ഒരു പൂച്ചയുടെ ശരീരത്തില്‍ തീ ആളിപ്പടരാന്‍ സഹായിക്കുന്ന ദ്രാവകമൊഴിച്ച് അഗ്നിക്കിരയാക്കുകയും പ്രാണവേദനയില്‍ അത് ഓടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു ദയനീയ രംഗം നമുക്കോര്‍മ്മയുണ്ടല്ലോ....!!. ഈ അടുത്ത കാലത്താണ് നാമിതിന് സാക്ഷിയായത്. എന്നാല്‍ മരണാസന്നനായപ്പോള്‍ തന്റെ ഒട്ടകത്തെ വിളിച്ച് ''നാളെ നിന്റെ സ്രഷ്ടാവിന്റെ എന്റെ എതിര്‍കക്ഷിയായി നീ വരരുത്. ഭാരമുള്ള ചുമടുകള്‍ ഞാന്‍ നിന്നെ വഹിപ്പിച്ചിട്ടില്ല'' എന്ന് പറഞ്ഞ ഒരു വ്യക്തിയെ കാണാം. കാരുണ്യദൂതര്‍ തിരുനബി(സ്വ)യുടെ പാഠശാലയില്‍ നിന്ന് ജീവിതം പകര്‍ന്ന അബുദ്ദര്‍ദാഅ്(റ)വാണിത്.
തിരുനബി(സ്വ)യെ സര്‍വ്വസൃഷ്ടികള്‍ക്കും കാരുണ്യമായിട്ടാണ് നിയോഗിച്ചതെന്ന് വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്രഷ്ടാവല്ലാത്തതെല്ലാം സൃഷ്ടികളുടെ പരിധിയില്‍ വരുമെന്നാണ് ഇസ്‌ലാമിക ദര്‍ശനം. മനുഷ്യര്‍ക്കും ഭൂതവിഭാഗത്തിനും ഇവരെപ്പോലെയുള്ള ഒരു സമൂഹമെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ച ജീവജാലങ്ങള്‍ക്കും അവിടന്ന് കാരുണ്യമായിരുന്നു. ''ഭൂതലത്തിലുള്ള ഏതൊരു ജീവിയും ഇരുചിറകുകളുമായി പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങള്‍ തന്നെയാണ്''(അന്‍ആം 38). പലജീവികളോടും ആര്‍ദ്രതയോടെ പെരുമാറിയ തിരുനബി(സ്വ), കരുണയില്ലാത്തവരുടെ ക്രൂരവിനോദങ്ങള്‍ക്ക് വിധേയരായ മിണ്ടാപ്രാണികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും അത് വാങ്ങിച്ചുകൊടുക്കുകയും ചെയ്തു.
മുഹമ്മദ്‌നബി(സ്വ) വ്യത്യസ്ത ജീവികളെ വളര്‍ത്തുകയും പരിപാലിക്കുകയും ജീവിതാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് കുതിരകള്‍, മൂന്ന് കോവര്‍കഴുതകള്‍, മൂന്ന് കഴുതകള്‍, രണ്ട് ഒട്ടകങ്ങള്‍, നൂറ് ആടുകള്‍ എന്നിവയാണ് നബി(സ്വ)ക്കുണ്ടായിരുന്നത്. ഇവയില്‍ പലതും പലഘട്ടങ്ങളിലായി പലരും നല്‍കിയ സമ്മാനങ്ങളായിരുന്നു. ആടുകള്‍ നൂറിലേറെയാവാതിരിക്കാന്‍ അത്രയും കണ്ട് ആടുകളെ അറുത്ത് എണ്ണം നൂറില്‍ തന്നെ നിര്‍ത്തുമായിരുന്നു. മൃഗപരിപാലനം സുന്നത്തും ജീവിതാനുഗ്രഹങ്ങള്‍ക്ക് നിമിത്തവുമാണെന്നും സ്വജീവതത്തിലൂടെ കാണിച്ചു തരികയായിരുന്നു മുഹമ്മദ് നബി(സ്വ).
ജീവികളോടുള്ള കരുണാര്‍ദ്രമായ പെരുമാറ്റം സ്വര്‍ഗ്ഗപ്രവേശത്തിനു കാരണമാണെന്നും, അവയോട് ക്രൂരമായി വര്‍ത്തിക്കുന്നത് നരകത്തിലേക്ക് വഴിനടത്തുമെന്നും നബി(സ്വ) പഠിപ്പിച്ചു. ദാഹിച്ചുവലഞ്ഞ നായക്ക് ദാഹജലം നല്‍കിയ വ്യക്തി പാപമുക്തനായതും, പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം തേടിപ്പോവാന്‍ കെട്ടഴിക്കാതിരിക്കുകയും, അതിന് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്ത സ്ത്രീ നരകത്തിലായെന്നും തിരുനബി(സ്വ) പഠിപ്പിച്ചു. ജീവികള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കണമെന്നും, അമിതമായ ചുമട്ഭാരം അവയെക്കൊണ്ട് എടുപ്പിക്കരുതെന്നും, അറുക്കാന്‍ കൊണ്ട് പോകുമ്പോഴും അറുക്കുമ്പോഴും ജീവികളെ പ്രയാസപ്പെടുത്തരുതെന്നും പ്രത്യേകം നിര്‍ദേശിച്ചു.
ഇതിനെല്ലാം ഉപോല്‍പലകമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ പലതും നബി(സ്വ)യുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്നവയുമായിരുന്നു. അവിശ്വാസിയായ ഒരാള്‍ ഒരു മാനിനെ വേട്ടയാടിപ്പിടിച്ചു. തന്റെ കുഞ്ഞുങ്ങളെ തനിച്ചാക്കി ഭക്ഷണം തേടി വന്ന ആ ജീവി കെണിവലയില്‍ കുടുങ്ങിയപ്പോള്‍ മുലകുടിക്കാന്‍ കാത്തിരിക്കുന്ന തന്റെ മക്കളെ ഓര്‍ത്തു കരയാന്‍ തുടങ്ങി. അന്നേരം നബി(സ്വ) ആ വഴി വന്നു. ആ മാന്‍ നബി(സ്വ)യോട് സങ്കടം പറഞ്ഞു: 'നബിയേ, ഇദ്ദേഹം എന്നെ വേട്ടയാടിപ്പിടിച്ചിരിക്കുകയാണ്. മുലകുടിക്കുന്ന കുഞ്ഞുങ്ങളുണ്ടെനിക്ക്. അവരെ മുലയൂട്ടി ഇങ്ങോട്ട് തന്നെ ഞാന്‍ തിരികെ വരാം''. നബി(സ്വ) ആ വ്യക്തിയോടിക്കാര്യം പറഞ്ഞു. ഞാനതിന് ജാമ്യം നില്‍ക്കാമെന്നും പറഞ്ഞു. വിട്ടയക്കപ്പെട്ട മാന്‍ കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്ത് തിരികെ വന്ന് നബി(സ്വ)യുടെ അടുത്ത് നിന്നു. ഇത് കണ്ട ആ മനുഷ്യന്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നാണ് ചരിത്രം.
അബ്ദുല്ലാഹിബ്‌നുജഅ്ഫര്‍(റ)ഒരിക്കല്‍ നബി(സ്വ)യുടെ കൂടെ സഹയാത്രികനായി ഒരു അന്‍സ്വാരിയുടെ തോട്ടത്തിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഒരു ഒട്ടകം നബി(സ്വ)യുടെ അടുത്ത് വന്ന് കരയാന്‍ തുടങ്ങി. അതിന്റെ മുതുക് തടവി ആശ്വസിപ്പിച്ച ശേഷം അതിന്റെ ഉടമയെ അന്വേഷിച്ചു. അദ്ദേഹം വന്നപ്പോള്‍ 'അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ ജീവിയുടെ കാര്യത്തില്‍ നീ അവനെ സൂക്ഷിക്കുന്നില്ലേ..? നീ അതിനെ വേണ്ടവിധം ഭക്ഷിപ്പിക്കുന്നില്ലെന്നും അമിതച്ചുമട് വഹിപ്പിക്കുന്നുവെന്നും എന്നോട് പരാതിപ്പെട്ടിട്ടുണ്ട്'. സഹ്‌ലുബ്‌നുഹന്‍ളലിയ്യ(റ) നബി(സ്വ)യുടെ കൂടെ നടക്കുമ്പോള്‍ വിഷന്ന് വയറൊട്ടിയ ഒരു ഒട്ടകത്തെ കണ്ടു. അന്നേരം പറഞ്ഞു: ''മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. യാത്രചെയ്യുവാന്‍ അനുയോജ്യമെങ്കില്‍ യാത്ര ചെയ്യുക. ഭക്ഷ്യയോഗ്യമെങ്കില്‍ ഭക്ഷണമായും ഉപയോഗിക്കുക''.
സ്വഹാബികള്‍ ഈ സന്ദേശം ജീവിതത്തില്‍ ശ്രദ്ധയോടെ പകര്‍ത്തിയവരാണ്. അബുദ്ദര്‍ദാഅ്(റ)ന്റെ ചരിത്രം നാം നേരത്തെ സൂചിപ്പിച്ചുവല്ലോ. അദിയ്യുബ്‌നുഹാതിം(റ) ഉറുമ്പുകള്‍ക്ക് റൊട്ടി കഷ്ണിച്ചു ഇട്ടുകൊടുക്കുകയും അവ നമ്മുടെ അയല്‍വാസികളാണെന്ന് പറയുകയും ചെയ്യുമായിരുന്നു. സ്വഹാബികള്‍ മാത്രമല്ല പിന്‍ഗാമികളും ആ വഴിയേ സഞ്ചരിച്ചു. അബൂഇസ്ഹാഖിശ്ശീറാസി(റ) ചില വ്യക്തികളോടൊപ്പം ഒരു വഴിയില്‍ സഞ്ചരിക്കുമ്പോള്‍ അവര്‍ക്കരികിലൂടെ ഒരു നായ കടന്നുപോയി. അന്നേരം ചിലരതിനെ ആട്ടിയോടിച്ചു. അപ്പോള്‍ അദ്ദേഹം അവരെ വിലക്കിയിട്ടു പറഞ്ഞു:'ഈ വഴി അവര്‍ക്കും നമുക്കും തുല്യാവകാശമുള്ള സ്ഥലമാണെന്ന് നിങ്ങള്‍ക്കറിയില്ലേ....?'
ജീവികളില്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന പലതരം മൃഗങ്ങളേയും അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''കാലികളേയും അവന്‍ പടച്ചു. ചൂടേല്‍ക്കാനുള്ള കമ്പിളിയും മറ്റുപകാരങ്ങളും നിങ്ങള്‍ക്കവയില്‍ നിന്നു കിട്ടും. അവയില്‍നിന്നുതന്നെ നിങ്ങള്‍ ആഹരിക്കുന്നു. സന്ധ്യക്കും പ്രഭാതത്തിലും തെളിച്ചുകൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ക്കവയില്‍ കൗതുകം ജനിക്കുന്നുണ്ട്. സാഹസപ്പെട്ടല്ലാതെ ചെന്നത്താന്‍ കഴിയാത്ത നാടുകളിലേക്ക് നിങ്ങളുടെ ചുമടുകള്‍ വഹിക്കുന്നതവയാണ്. നിങ്ങളുടെ നാഥന്‍ ഏറെ ദയാലുവും കരുണാമയനുമത്രെ. കുതിര, കോവര്‍കഴുത, കഴുത എന്നിവയുമവന്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് വാഹനമാക്കാനും അലങ്കാരത്തിനുമായി''(അന്നഹ്‌ല് 5-8). ഈ മൃഗങ്ങളെ വാഹനമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളുടെ പുറത്തിരുന്ന് സംസാരിച്ചിരിക്കുന്ന ചിലരെ കണ്ടപ്പോള്‍ നബി(സ്വ) പറഞ്ഞു:'മൃഗങ്ങളെ സുരക്ഷിതമായി വാഹനമാക്കുകയും സുരക്ഷിതമായിത്തന്നെ വിടുകയും ചെയ്യുക. അങ്ങാടികളിലും വഴികളിലും നിങ്ങള്‍ക്ക് സംസാരിച്ചിരിക്കാനുള്ള കസേരകളാക്കി മൃഗങ്ങളെ മാറ്റരുത്. യാത്രക്കാരനേക്കാള്‍ മഹത്വമുള്ള എത്രയോ വാഹനങ്ങളുണ്ട്. ആ മൃഗങ്ങള്‍ അവനേക്കാള്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നുണ്ട്''(മുസ്‌നദ് അഹ്മദ്). മൃഗങ്ങളുടെ മുതുകുകള്‍ പീഠങ്ങളാക്കരുതെന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
പുല്ലും വെള്ളവും നിറഞ്ഞ ഭൂമികയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇടക്കിടക്ക് ആ മൃഗങ്ങള്‍ക്ക് പുല്ലുകളും മറ്റും തിന്നാനും വെള്ളം കുടിക്കാനും അവസരം നല്‍കണമെന്നും വരണ്ടുണങ്ങിയ ഭൂമിയിലൂടെയാണ് യാത്രയെങ്കില്‍ വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്തി വാഹനങ്ങള്‍ക്ക് വിശ്രമിക്കുവാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പ്രവാചകാധ്യാപനങ്ങളിലുണ്ട്.
മനുഷ്യര്‍ക്ക് മാംസാഹാരത്തിന് വേണ്ടി അനുവദിക്കപ്പെട്ട ജീവികളെ അറുത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്. എങ്കിലും കശാപ്പ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിരവധി മര്യാദകള്‍ അവിടന്ന് പഠിപ്പിച്ചുതന്നു. ശദ്ദാദ്ബ്‌നുഔസ്(റ)പറയുന്നു: ''തിരുനബി(സ്വ)യില്‍ നിന്ന് ഞാന്‍ രണ്ട് കാര്യങ്ങള്‍ പഠിച്ചു. അവിടന്ന് പറഞ്ഞു 'എല്ലാ വസ്തുക്കളോടും നന്‍മയോടെ വര്‍ത്തിക്കല്‍ അനുവാര്യമാണ്. ജീവികളെ കൊല്ലുമ്പോള്‍ നല്ലരൂപത്തില്‍ കൊല്ലുക, അറുക്കുമ്പോള്‍ നല്ലവിധത്തില്‍ ്അറുക്കുക. അറുക്കുന്നവന്‍ കത്തിമൂര്‍ച്ചകൂട്ടുകയും അറുക്കുന്ന ജീവിക്ക് ആശ്വാസം നല്‍കുകയും ചെയ്യട്ടെ''(മുസ്‌ലിം). അറുക്കുന്ന ജീവിക്ക് ആശ്വാസം പകരേണ്ടത് അറവ് സ്ഥലത്തേക്ക് നല്ലരൂപത്തില്‍ തെളിച്ച് കൊണ്ട് പോവുകയും വെള്ളം നല്‍കുകയും മൃതുവായി തള്ളിയിടുകയും മൂര്‍ച്ചയുള്ള കത്തികൊണ്ട് അറുക്കുകയും ചെയ്ത് കൊണ്ടാണ്. അറുക്കാനുള്ള ജീവിക്ക് മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടരുതെന്നും മറ്റുജീവികള്‍ കാണും വിധം അറവ് നടത്തരുതെന്നും ഹദീസുകളില്‍ കാണാം.
അറുക്കുന്ന ജീവികള്‍ക്ക് ആശ്വാസം നല്‍കണമെന്ന തിരുവചനം ഇന്ന് ആധുനികശാസ്ത്രത്തിന്റെ പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറെ ചര്‍ച്ചാവിധേയമാകേണ്ട് കല്‍പ്പനയാണ്. മൂര്‍ദ്ധാവില്‍ വെടിയുതിര്‍ത്തും മറ്റും നടക്കുന്ന ഇന്നത്തെ അറവുരീതികള്‍ ഏറെ ക്രൂരവും അതോടൊപ്പം മനുഷ്യര്‍ക്ക് കൂടുതല്‍ ഹാനികരവുമാണ്. ഇസ്‌ലാമികരീതിയിലുള്ള അറവ് ജീവികള്‍ക്ക് സ്ഖലിതസുഖം നല്‍കുന്നുണ്ടെന്നും, രക്തം വാര്‍ന്നൊഴുകുന്നത് കൊണ്ട് മാംസം വിഷലിപ്തമാവാതെ ഭക്ഷ്യയോഗ്യമായിക്കിട്ടുകയും ചെയ്യും. എന്നാല്‍ മൂര്‍ദ്ധാവില്‍ വെടിയുതിര്‍ത്തും മറ്റും സര്‍വ്വവ്യാപകമായ നിലവിലെ അറവ് രീതി ഏറെ ക്രൂരവും അപകടം നിറഞ്ഞതുമാണ്. ഇവ്വിധമുള്ള അറവില്‍ രക്തം കട്ടപിടിക്കുകയും മാംസം വിഷം നിറയുകയും മനുഷ്യന് ഹാനികരവുമാവുന്നെന്ന് ശാസ്ത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ ഹനോവര്‍ യൂണിവേഴ്‌സിറ്റിയിലെ മൃഗവകുപ്പ് വിദഗ്ധന്‍ വില്‍ഹെംഷ്യൂസ് ഈ വിഷയത്തില്‍ പ്രത്യേക പഠനം നടത്തിയ ശാസ്ത്രജ്ഞനാണ്.
മൃഗവില്‍പ്പന നടത്തുമ്പോള്‍ ചെറിയകുട്ടികളുള്ള തള്ളമൃഗത്തെ മാത്രം വില്‍പ്പന നടത്തി കുഞ്ഞിനെ തള്ളയില്‍ നിന്ന് അകറ്റരുതെന്ന് നബി(സ്വ) കല്‍പ്പിച്ചിട്ടുണ്ട്. അതുപോലെ കറവയുള്ള മൃഗത്തെ കറവ നടത്താതെ അകിടില്‍ ദിവസങ്ങളോളം പാല് കെട്ടിവെച്ച് വാങ്ങുന്നവനെ വഞ്ചിക്കുകയും മൃഗത്തെ പീഠിപ്പിക്കുകയും ചെയ്യരുതെന്നും ആജ്ഞാപിച്ചു. കുഞ്ഞുകുരുവിയെ എടുത്ത് തള്ളപ്പക്ഷിയെ വേദനിപ്പിച്ച അനുചരനോട് അതിനെ തിരികെ നല്‍കി ആ പക്ഷിയുടെ വേദനയകറ്റാന്‍ കല്‍പ്പിച്ച തിരുനബി(സ്വ)യെയും, ഉറുമ്പിന്‍കൂട്ടം അഗ്‌നിക്കിരയാക്കിയവരോട് അഗ്നിസൃഷ്ടിച്ചവന് മാത്രമേ അഗ്‌നികൊണ്ട് ശിക്ഷിക്കുവാന്‍ അവകാശമുള്ളൂ എന്ന് ബോധ്യപ്പെടുത്തിയ മുഹമ്മദ് നബി(സ്വ)യേയും ചരിത്രം പരിചയപ്പെടുത്തിയിട്ടുണ്ട്. തന്റെ കൂടെ യാത്ര ചെയ്യുന്ന ഒരു സ്‌ഹോദരി താന്‍ വാഹനമായി ഉപയോഗിക്കുന്ന ഒട്ടകത്തെ ശപിക്കുന്നത് കേട്ടപ്പോള്‍ ''അതിന്‍മേലുള്ളത് എടുത്ത് മാറ്റാനും അതിനെ ഒഴിവാക്കുവാനും ആവശ്യപ്പെട്ടു''.
ഒരു കാരണവുമില്ലാതെ ജീവികളെ കൊല്ലുന്നതും, അമ്പെയ്ത്തും വെടിവെപ്പും പഠിക്കാന്‍ ജീവവസ്തുക്കളെ നാട്ടയായി വെക്കുന്നതും കര്‍ശനമായി വിരോധിച്ചു. കന്നുകാലികളെ തമ്മില്‍തല്ലിക്കുന്നതും കോഴിപ്പോര് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും ഒരിക്കലും അരുതെന്ന് പറഞ്ഞു. ഗങ്ങളുടെ മുഖത്തും ശരീരത്തിലും തീപൊള്ളിച്ച് അടയാളം വെക്കുന്നവനെ അല്ലാഹു ശപിക്കുമെന്നാണ് പ്രവാചകാദ്ധ്യാപനം.
തിരുനബി(സ്വ) കര്‍മ്മത്തിലൂടെയും കല്‍പ്പനകളിലൂടെയും സമര്‍പ്പിച്ച ഈ തത്വങ്ങള്‍ ഇസ്‌ലാമിക ഭരണാധികാരികള്‍ പ്രായോഗിക തലത്തില്‍ വിജയകരമായി നടപ്പിലാക്കിയത് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും. ന്യായമായ ആവശ്യത്തിനല്ലാതെ കുതിരകളെ ഓടിക്കുന്നത് നിരോധിക്കുവാനും, ഭാരമേറിയതും അടിഭാഗത്ത് ഇരുമ്പ് ഘടിപ്പിച്ചതുമായ ജീനി ഉപയോഗിക്കാതിരിക്കാനും, ചമ്മട്ടികൊണ്ട് ക്രൂരമായി അടിക്കുന്നതും മുനയുള്ള കുന്തം കൊണ്ട് കുത്തുന്നതും നിരോധിച്ച് ഓര്‍ഡറിക്കാന്‍ ഉമറുബ്‌നുഅബ്ദില്‍അസീസ്(റ) ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രോഗം ബാധിച്ച ജീവികളെ ചികിത്സിക്കാനും അവശതബാധിച്ചവയെ പരിചരിക്കാനും പ്രത്യേക വഖ്ഫ് സ്വത്തുക്കള്‍ നീക്കിവെക്കപ്പെട്ടിരുന്നു. ദമസ്‌കസ്സിലെ അല്‍മറജുല്‍അഖ്‌ളര്‍ ഈ ഗണത്തില്‍ പ്രസ്താവ്യമാണ്. ദമസ്‌കസ്സിലെ വഖഫുകളില്‍ പൂച്ചകള്‍ക്ക് തിന്നാനും കളിക്കാനും താമസിക്കാനും പ്രത്യേക സ്ഥലങ്ങളുണ്ടായിരുന്നു. ഇത്തരം നൂറ് കണക്കിന് മൈതാനങ്ങളുണ്ടായിരുന്നുവെന്നതാണ് സത്യം.
ജീവികളുടെ ക്ഷേമ താത്പര്യത്തില്‍ ഇത്രത്തോളം ഉന്നതവിതാനത്തിലെത്തിയ മുസ്‌ലിം സമൂഹത്തോട് തുല്യമായ മറ്റൊരു വിഭാഗത്തെയും കാണാന്‍ കഴിയില്ല. തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് എലികള്‍ക്കെതിരെയും കോഴിക്കെതിരെയും പുഴുക്കള്‍ക്കെതിരെയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തുവെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിഷയം തോന്നുന്നുണ്ടോ?!. പുരാതന റോമിലും മറ്റും ഇങ്ങനെ നടന്നിട്ടുണ്ടെന്ന് ഡോ. മുസ്ത്വഫസ്സിബാഈ തന്റെ കൃതിയില്‍ പറയുന്നുണ്ട്.
അല്ലാഹുവിനേയും അന്ത്യദിനത്തേയും പ്രതീക്ഷിക്കുന്നവര്‍ക്ക് ദൈവദൂതന്റെ ജീവിതത്തില്‍ ഉത്തമമാതൃകയുണ്ടെന്ന ഖുര്‍ആന്‍ ഭാഷ്യം ഇവ്വിഷയത്തിലും നമുക്ക് ബോധ്യപ്പെടുകയാണ്. ആ മാതൃകാജീവിതം അനുതാവനം ചെയ്യാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.
Good
ReplyDeleteLoved
ReplyDeletePost a Comment