മനുഷ്യ ശരീരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് അവയവങ്ങളാണ് മുടിയും നഖവും.രണ്ടും ക്രമാതീതമായി വളര്‍ന്നാല്‍ വെട്ടിയൊതുക്കണമെന്ന് മതം പഠിപ്പിക്കുന്നു.അത്യപൂര്‍വ്വകാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ കയറി ലോക റെക്കോര്‍ഡിനര്‍ഹരാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആധുനിക പുതുതലമുറയില്‍ അവസാനെത്തയാള്‍ അസാധാരണമായി നഖം വളര്‍ത്തി റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തിയാണ്.ത്വക്കിനടിയിലെ വേര്,നഖത്തോട് ബന്ധിച്ചിട്ടുള്ള ഒരു അര്‍ദ്ധതാര്യ പാളി,സ്വതന്ത്രമായ ഒരഗ്രം എന്നിവ അടങ്ങിയതാണ് നഖം. പുതിയ കോശങ്ങള്‍ രൂപം കൊള്ളുമ്പോള്‍ നഖപാളി മുമ്പോട്ടു നീക്കപ്പെടുകയും,സ്വതന്ത്ര അഗ്രത്തിലെത്തുമ്പോള്‍ അവ മൃതിയാവുകയും വെളുത്ത നിറത്തിലാവുകയും ചെയ്യുന്നു.കൈവിരലുകളുടെ നഖങ്ങള്‍ ആഴ്ചയില്‍ ഏകദേശം0.05മി.മീ വളരുന്നു.കാല്‍ വിരലുകളുടേതിനേക്കാള്‍ നാലിരട്ടിയാണിത്.(മലയാള എന്‍സൈക്ലോപീഡിയ വാള്യം 2,1054).
ആദിമ മനുഷ്യരായ ആദം,ഹവ്വ എന്നിവരുടെ വസ്ത്രങ്ങള്‍ നഖമായിരുന്നുവെന്നും വിലക്കപ്പെട്ട ഖനി ഭക്ഷിച്ചപ്പോള്‍ അതഴിഞ്ഞുപോയി വിരലിന്റെ ഭാഗത്ത് അല്‍പം മാത്രം പാപസ്മരണക്ക് വേണ്ടി അവശേഷിച്ചതാണെന്നും തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ കാണാം(റൂഹുല്‍ ബയാന്‍, സൂറതുത്വാഹ).അവരുടെ വസ്ത്രങ്ങള്‍ പ്രകാശനിര്‍മ്മിതമായിരുന്നുവെന്നും,അല്ല സ്വര്‍ഗ്ഗീയ ഉടയാടതന്നെയായിരുന്നെന്നും പ്രഭലാഭിപ്രായങ്ങളായി പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.പാപ മോചനത്തിന് ശേഷം ആദം(അ)തന്റെ ശേഷിച്ച നഖങ്ങളിലേക്ക് നോക്കി തന്റെ പാപത്തെക്കുറിച്ചാലോചിച്ച് ദുഖിക്കാറുണ്ടായിരുന്നെന്നും,അമിതാഹ്ലാദത്താല്‍ പൊട്ടിച്ചിരിക്കുന്നവന് നഖങ്ങളിലേക്ക് നോക്കി തന്റെ ചിരി നിയന്ത്രിക്കുവാനാകുമെന്നും ഗ്രന്ഥങ്ങള്‍ പറയുന്നു.(തഫ്‌സീറുസ്വാവി).
ഓരോ വ്യക്തികളും വ്യത്യസ്ത തോതില്‍ വളരുന്ന തങ്ങളുടെ നഖം വെട്ടിശരിയാക്കണം.എന്നാല്‍ ഓരോ പത്ത് ദിവസങ്ങളിലും നഖം വെട്ടല്‍ സുന്നത്താണെന്ന് അന്‍വാറെന്ന ഗ്രന്ഥത്തില്‍ കാണുന്നത് സാധാരണ അവസ്ഥയില്‍ അങ്ങനെയെന്നാണ് നാം വിലയിരുത്തേണ്ടത്(മുഗ്നി,നിഹായ,ശര്‍വാനി).അഥവാ പത്ത് ദിവസമാകുമ്പോഴേക്ക് സാധാരണ ഗതിയില്‍ വെട്ടാന്‍ മാത്രം നഖംവളര്‍ന്നിട്ടുണ്ടാകും.നഖം വെട്ടാതെ,കടിക്കുന്ന ദുസ്വഭാവം പലരിലും കാണാം.കൈകളില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നതിന് പുറമെ കടുത്ത ദാരിദ്രമുണ്ടാകാന്‍ ഇത് കാരണമാകുമെന്ന് സുലൈമാനുബ്‌നു സുലൈമാന്‍ ലബ്ബ അല്‍ ഖാഹിരി തന്റെ സ്വലാഹുദ്ധീന്‍ ബൈതില്‍ (ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ നാമം ഹികം)രേഖെടുത്തിയിട്ടുണ്ട്.
നഖം വെട്ട് എവിടെ നിന്ന്
തുടങ്ങണമെന്നും,അവസാനിപ്പിക്കേണ്ടതെവിടെയെന്നും ഫുഖഹാക്കള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.വെട്ടുന്ന അവസരങ്ങളില്‍ ഒറ്റക്കയ്യിലേയോ,ഒറ്റക്കാലിലേയോ നഖങ്ങള്‍ മാത്രം വെട്ടുന്നത് കറാഹത്താണെന്ന് തുഹ്ഫയില്‍ കാണാം.അഥവാ നഖങ്ങള്‍ വെട്ടുമ്പോള്‍ രണ്ട് കൈകാലുകളിലേതും വെട്ടണം.വലതു കയ്യിന്റെ ചൂണ്ടുവിരലില്‍ നിന്നാരംഭിച്ച് ചെറുവിരല്‍ വരെയും,ശേഷം ആ കയ്യിലെത്തന്നെ തള്ളവിരലും,പിന്നീട്,ഇടതു കയ്യിന്റെ ചെറുവിരല്‍ മുതല്‍ തള്ളവിരല്‍ വരെ തുടര്‍ച്ചയായുമാണ് കൈവിരലുകളിലേ നഖങ്ങള്‍ വെട്ടേണ്ട സുന്നത്തായ രൂപം.വലതുകാലിന്റെ ചെറുവിരല്‍ മുതല്‍ ഇടതുകാലിന്റെ ചെറുവിരല്‍ വരെ തുടര്‍ച്ചയായാണ് കാലിലെ നഖങ്ങള്‍ വെട്ടേണ്ടത്(തുഹ്ഫ2,517).നഖം വെട്ടുന്നത് വ്യാഴാഴ്ചയോ,വെള്ളിയാഴ്ച രാവിലെയോ ആവല്‍ പ്രത്യേകം സുന്നത്താണെന്നും വെട്ടിക്കഴിഞ്ഞയുടനെ വെട്ടിയ ഭാഗം കഴുകല്‍ അത്യാവശ്യമാണെന്നും അല്ലാത്ത പക്ഷം കഴുകുന്നതിന് മുമ്പ് ശരീരത്തില്‍ ചൊറിഞ്ഞാല്‍ വെള്ളപ്പാണ്ടുണ്ടാകുമെന്നത് പേടിക്കപ്പെടേണ്ടതാണെന്നും കര്‍മ്മശാസ്ത്രവിശാദരര്‍ പറയുന്നു(തുഹ്ഫ2.517).
മനുഷ്യ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന മുടി,നഖം,രക്തം എന്നിവ കുഴിച്ചുമൂടല്‍ സുന്നത്താണ്(മുഗ്നി,നിഹായ).ബുധനാഴ്ച നഖം വെട്ടാന്‍ പാടില്ല എന്ന് തിരുവചനങ്ങളില്‍ വന്നിട്ടുണ്ട്.മാത്രമല്ല അന്ന് വെട്ടിയാല്‍ വെള്ളപ്പാണ്ടിന് കാരണമാകുമെന്നും കാണാം.ഇബ്‌നുല്‍ ഹാജ് എന്ന മുത്തഖിയും സൂഫിവര്യനുമായിരുന്ന ഒരു പണ്ഡിതന്‍ ബുധനാഴ്ച നഖം വെട്ടാനൊരുങ്ങി.അപ്പോള്‍ ബുധനാഴ്ച വെട്ടല്‍ കറാഹത്താണെന്ന് പരാമര്‍ശിക്കുന്ന ഹദീസ് മനസ്സില്‍ വന്നപ്പോള്‍ ആ കാര്യം ഒഴിവാക്കി.പിന്നെ നഖം വെട്ടല്‍ സാന്ദര്‍ഭിക സുന്നത്താണെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്ന് തന്നെ നഖം വെട്ടുകയും അത് കാരണം വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്തു.ഒരു രാത്രി അദ്ധേഹം നബി തിരുമെനിയെ സ്വപ്നത്തില്‍ കാണുകയും അവിടുന്നദ്ധേഹത്തോട് ഇങ്ങനെ ചോദിക്കുകയും ചെയ്തു''ബുധനാഴ്ച നഖം വെട്ടല്‍ നിരോധിക്കുന്ന ഹദീസ് നീ കേട്ടിട്ടില്ലേ,അദ്ധേഹം പറഞ്ഞു ആ ഹദീസ് സ്വഹീഹായ നിവേദക പരമ്പരയില്‍ എനിക്ക് കിട്ടിയിട്ടില്ല.അപ്പോള്‍ നബി(സ) പറഞ്ഞു ആ ഹദീസ് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന വിവരം നിനക്ക് കിട്ടിയാല്‍ മതിയല്ലോ,എന്നിട്ട് നബി(സ)തന്റെ പുണ്യകരം കൊണ്ട് അദ്ധേഹത്തിന്റെ ശരീരമൊന്നാകെ തടവിക്കൊടുക്കുകയും അദ്ധേഹത്തിന്റെ അസുഖം ഭേദമാവുകയും ചെയ്തു.ഇബ്‌നുല്‍ ഹാജ് പറയുന്നു പിന്നീട് നബി(സ)യുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുകയില്ല എന്ന് ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് തൗബചെയ്ത് ഞാന്‍ ശപഥം ചെയ്തു.(അല്‍ ഇക്‌ലീല്‍ അലാ മദാരികി ത്തന്‍സീല്‍ സൂറതുല്‍ഖമര്‍19).
കൈകാല്‍ വിരലുകളിലെ നഖങ്ങള്‍ വെട്ടാതെ നീട്ടിവളര്‍ത്തിയാല്‍ അതിന്റെ അഗ്രങ്ങളില്‍ ശൈഥ്വാന്‍ പതിയിരിക്കുമെന്ന് അബൂഹുറൈറ(റ) നബിയില്‍ നിന്ന് നിവേദനം ചെയ്യുന്നതായി ഇഹ്‌യാ ഉലൂമിദ്ധീനില്‍ ഇമാം ഗസാലി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാല്‍ ഉള്ഹിയ്യത്ത് അറുക്കാനുദ്ധേഷിക്കുന്ന വ്യക്തി ദുല്‍ഹിജ്ജ ഒന്നു മുതല്‍ ആ മൃഗം അറുക്കപ്പെടുന്നത് വരെ നഖങ്ങള്‍ വെട്ടിനീക്കല്‍ കറാഹത്താണ് (തുഹ്ഫ).ജനാബത്ത് പോലോത്ത നിര്‍ബന്ധ കുളികള്‍ക്ക് മുമ്പ് നഖം,മുടി,രക്തം എന്നിവ നീക്കം ചെയ്യാതിരിക്കല്‍ സുന്നത്താണ്.കാരണം ഓരോ അവയവങ്ങളും പാരത്രിക ലോകത്ത് മനുഷ്യനിലേക്ക് തന്നെ മടക്കപ്പെടുമ്പോള്‍ ജനാബത്തുണ്ടായിരിക്കേ ഉള്ള നഖം,മുടി പോലോത്തവ കുളിക്ക് മുമ്പ് വെട്ടിക്കളഞ്ഞാല്‍ ആ അശുദ്ധിയോടെ അവനിലേക്ക് മടക്കപ്പെടുകയും പിന്നീട് യഥാര്‍ത്ഥ അവയവങ്ങളല്ലാത്തത് മുഴുവന്‍ നീക്കപ്പെടുകയും ചെയ്യും(ബുശ്‌റല്‍കരീം).ഒരാള്‍ മരിച്ചാല്‍ അയാളുടെ ശരീരത്തിലെ കക്ഷ,ഗുഹ്യ,മീശ രോമങ്ങളും നഖവും നീക്കം ചെയ്യല്‍ അനുവദനീയമാണെന്നഭിപ്രായമുണ്ടെങ്കിലും ഇമാം നവവി(റ)പ്രഭലമാക്കിയത് കറാഹത്താണെന്നാഭിപ്രായമാണ്(മിന്‍ഹാജ്).എന്നാല്‍ അത്യാവശ്യഘട്ടത്തില്‍ കറാഹത്തില്ലയെന്ന് ശര്‍വാനിയില്‍ കാണാം.മരിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ഇത് പോലോത്ത മ്ലേഛ വസ്തുക്കള്‍ നീക്കം ചെയ്യുന്ന സാഹചര്യം നാമൊരിക്കലും ഉണ്ടാക്കരുത്.അതുകൊണ്ട് മുഅ്മിനീങ്ങളായ നാം വൃത്തി ജീവിത മുദ്രയാക്കാന്‍ ശ്രമിക്കുക.നാഥന്‍ അനുഗ്രഹിക്കട്ടെ.ആമീന്‍
Post a Comment