സാമൂഹികജീവിയായ മനുഷ്യന് തന്റെ ജീവിതവ്യവഹാരങ്ങള്‍ കൃത്യമായി പഠിപ്പിച്ച മതമാണ് വിശുദ്ധ ഇസ്‌ലാം. വൈയക്തികവും, കൗടുംബികവും, സാമൂഹികവുമായ എല്ലാം അതില്‍ ഉള്‍പ്പെടും. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത റോളുകള്‍ വഹിക്കുന്ന മനുഷ്യന്‍ ആ ഘട്ടങ്ങളില്‍ നിര്‍വ്വഹിക്കേണ്ട ചിട്ടകളും വിവിധങ്ങളാണ്. ഒരാള്‍ തന്റെ ജീവിതത്തില്‍ പുത്രപദവിയും പിതാവിന്റെ റോളും ഭര്‍ത്താവിന്റെ സ്ഥാനവും ഗൃഹഭരണാധികാരവുമെല്ലാം വഹിക്കുന്നവനാകും. തദനുസാരം ആ സമയങ്ങളില്‍ ചില മാറ്റങ്ങളും അവന്റെ ജീവിതചിട്ടകളില്‍ ഉണ്ടാകും. അവയെങ്ങനെ നിര്‍വ്വഹിക്കണമെന്ന് കൃത്യമായി പഠിപ്പിച്ചുവെന്നതാണ് ഇസ്‌ലാമിന്റെ ഒരു പ്രത്യേകത. പഠിപ്പിക്കപ്പെട്ടതെല്ലാം നല്ലനിലയില്‍ പകര്‍ത്തുന്നവനെ മാത്രമേ ഇസ്‌ലാം യഥാര്‍ത്ഥ വിശ്വാസിയായി ഗണിക്കുന്നുള്ളൂ. അതിഥിസത്കാരം ഇസ്‌ലാം അതിപ്രാധാന്യത്തോടെ പഠിപ്പിച്ചിട്ടുള്ള സദാചാരങ്ങളിലൊന്നാണ്.
ആതിഥ്യം അമ്പിയാക്കളുടെ ചര്യയും സത്‌വൃത്തരായ മുന്‍കാമികളുടെ സത്ഗുണവിശേഷണങ്ങളിലൊന്നുമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അതിപ്രധാനമായ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മക്കയിലെത്തുന്ന മനുഷ്യര്‍ അല്ലാഹുവിന്റെ അതിഥികള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉലുല്‍അസ്മുകളില്‍ അതിപ്രധാനിയും അല്ലാഹുവിന്റെ ആത്മമിത്രവും സര്‍വ്വമതാംഗീകൃതനുമായ ഇബ്‌റാഹീം നബിയുടെ ചരിതം പറഞ്ഞിടത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന അതിഥികളും അവര്‍ക്ക് ലഭിച്ച സത്കാരവുമൊക്കെ സവിശദം ചര്‍ച്ചിക്കപ്പെട്ടിട്ടുണ്ട്(അദ്ദാരിയാത്24...,). തിരുനബി(സ)യുടെ വിശുദ്ധവചനങ്ങളില്‍ യഥാര്‍ത്ഥ വിശ്വാസി ആതിഥ്യമര്യാദയുള്ളവനായിരിക്കുമെന്ന് കാണാം. മുന്‍ചൊന്ന കാര്യങ്ങള്‍ അതിഥിക്ക് ഇസ്‌ലാം നല്‍കിയ മഹത്വം വിളിച്ചോദുന്നവയാണ്.
മുഹമ്മദ് നബി(സ)യോടും സമൂഹത്തോടും അനുതാവനം ചെയ്യാന്‍ അല്ലാഹു കാണിച്ചുകൊടുത്ത മാതൃകാപുരുഷനായ ഇബ്‌റാഹീം നബിയാണ്(അന്നഹ്‌ല് 123, ആലുഇംറാന്‍95)ലോകത്തെ ഒന്നാമത്തെ ആതിഥേയന്‍(ഫത്ഹുല്‍ബാരി). കൂടെ അതിഥിയില്ലാതെ ഇബ്‌റാഹീം നബി ഭക്ഷിക്കുന്നത് തന്നെ വിരളം. അദ്ദേഹത്തിന് ഖലീലുള്ളാഹി(അല്ലാഹുവിന്റെ ആത്മമിത്രം)എന്ന സ്ഥാനപ്പേര് ലഭിക്കാന്‍ പറയപ്പെടുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സവിശേഷമായ ആതിഥ്യമര്യാദ എണ്ണപ്പെടുന്നുണ്ട്. തന്റെ വീട്ടിലേക്ക് അതിഥിവേശത്തില്‍ കടന്നുവന്ന മാലാഖമാര്‍ക്ക്(അവര്‍ മലക്കുകളായിരുന്നെന്ന് അപ്പോള്‍ അദ്ദേഹത്തിനറിയുമായിരുന്നില്ല) വെച്ചുകൊടുത്ത ഭക്ഷണം കഴിക്കാന്‍ അവരോടാവശ്യപ്പെട്ടപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് പകരം കാശ് സ്വീകരിക്കണമെന്നവര്‍ നിബന്ധന വെച്ചു. എന്നാല്‍, നിങ്ങള്‍ കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുകയും കഴിച്ചശേഷം അല്‍ഹംദിലില്ലാഹ് എന്ന് പറയുകയും ചെയ്യുക. അതാണ് ഞാനതിന് നിശ്ചയിക്കുന്ന വിലയെന്നദ്ദേഹം പറഞ്ഞു. ഇത് കേട്ട ജിബ്‌രീല്‍(അ) മീകാഈലി(അ)നോട് ഇങ്ങനെ പറഞ്ഞു; അല്ലാഹുവിന്റെ മിത്രമാവാന്‍ ഇദ്ദേഹം തന്നെയാണ് യോഗ്യന്‍(തഫ്‌സീര്‍ ഇബ്‌നുകസീര്‍-അദ്ദാരിയാത്).
ഇബ്‌റാഹീം നബി(സ)യുടെ ഈ സത്കാരത്തെ സംബന്ധിച്ചു ഖുര്‍ആന്‍ അദ്ധ്യായം 11, 14, 51ല്‍ വിശദമായി പറയുന്നുണ്ട്. സൂറതുദ്ദാരിയാതില്‍ അല്ലാഹു പറയുന്നു:''ഇബ്‌റാഹീം നബിയുടെ മാന്യാതിഥികളുടെ വാര്‍ത്ത താങ്കള്‍ക്ക് കിട്ടിയിട്ടുണ്ടോ?. അദ്ദേഹത്തിന്റെ അടുത്ത് അവര്‍ കടന്നുചെന്ന അവസരം അവര്‍ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'സലാം. അപരിചിതരായ ആളുകള്‍'. ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ വേവിച്ചുകൊണ്ടുവന്നു. അങ്ങനെ അത് അവരുടെ അടുക്കല്‍ അടുപ്പിച്ചു വെച്ചിട്ടദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുകയല്ലേ?.(അദ്ദാരിയാത്24-27). ആതിഥേയന്‍ അതിഥിയോട് എങ്ങനെ പെരുമാറണമെന്ന രൂപം ഖുര്‍ആന്‍ ഇതിലൂടെ സമൂഹത്തെ ബോധിപ്പിക്കുകയാണ്. ഇബ്‌നുകസീര്‍(റ) പറയുന്നു: 'ഈ സൂക്തങ്ങള്‍ സത്കാരമര്യാദകള്‍ എല്ലാം ഉള്‍കൊള്ളിച്ചിട്ടുണ്ട്. ആദ്യമായി, അതിഥികള്‍ അറിയാതെ വളരെ വേഗം അവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ കൊണ്ടു വന്നു. ഞാന്‍ നിങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവരട്ടയോ എന്നൊന്നും ചോദിക്കാന്‍ അദ്ദേഹം നിന്നില്ല. തന്റെ സമ്പത്തില്‍ വെച്ച് ഏറ്റവും നല്ല ഭക്ഷണമാണ് അതിഥികള്‍ക്ക് അദ്ദേഹം കൊണ്ടു വന്നത്. പിന്നെ, ഭക്ഷണം ഒരു ഭാഗത്ത് തയ്യാര്‍ ചെയ്ത് അവിടേക്ക് അതിഥികളെ വിളിക്കുകയല്ല, മറിച്ച് അവരിരിക്കുന്ന സ്ഥലത്ത് തന്നെ ഭക്ഷണം വിളമ്പി വെച്ചുകൊടുക്കുകയാണുണ്ടായത്. അതിനു ശേഷം നിങ്ങള്‍ കഴിക്കുവീന്‍ എന്ന് പറയുന്നതിന് പകരം നിങ്ങള്‍ കഴിക്കുകയല്ലേ എന്ന് സൗമ്യമായി ചോദിച്ചു(തഫ്‌സീര്‍ ഇബ്‌നുകസീര്‍).
അതിഥികളോട് വളരെ മാന്യമായ രീതിയില്‍, അവര്‍ക്ക് ഒരു വിധ മടുപ്പും ഉണ്ടാകാത്ത വിധം പെരുമാറണമെന്നാണ് മതം അനുശാസിക്കുന്നത്. എത്ര വലിയ നേതാവാണെങ്കിലും തന്റെ വീട്ടിലേക്ക് വന്ന അതിഥികളെ മാന്യമായി സ്വീകരിച്ച് എല്ലാം നല്‍കിയ ശേഷമേ യാത്രയയക്കാവൂ. അവര്‍ക്ക് വേണ്ട ഒത്താശകളൊക്കെ ആതിഥേയന്‍ തന്നെ ചെയ്തു കൊടുക്കമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. രാജാവാണെങ്കില്‍ പോലും മാതാപിതാക്കള്‍, ഗുരുനാഥന്‍, അതിഥി എന്നിവര്‍ക്ക് സേവനം ചെയ്താല്‍ അവന്റെ പദവിക്ക് കോട്ടം സംഭവിക്കുകയില്ല(റൂഹുല്‍ബയാന്‍). ഇബ്‌റാഹീം നബിയോട് നിങ്ങളുടെ അതിഥികളെ മാന്യമായി സ്വീകരിക്കുകയെന്ന ദൈവിക സന്ദേശമുണ്ടായപ്പോള്‍ അവര്‍ക്ക് വേണ്ടി ആടുകളെ അറുത്ത് ഭക്ഷണം തയ്യാര്‍ ചെയ്തു. വീണ്ടും വഹ്‌യ് ലഭിച്ചപ്പോള്‍ ആടിന് പകരം പശുക്കുട്ടികളെയാക്കി. വീണ്ടും അതേ കല്‍പ്പന വന്നപ്പോള്‍ ഭക്ഷണം ഒട്ടകമാക്കി. വീണ്ടും ഇതേ സന്ദേശം അവതരിച്ചപ്പോള്‍ പരിഭ്രാന്തനായ ഇബ്‌റാഹീം നബി അതിഥികള്‍ക്ക് സ്വയം സേവകനായി. അന്നേരം ഇപ്പോഴാണ് താങ്കള്‍ അതിഥികളെ ആദരിച്ചതെന്ന സന്ദേശം ലഭിക്കുകയുണ്ടായി(റൂഹുല്‍ബയാന്‍).
ആതിഥ്യമര്യാദക്ക് ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം ഇതിലൂടെ മനസ്സിലാക്കാം. തന്റെ വീട്ടിലേക്ക് വന്ന അതിഥിയോട് മാന്യമായി പെരുമാറാത്തവന്‍ യഥാര്‍ത്ഥവിശ്വാസിയല്ല. മാത്രവുമല്ല ഇസ്‌ലാമിക വീക്ഷണത്തില്‍ ആക്ഷേപാര്‍ഹനുമാണവന്‍. ഉഖ്ബതുബ്‌നുആമിര്‍(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നബി(സ) പറയുന്നു: ആതിഥ്യം നിര്‍വ്വഹിക്കാത്തവനില്‍ യാതൊരു നന്‍മയുമില്ല. ഇസ്മാഈല്‍ നബി(അ)യുടെ ഒന്നാമത്തെ ഭാര്യയെ ത്വലാഖ് ചൊല്ലാന്‍ ഇബ്‌റാഹീം നബി വസ്വിയ്യത്ത് ചെയ്യാനുള്ള ഒരു കാരണം അവള്‍ക്ക് അതിഥികളെ വേണ്ടവിധം പരിഗണന നല്‍കി സത്കരിക്കാനറിവില്ലായിരുന്നുവെന്നതാണ്. ഖിള്ര്‍ നബി(അ)യും മൂസാനബി(അ)യും ഒരു പ്രദേശത്തേക്ക് ചെന്ന് അവിടെയുള്ളവരോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ അവരെ അതിഥികളായി സ്വീകരിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറായില്ല. ഈ ചരിത്രം സൂറതുല്‍കഹ്ഫിലൂടെ ലോകത്തിന് ഖുര്‍ആന്‍ പരിചയപ്പെടുത്തി. തങ്ങളെ സംബന്ധിച്ചു ആതിഥ്യമര്യാദയില്ലാത്തവരെന്ന ഖുര്‍ആനിക പരാമര്‍ഷം അവര്‍ക്ക് മറ്റു സമുദായങ്ങള്‍ക്കിടയില്‍ മാനഹാനിയുണ്ടാക്കി. അവര്‍ പുണ്യനബി(സ)യുടെ അടുക്കല്‍ വന്ന് സ്വര്‍ണ്ണക്കൂമ്പാരം കാണിച്ചു ഈ പരാമര്‍ഷം ഞങ്ങള്‍ക്കനുകൂലമാകുന്ന വിധം മാറ്റം വരുത്തിത്തരണമെന്നാവശ്യപ്പെട്ടു. ദൈവിക വചനത്തില്‍ മാറ്റം വരുത്താന്‍ താന്‍ മുതിരില്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്(തഫ്‌സീറുര്‍റാസി). ഇവര്‍ അന്‍ത്വാകിയക്കാരാണെന്നാണ് ചില പണ്ഡിതരുടെ പക്ഷം.
ഖുര്‍ആന്‍ പോലെ ഹദീസ് ഗ്രന്ഥങ്ങളും അതിഥി സത്കാരത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന വിശുദ്ധ വചനങ്ങളാല്‍ പ്രഫുല്ലമാണ്. ബുഖാരി, മുസ്‌ലിം പോലോത്ത പ്രാമാണിക ഹദീസ് സമാഹാരങ്ങളില്‍ പ്രത്യേക അദ്ധ്യായം തന്നെ ഇതിന് വേണ്ടി നീക്കിവെക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം നബി(സ) പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അവന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അവന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതുപറയട്ടെ അല്ലെങ്കില്‍ നിശബ്ദത പാലിക്കട്ടെ(ബുഖാരി-കിതാബുല്‍ആദാബ്). ഈ ആശയം ധ്വനിപ്പിക്കുന്ന നിരവധി ഹദീസുകള്‍ വ്യത്യസ്ത നിവേദകരിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിഥി വരുമ്പോള്‍ സുസ്‌മേരവദനനായി സ്വീകരിച്ച് ഏറ്റവും നല്ല ഭക്ഷണം നല്‍കി സല്‍കരിച്ച് വേണ്ട സഹായങ്ങളെല്ലാം സ്വന്തമായി ചെയ്യുമ്പോഴാണ് ഒരാള്‍ തന്റെ അതിഥിയോട് മാന്യതപുലര്‍ത്തിയവനാകുന്നത്. വിഭവങ്ങളധികരിപ്പിക്കുന്നതിലല്ല മറിച്ച്, ഖിദ്മത്(സേവനം) ചെയ്യുന്നതിലാണ് ആദരവ് നിലകൊള്ളുന്നത്. ഒരു സ്വൂഫിയുടെ അടുക്കല്‍ ഒരു അതിഥി വന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ട ഭക്ഷണം കൊണ്ടു വരാന്‍ തന്റെ മുരീദിനോടാവശ്യപ്പെട്ടു. അല്‍പനേരം താമസിച്ച മുരീദിനോട് കാരണം തിരിക്കിയപ്പോള്‍ സുപ്രയിലുണ്ടായിരുന്ന ഉറുമ്പ് അതില്‍ നിന്ന് മാറിപ്പോകുന്നത് വരെ കാത്തുനിന്നതാണെന്ന് പറഞ്ഞു. മുരീദ് ചെയ്തത് ശരിയാണെന്ന വിധം ശൈഖവര്‍കള്‍ തലയാട്ടി. ഇത് കണ്ട ഒരു പണ്ഡിതന്‍ അവരോടിങ്ങനെ പറഞ്ഞു. സുപ്രയിലുണ്ടായിരുന്ന ഉറുമ്പിനെ വേഗം പുറത്തുകളഞ്ഞ് അതിഥിക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു വേണ്ടിയിരുന്നത്(റൂഹുല്‍ബയാന്‍).
ഇമാം മുസ്‌ലിം(റ)പറയുന്നു: ആതിഥ്യം ഇസ്‌ലാം പഠിപ്പിച്ച മര്യാദകളില്‍ അതിപ്രധാനവും പ്രവാചകരുടേയും സത്‌വൃത്തരുടേയും സല്‍സ്വഭാവത്തില്‍പെട്ടതുമാണ്. ഭൂരിഭാഗം ഫുഖഹാക്കളും അതൊരു അത്യുത്തമസ്വഭാവമായിട്ടാണ് ഗണിച്ചതെങ്കില്‍ ലൈസ്(റ) അത് നിര്‍ബന്ധ ബാധ്യതയായിട്ടാണ് എണ്ണിയത്(ശര്‍ഹുമുസ്‌ലിം-കിതാബുല്‍ഈമാന്‍). അതിഥി വീട്ടില്‍ വരുന്നത് പെരുന്നാള്‍ വരുന്ന ആവേശത്തിലാണ് മുന്‍കാമികള്‍ സ്വീകരിച്ചിരുന്നത്. അലി(റ)ക്ക് അടിമ മോചനത്തേക്കാള്‍ സന്തോഷം അതിഥി സല്‍ക്കാരത്തിലായിരുന്നു. അബൂശുറൈഹില്‍കഅ്ബി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി(സ) പറയുന്നു: 'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. അവനെ ഒരു ദിവസമാണ് മുന്തിയഇനം ഭക്ഷണവും സമ്മാനവും നല്‍കി സ്വീകരിക്കേണ്ടത്. ബാക്കിയുള്ള രണ്ട് ദിവസങ്ങളില്‍ തന്റെ വീട്ടില്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിയാലും മതി. അതിന് ശേഷം നല്‍കുന്നതൊക്കെ സ്വദഖയായി ഗണിക്കപ്പെടും. ഏതൊരു വ്യക്തിയേയും പ്രയാസപ്പെടുത്തും വിധം അയാളുടെ വീട്ടില്‍ തങ്ങാതിരിക്കാന്‍ മുസ്‌ലിം ശ്രദ്ധിക്കേണ്ടതുണ്ട്'.
ആതിഥ്യം വര്‍ദ്ധിപ്പിക്കുന്ന മനുഷ്യന് അല്ലാഹു രിസ്ഖില്‍ ബര്‍കത് നല്‍കുന്നതാണ്. ഒരു വീട്ടിലേക്ക് അതിഥി എത്തുന്നതിന്റെ നാല്‍പത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവനുള്ള രിസ്ഖ് അവിടെ എത്തിക്കാന്‍ അല്ലാഹു ഒരു പ്രത്യേക മലക്കിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് മുഹമ്മദ് നബി(സ) അരുളിയിട്ടുണ്ട്. അതിഥിയുടെ ആഗമനത്തോടെ ആ വീട്ടില്‍ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും വര്‍ഷിക്കുന്നതും അവന്‍ കഴിക്കുന്ന ഓരോ പിടി ഭക്ഷണത്തിനും പകരം ഹജ്ജും ഉംറയും നിര്‍വ്വഹിച്ച പ്രതിഫലം വീട്ടുടമക്ക് ലഭിക്കുന്നതുമാണ്. അതിഥി വീട്ടില്‍ നിന്ന് തിരിച്ചുപോകുമ്പോഴേക്ക് ആതിഥേയന്റെ നിരവധി പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യുന്നതുമാണ്(അല്‍മവാഹിബുല്‍ജലിയ്യ-തഴവാ മൗലവി)
അതിഥിക്ക് ബുദ്ധിമുട്ടു വരുത്തുന്ന ഒരു കാര്യവും ആതിഥേയനില്‍ നിന്നുണ്ടാവാന്‍ പാടില്ല. മുന്‍കാമികളില്‍ ഒരുമഹാന്റെ വീട്ടിലേക്ക് ചില അതിഥികള്‍ വന്ന ദിവസം അവരെ സല്‍ക്കരിക്കുന്നതിലും സേവിക്കുന്നതിലും ആതിഥേയന്റെ കൂടെ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ മകന്‍ വൈകുന്നേരം തട്ടിന്‍മുകളില്‍ നിന്ന് കാല്‍തെറ്റി വീണ് മരണമടഞ്ഞു. കാര്യമറിഞ്ഞ ആതിഥേയന്‍ ഭാര്യയോട് പറഞ്ഞു: 'കുട്ടി മരിച്ച വിവരം അതിഥികളറിയരുത്. നീ കാരണം അവരതറിഞ്ഞാല്‍ നിന്റെ ത്വലാഖ് ഞാന്‍ ചൊല്ലും'. രാത്രിയില്‍ കുട്ടിയെ അന്വേശിച്ച അതിഥികളോട് അവനുറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേ ദിവസം അവര്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ കാര്യം കേട്ട അവര്‍ ചോദിച്ചു, നീ ഇന്നലെ ഈ കാര്യം എന്ത് കൊണ്ട് മൂടിവെച്ചു. അദ്ദേഹം പറഞ്ഞു അതിഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമൊരിക്കലും പറയാന്‍ പാടില്ലല്ലോ, ശുദ്ധജലം കലക്കുന്നതിന് തുല്യമല്ലേ അത്. ഇത് കേട്ട അവര്‍ പൊട്ടിക്കരഞ്ഞു പോയി.
അതിഥിക്ക് സന്തോഷം ജനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് സംസാരം നീട്ടുകൊണ്ടുപോവലും അതിനുവേണ്ടി ഉറക്കമൊഴിക്കലുമെല്ലാം ആതിഥ്യമര്യാദയില്‍ പെട്ടതാണ്. അതിഥി ഉറങ്ങുന്നതിന് മുമ്പ് ആതിഥേയന്‍ ഉറങ്ങാന്‍ പോലും പാടില്ല. അതിഥിക്ക് കഴിക്കാനുള്ള ഭക്ഷണം വെച്ചുകൊടുക്കുമ്പോള്‍ വിഭവങ്ങളൊക്കെ അവന് കാണിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം നന്നായി വയര്‍ നിറഞ്ഞതിന് ശേഷം നല്ല ഭക്ഷണങ്ങള്‍ കൊണ്ട് വന്നാല്‍ തിന്നാന്‍ കൊതിയുണ്ടായിട്ടും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതിഥിക്ക് ഭക്ഷണം വെച്ചതിന് ശേഷം അത് കഴിക്കാന്‍ കുടുംബക്കാര്‍ വരുന്നത് വരെ താമസിപ്പിക്കാന്‍ പാടില്ല. ഭക്ഷണശേഷം മധുരം കൂടി നല്‍കിയാലെ സത്കാരം പൂര്‍ണ്ണമാവൂ. (അല്‍മവാഹിബുല്‍ജലിയ്യ).
സല്‍മാന്‍(റ) തന്റെ സുഹൃത്തായ അബുദ്ദര്‍ദാ(റ)ഇനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. അന്നേരം താഴ്ന്ന വസ്ത്രം ധരിച്ചിരിക്കുന്ന ഉമ്മുദ്ദര്‍ദാഇനെയാണവര്‍ക്കവിടെ ദര്‍ശിക്കാനായത്. അതിനു കാരണം തിരക്കിയ സല്‍മാനോട് അവര്‍ പറഞ്ഞു, നിങ്ങളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ് ഐഹിക പരിത്യാഗിയാണ്. കുറച്ചുകഴിഞ്ഞ് അബുദ്ദര്‍ദാഅ് വീട്ടിലെത്തി സല്‍മാന്(റ)വേണ്ട ഭക്ഷണം തയ്യാര്‍ ചെയ്തു. കഴിക്കാന്‍ നേരം ഞാന്‍ നോമ്പുകാരനാണെന്നും നിങ്ങള്‍ കഴിക്കുകയെന്നും അബുദ്ദര്‍ദാഅ് പറഞ്ഞു. നിങ്ങളെന്റെ കൂടെ കഴിക്കാതെ ഞാന്‍ ഭക്ഷണത്തിനിരിക്കില്ലെന്നു സല്‍മാന്‍(റ) ശാഠ്യം പിടിച്ചു. അങ്ങനെ അബുദ്ദര്‍ദാഉം കൂടെയിരുന്നു ഭക്ഷണം കഴിച്ചു. രാത്രിയായപ്പോള്‍ അബുദ്ദര്‍ദാഅ് (റ) രാത്രിനിസ്‌കാരത്തിനൊരുങ്ങി. സല്‍മാന്‍(റ) അവരോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞ് വീണ്ടും നിസ്‌കരിക്കാനൊരുങ്ങിയ അബുദ്ദര്‍ദാഇനെ വീണ്ടും ഉറങ്ങാന്‍ പറഞ്ഞയച്ചു. രാത്രിയുടെ അവസാനയാമങ്ങളില്‍ എഴുന്നേറ്റ സല്‍മാന്‍(റ) രാത്രിനിസ്‌കാരത്തിന് അബുദ്ദര്‍ദാഇനേയും വിളിച്ചുണര്‍ത്തി. എന്നിട്ട് സല്‍മാന്‍(റ) പറഞ്ഞു നിന്റെ റബ്ബിനോടും ശരീരത്തോടും കുടുംബത്തോടും നിനക്ക് ചില ബാധ്യതകളുണ്ട്. ഓരോരുത്തരുടെ അവകാശങ്ങളും അവര്‍ക്ക് നീ വകവെച്ചു കൊടുക്കണം. ഇത്‌കേട്ട അബുദ്ദര്‍ദാഅ്(റ) നബി(സ)യുടെ അടുക്കല്‍ ചെന്ന് കാര്യമൊക്കെ വിശദീകരിച്ചു കൊടുത്തു. സല്‍മാന്‍ പറഞ്ഞത് തീര്‍ത്തും സത്യം എന്നാണ് അന്നേരം നബി(സ) യുടെ പ്രതികരണം(സ്വഹീഹുല്‍ ബുഖാരി-കിതാബുല്‍ആദാബ്).
ദൈവഭക്തിയുള്ളവരെ മാത്രമേ നാം അതിഥികളായി ക്ഷണിക്കാവൂ. അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി നീ സത്യവിശ്വാസിയോട് മാത്രമേ സഹവസിക്കാവൂ, നിന്റെ ഭക്ഷണം അല്ലാഹുവിനെ ഭയപ്പെടുന്ന വ്യക്തി മാത്രമേ കഴിക്കാവൂ. ക്ഷണിക്കുന്നവേളയില്‍ പുണ്യറസൂലിന്റെ സുന്നത്ത് അനുതാവനം ചെയ്യുകയെന്ന നിയ്യത്ത് ആതിഥേയന്റെ മനസ്സിലുണ്ടായിരിക്കണം. ഒരു മുസ്‌ലിം ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ നമ്മുടെ ബാധ്യതയാണ്. മുസ്‌ലിമീങ്ങള്‍ക്ക് പരസ്പരം അഞ്ച് ബാധ്യതകളാണുള്ളതെന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്നുണ്ട്. സലാം പറഞ്ഞാല്‍ അത് മടക്കുക, രോഗിയായാല്‍ സന്ദര്‍ശിക്കുക, ക്ഷണിച്ചാല്‍ സ്വീകരിക്കുക, മരണപ്പെട്ടാല്‍ ജനാസ യെ പിന്തുടരുക, തുമ്മിയ വേളയില്‍ സ്തുതിച്ചാല്‍ റഹ്മതിന് വേണ്ടി പ്രാര്‍ത്ഥിക്കുക(തിര്‍മുദി).
അതിഥിക്ക് ആതിഥേയനോടും ചില മര്യാദകൊളൊക്കെയുണ്ട്. കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണത്തെക്കുറിച്ച് ആതിഥേയന് പ്രയാസമാകുന്നവിധം ചോദിക്കരുത്. ആരെങ്കിലും അതിഥിയായി ചെല്ലുകയും അവന് കഴിക്കാനോ കുടിക്കാനോ എന്തെങ്കിലും നല്‍കപ്പെടുകയും ചെയ്താല്‍ അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ കഴിച്ചു കൊള്ളട്ടെ എന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീസിലുണ്ട്. ഭക്ഷണം കഴിച്ച ശേഷം ആതിഥേയന് വേണ്ടി പ്രാര്‍ത്ഥിക്കല്‍ അതിഥി ചെയ്യുന്ന മാന്യതയാണ്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അനസ്(റ) പറയുന്നു നബി(സ) സഅദ്ബ്‌നുഉബാദ യുടെ വീട്ടിലേക്ക് ചെന്നു. അന്നേരം റൊട്ടിയും സൈതും നല്‍കി സല്‍ക്കരിച്ചു. അത് കഴിച്ച ശേഷം നബിതങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥനാപൂര്‍വ്വം ഇങ്ങനെ പറഞ്ഞു'നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ വെച്ച് നോമ്പ് തുറന്നിരിക്കുന്നു. സത്‌വൃത്തര്‍ നിങ്ങളുടെ ഭക്ഷണം സേവിച്ചിരിക്കുന്നു. മാലാഖമാര്‍ നിങ്ങളുടെ നന്‍മക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ'.
അതിഥിയായി ചെല്ലുന്ന വീട്ടില്‍ അരുതായ്മകള്‍ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് പോകാതിരിക്കലും ചെന്ന ശേഷം കണ്ടാല്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടിട്ടും ഒഴിവാക്കുന്നില്ലെങ്കില്‍ ഉടനെ തിരിച്ച് പോരുകയുമാണ് അതിഥിയുടെ മറ്റൊരു മര്യാദ. താന്‍ ചെന്നാല്‍ അത്തരം അനാശ്യാസ്യങ്ങള്‍ ഒഴിവാകുമെങ്കില്‍ അതിന് വേണ്ടി അവന്‍ പോവണമെന്ന് കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നു(മഹല്ലി 3/297). ക്ഷണം സ്വീകരിച്ചെന്ന പ്രതിഫലത്തിനും താന്‍ കാരണം ഒരു തിന്‍മയില്ലാതായതിന്റെ പ്രതിഫലത്തിനും ഇത് വഴി അവന്‍ അര്‍ഹനാകുന്നു. മുന്നില്‍ കൊണ്ട് വെച്ച ഭക്ഷണം അതിഥിക്ക് എത്ര വേണമെങ്കിലും കഴിക്കാം. പക്ഷെ, യാചകന്‍ വന്നാല്‍ അവന് കൊടുക്കാനോ, വീട്ടിലുള്ള പൂച്ചക്കിട്ടുകൊടുക്കാനോ ശരീഅത്ത് അനുവദിക്കുന്നില്ല. എന്നാല്‍ കൂടെയുള്ള മറ്റു അതിഥികള്‍ക്ക് ഇട്ടുകൊടുക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല(മഹല്ലി 3/298).
സന്തോഷ വേളകളില്‍ ചിലയാളുകളെ വിളിച്ചുവരുത്തി അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സദ്യയെന്ന് പറയുന്നത്. വലീമത് എന്ന പദപ്രയോഗം നിരുപാധികം വിവാഹസദ്യയെ സൂചിപ്പിക്കുന്നുവെങ്കിലും ഏത്‌സദ്യയും അത് കൊണ്ട് ഉദ്ദേശിക്കപ്പെടാം. പത്ത് വിധം സദ്യകള്‍ വ്യത്യസ്ത പേരുകളില്‍ തന്നെ ശരീഅത് പരിചയപ്പെടുത്തുന്നുണ്ട്. ഇംലാക് എന്നറിയപ്പെടുന്ന നികാഹിന്റെ സദ്യയാണതിലൊന്ന്. ഭാര്യയുമായി ശാരീരിക ബന്ധം കഴിഞ്ഞാല്‍ നല്‍കുന്ന സദ്യയാണ് വലീമത്. ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യ ഖുര്‍സ് എന്നാണറിയപ്പെടുന്നത്. കുട്ടിയുടെ മുടി കളഞ്ഞ് മൃഗം അറുത്ത് സദ്യയുണ്ടാക്കുന്നത് അഖീഖത് എന്നറിയപ്പെടുന്നു. മാര്‍ഗ്ഗം ചെയ്യുന്ന സമയത്ത് നല്‍കുന്ന സദ്യയാണ് ഇഅ്ദാര്‍. പെണ്ണുങ്ങള്‍ മാര്‍ഗ്ഗം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ ആ സദ്യയുണ്ടാക്കുന്നതിന് പ്രശ്‌നമില്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ നല്‍കുന്നതാണ് ഹിദാഖ്. കെട്ടിടമുണ്ടാക്കിയ സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വകീറത് എന്നും യാത്ര കഴിഞ്ഞ് വന്നാല്‍ കൊടുക്കുന്നത് നഖീഅത് എന്നും വിളിക്കപ്പെടുന്നു. വിപത്തില്‍ നിന്ന് മോചനം ലഭിച്ച സന്തോഷത്തില്‍ നല്‍കുന്ന സദ്യയെ വളീമത് എന്ന് വിളിക്കാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നല്‍കുന്ന സദ്യയാണ് മഅ്ദുബതെന്നറിയപ്പെടുന്നത്(ഖല്‍യൂബി 3/294).
Post a Comment