത്രീജനങ്ങളധികവും നഫീസത്ത് മാലയും, മുഹ്‌യിദ്ദീന്‍ മാലയും  പതിവാക്കുന്നവരായിരുന്നു. രോഗപീഢകളില്‍ നിന്നുള്ള രക്ഷാകവചമായി അവര്‍ നിത്യവും ബദ്‌റ്മൗലിദും റാതീബുകളും ശീലമാക്കിയിരുന്നു. ഹദ്ദാദ് ചൊല്ലാത്ത വീടുകള്‍ നന്നേ കുറവായിരുന്നു അന്ന്. പ്രസവവേദനയനുഭവിക്കുന്ന സഹോദരിയുടെ വീട്ടിലിരുന്ന് നഫീസത് മാല ചൊല്ലിയിട്ട് സുഖപ്രസവം നടക്കുന്ന കാലമായിരുന്നു അത്.
കാലവ്യതിയാനത്തിനിടയില്‍ നാം മുസ്‌ലിംകളുടെ ശീലങ്ങളും ചിട്ടകളും താറുമാറായി.  കൂടുതല്‍ മാലാഖമാര്‍ വിണ്ണിലേക്കിറങ്ങുന്ന നേരങ്ങളില്‍പോലും പൈശാചിക സീനുകള്‍ മുറതെറ്റാതെ കാണുന്നവരായി നാം തരംതാണുപോയി. ഖുര്‍ആനിന് പകരം റിയാലിറ്റിഷോ കള്‍ രംഗം കീഴടക്കി. മാലമൗലിദുകളുടെ സ്ഥാനത്ത് പാട്ടുകച്ചേരികളായി. പുണ്യാത്മാക്കളുടെ മദ്ഹ്കീര്‍ത്തനങ്ങളില്‍ ചിന്തപൊഴിക്കുന്നതിന് പകരം  സീരിയല്‍ നടീനടന്‍മാരുടെ ദുഃഖങ്ങളില്‍ കണ്ണീരൊഴുക്കാന്‍ നേരം കണ്ടെത്തുന്ന മഹിളകളായി നമ്മുടെ സോദരിമാര്‍ മാറി. കുഞ്ഞുങ്ങളെക്കൊണ്ട് പോലും ഖുര്‍ആന്‍ ഓതിക്കുന്ന പഴയരീതികളെല്ലാം അറുപഴഞ്ചനായി ചിത്രീകരിക്കപ്പെട്ടു.


മാതാപിതാഗുരുമഹാജനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ നല്ല സ്ഥാനവും ആദരവും നല്‍കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ഈ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയുള്ള ജീവിതസങ്കല്‍പ്പം പോലും അജ്ഞാതമായിരുന്നകാലം. ഇടക്കിടെ നല്‍കുന്ന ഗുരുദക്ഷിണകളിലോ, മാതാപിതാക്കള്‍ക്ക് നല്‍കുന്ന സഹായങ്ങളിലോ മാത്രം ഒതുങ്ങിയ സങ്കുചിത രീതികള്‍ അന്ന് അസ്ഥാനത്തായിരുന്നു. അവര്‍ ഭക്ഷിച്ചതിന്റെ ബാക്കി കഴിക്കുന്നതില്‍ പോലും ബറകതുണ്ടെന്നവര്‍ മനസ്സിലാക്കി. കാര്യങ്ങളെല്ലാം അവരോട് കൂടിയാലോചിച്ച് മാത്രമേ ചെയ്യാറുള്ളൂ. മാതാപിതാക്കള്‍ക്കുള്ള പ്രാര്‍ത്ഥന ഒഴിവാക്കിയാല്‍, അവരെ പേര് വിളിച്ച് അഭിസംബോധന ചെയ്താല്‍, അവരുടെ മുന്നിലൂടെ നടന്നാല്‍ ജീവിതത്തില്‍ ഐശ്വര്യം നഷ്ടപ്പെടുമെന്നും ദാരിദ്ര്യത്തിന്‍ പടുകുഴിയിലാപതിക്കുമെന്നുമുള്ള മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന ബോധം പുത്തന്‍തലമുറക്ക് നഷ്ടമായിട്ടുണ്ട്. പൂമുഖത്തിരിക്കുന്ന വൃദ്ധ മാതാപിതാക്കള്‍ വീടിന്റെ സൗന്ദര്യമായിരുന്ന കാലമൊക്കെ പോയ്മറഞ്ഞു. കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് പ്രായമായാല്‍ തന്റെ മാളികയില്‍ അവരെ ഇരുത്തുന്നത് അറപ്പോടെ നോക്കിക്കാണുന്നവര്‍ ഇന്ന് മുസ്‌ലിംകളിലാണ് കൂടുതലുള്ളത്. സ്വന്തം രക്ഷിതാക്കളെ വൃദ്ധസദനങ്ങളില്‍ ചേര്‍ത്ത് മാസാമാസം അവര്‍ക്ക് വേണ്ട ചെലവുകളും അവരെ നോക്കുന്നവര്‍ക്ക് ബത്തയും കൃത്യമായി എത്തിക്കുന്നവര്‍ ഇന്ന് കേരളത്തില്‍ സുലഭമാണ്. ദൈവത്തെ ആരാധിക്കണമെന്ന കല്‍പ്പനക്ക് തൊട്ട് ശേഷം ഖുര്‍ആന്‍ മനുഷ്യനോട് പറയുന്നത് മാതാപിതാക്കളോട് സ്‌നേഹത്തോടെ പെരുമാറണമെന്നാണ്. അവരോട് മാന്യമായി സംസാരിക്കുകയും അവര്‍ക്ക് പ്രായമാകുമ്പോള്‍ അവരെ ശുഷ്രൂശിക്കുകയും അവരെ ഭവനരഹിതരാക്കരുതെന്നും ഛേ എന്ന് പോലും പറയരുതെന്നുമാണ് ഖുര്‍ആനിക ശാസന.


വൃദ്ധരും സത്‌വൃത്തരുമായ മാതാപിതാക്കളായിരുന്നു പണ്ടത്തെ വീടുകളുടെ ഭംഗിയും ഐശ്വര്യവും. പൂമുഖങ്ങളില്‍ ചാരുകസാരയില്‍ ഇരിക്കുന്ന അവര്‍ വീടിന് മോടി തന്നെയായിരുന്നു. അല്ലാഹുവിന്റെ സ്മരണകളുയര്‍ത്തുന്ന, ഉണര്‍ത്തുന്ന ഇവരാണ് നമ്മുടെ നിലനില്‍പിന്റെ അടിസ്ഥാനം പോലും. അല്ലാഹുവിനെ നിത്യമായി സ്മരിക്കുന്ന, എപ്പെഴും നോമ്പെടുക്കുന്ന വിഭാഗമില്ലായിരുന്നെങ്കില്‍ അത്താഴനേരം നിങ്ങളുടെ ഭവനങ്ങള്‍ തകര്‍ന്നടിയുമായിരുന്നു. കാരണം നിങ്ങള്‍ വഴികേടിലാണ് എന്ന കവിത അര്‍ത്ഥപൂര്‍ണ്ണമാണ്. അല്ലാഹുവിന് വണങ്ങുന്ന വൃദ്ധരും മുലകുടിക്കുന്ന പിഞ്ചുപൈതങ്ങളും മരുഭൂമിയില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളുമില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മേല്‍ ഘോരമായ ശിക്ഷകളിറങ്ങുമായിരുന്നുവെന്നതും സാരവത്തായ കവിവാക്യമാണ്.


 പുതിയവീട്ടില്‍ പുതിയവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്ന പുത്തന്‍ തലമുറക്ക് പ്രായമായ മാതാപിതാക്കള്‍ പഴയവസ്തുവാണ്. വീട്ടില്‍ അതിഥികള്‍ വന്നാല്‍ കാണാത്ത ഒരു മൂലയിലേക്ക് അവരെ അവര്‍ തള്ളിവിടുന്നു. അല്ലെങ്കില്‍ വൃദ്ധ സദനങ്ങളിലേല്‍പ്പിക്കുന്നു.  ഇടശ്ശേരി ഗോവിന്ദന്‍നായര്‍ എഴുതിയ'അങ്ങേ വീട്ടിലേക്ക്' എന്ന കവിതയില്‍ മകളെ കെട്ടിച്ചയച്ച വീട്ടിലേക്ക് അവളെ കാണാന്‍ ഭാര്യയുടെ നിര്‍ബന്ധപ്രകാരം കടന്നുചെന്ന വൃദ്ധപിതാവിനെ യാചിക്കാന്‍ വന്ന ഏതോ ഒരു കിളവനെപ്പോലെ പെരുമാറിയ സ്വന്തം മരുമകനെക്കുറിച്ചും എല്ലാം കണ്ടുനിന്ന മകള്‍ക്ക് സ്വന്തം ഭര്‍ത്താവിന് മുന്നില്‍ വെച്ച് പിതാവിനെ വേണ്ടവിധം സ്വീകരിക്കാന്‍ കഴിയാത്തതില്‍ അച്ഛന്‍ ക്ഷമിക്കണമെന്ന് കെഞ്ചുന്ന മകളെയും ചിത്രീകരിക്കുന്നുണ്ട്. ആധുനിക രീതിയാണിതിലൂടെ കവി ചിത്രീകരിച്ചത്.


മനുഷ്യന്‍ സംസ്‌കാരിയാകുന്നത് വിജ്ഞാനസമ്പാദനത്തിലൂടെയാണ്. മതവിജ്ഞാനത്തിനും ഭൗതികജ്ഞാനത്തിലും അതില്‍ പങ്കുണ്ട്. വിജ്ഞാനവും വിവേകവുമുള്ളവന്‍ ഏറ്റവും വലിയ സംസ്‌കൃതിയുടെ ഉടമയായിരിക്കും. രണ്ടുമില്ലാത്തവന്‍ അസംസ്‌കാരികപ്രവണതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവനും. അനാഥനെന്നാല്‍ പിതാവ് മരിച്ചുപോയവനല്ലെന്നും മറിച്ച് വിജ്ഞാനവും പക്വതയുമില്ലാത്തവനാണെന്ന് ഇമാം ശാഫി(റ)പ്രസ്താവിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ മക്കള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണം ഭാവിയില്‍ അവന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നു. അത്‌കൊണ്ടാണ് ഇസ്‌ലാം സന്താനപരിപാലനം സഗൗരവമായി  പഠിപ്പിക്കുന്നത്. മക്കളെ വിജ്ഞാനസമ്പാദനത്തിനായി പാഠശാലകളിലേക്ക് പറഞ്ഞുവിടുന്നതിന് മുമ്പ് പുണ്യപുരുഷന്‍മാരെക്കൊണ്ട്  തബര്‍റുകിനായിപ്രാര്‍ത്ഥിപ്പിച്ചു അനുഗ്രഹം വാങ്ങിക്കുന്ന  സമ്പ്രദായം നമ്മുടെ പൂര്‍വീകര്‍ കാണിച്ചുതന്നിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയും അനുഗ്രഹവും പുത്രന്റെ പഠനപുരോഗതിയില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. വിശ്വകീര്‍ത്തി നേടിയ പണ്ഡിതകുലപതി ഇമാം സുയൂഥി(റ)യെ അദ്ദേഹത്തിന്റെ പിതാവ് കമാലുദ്ദീന്‍(റ) ചെറുപ്പത്തില്‍ തന്നെ അന്ന് ജീവിച്ചിരുന്ന, അല്ലാഹുവിന്റെ വലിയ്യും ആരിഫുമായിരുന്ന അശ്ശൈഖ് മുഹമ്മദുല്‍മജ്ദൂബിന്റെ തിരുസന്നിധിയില്‍ കൊണ്ട് പോയി അനുഗ്രഹം വാങ്ങിച്ചു. അത് കാരണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയനേട്ടങ്ങള്‍ കൊയ്യാന്‍ ഇടയുണ്ടായിട്ടുണ്ടെന്ന് സുയൂഥി തന്നെ രേഖപ്പെടുത്തുന്നുണ്ട്(ഹുസ്‌നുല്‍മുഹാളറ). കേരളം കണ്ട പണ്ഡിതപ്രതിഭ മഹാനായ ശംസുല്‍ഉലമയുടെ വൈജ്ഞാനികപുരോഗതിയിലും ഇങ്ങനെ കാണാം. ബാഖിയാതിലേക്ക് പോകുന്നതിന് മുമ്പ് ശാലിയാതി(റ)യുടെ അടുക്കല്‍കൊണ്ട് പോയി അനുഗ്രഹം വാങ്ങിച്ചിരുന്നു. പൂര്‍വികര്‍ക്കിടയില്‍ അതൊരു ശീലമായിരുന്നു. പുതിയതലമുറക്ക് ഈ ശീലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഹൈന്ദവരുടെ എഴിത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ഏറിയപേരും ഇന്ന് മുസ്‌ലിംകളാണ്.
തന്റെ വരുമാനം കൊണ്ട് ജീവിക്കുന്നവരെ ഹലാലായ ഭക്ഷണം മാത്രം ഭക്ഷിപ്പിക്കണമെന്ന വാശി നമുക്ക് മുന്‍കാമികളില്‍ നിന്ന് പകര്‍ത്താനുള്ള നല്ല സ്വഭാവമാണ്. ലഭിക്കുന്നതെത്ര തുച്ചമാണെങ്കിലും അത് പൂര്‍ണ്ണമായും വിഹിതമായിരിക്കണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. അവിഹിതമായി എത്ര നേടിയാലും അത് ക്ഷണികമായിരിക്കുമെന്നും അത് ശരീരത്തില്‍ കടന്നാല്‍ ദൂരവ്യാപക ഭവിശത്തുകളനുഭവിക്കേണ്ടി വരുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ന് നമ്മുടെ ജീവിതത്തില്‍ ബറകത് കുറയാനുള്ള സുപ്രധാനകാരണം വരുമാനമാര്‍ഗ്ഗത്തിലെ താളപ്പിഴവുകളാണ്. കച്ചവടക്കാരനാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും ഏത് ജോലിക്കാരനാണെങ്കിലും ചെയ്യുന്നതില്‍ പൂര്‍ണ്ണമായ മനപ്പൊരുത്തവും ആത്മാര്‍ത്ഥതയും കൈമുതലാക്കി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവന് മാത്രമേ വരുമാനം അനുവദനീയമാവുകയുള്ളൂ. പലിശയും, തട്ടിപ്പും വെട്ടിപ്പുമൊക്കെ സാര്‍വ്വത്രികമായ ഇന്ന് ആത്മീയമായി നാം പിന്നോട്ട്ടിച്ചത് ഈ ദുശിച്ചവരുമാനങ്ങള്‍ കാരണമാണ്.


ദാരിദ്ര്യമാണിനി മനുഷ്യനെ ബാധിക്കാന്‍ പോകുന്ന വലിയ അര്‍ബുധം. ജീവിതത്തില്‍ ബറകത് കൊണ്ട് വരുന്ന കാര്യങ്ങളെല്ലാം നിശേധിച്ച് നടക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാധമായിരിക്കുമത്. പൂര്‍വീകര്‍ പഠിപ്പിച്ച് കാണിച്ചുതന്ന കാര്യങ്ങള്‍ പരിഹാസപൂര്‍വ്വം കാണുകയും അത് കൊണ്ട് നടക്കുന്നവരെ പഴഞ്ചനെന്ന് പരിഹസിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇന്ന് വളരെ വ്യാപിച്ചിട്ടുണ്ട്.


മാലമൗലിദുകളും, റാതീബുകളും നാടുനീങ്ങിയ കാലമാണിത്. അവ തിരിച്ചുവന്നാലേ നമ്മുടെ നാട്ടില്‍ നിന്നുയര്‍ന്നുപോയ ബറകത് തിരികെ കൊണ്ട് വരാന്‍ നമുക്ക് കഴിയുകയുള്ളൂ. യമനിലെ പ്രദേശങ്ങളില്‍ ബിദ്അത്തിന്റെ കക്ഷികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി കടന്ന് വന്ന് സാധുജനങ്ങളുടെ ഈമാന്‍ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അബ്ദുള്ളാഹില്‍ഹദ്ദാദ്(റ) ഹദ്ദാദ് റാതീബ് രചിക്കുന്നതും അത് പതിവാക്കാന്‍ പൊതുജനങ്ങളോടാജ്ഞാപിക്കുന്നതും. മലബാറില്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് രോഗം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടിയാണ് മഖ്ദൂം(റ) മന്‍ഖൂസ്മൗലിദ് രചിച്ചത്. ഇവയെല്ലാം നാം കൊണ്ട് നടന്നാല്‍ അതിന്റെ ഫലം നമുക്കനുഭവിക്കാം.
ബറകതിന്റ ഉണ്‍മയെ നിശേധിക്കുന്നവനും അതിനുള്ള മാര്‍ഗ്ഗങ്ങളെ തള്ളിക്കളയുന്നവനും സത്യത്തില്‍ ഖുര്‍ആനിനേയും വിശുദ്ധ വാക്യങ്ങളേയുമാണ് നിശേധിക്കുന്നത്. ബറകതിനെ സംബന്ധിച്ചു ഖുര്‍ആനില്‍ വന്ന ചിലപരാമര്‍ശങ്ങള്‍ നാം സൂചിപ്പിക്കുകയുണ്ടായി. നിത്യവും സുബ്ഹി നിസ്‌കാരത്തില്‍ ഖുനൂതില്‍ സത്യവിശ്വാസി അല്ലാഹുവിനോട് ചോദിക്കുന്നത് സന്‍മാര്‍ഗ്ഗവും ആരോഗ്യവും കിട്ടിയകാര്യങ്ങളില്‍ ബറകതുമാണ്. ഇതെല്ലാം മുഹമ്മദ് നബി പഠിപ്പിച്ചുതന്നതാണ്. അളവിലും തൂക്കത്തിലും നാട്ടിലും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിച്ചു മാതൃക കാണിച്ചിട്ടുണ്ടല്ലോ. നാടുനീങ്ങിയ ബറകത് നമ്മുടെ നാട്ടിലേക്ക് തന്നെ നാം തിരികെ കൊണ്ടുവരണം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുമായി മാലാഖമാര്‍ വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിവരണം. അവര്‍ ഭൂമിയിലേക്കിറങ്ങിവരുന്നത് തടയുന്ന ദുശിച്ചപ്രവര്‍ത്തനങ്ങള്‍ നാം കൈവെടിയണം. മുന്‍കാമികള്‍ കാണിച്ചുതന്ന നല്ലചര്യകള്‍ പിന്തുടരുന്നതില്‍ സര്‍വ്വനന്‍മകളുമുണ്ട്. പിന്‍കാമികളുടെ പിഴച്ചവഴികള്‍ അനുദാവനം ചെയ്യുന്നതിലാണ് സര്‍വ്വനാശവും കുടിയിരിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ.




Post a Comment

Previous Post Next Post