മാലിന്യമുക്തമായ ഹൃദയഭിത്തിയില്‍ അല്ലാഹുവിന്റെ പ്രകാശംപതിഞ്ഞ്, സംശുദ്ധ മായി വസിക്കുന്നവരാണ് സ്വൂഫികള്‍.  യഥാര്‍ത്ഥ മനുഷ്യരായി സമൂഹമധ്യേ ജീവിക്കുന്നഇവരിലൂടെയാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് തന്നെ. അടിമയെന്ന സ്വത്വബോധത്തില്‍ വലയം പ്രാപിച്ച് റബ്ബിനെ വഴങ്ങുമ്പോഴാണ് ഓരോ മനുഷ്യന്റേയും ഈമാനും ഇസ്‌ലാമും സമ്പൂര്‍ണ്ണമായി ഇഹ്‌സാനിലേക്കവന്‍ എത്തിച്ചേരുന്നത്. ജീവിതമേഖലകിലവും അല്ലാഹുവിന്റെ സാന്നിധ്യം കണ്ട് ജീവിക്കാനവര്‍ക്ക് സാധ്യമാകുന്നു.

മനുഷ്യനെന്നതിലുപരി, ഭരണാധികാരിയെന്ന ഉത്തരവാദിത്വം കൂടി നിര്‍വ്വഹിക്കേണ്ടി വരുന്നവരാണല്ലോ ഭരണാധികാരികള്‍.  ഉബൂദിയ്യത്തിന്റെ പാരമ്യതയിലെത്തലാണ് മനുഷ്യന്റെ പ്രഥമ ബാധ്യത. തസ്വവ്വുഫിലൂടെയാണ് അതിന് വഴിയൊരുങ്ങുന്നത്. പ്രജാക്ഷേമതത്പരനായി, നീതിയോടെ, ചോദ്യം ചെയ്യപ്പെടുമെന്ന ജാഗ്രതയില്‍ ഭരണീയരെ സംരക്ഷിക്കലാണ് ഭരണാധികാരികളുടെ കടമ. 

ലോകത്ത് ഭരണസാരഥ്യം വഹിച്ചു കടന്നുപോയവര്‍ നിരവധിയുണ്ട്. സ്വൂഫികളായി അല്ലാഹുവിലേക്ക് അടുത്തവരും ധാരാളമാണ്. എന്നാല്‍ തസ്വവ്വുഫിന്റെ ലോകത്ത് ജീവിക്കുന്നതോടൊപ്പം, ഭരണസാരഥ്യം ഏല്‍പ്പിക്കപ്പെട്ട് രണ്ടു മേഖലയിലും വിളങ്ങിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. സൂക്ഷ്മത കൂടുതല്‍ പാലിക്കേണ്ട ഭരണമേഖലയില്‍, ചൂഷണ സാധ്യതകള്‍ വര്‍ദ്ധിക്കാനിടയുള്ളപ്പോഴും വൈയക്തിക ജീവിതം ശുദ്ധമാക്കി ഭരണം നീതിയുക്തമാക്കിയ ചില സ്വൂഫികളെ പരിചയപ്പെടുകയാണ്.

ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ)

ഒന്നാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്, അഞ്ചാം ഖലീഫ, ഉമര്‍ രണ്ടാമന്‍ എന്നീ നാമങ്ങളില്‍ ചരിത്രം വാഴ്ത്തിയ മഹാ പുരുഷനാണ് ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ). അബ്ദുല്‍ അസീസ്ബ്ന്‍ മര്‍വാന്റെയും ലൈലാ ബിന്‍ത് ഉമ്മി ആസ്വിമിന്റെയും പുത്രനായി ഹിജ്‌റ 61ല്‍ മദീനയിലാണ് അദ്ദേഹം ജനിക്കുന്നത്. ബനൂഉമയ്യയിലെ പ്രമാണിയും ഇരുപത് വര്‍ഷം ഈജിപ്തിന്റെ അമീറുമായിരുന്ന അബ്ദുല്‍അസീസ്(റ) കുലമഹിമയും, ഭരണവും, പ്രതാപവുമെല്ലാമുണ്ടെങ്കിലും ഭക്തനും, സച്ചരിതനും സത്‌വൃത്തനും ജ്ഞാന തത്പരനുമായിരുന്നു. ഉരര്‍ബ്‌നുല്‍ഖത്വാബി(റ)ന്റെ മകന്‍ ആസ്വിം(റ)ന്റെ പുത്രിയായ ലൈലാ(റ) മത ചിട്ടയില്‍ വളര്‍ന്ന മഹതിയാണ്. തന്റെ വിവാഹ സമയമായപ്പോള്‍ അബ്ദുല്‍അസീസ്(റ) തന്റെ കാര്യസ്ഥനെ വിളിച്ച് പറഞ്ഞു: ''നന്‍മ വിളയുന്ന ഒരു വീട്ടില്‍ നിന്ന് വിവാഹം കഴിക്കാന്‍ ഞാനുദ്ദേശിക്കുന്നു. അത് കൊണ്ട് എന്റെ സമ്പത്തില്‍ നിന്ന് ഹലാലായ 400 ദീനാര്‍ നീ കരുതി വെക്കുക''. അങ്ങിനെയാണ് ലൈല(റ)യെ അദ്ദേഹം വിവാഹം ചെയ്തത്. 

മാതാപിതാക്കളുടെ നന്‍മയും ചിട്ടയും വേണ്ടുവോളം ജീവിതത്തില്‍ ലഭിക്കുകയും മദീനയിലെ താമസവും മഹാന്‍മാരൊത്തുള്ള സഹവാസവും ഉമര്‍ബ്‌നുഅബ്ദില്‍അസീസി(റ)ന്റെ ജീവിതത്തില്‍ നന്നായി പ്രതിഫലിച്ചു. ചെറുപ്പത്തിലേ ഇബ്‌നുഉമറി(റ)ന്റെയടുക്കല്‍ നിത്യസന്ദര്‍ശകനായിരുന്ന അദ്ദേഹം അവരെപ്പോലെ തനിക്കും ആവണമെന്ന് ഉമ്മയോട്    ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു. അബ്ദുല്‍അസീസ്(റ) ഈജിപതിലെ അമീറായി അല്‍പ കാലങ്ങള്‍ക്ക് ശേഷം ഭാര്യയോട് മകനെയും കൂട്ടി ഈജിപ്തിലെത്താന്‍ കത്തെഴുതി. കത്തുമായി ഇബ്‌നുഉമര്‍(റ)നെ സമീപിച്ച ലൈല(റ)യോട് അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് ചെല്ലുക. ഇവനെ ഞങ്ങളുടെ അരികില്‍ നിര്‍ത്തിയാലും''. അതിനവര്‍ സമ്മതം നല്‍കി. ഈജിപ്തിലെത്തിയ ഭാര്യയോട് അബ്ദുല്‍അസീസ്(റ) മകനെക്കുറിച്ച് അന്വേഷിച്ചു. കാര്യമെല്ലാം അറിഞ്ഞപ്പോള്‍ അദ്ദേഹം സന്തുഷ്ഠി പ്രകടിപ്പിക്കുകയും സഹോദരനായ അബ്ദുല്‍മലിക് ഓരോ മാസവും ആയിരം ദീനാര്‍ ഉമര്‍(റ)ന് വേണ്ടി നല്‍കുകയും ചെയ്തു. തിരുചര്യയുടെ അനുതാവകനൊത്തുള്ള ജീവിതം ഉമറിനെ ഏറെ സ്വാധീനിച്ചു.

ഉമര്‍ബ്‌നുഅബ്ദില്‍അസീസിനെ സംസ്‌കരിക്കാന്‍ സ്വാലിഹ്ബ്‌നുകൈസാന്‍(റ) നെയാണ് പിതാവ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു കൊണ്ടിരിക്കെ ഒരു ജമാഅത്തിന് മസ്ബൂഖായ ഉമറിനോട് സാലിഹ്(റ) കാര്യമന്വഷിച്ചു. മുടി ചീകി നിന്നതാണ് കാരണമെന്ന് പറഞ്ഞപ്പോള്‍ ആ കാര്യം പിതാവിനെ എഴുതി അറിയിച്ചു. ഉടനെ ദൂതനെ അയച്ചു മുടി മുണ്ഡനം ചെയ്തു കളയാന്‍ പിതാവ് പറഞ്ഞു. സഈദ് ബ്‌നുല്‍മുസ്വയ്യിബും(റ) ഉബൈദുല്ലാഹിബ്‌നുഅബ്ദില്ലാഹിബ്‌നിഉത്ബയും, സാലിമ്ബ്‌നുഅബ്ദില്ലാഹിബ്‌നിഉമറു(റ)മെല്ലാം ഉമര്‍(റ)ന്റെ ഗുരുനാഥരാണ്.

ആഢംബര പൂര്‍ണ്ണമായി ഭരണം നടത്തുകയും അവിഹിതമായി സമ്പാദിക്കുകയും ചെയ്തിരുന്ന ഉമവി ഭരണാധികാരികള്‍ക്കിടയില്‍ നീതി യുക്തവും ധര്‍മ്മാധിഷ്ഠിതവുമായി ഭരണം നടത്താന്‍ റബ്ബിനെ ഭയപ്പെടുന്ന, നീതിമാനും സ്വൂഫിയുമായ  ഭരണാധികാരിയായി ഉമറുബ്‌നുഅബ്ദില്‍അസീസ്(റ) ഇവരുടെ ശിക്ഷണത്തില്‍ വളരുകയായിരുന്നു. 

ഹിജ്‌റ 87ല്‍ വലീദ്ബ്‌നുഅബ്ദില്‍മലിക് അദ്ദേഹത്തെ മദീനയുടെ ചുമതലയേല്‍പിച്ചു. 91ല്‍ അതിനോട് ത്വാഇഫും കൂടി ചേര്‍ത്ത് ഹിജാസിന്റെ മൊത്തം ഭരണം ചുമതലപ്പെടുത്തി. ഒരു സത്യവിശ്വാസിക്ക് വേണ്ട മുഴുവന്‍ സത്ഗുണങ്ങള്‍കൊപ്പം ഭരണാധികാരിക്കുണ്ടാവേണ്ട സര്‍വ്വ നന്മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവഭയം, സത്യസന്ധത, സമര്‍പ്പണബോധം, വിനയം, പരിത്യാഗം, സൂക്ഷ്മത, ഭരണനൈപുണ്യം, നീതി, നിരീക്ഷണ പാഠവം, പ്രശ്‌നപരിഹാര നൈപുണി, പ്രജാക്ഷേമ തത്പരത തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒത്തൊരുമിച്ച അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഉമര്‍ബിന്‍ അബ്ദില്‍അസീസ്(റ).

അല്ലാഹുവിനെ കുറിച്ച ചിന്തയും പരലോക പേടിയും കാരണം നിരന്തരം കണ്ണുനീര്‍ വാര്‍ക്കുന്ന സ്വൂഫിയായ ഭരണാധികാരിയെയാണ് ചരിത്രം അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഖുര്‍ആന്‍ ഓതി രാവ് മുഴുവന്‍ കരഞ്ഞു തീരുന്നത് അദ്ദേഹത്തിന് പതിവായിരുന്നു. ഖുര്‍ആനിലെ പല ആയതുകളും കേട്ട് തേങ്ങിക്കരഞ്ഞ നിരവധി സംഭവങ്ങള്‍ കാണാം. മദീനയിലെ ഭരണാധികാരിയായിരിക്കെ ഒരാള്‍ അദ്ദേഹത്തിനരികില്‍ സൂറതുല്‍ഫുര്‍ഖാനിലെ 13ാം സൂക്തമോതി(നരകത്തിലെ ഇടുങ്ങിയ സ്ഥലത്ത് ബന്ധിക്കപ്പെട്ടവരായി അവര്‍ എറിയപ്പെട്ടാല്‍ നാശമേ എന്നവര്‍ വിലപിക്കും). തേങ്ങലടക്കാന്‍ കഴിയാതെ വീട്ടിലേക്ക് പോയ അദ്ദേഹം ദീര്‍ഘനേരം കരയുകയായിരുന്നു.

ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ) കരയുന്നത് കണ്ട് സങ്കടപ്പെട്ട് ഭാര്യയും വീട്ടുകാരും കരഞ്ഞുപോയ സാഹചര്യം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. സൂറതുയൂനുസിലെ 61ാം സൂക്തമോതി കരഞ്ഞുപോയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഫാത്വിമയും കരഞ്ഞു. ഇത് കണ്ട് വീട്ടുകാരും കരയാന്‍ തുടങ്ങി. ഇത് കണ്ടാണ് പുത്രനായ അബ്ദുല്‍മലിക് കയറിവരുന്നത്. സ്തബ്ധനായ അദ്ദേഹം ഉപ്പയോട് കാര്യം തിരക്കി. ഉപ്പ പറഞ്ഞു: ''മോനേ, ദുനിയാവിന് ഉപ്പയേയും ഉപ്പാക്ക് ദുനിയാവിനേയും അറിയില്ലായിരുന്നുവെങ്കിലെന്ന് ഞാന്‍ കൊതിച്ചു പോകുന്നു. മരിച്ചുപോയാല്‍ ഞാന്‍ നരകത്തിലാവുമോ എന്ന പേടിയുണ്ടെനിക്ക്''.

ഒരു വെളളിയാഴ്ച ഖുത്വുബക്കിടയില്‍ സൂറതുത്തക്‌വീര്‍ ഓതിയിട്ട് 11,12 സൂക്തങ്ങളെത്തിയപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ഇത് കണ്ട് പള്ളിയില്‍ ഒരുമിച്ചു കൂടിയവരും തേങ്ങി. പള്ളിയില്‍ മുഴുവനും തേങ്ങലുയര്‍ന്നപ്പോള്‍ ചുമരുകള്‍ പോലും തേങ്ങുന്നുവോ എന്ന് തോന്നിയെന്ന് അബ്ദുല്‍അഅ്‌ലാ(റ) പറയുകയുണ്ടായി. നരകത്തെ കുറിച്ചും വിചാരണയെ സംബന്ധിച്ചും ഖിയാമത് നാളിനെ പ്രതിപാതിച്ചുമുള്ള സൂക്തങ്ങള്‍ കരയാതെ കേള്‍ക്കാന്‍ ഉമറുബ്‌നുഅബ്ദില്‍അസീസി(റ)ന് സാധിക്കുമായിരുന്നില്ല. യഥാര്‍ത്ഥ വിശ്വാസികള്‍ അല്ലാഹുവിനെ കുറിച്ച് പറയപ്പെട്ടാല്‍ ഹൃദയം പിടക്കുന്നവനും അല്ലാഹുവിന്റെ ആയത്തുകള്‍ അവര്‍ക്കു മുന്നില്‍ പാരായണം ചെയ്യപ്പെട്ടാല്‍ ഈമാന്‍ വര്‍ദ്ധിക്കുന്നവരുമാണ്(അന്‍ഫാല്‍ 2).

അല്ലാഹുവിനോടുള്ള ഭയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് സ്വന്തം പത്‌നിയടക്കം ജീവിതം അടുത്തറിഞ്ഞ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭാര്യ പറയുന്നു:''ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)ജനങ്ങളില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവനോ, നോമ്പനുഷ്ഠിക്കുന്നവരോ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തോളം അല്ലാഹുവിനെ പേടിച്ചിരുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. കിടപ്പറയില്‍ പോലും അല്ലാഹുവിനെ ഓര്‍ത്ത് കുരുവിപ്പക്ഷിയെപ്പോലെ വിറക്കുന്ന അദ്ദേഹത്തെ കാണുമ്പോള്‍ പ്രഭാതത്തില്‍ ജനങ്ങള്‍ക്ക് ഖലീഫ ഇല്ലാതെയാകുമോ എന്ന് പോലും ഞങ്ങള്‍ ശങ്കിക്കാറുണ്ടായിരുന്നു''. ''ഉമറുബ്‌നുഅബ്ദില്‍അസീസി(റ)നേക്കാള്‍ വലിയ പരിത്യാഗിയേയും റബ്ബിനെ ഭയപ്പെടുന്നവനേയും ഞാന്‍ കണ്ടിട്ടില്ലെന്ന് ശപഥം ചെയ്താല്‍ അത് കളവാകില്ല'' എന്ന് മക്ഹൂല്‍(റ) പറഞ്ഞിട്ടുണ്ട്.

കുചേലനായി പിറന്നവനെങ്കിലും വിനയം മുദ്രയാക്കി ജീവിച്ചുപോയി ആ മഹാമനീഷി. ഭരണാധികാരിയെങ്കിലും അല്ലാഹുവിന്റെ അടിമയെന്ന സ്വത്വബോധം അദ്ദേഹം സൂക്ഷിച്ചു. ഒരു ദിനം വേലക്കാരിയെ വിളിച്ച് ചൂടകറ്റാന്‍ വീശിക്കൊടുക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം അല്‍പനേരം കഴിഞ്ഞ് മയങ്ങി. വീശിക്കൊടുത്ത് ക്ഷീണം തോന്നിയപ്പോള്‍ വേലക്കാരിയും ഉറങ്ങിപ്പോയി. ഉറക്കില്‍ നിന്നുണര്‍ന്നപ്പോള്‍ വിയര്‍ത്തൊലിച്ച് കിടക്കുന്ന വേലക്കാരിയെ ഭരണാധികാരി കാണാനിടയായി. അദ്ദേഹം ചൂടകറ്റാന്‍ അടിമക്ക് വിശിക്കൊടുത്തു. തനിക്ക് വീശിത്തരുന്ന യജമാനനെ കണ്ട് ഉറക്കെണീറ്റ വേലക്കാരി സ്തബ്ധയായി നിന്നപ്പോള്‍ ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ)പ്രതികരിച്ചതിങ്ങനെയാണ് ''നീയും എന്നെപ്പോലെ ഒരു മനുഷ്യനാണ്. എനിക്ക് ചൂടെടുത്തപ്പോള്‍ നീ എനിക്ക് വീശിത്തന്നത് പോലെ നിന്റെ ചൂടകറ്റാന്‍ ഞാനും വീശിത്തന്നു എന്നു മാത്രം''.

ഒരിക്കലദ്ദേഹത്തെ ഒരാള്‍ 'യാ ഖലീഫതല്ലാഹി ഫില്‍ അര്‍ള്'(ഓ, ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായവരെ)എന്ന് അഭിസംബോധന ചെയ്തു. ആ മനുഷ്യനെ അരികെ വിളിച്ച് ഉമര്‍ബ്‌നുഅബ്ദില്‍അസീസ്(റ) പറയാന്‍ തുടങ്ങി; ഞാന്‍ പ്രസവിക്കപ്പെട്ടപ്പോള്‍ എന്റെ കുടുംബം എന്നെ വിളിച്ച ഉമര്‍ എന്ന നാമമോ, കുന്‍യതായി ഞാന്‍ സ്വീകരിച്ച അബൂഹഫ്‌സ്വ് എന്ന പേരോ നിങ്ങളുടെ ഭരണം നിങ്ങളെന്നെ ഏല്‍പിച്ച് നിങ്ങള്‍ തന്നെ വിളിച്ച അമീറുല്‍മുഅ്മിനീന്‍ എന്ന പേരോ നീ വിളിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കാം. ഞാന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യില്ല. മുഹമ്മദ് നബി(സ്വ), ദാവൂദ്(അ)തുടങ്ങിയവരാണ് ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫമാര്‍.

വിനയത്തോടൊപ്പം സര്‍വ്വ മേഖലയിലും സൂക്ഷ്മത പാലിച്ച വ്യക്തി കൂടിയാണദ്ദേഹം. ഖലീഫയായിട്ട് പോലും പൊതുമുതലില്‍ നിന്ന് അല്‍പം പോലും തന്റെ വൈയക്തിക ആവശ്യങ്ങള്‍ക്ക് അദ്ദേഹം ഉപയോഗിച്ചില്ല!!!. അംഗസ്‌നാനം ചെയ്യാന്‍ ചുടുവെള്ളം കൊണ്ട് വന്ന് കൊടുത്തിരുന്ന കുട്ടിയോട് ഒരിക്കല്‍ ഖലീഫ ചോദിച്ചു ; മുസ്‌ലിംകള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നിടത്ത് വെച്ചാണോ ഈ വെള്ളം ചൂടാക്കാറുള്ളത്?. കുട്ടി അതെ എന്ന് പറഞ്ഞു. ഉടനെ വെള്ളം കൊണ്ടു വരുന്ന പാത്രം ചൂടാവാന്‍ എത്ര വിറക് വേണ്ടി വരുമെന്ന് പരിശോധിച്ച് അതില്‍ എത്രകാലം വെള്ളം കൊണ്ടു വന്നു എന്ന് കണക്കുകൂട്ടിയിട്ട് അത്ര വിറക് പൊതുമുതലിലേക്ക് തന്റെ വക വകയിരുത്തുകയുണ്ടായി. 

തേന്‍ ഇഷ്ടമായിരുന്ന ഖലീഫ ഒരിക്കല്‍ ഭക്ഷണത്തിന് കൂടെ കഴിക്കാന്‍ തേന്‍ ആവശ്യപ്പെട്ട നേരം തേന്‍ വീട്ടിലുണ്ടായിരുന്നില്ല. അടുത്ത സമയം ഭക്ഷണവേളയില്‍ തേന്‍ കിട്ടുകയും അത് കഴിച്ച് സന്തോഷം പ്രകടിപ്പിക്കുകയും തേന്‍ എവിടുന്നാണ് കിട്ടിയത് എന്ന് ഭാര്യയെ വിളിച്ചന്വേഷിക്കുകയും ചെയ്തു. 'തന്റെ അടുത്തുള്ള രണ്ട് ദീനാറ് കൊടുത്ത് വേലക്കാരനെകൊണ്ട് തപാല്‍കുതിര ഉപയോഗിച്ച് വരുത്തിച്ചതാണെന്ന് പറഞ്ഞു'. ഉടനെ തേന്‍ മുഴുവന്‍ കൊണ്ട് വരാന്‍ പറഞ്ഞ് രണ്ട് ദീനാറിനേക്കാള്‍ വിലയില്‍ അത് വില്‍പന നടത്തി ഭാര്യക്ക് രണ്ട് ദീനാര്‍ നല്‍കിയ ശേഷം ബാക്കി തുക ബൈതുല്‍മാലില്‍ നിക്ഷേപിച്ചു. എന്നിട്ടദ്ദേഹം പ്രിയതമയോട് പറഞ്ഞു; ഉമറിന്റെ താത്പര്യത്തിന് മാത്രം  മുസ്‌ലിംകളുടെ പൊതുമുതലായ കുതിര നീ ഉപയോഗപ്പെടുത്തിയല്ലോ!!??.. ഗവര്‍ണര്‍മാര്‍ നല്‍കുന്ന ഹദിയ്യ(സമ്മാനങ്ങള്‍)പോലും കോഴയാകുമോ എന്ന ഭയത്താല്‍ ഖലീഫയായിരുന്ന ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ)സ്വീകരിച്ചിരുന്നില്ലെന്നാണ് സത്യം.

ഇത്രയും സൂക്ഷ്മത നിറഞ്ഞ ജീവിതത്തില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുന്ന നിലയിലേക്കദ്ദേഹം ഉയര്‍ന്നു. ഗൈലാനുല്‍ഖദ്‌രിയെന്ന മനുഷ്യന്റെ ദാരുണാന്ത്യത്തിന് കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞത് 'സച്ചരിതനായ ഉമര്‍ബിന്‍ അബ്ദില്‍അസീസിന്റെ പ്രാര്‍ത്ഥന എനിക്ക് ഫലിച്ചു' എന്നാണ്.

ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ)ന്റെ മരണകാരണത്തില്‍ അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും ഏവരും കൊതിക്കുന്ന ശുഭാന്ത്യം അദ്ദേഹത്തിന് ലഭിച്ചത് ജീവിത ശുദ്ധി കാരണമാണ്. മരണ നേരം അദ്ദേഹം തന്റെ അടുക്കലുണ്ടായവരോടെല്ലാം ഒന്ന് പുറത്ത് പോവാനാവശ്യപ്പെട്ടു. ഭാര്യ ഫാത്വിമയും മസ്‌ലമത്ബ്‌നുഅബ്ദില്‍മലികും ഒഴികെ എല്ലാവരും പുറത്ത് പോയി. അവരിരുവരും വാതില്‍കല്‍ തന്നെ നിലകൊണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ 'മനുഷ്യരും ജിന്നുകളുമല്ലാത്ത പുതുമുഖങ്ങള്‍ക്ക് സ്വാഗതം' എന്ന് ഉമര്‍(റ) പറയുന്നതാണ് അവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. സത്യവിശ്വാസിയുടെ മരണവേളയില്‍ സാന്ത്വനിപ്പിക്കാനിറങ്ങിവരുന്ന റഹ്മതിന്റെ മാലാഖമാരായിരുന്നു അത്. 'ആ പാരത്രിക ഭവനം ഭൂമിയില്‍ ഔദ്ധത്യമോ വിനാശമോ ആഗ്രഹിക്കാത്തവര്‍ക്കാണ് നാം സംവിധാനിക്കുന്നത്. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കത്രെ അന്തിമമായ ശുഭ പരിണാമമുണ്ടാവുകയുള്ളൂ' എന്നര്‍ത്ഥമുള്ള സൂറതുല്‍ഖസ്വസിലെ 83ാം സൂക്തമോതി അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

ഹിജ്‌റ 101ല്‍ വഫാതായ അദ്ദേഹം കേവലം നാല്‍പത് വര്‍ഷമാണ് ജീവിച്ചത്. അതില്‍ ഖലീഫയായി ജീവിച്ചത് രണ്ട് വര്‍ഷവും. ഈ ചുരുങ്ങിയ കാലത്തെ ജീവിതത്തിലെ വിശുദ്ധിയും നന്‍മകളും അദ്ദേഹത്തെ അനശ്വരനാക്കി മാറ്റി. സൂക്ഷ്മ ജീവിതവും, നല്ല ഭരണവും അനാവരണം ചെയ്യപ്പെടുമ്പോഴെല്ലാം അദ്ദേഹം സമൂഹത്തില്‍ ചിരഞ്ജീവിയായിക്കൊണ്ടിരിക്കുകയാണ്.

നൂറുദ്ദീന്‍ മഹ്മൂദുസ്സങ്കി

ഒന്നാം കുരിശു യുദ്ധത്തിലൂടെ മുസ്‌ലിംകള്‍ക്കേറ്റ പതനത്തില്‍ നിന്ന് അവരെ കരകയറ്റാന്‍ ഉദയം ചെയ്തവരായിരുന്നു ഇമാദുദ്ദീനുസ്സങ്കി. സല്‍ജൂഖികളുടെ ഭരണകാലത്ത് അവരുടെ സൈനികമേധാവിയായിരുന്ന അദ്ദേഹം മൗസ്വിലിലെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. ഇറാഖിലും സിറിയയിലും ആദിപത്യം സ്ഥാപിച്ച ശേഷം ഇമാദുദ്ദീനുസ്സങ്കി ക്രൈസ്തവ ശക്തി കേന്ദ്രമായിരുന്ന അര്‍റൂഹാ ഹി: 359 ജുമാദല്‍ഉഖ്‌റ 6(ക്രി: 1144 ഡി23)ന് കീഴടക്കി. ഇതോടെ ടൈഗ്രീസിന്റെ കുരിശുപോരാളികളുടെ ഭീഷണയില്‍ നിന്ന് മുക്തമായി. ഖുദ്‌സ് കീഴടക്കണമെന്ന് മോഹത്തോടെ ക്രൈസ്തവരോട് ജിഹാദ് തുടങ്ങിയ അദ്ദേഹം ഹി: 541(1146)ല്‍ വധിക്കപ്പെടുകയുണ്ടായി.

തന്റെ മോഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഗുണമൊത്ത, ധീരനും വിശ്വസ്തനുമായ നൂറുദ്ദീന്‍ മഹ്മൂദ് സങ്കിയെന്ന പുത്രനെ സമൂഹത്തിന് സമര്‍പ്പിച്ചാണ് ഇമാദുദ്ദീന്‍ ലോകം വെടിയുന്നത്. ഹി: 511ല്‍ ശവ്വാല്‍ മാസത്തിലാണ് നൂറുദ്ദീനുസ്സങ്കി പിറവിയെടുക്കുന്നത്. ചെറുപ്പം വിട്ടതുമുതല്‍ നൂറുദ്ദീനുസ്സങ്കി പിതാവിന്റെ മരണം വരെ നിഴലായി കൂടെയുണ്ടായിരുന്നു. ഹി: 521മുതല്‍541വരെ മൗസ്വിലിലെ ഗവര്‍ണറായിരുന്ന പിതാവിന്‍രെ കൂടെയുള്ള ജീവിതം അദ്ദേഹത്തിന്റെ സര്‍വ്വ മേഖലയിലേക്കുമുള്ള ഊര്‍ജ്ജവും സ്വീകരിക്കാനുള്ള സുവര്‍ണാവസരമായിരുന്നു.

ആദ്യം സിറിയയിലെ സുല്‍ത്വാനായിരുന്ന നൂറുദ്ദീനുസ്സങ്കി, ഹി: 564ല്‍ ഫാത്വിമീ ഭരണത്തിന് അന്ത്യം കുറിച്ചെന്ന് പ്രഖ്യാപിച്ച് ഈജിപ്തിനെ തന്റെ രാജ്യത്തോട് ചേര്‍ത്തു. ബൈതുല്‍മഖ്ദിസ് കീഴടക്കണമെന്ന മോഹം പിതാവിനെപ്പോലെ ഇദ്ദേഹത്തിനുമുണ്ടായിരുന്നു. ബൈതുല്‍മഖ്ദിസിലെ മസ്ജിദ് ഉമറില്‍ വെക്കാന്‍ മനോഹരമായ ഒരു മിമ്പര്‍ അദ്ദേഹം പണിതു. സ്വന്തം കരങ്ങള്‍ കൊണ്ട് ആ മിമ്പര്‍ വെക്കണമെന്നായിരുന്നു ആഗ്രഹം. എങ്കിലും അതിനുള്ള വിധി അദ്ദേഹത്തിനുണ്ടായിരുന്നില്ല.

പ്രജാവത്സലനും വിജ്ഞാനപ്രേമിയും ആയിരുന്ന അദ്ദേഹം, നിരവധി ആശുപത്രികളും മദ്രസകളും പണിതു. സ്വന്തം ആവശ്യത്തിന് വേണ്ടി പോതുമുതല്‍ ഉപയോഗിക്കാതെ, തനിക്ക് ലഭിച്ചിരുന്ന യുദ്ധമുതല് കൊണ്ട് ഏതാനും കടകള്‍ വാങ്ങി അതിന്റെ വാടക കൊണ്ട്  ലളിത ജീവിതം നയിച്ചു. സ്വന്തമായി ഒരു കോട്ട പോലും പണിയാത്ത അദ്ദേഹം, ബൈതുല്‍മാല് കൊണ്ട് ഹോസ്പിറ്റല്‍, മദ്രസകള്‍, മുസാഫിര്‍ഖാനകള്‍, എന്നിവ ധാരാളം പണിയുകയുണ്ടായി.

വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി സുല്‍ത്വാന്‍ നല്‍കിക്കൊണ്ടിരിക്കുന്ന പണം തികയുന്നില്ലെന്നും, അല്‍പം കൂടുതല്‍ നല്‍കണമെന്നും പത്‌നി പറഞ്ഞപ്പോള്‍ ആ കാര്യം നിരസിച്ചു കൊണ്ടദ്ദേഹം പറഞ്ഞതിങ്ങനെയാണ്; ''കൂടുതല്‍ സംഖ്യ ഞാന്‍ എവിടെ നിന്ന് എടുത്തു തരാനാണ്?!. എന്റെ കൈവശമുള്ള സമ്പത്ത് എന്റെതാണെന്ന് നീ നിനച്ചുവെങ്കില്‍ അത് മിഥ്യയാണ്. കാരണം അത് മുസ്‌ലിംകളുടെ സമ്പത്താണ്. അത് അവരുടെ ആവശ്യങ്ങള്‍ക്കേ ചെലവഴിക്കാവൂ. ഞാന്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമാണ്. അതില്‍ വഞ്ചന നടത്തി നരകത്തില്‍ കടക്കാന്‍ എനിക്ക് സാധ്യമല്ല'' എന്നായിരുന്നു. 

ഇബാദതുകളില്‍ കൃത്യത പാലിച്ചിരുന്ന അദ്ദേഹം കൃത്യനേരങ്ങളില്‍ ജമാഅത്തായിത്തന്നെ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ ശ്രദ്ധിച്ചു. രാത്രികളില്‍ പ്രാര്‍ത്ഥനാ നിരതനായിക്കഴിയുകയും അത്താഴസമയത്ത് തന്നെ പള്ളിയിലെത്തി സുബ്ഹി വരെ ഐശ്ചിക നിസ്‌കാരത്തിലേര്‍പ്പെടുകയും ചെയ്തു.

ചരിത്രകാരനായ ഇബ്‌നുല്‍അസീര്‍(റ)ഉദ്ധരിക്കുന്നു; നൂറുദ്ദീന്‍(റ)ന്റെ ഭാര്യ റളീഉല്‍ഖാതൂന്‍ സുല്‍ത്വാന്റെ ആരാധനകളെ കുറിച്ച് പറയുന്നു: ''രാത്രിയില്‍ ദീര്‍ഘനേരം നിസ്‌കരിക്കുന്നവനും, പകല്‍ സമയങ്ങളില്‍ നിശ്ചിത ദിക്‌റുകള്‍ പതിവാക്കിയവനുമായിരുന്നു. ഇശാഅ് നിസ്‌കാരം കഴിഞ്ഞയുടനെ നിദ്രയില്‍ കഴിയുന്ന അദ്ദേഹം അര്‍ദ്ധ രാത്രിയില്‍ എഴുന്നേറ്റ് സൂര്യോദയം വരെ നിസ്‌കാരം, പ്രാര്‍ത്ഥനകളില്‍ കഴിച്ചു കൂട്ടുകയുമായിരുന്നു. ശേഷമാണ് രാഷ്ട്ര കാര്യങ്ങളില്‍ വ്യാപൃതനായിരുന്നത്''.

നിരന്തരം മതഗ്രന്ഥ വായനയും ഖുര്‍ആന്‍ പാരായാണവും അധികരിപ്പിക്കുന്നവനും, പ്രവാചകനെ അനുദാവനം ചെയ്യുന്നവനുമായ നൂറുദ്ദീനുസ്സങ്കി ശാന്ത പ്രകൃതനും നിശബദനുമായിരുന്നു.(ഇബ്‌നുകസീര്‍). അത് കൊണ്ട് തന്നെ വിശുദ്ധഖുര്‍ആനില്‍ അല്ലാഹു നല്‍കിയ വാഗ്ദാനം നൂറുദ്ദീനുസ്സങ്കിക്ക് ലഭിക്കാനിടയായത്. അല്ലാഹു പറയുന്നു:''നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്കിതാ ദൈവിക വാഗ്ദാനം: പൂര്‍വികര്‍ക്കെന്ന പോലെ ഇവര്‍ക്കും ഭൂമിയിലവന്‍ പ്രാതിനിധ്യം നല്‍കും. അവര്‍ക്കവന്‍ സംതൃപ്തമായി സമര്‍പ്പിച്ച മതകാര്യത്തില്‍ ഇവര്‍ക്കും സ്വാധീനമേകും. ഭയപ്പാടുകള്‍ക്കു ശേഷം ഇവര്‍ക്ക് നിര്‍ഭയത്വം പകരം വെക്കും. എന്നെയാകണം ഇവരാരാധിക്കേണ്ടത്. മറ്റാരെയും എന്റെ പങ്കാളികളാക്കരുത്. ഈ വാഗ്ദാനശേഷവും ആരെങ്കിലും നിഷേധം വെച്ചുപുലര്‍ത്തുന്നുവെങ്കില്‍ അധര്‍മ്മകാരികള്‍ അവര്‍ തന്നെയത്രെ. നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെടാന്‍ വേണ്ടി നമസ്‌കാരം യഥാവിധി നിര്‍വ്വഹിക്കുകുയം സകാത് കൊടുക്കുകയും തിരുദൂതരെ അനുസരിക്കുകയും ചെയ്യുക''(അന്നൂര്‍ 55,56)തന്റെ രാജ്യാതിര്‍ത്തിക്കുള്ളില്‍ മദ്യപാനവും കച്ചവടവും അദ്ദേഹം നിരോധിക്കുകയുണ്ടായി. വൈയക്തികമായി ശരീഅത്ത് നിയമങ്ങള്‍ പാലിച്ച അദ്ദേഹം കൂടെയുള്ളവരോടതിന് കല്‍പിക്കുകയും ചെയ്തു. ജനങ്ങള്‍ അത് ശിരസാവഹിച്ച് ഇസ്‌ലാമികമായി ജീവിക്കാന്‍ ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. നീതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്കും തയ്യാറാകാത്ത അദ്ദേഹം, തനിക്കെതിരെ കേസ് കൊടുത്തപ്പോള്‍ വിചാരണ നേരിട്ട് തന്‍രെ സത്യസന്ധത തെളിയിച്ചിട്ടുണ്ട്. സ്വത്തു സംബന്ധമായ കേസ്സില്‍ നൂറുദ്ദീനുസ്സങ്കിക്കെതിരെ ഒരാള്‍ കോടതിയില്‍ അന്യായം സമര്‍പ്പിച്ചു. കേസ് വിളിക്കപ്പെട്ടപ്പോള്‍ ന്യായാധിപനോടദ്ദേഹം പറഞ്ഞു: ''ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് പ്രതിയായിട്ടാണ്, അതിനാല്‍ സാധാരണ പ്രതികളോട് വര്‍ത്തിക്കുന്നത് പോലെ മാത്രമേ എന്നോടും പെരുമാറാവൂ''. വാദിയോടൊപ്പം നിര്‍ത്തി ന്യായാധിപന്‍ ഇരുവരേയും വിസ്തരിച്ചതില്‍ സുല്‍ത്വാന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ആ കേസ്സ് തള്ളപ്പെടുകയും ചെയ്തു.

ദീര്‍ഘകാലം ഭരണം നടത്തി, ഭരണതലത്തില്‍ ഏറ്റവും ഉദാത്ത മാതൃകയാവുകയും വൈയക്തിക ജീവിതത്തില്‍ സ്വൂഫിയായിക്കഴിയുകയും ചെയ്ത അദ്ദേഹത്തെ കുറിച്ച് സമകാലികനും ചരിത്രകാരനുമായ ഇബ്‌നുല്‍അസീര്‍ എഴുതുന്നു: ''ഇസ്ലാമിന്റെ ആരംഭം മുതല്‍ ഇന്നോളമുള്ള സര്‍വ്വ ഭരണാധികാരികളേയും ചരിത്രം ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഖുലഫാഉര്‍റാശിദുകള്‍ക്കും ഉമറുബ്‌നുഅബ്ദില്‍അസീസിനും ശേഷം നൂറുദ്ദീനേക്കാള്‍ നല്ല ഭരണാധികാരിയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല''. ഹി: 565ല്‍ 56ാം വയസ്സില്‍ അദ്ദേഹം വഫാതായി.

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)

ഇസ്‌ലാമിക ചരിത്രത്തില്‍ വേദനയോടെ മാത്രം വായിക്കപ്പെടുന്ന ഭാഗമാണ് കുരിശുയുദ്ധങ്ങള്‍(ഹി 489-691 വരെ). ഉമറുബ്‌നുല്‍ഖത്വാബി(റ)ന്റെ കാലത്ത് കൃസ്ത്യാനികള്‍ കയ്യിലേല്‍പിച്ച, മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും ഒട്ടനവധി ചരിത്ര പ്രാധാന്യവുമുള്ള ബൈതുല്‍മഖ്ദിസ് കുരിശുപടയാളികള്‍ പിടിച്ചടക്കുകയും(ഹി:491ല്‍) തുല്യതയില്ലാത്ത വിധം അക്രമങ്ങളഴിച്ച് വിട്ട് നരനായാട്ട് നടത്തി, മനുഷ്യ കബദ്ധങ്ങള്‍ കുന്നുകൂടി, കാല്‍ മുട്ടോളം ഉയരത്തില്‍ രക്തം തളം കെട്ടി അതിലൂടെ കുതിരകളെ പായിപ്പിക്കുകയും ചെയ്തു.. മുസ്‌ലിംകള്‍ക്കു നേരിട്ട ഈ ആഘാതത്തില്‍ നിന്നവരെ ഉയര്‍ത്തഴുന്നേല്‍പിച്ചതും ബൈതുല്‍മഖ്ദിസ് തിരിച്ചുപിടിച്ചതും മഹാനായ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യാണ്.

കുടുംബം

കുര്‍ദികളില്‍ പെട്ട ഹദയാനിയ്യ ഗോത്രത്തിലെ  റവ്വാദിയ്യ ഉപഗോത്രത്തിലൂടെയാണ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പരമ്പര നീളുന്നത്. കിഴക്കന്‍ ആദര്‍ബൈജാനിലെ ദവീന്‍ എന്ന പ്രദേശത്തിനടുത്തുള്ള അജ്‌നാദീന്‍ ഗ്രാമത്തില്‍ നിന്ന് ഇറാഖിലേക്ക് തന്റെ രണ്ട് മക്കളായ നജ്മുദ്ദീന്‍ അയ്യൂബിനേയും അസദുദ്ദീന്‍ ശേര്‍കൂഹിനേയും കൂട്ടി കുടിയേറിയവരായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പ്രപിതാവ് ശാദിബിന്‍മര്‍വാന്‍. ഇറാഖിലെ ബഗ്ദാദിലെത്തിയ അവര്‍ പിന്നീട് തിക്‌രീത്തിലേക്ക് പോയി. സല്‍ജൂഖികളിലെ ഇറാഖീ ഗവര്‍ണര്‍ മുജാഹിദുദ്ദീന്‍ ബഹ്‌റോസിന്റെ കീഴിലാണ് അന്ന് തിക്‌രീത്. ബഹ്‌റോസൂമായുള്ള മുന്‍പരിചയം തനിക്കും മക്കള്‍ക്കും അഭയം കിട്ടാന്‍ കാരണമാകുമെന്ന ശുഭപ്രതീക്ഷയാണ് കുടുംബസമേതം തിക്‌രീതിലെത്താന്‍ ശാദിയെ പ്രേരിപ്പിച്ചത്. ശാദി തിക്‌രീതില്‍ വെച്ച് മരണമടഞ്ഞു. സുഹൃത്തിന്റെ പുത്രന്‍ നജ്മുദ്ദീന്‍ അയ്യൂബിന്റെ സാമര്‍ത്ഥ്യം കണ്ട് ബഹ്‌റോസ് അദ്ദേഹത്തെ തിക്‌രീത് കോട്ടയുടെ കാവല്‍ക്കാരനായി നിശ്ചയിക്കുകയും സഹോദരന്‍ ശേര്‍കൂഹിനെ സഹായത്തിനായി നിയമിക്കുകയും ചെയ്തു. 

ഇരുവരും സസുഖം തിക്‌രീതില്‍ കഴിയുന്നതിനിടയില്‍ കോട്ടയിലെ ഒരു സൈനികന്‍ ഒരു സ്ത്രീയെ ശല്യം ചെയ്തു. അദ്ദേഹത്തിനെതിരെ അവള്‍ അസദുദ്ദീന്‍ ശേര്‍കൂഹിനോട് സഹായമര്‍ത്ഥിച്ചപ്പോള്‍ ശേര്‍കൂഹ് അദ്ദേഹത്തെ വധിക്കുകയുണ്ടായി. ഇത് കാരണം ശേര്‍കൂഹിനോടും സഹോദരനായ നജ്മുദ്ദീന്‍ അയ്യൂബിനോടും ബഹ്‌റോസ് അന്ന്  രാത്രി നാട് വിടാന്‍ ആവശ്യപ്പെടുകയും ആ യാത്രക്കിടയില്‍ നജ്മുദ്ദീന് ഒരാണ്‍കുഞ്ഞ് ജനിക്കുകയുമുണ്ടായി. കുഞ്ഞിനവര്‍ യൂസുഫ് സ്വലാഹുദ്ദീന്‍ എന്ന് നാമകരണം നടത്തി. ഈ കുട്ടിയാണ് മുസ്‌ലിം ലോകത്തിന്റെ അഭിമാനവും ഖുദ്‌സ് വിമോചകനുമായ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയായി മാറിയത്.ഹിജ്‌റ 532ല്‍(ക്രി: 1137) തിക്‌രീതിലാണ് ജനനം.

അധ്യായനം

ജന്‍മം കൊണ്ട് തന്നെ ശ്രദ്ധേയനായ സ്വലാഹുദ്ദീന്‍ ഭരണാധികാരികളുടെ കുടുംബത്തില്‍ ഏറ്റവും ഉയര്‍ന്ന സാഹചര്യത്തിലാണ് വളര്‍ന്നു വന്നത്. ഗവര്‍ണ്ണറുടെ മകനായി, ഉന്നത ഉദ്യോഗസ്ഥരുടെ സഹവാസത്തില്‍ പിതൃവ്യന്‍ അസദുദ്ദീന്‍ ശേര്‍കൂഹ്, നൂറുദ്ദീനുസ്സങ്കി തുടങ്ങിയ പോരാളികളുടെ സാഹസികതകള്‍ കണ്ട് അദ്ദേഹം വളര്‍ന്നു വന്നു. ചെറുപ്പകാലം ബഅ്‌ലബകില്‍ കഴിച്ചു കൂട്ടിയ അദ്ദേഹം അവിടെ വെച്ച് എഴുത്തും വായനയും ഭാഷകളും പഠിക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആനും ഹൃദിസ്ഥമാക്കി. അല്‍ഹാഫിള് അബൂത്വാഹിറുസ്സലഫി, അബൂ ത്വാഹിറിബ്‌നുഔഫ്, ശൈഖ് ഖുത്വുബുദ്ദീനുന്നൈസാബൂരി, അബ്ദുല്ലാഹിബ്‌നുബര്‍റി തുടങ്ങിയ പ്രമുഖരില്‍ നിന്ന് ഹദീസുകള്‍ പഠിച്ച അദ്ദേഹം കര്‍മ്മശാസ്ത്ര പണ്ഡിതനും അറബ് സാഹിതീയനും കൂടിയായിരുന്നു. ഇതോടൊപ്പം യുദ്ധം ചെയ്യാനാവശ്യമായ സര്‍വ്വ കാര്യങ്ങളും അദ്ദേഹം സ്വയത്തമാക്കി.

അധികാരത്തിലേക്കുള്ള വഴി

തിക്‌രീതില്‍ നിന്ന് മൗസിലിലേക്കാണ് നജ്മുദ്ദീനും ശേര്‍കൂഹും കുടുംബവും പോയത്. ഇമാദുദ്ദീനുസ്സങ്കിയാണ് അന്നവിടെ ഭരണാധികാരി. നജ്മുദ്ദീന്‍ അയ്യൂബ് തിക്‌രീത് കോട്ടയുടെ കാവല്‍കാരനായിരിക്കെ മൗസിലിലേയും അലപ്പോവിലേയും സൈനിക ഗവര്‍ണറായിരുന്നു ഇമാദുദ്ദീന്‍. അബ്ബാസി ഖലീഫയോട് യുദ്ധത്തില്‍ പരാജയപ്പെട്ട് ടൈഗ്രീസ് നദീ തീരത്തെത്തിയ ഇമാദുദ്ദീന് അവിടെ നിന്ന് രക്ഷപ്പെടാന്‍ ബോട്ട് അയച്ചു കൊടുത്തത് നജ്മുദ്ദീന്‍ അയ്യൂബാണ്. ഈ ഉപകാരസ്മരണാര്‍ത്ഥം തിക്‌രീതില്‍ നിന്നെത്തിയ നജ്മുദ്ദീനെയും കുടുംബത്തേയും ഇമാമുദ്ദീനുസ്സങ്കി സസന്തോഷം സ്വീകരിച്ച് സൈന്യത്തില്‍ വലിയ സ്ഥാനം നല്‍കി പിന്നീട് ബഅ്‌ലബക്കിന്റെ ഗവര്‍ണറായി നജ്മുദ്ദീനെ (ഹി: 534ല്‍)അവരോധിക്കുകയും ചെയ്തു. 

ഇമാദുദ്ദീന്‍ മരണപ്പോള്‍ നജ്മുദ്ദീന്‍ അയ്യൂബ് ഡമസ്‌കസിലെ ബോരി വംശജനായ സുല്‍ത്വാനെ പിന്തുണച്ചു. സുല്‍ത്വാന്‍ അദ്ദേഹത്തിന് ഡമസ്‌കസിലെ കോട്ട പതിച്ചു നല്‍കി. എന്നാല്‍ സഹോദരന്‍ അസദുദ്ദീന്‍ ശേര്‍കൂഹ് ഇമാദുദ്ദീന്‍രെ മകന്‍ നുറുദ്ദീനുസ്സങ്കിയെയാണ് പിന്തുണച്ചത്. പിന്നീടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പരിണാമത്തില്‍ നജ്മുദ്ദീന്‍ അയ്യൂബും തന്റെ പിന്തുണ നൂറുദ്ദീന് നല്‍കുകയും ഡമസ്‌കസ് അടക്കമുള്ള പ്രദേശങ്ങള്‍ കീഴടക്കുന്നതിലും കുരിശു പോരാളികള്‍ക്കെതിരെ നൂറുദ്ദീന് ശക്തി പകരുന്നതിലും വലിയ പങ്ക് വഹിക്കുകയുമുണ്ടായി.

സിറിയ ഭരിക്കുമ്പോള്‍ ഈജിപ്ത് കീഴടക്കാന്‍ നൂറുദ്ദീനുസ്സങ്കി താത്പര്യപ്പെട്ടു. അവിടെ നില നിന്നിരുന്ന ഫാത്വിമീ ഭരണം നാമമാത്രമായിരുന്നതിനാല്‍ കുരിശുപോരാളികള്‍ എപ്പോള്‍ വേണമെങ്കിലും ഈജിപ്ത് അക്രമിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ആയിടക്കാണ് ഈജിപ്തിലെ ഫാത്വിമീ ഖലീഫ(ആളിദ്) തന്റെ മന്ത്രിയായിരുന്ന ശാവറിനെ സ്ഥാന ഭ്രഷ്ഠനാക്കി തല്‍സ്ഥാനത്ത് എതിരാളിയായ ളിര്‍ഗാമിനെ പ്രതിഷ്ഠിക്കുന്നത്. ളിര്‍ഗാമിനെ നേരിടാന്‍ ശാവര്‍ നൂറുദ്ദീന്റെ സഹായമാവശ്യപ്പെട്ടു. നൂറുദ്ദീനുസ്സങ്കി ഉടന്‍ അസദുദ്ദീന്‍ ശേര്‍കൂഹിന്റെ നേതൃത്വത്തില്‍ സൈന്യത്തെ വിടുകയും(സൈന്യത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുമുണ്ട്), ഏറ്റുമുട്ടലില്‍ ളിര്‍ഗാമിന്റെ സൈന്യം പരാജയപ്പെടുകയും അദ്ദേഹം വധിക്കപ്പെടുകയുമുണ്ടായി. അങ്ങിനെ ശാവര്‍ മന്ത്രിയായി. ഹി: 558ലാണിത്. പക്ഷെ, ശാവര്‍ തന്റെ വാഗ്ദാനം ലങ്കിക്കുകയുണ്ടായി. അന്നേരം ശേര്‍കൂഹിന്റെ നേതൃത്വത്തില്‍ രണ്ട് തവണ ശാവിറിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. എങ്കിലും ഈജിപ്തിലെ ഭൂപ്രകൃതിയും രാഷ്ട്രീയ സാഹചര്യവും കൃത്യമായി മനസ്സിലാക്കാന്‍ ഈ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തി.

ശാവര്‍ തന്റെ സുരക്ഷക്കായി സഹായമര്‍ത്ഥിച്ചിരുന്ന കുരിശു പോരാളി അമൂരി ഈജിപ്ത് കീഴടക്കുമോ എന്ന ഭയമുണ്ടായപ്പെള്‍ ഹി: 558ല്‍ ഫാത്വിമീ ഖലീഫ തന്നെ നൂറുദ്ദീനോട് സഹായമര്‍ത്ഥിച്ചു. അപ്പോഴും ശേര്‍കൂഹിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെയാണ് നൂറുദ്ദീനുസ്സങ്കി നിയോഗിച്ചത്. ശേര്‍കൂഹിന്റെയും സൈന്യത്തിന്റേയും ശക്തമായ മുന്നേറ്റത്തില്‍ അമൂരിക്ക് പിന്തിരിയേണ്ടി വന്നു. ശാവറിന്റെ കുതന്ത്രങ്ങളും അമൂരിയുടെ കയ്യേറ്റങ്ങളും മടുത്ത ജനം ശേര്‍കൂഹിന്റെ ആഗമനം അഹ്ലാദപൂര്‍വ്വം സ്വീകരിച്ചു. 564 റ: ആഖിര്‍ 17ന് (1169 ജനുവരി 18)ല്‍ ശാവറിനെ വധിച്ച് ശേര്‍കൂഹ് ഈജിപ്തിന്റെ മന്ത്രിയായി. രണ്ടുമാസം കഴിഞ്ഞ് ശേര്‍കൂഹ് മരണപ്പെട്ടപ്പോള്‍ ഫാത്വിമീ ഖലീഫ അല്‍മലികുന്നാസ്വിര്‍ എന്ന പേര് നല്‍കി സ്വലാഹുദ്ദീന്‍ അയ്യൂബിയെ ഈജിപ്തിലെ മന്ത്രിയായി പ്രഖ്യാപിച്ചു. ഇത് വരെ സൈനിക സേവനം നടത്തിയ അയ്യൂബി 32ാം വയസ്സിലാണ് മന്ത്രിയാകുന്നത്.

പ്രധാനമായി മൂന്ന് ലക്ഷ്യങ്ങളാണ് സ്വലാഹുദ്ദീന്‍ അയ്യൂബിക്കുണ്ടായിരുന്നത്. ഒന്ന്: ശിഥിലമായിക്കിടക്കുന്ന മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിച്ച് ശത്രുക്കളുടെ വെല്ലുവിളികളില്‍ നിന്ന് മുസ്‌ലിം ലോകത്തെ രക്ഷിക്കുക. രണ്ട്: ഒന്നാം കുരിശുയുദ്ധത്തോടെ മുസ്‌ലിംകള്‍ക്ക് അന്യാധീനപ്പെട്ട ബൈതുല്‍മഖ്ദിസ് തിരിച്ചു പിടിക്കുക. മൂന്ന്: ശിയാ വിശ്വാസത്തിലധിഷ്ഠിതമായ ഈജിപ്തിലെ ഫാത്വിമീ ഭരണം അവസാനിപ്പിക്കുക. ഈ ലക്ഷ്യപ്രാപ്തിയിലേക്ക് തന്റെ കരുക്കള്‍ നീക്കുന്നതിനിടെ ഹി: 567ല്‍ (ക്രി:1172ല്‍) തന്ത്രപൂര്‍വ്വം ഫാത്വിമീ ഭരണം അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. നൂറുദ്ദീനുസ്സങ്കിയുടെ സൈനികനായി ഈജിപ്തിലെത്തിയ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അത് മുതല്‍ ഈജിപ്തിലുണ്ടായിരുന്ന അധികാരത്തിന്(ഫാത്വിമീ ഖലീഫയുടെ മന്ത്രിയെന്ന സ്ഥാനം) ഒരു സ്വതന്ത്ര ഭാവം കൈവന്നത് പോലെയായി. 

ക്രി:1174ല്‍ മരണപ്പെട്ട നൂറുദ്ദീനുസ്സങ്കിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ അല്‍മലികുസ്സ്വാലിഹ് ഇസ്മാഈല്‍ അധികാരിയാക്കപ്പെട്ടെങ്കിലും അനുദിനം സിറിയ ക്ഷയിച്ചുകൊണ്ടേയിരുന്നു. അവിടെയുള്ള അമീറുമാര്‍ അയ്യൂബിയോട് സഹായം ചോദിക്കുന്ന സാഹചര്യം വരെ ഉടലെടുത്തു. അങ്ങിനെയിരിക്കെ അയ്യൂബി സിറിയയില്‍ സ്വയം അധികാരം പ്രഖ്യാപിച്ചു കൊണ്ടു അധികാരമേറ്റു. ഹി: 570ല്‍ അബ്ബാസീ ഖലീഫ യമന്‍, ഈജിപ്ത് മുതല്‍ ട്രിപ്പോളി വരെയുള്ള പശ്ചിമദേശത്തും ഫലസ്ഥീന്‍, മധ്യ സിറിയ തുടങ്ങിയിടങ്ങളിലും സ്വലാഹുദ്ദീന്‍ അയ്യൂബിയെ സുല്‍ത്വാനായി അംഗീകരിച്ചു. അദ്ദേഹം സുല്‍ത്വാനുല്‍ ഇസ്ലാമി വല്‍മുസ്‌ലിമീന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. അയ്യൂബി ഭരണ കൂടം ഇങ്ങിനെയാണ് നിലവില്‍ വരുന്നത്.

വ്യക്തി വിശുദ്ധിയും മാതൃകാ ജീവിതവും

ചെറുപ്പം മുതല്‍ വിജ്ഞാനമേഖലയില്‍ ജീവിതം മുന്നോട്ട് പോയിരുന്ന സ്വലാഹുദ്ദീന്‍അയ്യൂബി(റ)ന്റെ ജീവിത സാഹചര്യം തീര്‍ത്തും യുദ്ധം, ഭരണം തുടങ്ങിയ മേഖലയായിരുന്നുവെന്ന് അവരുടെ കുടുംബചരിത്രത്തിലൂടെ മനസ്സിലാക്കാം. എന്നാല്‍, അല്ലാഹുവിനെ പേടിച്ച് ജീവിച്ചിരുന്ന മാതാപിതാക്കളുടെ ശിക്ഷണം ഈ ജീവിത സാഹചര്യത്തിലും അദ്ദേഹത്തെ ഏറ്റവും വലിയ മുത്തഖിയും വ്യക്തി വിശുദ്ധനുമാക്കിയിരുന്നു എന്നാണ് മനസ്സിലാകുന്നത്. അക്കാലത്തെ ഏറ്റവും വലിയ അധികാരം കയ്യില്‍ വന്നപ്പോഴും, ഇസ്‌ലാമിക ചരിത്രത്തിലെ അത്യപൂര്‍വ്വ നേട്ടത്തിന് നേതൃത്വം നല്‍കാനവസരം കിട്ടിയപ്പോഴും അദ്ദേഹം കൂടുതല്‍ വിനയാന്വിതനായി. 

ജീവിത വ്യവഹാരങ്ങളില്‍ അല്ലാഹുവിനെ ഭയപ്പെടുകയും ഖുര്‍ആന്‍ പാരായണം നടത്തുവാനും ശ്രവിക്കുവാനും  സമയം കണ്ടെത്തുകയും ഭയപ്പെടുത്തുന്ന ആയതുകള്‍ കേള്‍ക്കുമ്പോള്‍ കണ്ണുനീര്‍പൊഴിക്കുകയും രാത്രി നിസ്‌കാരങ്ങള്‍ പതിവാക്കുകയും ചെയ്യുന്ന ഒരു യോദ്ധാവും ഭരണാധികാരിയുമായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി(റ). മതചിഹ്‌നങ്ങളെ ആദരിക്കുകയും മതനിയമങ്ങളെയും ചിഹ്‌നങ്ങളേയും നിന്ദിക്കുന്ന തത്വങ്ങളെയും വിഭാഗങ്ങളെയും ശക്തമായി നേരിടുകയും ചെയ്തിരുന്നു  അദ്ദേഹം.

തിരുനബി(സ്വ)യുടെ ഹദീസുകള്‍ കേള്‍ക്കുവാനും പഠിക്കുവാനും അതീവ തത്പരനായിരുന്ന അയ്യൂബി(റ) യുദ്ധ രംഗത്ത് വെച്ച് പോലും ഹദീസുകള്‍ കേള്‍ക്കാന്‍ അവസരം ഒരിക്കിയിട്ടുണ്ട്.

ഏത് വിപല്‍ഘട്ടങ്ങളിലും, പ്രത്യേകിച്ച് യുദ്ധങ്ങളില്‍ പരാചയം നേരിടുകയാണെന്ന് തോന്നിയാല്‍ രാത്രിയുടെ യാമങ്ങളില്‍ ഉറക്കമൊഴിച്ച് റബ്ബിനായി സാഷ്ടാംഗം നമിച്ച് നിസ്‌കാരപ്പായ നനയും വിധം അദ്ദേഹം പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും പിറ്റേന്ന് പ്രഭാതത്തില്‍ ആ വിപത്തില്‍ നിന്ന് രക്ഷ നേടാന്‍ സാധിച്ച സന്തോഷ വാര്‍ത്ത അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നുവെന്ന് സന്തത സഹചാരിയായ ഖാളി ബഹാഉദ്ദീന്‍ ഇബ്‌നുശദ്ദാദ് രേഖപ്പെടുത്തുന്നുണ്ട്.

നിസ്‌കാരത്തിന്റെ കാര്യത്തില്‍ കണിഷത പുലര്‍ത്തിയ അദ്ദേഹം കൊല്ലങ്ങളോളമായി ജമാഅത്തായിട്ടല്ലാതെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചിട്ടില്ലെന്ന് ഇബ്‌നുശദ്ദാദിനോട് പങ്കുവെച്ചിട്ടുണ്ട്. യാത്രകള്‍ക്കിടയില്‍ പോലും നിസ്‌കാര സമയമായാല്‍ നിസ്‌കാരം നിര്‍വഹിച്ചേ യാത്ര തുടരുമായിരുന്നുള്ളൂ. മരണരോഗത്തില്‍ കിടക്കുമ്പോള്‍ പോലും നിസ്‌കാരമൊഴിവാകാതെ എല്ലാം അദ്ദേഹം നിന്ന് തന്നെ എല്ലാം നിര്‍വഹിച്ചു. നിസ്‌കാരം പോലെ എല്ലാ നിര്‍ബന്ധ ഇബാദതുകളിലും അദ്ദേഹം കണിഷനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ഭൗതിക വിരക്തിയില്‍ ജീവിച്ച അദ്ദേഹം മരണപ്പെടുമ്പോള്‍ 47 നാസ്വിരീ വെള്ളിനാണയവും തുച്ചം സ്വര്‍ണവുമല്ലാതെ മറ്റൊന്നും സമ്പാദ്യമായി അവശേഷിച്ചിരുന്നില്ല. ഈജിപ്തിലെ ഫാത്വിമീ ഭരണം അവസാനിച്ച് ഖലീഫ മരിച്ചതോടെ വലിയ രാജകൊട്ടാരവും വിലപിടിപ്പുളള വസ്തുക്കളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈവെള്ളയിലായി. പക്ഷെ, അതില്‍ നിന്ന് ഒരു ധാന്യം പോലും സുല്‍ത്വാന്‍ സ്വന്തമായി എടുക്കുകയോ കൊട്ടാരം വസിക്കാന്‍ ഉപയോഗിക്കുകയോ ചെയ്തില്ല. എല്ലാം അദ്ദേഹം ബൈതുല്‍മാലിലേക്ക് നീക്കിവെച്ചു.

വിനയം, വിട്ടുവീഴ്ച, ആര്‍ദ്രത, സഹിഷ്ണുത,നീതി തുടങ്ങിയ സര്‍വ്വ സത്ഗുണങ്ങളുമുള്ള ധീരനും പടയാളിയും ഭരണാധികാരിയുമായിരുന്നു അദ്ദേഹം.എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും  പ്രജകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ പ്രത്യേ സദസ്സൊരുക്കി അവര്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ ആ ഭരണാധികാരി ജാഗ്രത പുലര്‍ത്തി. സുല്‍ത്വാന്‍ തന്റെ ഒരു സ്വത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു കച്ചവടക്കാരന്‍ ഖാളിയുടെ മുന്നില്‍ കേസ് കൊടുത്തപ്പോള്‍ ഖാളിയുടെ മുന്നില്‍ ഇരുവരും കൊണ്ട് വരപ്പെട്ട് തെളിവുകള്‍ സമര്‍ത്ഥിച്ചപ്പോള്‍ സുല്‍ത്വാന്‍ നിരപരാധിയാണെന്ന് ഖാളിക്ക് ബോധ്യമായി. എങ്കിലും തനിക്കെതിരെ കേസ് ഫയല്‍ചെയ്ത കച്ചവടക്കാരന് വലിയ ഒരു സമ്പത്ത് നല്‍കിയ ശേഷമാണ് അദ്ദേഹത്തെ സുല്‍ത്വാന്‍ പറഞ്ഞയച്ചത്.

ഹജ്ജിന് പോവുന്ന ആളുകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഫാത്വിമികള്‍ വാങ്ങിയിരുന്ന പിരിവടക്കം പലവിധ ടാക്‌സുകളും അദ്ദേഹം നിര്‍ത്തലാക്കുകയും ജനപക്ഷമാക്കുകയും ചെയ്തു. സ്വന്തം പ്രജകളോട് മാത്രമല്ല, ശത്രുക്കളോട് പോലും മനുഷ്യത്വ പരമായി വര്‍ത്തിക്കാന്‍ കഴിഞ്ഞ അതുല്യനായിരുന്നു അദ്ദേഹം. ഖുദ്‌സ് വിട്ട് അന്‍ത്വാകിയയിലേക്ക് അഭയം തേടിപ്പോയ കൃസ്ത്യാനികളെ അവിടുത്തെ ക്രൈസ്തവ ഭരണാധികാരി സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തിരിച്ച് വന്ന അവരെ സ്‌നേഹോഷ്മളമായി സ്വീകരിച്ച കഥ അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അത്ഭുതത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.  

എതിരാളിയായ റിച്ചാര്‍ഡ് രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിന് മഞ്ഞുവെള്ളവും പഴങ്ങളും അയ്യൂബി അയച്ചു കൊടുത്തത് അദ്ദേഹത്തിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ്.

കുരിശ്പടയാളികള്‍ ഖുദ്‌സ് കീഴടക്കിയ സമയം നിരവധി മുസ്‌ലിംകളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക്‌ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി ഖുദ്‌സ് തിരിച്ചു പിടിച്ച നേരം അതിനൊന്നും പകരം ചോദിക്കാതെ മാന്യതുയുടെ ഭാഷയില്‍ മാത്രമേ അവരോട് വര്‍ത്തിച്ചുള്ളൂ. തന്റെ കൊച്ചുമകനെ ആരോ പിടിച്ചുകൊണ്ടു പോയതില്‍ ഞാന്‍ അതീവ ദു:ഖിതയാണെന്ന് വന്ന് പറഞ്ഞ കൃസ്ത്യന്‍ വൃദ്ധക്ക് മുന്നില്‍ കണ്ണുകള്‍ നിറഞ്ഞ സുല്‍ത്വാന്‍ ഉടനെ സൈനിക ബാസാറിലേക്ക് ആളെ അയച്ചു. അധികം താമസിയാതെ കുട്ടിയെ തിരികെ എത്തിച്ചുകൊടുത്ത സംഭവം അനിശേധ്യമാണ്.

ഹിജ്‌റ 589ല്‍ സ്വഫര്‍ 27ന് ബുധനാഴ്ച സുബ്ഹി നിസ്‌കാരത്തിന് ശേഷം അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ക്രൈസ്തവ പടയാളികള്‍ക്ക് ശേഷം ഇന്ന് ജൂതരുടെ കയ്യില്‍ കിടക്കുന്ന  ഖുദ്‌സ് മോചിതമാവാന്‍ ലോകം വീണ്ടും ഒരു അയ്യൂബിയെ കാത്തിരിക്കുകയാണ്.

ഔറംഗസീബ് ആലംഗീര്‍(ക്രി: 1657-1707)

നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച പ്രധാന രാജവംശമാണ് മുഗള്‍ രാജവംശം. ബാബര്‍ മുതല്‍ ബഹദൂര്‍ശാ സഫര്‍ വരെയുള്ള മുഗള്‍ ചക്രവര്‍ത്തികളില്‍ നിരവധി മേഖലയില്‍ അതുല്യസേവനങ്ങള്‍ സമര്‍പ്പിച്ച ഭരണ കര്‍ത്താക്കളെ നമുക്ക് കാണാം. അവരില്‍ അരനൂറ്റാണ്ടുകാലം ഭരണം നടത്തിയവരാണ് ഔറംഗസീബ് ആലംഗീര്‍. 

ചക്രവര്‍ത്തി ഷാജഹാനുശേഷം പുത്രന്‍ ഔറംഗസീബ് മുഹ്‌യിദ്ദീന്‍ആലംഗീര്‍ എന്ന പേരില്‍ അധികാരത്തിലേറി. മുഗള്‍ ഭരണകാലത്ത് പുരോഗതിയുടെ ഉത്തുംഗത പ്രാപിച്ച കാലമായിരുന്നു ഔറംഗസീബിന്റെ കാലം. അനിധരസാധാരണ ധൈര്യവും ബുദ്ധികൂര്‍മ്മതയും സല്‍സ്വഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഇരുപതാം വയസ്സില്‍ തന്നെ പിതാവ് ഏല്‍പിച്ചിരുന്ന സുപ്രധാന രാജ്യകാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

ക്രി: 1657ല്‍ നാല്‍പതാം വയസ്സിലാണദ്ദേഹം അധികാരത്തിലേറിയത്. 1707 വരെ അമ്പത് കൊല്ലക്കാലം ആ ഭരണം നീണ്ടു നിന്നു. സ്വഭാവമഹിമ, സ്‌നേഹം, വിശ്വസ്തത, നീതിനിഷ്ഠ, പ്രജാസ്‌നേഹം എന്നിവയിലെല്ലാം അദ്യുതീയനായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് മുമ്പൊരിക്കലുമില്ലാത്ത വിധം മുഗള്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തി വിസ്തൃതമായത്.

ചക്രവര്‍ത്തിയുടെ മകനായിരുന്നുെവങ്കിലും മുസ്‌ലിം വ്യക്തിത്വം സംരക്ഷിക്കുതില്‍ സൂക്ഷ്മത പാലിച്ച അദ്ദേഹം ഇബാദതുകളില്‍ കൃത്യതയുള്ളവരായിരുന്നു. നിസ്‌കാരത്തില്‍ അദ്ദേഹം പാലിച്ച കണിഷതയ്ക് വ്യക്തമായ ദര്‍ശനമാണ് ബല്‍ഖില്‍ നടന്ന സംഭവം. ഉസ്ബക്കുകളുമായി യുദ്ധം ചെയ്യാന്‍ ഷാജഹാന്‍ ഔറംഗസീബിനെ ബല്‍ഖിലേക്ക് അയച്ചു. ഘോരമായി യുദ്ധം നടക്കുന്ന നട്ടുച്ച നേരത്ത് നിസ്‌കാരനേരമായപ്പോള്‍ നിസ്‌കരിക്കാന്‍ ഒരുങ്ങി. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഇന്നേരം നിസ്‌കരിക്കുന്നത് കൂടുതല്‍ അപകടം വരുത്തി

വെക്കുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞുവെങ്കിലും കുതിരപ്പുറത്ത് നിന്നിറങ്ങിയ അദ്ദേഹം ജമാഅത്തായി തന്നെ നിസ്‌കരിച്ചു. ഔറംഗസീബിന്റെ ഈ ധൈര്യവും വിശ്വാസ ദൃഢതയും കണ്ട ഉസ്ബക് ഭരണാധികാരി അബ്ദുല്‍അസീസ്ഖാന്‍ യുദ്ധം നിറുത്താന്‍ തീരുമാനിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഇങ്ങനെയുള്ള ആളുകളുമായി യുദ്ധം ചെയ്യുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ദൈവത്തെ പേടിക്കുന്നവര്‍ മറ്റാരെയും പേടിക്കുകയില്ല''

സര്‍ക്കാറിന്റെ സമ്പത്ത് ജനങ്ങളുടെ സമ്പത്തായത് കൊണ്ട് വൈയക്തികാവശ്യങ്ങള്‍ക്ക് തീരെ അവ ഉപയോഗിച്ചില്ല. നികുതിയായി പിരിഞ്ഞുകിട്ടുന്ന പണം ജനങ്ങള്‍ക്ക് വേണ്ടി മാത്രം വിനിയോഗിച്ചു. യമനുനയുടെ മറുകരയില്‍ താജ്മഹലിനെപ്പോലെ മറ്റൊരു ശവകുടീരം നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്ന ഷാജഹാന്‍ ആ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരു ശവകുടീരങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി നടക്കുമ്പോഴാണ് ഷാജഹാന്‍ മരിക്കുന്നത്.  രാജാവായ ഉടനെ ജനോപകാരപ്രദമല്ലാത്ത ഈ പദ്ധതിയുടെ പണി നിര്‍ത്തിവെക്കാന്‍ ഔറംഗസീബ് ഓര്‍ഡറിറക്കുകയും, പാലത്തിന്റെ പാര്‍ശ്വങ്ങളില്‍ പതിച്ചിരുന്ന വെള്ളി ഇളക്കിയെടുത്ത് നാണയങ്ങള്‍ അടിക്കുവാനും ആ സംഖ്യകളുപയോഗിച്ച് റോഡുകളും പാലങ്ങളും നിര്‍മ്മിക്കുവാനും ഉത്തരവ് നല്‍കുകയും ചെയ്തു. 

രാജാകുടുംബങ്ങള്‍ നിയമങ്ങള്‍ക്ക് അധീതരായിരിക്കുമെന്ന രാജവാഴ്ചയുടെ അനീതിയെ ഔറംഗസീബ് കര്‍ശനമായി നിര്‍ത്തലാക്കി. എല്ലാവരും നിയമത്തിന് വിധേയരാണെന്ന സാര്‍വ്വത്രിക നീതിയിലൂടെ അദ്ദേഹം ഭരണം പരിഷ്‌കരിച്ചു. അതോടൊപ്പം ജനങ്ങളെ ദുര്‍നടപ്പുകളില്‍ നിന്ന് തടയുവാന്‍ 'ഇഹ്തിസാബ്' സംവിധാനം മുഗള്‍ ചക്രവര്‍ത്തിമാരില്‍ ആദ്യം നടപ്പില്‍ വരുത്തിയത് ഔറംഗസീബാണ്. മദ്യപാനം, ചൂതാട്ടം, തുടങ്ങിയ സാമൂഹിക തിന്‍മകളെ ഈ കോടതി മുഖാന്തിരം തടയാന്‍ സാധിച്ചു. ഭാവി പ്രവചനക്കാരും ഈ കോടതിയുടെ നിയമങ്ങള്‍ക്ക് വിധേയരായി.

നിയമത്തിന്റെ അടിസ്ഥാനം ശരീഅത്തായിരുന്നതിനാല്‍ അവ ക്രോഢീകരിക്കേണ്ട അത്യാവശ്യഘട്ടത്തില്‍ അമ്പതംഗ പണ്ഡിത സമിതിയെ ഉത്തരവാദിത്വം ഏല്‍പിച്ചു അവര്‍ ക്രോഢീകരിച്ച ശരീഅത്ത് സംഹിത പിന്നീട് ഫതാവേ ആലംഗീര്‍ എന്ന പേരില്‍ വിശ്രുതമായി. ഇന്നും ഇന്ത്യന്‍ കോടതിയില്‍ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ആഢംബരജീവിതം വെറുത്തിരുന്ന അദ്ദേഹം കൊട്ടാരവാസികള്‍ക്ക് വര്‍ണാഭവും രത്‌നഖചിതവുമായ വസ്ത്രങ്ങള്‍ നിര്‍ത്തലാക്കി. ഖുര്‍ആന്‍ കൈപ്പടയില്‍ എഴുതിയും, തൊപ്പിതുന്നിയും ജീവിത വരുമാനം കണ്ടെത്തിയ ഭരണാധികാരി കൂടിയാണദ്ദേഹം. 

വസ്ത്രത്തിലെന്ന പോലെ ഭക്ഷണത്തിലും മിതത്വമായിരുന്നു പാലിചച്ചത്. ഒരു ചരിത്രകാരന്റെ ഭാഷയില്‍ ഔറംഗസീബിനെ നമുക്കിങ്ങനെ വായിക്കാം; ''ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളില്‍ അലാവുദ്ദീന്‍ ഖില്‍ജി, ഫിറോസ്ഷാ, ഷേര്‍ഷാ, തുടങ്ങി ധാരാളം ജനക്ഷേമാ ഭരണം നടത്തിയവരുണ്ട്. എന്നാല്‍ താന്‍ ജനങ്ങള്‍ക്ക് ഭാരമാവരുതെന്ന് കരുതി കഷ്ണം വെച്ച വസ്ത്രങ്ങള്‍ ധരിക്കുകയും ജനങ്ങള്‍ രണ്ട് നേരം വയറ് നിറക്കട്ടെ എന്നാഗ്രഹിച്ച് ഉണക്കറൊട്ടികള്‍ കഴിച്ച് ജീവിക്കുകുയം ചെയ്ത ഭരണാധികാരി ഔറംഗസീബ് മാത്രമാണ്''.

മുഗള്‍ ഭരണാധികാരികളില്‍ ഏറ്റവും വലിയ വിദ്യാസമ്പന്നനായിരുന്ന ഔറംഗസീബ് രാജ്യത്തെ പണ്ഡിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ശിപ്പ് നല്‍കി ജ്ഞാനമേഖലയില്‍ സര്‍വ്വ പിന്തുണയും നല്‍കി. ഖുര്‍ആന്‍ ഹാഫിളായിരുന്ന അദ്ദേഹം, തഫ്‌സീറിലും, ഫിഖ്ഹിലും, ഹദീസിലും അഗാധജ്ഞാനിയായിരുന്നു. അറബി, പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷാ പരിജ്ഞാനിയായ അദ്ദേഹത്തിന്റെ ഹോബി തസ്വവ്വുഫിലെ ആധികാരിക കൃതി ഇഹ്‌യാഉലൂമിദ്ദീനിന്റെ പാരായാണമായിരുന്നു. 

ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്ന അദ്ദേഹം ഭരണകാര്യങ്ങള്‍ക്കും ഇബാദത്തിനുമാണ് സമയത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത്. മുഴു സമയം വുളൂവിലായിക്കഴിയാന്‍ ശ്രദ്ധിക്കുമായിരുന്നു ഔറംഗസീബ്. മുഹമ്മദ് എന്ന നാമം ശുദ്ധിയോടെ മാത്രമേ അദ്ദേഹം മൊഴിഞ്ഞിരുന്നുള്ളൂ. മുഹമ്മദ് എന്ന നാമമുള്ള ഒരു വേലക്കാരനെ എപ്പോഴും പേര് വിളിച്ച് കാര്യങ്ങളുന്നയിക്കാറുണ്ടായിരുന്ന ഔറംഗസീബ്, ഒരു നേരം ഗുലാം എന്ന് വിളിക്കുകയുണ്ടായി. ഇതില്‍ പ്രയാസം തോന്നിയ വേലക്കാരന്‍ അതിനുള്ള കാര്യമന്വേഷിച്ചു. മുഹമ്മദ് എന്ന നാമം ശുദ്ധിയുള്ളപ്പോഴേ ഞാന്‍ വിളിക്കുകയുള്ളൂ. അശുദ്ധിവേളയില്‍ ആ പേര് വിളിക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോള്‍ അംഗശുദ്ധി വരുത്താന്‍ വെള്ളം കൊണ്ട് വരാനാണ് നിന്നെ വിളിച്ചത്. അത് കൊണ്ടാണ് ഗുലാം എന്ന് വിളിച്ചതെന്ന് പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കുകയുണ്ടായി.

ഡക്കാനിലെ അഹ്മദ് നഗറില്‍വെച്ചാണ് ഔറംഗസീബ് അന്ത്യം വരിച്ചത്. തൊപ്പി തുന്നി വിറ്റുകിട്ടിയ നാലരയുറുപ്പിക തന്റെ കൈയിലുണ്ടെന്നും എന്നെ കഫന്‍ചെയ്യാനുള്ള വസ്ത്രങ്ങള്‍ അത് കൊണ്ട് വാങ്ങണമെന്നും, ഖുര്‍ആന്‍ പകര്‍ത്തിയെഴുതിക്കിട്ടിയ 800ഉറുപ്പിക സാധുക്കള്‍ക്ക് വിതരണം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വസിയ്യത്ത്. ഔറംഗാബാദിലെ ഖല്‍ദാബാദിലാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.

ശഹീദെ മില്ലത്ത് ടിപ്പുസുല്‍ത്വാന്‍(ക്രി: 1750 1799)

ഇന്ത്യന്‍ ഭരണകര്‍ത്താക്കളില്‍ പ്രജാക്ഷേമ തത്പരനും, മനുഷ്യസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ചവനും, ഇന്ത്യയുടേയും ഇന്ത്യക്കാരുടേയും ശത്രുക്കളെ തുരത്തിയോടിക്കാന്‍ സര്‍വ്വാത്മനാ അധ്വാനിക്കുകയും ചെയ്ത് വിശ്വത്തോളം അറിയപ്പെട്ട ഭരണാധികാരിയാണ് ടിപ്പുസുല്‍ത്വാന്‍. ഇന്ത്യന്‍ ഭരണാധികാരികളില്‍ ഏറെ ചരിത്രം എഴുതപ്പെട്ടത് ടിപ്പുവിനെ സംബന്ധിച്ചാണെങ്കിലും എഴുതപ്പെട്ടതില്‍ മഹാഭൂരിഭാഗവും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം വികൃതമാക്കുന്നതും ചരിത്രത്തെ പരസ്യമായി ഭത്സിക്കുന്നവയുമാണ്. ഭരിക്കുന്ന നാടിനോടും, ഭരണീയരോടും നീതിപുലര്‍ത്തി, നാടിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച് പോര്‍ക്കളത്തില്‍ മൃത്യുവരിച്ച ആ ധീരാത്മാവിനെ മോശമായി ചിത്രീകരിക്കേണ്ടത് തങ്ങളുടെ നിലില്‍പിന്ന് അത്യാവശ്യമെന്ന് കണ്ട ബ്രിട്ടീഷുകാരുടെ കെട്ടുകഥകളെ നമ്മിലെ ചിലരും ഏറ്റു പിടിച്ചതാണ് ഇത്രമാത്രം ടിപ്പു തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമായത്.

1750 നവംബര്‍ 20 വെള്ളിയാഴ്ച ദേവനഹള്ളിയില്‍ വെച്ചാണ് ടിപ്പുസുല്‍ത്വാന്‍ ജനിക്കുന്നത്. ഷഹബാസ് ബീഗത്തിന് പുറമെ അവരുടെത്തന്നെ നിര്‍ദേശപ്രകാരം ഹൈദരലിഖാന്‍ വിവാഹം ചെയ്ത ഫഖ്‌റുന്നീസാബീഗമാണ് ടിപ്പുവിന്റെ മാതാവ്. മതഭക്തയായിരുന്ന അവര്‍ക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി സന്താനങ്ങളുണ്ടായില്ല. സ്വൂഫിയായിരുന്ന ടിപ്പുമസ്താന്‍ വലിയ്യിന്റെ മഖ്ബറയില്‍ ചെന്ന് ഹൈദരലിയും ഫഖ്‌റുന്നീസാബീഗവും പ്രത്യേക പ്രാര്‍ത്ഥന നടത്തിയതിന്റെ ഫലമായാണ് അവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. മസ്ത് കലന്തര്‍ എന്നും സച്ചല്‍ ഫഖീര്‍ എന്നും വിളിക്കപ്പെടുന്ന ടിപ്പുമസ്താനില്‍ നിന്ന് നിരവധി അമാനുഷിക കാര്യങ്ങള്‍  പ്രകടമായിരുന്നു. ഫഖ്‌റുന്നീസാ ബീഗം മഖ്ബറയിലെ നിത്യസന്ദര്‍ശകരില്‍ ഒരാളായിരുന്നു. അങ്ങിനെ തങ്ങള്‍ക്കുണ്ടായ ആദ്യ ആണ്‍തരിക്ക് ടിപ്പുമസ്താന്റെ ഓര്‍മ്മക്ക് ടിപ്പുസുല്‍ത്വാന്‍ എന്നവര്‍ പേര് വിളിച്ചു. 

1701ല്‍ ജനിച്ച ഹൈദരലി പിതാവ് ഫത്ഹ്മുഹമ്മദിന്റെ മരണശേഷം മാതാവിന്റെയും സഹോദരനായ സഹ്ബാഷ്ഖാന്റെയും കൂടെ മൈസൂരിലെത്തി ഒരു സൈനികന്റെ കീഴുദ്യേഗസ്ഥനായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പിതാവിന്റെ ജോലി സഹ്ബാഷ്‌ന് ലഭിച്ചപ്പോള്‍ ജ്യേഷ്ഠന്റെ സഹായി മാത്രമായിരുന്നു ഹൈദരലി. 1749ല്‍ മൈസൂര്‍മന്ത്രി നഞ്ചരാജിന്റെ നേതൃത്വത്തില്‍ ദേവനഹള്ളി കീഴടക്കിയപ്പോള്‍ ഹൈദരലി പ്രകടിപ്പിച്ച യുദ്ധസാമര്‍ത്ഥ്യം 'ഖാന്‍'പട്ടം ലഭിക്കാനും 50കുതിരകളും 200കാലാളുമുള്ള സൈനികനേതാവായി മാറാനും അവസരമൊരുക്കി. ടിപ്പുവിന്റെ ജന്‍മം ഹൈദരലിഖാന്റെ ജീവിതത്തില്‍ വലിയ വഴിത്തിരവായി. അതിന് ശേഷം അദ്ദേഹത്തിന് ഉയര്‍ച്ചകള്‍ മാത്രമായിരുന്നു. അല്‍പ കാലങ്ങള്‍ക്കുള്ളില്‍ 3000കാലാള്‍പ്പടയുടേയും 500കുതിരപ്പടയുടേയും നേതാവായി. പിന്നീട് ഫൗജ്ദാറായി ഉയര്‍ത്തപ്പെട്ടു. ശേഷം മൈസൂരിന്റെ സിംഹാസനത്തിലെ രാജാവായി മാറി. എല്ലാം ടിപ്പുവിന്റെ ജനനത്തിന് ശേഷമായിരുന്നു. 

അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട പുത്രനെന്ന നിലയിലാണ് ടിപ്പുവിനെ മാതാപിതാക്കള്‍ വളര്‍ത്തിയത്. ടിപ്പുമസ്താന്റെ മഖ്ബറയില്‍ വെച്ച് അവര്‍ ചെയ്ത ഒരു നേര്‍ച്ചയുടെ ഭാഗമായിരുന്നു അത്. ആ നിലയില്‍ വളരേണ്ട കുഞ്ഞിന് ആവശ്യമായ ഭക്ത്യാന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആവതും അവര്‍ ശ്രമിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് ഫഖ്‌റുന്നീസ ഇടക്കിടെ ടിപ്പുമസ്താനെ സന്ദര്‍ശിച്ചതും മുലകൊടുക്കുമ്പോള്‍ വൃത്തിപാലിച്ചതും ടിപ്പുവിന്റെ ഭാവിജീവിതത്തെ ഗുണകരമായി സ്വാധീനിച്ചത് സ്വാഭാവികം. ചെറുപ്പത്തിലെ ശീലിപ്പിച്ച ലജ്ജ, മരിക്കുവോളം ടിപ്പുവിന്റെ ശീലമായി നിലകൊണ്ടു. 

പഠനം ആരംഭിക്കേണ്ട സമയത്ത് മൗലവി ഉബൈദുല്ലയുടേയും പണ്ഢിറ്റ് ഗോവര്‍ദ്ധന്‍ സ്വാമികളുടേയും ശിക്ഷണവും മാതാപിതാക്കള്‍ ഉറപ്പുവരുത്തി. ഈ രണ്ടു ഗുരുനാഥര്‍ക്കുമാണ് ടിപ്പുവിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിലുള്ള മുഴുവന്‍ ക്രെഡിറ്റും. നീതിബോധം, നിഷ്പക്ഷവീക്ഷണം, ഏകശക്തിയിലുള്ള വിശ്വാസം,സത്യത്തോടും നന്‍മയോടുള്ള ഉല്‍ക്കടമായ അഭിവാഞ്ഛ, കര്‍മോത്സുകത, സര്‍വ്വോപരി സ്വന്തം തത്വങ്ങളോടും ദേശീയ അന്തസ്സിനോടും സ്വജീവനടക്കം സര്‍വ്വം ബലികഴിക്കാനുള്ള സന്നദ്ധത തുടങ്ങി സര്‍വ്വ ഗുണങ്ങളും അവര്‍ ടിപ്പുവില്‍ വളര്‍ത്തിയെടുത്തു.

അഞ്ചാം വയസ്സ് മുതല്‍ പന്ത്രണ്ടാം വയസ്സ് വരെയാണ് ഈ രണ്ട് ഗുരുനാഥരും ടിപ്പുവിനെ സംസ്‌കരിച്ചത്. അപ്പോഴേക്ക് ഹൈദരലിഖാന്റെ രണ്ടാമത്തെ പുത്രന്‍ അബ്ദുല്‍കരീം രോഗബാധിതനായി മരണപ്പെട്ടു. രാജാവാക്കാന്‍ താന്‍ കൊതിച്ച മകന്റെ മരണം ഹൈദരലിയെ ഒരു കടുത്ത തീരുമാനത്തിലെത്താന്‍ നിര്‍ബന്ധിച്ചു. സ്വൂഫിയായി ജീവിക്കാന്‍ വിടണമെന്ന് കരുതിയ ടിപ്പുവിനെ അദ്ദേഹം തന്റെ പിന്‍ഗാമിയാക്കാന്‍ തന്നെ തീരുമാനിച്ചു. ഉബൈദുല്ലാ സാഹിബിനോടും ഗോവര്‍ദ്ധന്‍ സ്വാമികളോടും അവരുടെ സേവനത്തിന് നന്ദി പറഞ്ഞ് വലിയ പാരിതോഷികങ്ങള്‍ നല്‍കി യാത്രയാക്കി. ശേഷം കായികാഭ്യാസങ്ങള്‍ പഠിപ്പിച്ചിരുന്ന ഗാസിഖാന്‍ മാത്രമാണ് ടിപ്പുവിന്റെ ഗുരുനാഥനായി അവശേഷിച്ചത്. 

പതിനഞ്ച് വയസ്സായപ്പോഴേക്ക് ടിപ്പു ഖുര്‍ആനും പുരാണങ്ങളും നിരവധി ഭാഷകളും തത്വശാസ്ത്രങ്ങളും പഠിച്ച വലിയ പണ്ഡിതനായിമാറിയിരുന്നു. അദ്ദേഹത്തിന്റെ കൊട്ടാര ലൈബ്രറിയില്‍ അപൂര്‍വ്വങ്ങളായ 2000ത്തിലധികം ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നും സമയം കണ്ടെത്തി പാരായണം നടത്തുകയും ചെയ്തിരുന്നുവെന്നും ചരിത്രത്തില്‍ കാണാം. എങ്കിലും നിര്‍ബന്ധ ജീവിത സാഹചര്യമാണ് ടിപ്പുവിനെ സൈനികനും രാജാവുമെല്ലാം ആക്കിയത്.

സൈനികനായും സൈനിക നേതാവായും ശേഷം രാജാവായും സമൂഹത്തിനിടയില്‍ ജീവിച്ച ടിപ്പു വ്യക്തിജീവിതത്തിലെ വിശുദ്ധി സൂക്ഷിക്കുന്നതിലും സ്രഷ്ടാവിനോടുള്ള കടപ്പാടുകള്‍ നിര്‍വ്വഹിക്കുന്നതിലും സമൂഹത്തോടുള്ള പ്രതിബദ്ധത കാക്കുന്നതിലും ഏവര്‍ക്കും മാതൃകയായി. പ്രഭാതത്തില്‍ അഞ്ച് മണിക്ക് മുമ്പ് എണീറ്റ് രാത്രി പന്ത്രണ്ട് മണിവരെ കൃത്യമായ സമയക്രമത്തില്‍ ഒരു മനുഷ്യരൂപത്തിലുള്ള ഘടികാരം പോലെ വര്‍ത്തിച്ചുവെന്ന് അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും ടിപ്പുവിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

ടിപ്പു വലിയ സദാചാര നിഷ്ഠനും വാദിയും പ്രചകള്‍ക്കിടയില്‍ അത് നടപ്പിലാക്കാന്‍ ശ്രദ്ധിച്ചവരുമായിരുന്നു. അതിസുന്ദരിമാരുണ്ടായിരുന്ന നിരവധി കൊട്ടാരങ്ങള്‍ കീഴടക്കിയപ്പോള്‍ പോലും അദ്ദേഹത്തിന് ഭ്രംഷം സംഭവിച്ചിട്ടില്ല. 'കുതിരയെപ്പോലെ ആരോഗ്യമുള്ള ആ യുവാവിന് 49ാമത്തെ വയസ്സില്‍ മരിക്കുന്നത് വരെ ലൈംഗികമായ ഒരപഭ്രംശവും ഒരു സാമാന്യ ആസക്തി പോലും സംഭവിച്ചതായി ദൂഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഭൂതക്കണ്ണാടിയുമായി ഉഴറി നടന്നിരുന്നവര്‍ പോലും പറയുന്നില്ല' എന്ന പി.കെ ബാലകൃഷ്ണന്റെ വരികള്‍ ഈ സത്യത്തിന് തെളിവായി ധാരാളം മതി. കുളിക്കുമ്പോള്‍ പോലും ശരീരഭാഗങ്ങള്‍ അറ്റത്തോടറ്റം മറച്ച് മാത്രമേ അദ്ദേഹം കുളിച്ചിരുന്നുള്ളൂ. ലിംഗഭേദമന്വേ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ടിപ്പു വെറുക്കുകയും ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

കൂര്‍ഗിലെ നാടുവാഴിയോടുള്ള യുദ്ധത്തിന് പോയപ്പോള്‍ ആദ്യമായി യുദ്ധം കാണാന്‍ പതിനഞ്ചാം വയസ്സില്‍ പിതാവ് ടിപ്പുവിനെ കൊണ്ട് പോയി. യുദ്ധത്തിന് വന്ന നാടുവാഴി തന്റെ കുടുംബത്തെ വനാന്തരത്തില്‍ ഒരു താവളത്തില്‍ സുരക്ഷിതരാക്കിയിരുന്നു. ഇതറിഞ്ഞ ടിപ്പു അവര്‍ക്ക് കാവല്‍ നിന്നു. യുദ്ധം വിജയിച്ച ഹൈദരലിയുടെ സൈന്യാധിപന്‍ ഈ താവളത്തില്‍ വന്ന് നാടുവാഴിയുടെ മകളെ കടന്നു പിടിക്കാന്‍ മൂന്ന് തവണ ശ്രമിച്ചപ്പോള്‍ ടിപ്പുഅദ്ദേഹത്തെ തടഞ്ഞു. വീണ്ടും അനാശ്യാസത്തിന് മുതിര്‍ന്ന സൈനിക നേതാവിനെ  വെടിവെച്ചു കൊല്ലേണ്ടി വന്നു. സ്വന്തം പിതാവിന് കീഴിലെ സൈനിക നേതാവില്‍ നിന്ന് പോലും അനാശ്യാസം കണ്ടപ്പോള്‍ സഹിക്കാന്‍ കഴിയാതെ ആ പതിനഞ്ച്കാരന്‍ അദ്ദേഹത്തെ വധിച്ചുകളഞ്ഞത് ചെറുപ്പത്തിലെ കിട്ടിയ ആത്മായ വളര്‍ച്ചയാണ് ദ്യോതിപ്പിക്കുന്നത്.

സര്‍വ്വസീമകളും ലംഘിച്ചു നടന്നിരുന്ന ലൈംഗികത, മദ്യപാനം, നഗ്‌നതാ പ്രദര്‍ശനം എല്ലാം അദ്ദേഹം നിരോധിച്ചു. ഇതോടൊപ്പം ഒരു സ്ത്രീയെ പത്ത് പേര്‍ ചേര്‍ന്ന് സംസര്‍ഗ്ഗം ചെയ്യുന്ന രീതിയെ ഇനി മുതല്‍ തുടരാന്‍ അനുവദിക്കുകയില്ലെന്ന് മലബാറില്‍ അദ്ദേഹം ഇറക്കിയ ഒരു വിളംബരത്തില്‍ കാണാം(ടിപ്പുസുല്‍ത്വാന്‍; പി.കെ ബാലകൃഷ്ണന്‍-ഡി.സി.ബി പേജ് 180). തന്റെ രാജ്യാതിര്‍ത്തിയില്‍ ഒരു തരത്തിലും മദ്യമുണ്ടാക്കുവാനും വില്‍ക്കാനും പാടില്ലെന്ന് നിയമം നടപ്പിലാക്കിയ രാജാവാണ് ടിപ്പുസുല്‍ത്വാന്‍.

ജീവിതമേഖലയിലെല്ലാം ലാളിത്യമായിരുന്നു ടിപ്പു സ്വീകരിച്ചത്. വേഷവിധാനത്തിലെ പ്രൗഢി ഇഷ്ടപ്പെടാത്ത അദ്ദേഹം വര്‍ണ്ണപ്പകിട്ടില്ലാത്ത ശുഭ്രവസ്ത്രമാണ് ധരിച്ചത്. തലപ്പാവിലെ ചില രത്‌നങ്ങള്‍ വെക്കാറുണ്ടായിരുന്ന ടിപ്പു ശരീരം കൊണ്ട് ജോലിചെയ്യാന്‍ പ്രയാസമാകുന്ന അന്ന് കൊട്ടാരങ്ങളില്‍ സാര്‍വ്വത്രികമായ പല വേഷങ്ങളും തിരസ്‌കരിച്ചു. ഭക്ഷണത്തിലും വലിയ ആര്‍ഭാടം കാണിച്ചില്ല. കൊട്ടാരതോഴിമാരോടൊത്തുള്ള സഹവാസമോ ആനന്ദമോ ടിപ്പുവിന്റെ ജീവിതത്തില്‍ കാണാന്‍ സാധിക്കില്ല. 

കോഴിക്കോട് ജീവിച്ചിരുന്ന സയ്യിദ് ശൈഖ് ജിഫ്രി(റ)യുമായി അടുത്ത ബന്ധം സൂക്ഷിച്ച് ജീവിച്ച ടിപ്പു ഇടക്കിടെ മലബാറില്‍ വരുമ്പോള്‍ കോഴിക്കോട് വന്ന് മഹാനവര്‍കളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജിഫ്രി(റ)യുടെ കീഴില്‍ ആധ്യാത്മിക പാഠം നുകരുന്ന പ്രിയപ്പെട്ട മുരീദായിരുന്നു ടിപ്പു. തന്റെ വീട്ടില്‍ ദിക്‌റിനോ മറ്റോ ഒരുമിച്ചു കൂടുന്ന ആളുകള്‍ക്ക് ഭക്ഷണം  വെച്ച് വിളമ്പാറുണ്ടായിരുന്ന ജിഫ്രി(റ) ഒരു ദിവസം പാകം ചെയ്ത് വെച്ച ഭക്ഷണത്തിലേക്ക് അല്‍പം കൂടി അരി ഇട്ട് സുല്‍ത്വാനും സൈന്യവും വരുന്നുണ്ട്, പാത്രം നിങ്ങള്‍ കൊട്ടരുത് എന്ന് നിര്‍ദേശിച്ചു. അല്‍പം ആളുകള്‍ക്ക് മാത്രം കഴിക്കാവുന്ന ആ ഭക്ഷണത്തില്‍ നിന്ന് അന്നേ ദിവസം ടിപ്പുവും സംഘവും മറ്റുള്ളവരും വേണ്ടുവോളം ഭക്ഷണം കഴിച്ചു. സയ്യിദ് ജിഫ്രി ടിപ്പുവിനോട് കുളം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ടിപ്പുസുല്‍ത്വാന്‍ ശൈഖ് ജിഫ്രി(റ)ക്ക് ആദരപൂര്‍വ്വം നല്‍കിയ സ്ഥലത്താണ് ഇന്ന് മാനാഞ്ചിറകുളം നിലനില്‍ക്കുന്നത്. അന്ന് കോഴിക്കാട് ഭാഗത്തെ ഭരണാധികാരിയായ മാനവര്‍മ്മയോടാണ് ടിപ്പു എത്രയും പെട്ടന്ന് അതിന്റെ പണി തീര്‍ത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത്. വലിയ ജലക്ഷാമം നേരിട്ടപ്പോഴും മാനാഞ്ചിറക്കുളം വറ്റാതിരിക്കുന്നത് ഇവരുടെ മഹത്വമാണ്.

നാല്‍പത്തിഒമ്പത് വര്‍ഷം ജീവിച്ച ടിപ്പുവിന് പതിന ഞ്ച് വയസ്സിന് ശേഷം യുദ്ധമോ സംഘര്‍ഷങ്ങളോ ഇല്ലാത്ത ദിനങ്ങളുണ്ടായിട്ടില്ല. എന്നിട്ടും സ്രഷ്ടാവിനോടുള്ള വഴിപ്പാടുകളില്‍ യാതൊരു കുറവും വരുത്തിയില്ല. ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ വിജയം നിസ്‌കാരം കൃത്യമായി ജമാഅത്തായി നിസ്‌കരിക്കുന്നതിലൂടെ സാധ്യമാവുന്നതാണ്. ശ്രീരംഘപ്പട്ടണത്ത് താന്‍ നിര്‍മ്മിച്ച മസ്ജിദുല്‍ഫത്ഹിന്റെ ഉത്ഘാടനത്തിന് സാക്ഷിയാവാന്‍ പണ്ഡിതരേയും പൗരപ്രമാണിമാരേയും മറ്റും ടിപ്പു ക്ഷണിച്ചു. ഉത്ഘാടകനാരായിരിക്കുമെന്ന കാര്യം ആരെയും അറിയിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചുകൂടിയപ്പോള്‍ ടിപ്പു അവരോട് ചോദിച്ചു; ജീവിതത്തില്‍ ഒരു നിസ്‌കാരവും ഖളാഅ് ആവാതെ എല്ലാം ജമാഅത്തായി നിസ്‌കരിച്ചിട്ടുണ്ടെന്ന് ഉറപ്പുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വന്ന് ഈ പള്ളിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കണം. ഇത് കേട്ട സദസ്യരില്‍ ഒരാളും മുന്നോട്ട് വന്നില്ല. അവസനാം ടിപ്പു പറഞ്ഞു. എന്നാല്‍ എന്റെ ജീവിതത്തില്‍ ഇത് വരെ ഒരു നിസ്‌കാരവും എനിക്ക് ജമാഅത്ത് നഷ്ടപ്പെടുകയോ ഖളാഅ് ആവുകയോ ചെയ്തിട്ടില്ല. അദ്ദേഹം തന്നെയാണ് ആ പള്ളി ഉത്ഘാടനവും ചെയ്തത്. 

ജന്‍മം കൊണ്ട് തന്നെ അത്ഭുതം സൃഷ്ടിച്ച ടിപ്പു സുല്‍ത്വാന്‍ മൈസൂര്‍രാജാവായിരുന്ന പിതാവ് ഹൈദരലി ഖാന്റെ വസ്വിയ്യത് പ്രകാരം ബ്രിട്ടീഷുകാരോടും അവര്‍ക്ക് വിടുവേല ചെയ്ത നാടുവാഴികളോടും രാജാക്കന്‍മാരോടും നിരന്തരം പോരടിച്ച് സ്വതന്ത്ര്യ ഇന്ത്യക്ക് വേണ്ടി സര്‍വ്വസ്വം സമര്‍പ്പിച്ച ധീര ദേശാഭിമാനിയാണ്. ഇന്ത്യയില്‍ ഏറ്റവും വലിയ വികസനങ്ങള്‍ കൊണ്ട് വന്ന് ഭരണാധികാരി കൂടിയാണ് അദ്ദേഹം. കേരളത്തില്‍ പോലും ഇന്ന് നിലനില്‍ക്കുന്ന പ്രധാന ഹൈവേകളെല്ലാം നിര്‍മ്മിച്ചത് ടിപ്പുവാണെന്നാണ് ചരിത്ര യാഥാര്‍ത്ഥ്യം. കര്‍ഷകമേഖലയിലും മറ്റും കാതലായ പരിഷ്‌കരണങ്ങളും പ്രോത്സാഹനങ്ങളും നടപ്പിലാക്കിയത് ടിപ്പുവാണ്.

1750 ല്‍ ജനിച്ച് 1799ല്‍ മാതൃ രാജ്യത്തിന് വേണ്ടി ധീരനായി രക്തസാക്ഷ്യം വരിക്കുമ്പോള്‍ 49 വയസ്സ് മാത്രമേ ടിപ്പുവിനുള്ളൂ. സ്വൂഫിയും ആദര്‍ശധീരനും ധീരദേശാഭിമാനിയുമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചപ്പോഴാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആശ്വാസസത്തിന്റെ നെടുവീര്‍പ്പിട്ടത്. ഭരണം നടത്തിയപ്പോള്‍ രാജകൊട്ടാരത്തിലിരുന്ന് സുഖജീവിതം നയിക്കാതെ രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികര്‍ക്ക് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കുകയും, ഭരണീയരുടെ ജാതിയും മതവും നോക്കാതെ സര്‍വ്വരുടേയും ക്ഷേമായ്ശ്വര്യങ്ങള്‍ക്ക് വേണ്ടി അക്ഷീണം യത്‌നിക്കുകയും രാജ്യപുരോഗതിക്ക് വേണ്ടി ഭരണം കാഴ്ച വെക്കുകയും ചെയ്ത ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ശത്രുക്കള്‍. 

സമാപ്തം.

ഭരണസാരഥ്യം വഹിക്കുന്നതോടൊപ്പം വ്യക്തിവിശുദ്ധി കാത്ത് സൂക്ഷിച്ച്, സ്വൂഫികളായി ജീവിച്ച പ്രധാനികളായ അഞ്ച് നാമങ്ങളെയാണ് ഈ ലേഖനത്തില്‍ ചുരുക്കി വിവരിച്ചത്. ചരിത്രാവലോകനത്തില്‍ ഇനിയും ഈ ഗണത്തിലേക്ക് ചേര്‍ത്തുവെക്കാവുന്നവരെ കണ്ടെത്തിയെന്ന് വന്നേക്കാം. എന്നാലും ഭരണാധികാരത്തിലേറിയവരില്‍ ശ്രദ്ധേയരായ അഞ്ച് വ്യക്തികളെയാണ് ഹ്രസ്വമായി ഈ ലേഖനത്തില്‍ നാം പരാമര്‍ശിച്ചത്. അവരുടെ തന്നെ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് കടന്നുപോവുക പോലും ചെയ്യാതെ തസ്വവ്വുഫ് തലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കൂടുതല്‍ ശ്രദ്ധിച്ചത്. ഇനിയും അനാവരണം ചെയ്യപ്പെടാതെ, നാമൊക്കെ പഠിക്കേണ്ട, ഉള്‍ക്കൊള്ളേണ്ട നിരവധി ഭാഗങ്ങള്‍ ഇവരുടെ ജീവിതത്തില്‍ തന്നെയുണ്ട്. കൂടുതല്‍ പഠിക്കാനും പകര്‍ത്താനും നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍



അവലംബങ്ങള്‍

1- അല്‍ബിദായതുവന്നിഹായ, ഇബ്‌നുകസീര്‍(റ)

2- സ്വലാഹുദ്ദീനുല്‍അയ്യൂബി ബത്വലുഹിത്വീന്‍ വമുഹര്‍രിറുല്‍ ഖുദ്‌സ്- ഡോ. അബ്ദുല്ലാഹ് നാസ്വിഹ് ഉല്‍വാന്‍

3-സ്വലാഹുദ്ദീനില്‍അയ്യൂബി ഖാഹിറുല്‍ഉദ്‌വാനിസ്വലീബി-ഡോ. റജബ് മുഹമ്മദ് അല്‍ബയ്യൂമി

4-അല്‍ഖാഇദുല്‍മുജാഹിദ് നൂറുദ്ദീന്‍ മഹ്മൂദ് സങ്കി-ഡോ. അലിമുഹമ്മദ് സ്വല്ലാബി

5-സ്വലാഹുദ്ദീന്‍ അയ്യൂബി- സിദ്ദീഖ് നദ്‌വി ചേരൂര്‍

6-ഇസ്‌ലാമിക വിജ്ഞാന കോശം. ഐ.പി.എച്ച്

7-ടിപ്പുസുല്‍ത്വാന്‍- പി.കെ ബാലകൃഷ്ണന്‍

8-ടിപ്പുവിന്റെ കരവാള്‍- ഗിദ്വാനി

9- ഇസ്‌ലാമിക ചരിത്ര സംഗ്രഹം- സര്‍വ്വത് സൗലത്-


Post a Comment

Previous Post Next Post