അല്ലാഹുവിന്റെ പരിശുദ്ധ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി ശത്രുക്കളോട് പോരാടി പരലോകം പൂകിയവരാണ് ശുഹദാക്കള്‍ അഥവാ രക്തസാക്ഷികള്‍. ദീനിന്റെ കാഴ്ചപ്പാടില്‍ ഉന്നത സ്ഥാനീയരാണ് അവര്‍. നമ്മില്‍ നിന്ന് മരിച്ച് പോകുന്ന സാധാരണജനങ്ങളെപ്പോലെയല്ല മതം ഇവരെ നമുക്ക് പരിചയപ്പെടുത്തിത്തന്നത്. മറിച്ച്, അമ്പിയാക്കള്‍ കഴിഞ്ഞാല്‍ സാധാരണ ജനങ്ങളില്‍ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന, അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ അനുഭവിക്കുന്ന ഉത്തമവിഭാഗമാണ് രക്തസാക്ഷികള്‍.
മതത്തിന്റെ കാഴ്ചപ്പാടില്‍ രക്തസാക്ഷികള്‍ മൂന്ന് വിഭാഗമാണ്. അല്ലാഹുവിന്റെ മതത്തിന്റെ സംസ്ഥാപനത്തിനും നിലനില്‍പ്പിനും വേണ്ടി ശത്രുവിനോട് അടരാടി ചോരചിന്തി മരണം വരിച്ചവരാണ് ഇതില്‍ ഒന്നാം വിഭാഗം.
ഈ ശഹീദിനെ കുളിപ്പിക്കുകയോ അവനു വേണ്ടി ജനാസ നിസ്‌കരിക്കുകയോ അരുത്. എന്നാല്‍ പാരത്രികലോകത്ത് ശഹീദായി ഗണിക്കപ്പെടുകയും അവരുടെ മഹത്വം ലഭിക്കുകയും ചെയ്യുന്ന, എന്നാല്‍ ഇഹലോകത്ത് ശഹീദായി പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന രക്തസാക്ഷിയാണ് രണ്ടാമത്തേത്. സാധാരണ മനുഷ്യര്‍ മരിച്ചാല്‍ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ മുഴുവന്‍ ചെയ്തതിന് ശേഷമേ ഇവരെ നാം ഖബറടക്കാവൂ. നമ്മുടെ കാഴ്ചപ്പാടില്‍ അടര്‍ക്കളത്തില്‍ വീണ് ശഹീദായി മരിച്ചവരാണെങ്കിലും തന്റെ ലക്ഷ്യവും നിയ്യത്തും ശരിയല്ലാത്തതിന്റെ പേരില്‍ പരലോകത്ത് ഉന്നതപദവി ലഭിക്കാത്ത, ശഹീദിന്റെ സ്ഥാനം നല്‍കപ്പെടാത്ത ശഹീദാണ് മൂന്നാമത്തെ വിഭാഗം.മരണാനന്തര ക്രിയകളില്‍ യഥാര്‍ത്ഥ ശഹീദിനെ പോലെയാണ് ഇവനെയും നാം ഗണിക്കേണ്ടത്.
വിശുദ്ധഖുര്‍ആനും തിരുവചനങ്ങളും പരിശോധിച്ചാല്‍ ശഹീദിന് ഇസ്‌ലാം നല്‍കുന്ന മഹത്വവും സ്ഥാനവും സുവ്യക്തമാകുന്നതാണ്. അല്ലാഹു പറയുന്നു:''അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരണപ്പട്ടുകഴിഞ്ഞവരാണെന്ന് താങ്കള്‍ വിചാരിക്കരുത്. എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരവിഭവങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. തന്റെ അനുഗ്രഹങ്ങള്‍ വഴി അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ സന്തുഷ്ടരായിട്ടാണവര്‍ ജീവിക്കുന്നത്. തങ്ങളുടെ പിന്നിലായി അവരോട് ചെന്നു ചേര്‍ന്നിട്ടില്ലാത്തവരെ സംബന്ധിച്ച് 'അവര്‍ക്കൊന്നും ഭയപ്പെടുവാനില്ല, അവര്‍ വ്യസനിക്കുകയുമില്ല' എന്നതുകൊണ്ട് അവര്‍(ശുഹദാക്കള്‍) സന്തോഷിക്കുകയും ചെയ്യും''. (ആലുഇംറാന്‍169-170).
തിരുനബി(സ) പ്രസ്താവിച്ചതായി ഇബ്‌നുഅബ്ബാസ്(റ) പറയുന്നു:നിങ്ങളുടെ സഹോദരന്‍മാര്‍ ഉഹ്ദില്‍ വെച്ച് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അല്ലാഹു അവരുടെ ആത്മാക്കളെ പച്ചനിറത്തിലുള്ള ചിലപക്ഷികളുടെ ഉള്ളിലാക്കി. അവര്‍ സ്വര്‍ഗ്ഗത്തിലെ അരുവികളില്‍ നിന്ന് വെള്ളം കുടിക്കുകയും അതിലെ പഴങ്ങള്‍ ഭക്ഷിക്കുകയും അര്‍ശിന്റെ താഴ്ഭാഗത്തുള്ള സുവര്‍ണ്ണദീപാലങ്കാരങ്ങളില്‍ ചേക്കേറുകയും ചെയ്യും. ഈ ആനന്ദാഹ്ലാദപൂര്‍ണ്ണമായ ജീവിതം കണ്ടു അവര്‍ പറഞ്ഞു, അല്ലാഹു നമുക്കീ നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് നമ്മുടെ സഹോദരങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍....! എന്നാലവര്‍ ധര്‍മ്മസമരങ്ങളില്‍ നിന്ന് വിരക്തരാവുകയും പുണ്യസമരങ്ങളില്‍ നിന്ന് അകന്നുപോവുകയും ചെയ്യുകയില്ലായിരുന്നു. ഇത് കേട്ട് അല്ലാഹു പറഞ്ഞു നിങ്ങള്‍ക്കു വേണ്ടി ഇക്കാര്യം ഞാനവര്‍ക്ക് അറിയിച്ചു കൊള്ളാം. എന്നിട്ട് ഈ ആയത്ത് ഇറങ്ങി.(ത്വബ്‌രി).
ഹാകിം(റ) അലി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. നാളെ ഖിയാമത്ത് നാളില്‍ ജനങ്ങളെ ഒരുമിച്ച് കൂട്ടുന്ന ദിവസം ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ മുര്‍സലീങ്ങളായിരിക്കും. മുര്‍സലീങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് ശുഹദാക്കള്‍ക്കാണ് സ്ഥാനം. ശുഹദാക്കളില്‍ ഏറ്റവും ഉത്തമന്‍ അബ്ദുല്‍മുത്തലിബിന്റെ മകനായ ഹംസ(റ)യാണ്.(മുസ്തദ്‌റക്). ഈ മഹത് വചനങ്ങളില്‍ നിന്ന് തന്നെ രക്തസാക്ഷിയുടെ പരലോകജീവിതത്തെക്കുറിച്ചും അവിടെ അവന്റെ സ്ഥാനം എത്രമാത്രം ഉന്നതമാണെന്നും നമുക്ക് മനസ്സിലാക്കാം. മുന്‍ചൊന്ന ആയത്തില്‍ സൂചിപ്പിച്ച കാര്യം നാം സഗൗരവം ചിന്തിക്കേണ്ടതാണ്. രണാങ്കണത്തില്‍ ശഹീദായിപ്പോകുന്നവര്‍ അല്ലാഹുവിന്റെ സാന്നിദ്ധ്യത്തില്‍ ഭക്ഷണപാനീയങ്ങള്‍ കഴിച്ച് സന്തോശത്തോടെ ജീവിക്കുന്നവരാണ്.
അല്ലാഹുവിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ഈ മഹത്വുക്കളെ അവന്‍ ആത്മാര്‍ത്തമായി സ്‌നേഹിക്കുന്നുവെന്നും അവരെ ഉന്നതസ്ഥാനം നല്‍കി ആദരിക്കുമെന്നുമാണ് ആയത്തിന്റെ സാരം. അബ്ദുല്ലാഹിബ്‌നുജാബിര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് ഇക്കാര്യം ഒന്ന് കൂടെ വ്യക്തമാകുന്നതാണ്. അദ്ദേഹം പറയുന്നു''നബി(സ) പറയുകയുണ്ടായി നിനക്ക് ഞാനൊരു സന്തോശവാര്‍ത്ത അറിയിച്ചു തരട്ടയോ? നിന്റെ പിതാവ് ഉഹ്ദില്‍ വെച്ച് ശഹീദായ ശേഷം അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കിയ ശേഷം ചോദിച്ചു നിനക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്യണമെന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?. അന്നേരം പറഞ്ഞു, ദുനിയാവിലേക്ക് തന്നെ തിരിച്ച് പോയി നിന്റെ മാര്‍ഗ്ഗത്തില്‍ ഇനിയും വീരമൃത്യുവരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ഈ അര്‍ത്ഥത്തില്‍ നിരവധി ഹദീസുകള്‍ കാണുവാന്‍ സാധിക്കും.
പരലോകത്ത് തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ രക്തസാക്ഷ്യം കൈവരിച്ചത് കൊണ്ടാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഇനിയും ശഹീദാവാന്‍ താത്പര്യമുണ്ടെന്ന് അല്ലാഹുവിനോട് ആവശ്യപ്പെടുന്നത്. മരിച്ച് കഴിഞ്ഞാല്‍ ശുഹദാക്കളുടെ ജീവന്‍ പൂര്‍ണ്ണമായി നശിച്ചുവെന്നും ഇനി അവര്‍ക്ക് ഒരു സ്ഥാനവും ഇസ്‌ലാം കല്‍പ്പിക്കുന്നില്ലെന്നും ജല്‍പ്പിക്കുന്നവര്‍ക്ക് വ്യക്തമായ തിരിച്ചടിയാണിത്. മുന്‍ചൊന്ന ആയത്ത് ഇറങ്ങിയ പശ്ചാതലവും ഇത് പോലെയുള്ള ജല്‍പ്പനങ്ങളാണ്. സ്വഹാബികള്‍ യുദ്ധങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷ്യം വഹിക്കാന്‍ വെമ്പല്‍കൊള്ളുന്ന അത്ഭുതകാഴ്ച കാണുന്ന മക്കാമുശ്‌രിക്കുകള്‍ അവരെ പരിഹസിച്ച് പറഞ്ഞു, യുദ്ധത്തില്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് നിലനില്‍പ്പില്ല. പിന്നെയെന്തിനാണ് ഇഹലോക ജീവിതം നഷ്ടപ്പെടുത്തി നിങ്ങള്‍ യുദ്ധങ്ങളിലേക്ക് എടുത്ത് ചാടുന്നത്.
ഈ സന്ദര്‍ഭത്തിലാണ് ആലു ഇംറാനിലെ ഉപര്യുക്ത സൂക്തം ഇറങ്ങുന്നത്.
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ഖത്താബ്(റ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു. അല്ലാഹുവേ എന്നേ നീ നിന്റെ മാര്‍ഗ്ഗത്തില്‍ ശഹീദാക്കുകയും എന്റെ മരണം നിന്റെ റസൂലിന്റെ നാട്ടില്‍(മദീന) വെച്ചാക്കുകയും ചെയ്യേണമേ(ഉംദത്തുല്‍ഖാരി). ശഹീദിന് ഇസ്‌ലാമില്‍ എത്രമാത്രം സ്ഥാനമുണ്ടെന്നും അവനെ അല്ലാഹു എത്രമാത്രം ആദരിക്കുന്നെന്നും മനസ്സിലാക്കിയത് കൊണ്ടാണല്ലോ മഹാനായ ഉമര്‍(റ) പോലും ശഹീദാകാന്‍ കൊതിക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തത്. ഒരിക്കല്‍ മുഹമ്മദ് നബി(സ)യും അബൂബക്കര്‍ സിദ്ധീഖും(റ) ഉമര്‍ബ്‌നുല്‍ഖത്താബും(റ) ഉസ്മാന്‍(റ) വും ഉഹ്ദിന് മുകളില്‍ കയറി നിന്നപ്പോള്‍ ആ മലയൊന്ന് വിറക്കുകയുണ്ടായി. അന്നേരം തിരുമേനി ഉഹ്ദിനോട് ഇങ്ങനെ പറഞ്ഞു, നീ അടങ്ങുക നിന്റെ മുകളില്‍ നില്‍ക്കുന്നത് ഒരു റസൂലും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ്. ഇവിടെ ശഹീദെന്ന് സൂചിപ്പിക്കപ്പെട്ടത് ഉമറിനെക്കുറിച്ചും ഉസ്മാനെ(റ)ക്കുറിച്ചുമാണ്(ഉംദതുല്‍ഖാരീ). നാളെ മഹ്ശറയില്‍ നീതിമാന്‍മാരെ ഉമറി(റ)ന്റെ പതാകക്ക് കീഴിലും സത്യസന്ധരെ സിദ്ദീഖി(റ)ന്റെ കീഴിലും ഒരുമിച്ച് കൂട്ടി ആദരിക്കുമ്പോള്‍ രക്തസാക്ഷികളെ അലി(റ) യുടെ പതാകക്ക് കീഴിലാണ് ഒരു മിച്ച് കൂട്ടുകയെന്ന് ഗ്രന്ഥങ്ങളില്‍ കാണാം(റൂഹുല്‍ബയാന്‍). ശഹീദിന്റെ മഹത്വം മനസ്സിലാക്കാനാണിത്രയും സൂചിപ്പിച്ചത്.
സൂറതുന്നിസാഇലെ 69ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു. അല്ലാഹുവിനെയും റസൂലിനെയും പിന്‍പറ്റിയവര്‍ പരലോകത്ത് അല്ലാഹു അനുഗ്രഹിച്ച അമ്പിയാക്കള്‍ സിദ്ദീഖീങ്ങള്‍ രക്തസാക്ഷികള്‍ സ്വാലിഹീങ്ങള്‍ എന്നിവരുടെ കൂടെയാണ്. അവരെത്രെ വിശിഷ്ട സഹവാസികള്‍(നിസാഅ് 69). അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, സിദ്ദീഖീങ്ങള്‍ എന്നിവരോട് സഹവാസം പുലര്‍ത്തി അല്ലാഹുവിന്റെ സാമീപ്യം നേടിയെടുക്കുവാന്‍ പറ്റിയത് പോലെ രക്തസാക്ഷികളുടെ സഹവാസത്തിലൂടെയും അല്ലാഹുവിലേക്ക് അടുക്കാം എന്നാണീ ആയത്ത് പഠിപ്പിക്കുന്നത്. ഇവരെ വിളിച്ച് സഹായം ചോദിക്കുന്നതിനും ഇസ്‌ലാം വിലക്കേര്‍പ്പെടുത്തിന്നില്ല. ഇത്രമാത്രം ആദരവും മഹത്വവുമുള്ള ഈ ശുഹദാക്കളുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നതും അവരുടെ ആണ്ടുകള്‍ കഴിക്കുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ പുണ്യവും പ്രമാണങ്ങളുടെ പിന്‍ബലവുമുള്ള മഹത് പ്രവര്‍ത്തനങ്ങളാണ്. സൂറത്തുര്‍റഅ്ദിലെ 24,25 ആയത്തുകളുടെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) ഉദ്ധരിക്കുന്നു. നബി(സ) എല്ലാ വര്‍ഷാരംഭങ്ങളിലും രക്തസാക്ഷികളുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യാറുണ്ട്. ഇതേ സംഭവം റൂഹുല്‍ മആനിയിലും ത്വബ്‌രിയിലുമൊക്കെ കാണാം.
മഹാന്‍മാരുടെ ആണ്ടുകഴിക്കുന്നതിനും ഇസ്‌ലാമിക പ്രമാണങ്ങളില്‍ രേഖകളുണ്ട്. ഇതിനെതിരെ ബിദഇകള്‍ പറഞ്ഞു പരത്തുന്ന വിദണ്ഡവാദങ്ങള്‍ക്ക് പ്രാമാണികരായ പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ സുചിന്തിതമായ മറുപടികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യം സത്യമായി മനസ്സിലാക്കി അത് ജീവിതത്തില്‍ അനുതാവനം ചെയ്യുവാനും തിന്‍മയെ തിന്‍മയായിക്കണ്ട് വര്‍ജിക്കുവാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍
ما شاء الله
ReplyDeletePost a Comment