മനുഷ്യ ശരീരത്തിന്റെ സൗന്ദര്യ കേന്ദ്രമായ മുഖത്തുള്ള പ്രധാന അവയവമാണ് വായ.വായയിലുള്ള ദന്തനിരകളുടെ ക്രമീകരണമനുസരിച്ചും,വലുപ്പ ചെറുപ്പമനുസരിച്ചും സൗന്ദര്യത്തില്‍ ഏറ്റ വിത്യാസം കാണാം.പ്രവാചക ജീവിതത്തിലെ സര്‍വ്വ വാക്കുകളും പ്രവര്‍ത്തികളും രേഖപ്പെടുത്തപ്പെട്ടത് പോലെ അവിടുത്തെ ശരീരപ്രകൃതിയും ഹദീസ് ഗ്രന്ഥങ്ങളില്‍ സവിശേഷമായി വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്.അതില്‍ അവിടുത്തെ ദന്തനിരകളുടെ രൂപവും അതിന്റെ സൗന്ദര്യവും കൂടുതലായി ചിത്രീകരിച്ചത് അവ പൂമേനിയുടെ ശരീരസൗന്ദര്യത്തില്‍ അത്രമാത്രം പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കിത്തരുന്നത്.ഏതൊരു മനുഷ്യന്റെയും ശരീരസൗന്ദര്യത്തില്‍ പല്ലുകള്‍ക്ക് വലിയസ്ഥാനം തന്നെയാണുള്ളത്.അത് കൊണ്ടാണല്ലോ സ്വര്‍ണ്ണം ആണുങ്ങള്‍ക്ക് ഹറാമെങ്കിലും അവരുടെ പല്ല് കൊഴിഞ്ഞ് പോയാല്‍ അത് സ്വര്‍ണ്ണം കൊണ്ട് പോലും ഫിറ്റ് ചെയ്യാമെന്നും പല്ലിളകിയാല്‍ സ്വര്‍ണ്ണം കൊണ്ട് കെട്ടാമെന്നും കര്‍മ്മശാസ്ത്രം പഠിപ്പിച്ചത്(മഹല്ലി,അമീറ2-23). അത് കൊണ്ട് തന്നെ സൗന്ദര്യ, വൃത്തി ബോധമുള്ള ഏതൊരു മനുഷ്യനും ദന്തക്രമീകരണ, ശുദ്ധീകരണത്തില്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.
സംസാരിക്കുവാനും,വസ്തുക്കള്‍ കടിക്കുവാനും ചവക്കുവാനും ഉപയോഗിക്കുന്ന വായിലുള്ള കട്ടിയേറിയ ഒരു ഘടകമാണ് പല്ല്.മോണക്കു മുകളിലായി ദന്താഗ്രവും താടിയെല്ലില്‍ ആഴ്ന്നുനില്‍ക്കുന്ന അതിന്റെ താഴെയായി ധാരാളം നാരുകളും ഓരോ പല്ലുകള്‍ക്കും കാണാം.പ്രാരംഭത്തില്‍ 21-22പല്ലുകള്‍ മുളക്കുകയും, അഞ്ച് വയസ്സ് മുതല്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്ക് അതില്‍ പലതും കൊഴിഞ്ഞ് പോയി പിന്നീട് മനുഷ്യനുണ്ടാകുന്നത മുപ്പത്തിരണ്ട് സ്ഥിരമായ പല്ലുകളാണ്(എന്‍സൈക്ലോപീഢിയ ബ്രിട്ടാണിക്ക).
മനുഷ്യന്റെ മുപ്പത്തിരണ്ട് പല്ലുകളില്‍ നാല് മുന്‍പല്ലുകളും, നാല് തേറ്റപ്പല്ലുകളും, നാല് ഉളിപ്പല്ലുകളും,നാല് ചിരിപ്പല്ലുകളും, നാല് കോട്ടുപല്ലുകളും,,പന്ത്രണ്ട് ആസുന്‍ പല്ലുകളുമാണുള്ളത്.മനുഷ്യന് മുപ്പത്തിരണ്ട് പല്ലുകളാണെങ്കില്‍ മൃഗങ്ങളില്‍ ഇത് വ്യത്യസ്ത എണ്ണങ്ങളാണ്.പശുവിന് 24ഉം, ആടിന് 21ഉം, കോലാടിന് 19ഉം, എണ്ണങ്ങളാണുണ്ടാകുക(ഖല്‍യൂബി4-137). മുസ്ലിമിന്റെ പല്ല് കേട് വരുത്തിയാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് ഇസ്ലാം നിഷ്‌കര്‍ശിക്കുന്നുണ്ട്.സ്വതന്ത്രനായ പുരുഷന്റെ ഒരു പല്ലിന് അഞ്ച് ഒട്ടകമാണ് നഷ്ടപരിഹാരം.
വൃത്തിക്കും സദാചാരബോധങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയ വിശുദ്ധ ഇസ്ലാം ദന്തശുദ്ധീകരണത്തിനും വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുണ്ട്.പ്രവാചകവചനങ്ങളും പണ്ഡിത വാക്യങ്ങളും ഇതിനു സാക്ഷികളാണ്.എന്റെ സമൂഹത്തിന് പ്രയാസമായി കാണുമായിരുന്നില്ലെങ്കില്‍ അംഗസ്‌നാനവേളകളില്‍ മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ അവരെ കല്‍പ്പിക്കുമായിരുന്നു വെന്ന സ്വഹീഹായ ഹദീസ് തന്നെ ഇസ്ലാം ദന്തശുദ്ധീകരണത്തിന് നല്‍കിയ പ്രധാന്യം മനസ്സിലാക്കാന്‍ എത്രയോ ധാരാളം.ഫിത്വ്‌റത്തിന്റെ പത്ത് കാര്യങ്ങള്‍ വിശദീകരിക്കുന്ന ആഇശ ബീവി നിവേദനം ചെയ്യുന്ന ഹദീസില്‍ മിസ്‌വാക്ക് ചെയ്യുന്നതും എണ്ണപ്പെട്ടിട്ടുണ്ട്(അഹ്മദ്, നസാഇ). വിവാഹം, സുഗന്ധം പൂശുക, മിസ്‌വാക്ക് ചെയ്യുക, ചേലാകര്‍മ്മം എന്നിവ പ്രവാചക ചര്യകളില്‍ പെട്ടതാണെന്ന് തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.ജിബ്രീല്‍ എന്റെ അടുക്കല്‍ വരുമ്പോഴൊക്കെ എന്നോട് ദന്തശുദ്ധീകരണത്തിന്റെ കാര്യം ഉണര്‍ത്താറുണ്ടായിരുന്നുവെന്ന് തിരുമേനി(സ) അരുളിയിട്ടുണ്ട്.സാമൂഹികമായി ജീവിക്കുന്ന മനുഷ്യന്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രധാനകാര്യവുമാണിത്.
മിസ്‌വാക്ക് ശ്രേഷ്ടമായ സമയങ്ങള്‍
ഫര്‍ള്, സുന്നത്ത് നിസ്‌കാരവേളകളിലും, വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുവാനും, മതവിഞ്ജാനങ്ങളുമായി ബന്ധപ്പെടുമ്പോഴും, ഭക്ഷണംകഴിച്ചോ ഉറക്കം കാരണമോ വായ പകര്‍ച്ചയായാലും, പള്ളിയിലേക്കും, വീട്ടിലേക്കുംപ്രവേശിക്കുമ്പോഴും, അത്താഴനേരത്തും, മരണാസന്നനായി കിടക്കുമ്പോഴും പല്ലില്ലാത്ത വ്യക്തിക്ക് പോലും മിസ്‌വാക്ക് ചെയ്യല്‍ പ്രത്യേകം പുണ്യമുണ്ട്(ഫത്ഹുല്‍മുഈന്‍). മിസ്‌വാക്ക് ചെയ്ത്‌കൊണ്ട് നിസ്‌കരിക്കുന്നതിന് അതില്ലാതെ നിര്‍വഹിക്കപ്പെടുന്നതിനേക്കാള്‍ എഴുപതിരട്ടി പ്രതി ഫലമുണ്ടെന്ന് ഇമാം ഹുമൈദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.ഒരു നിസ്‌കാരത്തില്‍ നിന്ന് വിരമിച്ച് അടുത്ത നിസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നവന് പോലും ഇത് പ്രത്യേകം പുണ്യമുണ്ടെന്ന് കര്‍മ്മശാസ്ത്രം വിശദീകരിക്കുന്നു.മാത്രവുമല്ല,നിസ്‌കാരാരംഭത്തില്‍ മിസ്‌വാക്ക്‌ചെയ്യാന്‍ മറന്ന വ്യക്തിക്ക് നിസ്‌കാരത്തിനിടയില്‍ ഓര്‍ത്തെടുത്താല്‍ ബാത്വിലാകാത്ത വിധം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ടത് വീണ്ടെടുക്കാമെന്ന് പണ്ഡിതര്‍ പറയുന്നു(നിഹായ).നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ഉറക്ക് കാരണമോ മറ്റോ വായ പകര്‍ച്ചയായാലല്ലാതെ മിസ്‌വാക്ക് ചെയ്യല്‍ കറാഹത്താണ്.
വുളുവിന്റെ സമയത്ത് ദന്ത ശുദ്ധീകരണം പ്രത്യേകം സുന്നത്താണ്. മുന്‍കൈകള്‍ കഴുകി വായില്‍ വെള്ളം കൊപ്ലിക്കുന്നതിന് മുമ്പാണ് മിസ്‌വാക്ക് ചെയ്യേണ്ടതെന്ന് ഇബ്‌നുസ്സലാഹും(റ)മറ്റും പറഞ്ഞിട്ടുണ്ടെങ്കിലും ബിസ്മി ചൊല്ലുന്നതിന് മുമ്പ് തന്നെയാണതിന്റെ സമയമെന്ന് പറഞ്ഞ ഇമാം ഗസാലി(റ)യുടെയും ഖഫാലി(റ)യുടെയും അഭിപ്രായമാണ് പ്രഭലമെന്ന് ചില പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ശര്‍വാനി1-228). ഉരമുള്ള വസ്തുക്കള്‍കൊണ്ട് പല്ലിന്റെ രണ്ട് ഭാഗങ്ങളും വീതിയിലാണ് മിസ്‌വാക്ക് ചെയ്യേണ്ടത്. സ്വന്തം വിരലുകള്‍ ഉരമുള്ളതാണെങ്കില്‍ അത്‌കൊണ്ട് വൃത്തിയാക്കിയാലും സുന്നത്ത് ലഭിക്കുമെന്നാണ് ഇമാം നവവി(റ)ശറഹുല്‍ മുഹദ്ദബില്‍ അഭിപ്രായപ്പെട്ടത്. മിസ്‌വാക്ക് ചെയ്ത പ്രതിഫലം ലഭിക്കണമെങ്കില്‍ ചെയ്യുന്ന അവസരത്തില്‍ സുന്നത്തായ കര്‍മ്മം നിര്‍വ്വഹിക്കുന്നുവെന്ന് കരുതല്‍ നിര്‍ബന്ധമാണ്(തുഹ്ഫ1-235). മിസ്‌വാക്ക് ചെയ്യുന്നതിന്റെ പ്രഥമഘട്ടത്തില്‍ വായിലുള്ള ഉമിനീര് ഇറക്കലും, മിസ്‌വാക്ക് ഊമ്പാതിരിക്കലും, സുന്നത്താണ്.ദന്തശുദ്ധീകരണമെന്ന ഇബാദത്തില്‍ നിന്ന് പ്രഥമമായി ലഭിക്കുന്ന വസ്തു കൊണ്ട് തബര്‍റുകെടുക്കലായിരിക്കാം ഇത് കൊണ്ടുദ്ധേശിക്കപ്പെടുന്നതെന്ന് അലിയ്യുശ്ശിബ്‌റാമുല്ലസി(റ)രേഖപ്പെടുത്തിയിട്ടുണ്ട്.മിസ്‌വാക്ക് വായില്‍ വെച്ചയുടനെയുള്ള ഉമിനീര് മാത്രമേ വിഴുങ്ങാവൂ, ശേഷം വല്ലതുമിറക്കിയാല്‍ ചില രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് (ശര്‍വാനി 1-235).
മറ്റുള്ളവരുടെ മിസ്‌വാക്ക് സമ്മതമില്ലാതെ ഉപയോഗിക്കല്‍ ഹറാമാണ്.സമ്മതമുണ്ടെങ്കില്‍ തന്നെ തബര്‍റുകിന് വേണ്ടിയല്ലാതെ ഉപയോഗിക്കല്‍ ഉത്തമമല്ല.പല്ല് തേക്കുന്നതിന് മുമ്പ് പല്ലുകള്‍ക്കിടയിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കിക്കളയല്‍ പുണ്യകരമാണ്.കൊള്ളിക്കഷ്ണങ്ങള്‍ പോലോത്തവ കൊണ്ടെടുത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഇറക്കല്‍ കറാഹത്താണ്,എന്നാല്‍ നാവ് പോലോത്തത് കൊണ്ടെടുത്തത് വിഴുങ്ങുന്നതിന് പ്രശ്‌നമില്ല.
വലത്തെകയ്യിന്റെ ചെറുവിരലും തള്ളവിരലും മിസ്‌വാക്കിന്റെ അടിഭാഗത്തും മറ്റു മൂന്ന് വിരലുകള്‍ മുകള്‍ ഭാഗത്തും വെച്ച്,വലതുഭാഗത്തുള്ള മുകളിലെ പല്ലുകള്‍ മദ്ധ്യഭാഗം വരെയും ശേഷം അടിഭാഗത്തുള്ളവയും ,പിന്നീട് ഇടതു വശത്തെ പല്ലുകളും ഇത് പോലെ കഴുകലാണ് സുന്നത്തായ രൂപം(ഇആനത്ത്). സ്വഹാബികള്‍ മിസ്‌വാക്ക് ചെയ്ത ശേഷം ഇടത്തെ ചെവിയുടെ പിന്‍വശത്തായി തങ്ങളുടെ മിസ്‌വാക്ക് തൂക്കിയിടാറുണ്ടായിരുന്നു. ശീലക്കഷ്ണം, വാകപ്പൊടി എന്നിവയേക്കാള്‍ സുഗന്ധമുള്ള കൊള്ളിക്കഷ്ണമാണുത്തമമെങ്കിലും ഏറ്റവും പുണ്യം അറാക്കുപയോഗിക്കലാണ്.തുളസിച്ചെടികൊണ്ട് പല്ല് തേച്ചാല്‍ കുഷ്ടരോഗമുണ്ടാകുമെന്നത് കാരണം അതുപയോഗിക്കല്‍ കറാഹത്താണ്.
പുണ്യങ്ങള്‍, ശ്രേഷ്ടതകള്‍
മിസ്‌വാക്ക് ചെയ്യുന്ന മനുഷ്യന് വൃത്തി കൊണ്ട് നടക്കാമെന്നതിലുപരി നിരവധി മഹത്വങ്ങളും ശ്രേഷ്ടതകളും ലഭിക്കുന്നതാണ്.വായശുദ്ധി, ദൈവ പ്രീതി, ദന്തശുദ്ധി, മുതുക് നിവര്‍ന്നുനില്‍ക്കല്‍, മോണബലം, പെട്ടന്ന് നര ബാധിക്കാതിരിക്കുക, ബുദ്ധിവര്‍ദ്ധിക്കുക, പ്രതിഫലം ഇരട്ടിയാവുക, മരണസൗഖ്യം, അവസാന സമയം ശഹാദത് കലിമ ഓര്‍മ്മയുണ്ടാവുക, തുടങ്ങിയ കാര്യങ്ങള്‍ പതിവായി മിസ്‌വാക്ക് ചെയ്യുന്ന മനുഷ്യന് ലഭിക്കുന്ന നേട്ടങ്ങളാണ്(മുഗ്‌നി1-57). ദന്തശുദ്ധീകരണം പതിവാക്കുന്ന വ്യക്തിക്ക് എഴുപതില്‍ പരം മഹത്വങ്ങള്‍ ലഭിക്കുമെന്നും അതിലേറ്റവും ചെറുത് മരണസമയത്ത് ശഹാദത്ത് കലിമ ചൊല്ലാന്‍ സാധിക്കലാണെന്നും കാണാം(മിര്‍ഖാത് ശര്‍ഹു മിശ്കാത്ത്). മാത്രവുമല്ല, ഭക്ഷണദഹനത്തിനും, പല്ല് വേദന നീങ്ങുവാനും, സംസാരം വ്യക്തമായി തിരിയുവാനും, കുഷ്ടരോഗത്തില്‍ നിന്ന് രക്ഷപ്രാപിക്കാനും, ഇത് സഹായകമാണ്. കൂടാതെ മലക്കുകള്‍ കണ്ടാല്‍ ഹസ്തദാനം ചെയ്യുമെന്നും, ഖബറില്‍ വിശാലത ലഭിക്കുമെന്നും, സന്തോഷത്തോടെ മരിക്കുവാന്‍ സാധിക്കുമെന്നും ഇതിന്റെ ശ്രേഷ്ടതകളായി എണ്ണപ്പെട്ടിട്ടുണ്ട്.മരണമെല്ലാത്ത സര്‍വ്വ രോഗത്തിനും ദന്തശുദ്ധീകരണം ഔശധമാണെന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. ഓര്‍മ്മ ശക്തി വര്‍ദ്ധിക്കാന്‍ മിസ്‌വാക്ക് ചെയ്യല്‍ പതിവാക്കിയാല്‍ മതിയെന്ന് തഅ്‌ലീമുല്‍ മുതഅല്ലിമില്‍ കാണാം.ഈ പുണ്യങ്ങളൊക്കെ ലഭിക്കുന്ന സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.ആമീന്‍
Post a Comment