ഒരുദിനം ഖാളീശുറൈഹ്(റ)നെ ഇമാം ശഅബി(റ)യെ കണ്ടുമുട്ടിയപ്പോള്‍ വീട്ടുവിശേഷങ്ങള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'അല്‍ഹംദുലില്ലാഹ്... വലിയ സന്തോഷമാണ്. ഇരുപത് വര്‍ഷമായി എന്റെ സഹധര്‍മിണിയില്‍ നിന്ന് വെറുപ്പുളവാക്കുന്ന ഒരു കാര്യവും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല'. അത്ഭുതം തോന്നിയ ശഅബി(റ) ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചു. അന്നേരം അദ്ദേഹം അവരുടെ ദാമ്പത്യജീവിതത്തിലെ പ്രഥമ രാത്രിയിലുണ്ടായ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. വിവാഹദിനം ഞാനെന്റെ പ്രിയപ്പെട്ടവള്‍ അതീവ സുന്ദരിയായി നില്‍ക്കുന്നത് കണ്ട് അല്ലാഹുവിന് ശുക്‌റ് ചെയ്ത് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കാനൊരുങ്ങി. വുളൂഅ് ചെയ്ത് നിസ്‌കാരം പൂര്‍ത്തിയാക്കി സലാം വീട്ടിയപ്പോള്‍ എന്റെ പ്രിയപ്പെട്ടവളും ഞാന്‍ നിര്‍വ്വഹിച്ചത് പോലെ രണ്ട് റക്അത്ത് നിസ്‌കരിക്കുന്നത് കണ്ടു. ആളുകളെല്ലാം ഒഴിഞ്ഞപ്പോള്‍ അവളെ ചേര്‍ത്തുപിടിക്കാന്‍ എന്റെ കൈകള്‍ അവള്‍ക്ക് നേരെ ഞാന്‍ നീട്ടി. അല്‍പ്പം കാത്തിരിക്കൂ എന്നര്‍ത്ഥത്തില്‍ അവളാംഗ്യം കാണിച്ചു. ശേഷം ബിസ്മിയും ഹംദും സ്വലാത്തുമെല്ലാം ചൊല്ലി അവളെന്നോട് പറഞ്ഞു: 'ഞാനൊരു അപരിചിത സ്ത്രീയാണ്. നിങ്ങളുടെ സ്വഭാവവും ഇഷ്ടാനിഷ്ടങ്ങളുമെനിക്കറിയില്ല. അത് കൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങള്‍ പറഞ്ഞുതന്നാല്‍ അത് നിര്‍വ്വഹിക്കുവാനും, അനിഷ്ടങ്ങള്‍ സൂചിപ്പിച്ചാല്‍ അവ ചെയ്യാതിരിക്കാനും ഞാന്‍ ശ്രദ്ധിക്കാം. ഞാനെല്ലാത്ത സ്ത്രീകളെ നിങ്ങള്‍ക്കും, നിങ്ങളെല്ലാത്ത മറ്റൊരുത്തനെ എനിക്കും ജീവിത പങ്കാളിയാക്കാമായിരുന്നുവെങ്കിലും അല്ലാഹുവിന്റെ വിധിയാണല്ലോ നടക്കുക. അത് കൊണ്ട് എന്നെ ഉടമപ്പെടുത്തിയ താങ്കള്‍ സ്രഷ്ടാവിന്റെ കല്‍പ്പനപ്രകാരം പ്രവര്‍ത്തിക്കുക; നീതിപൂര്‍വ്വം സഹവസിപ്പിക്കുക അല്ലെങ്കില്‍ നന്നായി പിരിച്ചയക്കുക. ഇത്രയും പറഞ്ഞ് അവള്‍ സംസാരം ഉപസംഹരിച്ചു. ഇത്രയുമായപ്പോള്‍ ഞാനും ചില കാര്യങ്ങള്‍ പറയേണ്ടി വന്നു. ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി ഞാന്‍ പറഞ്ഞു: 'നീ പറഞ്ഞത് പ്രകാരം നീ നിലനില്‍ക്കുമെങ്കില്‍ നിന്റെ സൗഭാഗ്യമാണത്'. ശേഷം ഞാനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുത്തു. അങ്ങിനെ ഇരുപത് വര്‍ഷം ഞങ്ങളൊന്നിച്ച് താമസിച്ചു. ഒരു തവണ മാത്രമാണ് ചെറിയൊരു പ്രശ്‌നമുണ്ടായത്. അതില്‍ പോലും വീഴ്ച എന്റെ ഭാഗത്തായിരുന്നു എന്ന് ഖാളീ ശുറൈഹ്(റ) പറഞ്ഞു.
അല്ലാഹുവിന്റെ ആറ് ദൃഷ്ടാന്തങ്ങള്‍ ഒരുമിച്ചു പറയുന്ന സൂറതുര്‍റൂമില്‍ രണ്ടാമതായി പറഞ്ഞ ദൃഷ്ടാന്തമാണ് ദാമ്പത്യജീവിതം. 'ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ'(സൂറതുര്‍റൂം 21). നാം നമ്മുടെ പ്രിയതമനോടൊത്ത് സന്തോഷത്തോടെ കഴിയുന്ന കാലമത്രയും ദുനിയാവിലെ സ്വര്‍ഗമാണ് നമ്മുടെ വീട്. ഇരു കുടുംബങ്ങളില്‍ രണ്ട് മാതാക്കളുടെ ഗര്‍ഭങ്ങളില്‍ നിന്ന് ജനിച്ച് വളര്‍ന്ന് അല്ലാഹുവിന്റെ കരാര്‍ പ്രകാരം നികാഹിലൂടെ ദാമ്പത്യം ആരംഭിച്ച നമ്മള്‍ പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്, കൊണ്ടും കൊടുത്തും ജീവിക്കുമ്പോഴാണ് വീടുകള്‍ സ്വര്‍ഗമാകുന്നത്. ഇരുവരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണ് ഈ സന്തോഷജീവിതത്തിന്റെ ഏറ്റവും വലിയ കെമിസ്ട്രി.
സത്യവിശ്വാസിയുടെ ഭൗതിക വിജയങ്ങളെണ്ണിയപ്പോള്‍ അതിലൊന്ന് സച്ചരിതയായ ഇണയെയാണല്ലോ മുത്ത്‌നബി(സ്വ) എടുത്തു പറഞ്ഞത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ നമുക്ക് ശ്രമിക്കാവുന്നതാണല്ലോ. മുപ്പത് വര്‍ഷം എന്റെ കൂടെ ജീവിച്ച ഉമ്മുസ്വാലിഹുമായി(അബാസ ബിന്‍തുല്‍ഫള്ല്‍) ഒരു വാക്കില്‍ പോലും പിണങ്ങേണ്ടി വന്നിട്ടില്ല എന്ന് അഹ്മദ്ബ്‌നുഹമ്പല്‍(റ) പറഞ്ഞിട്ടുണ്ട്. നമ്മുടേയും മക്കളുടേയും ജീവിത സൗഖ്യങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവര്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കുവാനും, സന്തോഷമുണ്ടാകുമ്പോള്‍ അവരുടെ കൂടെ സന്തോഷിക്കുവാനും, വിഷമങ്ങളുണ്ടാകുമ്പോള്‍ സാന്ത്വനിപ്പിക്കുവാനും നമ്മളാണ് ആദ്യമെത്തേണ്ടത്. തിരുനബി(സ്വ) ഹിറാ ഗുഹയില്‍ നിന്ന് പേടിച്ച് പനിപിടിച്ച് കയറിവന്നപ്പോള്‍ മുത്തുനബി(സ്വ)യുടെ ഒരുപാട് നന്‍മകള്‍ എടുത്ത് പറഞ്ഞ് സമാശ്വാസം പകര്‍ന്ന ഖദീജബീബി(റ) നമുക്കിതില്‍ നല്ല മാതൃകയാണ്. ഇതെല്ലാമാണ് ഖദീജ(റ)യുടെ വിയോഗാനന്തരവും തിരുനബി(സ്വ) അവരുടെ അപദാനങ്ങള്‍ പറയുകയും പ്രത്യേകം അനുസ്മരിക്കുകയും അവരുടെ കൂട്ടുകാരികള്‍ക്ക് മാംസം വിതരണം ചെയ്യുകയും ചെയ്തിരുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് കയറിവരുമ്പോള്‍ വാതില്‍ തുറന്ന് പുഞ്ചിരിച്ച് കുടിക്കാനുള്ള വെള്ളവും കരുതി സ്വീകരിച്ച് വിശേഷങ്ങള്‍ ചോദിക്കുന്നത് അവര്‍ക്കെത്ര വലിയ ആശ്വാസം പകരും?!.ജോലിയുടെ ഭാഗമായോ മറ്റു ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടോ ടെന്‍ഷനുണ്ടാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സമാശ്വാസ വാക്കുകള്‍ കൊണ്ട് കൂടെ നില്‍ക്കുന്നതും അവര്‍ക്ക് നമ്മോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. കുത്തുവാക്കുകള്‍ക്ക് പകരം സ്‌നേഹവാക്കുകള്‍ പറയാന്‍ നാം ശ്രദ്ധിക്കണം.
രണ്ട് വ്യക്തികളായത് കൊണ്ട് തന്നെ അസ്വാരസ്യങ്ങളും അസന്തുഷ്ടിയും സൗന്ദര്യപ്പിണക്കവും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ അതൊരിക്കലും വലിയ പിണക്കത്തിനോ വിവാഹമോചനത്തിനോ വഴിവെക്കരുത്. എന്ത് പിണക്കമുണ്ടായാലും മനസ്സിലൊരിക്കലും വെറുപ്പുണ്ടാകാതെ, പ്രതികാരം ചെയ്യണമെന്ന് ദുര്‍മോഹമുദിക്കാതെ അല്‍പനേരത്തിനുള്ളില്‍ തന്നെ അത് ഇണക്കമായി മാറുന്ന രസതന്ത്രം നാം സ്വയത്തമാക്കണം. വിട്ടുവീഴ്ചയും നീക്കുപോക്കും മാപ്പ് നല്‍കലുമെല്ലാം ഏറ്റവും കൂടുതലുണ്ടാകേണ്ടത് ദമ്പതികള്‍ക്കിടയിലാണല്ലോ. തിരുനബി(സ്വ) ഒരിക്കല്‍ ആഇശ(റ)യോട് പറഞ്ഞു; നിങ്ങള്‍ക്കെന്നോടുള്ള ഇഷ്ടവും അനിഷ്ടവും കൃത്യമായി ബോധ്യപ്പെടാറുണ്ട്. അതെങ്ങനെയാണ് നബിയേ? നബി(സ്വ) പറഞ്ഞു: നിങ്ങള്‍ക്കിഷ്ടമുള്ള സന്ദര്‍ഭങ്ങളില്‍ മുഹമ്മദ്‌നബിയുടെ രക്ഷിതാവ് തന്നെയാണ് സത്യം എന്ന് പറയും. അനിഷ്ടമുണ്ടാകുമ്പോള്‍ ഇബ്‌റാഹീം നബിയുടെ രക്ഷിതാവ് തന്നെയാണ് സത്യം എന്നുമാണ് പ്രയോഗിക്കാറുള്ളത്. ശരിയാണ് നബിയേ. എങ്കിലും ആ സന്ദര്‍ഭങ്ങളില്‍ അങ്ങയുടെ പേര് മാത്രമേ ഞാന്‍ ഉപേക്ഷിക്കുന്നുള്ളൂ.. അങ്ങയേ ഞാനൊരിക്കലും മനസ്സ്‌കൊണ്ട് ഉപേക്ഷിക്കുന്നില്ല. ഈ സ്വഭാവമാണ് നമുക്കുമുണ്ടാകേണ്ടത്. സ്വഫ്‌വാനുബ്‌നുമുഅത്ത്വല്‍(റ)മായി ബന്ധപ്പെട്ട ആഇശബീബിക്കെതിരെ കപടവിശ്വാസികള്‍ ദുശ്പ്രചരണം നടത്തിയപ്പോള്‍ തിരുനബി(സ്വ)അലി(റ)യേയും, ഉസാമ(റ)യേയും വിളിച്ച് ആഇശ(റ)യെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും 'എന്റെ ആഇശയില്‍ നിന്ന് നന്‍മയല്ലാതെ ഞാന്‍ അറിഞ്ഞിട്ടില്ല' എന്ന് പറയുകയുമുണ്ടായി.
വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോഴാണ് നമ്മില്‍ സ്വാഭാവികമായും ദൂഷ്യപെരുമാറ്റങ്ങളുണ്ടാവാറ്. എന്നാല്‍ ആ ഘട്ടങ്ങളില്‍ പോലും നമ്മുടെ പ്രിയപ്പെട്ടവരോടുള്ള പെരുമാറ്റം ഏറെ ഹൃദ്യമാകുവാനും അവരെ സങ്കടപ്പെടുത്താതിരിക്കാനും നാം ശ്രദ്ധിക്കണം. അബൂത്വല്‍ഹ(റ)യുടെ ഒരു മകന്‍ മരണപ്പെട്ട ദിനം അദ്ദേഹം വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രിയപ്പെട്ടവള്‍ ഉമ്മുസുലൈം(റ) ആ ദുഖ വാര്‍ത്ത അന്നേരം അറിയിക്കുന്നതിന് പകരം അവരെ ഹൃദ്യമായി സ്വീകരിച്ച് നല്ല ഭക്ഷണം നല്‍കി ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് തന്ത്രപരമായി അവരുടെ പുത്രന്റെ വിയോഗ വാര്‍ത്ത അവരെ അറിയിക്കുകയും ചെയ്തു. കോപിഷ്ടനായ അബൂത്വല്‍ഹ(റ) ഇക്കാര്യം തിരുനബി(സ്വ)യോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ബറകതിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയുണ്ടായി.
മുപ്പത്തിമൂന്ന് വര്‍ഷം സുന്നത്ത് നോമ്പനുഷ്ടിക്കുകയും, ആറായിരത്തിലധികം ഖത്മുകള്‍ ഓതിത്തീര്‍ക്കുകയും ചെയ്ത നഫീസതുല്‍മിസ്‌രിയ്യ(റ) യുടെ വിയോഗാനന്തരം അവരുടെ ഭര്‍ത്താവ് പറഞ്ഞതിപ്രകാരമാണ് 'ഭര്‍ത്താവിനെ നഫീസയോളം കെയര്‍ ചെയ്ത മറ്റൊരു പെണ്ണിനേയും ലോകത്ത് കാണാന്‍ സാധിക്കില്ല'. അല്ലാഹുവിന് നിരന്തരമായി ഇബാദത് ചെയ്ത് കഴിയുമ്പോഴും തന്റെ പ്രിയപ്പെട്ടവനെ പരിപാലിക്കുന്നതിലും, ശ്രദ്ധിക്കുന്നതിലും അവര്‍ ജീവിതത്തില്‍ വിജയിച്ചു എന്നാണല്ലോ സൂചിപ്പിക്കുന്നത്. ഭര്‍ത്താവ് ഇഷ്ടപ്പെട്ടവളായി മരണം വരിക്കുന്ന സ്ത്രീക്ക് സ്വര്‍ഗം ലഭിക്കുമെന്ന തിരുനബി(സ്വ)യുടെ വചനം നമുക്ക് വലിയ പ്രതീക്ഷ നല്‍കട്ടെ...
Post a Comment