ലോകത്ത് നിരവധിയാളുകള്‍ക്ക് പുത്രജന്‍മ സൗഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും വലിയ സൗഭാഗ്യവാനാണ് മുഹമ്മദ് നബി(സ്വ)യുടെ പിതാവ് അബ്ദുല്ലാഹ്(റ). ലോകം സൃഷ്ടിക്കാന്‍ കാരണക്കാരനും അല്ലാഹുവിന്റെ സ്‌നേഹഭാജനവും ലോകരുടെ കണ്ണിലുണ്ണിയുമായ മുത്ത് നബി(സ്വ)യുടെ പിതാവാകാന്‍ ലോകരില്‍ നിന്ന് അബ്ദുല്ലാഹ്(റ)വിനെ അല്ലാഹു തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വിളിച്ചറിയിക്കുന്നു. ആദം(അ)മുതല്‍ എന്റെ മാതാപിതാക്കള്‍ വരെയുള്ള പരമ്പരയിലെ ഒരാളും അവിഹിത ബന്ധത്തിലേര്‍പ്പെട്ടിട്ടില്ല. അത് കൊണ്ട് ലോകരില്‍ എന്നേക്കാള്‍ അത്യുത്തമ വ്യക്തി മറ്റാരുമില്ലെന്ന നബിവചനവും ഈ മഹത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നു(ദലാഇലുന്നുബുവ്വ- ബൈഹഖി).
മക്കയിലെ പൗരപ്രമുഖനും കുലീനനുമായിരുന്ന അബ്ദുല്‍മുത്വലിബിന്റെ പതിനാറുമക്കളില്‍ സുമുഖനും സുശീലനും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു അബ്ദുല്ലാഹ്. അബൂഖുസം, അബൂമുഹമ്മദ്, അബൂ അഹ്മദ് തുടങ്ങിയ സ്ഥാനപ്പേരുകളിലറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് അദ്ദബീഹ് (അറുക്കപ്പെട്ടവന്‍) എന്ന ഓമനപ്പേരുമുണ്ടായിരുന്നു.
അദ്ദബീഹ് എന്ന ഓമനപ്പേര് വിളിക്കപ്പെട്ടതിന് ഹേതുകമായ പശ്ചാതല സംഭവം ഒന്നു തന്നെയെങ്കിലും പല വിധേന അത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ജുര്‍ഹും ഗോത്രക്കാരുടെ കാലം മുതല്‍ അപ്രത്യക്ഷമായി കിടന്നിരുന്ന സംസം ഉറവ വീണ്ടും കുഴിച്ചെടുക്കാന്‍ അബ്ദുല്‍മുത്വലിബിന് സ്വപ്നദര്‍ശനമുണ്ടായപ്പോള്‍ ആ ഉദ്യമത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഹാരിസ് എന്ന പുത്രന്‍ മാത്രമാണുണ്ടായിരുന്നത്. തദവസരത്തില്‍ അബ്ദുല്‍മുത്വലിബ് ഇങ്ങനെ ശപഥം ചെയ്യുകയുണ്ടായി. 'എനിക്ക് പത്ത് പുത്രന്‍മാരുണ്ടാകുകയും അവര്‍ തന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ പ്രാപ്തരാവുകയും ചെയ്താല്‍ അവരില്‍ ഒരാളെ കഅ്ബയുടെ ചാരത്ത് വെച്ച് ഞാന്‍ അറുക്കും'. മക്കളില്ലാത്തതിന്റെ പേരില്‍ അദിയ്യുബ്‌നു നൗഫല്‍ അബ്ദുല്‍മുത്വലിബിനെ പരിഹസിച്ചപ്പോഴാണ് ഇങ്ങനെയൊരു സത്യം ചെയ്തതെന്ന് ഇബ്‌നുസഅ്ദും ബലാദരിയും ഉദ്ധരിക്കുന്നു(സുബുലുല്‍ ഹുദാ വര്‍റശാദ്. വാള്യം 1, അബ്‌വാബുന്നസബ്- അദ്ധ്യായം 4)
സംസം കുഴിച്ച് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സത്യം പൂര്‍ത്തിയാക്കാനുള്ള വിവരം അബ്ദുല്‍മുത്വലിബ് മക്കളുമായി പങ്ക് വെച്ചപ്പോള്‍ അവരതിന് വഴിപ്പെടുകയും കഅ്ബാലയത്തിനകത്തുണ്ടായിരുന്നു ഹുബുല്‍ ബിംബത്തിനരികില്‍ നിന്ന് നറുക്കെടുക്കുകയും പുത്രന്‍ അബ്ദുല്ലാക്ക് നറുക്ക് വീഴുകയും ചെയ്തു. പുത്രനെ അറുക്കാന്‍ തുനിഞ്ഞ അബ്ദുല്‍മുത്വലിബിനോട് മക്കയിലെ പ്രമാണിമാര്‍ 'താങ്കള്‍ പുത്രബലിയില്‍ നിന്ന് പിന്‍മാറണമെന്നും ഇല്ലെങ്കില്‍ പിന്നീടിത് ആചാരമായി മാറുമെന്നും ഹിജാസിലെ ജോത്സ്യയോട് ചെന്ന് പരിഹാരം തേടണം' എന്നും പറയുകയുണ്ടായി. തദടിസ്ഥാനത്തില്‍ അബ്ദുല്ലാക്ക് പകരം നൂറ് ഒട്ടകങ്ങളെ ബലി നല്‍കി തന്റെ നേര്‍ച്ച അദ്ദേഹം വീട്ടുകയുണ്ടായി. 'ഇബ്‌നുദ്ദബീഹൈനി'(അറുക്കപ്പെട്ട രണ്ടുപേരുടെ പുത്രന്‍) എന്ന് നബി(സ്വ) വിളിക്കപ്പെടുന്നത് ഇസ്മാഈല്‍ നബിയുടെ പരമ്പരയില്‍ അബ്ദുല്ലായുടെ പുത്രനായി ജനിച്ചത് കൊണ്ടാണ്.
നിരവധി ഭാര്യമാരുണ്ടായിരുന്ന അബ്ദുല്‍മുത്വലിബിന് ഫാത്വിമ ബിന്‍തു അംറിബ്‌നിആഇദിലാണ് അബ്ദുല്ലാഹ്(റ) ജനിക്കുന്നത്. അബൂത്വാലിബ്, സുബൈര്‍ തുടങ്ങിയ പുത്രന്‍മാരും സ്വഫിയ്യ അല്ലാത്ത മറ്റു പുത്രിമാരും(ഉമ്മുഹകീമിനില്‍ ബൈളാഅ്, ആതിക, ഉമൈമ, അര്‍വാ, ബര്‍റ)ഇവരിലുണ്ടായ മറ്റു മക്കളാണ്.
ഉന്നത തറവാട്ടുകാരനും ബനൂസഹ്‌റ ഗോത്രത്തലവനുമായിരുന്ന വഹബിന്റെ പുത്രിയും, ഖുറൈശികളിലെ അത്യുന്നതയും മഹിളാരത്‌നവുമായിരുന്ന ആമിന(റ)യെയാണ് അബ്ദുല്‍മുത്വലിബ് പുത്രന്‍ അബ്ദുല്ലാ(റ)ന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. ഇബ്‌നുഅബ്ബാസ്(റ) അബ്ദുല്‍മുത്വലിബില്‍ നിന്നുദ്ധരിക്കുന്നു: ''ശൈത്യകാലത്തെ കച്ചവടയാത്രയില്‍ യമനിലെത്തിയ ഞാന്‍ അവിടുത്തെ ഒരു ജൂത പുരോഹിതനെ സമീപിച്ചു. വേദഗ്രന്ഥങ്ങളറിയുന്ന അദ്ദേഹം എന്നോട് ഏത് ഗോത്രക്കാരനാണെന്ന് ചോദിച്ചു. ഖുറൈശിയാണെന്ന് പറഞ്ഞപ്പോള്‍ ഏത് ഉപഗോത്രക്കാരനാണെന്നന്വേഷിച്ചു. ബനൂഹാശിമിയാണെന്ന് പറഞ്ഞപ്പോള്‍ താങ്കളുടെ ശരീരഭാഗങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കുമോ എന്ന് ചോദിച്ചു. ഗുഹ്യഭാഗങ്ങളെല്ലാത്ത സ്ഥാനങ്ങള്‍ പരിശോധിക്കാമെന്ന് ഞാന്‍ സമ്മതിച്ചു. എന്റെ മൂക്കിന്റെ രണ്ട് ഓട്ടകളും പരിശോധിച്ച് താങ്കളുടെ ഒരു കയ്യില്‍ അധികാരവും മറ്റൊന്നില്‍ പ്രവാചകത്വവും ഉണ്ടെന്ന് പറഞ്ഞു. ബനൂസഹ്‌റയിലാണ് ഞങ്ങളത് ദര്‍ശിക്കുന്നത്. അത് എങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം എനിക്ക് ഭാര്യയുണ്ടോ എന്ന് ചോദിച്ചു. ഇപ്പോള്‍ നിലവിലില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് ചെന്നാല്‍ അവരില്‍ നിന്ന് (ബനൂ സഹ്‌റയില്‍ നിന്ന് )വിവാഹം കഴിക്കണമെന്ന് എന്നോട് നിര്‍ദേശിച്ചു''. മക്കയില്‍ തിരിച്ചെത്തിയ അബ്ദുല്‍മുത്വലിബ് അബ്ദുമനാഫിന്റെ പുത്രന്‍ വഹബിന്റെ പുത്രി ഹാലയെയും പുത്രന്‍ അബ്ദുല്ലാഹ് വഹബിന്റെ മകള്‍ ആമിനയെയും വിവാഹം കഴിച്ചു. അബ്ദുല്‍മുത്വലിബിന് ആ ബന്ധത്തിലാണ് ഹംസ(റ)വും സ്വഫിയ്യയും ജനിച്ചത്. അബ്ദുല്ലാഹ്(റ)വിന് ആമിന(റ)യില്‍ മുഹമ്മദ് നബി(സ്വ)യും ജനിക്കുകയുണ്ടായി(അല്‍ഖസ്വാഇസ്വുല്‍ കുബ്‌റാ 1/69). അബ്ദുല്ലയില്‍ ജനിച്ച പുത്രന്‍ പിന്നീട് വിശ്വ പ്രവാചകനായി മാറിയപ്പോള്‍ ഖുറൈശികളിങ്ങനെ പറഞ്ഞു: ''പിതാവായ അബ്ദുല്‍മുത്വലിബിനേക്കാള്‍ പുത്രന്‍ അബ്ദുല്ല മഹാഭാഗ്യം നേടിയിരിക്കുന്നു''..
നബി(സ്വ)ജനിക്കുന്നതിന് മുമ്പ് തന്നെ മുത്തൊളിയുടെ അംശങ്ങള്‍ അബ്ദുല്ലാഹ്(റ)വിലും ആമിന ബീബിയിലും ചിലര്‍ ദര്‍ശിച്ചതും അക്കാര്യം അവര്‍ പ്രകടമാക്കിപ്പറഞ്ഞതും ഗ്രന്ഥങ്ങളില്‍ കാണാം. അബ്ദുല്ലാഹ്(റ)വും ആമിന ബീബിയും തമ്മിലുള്ള വിവാഹത്തിന് അബ്ദുല്‍മുത്വലിബ് തന്നെയാണ് നേതൃത്വം നല്‍കിയത്. വിവാഹം കഴിക്കാന്‍ അബ്ദുല്‍ മുത്വലിബ് പുത്രനെ കൊണ്ടുപോകുന്ന വഴിയില്‍ അബ്ദുല്ലായുടെ മുഖത്ത് പ്രത്യേക പ്രകാശം കണ്ട ഖസ്അമിയ്യ ഗോത്രക്കാരി ഫാത്വിമ ബിന്‍തു മുര്‍റ ഇങ്ങനെ ചോദിച്ചു. 'താങ്കള്‍ ഞാനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ താങ്കള്‍ക്ക് 100 ഒട്ടകം നല്‍കാമെന്ന് പറഞ്ഞു'. മാന്യനും ചാരിത്യം സൂക്ഷിക്കുന്നവനുമായ അദ്ദേഹം അതിന് വഴങ്ങിയില്ല. വറഖതുബ്‌നുനൗഫലിന്റെ സഹോദരിയാണ് ഈ ആവശ്യമുന്നയിച്ചവളെന്നും അഭിപ്രായമുണ്ട്(സുബുലുല്‍ഹുദ 1/392).
ആമിന(റ)യെ വിവാഹം കഴിച്ച അബ്ദുല്ലാഹ് മൂന്ന് ദിവസം അവരോടൊപ്പം കൂടുകയും ആമിനബീബി ഗര്‍ഭിണിയാവുകയും ചെയ്തു. കൂടുതല്‍ കാലം ആമിനബീബിയോടൊത്ത് ജീവിക്കാന്‍ ഭര്‍ത്താവ് അബ്ദുല്ലാക്ക് സാധിച്ചിട്ടില്ല. മുഹമ്മദ് നബി(സ്വ)യെ കൂടാതെ മറ്റൊരു മക്കളും ഈ ദാമ്പത്യത്തില്‍ പിറവിയെടുത്തിട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുടുംബത്തിന് ഭക്ഷണം തേടി യാത്ര ചെയ്യാന്‍ അബ്ദുല്‍മുത്വലിബ് മകനോട് ആവശ്യപ്പെടുകയും ഖുറൈശീ സംഘത്തില്‍ യാത്രെ പോയ അദ്ദേഹം മദീനയില്‍ വെച്ച് രോഗിയാവുകയും മരണപ്പെടുകയും നാബിഗതുല്‍ജഅ്ദിയുടെ വീട്ടില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. നബി(സ്വ)യുടെ ജനനത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഇരുപത്തിഅഞ്ചാം വയസ്സിലാണ് അബ്ദുല്ലാഹ് ഇഹലോകവാസം വെടിഞ്ഞതെന്നാണ് പ്രബലാഭിപ്രായം(അര്‍റഹീഖുല്‍മുഖ്തൂം- സ്വഫിയ്യുര്‍ഹ്മാന്‍ മുബ്‌റാക് പൂരി).
Good work. Allahu barakath cheyyatte ameen
ReplyDeleteبارك الله فيكم ....ماشاء الله....
ReplyDeleteMashallah
ReplyDeletePost a Comment