1971 മെയ് 15 മുതല്‍ 1995 ഫെബ്രുവരി 5ന് മരണപ്പെടുന്നത് വരെ സമസ്തകേരള ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായി രണ്ടരപ്പതിറ്റാണ്ടുകാലം സേവനം ചെയ്ത മഹാനാണ് കെ.കെ അബൂബക്ര്‍ ഹസ്രത്.
എറണാംകുളം ജില്ലയിലെ വൈപ്പിന്‍ദ്വീപിലെ എടവനക്കാട് ദേശത്ത് കുരുടംപറമ്പില്‍ കുഞ്ഞിമുഹമ്മദ്- ആയുശുമ്മ ദമ്പതികള്‍ക്ക്(കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശിനി) 1929 ഫെബ്രുവരി 20(1347 റമളാന്‍ 10)നാണ് ജനിക്കുന്നത്. നാട്ടിനടുത്ത് നായരമ്പലം പള്ളിയില്‍ ക്ലാപ്പന വി.കെ മുഹമ്മദ് മൗലവിയുടെ ദര്‍സിലും എടവനക്കാട് എല്‍.പി സ്‌കൂളിലും പഠിച്ചു. ചെമ്മീന്‍ ബിസിനസുകാരനായിരുന്നു പിതാവിന് മകനെയും ആ മേഖലയില്‍ ഉന്നതനാക്കണമെന്നായിരുന്നു ആഗ്രഹം. രണ്ടാം ലോക മഹായുദ്ധത്തോടെ ബിസിനസ് മേഖലയില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ആ സ്വപ്നം ഉടയുകയും മകനെ പഠിക്കാന്‍ പറഞ്ഞയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ക്ലാപ്പന ഉസ്താദിന്റെ ദീര്‍ഘദൃഷ്ടി കൃത്യമായി പുലര്‍ന്ന ഒരാളാണ് കെ.കെ അബൂബക്ര്‍ ഹസ്രത്. ആ ദര്‍സില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേരായിരുന്നു കെ.കെ അബൂബക്‌റും കെ.എം അബൂബക്‌റും. രണ്ട് പേരും മിടുക്കരുമാണ്. ഒരിക്കല്‍ ക്ലാപ്പന ഉസ്താദ് പറഞ്ഞുവത്രെ: 'കൊച്ചബു' മോല്യാരാവട്ടെ, 'കുഞ്ഞബു' മാഷാവട്ടെ. കെ.കെ ഹസ്രത് സമസ്തയുടെ പ്രസിഡന്റ് പദവി വരെ അലങ്കരിച്ച പണ്ഡിതനും, ഡോ. കെ.എം അബൂബക്ര്‍ ബാബാ ആറ്റമിക് റിസെര്‍ച്ച് സെന്ററിലെ ഗവേഷകനും, കേരളമുസ്‌ലിംകളില്‍ ഉന്നതപഠനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച സിജിയുടെ സംസ്ഥാപനകുമായിരുന്നു.
നാട്ടിലെ പഠനത്തിന് ശേഷം വെന്‍മേനാട് ദര്‍സില്‍ ഒരു വര്‍ഷം പഠിച്ചു. ബ്ലാങ്കാട് അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ആയിരുന്നു ഉസ്താദ്. ശേഷം താനൂര്‍ വലിയകുളങ്ങരപ്പള്ളിയില്‍ നാല് വര്‍ഷം (1945-1949 വരെ) പഠിച്ചു. നന്നമ്പ്ര സൈതാലി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, ചെറുതിരുത്തി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് അന്ന് താനൂരില്‍ അധ്യാപകരായുണ്ടായിരുന്നത്. താനൂരില്‍ നിന്ന് വാഴക്കാട്ട് ദര്‍സില്‍ പറവണ്ണയുടെ ശിഷ്യനായി 1950 വരെ ഒരു വര്‍ഷം പഠിച്ചു. അവിടെ നിന്നും തളിപ്പറമ്പ് ഖുവ്വതുല്‍ഇസ്‌ലാം അറബിക് കോളെജില്‍ പോയി. രണ്ട് വര്‍ഷം ശംസുല്‍ഉലമയുടെ ശിഷ്യനായി അവിടെ പഠിച്ചു.
പിന്നീട് ബാഖിയാതില്‍ മൂന്ന് വര്‍ഷവും ശേഷം ദയൂബന്ദില്‍ ഒരു വര്‍ഷവും പഠനം പൂര്‍ത്തിയാക്കി. 1956ല്‍ ഔദ്യോഗിക പഠനം അവസാനിച്ചു. 1947ല്‍ വിവാഹം കഴിഞ്ഞിട്ടും എട്ട് വര്‍ഷത്തോളം പഠനം നടത്തിയത് വിജ്ഞാനത്തോടുള്ള ആഗ്രഹമായിരുന്നുവെന്ന് മനസ്സിലാക്കാം. അയ്യായിരം ഹദീസുകള്‍ മനപ്പാഠമുണ്ടായിരുന്നുവത്രെ ഉസ്താദിന്.
ആദ്യമായി മുദരിസായത് കാന്തപുരത്താണ്. മൂന്ന് വര്‍ഷത്തിന് ശേഷം താനൂരില്‍ ശംസുല്‍ഉലമ അധ്യാപനം നടത്തുന്ന കാലത്ത് ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളേജില്‍ അധ്യാപകനായി എത്തി. 1964 മാര്‍ച്ച് 12ന് ഇസ്‌ലാഹ് വിട്ടു. മാര്‍ച്ച് 15ന് ബാഖിയാതിലേക്ക് ഗുരുനാഥന്‍ ശൈഖ് ഹസന്‍ ഹസ്രതിന്റെ ക്ഷണപ്രകാരം ബാഖിയാതിലേക്ക് മുദരിസായി യാത്രപോയി. 1966 ജൂലൈ 8 ന് വെല്ലൂരില്‍ നിന്ന് രാജിവെച്ച് പോരുന്നതിനിടയില്‍ അവിടത്തെ പ്രിന്‍സിപ്പള്‍ പദവി വരെ അലങ്കരിച്ചിട്ടുണ്ട്. 07-08-1966 മുതല്‍ പടന്നയിലെ ബുസ്താനുസ്വാലിഹീന്‍ കോളെജിലെ അധഅധ്യാപകനായി. ഒന്നര വര്‍ഷത്തിന് ശേഷം ആലത്തൂര്‍പടി ദര്‍സില്‍ മുദരിസായി. അവിടെ നിന്ന് അന്‍വരിയ്യ അറബിക് കോളെജിലേക്ക് പോയി. അവിടെയും പ്രന്‍സിപ്പളായിരുന്നു. പൊട്ടച്ചിറയില്‍ നിന്ന് വിരമിച്ച് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തില്‍ മഹ്‌ളറതുല്‍ഖാദിരിയ്യ അറബിക് കോളെജില്‍ ജോലിയേറ്റു. 1977ല്‍ ജാമിഅയിലെത്തി. 1987മുതല്‍ കോട്ടുമല ഉസ്താദിന്റെ വഫാതിന് ശേഷം പ്രിന്‍സിപ്പളുമായി.
പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് 3-111957ന് ചേര്‍ന്ന യോഗത്തിലാണ് ഉസ്താദിനെ മുശാവറ അംഗമായി തിരഞ്ഞെടുക്കുന്നത്. അന്ന് 27 വയസ്സാണ്. 1978ല്‍ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ വഫാതിന് ശേഷം സമസ്ത മുലപ്പുറം ജില്ലാപ്രസിഡന്റായും 1987 സമസ്തയുടെ വൈസ്പ്രസിഡന്റായും 1993ല്‍ കണ്ണിയത്തുസ്താദിന് ശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. സമസ്ത വിദ്യാഭ്യാസബോര്‍ഡ്, പരീക്ഷാബോര്‍ഡ്, ഫത്‌വാകമ്മിറ്റി തുടങ്ങിയ സമിതിയില്‍ അംഗവുമായിരുന്നു.
കോടിക്കണക്കിന് രൂപ അര്‍ഹരായ മുഅല്ലിമീങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടന്ന, എസ്.കെ.ജെ.എം.സി.സി യുടെ കീഴില്‍ നടക്കുന്ന ക്ഷേമനിധി പദ്ധതിയുടെ സ്ഥാപകനും അതിന് വേണ്ടി ഏറെവലിയ ത്യാഗം സഹിച്ചവരും കെ.കെ അബൂബക്ര്‍ ഹസ്രത്താണ്. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഘട്ടത്തിലും വിമാനം കയറി വിദേശരാജ്യങ്ങളില്‍ ചെന്ന് ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി ഓടിനടന്നവരായിരുന്നു അവര്‍.
ജംഇയ്യതുല്‍മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍മുഅല്ലിം മാഗസിന്റെ മുഖ്യപത്രാധിപരും സ്ഥിരം ലേഖകനുമായിരുന്നു. സൂറതുന്നൂര്‍ പരിഭാഷ, ഫത്ഹുല്‍മുഈന്‍ വ്യാഖ്യാനമായ ഫത്ഹുല്‍മുല്‍ഹിം എന്നിവ പ്രധാന കൃതികളാണ്.
Post a Comment