സ്രഷ്ടാവുമായി സൃഷ്ടികള്‍ നേരിട്ട് ഇടപെടുന്ന കര്‍മ്മമാണല്ലോ നിസ്‌കാരം. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് പുറമെ നിരവധി സുന്നത് നിസ്‌കാരങ്ങള്‍ നമുക്ക് നിര്‍വ്വഹിക്കാനുണ്ട്. ജമാഅത്ത് സുന്നത്തുള്ളവയും ഇല്ലാത്തവയും ഈ ഗണത്തിലുണ്ട്. ഇവയില്‍ ഓരോ സുന്നത്ത് നിസ്‌കാരങ്ങളുടേയും മഹത്വവും പ്രാധാന്യവും മുത്ത് നബി(സ്വ) വിശദീകരിക്കുകയും ജീവിതചര്യയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം അതിശ്രേഷ്ഠവും പുണ്യദായകവും ഇഹപര ഗുണങ്ങള്‍ നേടിത്തരുന്നതുമാണ് തഹജ്ജുദ് നിസ്‌കാരം.
സമയം, രൂപം.
രാത്രി ഉറങ്ങുകയും ഇശാഅ് നിസ്‌കരിക്കുകയും ചെയ്താല്‍ തഹജ്ജുദിന്റെ നേരമായി. അഥവാ, രാത്രി ഉറങ്ങുകയും ഇശാഅ് നിസ്‌കരിക്കുകയും ചെയ്തവര്‍ക്കേ തഹജ്ജുദ് നിസ്‌കരിക്കാന്‍ കഴിയൂ. ഉറങ്ങിയ ഒരു വ്യക്തി ഇശാഅ് നിസ്‌കരിച്ച ശേഷം നിര്‍വ്വഹിക്കുന്ന ഏത് നിസ്‌കാരം കൊണ്ടും തഹജ്ജുദ് ലഭിക്കും. പ്രബലാഭിപ്രായപ്രകാരം ഉറക്കം സംഭവിക്കുന്നത് ഇശാഅ് നിസ്‌കാരത്തിന് മുമ്പോ, ഇശാഇന്റെ നേരമാകുന്നതിന് മുമ്പോ ആണെങ്കിലും മതിയെന്നാണ്. തഹജ്ജുദിന്റെ റക്അതിന് നിശ്ചിത എണ്ണം പരിധിയൊന്നുമില്ല. മാത്രവുമല്ല, സുന്നത്ത് നിസ്‌കാരങ്ങള്‍ കൊണ്ടും ഖളാആയി നിര്‍വ്വഹിക്കുന്ന ഫര്‍ളുകള്‍ കൊണ്ടും തഹജ്ജുദ് ലഭിക്കും. തഹജ്ജുദ് നിസ്‌കാരത്തില്‍ പാരായണം ചെയ്യേണ്ടതായി പ്രത്യേക സൂറതുകളൊന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. തഹജ്ജുദ് ശീലമാക്കിയവര്‍ക്ക് എന്നെങ്കിലും അത് നഷ്ടപ്പെടുമ്പോള്‍ ഖളാഅ് വീട്ടാവുന്നതാണ്.
തഹജ്ജുദ് ശീലമാക്കുന്നവര്‍ ഒരു കാരണവുമില്ലാതെ അതൊഴിവാക്കല്‍ കറാഹത്താണ്. അബ്ദുല്ലാഹിബ്‌നുഅംരിബ്‌നില്‍ആസ്വ്(റ) വിനോട് നബി(സ്വ) പറഞ്ഞു: ''തഹജ്ജുദ് പതിവാക്കിയിട്ട് പിന്നീടത് ഉപേക്ഷിച്ച വ്യക്തിയെപ്പോലെ നീ ആവരുത്''. രാത്രിയില്‍, അര്‍ദ്ധരാത്രിക്ക് ശേഷം, അത്താഴനേരം പ്രത്യേകിച്ച് പ്രാര്‍ത്ഥനയും ഇസ്തിഗ്ഫാറും അധികരിപ്പിക്കല്‍ സുന്നത്താണ്. തഹജ്ജുദിന് കൊതിക്കുന്നവരെ ബുദ്ധിമുട്ടില്ലെങ്കില്‍ വിളിച്ചുണര്‍ത്തലും, ഉറങ്ങുമ്പോള്‍ തന്നെ തഹജ്ജുദിന് എഴുന്നേല്‍ക്കണമെന്ന് കരുതലും, ഉറക്കില്‍ നിന്നുണര്‍ന്നയുടന്‍ കണ്ണ്തിരുമ്പി, ആലുഇംറാനിലെ സൂക്തം 190 മുതല്‍ ആകാശത്തേക്ക് കണ്ണുയര്‍ത്തി ഓതലും സുന്നത്താണ്. തഹജ്ജുദ് നിസ്‌കരിക്കുന്നവര്‍ ഖൈലൂലത് ഉറങ്ങല്‍(ഉച്ചക്ക് മുമ്പ് അല്‍പനേരത്തെ ഉറക്കം) സുന്നത്താണ്.
ശ്രേഷ്ഠത, മഹത്വം.
മനുഷ്യന്റെ ഏറ്റവും വലിയ ആനന്ദമാണ് ഉറക്കം. അല്ലാഹു നമുക്ക് നല്‍കിയ പ്രധാന അനുഗ്രഹം കൂടിയാണത്. 'നിങ്ങള്‍ രാത്രിയും പകലും നിദ്ര കൊള്ളുന്നതും അവന്റെ ഔദാര്യങ്ങളില്‍ നിന്ന് ഉപജീവനമന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സത്യം ശ്രവിച്ച് വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പാഠങ്ങളുണ്ട്'(സൂറതുര്‍റൂം 23). പകല്‍ സമയത്തെ അധ്വാനങ്ങളില്‍ നിന്നെല്ലാം മുക്തനായി സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ ആ ഉറക്കില്‍ നിന്നെഴുന്നേറ്റ് തന്റെ രക്ഷിതാവിന് വേണ്ടി നിര്‍വ്വഹിക്കുന്ന നിസ്‌കാരമാണ് തഹജ്ജുദ്. അതുകൊണ്ട് തന്നെ ഇസ്‌ലാം ഇതിന് ഏറെ മഹത്വം കല്‍പിച്ചിട്ടുണ്ട്.
അബൂഹുറൈറ(റ) പറയുന്നു: ''ഫര്‍ള് നിസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ശ്രേഷ്ഠമായത് രാത്രി നിസ്‌കാരങ്ങളാണ്''. സ്വൂഫികളുടെ നേതാവ് സയ്യിദ് ജുനൈദുല്‍ബഗ്ദാദി(റ)യെ വഫാതിന് ശേഷം സ്വപ്നത്തില്‍ ദര്‍ശിച്ച ഒരാള്‍ അദ്ദേഹത്തോട് നിങ്ങളോട് അല്ലാഹു എങ്ങിനെയാണ് പെരുമാറിയതെന്ന് ചോദിച്ചു. 'ജീവിതത്തില്‍ നടത്തിയ പ്രഭാഷണങ്ങളും ക്ലാസുകളും മറ്റുമെല്ലാം നിശ്ഫലമായി. എഴുതിവെച്ചതും മറ്റും വൃഥാവിലായി. അത്താഴസമയം അല്ലാഹുവിന് വേണ്ടി നിര്‍വ്വഹിച്ച തഹജ്ജുദിന്റെ ചില റക്അതുകളാണ് നമുക്ക് ഉപകാരപ്രദമായത്'.
വിശുദ്ധ ഖുര്‍ആനില്‍ സച്ചരിതരുടേയും സ്വര്‍ഗ്ഗപ്രാപ്തരുടേയും ബുദ്ധിമാന്‍മാരുടേയും വിശേഷണങ്ങളെണ്ണിയ സ്ഥലങ്ങളില്‍ തഹജ്ജുദ് ശീലമാക്കുന്നവരെന്ന് പ്രത്യേകം ഉദ്ധരിച്ചത് നമുക്ക് കാണാം. സൂറതുല്‍ഫുര്‍ഖാനില്‍ കാരുണ്യവാന്റെ അടിമകളുടെ നിരവധി വിശേഷണങ്ങളില്‍ 'തങ്ങളുടെ നാഥന് സാഷ്ടാംഗം ചെയ്തും നമസ്‌കരിച്ചും കൊണ്ട് രാത്രി കഴിച്ചു കൂട്ടുകയും ചെയ്യുന്നവര്‍' എന്ന പരാമര്‍ശം കാണാം. അല്ലാഹുവിന്റെ അടയാളങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ പരാമര്‍ശിക്കുന്നിടത്തും തഹജ്ജുദ് പതിവാക്കുന്നവരെ അല്ലാഹു എടുത്തു കാണിച്ചിട്ടുണ്ട്. 'നിശ്ചയം നമ്മുടെ സൂക്തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ അവ മുഖേന ഉദ്‌ബോധിപ്പിക്കപ്പെട്ടാല്‍ സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നതും തങ്ങളുടെ നാഥനെ സ്തുതിച്ചു പ്രകീര്‍ത്തിക്കുന്നതുമാണ്. അവര്‍ അഹങ്കാരികളാവില്ല. ആശയിലും ആശങ്കയിലുമായി നാഥനോട് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അവര്‍ കിടപ്പറ വിട്ടുപോവുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും'(സജദ 15,16).
മുത്തഖീങ്ങളുടെ അഭയസ്ഥാനം സ്വര്‍ഗമാണെന്ന് സൂചിപ്പിച്ച് അവരുടെ ഗുണങ്ങള്‍ പറയുന്നിടത്തും തഹജ്ജുദ് ശീലമാക്കിയവരാണ് അവരെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ''നിശ്ചയം ജീവിതത്തില്‍ സൂക്ഷമത പാലിച്ചിരുന്നവര്‍- അവരുടെ നാഥന്‍ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്‍മാരായിരുന്ന അവര്‍, രാത്രിയില്‍ അല്‍പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവര്‍ക്കും ഉപജീവനം നിഷേധിക്കപ്പെട്ടവനും ഓഹരിയുണ്ടായിരിക്കും'.
സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളേയും സംബന്ധിച്ച് ആലോചിക്കുകയും പാരത്രിക ജീവിതത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിമാന്‍ തഹജ്ജുദ് ശീലമാക്കുമെന്നാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം. 'പാരത്രിക ജീവിതത്തെ ഭയപ്പെട്ട് നാഥന്റെ അനുഗ്രഹം പ്രത്യാശിക്കുകയും ചെയ്ത് നമസ്‌കരിച്ചും സാഷ്ടാംഗം ചെയ്തും നിശയുടെ നിമിഷങ്ങളില്‍ ആരാധനാ നിമഗ്‌നനായവനോ അതോ സത്യനിഷേധിയോ ശ്രേഷ്ഠന്‍?!. പറയുക: അറിവുള്ളവരും ഇല്ലാത്തവരും തുല്യരാകുമോ?. ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കൂ'(സുമര്‍ 9).
നേട്ടങ്ങള്‍.
സത്യവിശ്വാസി ജീവിതത്തില്‍ തഹജ്ജുദ് ശീലമാക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി തിരുവചനങ്ങളും കാണാം. 'നബി(സ്വ) പറയുന്നു: നിങ്ങള്‍ തഹജ്ജുദ്(ഖിയാമുല്ലൈല്‍)ശീലമാക്കുക, കാരണം അത് മുന്‍ഗാമികളുടെ ശീലങ്ങളില്‍ പെട്ടതും, അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗവും, പാപമോചനത്തിനുള്ള വഴിയും, ദുശ്ചൈതികളില്‍ നിന്ന് മനുഷ്യനെ പ്രതിരോധിക്കുന്നതും, ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതുമാണ്'. പ്രമുഖ സ്വഹാബികളില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഈ ഹദീസ് നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
ഒരു മനുഷ്യന്റെ ജീവിതത്തില്‍ വേണ്ട എല്ലാ കാര്യങ്ങളും തഹജ്ജുദ് ശീലമാക്കുന്നതിലൂടെ നേടിയെടുക്കാം. സച്ചരിതരെ അനുദാവനം ചെയ്യലാണല്ലോ വിജയത്തിലേക്കുള്ള ആദ്യപടി. റബ്ബിന്റെ പൊരുത്തവും, പാപമോക്ഷവും ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാകില്ല. മാത്രവുമല്ല ശരീരം രോഗമുക്തമായി സസന്തേഷം ജീവിക്കലാണ് മനുഷ്യന്റെ പ്രധാന ആഗ്രഹവും. ഇതെല്ലാം തഹജ്ജുദ് പതിവാക്കുന്നവര്‍ക്ക് ലഭിക്കുമെന്നാണ് ഉപര്യുക്ത നബിവചനത്തിലൂടെ സ്പഷ്ടമാകുന്നത്. എല്ലാത്തിലുമുപരി, തഹജ്ജുദ് ശീലമാക്കവന്നവര്‍ക്ക് നാളെ പരലോകത്ത് വെച്ച് കുടുംബത്തിന് വേണ്ടി ശുപാര്‍ഷ ചെയ്യാനുള്ള അധികാരമുണ്ടാകുമെന്ന് അബുല്‍വലീദിന്നൈസാബൂരി(റ) പറഞ്ഞിട്ടുണ്ട്.
സ്വന്തമായി തഹജ്ജുദ് ശീലിക്കുന്നതോടൊപ്പം കുടുംബത്തേയും ഈ സല്‍ഗുണശീലരാക്കാന്‍ വിശ്വാസി ശ്രമിക്കണമെന്ന് തിരുനബി(സ്വ) ആവശ്യപ്പെടുന്നുണ്ട്. 'രാത്രി ഉറക്കില്‍ നിന്നുണരുകയും തഹജ്ജുദ് നിസ്‌കരിക്കുകയും അതിന് വേണ്ടി ഭാര്യയെ വിളിച്ചുണര്‍ത്തുകയും, ഉണരാന്‍ വിസമ്മതിക്കുന്ന പക്ഷം മുഖത്തേക്ക് വെള്ളം തെളിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് അല്ലാഹുവിന്റെ കാരുണ്യവര്‍ഷമുണ്ടാകട്ടെ. രാത്രി ഉണര്‍ന്ന് തഹജ്ജുദ് നിസ്‌കരിച്ച്, അതിന് വേണ്ടി ഭര്‍ത്താവിനെ വിളിക്കുകയും എഴുന്നേല്‍ക്കാത്തപ്പോള്‍ മുഖത്ത് വെള്ളം തെളിക്കുകയും ചെയ്യുന്ന ഭാര്യയേയും അല്ലാഹു കാര്യുണ്യവര്‍ഷം കൊണ്ടനുഗ്രഹിക്കട്ടെ' എന്ന് മുത്ത് നബി(സ്വ) പ്രാര്‍ത്ഥിച്ചതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.
രാത്രി ഉണരുകയും കുടുംബത്തെ(ഭാര്യ) വിളിച്ചുണര്‍ത്തി ഇരുവരും ഒരുമിച്ചു രാത്രി നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിന് ധാരാളം ദിക്‌റ് ചൊല്ലുന്ന ആണ്‍ പെണ്‍ വിഭാഗത്തില്‍ അല്ലാഹു ഉള്‍പ്പെടുത്തുമെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ധാരാളം ദിക്‌റ് ചൊല്ലുന്നവര്‍ക്ക് പാപമോചനവും സ്ര്‍ഗ്ഗ പ്രാപ്തിയുമാണ് പ്രതിഫലമായി അല്ലാഹു നിശ്ചയിച്ചത്(അഹ്‌സാബ് 35).
തഹജ്ജുദ് നിസ്‌കരിക്കുന്ന വ്യക്തിയെ അല്ലാഹു വളരെയേറെ ഇഷ്ടപ്പെടുമെന്നും അവനെ സംബന്ധിച്ചു അഭിമാനിക്കുമെന്നും ഹദീസുകളിലുണ്ട്. അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) പറയുന്നു: ''രണ്ട് വ്യക്തികളെ നോക്കി അല്ലാഹു ചിരിക്കും; ഒരാള്‍ അനുയായികളോടൊപ്പം യുദ്ധം ചെയ്യാന്‍ പുറപ്പെട്ടു, കൂടെയുള്ളവര്‍ പിന്തിരിഞ്ഞോടിയെങ്കിലും അദ്ദേഹം പിടിച്ചു നില്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടാല്‍ അദ്ദേഹം രക്തസാക്ഷിയാണ്. ഇല്ലെങ്കില്‍ ജീവിതം തുടരുകയും ചെയ്യാം. രണ്ടാമത്തെയാള്‍ അര്‍ദ്ധരാത്രി ആരുമറിയാതെ എഴുന്നേറ്റും വുളൂഅ് ചെയ്ത് റബ്ബിനെ സ്തുതിക്കുകയും നബിയുടെ മേല്‍ സ്വലാത് ചൊല്ലുകയും ഖുര്‍ആന്‍ ഓതുകയും ചെയ്തവനാണ്. 'ഞാനല്ലാതെ മറ്റൊരാള്‍ കാണാത്ത വിധം എന്നെ ആരാധിക്കുന്ന എന്റെ അടിമയെ നിങ്ങള്‍ നോക്കൂ എന്ന് അവനെ ചൂണ്ടി അല്ലാഹു പറയും'''.
ഒരിക്കല്‍ നബി(സ്വ) പറയുകയുണ്ടായി; 'സ്വര്‍ഗ്ഗത്തില്‍ അകത്ത് നിന്ന് പുറം ഭാഗവും പുറത്ത് നിന്ന് അകവും കാണുന്ന ഒരു വീടുണ്ട്, ഉടനെ ഒരു അഅ്‌റാബി ചോദിച്ചു ആ വീട് ആര്‍ക്കാണ്?. മുത്ത് നബി(സ്വ) പറഞ്ഞു: സംസാരം നന്നാക്കുകയും ഭക്ഷണം നല്‍കുകയും സലാം വ്യാപിപ്പിക്കുകയും ആളുകള്‍ ഉറങ്ങുമ്പോള്‍ രാത്രി നേരം നിസ്‌കരിക്കുകയും ചെയ്തവര്‍ക്ക്'.
തഹജ്ജുദ് നിസ്‌കരിക്കുന്നവന്‍ നാളെ പരലോകത്ത് നന്‍മയില്‍ ദനാഢ്യനായിരിക്കും. സുലൈമാന്‍(അ)ന് മാതാവ് നല്‍കിയ പ്രധാന ഉപദേശം ഇപ്രകാരമായിരുന്നു: ''മോനേ, രാത്രി ഉറക്കം നീ അധികരിപ്പിക്കരുത്. കാരണം, രാത്രി ഉറക്കം അധികരിപ്പിക്കല്‍ മനുഷ്യനെ അന്ത്യനാളില്‍ ദരിദ്രനാക്കി മാറ്റും''. അബൂഹുറൈറ(റ) നബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്നു; ''ഒരു മനുഷ്യനുറങ്ങിയാല്‍ അവന്റെ തലയില്‍ ദീര്‍ഘമായി നീ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ് പിശാച് മൂന്ന് കെട്ട് കെട്ടും. രാത്രി ഉണര്‍ന്ന് ദിക്‌റ് ചൊല്ലിയാല്‍ അതിലെ ഒരു കെട്ട് അഴിയും. വുളൂഅ് ചെയ്താല്‍ രണ്ടാമത്തേതുമഴിയും. നിസ്‌കരിച്ചാല്‍ മൂന്നാമത്തെ കെട്ടും അഴിയും. ശുദ്ധമനസ്സോടെയും ഉന്‍മേശത്തോടെയും പ്രഭാതത്തെ സ്വീകരിക്കാന്‍ അവന് സാധിക്കും. ഇല്ലെങ്കില്‍ മടിയനായും ചീത്ത മാനസനായും പ്രഭാതത്തിലാവേണ്ടിവരും''.
തഹജ്ജുദ് നിസ്‌കരിക്കുന്നവര്‍ അല്ലാഹുവുമായി സ്വകാര്യബന്ധം സുദൃഢമാക്കുന്നവരായത് കൊണ്ട് തന്റെ പ്രകാശത്താല്‍ അല്ലാഹു അവരെ ആവരണം ചെയ്യുന്നത് കാരണം അവര്‍ ഭൂമിയില്‍ മുഖശോഭയുള്ളവരായിക്കും. ഐഹികജീവിതം കഴിഞ്ഞ് പരലോക ജീവിതമാരംഭിക്കുന്ന ഖബറില്‍ ഇരുട്ടില്‍ ചെന്നു കിടക്കുന്ന മനുഷ്യന് അവിടെ വെളിച്ചമായി മാറുന്നത് രാത്രി നിസ്‌കാരങ്ങളായിരിക്കുമെന്ന് ഇമാം ശഖീഖുല്‍ബല്‍ഖി(റ) പഠിപ്പിച്ചിട്ടുണ്ട്. റബ്ബിന്റെ കോടതിയില്‍ ശുദ്ധമനസ്സുമായി ചെല്ലുന്നവര്‍ക്ക് മാത്രമാണല്ലോ രക്ഷയുള്ളത്. മനസ്സിന്റെ രോഗങ്ങള്‍ ചികിത്സിക്കാനുള്ള അഞ്ച് മരുന്നുകളില്‍ അതിപ്രധാനമാണ് രാത്രി നിസ്‌കാരം. ഇത്രയേറെ മഹത്വവും പ്രാധാന്യവും നേട്ടങ്ങളും ലഭിക്കുന്നത് കൊണ്ട് തന്നെയാണ് നമ്മുടെ മുന്‍ഗാമികള്‍ തഹജ്ജുദ് അവരുടെ ജീവിതശീലമാക്കിയെടുത്തത്. തഹജ്ജുദ് ജീവിതാന്ത്യം കൊണ്ട് നടക്കാന്‍ അല്ലാഹു നമ്മെ തുണക്കട്ടെ. ആമീന്‍.
Post a Comment