പ്രണയം മനുഷ്യസഹജമാണ്, മനുഷ്യ വികാരവുമാണ്. മനുഷ്യനെ ആനന്ദലോകത്തേക്കും, ചിലപ്പോള്‍ വിഷാദരോഗത്തിലേക്കും പ്രണയം കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ പ്രണയം സമ്പൂര്‍ണ്ണവും സമ്പന്നവുമാവണമെങ്കില്‍ അല്ലാഹു പ്രണയിച്ചവരെ പ്രണയിക്കണം. അവര്‍ക്ക് ജീവിതം മധുരാനുഭവമായിരിക്കുമെന്ന് തീര്‍ച്ച.
പ്രണയം തിരുനബി(സ്വ)യോടാവുകയും, തിരുനബി(സ്വ) യഥാര്‍ത്ഥ പ്രേമഭാജനമായി മനസ്സില്‍ നിറയുകയും ചെയ്യുന്നവര്‍ക്ക് ജീവിതം ഏറെ സന്തോഷദായകാമായ അനുഭവമായിത്തീരുന്നതാണ്. കാരണം നമ്മുടെ ഉണ്‍മക്ക് തന്നെ നിദാനം തിരുനബി(സ്വ)യാണ്. അതാണ് തിരുനബി(സ്വ)യോട് നമുക്ക് പ്രണയം ഉണ്ടാവണമെന്നതിന്റെ അടിസ്ഥാനവും.
സര്‍വ്വലോകര്‍ക്കും കാരുണ്യമായി അവതരിച്ച തിരുനബി(സ്വ) പ്രതിസന്ധികളില്‍ മുഴുവന്‍ കാവലായും, അത്യാഹിതങ്ങളില്‍ കരുതലായും, ആപല്‍ഘട്ടങ്ങളില്‍ ആലംഭമായും രോഗവേളകളില്‍ ആശ്വാസമായും അനുഭവപ്പെടുന്നു. ജീവിതകാലത്തും ശേഷവും ഈ അനുഭവങ്ങളില്‍ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അബ്ദുല്ലാഹിബ്‌നുഉമര്‍(റ)ന്റെ കാലിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഇബ്‌നുസഅദ്(റ) പറഞ്ഞു:'ജനങ്ങളില്‍ നിങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെ നിങ്ങള്‍ വിളിക്കുക'. ഇബ്‌നുഉമര്‍(റ) 'യാ മുഹമ്മദ്' എന്ന് വിളിച്ചു. തത്ഫലം പ്രയാസം ഇല്ലാതെയായി. ചരിത്രത്തില്‍ തിരുചര്യാനുദാവകന്‍ എന്നറിയപ്പെടുന്ന അബ്ദുല്ലാഹ്(റ), തിരനബി(സ്വ)യുടെ ആശിഖായിരുന്നു എന്നത് സത്യമാണ്.
പ്രണയം പൂത്തുലയുമ്പോള്‍ പ്രേമഭാജനത്തെക്കുറിച്ചുള്ള ചിന്തയില്‍ മാത്രമായി മുഴുകുന്ന ആശിഖ് നിരന്തരം തന്റെ മഅ്ശൂഖിനെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. മാലിക് ബ്‌നുദീനാര്‍(റ) പറയുന്നു:'നിരന്തരം അല്ലാഹുവിനെ ഓര്‍ക്കുന്നത് അവനോടുള്ള സമ്പൂര്‍ണ പ്രണയത്തിന്റെ അടയാളമാണ്. കാരണം, ആശിഖ് മഅ്ശൂഖിന്റെ ഓര്‍മകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും'.
ഇമാം അഹ്മദ്ബ്‌നുഹമ്പല്‍(റ)വും, ഇമാം ശാഫിഈ(റ)വും വലിയ പ്രേമത്തിലായിരുന്നു. അഹ്മദ്ബ്‌നുഹമ്പല്‍(റ) രോഗിയായെന്നറിഞ്ഞപ്പോള്‍ ശാഫിഈ(റ) സന്ദര്‍ശിച്ചു. തിരിച്ചെത്തി ശാഫിഈ(റ)വും രോഗിയായി. രോഗം ഭേദമായ അഹ്മദ്ബ്‌നുഹമ്പല്‍(റ) ശാഫിഈ(റ)നെ സന്ദര്‍ശിച്ചു. ഇതേ കുറിച്ച് ഇമാം ശാഫിഈ(റ) പാടിയതിങ്ങനെയാണ് ''ഹബീബിന് രോഗം വന്നപ്പോള്‍ ഞാന്‍ സന്ദര്‍ശിക്കുകയും ആ വേദനയില്‍ രോഗിയാവുകയുമുണ്ടായി. ഹബീബിന്റെ രോഗം ഭേദമായപ്പോള്‍ എന്നെ സന്ദര്‍ശിച്ചു, ഹബീബിനെ കണ്ടതോടെ എന്റെ രോഗം ഭേദമാവുകയും ചെയ്തു''. രോഗാതുരമായ ശരീരത്തിനും ആത്മാവിനും പ്രേമഭാജനത്തെ ദര്‍ശിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും രോഗം ഭേദമാവാനും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുവാനുമുള്ള കാരണമാണ്.

ഖസ്വീദതുല്‍ബുര്‍ദയും മന്‍ഖൂസ് മൗലിദും
പ്രണയ മാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം തിരനബി(സ്വ) മാത്രമാണ്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പ്രണയകാവ്യങ്ങള്‍ വിരചിതമായതും ഹബീബ്(സ്വ)യെ കുറിച്ച് തന്നെ. ഈ പ്രണയഗീതങ്ങളില്‍ വിശ്വപ്രസിദ്ധമാണ് ഖസ്വീദതുല്‍ബുര്‍ദ:. വ്യത്യസ്ഥ ലോക ഭാഷകളിലും മറ്റും ഈ കാവ്യസമാഹാരത്തിന് വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടെന്നതും, ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി സദസ്സുകളില്‍ ഈ കാവ്യം നൈരന്തര്യം ആലപിക്കപ്പെടുകയും ചെയ്യുന്നതും ഇതിന്റെ പ്രധാന്യമാണ് സൂചിപ്പിക്കുന്നത്.
ബൂസ്വീരി എന്നറിയപ്പെടുന്ന  അബൂഅബ്ദില്ലാഹ് ശറഫുദ്ദീന്‍ മുഹമ്മദ്ബ്‌നുസഈദിബ്‌നിഹമ്മാദിസ്വന്‍ഹാജി ഹിജ്‌റ 608ല്‍ ജനിച്ച് 696ലാണ് വഫാതായത്. വടക്കന്‍ആഫ്രിക്കയിലെ ആമാസീഗിയ്യ ഗോത്രത്തിലെ സ്വന്‍ഹാജ ഉപഗോത്രത്തിലേക്ക് എത്തുന്ന കുടുംബവേരുകളില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം, ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും തിരുനബി(സ്വ)യുടെ ചരിത്രങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തു.  നിരവധി കാവ്യസമാഹാരങ്ങള്‍ (നബിയെ കുറിച്ച കവിതകളടക്കം) രചിച്ചെങ്കിലും  'അല്‍കൗകബുദ്ദുര്‌രിയ്യ ഫീ മദ്ഹി ഖൈരില്‍ബരിയ്യ' എന്ന ഖസ്വീദതുല്‍ബുര്‍ദയാണ് ഏറെ ജനശ്രദ്ധനേടിയത്.
പക്ഷാഘാതം പിടിപെട്ട് കഴിയവെ ശമനോദ്ദ്യേശ്യത്തോടെ ബൂസ്വീരി(റ) തിരുനബി(സ്വ)യെ കുറിച്ച് കവിതകള്‍ രചിക്കുകയും ആ കവിതകള്‍ പാടി ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു ദിവസം ഉറക്കത്തില്‍ തിരുനബി(സ്വ) വന്ന് ശരീരത്തില്‍ തിരുകരം കൊണ്ട് സ്പര്‍ശിക്കുകയും ഒരു പുതപ്പ് ധരിപ്പിക്കുകയും അത് വഴി രോഗമുക്തനായി പ്രഭാതത്തില്‍ എഴുന്നേല്‍ക്കുകയും ചെയ്തു. രോഗമുക്തനായി നടക്കുന്നത് കണ്ട ഒരു വ്യക്തി ബൂസ്വീരിയോട്  താങ്കളുണ്ടാക്കിയ ആ പ്രകീര്‍ത്തന കാവ്യം നല്‍കുമോ എന്നാവശ്യപ്പെട്ടു. ഏത് കാവ്യമാണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ആദ്യഭാഗം ചൊല്ലിക്കൊടുത്ത് രോഗവേളയില്‍ ഉണ്ടാക്കിയ ഈ കാവ്യമാണുദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന് ബൂസ്വീരി(റ) അത് നല്‍കുകയും അത് ജനപ്രസിദ്ധി നേടുകയും ചെയ്തു.
ബുര്‍ദ, ബുര്‍ഉദ്ദാഅ് തുടങ്ങി വിവിധ നാമങ്ങളില്‍ ഇത് പ്രസിദ്ധമാണ്. അനുരാഗം, ദേഹേച്ഛയെ സംബന്ധിച്ച മുന്നറിയിപ്പ്, തിരുനബി(സ്വ)യുടെ പ്രകീര്‍ത്തനം, ജന്‍മം, അമാനുഷികത, ഖുര്‍ആന്‍ മഹത്വം, ഇസ്രാഅ് മിഅ്‌റാജ്, ധര്‍മ്മസമരങ്ങള്‍, നബി(സ്വ)യെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കല്‍, അഭിമുഖഭാഷണം തുടങ്ങി പത്തോളം ഭാഗങ്ങളില്‍ 160 കവിതകളാണ് ബുര്‍ദയിലുള്ളത്. ഓരോ വരിയിലും അറബി സാഹിത്യത്തിലെ വിവിധ ഭാഗങ്ങളുടെ സമുന്നതമായ ശൈലികളില്‍ കോറിയിട്ട പ്രകീര്‍ത്തനങ്ങള്‍ ഹൃദ്യവും ആസ്വാദ്യകരവുമാണ്. ഇത് കൊണ്ട് തന്നെ നിരവധി പ്രസിദ്ധരുടെ വ്യാഖ്യാനങ്ങള്‍ ഈ കാവ്യസമാഹാരത്തിന് വിരചിതമായിട്ടുണ്ട്. അഹ്മദ്ശൗഖിയെ പോലെ നിരവധി  കവികള്‍ ഖണ്ഡന കാവ്യങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അവര്‍ തന്നെ പരാജയം സമ്മതിച്ചുവെന്നാണ് അഹ്മദ് സകീ പാഷ രേഖപ്പെടുത്തിയത്.
ഖസ്വീദതുല്‍ബുര്‍ദ ബൂസ്വീരി(റ) രചിക്കുന്നത് സ്വന്തം രോഗശമനത്തിന് വേണ്ടിയായിരുന്നെങ്കില്‍ ആ പവിത്രത കാലക്രമേണ സമൂഹത്തിന് കൂടുതല്‍ ബോധ്യപ്പെടുകയും നൂറ്റാണ്ടുകളായി ഓരോ  കാലഘട്ടത്തിലുള്ളവരും ഇന്നും പല കാര്യങ്ങള്‍ക്കായി, പ്രത്യേകിച്ച് രോഗ ശമനത്തിന് വേണ്ടി  ബുര്‍ദ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നുണ്ട്. അല്‍മലികുള്ളാഹിറിന്റെ മന്ത്രിയായിരുന്ന അസ്സ്വാഹിബ് ബഹാഉദ്ദീന്‍ എന്നവരുടെ കയ്യില്‍ ഇതിന്റെ ഒരു കോപ്പി കിട്ടിയപ്പോള്‍ ആ കാവ്യസമാഹാരം മുഴുവന്‍ നഗ്‌നപാദനായി, തല മറക്കാതെ, നിന്ന് കൊണ്ട് മാത്രമേ കേള്‍ക്കുകയുള്ളൂ എന്ന് നേര്‍ച്ച നേരുകയും അദ്ദേഹവും കുടുംബവും ഇത് പാടി ബറകതെടുക്കുകയും ചെയ്യുമായിരുന്നു. സഅദുദ്ദീനില്‍ഫാറഖി എന്നിവര്‍ക്ക് ചെങ്കണ്ണ് പിടിപെട്ട് കാഴ്ച വരെ നഷ്ടപ്പെടുമെന്ന അപകടാവസ്ഥയിലെത്തിയപ്പോള്‍ അസ്സ്വാഹിബ് ബഹാഉദ്ദീന്റെ അടുക്കല്‍ ചെന്ന് ബുര്‍ദയുടെ കോപ്പി വാങ്ങി കണ്ണിന് മുകളില്‍ വെച്ച് ബര്‍കതെടുക്കാന്‍ സ്വപ്നത്തില്‍ ആരോ വന്ന് ആവശ്യപ്പെടുകയും തദനുസാരം പ്രവര്‍ത്തിച്ചപ്പോള്‍ ഫലം സിദ്ധിക്കുകയും ചെയ്തു.
ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ് തന്റെ മരണരോഗവുമായി ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ തന്റെ അരികില്‍ വെച്ച് ബുര്‍ദ പാരായണം ചെയ്യാന്‍ നിര്‍ദേശിക്കുകയും മരണം വരെ അത് തുടരുകയും അദ്ദേഹം അതിന് ജവാബ് ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണാന്‍ സാധിക്കും. ബുര്‍ഉദ്ദാഅ്(രോഗ ശമനം) എന്ന നാമകരണം വളരെ കൃത്യമായി അനുഭവപ്പെടുന്ന ഈ പ്രവാചകാനുരാഗ കാവ്യം നാം നിത്യജീവിതത്തില്‍ പ്രഥമശുശ്രൂഷയായി സംരക്ഷിക്കുകയും ഹബീബ്(സ്വ)യോടുള്ള അനുരാഗവും ഇശ്ഖും ഖല്‍ബില്‍ നിറഞ്ഞൊഴുകാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
മനസ്സില്‍ ഹബീബ്(സ്വ)യോട് പ്രേമവും അനുരാഗവും ഇശ്ഖും നിറച്ച്, കരുണാമൃതമായി വര്‍ഷിച്ച ആ പ്രമേഭാജനത്തെ മനസ്സില്‍ ധ്യാനിച്ചാല്‍ മനസ്സും ഗാത്രവും രോഗമുക്തമാകുമെന്നതില്‍ സന്ദേഹമില്ല. സത്യവിശ്വാസികള്‍ മരുന്നും കരുണയുമായി അവതരിച്ച ഖുര്‍ആന്‍ പോലും ഇറങ്ങിയത് തിരുമേനി(സ്വ)ക്ക് വേണ്ടിയാണ്. തിരുമേനി(സ്വ)തന്നെ മരുന്നും കരുണയുമാണ്. അവിടുത്തെ മന്ത്രം, സ്പര്‍ശനം. തിരുനോട്ടം, ഉമിനീര്‍, ശരീരത്തില്‍ നിന്ന് എടുക്കപ്പെടുന്നതെല്ലാം മരുന്നാണ്. ആ മരുന്നാണ് നാം സേവിക്കേണ്ടത്. ഖല്‍ബില്‍ നിറച്ച് വെക്കേണ്ടത്. ഖസ്വീദതുല്‍ബുര്‍ദ അതിനുള്ള ഏററവും നല്ല മാര്‍ഗ്ഗമാണ്. വിശ്വാസികളുടെ നാവിന്‍ തുമ്പില്‍ ബുര്‍ദയിലെ വരികളും അതിന്റെ ജവാബും അനര്‍ഘമായി ഒഴുകുന്നത് ഇതിന്റെ സ്വീകരാര്യതയുടെ നേര്‍സാക്ഷ്യവും അനുരാഗം അനുഭവമാകുന്നതിന്റെ ലക്ഷണവുമാണ്. മലയാളം, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, തുര്‍ക്കി, യൂറോപ്യന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ബര്‍ബര്‍ തുടങ്ങിയ ഭാഷകളിലെല്ലാം ഇതിന്റെ വ്യാഖ്യാനങ്ങളിറങ്ങിയിട്ടുണ്ട്.

മന്‍ഖൂസ്വ ് മൗലിദ്
തിരുനബി(സ്വ)യുടെ ജന്‍മവുമായി ബന്ധപ്പെട്ട അത്ഭുത സംഭവങ്ങളും മഹത്വങ്ങളും, ചരിത്രവും മറ്റും പദ്യമായും ഗദ്യമായും കോര്‍ത്തിണക്കുന്നതാണ് മൗലിദ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വ്യത്യസ്ഥ രീതിയിലുള്ള മൗലിദുകള്‍ വിശ്വോത്തര പണ്ഡിതര്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറെ പ്രചുരപ്രചാരം നേടിയ മൗലിദുകളില്‍ ഒന്നാണ് മന്‍ഖൂസ്വ ് മൗലിദ്.
ഇമാം ഗസാലിയുടെ സുപ്രസിദ്ധ 'സുബ്ഹാന' മൗലിദില്‍ നിന്ന് ചുരുക്കി ഉണ്ടാക്കിയ മൗലിദ് ആയതിനാല്‍ ചുരുക്കപ്പെട്ടത് എന്ന അര്‍ത്ഥമുള്ള മന്‍ഖൂസ്വ ് എന്ന പേരില്‍ തന്നെയാണ് ഈ മൗലിദ് അറിയപ്പെടുന്നത്. പൊന്നാനിയിലും പരിസരങ്ങളിലും കോളറ ബാധിക്കുകയും ദിനംപ്രതി നിരവധി പേര്‍ മരിച്ചൊടുങ്ങുകയും ചെയ്യുന്ന ഭീതിതവും പ്രയാസകരവുമായ സാഹചര്യം ഉടലെടുത്തപ്പോഴാണ് അന്നത്തെ ജനങ്ങള്‍ ശൈഖ് മഖ്ദൂം(ഒന്നാമന്‍) അബൂഹഹ്‌യ സൈനുദ്ദീന്‍ബ്‌നിഅലിയ്യിബ്‌നിഅഹ്മദില്‍മഅബരി(റ)നെ സമീപിച്ച് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നത്. അന്നേരം ഈ മൗലിദ് ക്രോഢീകരിക്കുകയും വീടുകളില്‍ പതിവാക്കുവാനും സദ്യകഴിക്കുവാനും അവര്‍ നിര്‍ദേശിക്കുകയുണ്ടായി. ആ പുണ്യ കര്‍മത്തിലൂടെ നാട്ടില്‍ പടര്‍ന്നു പിടിച്ച സാംക്രമിക രോഗങ്ങള്‍ ഉഛാടനം ചെയ്യപ്പെടുകയും ജനജീവിതം പൂര്‍വ്വസ്ഥിതി പ്രാപിക്കുകയുമുണ്ടായി.
ഇമാം ബൂസ്വീരിയുടെ ബുര്‍ദാ രചനാ പശ്ചാതലം സ്വന്തം രോഗശമനമായിരുന്നെങ്കില്‍, ശൈഖ് മഖ്ദൂം(റ) മന്‍ഖൂസ്വ ് മൗലിദ് രചിക്കുന്നത് സാമൂഹിക വിപത്ത് പ്രതിരോധിക്കുന്നതിനായിരുന്നു. ബുര്‍ദയില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കവിതകളായി മാത്രം വഴിഞ്ഞൊഴികയപ്പോള്‍, ഗദ്യമായും പദ്യമായും പ്രകീര്‍ത്തനങ്ങള്‍ കോര്‍ത്തിണങ്ങിയാണ് മന്‍ഖൂസ്വ ് മൗലിദ് വിരചിതമായത്.
അഞ്ച് ഹദീസും അഞ്ച് പദ്യസമൂഹവും പ്രാര്‍ത്ഥനയും അടങ്ങിയതാണ് മന്‍ഖൂസ്വ ് മൗലിദ്. ഒന്നാമത്തെ ഹദീസില്‍ റബീഉല്‍അവ്വലില്‍ സന്‍മാര്‍ഗദര്‍ശകനായ തിരുചന്ദ്രശോഭയെ ഉദിപ്പിച്ച നാഥനെ സ്തുതിച്ചു തുടങ്ങി, മുന്‍കാല പ്രവാചകര്‍ തിരുദൂതരെ കൊണ്ട് സഹായം അഭ്യര്‍ത്ഥിച്ചത് സൂചിപ്പിച്ച്, ആ തിരുവൊളി ആമിനബീബി(റ)യുടെ ഗര്‍ഭത്തിലേക്ക് എത്തുന്ന ക്രമം വിശദീകരിക്കുകയാണ്. ഹബീബ്(സ്വ)യെ വര്‍ണ്ണിക്കുന്ന സൂറതുത്തൗബയിലെ അവസാന ആയതും അതിലുള്‍ക്കൊണ്ടിട്ടുണ്ട്. രണ്ടാമത്തെ ഹദീസില്‍ തിരുനബി(സ്വ)യുടെ ഗര്‍ഭകാലവും റജബ് മുതല്‍ റബീഉല്‍അവ്വല്‍ വരെയുള്ള ഓരോ മാസങ്ങളിലും ഉണ്ടായ അത്ഭുതങ്ങളും ആകാശഭൂമി ലോകത്ത് സൃഷ്ടികള്‍ സംഭവിച്ച അനുഭവമാറ്റങ്ങളും, ആമിനബീബിയുടെ അവസ്ഥകളും അവരെ സാന്ത്വനിപ്പിക്കാന്‍ വന്ന പ്രവാചകരേയും മറ്റും പരാമര്‍ശിക്കുന്നുണ്ട്.   മൂന്നാമത്തെ ഹദീസില്‍ ആ തിരുഗാത്രം ഭൂമിയിലേക്ക് പ്രസവിക്കപ്പെട്ട് അനുഗ്രഹീതമായ നിമിഷത്തെ കുറിച്ചും അന്നേരം ആമിനബീബി കണ്ട അത്ഭുത കാഴ്ചകളും, പ്രസവാനന്തരം ഖത്മുന്നുബുവ്വതിന്റെ മുദ്രണം നടത്താന്‍ മാലാഖമാര്‍ എടുത്തതും, പേര്‍ഷ്യയിലെ അഗ്‌നി ഒടുങ്ങിയതും, സാവാ തടാകം വറ്റിയതും മറ്റു അത്ഭുതങ്ങളും പരാമൃഷ്ടമാകുന്നു. 
നാലാമത്തെ ഹദീസില്‍ പ്രസവിച്ച് ഏഴാം ദിനം അബ്ദുല്‍മുത്വലിബ് അഖീഖ അറുത്തതും ഖുറൈശികളെ വിളിച്ച് സദ്യ നല്‍കിയതും ആകാശഭൂമിയിലുള്ളവര്‍ മുഴുവനും തന്റെ മകനെ സ്തുതിക്കുവാനാണ് മുഹമ്മദ് എന്ന് നാമകരണം നടത്തിയതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും അതിലുണ്ട്. അവസാന ഹദീസിലാണ് അലിയ്യുബ്‌നുസൈദ് എന്നവരുടെ അയല്‍വാസിയായ ദിമ്മിയ്യും അദ്ദേഹവും തമ്മിലുള്ള സംഭവം വിശദമായി പരാമര്‍ശിക്കുന്നത്. നബി(സ്വ)യുടെ ജന്‍മത്തില്‍ സന്തോഷിച്ച് പാവപ്പെട്ടവരെ വിളിച്ച് സദ്യനല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തെ പരിഹസിച്ച അയല്‍വാസി പിന്നീട് തിരുനബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിക്കുന്നതും കുടുംബസമേതം ഇസ്‌ലാം സ്വീകരിച്ച് ഓരോരോ ദിവസങ്ങളില്‍ ഓരോരുത്തര്‍ മരിക്കുന്നതും സ്വര്‍ഗ്ഗകൊട്ടാരം ഉടമപ്പെടുത്തുന്നതും ആ ഹദീസിലുണ്ട്.
ഇടയില്‍ വരുന്ന പദ്യങ്ങളില്‍ തിരുനബി(സ്വ)യുടെ വര്‍ണനകളും, തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തുന്നതും, ശഫാഅത് ചോദിക്കുന്നതും, പ്രസവ നേരത്തെ സാഹചര്യങ്ങളും മറ്റുമെല്ലാം സുന്ദരമായ സാഹിതീയ ശൈലിയില്‍ മനോഹരമായി വര്‍ണ്ണിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് സര്‍വ്വ വിപത്തുകളില്‍ നിന്നും പൂര്‍ണ്ണ മുക്തിക്ക് വേണ്ടിയും പാപമോചനവും മറ്റു കാര്യങ്ങളും ഉണര്‍ത്തി ഹ്രസ്വമായ പ്രാര്‍ത്ഥനയുമാണ് ഇതിലുള്ളത്.
മന്‍ഖൂസ്വ ് മൗലിദിലെ ഓരോ വരികളും ഹബീബ്(സ്വ)യോടുള്ള ഇഷ്ഖ് നിറഞ്ഞൊഴുകുന്നത് കാണാം. പൂര്‍ണ്ണചന്ദ്രനേക്കാള്‍ ശോഭയേക്കാള്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ഉദയം ചെയ്യുന്നു. അങ്ങാണ് ഞങ്ങളുടെ ഉമ്മയും ഉപ്പയും. ഞങ്ങളുടെ ഉമ്മ ഉപ്പമാരില്‍ അങ്ങയോളം നന്‍മകള്‍ ഞങ്ങള്‍ കണ്ടിട്ടേ ഇല്ല. പാപക്കറകളുമായി വരുന്ന ഞാന്‍ അങ്ങയോടാണ് സങ്കടം ഉണര്‍ത്തുന്നത്. തിരുനദൂതരേ, അങ്ങ് ഞങ്ങള്‍ക്ക് നാളെ ഖിയാമതില്‍ ശഫാഅത് നല്‍കണേ.
സാമൂഹിക വിപത്തുകള്‍ നീങ്ങാനും, ക്ഷേമായ്‌ശൈര്യത്തിനും ഈ മൗലിദ് നിശ്ചിത ദിവസങ്ങളില്‍ പതിവാക്കാന്‍ മഹാന്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അമ്പംകുന്നില്‍ മറപെട്ടുകിടക്കുന്ന ബീരാന്‍ ഔലിയ(റ) രോഗമോ, പ്രശ്‌നങ്ങളോ പരാതിപ്പെടുന്നവരോട് നിശ്ചിത ദിവസം കൃത്യമായി മന്‍ഖൂസ്വ ് മൗലിദ് ചൊല്ലാന്‍ പറയുകയും അത് വഴി മുക്തരാവുകയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടിട്ടുണ്ട്. പുത്തനാശയക്കാര്‍ വരെ സ്വകാര്യമായി ഈ കാര്യം നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വരാറുണ്ട്.
ഓരോ റബീഉല്‍ആഖിര്‍ മാസത്തിലേയും വെള്ളിയാഴ്ച രാവില്‍ താനൂര്‍ പ്രദേശത്തെ ഓരോ മഹല്ലിലേയും ഓരോ വീടുകളിലും പള്ളികളിലും മറ്റുമായി നടന്നു വരുന്ന 'നാട്ടുമൗലിദ്' പരിപാടിയില്‍ മന്‍ഖൂസ്വ ് മൗലിദും, മുഹ്‌യിദ്ദീന്‍ മൗലിദും, രിഫാഈ മൗലിദും അശ്‌റഖ ബൈതുമാണ് ചൊല്ലി വരാറുള്ളത്. അകാലമായി പടര്‍ന്ന് പിടിച്ച അഗ്‌നിബാധയെ ചെറുക്കാനാണ് ഈ സമ്പ്രദായം മഹത്തുക്കളുടെ നിര്‍ദേശപ്രകാരം തുടങ്ങിയതെന്നും, കോളറ, വസൂരി പോലെയുള്ള രോഗങ്ങളുടെ വ്യാപന പശ്ചാതലത്തിലാണ് ആരംഭിച്ചതെന്നും അഭിപ്രായാനന്തരമുണ്ട്. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും മാരക രോഗങ്ങളുടേയും വിപത്തുകളുടേയും നിര്‍മ്മാര്‍ജ്ജനത്തിന് മന്‍ഖൂസ്വ ് മൗലിദ് പതിവാക്കാന്‍ പല മഹാന്‍മാരും നിര്‍ദേശിച്ചത് കാണാം.
കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും അവരുടെ ഏതൊരു നന്‍മയുള്ള കാരത്തിന് തുടക്കത്തിലും മറ്റുമായി മന്‍ഖൂസ്വ ് മൗലിദ് ഓതുന്ന പതിവ് സര്‍വ്വ വ്യാപകമായി നമുക്ക് കാണാം.







Post a Comment

Previous Post Next Post