ആയുസ്സിലെ നിമിഷങ്ങളത്രയും ജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും ഉപയോഗപ്പെടുത്തിയ പണ്ഡിതപ്രതിഭയായിരുന്നു മര്‍ഹൂം ശൈഖുനാ മരക്കാര്‍ ഫൈസി ഉസ്താദ്. വിശ്രുത പണ്ഡിതന്റെ പുത്രനായി ജനിച്ച് പിതാവിന്റെ പാതയില്‍ തന്നെ പഠിച്ചുയരുകയും പിതാവിന്റെ പൊരുളായിമാറുകയും പാതിരാവഅളുകളിലൂടെ പൊതു സമൂഹത്തിനും, ദര്‍സ്, കോളേജ് അധ്യാപനത്തിലൂടെ പണ്ഡിതവിദ്യാര്‍ത്ഥികള്‍ക്കും ജ്ഞാനവിരുന്നൂട്ടിയ മഹാനുഭാവന്‍ സമസ്ത കേന്ദ്രമുശാവറഅംഗവും, ഫത്‌വകമ്മിറ്റിമെമ്പറുമായിരുന്നു.
1946ല്‍ നിറമരുതൂര്‍ പഞ്ചായത്തില്‍ പത്തമ്പാട് ദേശത്ത് അരങ്ങത്തില്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടേയും(നിറമരുതൂര്‍), ഉമ്മാത്തുമ്മയുടേയും ആറുമക്കളില്‍ നാല് പുത്രന്‍മാരില്‍ അവസാനമകനായി ജനിച്ചു. സ്വദേശത്തെ നുസ്‌റതുല്‍ഇസ്‌ലാം മദ്രസയിലും എല്‍.പി സ്‌കൂളിലും ചെമ്പ്ര യു.പി സ്‌കൂളിലുമായിരുന്നു പ്രാഥമിക പഠനങ്ങള്‍. മദ്രസയിലെ ഗുരുക്കളായിരുന്ന പാലംപറമ്പില്‍ മുഹമ്മദ്മുസ്‌ലിയാരും, സെയ്താലിക്കുട്ടി മുസ്‌ലിയാരും ഉപ്പ ബീരാന്‍കുട്ടിമുസ്‌ലിയാരുടെ ശിഷ്യന്‍മാരായിരുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയായപ്പോള്‍ 1961ല്‍ താനൂര്‍ വലിയകുളങ്ങരപ്പള്ളി കേന്ദ്രമാക്കി നടന്നിരുന്ന മലബാറിലെ വിശ്രുത ദര്‍സില്‍ ചേര്‍ന്നു. പിതാവ് നിറമരുതൂര്‍ ബീരാന്‍കുട്ടിമുസ്‌ലിയാര്‍ക്ക് പുറമെ, ശൈഖുനാ കെ.കെ അബൂബക്കര്‍ഹസ്രത്തും അന്ന് താനൂരിലെ മുദരിസായിരുന്നു. പള്ളിദര്‍സിലും ഇസ്‌ലാഹുല്‍ഉലൂമിലുമായി ഒമ്പത് വര്‍ഷം പഠിച്ചു. മിക്ക ഗ്രന്ഥങ്ങളും പിതാവില്‍ നിന്ന് തന്നെ പഠിച്ചെടുക്കുകയും വലിയ കിതാബുകള്‍ കെ.കെ അബൂബക്കര്‍ഹസ്രത്തില്‍ നിന്ന് ഓതുകയും ചെയ്തു.
ഉപരിപഠനത്തിനായി 1969ലാണ് ജാമിഅനൂരിയ്യയ്യിലെത്തിയത്. കണ്ണിയത്ത് അഹ്മദ്മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ അബൂബകര്‍മുസ്‌ലിയാര്‍, കോട്ടുമല അബൂബകര്‍മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍ ഒരുമിച്ച് ജാമിഅയില്‍ അധ്യാപനം നടത്തിയിരുന്ന സുവര്‍ണ്ണകാലമായിരുന്നു അത്. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഉമര്‍ഫൈസി മുക്കം, പി.പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സതീര്‍ഥ്യരാണ്. നൂറുല്‍ഉലമയുടെ വൈസ്പ്രസിഡന്റായി സംഘാടകനായും ഉസ്താദ് പ്രവര്‍ത്തിച്ചു. ജാമിഅ പഠനകാലത്തെക്കുറിച്ച് വലിയ ആവേശത്തോടെയാണ് ഉസ്താദ് വിവരിച്ചിരുന്നത്. ശംസുല്‍ഉലമയുടെ തുഹ്ഫ, സ്വഹീഹുല്‍ബുഖാരി ക്ലാസുകളും കണ്ണിയത്ത് ഉസ്താദിന്റെ മുല്ലാഹസന്‍ ക്ലാസുമൊക്കെ ഏറെ ഹൃദ്യവും ആകര്‍ഷകവുമായിരുന്നുവത്രെ. ജാമിഉത്തിര്‍മുദിയാണ് കോട്ടുമല് ഉസ്താദും, ജംഉല്‍ജവാമിഅ് കുമരംപുത്തൂര്‍ എ.പി ഉസ്താദും ഓതിക്കൊടുത്തു. നാല് വര്‍ഷത്തെ പഠനത്തിന് ശേഷം ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായി. 'ജീവിതത്തിന്റെ ഏത് മേഖലയിലെത്തിയാലും ആലിമിന്റെ ശിആറും സുന്നത്തായ കര്‍മ്മങ്ങളും വെടിയരുത്' എന്ന ബാഫഖി തങ്ങളുടെ സാരോപദേശം ഹൃദയത്തില്‍ കൊത്തിവെച്ചപോലെ മനസ്സിലുണ്ടെന്ന് ജാമിഅ വിദ്യാര്‍ത്ഥി കാലം ഓര്‍ത്തെടുക്കുമ്പോള്‍ ഉസ്താദ് പറഞ്ഞിട്ടുണ്ട്.
ജാമിഅയില്‍ നിന്നിറങ്ങിയ ശേഷം ശംസുല്‍ഉലമയുടെ നിര്‍ദേശപ്രകാരം കരിങ്ങനാട് ദേശത്താണ് ആദ്യമായി ഉസ്താദ് ദര്‍സ് നടത്തിയത്. അവിടെ മൂന്ന് വര്‍ഷം മുദരിസായി. അന്ന് തന്നെ ഉസ്താദ് നല്ല് വഅള് നടത്തുമായിരുന്നു. വടിവൊത്ത ഭാഷയില്‍ സംസാരിച്ചിരുന്ന ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ ആശയസമ്പുഷ്ടവും ഹൃദയഹാരിയുമായിരുന്നു. വിളയൂരിനടുത്ത് ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ സ്ഥാപിച്ച ദിക്‌റിന്റെ വാര്‍ഷികത്തില്‍ പ്രഭാഷണത്തിന് മരക്കാര്‍ ഉസ്താദ് ക്ഷണിക്കപ്പെടുകയും സദസ്സിലുണ്ടായിരുന്ന ബാപ്പുമുസ്‌ലിയാര്‍ക്ക് ആ പ്രഭാഷണം ഏറെ ഇഷ്ടപ്പെടുകയും പിന്നീട് കോട്ടക്കലിനടുത്ത് പാലപ്പുറ ജുമാമസ്ജിദിലേക്ക് സപ്തദിന പ്രഭാഷണത്തിന് ഒരു പണ്ഡിതനെ വേണമെന്ന് കമ്മിറ്റിക്കാര്‍ തിരക്കിയപ്പോള്‍ ബാപ്പുമുസ്‌ലിയാര്‍ മരക്കാര്‍ഫൈസിയെ നിര്‍ദേശിക്കുകയുമുണ്ടായി. പള്ളിയില്‍ താമസിച്ച് നടത്തിയ ആ പ്രഭാഷണപരമ്പരക്കിടയില്‍ ചാപ്പനങ്ങാടി ഉസ്താദ് മരക്കാര്‍ ഉസ്താദിനോട് കരിങ്ങനാട്ടെ ദര്‍സ് പാലപ്പുറയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ഉസ്താദ് സമ്മതിക്കുകയും ഇടക്കാലത്ത് വെച്ച് തന്നെ പാലപ്പുറ ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. അതേ സമയം ആ പള്ളിയില്‍ മൗലാനാ സി.എച്ച് ഐദ്‌റൂസ് മുസ്‌ലിയാരുടെ ഉപ്പ മുഹമ്മദ് മുസ്‌ലിയാര്‍ മുദരിസായും ഖതീബായും സേവനം ചെയ്യുന്നുണ്ടായിരുന്നു.
9 വര്‍ഷമാണ് അവിടെ ദര്‍സ് നടത്തിയത്. ആ കാലത്ത് മര്‍ഹും ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജിയും, കെ.എം സൈദലവി ഹാജിയും, തോപ്പില്‍ കുഞ്ഞാപ്പുഹാജിയും ശൈഖുനാ മരക്കാര്‍ ഫൈസിക്ക് വഅള് ഇല്ലാത്ത ദിവസങ്ങളില്‍ ശൈഖുനായുടെ അടുത്ത് രാത്രി രണ്ടാം ദര്‍സില്‍ വരികയും കിതാബുകള്‍ ഓതുകയും പല വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുമായിരുന്നു. ഫത്ഹുല്‍മുഈന്‍ പൂര്‍ണ്ണമായും ഇങ്ങിനെ പഠിച്ചുതീര്‍ത്തിട്ടുണ്ട്. അങ്ങിനെ വരുമ്പോഴെല്ലാം ദര്‍സിലെ കുട്ടികള്‍ക്ക് ചായയും കടിയും വാങ്ങാന്‍ കുഞ്ഞാപ്പുഹാജി നൂറ് രൂപ(1970കളില്‍) നല്‍കുകയും അവരും കുട്ടികളും സന്തോഷത്തോടെ കഴിക്കുകയും ചെയ്യുമായിരുന്നെന്ന് മരക്കാര്‍ ഉസ്താദിന്റെ പ്രിയ ശിഷ്യനും ഇസ്‌ലാഹുല്‍ഉലൂം പ്രിന്‍സിപ്പളുമായ അബ്ദുസ്സ്വമദ്‌ഫൈസി ഓര്‍ക്കുന്നുണ്ട്. കുഞ്ഞാപ്പുഹാജിയുടെ രണ്ട് മക്കളെയും ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ക്കുകയും വീടുകളില്‍ ഭക്ഷണത്തിന് പോകുന്നതിന് പകരം ഹോട്ടലില്‍ നിന്ന് കഴിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ പാലപ്പുറ വഴി യാത്രപോകുമ്പോള്‍ പള്ളിയില്‍ വരികയും മരക്കാര്‍ ഉസ്താദ് ദര്‍സ് നടത്തുന്നത് ചെരുവിലിരുന്ന് കേള്‍ക്കുകയും ചെയ്യുമായിരുന്നുവത്രെ.
പാലപ്പുറ ദര്‍സിന് ശേഷം ചെമ്മണ്‍കടവ്, വള്ളിക്കാഞ്ഞിരം, കൈനിക്കര, കാരത്തൂര്‍, പൊന്‍മുണ്ടം, അയ്യായ, വാണിയന്നൂര്‍, പത്തമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുദരിസായി. വാണിയന്നൂരിലാണ് ഏറ്റവും കൂടുതല്‍ കാലം മുദരിസായത്, ഇരുപത്തിരണ്ട് വര്‍ഷം. നാല് വര്‍ഷമായി താനൂര്‍ ഇസ്‌ലാഹുല്‍ഉലൂമില്‍ പ്രധാനാധ്യാപകനായി സേവനം ചെയ്തു. 1971ല്‍ ജാമിഅയില്‍ നിന്നിറങ്ങിയത് മുതല്‍ വഫാത് വരെ അഞ്ച്പതിറ്റാണ്ട് കാലം ദര്‍സീമേഖലയില്‍ തുടരാന്‍ അത്യപൂര്‍വ്വസിദ്ധി ലഭിച്ച പണ്ഡിതനാണ് ഉസ്താദവര്‍കള്‍. ഇതിന് പിന്നില്‍ ശംസുല്‍ഉലമയുടെ ആശീര്‍വാദമുണ്ടെന്നാണ് മരക്കാര്‍ ഉസ്താദ് തന്നെ പറഞ്ഞത്. കരിങ്ങനാട്ടേക്ക് ദര്‍സിന് പോകുമ്പോള്‍ ശംസുല്‍ഉലമയെ സമീപിക്കുകയും അവര്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ അനുഗ്രഹിക്കുകയും തദ്‌രീസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
ശംസുല്‍ഉലമയുമായുള്ള ബന്ധം
1957മുതല്‍ ശംസുല്‍ഉലമ താനൂരില്‍ മുദരിസായിരുന്നു. 1961ലാണ് മരക്കാര്‍ ഉസ്താദ് താനൂരില്‍ വിദ്യാര്‍ത്ഥിയായി എത്തുന്നത്. അത്‌കൊണ്ട് തന്നെ താനൂരില്‍ വെച്ചാണ് ശംസുല്‍ഉലമയുമായി ആദ്യമായി ഇടപെഴകുന്നത്. പിന്നീട് ജാമിഅയിലെത്തിയപ്പോള്‍ കൂടുതല്‍ അടുക്കുവാന്‍ സാധിച്ചു. ശേഷം പരിസരപ്രദേശങ്ങളില്‍ പരിപാടികള്‍ക്ക് വരുമ്പോള്‍ ശംസുല്‍ഉലമാക്ക് സേവനം ചെയ്യാന്‍ ശൈഖുനാക്ക് കിട്ടിയ അവസരങ്ങളെല്ലാം ഉസ്താദ് ഉപയോഗപ്പെടുത്തി. ശംസുല്‍ഉലമയുമായുള്ള ഉസ്താദിന്റെ ഒരനുഭവം ഇങ്ങനെയാണ്; സമസ്തയില്‍ ഉണ്ടായ പിളര്‍പ്പിന്റെ കാലത്ത് കാരത്തൂരില്‍ ശംസുല്‍ഉലമ ഉത്ഘാടനം ചെയ്യുന്ന ഒരു പരിപാടിയില്‍ സ്വാഗതപ്രഭാഷണം നിര്‍വ്വഹിച്ച് മരക്കാര്‍ ഉസ്താദ് സംസാരിക്കുകയാണ്. പ്രഭാഷണത്തിനിടയില്‍ സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗ്ഗത്തില്‍ ശംസുല്‍ഉലമക്ക് കീഴില്‍ അടിയുറച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഉസ്താദ് ഊന്നിപ്പറഞ്ഞു. പ്രഭാഷണാന്ത്യം കോഴിച്ചന അബുഹാജി സ്വാഗതഭാഷണത്തെ കുറിച്ച് ശംസുല്‍ഉലമയുടെ ശ്രദ്ധയില്‍പെടുത്തി. ശംസുല്‍ഉലമ പ്രതികരിച്ചതിപ്രകാരമാണ് ''സംസാരം ഗുരുത്വമുള്ള പണ്ഡിതന്റെ സംസാരമാണ്. അല്ലാഹു നിങ്ങളുടെ സംസാരത്തില്‍ ബറകത് ചെയ്യട്ടെ....'' മരക്കാര്‍ ഉസ്താദ് പറയുന്നു: ''അതിന് ശേഷം എന്റെ സംസാരത്തില്‍ അനുചിതമോ അനാവശ്യമോ ആയ വാക്കുകള്‍ കടന്നുകയറിയിട്ടില്ല''.
തിരൂരങ്ങാടി കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെ് മഹല്ല്ജമാഅത്ത് ഫെഡറേഷനിലൂടെയാണ്(എസ്.എം.എഫിന്റെ പ്രാരംഭരൂപം) സമസ്തയുടെ പ്രവര്‍ത്തകനായിത്തുടക്കം കുറിച്ചത്. സി.എച്ച് ഉസ്താദ്, ബാപ്പുട്ടിഹാജി തുടങ്ങിയവരുടെ കൂടെ സഞ്ചരിച്ച് നിരവധി സ്ഥലങ്ങളില്‍ ദര്‍സുകള്‍ സ്ഥാപിച്ചു. പിന്നീട് തിരൂര്‍ കേന്ദ്രീകരിച്ച് സമസ്തകേരളജംഇയ്യത്തുല്‍ഉലമയുടെ മുന്‍നിരപ്രവര്‍ത്തകനായി. സമസ്തയുടെ എണ്‍പത്തിഅഞ്ചാം വാര്‍ഷികത്തിന് ആറ് മാസം മുമ്പാണ് മുശാവറാ അംഗമാകുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഫത്‌വാകമ്മിറ്റിയിലുമെത്തി. ഇസ്‌ലാഹുല്‍ഉലൂം വൈസ്പ്രസിഡന്റ് കൂടിയായിരുന്നു.
വിനയം മുഖമുദ്രയാക്കിയ മഹാജ്ഞാനി
കേരളം കണ്ട പരിണിതപ്രജ്ഞരായ പണ്ഡിതകുലപതികളില്‍ പ്രധാനിയായ നിറമരുതൂര്‍ ബീരാന്‍കുട്ടിമുസ്‌ലിയാരുടെ പുത്രനും, സമസ്തയുടെ ഫത്‌വാ കമ്മിറ്റി മെമ്പറും നിരവധി ശിഷ്യന്‍മാരുടെ ഗുരുനാഥനുമെല്ലാമായിട്ടും വിനയാന്വിതനായി മാത്രം ജീവിച്ച പണ്ഡിതനായിരുന്നു ശൈഖുനാ. ഇസ്‌ലാഹുല്‍ഉലൂമിലേക്ക് ക്ലാസെടുക്കാന്‍ വന്നിരുന്നതും തിരികെ പോയിരുന്നതും പലപ്പോഴും ഓട്ടോറിക്ഷയിലായിരുന്നു. താന്‍കാരണം ആരും വിഷമിക്കരുതെന്ന നിര്‍ബന്ധം ഉസ്താദിനുണ്ടായിരുന്നു. ദുആ ചെയ്യുമ്പോള്‍ പോലും എല്ലാം ഉള്‍ക്കൊള്ളിച്ച് ഹൃസ്വമായിട്ടാണ് പ്രാര്‍ത്ഥിച്ചിരുന്നത്. ആളുകളെ വിഷമിപ്പിക്കുന്ന വിധം ദുആ നീട്ടരുതെന്നും ഉസ്താദ് ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
പഠനകാലത്ത് തന്നെ ഇല്‍മിനോട് വലിയ താത്പര്യമായിരുന്നു. താനൂരില്‍ പഠിക്കുന്ന കാലത്ത് ഗുരുവായ പിതാവ് ഉറങ്ങിയാല്‍ പാതിരാസമയത്ത് പോലും മണ്ണെണ്ണവിളക്ക് കത്തിച്ച് കിതാബുകള്‍ പഠിക്കുകയും ഉപ്പ ഉണരുമ്പോള്‍ വിളക്കണക്കുകയും ചെയ്യുമായിരുന്നു. ഉറക്കമൊഴിച്ച് നിരന്തരം കിതാബുകള്‍ മുത്വാലഅ ചെയ്തത് കാരണം കണ്ണിന്റെ കാഴ്ച വളരെനേരത്തെ മങ്ങിത്തുടങ്ങിയിട്ടുണ്ടായിരുന്നു. എങ്കിലും ഓതിക്കൊടുക്കുന്ന പല ഗ്രന്ഥങ്ങളും പൂര്‍ണ്ണമായും ഹൃദിസ്ഥമായിരുന്നുവെന്ന് തന്നെ പറയാം. ബൈളാവി, ജംഉല്‍ജവാമിഅ്, മഹല്ലി ഈ മൂന്ന് കിതാബുകളും ഇസ്‌ലാഹിലെ കുട്ടികള്‍ക്ക് ഓതിക്കൊടുക്കുമ്പോള്‍ ഉസ്താദിന്റെ മുന്നില്‍ കിതാബ് ഉണ്ടാവില്ല. കുട്ടികള്‍ വായിച്ച് ഉസ്താദ് വിശദീകരിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ വായിക്കുന്ന വിദ്യാര്‍ത്ഥി വായന തുടങ്ങുമ്പോഴേക്ക് ആ ഭാഗം ഉസ്താദ് തന്നെ പൂര്‍ത്തിയാക്കി വായിക്കുകയും പറയുന്ന വിഷയം പൂര്‍ണ്ണമായും വിശദീകരിച്ച് പിന്നീട് കൃത്യമായി ഓരോ വാക്കുകള്‍ക്കും കൃത്യമായി അര്‍ത്ഥം പറയുകയും ചെയ്യും. വായിക്കുന്നതില്‍ അപാകത സംഭവിച്ചാല്‍ ഉടനെ അത് തിരുത്തുകയും ഹാശിയകളിലും ശര്‍ഹുകളിലും വിശദീകരിച്ച കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കുകയും ചെയ്യും. എ്‌ന്റെ കണ്ണിന് പൂര്‍ണ്ണകാഴ്ചയുണ്ടായിരുന്നെങ്കില്‍ മിക്കസമയവും ഇസ്്വലാഹിലെ കുതുബ്ഖാനയില്‍ ചിലവഴിക്കുമായിരുന്നുവെന്ന് ഉസ്താദ് പറയുമായിരുന്നു. ഉസ്താദിന്റെ ഉപ്പ ബീരാന്‍കുട്ടിമുസ്‌ലിയാരും മുഴുസമയ ഗ്രന്ഥപാരായണത്തിലും അധ്യാപനത്തിലും മുഴുകിയവരായിരുന്നല്ലോ.
ക്ലാസിനിടയില്‍ ചരിത്രങ്ങളും ആനുകാലിക വിഷയങ്ങളുമെല്ലാം കടന്നുവരും. ആവശ്യാനുസരണം നസ്വീഹതുകളുമുണ്ടാകും. ഉസ്താദുമാരുടെ വാക്കുകള്‍ അപ്പടി അനുസരണിക്കണമെന്നും കേവലബുദ്ധികൊണ്ട് ആലോചിച്ച് അവരുടെ വാക്കുകള്‍ക്ക് വിരുദ്ധമായത് ചെയ്യരുതെന്നും സമയം വേണ്ടത് പോലെ ഉപയോഗപ്പെടുത്തണമെന്നും വെള്ളവസ്ത്രവും ദീനീ ശിആറുകളും കാത്ത്‌സൂക്ഷിക്കണമെന്നും എപ്പോഴും ഉണര്‍ത്തുമായിരുന്നു. ടീച്ചേഴ്‌സ് ട്രൈനിംഗ് പാസായ മികച്ച അധ്യാപകനെപ്പോലെയായിരുന്നു ഉസ്താദിന്റെ ക്ലാസ് നടപടികളെല്ലാം. ഓരോ ക്ലാസിലും കഴിഞ്ഞ ക്ലാസില്‍ പറഞ്ഞ വിഷയങ്ങള്‍ ചുരുക്കി വിവരിക്കുകയും ശേഷം അന്നെടുക്കാനുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും ആദ്യം സംഗ്രഹിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു. കുട്ടികളെ ചീത്തപറയുകയോ, ശകാരിക്കുകയോ ചെയ്യാതെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റമായിരുന്നു ഉസ്താദിന്റെത്.
വഫാതാകുന്നതിന്റെ പത്ത് ദിവസം മുമ്പ് ഇസ്വ്‌ലാഹുല്‍ഉലൂമില്‍ വരികയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റും വിപുലമായി സജ്ജീകരിക്കപ്പെട്ട ഡിജിറ്റല്‍സ്റ്റുഡിയോ ഉത്ഘാടനം നിര്‍വ്വഹിക്കുകയും പനിയും ശാരീരിക അവശതയുമുണ്ടായിട്ടും ബൈളാവീ ക്ലാസ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്താണ് ഉസ്താദ് സ്ഥാപനത്തില്‍ നിന്ന് മടങ്ങിയത്. കോവിഡ് കാലത്ത് പോലും മൂന്ന് വിഷയങ്ങളും കുട്ടികള്‍ വീട്ടില്‍ ചെന്ന് റെക്കോര്‍ഡ് ചെയ്തു യൂറ്റൂബ് വഴി സംപ്രോഷണം ചെയ്യുകയായിരുന്നു.
മരണം വരെ ദര്‍സ് നടത്തണമെന്നും, കൂടുതല്‍കാലം രോഗിയായിക്കിടന്ന് പ്രയാസപ്പെടരുതെന്നും, മരണാനന്തര കര്‍മ്മങ്ങളെല്ലാം പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടാവുന്ന സാഹചര്യത്തില്‍ മരിക്കണമെന്നും ഉസ്താദ് ആഗ്രഹിച്ചിരുന്നു. ഉസ്താദിന്റെ പ്രധാന പ്രാര്‍ത്ഥനയും അത് തന്നെയായിരുന്നു; 'അല്ലാഹുമ്മ വജ്ജിഹ്‌നാ ഇലല്‍ഖൈരി വവജ്ജിഹില്‍ഖൈറ ഇലൈനാ' അല്ലാഹുവേ, ഞങ്ങളേ ഖൈറിലേക്കടുപ്പിക്കുകയും ഖൈറ് ഞങ്ങളിലേക്കടുപ്പിക്കുകയും ചെയ്യേണമേ എ്ന്ന ആ പ്രാര്‍ത്ഥനാ അല്ലാഹു സ്വീകരിച്ചുവെന്നാണ് ഉസ്താദിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് നമുക്ക് വിലയിരുത്തിയാല്‍ മനസ്സിലാകുന്നത്.
പുത്തന്‍തെരുവ് മഹല്ലിലെ മുഹമ്മദ്ഹാജിയുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. ജാമിഅയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിഞ്ഞിട്ടുണ്ട്. അബ്ദുറഹിമാന്‍, ശരീഫ്, അബ്ദുല്‍ഹകീം, റാബിയ, റൈഹാനത്, ഉമ്മുഹബീബ, ഹന്ന എന്നവര്‍ മക്കളാണ്. ഇരുപത്തിരണ്ട് പേരമക്കളുണ്ട്. പുത്രന്‍ അബ്ദുല്‍ഹകീം രണ്ട് വര്‍ഷം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഏറ്റവും മുതിര്‍ന്ന ജ്യേഷ്ഠന്‍ പതിറ്റാണ്ടുകളായി മുഹമ്മദ്കുട്ടിമുസ്‌ലിയാര്‍ താനൂര്‍ ത്വാഹാപള്ളി മുദരിസാണ്. സഹോദരന്‍ അബ്ദുല്ല ഫൈസി നേരത്തെ വിടപറഞ്ഞിട്ടുണ്ട്. മറ്റൊരു സഹോദരന്‍ പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമജീവിതത്തിലാണ്.
മഹാനുഭാവന്റെ ജ്ഞാനസേവനങ്ങള്‍ അല്ലാഹു സ്വീകരിക്കട്ടെ. നല്ലൊരു പകരക്കാരനെ അല്ലാഹു നമുക്ക് നല്‍കട്ടെ. സമസ്തയുടെ മണ്‍മറഞ്ഞ മഹാന്‍മാരൊടൊപ്പം സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂടാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.
👍👍👍
ReplyDeletePost a Comment