ഇസ്‌ലാമിക ശരീഅത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് ധാരകളാണ് ഫിഖ്ഹും തസ്വവ്വുഫും. തീര്‍ത്തും പരസ്പരം പൂരകങ്ങളായി സഞ്ചരിക്കുന്ന ഈ രണ്ട് മേഖലകളെ കുറിച്ച് അനാവശ്യമായ സംശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ ചിലയാളുകളുടെ ശ്രമങ്ങള്‍ അഭംഘുരം തുടരുന്ന കാലമാണിത്. സൂഫികള്‍ ഫിഖ്ഹ് പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്നും അവര്‍ക്ക് ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും തട്ടിവിടുന്നവരുണ്ട്. തസ്വവ്വുഫ് എന്ന ഒരു ശാഖയുടെ അസ്ഥിത്വം തന്നെ നിശേധിക്കുകയും അതിന്റെ ആളുകളേയും ഗ്രന്ഥങ്ങളേയും വിമര്‍ശിക്കുന്നവരുമുണ്ട്. ഇതേ കുറിച്ച് നമുക്ക് അല്‍പമൊന്ന് ചിന്തിക്കാം...
ഹദീസ് ശാസ്ത്രത്തില്‍ ഉമ്മുല്‍അഹാദീസെന്നും ഹദീസുജിബ്‌രീലെന്നും അറിയപ്പെടുന്ന വിശ്രുത ഹദീസിലാണ് ഈമാനും ഇസ്‌ലാമും ഇഹ്‌സാനും ഒരുമിച്ച് വിശദീകരിക്കപ്പെട്ടത്. വിശ്വാസവും കര്‍മ്മവും അദബും ഒരുമിച്ചു കൂടുമ്പോഴാണ് ദീന്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന വലിയ തത്വം പഠിപ്പിക്കുന്ന ഹദീസാണിത്. വിശുദ്ധദീന്‍ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കുന്ന തിരുവചനവും ഇത് തന്നെ.
ഈമാന്‍ എന്നാല്‍ വിശ്വാസവും, ഇസ്‌ലാം എന്നാല്‍ കര്‍മ്മങ്ങളും, ഇഹ്‌സാന്‍ എന്നാല്‍ തസ്വവ്വുഫുമാണ് ഉദ്ദേശിക്കപ്പെടുന്നത്(ഖവാഇദുത്തസ്വവ്വുഫ്). ഈമാനും ഇസ്‌ലാമും സമ്പൂര്‍ത്തീകരിക്കപ്പെടാനുള്ള ചിട്ടകളും മര്യാദകളുമാണ് ഇഹ്‌സാന്‍ അഥവാ തസ്വവ്വുഫ്. താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും താന്‍ പൂര്‍ണമായി അവന്റെ നിരീക്ഷണത്തിലാണെന്ന ബോധത്തോടെ ഒരുവ്യക്തി ആരാധനകളര്‍പിക്കുമ്പോഴാണ് മുഹ്‌സിന്‍/സ്വൂഫിയാകുന്നത്. ഈ വിധാനത്തിലേക്ക് ഒരാള്‍ ഉയരണമെങ്കില്‍ ചില മര്യാദകളും ചിട്ടകളും പാലിക്കേണ്ടതുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) തന്റെ ഹിദായതുല്‍ അദ്കിയാഇല്‍ പറയുന്നു 'തീര്‍ച്ചയായും തസ്വവ്വുഫ് പൂര്‍ണ്ണമായും അദബുകളാണ്, മര്യാദകളാണ്. ശൈഖ് സുഹ്‌റവര്‍ദിയുടെ അവാരിഫുല്‍മആരിഫില്‍ നിന്ന് നീ അത് മനസ്സിലാക്കുകയും അവയവലംബിച്ചു ജീവിക്കുകയും വേണം'. ആ ചിട്ടകള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ തസ്വവ്വുഫ്. തസ്വവ്വുഫിന്റെ അടിസ്ഥാന തത്വങ്ങളും ഇവതന്നെയാണ്.
ഇല്‍മ്(അറിവ്), അമല്‍(പ്രവര്‍ത്തനം) ഇഖ്‌ലാസ്(ആത്മാര്‍ത്ഥത) എന്നിവയാണ് ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങള്‍. മൂന്നും ഒരുമിച്ചു കൂടുമ്പോഴാണ് ശരീഅത്ത് പൂര്‍ണ്ണമാകുന്നത്. മൂന്നാം ഘടകമായ ഇഖ്‌ലാസ് അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ഒരാള്‍ സ്വൂഫിയാവുന്നു. അഥവാ ശരീഅത്തില്ലാത്ത തസ്വവ്വുഫിന് അസ്ഥിത്വമില്ലെന്നര്‍ത്ഥം. തസ്വവ്വുഫിലൂടെ ലഭ്യമാകുന്ന സ്വഫാഅ് കൂടുതല്‍ വളരുമ്പോള്‍ ഹഖീഖതിന്റെ തലത്തിലേക്കുയരാന്‍ സാധിക്കും.
ശരീഅത് കൂടാതെ തസ്വവ്വുഫിന് അസ്തിത്വം ഇല്ലാത്തത് പോലെ തസ്വവ്വുഫ് കൂടാതെ ശരീഅത്ത് സമ്പൂര്‍ണ്ണമാവുകയുമില്ല. ആവശ്യതോതില്‍ രണ്ടും ഒരുമനുഷ്യനില്‍ സമ്മേളിക്കുമ്പോഴാണ് അവന്‍ സമ്പൂര്‍ണ്ണതയിലെത്തുകയുള്ളൂ. രണ്ടും പരസ്പരം ബന്ധമില്ലാത്ത രണ്ട് ധാരകളാണെന്ന ധാരണ മിഥ്യയാണ്.
ശരീഅത്തിന്റെ വിജ്ഞാനങ്ങളെ നമുക്ക് ആന്തരികജ്ഞാനം, ബാഹ്യജ്ഞാനം എന്നിങ്ങനെ രണ്ടായി തിരിക്കാം. ബാഹ്യമായ മനുഷ്യപ്രവര്‍ത്തനങ്ങളെ(ഉദാ: നിസ്‌കാരം, സകാത്, ഹജ്ജ്, നോമ്പ്)യും വിധി വിലക്കുകളേയും ഉള്‍ക്കൊള്ളുന്ന കര്‍മ്മശാസ്ത്രം ബാഹ്യജ്ഞാനവും, മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കാനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജ്ഞാനം ആന്തരികജ്ഞാനവുമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ പരിപൂര്‍ണ്ണതയിലെത്താന്‍ ആന്തരികജ്ഞാനമറിഞ്ഞ് അകവും ശുദ്ധീകരിക്കണം. അത് കൊണ്ട് തന്നെ ശരീരവും ആത്മാവും തമ്മിലെന്ന പോലെ ഇഴപിരിയാന്‍ കഴിയാത്ത വിധം ശരീഅത്തിലെ ഈ രണ്ട് ധാരകളും (ഫിഖ്ഹും തസ്വവ്വുഫും) പരസ്പരം ബന്ധിതമാണ്.
ഇമാം അഹ്‌മദ് സര്‍റൂഖ്(റ)വിന്റെ വാക്കില്‍ നിന്ന് ഇത് പ്രസ്പഷ്ഠമാണ്; ''അല്ലാഹുവിന്റെ വിധിവിലക്കുകളും അവനോടുള്ള മര്‍ത്യന്റെ ബാധ്യതകളും പഠിപ്പിച്ചു തരുന്ന രണ്ട് തത്തുല്യ മാര്‍ഗ്ഗങ്ങളാണിവ. പൂര്‍ണ്ണതയിലും അപൂര്‍ണ്ണതയിലും ഇവ രണ്ടും ഒരേ പദവിയിലാണ്. കാരണം ഒന്ന് മറ്റൊന്നിനേക്കാള്‍ പ്രാമുഖ്യമാണെന്ന് പറയാനാവില്ല''(അല്‍ഖവാഇദുസ്സ്വൂഫിയ്യ, പേ: 14). അബുല്‍ഹുസൈനില്‍ വര്‍റാഖ്(റ) പറയുന്നു: ''അല്ലാഹുവിനെയും(ഖുര്‍ആന്‍) അവന്റെ റസൂലിനേയും (ശരീഅത്)അനുസരിക്കാതെ ഒരാള്‍ക്കും അല്ലാഹുവിലേക്ക് എത്തിച്ചേരാന്‍ സാധ്യമല്ല. ഇത്തിബാഅ് കൂടാതെ നേരേ ചൊവ്വേ റബ്ബിലേക്ക് കടന്നുചെല്ലുന്നവന്‍ അവന്‍ സന്‍മാര്‍ഗ്ഗത്തിലാണെന്ന് നിനച്ചിരിക്കെത്തന്നെ പിഴച്ചു പോയിട്ടുണ്ടാകും''(ത്വബഖാതുസ്സ്വൂഫിയ്യ).
ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു:''നമ്മുടെ ഈ മാര്‍ഗ്ഗം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിത്തറയില്‍ അധിഷ്ഠിതമാകുന്നു''(ഥബഖാതുസ്സ്വൂഫിയ്യ). അഹ്‌മദ് സര്‍റൂഖ്(റ) പറയുന്നു ''കര്‍മ്മശാസ്തം കൂടാതെയുള്ള ആധ്യാത്മികശാസ്ത്രമില്ല. കാരണം ഫിഖ്ഹില്‍ നിന്നുമാത്രമേ അല്ലാഹുവിന്റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകു''(ഖവാഇദുത്തസ്വവ്വുഫ്). ശൈഖ് ജീലാനി(റ) പറയുന്നു: ശരീഅത്തിന്റെ സാക്ഷ്യമില്ലാത്ത ഏതു ഹഖീഖത്തും കപടഭക്തിയത്രെ. ഖുര്‍ആനും സുന്നത്തുമെന്ന രണ്ടു ചിറകുകള്‍ വെച്ച് അല്ലാഹുവിന്റെ സന്നിധിയിലേക്ക് നീ പറന്നുകൊള്ളുക. തിരുമേനി(സ)യുടെ കൈയില്‍ നിന്റെ കൈ കൊണ്ട് പിടിച്ചാവണം അല്ലാഹുവിന്റെ സന്നിധാനത്തിലേക്ക് നീ പ്രവേശിക്കേണ്ടത്''(അല്‍ഫുതൂഹാതുര്‍റബ്ബാനിയ്യ-ജീലാനി). അബുല്‍ഹസനിശ്ശാദിലി(റ), അബൂസഈദില്‍ഖര്‍റാസ്(റ), അബ്ദുല്‍വഹാബിശ്ശഅ്‌റാനി(റ), അബൂയസീദില്‍ബിസ്ത്വാമി(റ) തുടങ്ങിയവരൊക്കെ ഇതേ അര്‍ത്ഥതലങ്ങളിലേക്ക് സൂചനനല്‍കുന്ന വാചകങ്ങള്‍ പറഞ്ഞിട്ടുണ്ട്. വെള്ളത്തിന് മുകളില്‍ മുസ്വല്ല വിരിച്ച് ഇരിക്കുന്നവനെക്കണ്ടാലും അവന്‍ ശരീഅത്തനുസരിച്ച് ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാതെ നിങ്ങള്‍ അവന്റെ കെണിയില്‍ പെട്ടുപോകരുതെന്ന് അബൂയസീദില്‍ബിസ്ത്വാമി(റ) പറയുന്നത് കാണാം.
പ്രമുഖ സ്വൂഫി സഹ്‌ലുബ്‌നുഅബ്ദില്ലാഹിത്തുസ്തുരി(റ) പറയുന്നു: ''ഖുര്‍ആന്‍ മുറുകെ പിടിക്കുക, സുന്നത്ത് അനുകരിക്കുക, ഹലാല്‍ ഭക്ഷിക്കുക, ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യുക, കുറ്റങ്ങള്‍ വെടിയുക, തൗബ ചെയ്യുക, അവകാശങ്ങള്‍ വീട്ടുക എന്നീ ഏഴ് കാര്യങ്ങളാണ് നമ്മുടെ അടിസ്ഥാന തത്വങ്ങള്‍''(ത്വബഖാതുസ്സൂഫിയ്യ). ചുരുക്കത്തില്‍ ശരീഅത്ത് അംഗീകരിക്കാത്ത ഒരു സൂഫിസം അംഗീകരിക്കപ്പെടുകയില്ല.
ഫിഖ്ഹിന്റെയും തസ്വവ്വുഫിന്റെയും ലക്ഷ്യം ഒന്നാണ്. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയില്‍ ഫിഖ്ഹിന്റെ ലക്ഷ്യം വിശദീകരിക്കുന്നതിങ്ങനെയാണ് '' ഭൗതികവും പാരത്രികവുമായ സര്‍വ്വ നന്‍മകളും സ്വയത്തമാക്കുന്നതോടൊപ്പം ഇരുലോക ജീവിതവും ചിട്ടപ്പെടുത്തലാണ് കര്‍മ്മശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം, അത് പഠിച്ചാലുള്ള ഫലം അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കലും വിരോധനകള്‍ വെടിയലുമാണ്''(തുഹ്ഫ 1/20). തസ്വവ്വുഫ് ലക്ഷ്യമാക്കുന്നതും ഇത് തന്നെയാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) ഒന്നാമന്‍ തസ്വവ്വുഫിലെ തന്റെ പ്രസിദ്ധ കാവ്യത്തിന് നാമകരണം ചെയ്തത് 'ഹിദായത്തുല്‍ അദ്കിയാഅ്' എന്നാണ്. ബുദ്ധിയുള്ളവര്‍ക്ക് പ്രസ്തുത ഗ്രന്ഥത്തിലൂടെ സന്മാര്‍ഗം പ്രാപിക്കാമെന്ന് പേര് സൂചിപ്പിക്കുന്നു. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഫിഖ്ഹില്‍ 'ഫത്ഹുല്‍ മുഈന്‍' എന്ന ഗ്രന്ഥം രചിച്ചപ്പോള്‍ അതിന്റെ ലക്ഷ്യമായി പറഞ്ഞത് 'അന്‍ യന്‍തഫിഅ ബിഹില്‍ അദ്കിയാഉ' (ബുദ്ധിമാന്മാര്‍ക്ക് ഇത് പ്രയോജനപ്പടട്ടെ) എന്നാണ്. തസ്വവ്വുഫും ഫിഖ്ഹും ബുദ്ധിമാന്‍മാര്‍ക്ക് സന്മാര്‍ഗം കാണിക്കുന്ന വിജ്ഞാനശാഖയാണെന്നര്‍ത്ഥം. സര്‍വ്വ തിന്‍മകളില്‍ നിന്നും ഹൃദയം സ്ഫുടം ചെയ്ത് അല്ലാഹുവില്‍ പൂര്‍ണ്ണമായും ലയിക്കലാണ് ആധ്യാത്മികജ്ഞാനത്തിലൂടെ മനുഷ്യന് സാധ്യമാകേണ്ടത്.
ഫിഖ്‌ഹെന്നാല്‍ കര്‍മ്മങ്ങളാണ് അഥവാ പ്രവൃത്തനങ്ങള്‍. തസ്വവ്വുഫെന്നാല്‍ അനുഭവങ്ങളും. കര്‍മ്മങ്ങളില്ലാതെ അനുഭവങ്ങളില്ല, അനുഭവങ്ങളില്ലാതെ കര്‍മ്മങ്ങളുമുണ്ടാവില്ല. മുന്‍കാല ഫുഖഹാഉകളില്‍ സൂഫിസം ജീവിത വ്രതമാക്കാത്തവരുണ്ടായിരുന്നില്ലെന്ന് ചരിത്രം അറിയുന്നവര്‍ക്ക് ബോധ്യമാകും. അറിയപ്പെട്ട സ്വൂഫികളില്‍ ശരീഅത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചവരാരുമില്ലതാനും.
പ്രമുഖരായ മദ്ഹബിന്റെ നാല് ഇമാമുകളും സൂഫികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരും അതിന് വേണ്ടി നിര്‍ദേശിക്കുന്നവരുമായിരുന്നു. ഇമാം മാലിക്(റ) പറയുന്നു:''ഒരാള്‍ കര്‍മ്മശാസ്ത്രം പഠിക്കാതെ സ്വൂഫിയായാല്‍ കപടഭക്തനാവുകയാണ് ചെയ്യുക. തസ്വവ്വുഫ് ഉള്‍ക്കൊള്ളാതെ കര്‍മ്മശാസ്ത്രം പഠിച്ചാല്‍ അവന്‍ അധര്‍മ്മകാരിയാവുന്നു. രണ്ടും സമന്വയിപ്പിച്ചാല്‍ ഹഖീഖത്ത് കൈവരിച്ചവനാകും''(തന്‍വീറുല്‍ഖുലൂബ്-അമീന്‍കുര്‍ദി). ഇമാം ശാഫിഇ(റ) പറയുന്നു: ''സ്വൂഫികളുമായി സഹവസിച്ച് ഞാന്‍ മൂന്ന് കാര്യങ്ങള്‍(ചില നിവേദനങ്ങളില്‍ രണ്ട് എന്നും കാണാം)പഠിച്ചു. ഒന്ന് സമയം ഖഢ്ഗമാണ് നീ അതിനെ മുറിച്ചില്ലെങ്കില്‍ നിന്നെ അത് മുറിക്കുന്നതാണ്. രണ്ട്-നിന്റെ ശരീരത്തെ നീ സത്യവുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അത് നിന്നെ അസത്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടേയിരിക്കും(ഹഖാഇഖുന്‍ അനിത്തസ്വവ്വുഫ്-ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ). അഹ്ദ്ബ്‌നുഹമ്പലും ശാഫിഇ(റ)യും ശൈബാനുര്‍റാഇയെ കണ്ടുമുട്ടിയ സംഭവം ഇമാം ഖുശൈരി(റ) തന്റെ രിസാലതുല്‍ഖുശൈരിയ്യയില്‍ വിശദീകരിക്കുന്നുണ്ട്. അബൂഹനീഫ(റ) സൂഫിയായിരുന്നെന്ന് മാത്രമല്ല അദ്ദേഹം ത്വരീഖത്ത് നല്‍കുന്ന ശൈഖ് കൂടിയായിരുന്നെന്ന് ഹനഫീ പണ്ഡിതനും ദുര്‍റുല്‍മുഖ്താറിന്റെ രചയിതാവുമായ അലാഉദ്ദീന്‍ മുഹമ്മദ് ഹസ്വ്കഫി ഉദ്ധരിക്കുന്നത് കാണാം. അഹ്‌മദ്ബ്‌നുഹമ്പല്‍(റ) തന്റെ മകനോട് ഹദീസ് മനനത്തില്‍ സമയം ചിലവഴിക്കുവാനും സുഫികളുമായുള്ള സഹവാസം ഒഴിവാക്കുവാനും ഉപദേശിക്കാറുണ്ടായിരുന്നു. ശേഷം അബൂഹംസതുല്‍ബഗ്ദാദിയുമായി ബന്ധം പുലര്‍ത്തിയശേഷം മകനോടിങ്ങനെ ഉണര്‍ത്തി മോനേ ഈ സൂഫികളോട് നീ കൂടുതലായി സഹവസിക്കണം. അവര്‍ നമ്മേക്കാള്‍ ജ്ഞാനം കൊണ്ടും മുറാഖബ കൊണ്ടും മനക്കരുത്ത് കൊണ്ടും ഉയര്‍ന്നവരാണ്(തന്‍വീറുല്‍ഖുലുബ്-കുര്‍ദി).
Post a Comment