മദ്രസാ പ്രസ്ഥാനം വളര്‍ന്ന് പന്തിലിക്കുന്നതില്‍ ചിന്ത കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ശ്ലാഘനീയമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ആനക്കര സി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍. 1921ല്‍ ജനിക്കുകയും നാട്ടിലെ ഓത്തുപള്ളിയില്‍ അധ്യാപകനായിരുന്ന പിതാവ് അസൈനാര്‍ മൊല്ലാക്കയുടെ അടുത്ത് നിന്ന് ആദ്യാക്ഷരങ്ങള്‍ പഠിച്ചെടുക്കുകയും ശേഷം ഒമ്പതാം വയസ്സില്‍ ആനക്കര ചെമ്പോലവളപ്പില്‍ ബാവമുസ്ലിയാരുടെ നെല്ലായ ദര്‍സില്‍ പഠനം തുടരുകയും ചെയ്തു. അതിന്‌ശേഷം കുറ്റിപ്പുറം പഴയജുമുഅത്ത് പള്ളി, എടയൂര്‍, ചെമ്മല, നെടുങ്ങോട്ടൂര്‍, മൂര്‍ക്കനാട് ചെമ്മങ്കുഴി തുടങ്ങി അന്ന് സുപ്രസിദ്ധ ദര്‍സുകള്‍ നടന്നിരുന്ന പ്രദേശങ്ങളിലെ പള്ളികളില്‍ ചെന്ന് പഠനയാത്ര തുടര്‍ന്നു കൊണ്ടിരുന്നു.

നിലവിലെ സമ്പ്രദായമനുസരിച്ച് അധ്യയനത്തിന് ശേഷം അധ്യാപനമെന്ന സ്വപ്നവുമായി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പാലക്കാട് ജില്ലയിലെ പേങ്ങാട്ടിരി, ചെറുകോട്, വല്ലപ്പുഴ ജാറം പള്ളി, മലപ്പുറം ജില്ലയില്‍ കോട്ടക്കലിനടുത്ത് ആട്ടീരി തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി ഏകദേശം 13 വര്‍ഷം സേവനം ചെയ്തു. സമസ്തയുടെ പ്രസിഡന്റും അനുജസഹോദരനുമായ സി. കോയക്കുട്ടിമുസ്സിയാര്‍, മുജാഹിദ് നേതാവ് സി.പി ഉമര്‍ സുല്ലമി എന്നിവരെല്ലാം ശിഷ്യന്‍മാരാണ്.

മികച്ച അധ്യാപകനെന്നതിലുപരി, വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് സമര്‍ത്ഥിച്ചിരുന്ന പ്രഭാഷകന്‍, ലക്ഷണമൊത്ത എഴുത്തുകാരന്‍, മികച്ച സംഘാടകന്‍, പ്രശ്‌നപരിഹാരകന്‍, തുടങ്ങിയ മേഖലയിലും പാഠവം തെളിയിച്ചവരായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാര്‍. ആത്മീയപാതയില്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വടകര മമ്മദാജി, സയ്യിദ് മുഹമ്മദ് ബുഖാരി, കോയമ്മത്തങ്ങള്‍, ഹിബത്തുള്ള തങ്ങള്‍ എന്നിവരുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തു.

1921 ന് ശേഷം മാപ്പിളമാര്‍ മതം പഠിച്ചിരുന്ന കേന്ദ്രങ്ങളില്‍ ഭൗതിക പഠനം നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറ്റുകയും ചെയ്തു. രാജഗോപാലാചാരി  മദ്രാസ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്ത കാലത്ത് ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേക വിഭാഗത്തിന് മതം പഠിപ്പിക്കാന്‍ അനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ പണ്ഡിതര്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും ത്വരിതഗതിയില്‍ പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ ഫലമായിട്ടാണ് വിദ്യാഭ്യാസബോര്‍ഡ് രൂപീകരിക്കപ്പെടുന്നത്.

1945ന് ശേഷം ചര്‍ച്ചകള്‍ സജീവമാവുകയും 1951ല്‍ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ കണ്‍വീനറാക്കി സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്ന പേരില്‍ സമിതി രൂപീകരിക്കപ്പെടുകയുമുണ്ടായി. ആ വര്‍ഷം തന്നെ സെപ്തംബറില്‍ വാളക്കുളത്ത് വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ പ്രസിഡന്റായി പറവണ്ണയും സെക്രട്ടറിയായി കെ.പി ഉസ്മാന്‍ സാഹിബും നിയമിതനായി ബോര്‍ഡ് കമ്മിറ്റി നിലവില്‍ വന്നു. ദര്‍സ്,മദ്രസകള്‍ വിപുലപ്പെടുത്താനും ഇല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകള്‍ നിര്‍മ്മിക്കുവാനും എല്ലാ മദ്രസകളും ബോര്‍ഡിന്റെ കീഴില്‍ അംഗീകരിപ്പിക്കുകയും പരീക്ഷ നടത്തുകയും വിസിറ്റ് നടത്തുവാനും തീരുമാനമായി.

ഇക്കാലയളവില്‍ വല്ലപ്പുഴ ജാറത്തിങ്കല്‍ പള്ളിയില്‍ മുദരിസായി സേവനം ചെയ്തിരുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ സമസ്തനേതാക്കളോട് ബന്ധം പുലര്‍ത്തുകയും മദ്രസാ പ്രസ്ഥാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അവരോടൊപ്പം പങ്ക്‌കൊള്ളുകയും ചെയ്തു. കോട്ടക്കലടുത്ത് ആട്ടീരിയില്‍ മുദരിസായി സേവനം ചെയ്യുമ്പോഴാണ്, 1957 ജൂലൈ നാലിന് വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം നമ്പര്‍ മുഫത്തിശായി തിരഞ്ഞെടുക്കപ്പെടുന്നതോടെ അദ്ദേഹം ഔദ്യോഗികമായി ഈ പ്രസ്ഥാനത്തിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അന്നദ്ദേഹത്തിന് 36 വയസ്സായിരുന്നു. നിയമനത്തില്‍ മൂന്നാമനെങ്കിലും പ്രവര്‍ത്തനം കൊണ്ട് ഒന്നാമനായി അദ്ദേഹം വിളങ്ങി. 154 മദ്‌റസകള്‍ മാത്രമാണ് അദ്ദേഹം മുഫത്തിശായി നിയമിതനാകുമ്പോഴുള്ളതെങ്കില്‍ മൂന്നര പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോള്‍ 6029 എണ്ണമായി അത് വര്‍ദ്ധിച്ചിരുന്നു എന്നത് തന്നെ ഇതിന് സാക്ഷ്യമാണ്.

1921ല്‍ ജനിച്ച് ബാല്യകാലത്തിന് ശേഷം വിദ്യാര്‍ത്ഥീജീവിതം. പിന്നീട് 1947 വരെ മുദരിസ്, 1947 മുതല്‍ 1957 വരെ സമസ്ത പണ്ഡിതന്‍മാരുമായി അടുത്തിടപഴകിയ പ്രവര്‍ത്തനം, 1957 മുതല്‍ 1965 വരെ മുഫത്തിശായി സേവനം. 1965 മുതല്‍ 1988ല്‍  ഔദ്യോഗികമായി വിരമിക്കുന്നത് വരെ റീജ്യണല്‍ മുഫത്തിശ്. 1988 മുതല്‍ 1992 വരെ സമസ്ത ആവശ്യപ്പെട്ടത് പ്രകാരം അനൗദ്യോഗിക സേവനം. പിന്നീട് 1998ല്‍ വഫാതാകുന്നത് വരെ വീട്ടില്‍ വിശ്രമജീവിതം. ഇതാണ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ജീവിത ചിത്രം.

മദ്രസാപ്രസ്ഥാനത്തിന്റെ വളര്‍ച്ചാഘട്ടത്തില്‍ ഓരോ പ്രദേശങ്ങളിലും ചെന്ന് പാതിരാ വഅളിലൂടെയും മറ്റും ഭൂമിയും സംഭാവനകളും സ്വരൂപിച്ച് ആ നാട്ടില്‍ മദ്രസകള്‍ സ്ഥാപിക്കുകയും ആ മദ്രസകള്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗീകരിപ്പിച്ച് ഔദ്യോഗിക സിലബസും പരിശോധനയും പരീക്ഷയും നടത്തുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഇങ്ങനെ വഅള് പറയാന്‍ അന്നുണ്ടായിരുന്ന പ്രധാനികളില്‍ ഒരാളാണ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍. വെള്ളിയാഴ്ച പ്രഭാഷണത്തിലൂടെ ഓരോ നാട്ടുകാരെയും മതവിദ്യാഭ്യാസം നേടുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും സൂചിപ്പിച്ച് അവരെ ബോധവാന്‍മാരാക്കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്.

അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള ഈ അധ്വാനങ്ങള്‍ക്കിടയില്‍ സ്വന്തം കാര്യവും കുടുംബത്തിന്റെ കാര്യവും പലപ്പോഴും രണ്ടാം കിടയായിപ്പോയിട്ടുണ്ട്. പല എതിര്‍പ്പുകളും, പ്രതിബന്ധങ്ങളും തരണം ചെയ്താണ് ഈ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. യാത്രാസൗകര്യങ്ങള്‍ വേണ്ടത്ര ഇല്ലാത്ത അക്കാലത്ത് കാല്‍നടയായി ദിവസങ്ങളോളം മൈലുകള്‍ താണ്ടിയാണ് അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിയിരുന്നത്. ഇതിനിടയില്‍ സ്വന്തം പുത്രിയുടെ മരണം പോലും രണ്ടാഴ്ചക്കാലം അറിയാതെ പോയ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

1957ല്‍ പരപ്പനങ്ങാടിയില്‍ ഓഫീസ് വരുന്നത് വരെ വാളക്കുളം അബ്ദുല്‍ബാരി ഉസ്താദിന്റെ വീട് തന്നെയാണ് വിദ്യാഭ്യാസബോര്‍ഡിന്റെ ഓഫീസ്. അക്കാലത്ത് പലപ്പോഴായി അവിടെപ്പോയിരുന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പരപ്പനങ്ങാടിയില്‍ ഓഫീസ് നിലവില്‍ വന്ന ശേഷം സ്ഥിരം സന്ദര്‍ശകനായി. ആഴ്ചയില്‍ ഒരു തവണ എന്ന തോതിലെങ്കിലും ഈ സന്ദര്‍ശനം പതിവായി. കെ.പി ഉസ്മാന്‍സാഹിബും, ടി.കെ അബ്ദുല്ല മൗലവിയുമാണ് അന്നവിടെയുണ്ടായിരുന്നത്. പൊതുപരീക്ഷ, റൈഞ്ച് സംവിധാനം, ട്രൈനിംഗുകള്‍, ഹിസ്ബ് ക്ലാസുകള്‍ എന്നീ സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത് ഇക്കാലയളവിലാണ്. പിന്നീട് 1970ലാണ് ചേളാരിയില്‍ ഓഫീസ് വന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്ക് വെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമിപ്രകാരമായിരുന്നു:''1969 ല്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍ മേഖലകളില്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടു. ഇസ്‌ലാമികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ആ പ്രദേശങ്ങളില്‍ ചില പള്ളികളൊഴിച്ചാല്‍ മദ്‌റസകളുണ്ടായിരുന്നില്ല. ആറു മാസം ആ പ്രദേശങ്ങളില്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി 50ല്‍ പരം മദ്രസകളും ആലത്തൂര്‍, വടക്കഞ്ചേരി റൈഞ്ചുകളും സ്ഥാപിക്കാനായി. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ എന്റെ മനസ്സിനെ ഹര്‍ഷപുളകിതമാക്കിയ ഒരു സംഭവമായിരുന്നു അത്''(ജംഇയ്യത്തുല്‍മുഅല്ലിമീന്‍ സുവനീര്‍ 1993).

നിലവിലുള്ള മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും കാര്യക്ഷമമാക്കലുമാണ് മുഫത്തിശുമാരുടെ ഡ്യൂട്ടിയെങ്കില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ക്ക് മദ്രസകളില്ലാത്ത നാടുകളില്‍ മദ്രസകള്‍ സ്ഥാപിക്കലും റൈഞ്ചുരൂപീകരണവമെല്ലാം ഉണ്ടായിരുന്നു. ഇത് കൊണ്ട് തന്നെ അദ്ദേഹത്തിന് മുഫത്തിശുമാര്‍ക്കിടയില്‍ പ്രത്യേക ഇടം തന്നെയുണ്ടായിരുന്നു. പിന്നീട് റൈഞ്ചുകള്‍ വര്‍ദ്ധിക്കുകയും ഉത്തരവാദിത്വങ്ങള്‍ കൂടുകയും ചെയ്തപ്പോള്‍ രണ്ട് റീജ്യണുകളായി തിരിച്ച് തെക്ക് റീജ്യണ്‍ മുഫത്തിശായി കുഞ്ഞഹമ്മദ് മുസ്‌ലിയാരെ നിയമിക്കുകയുമുണ്ടായി. സി.ടി അഹ്‌മദ്കുട്ടി മുസ്‌ലിയാരായിരുന്നു വടക്ക് റീജ്യണ്‍ മുഫത്തിശ്.

സമസ്തക്ക് മാത്രമായി ഖുര്‍ആന്‍ ഹിസ്ബ് ട്രൈനര്‍മാര്‍ ഉണ്ടാവണമെന്ന് നേതാക്കളോട് പങ്ക്‌വെച്ചത് കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ്. രണ്ട് മണിക്കൂര്‍ മാത്രം ജോലിയുള്ള മദ്രസാധ്യാപകര്‍ക്ക് വരുമാനമാര്‍ഗ്ഗമായി മറ്റു തൊഴിലുകള്‍ പരിശീലിപ്പിക്കണമെന്ന കാര്യം നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. ടൈറിംഗ്, നോട്ട് ബുക്ക് ബൈന്‍ഡിംഗ് തുടങ്ങിയ തൊഴിലുകള്‍ പരിശീലനം നല്‍കി വരുമാന മാര്‍ഗ്ഗം ഉസ്താദുമാര്‍ക്ക് തുറന്ന് കൊടുത്തെങ്കിലും ടൈലറിംഗ് പഠിച്ച പലരേയും അധ്യപാനത്തിന് കിട്ടിയില്ല എന്ന സങ്കടം അദ്ദേഹം പങ്ക് വെക്കുമായിരുന്നു.

1988 ഒക്‌ടോബര്‍ 16 ന് സര്‍വ്വീസില്‍ നിന്ന് ഔദ്യോഗികമായി പിരിഞ്ഞുവെങ്കിലും പരിസരപ്രദേശങ്ങളില്‍ ഇനിയും തുടരണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചത് പ്രകാരം അവശത പിടികൂടും വരെ സേവനം തുടര്‍ന്നു. 1992ന് ശേഷം വീട്ടില്‍ വിശ്രമമായി.  1998 റമദാന്‍ 7ന് നോമ്പ് തുറക്കാന്‍ നേരത്ത് ആ മഹാമനീഷി വിടപറഞ്ഞു. അനുജന്‍ കോയക്കുട്ടി മുസ്‌ലിയാര്‍ തനിക്കും ജ്യേഷ്ഠനും കിടക്കാന്‍ രണ്ട് ഖബ്‌റുകള്‍ കുഴിച്ച് കഴിഞ്ഞ ദിവസമായിരുന്നു അത്. അതിലൊന്നില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഖബറടക്കപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്‍ സ്വീകരിക്കട്ടെ.

Post a Comment

Previous Post Next Post