ഒരു സമൂഹത്തിന് മത-ഭൗതിക മേഖലകളില്‍ വ്യത്യസ്ഥമായ രൂപത്തില്‍ ഗുണകരമായി ഭവിക്കുന്ന തൊഴിലുകള്‍, സംരംഭങ്ങള്‍ എന്നിവ നിര്‍വ്വഹിക്കാനുള്ള അവകാശമാണ് സാമൂഹികാവകാശങ്ങള്‍ കൊണ്ട് നാം ഉദ്ദേശിച്ചത്. ശരീഅത്ത് സ്ത്രീകള്‍ക്ക് നിശ്കര്‍ശിച്ച ചിട്ടവട്ടങ്ങള്‍ പാലിക്കല്‍ ബാധ്യതയാണെന്ന് പോസിറ്റീവായി നാം മനസ്സിലാക്കുകയാണെങ്കില്‍ സമൂഹത്തിന് ഉപകാരപ്രദമായ സംരംഭങ്ങളില്‍ ഇടപെടുന്നതില്‍ സ്ത്രീപുരുഷന്‍മാര്‍ക്കിടയില്‍ ശരീഅത് മറ്റു വ്യത്യാസങ്ങളൊന്നും പുലര്‍ത്തിയിട്ടില്ലെന്ന് നമുക്ക് ബോധ്യമാകും. സ്വഹാബികളുടെ കാലത്തെ, പ്രത്യേകിച്ച് നബി(സ്വ)ജീവിച്ചിരിക്കുന്ന കാലത്തെയാണ് നമ്മുടെ വാദങ്ങള്‍ക്ക് മാതൃകയായി കാണുന്നത്. അത്‌കൊണ്ട് അക്കാലത്തെ ചിലസംരംഭങ്ങളും അതില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന ഇടവും നമുക്ക് വിശകലനം ചെയ്യാം.
ഒന്ന്: നിസ്‌കാരങ്ങള്‍ക്ക് പുരുഷനോടൊപ്പം പള്ളികളിലെ സ്ത്രീസാന്നിധ്യം.
സമൂഹത്തിന് മതഭൗതിക മേഖലയില്‍ തീര്‍ച്ചയായും ഗുണം കിട്ടുന്ന സംരംഭമാണിത്. നബി(സ്വ) പറയുന്നു: 'രാത്രിസമയം നിങ്ങളുടെ സ്ത്രീകള്‍ പള്ളിയിലേക്ക് സമ്മതം ചോദിച്ചാല്‍ നിങ്ങളവര്‍ക്ക് അനുമതി നല്‍കുക'. ആഇശ(റ) പറയുന്നു: 'നബി(സ്വ) പ്രഭാതനിസ്‌കാരം നിര്‍വ്വഹിക്കുകയും അത് കഴിഞ്ഞാല്‍ സ്ത്രീകള്‍ പുതപ്പ്‌കൊണ്ട് ശരീരം പുതച്ച് പുറത്ത് പോവുകയും ചെയ്യുമായിരുന്നു. ആ സമയത്തെ മങ്ങിയ വെളിച്ചത്തില്‍ അവര്‍ ആരാണെന്ന് തിരിച്ചറിയപ്പെടുമായിരുന്നില്ല'. ചിലപ്പോള്‍ സ്ത്രീകള്‍ അവരോടൊപ്പം കൈകുഞ്ഞുങ്ങളെയും കൊണ്ട്‌പോകുമായിരുന്നു. 'ഞാന്‍ നിസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ ദീര്‍ഘ സൂറതുകളോതി നിസ്‌കാരം ദീര്‍ഘിപ്പിക്കണമെന്ന് വിചാരിക്കും. അപ്പോഴായിരിക്കും ചെറിയ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കേണ്ടിവരിക. അന്നേരം അവരുടെ ഉമ്മമാര്‍ക്ക് പ്രയാസമാകുമെന്ന് കരുതി നിസ്‌കാരം ഞാന്‍ ചുരുക്കുമായിരുന്നു' എന്ന് നബി(സ്വ)യുടെ സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഇത്‌പോലെ സമാനമായ ഹദീസുകള്‍ പരിശോധിച്ചാല്‍ നബി(സ്വ)യുടെ കാലത്ത് പള്ളികള്‍ പുരുഷന്‍മാര്‍ക്ക് മാത്രം വഖ്ഫ് ചെയ്യപ്പെട്ടതായിരുന്നില്ല, നിരവധി സ്ത്രീകളുടെ സ്വഫ്ഫുകളും പള്ളികളില്‍ അന്ന് കാണപ്പെട്ടിരുന്നു എന്ന് നിനക്ക് ബോധ്യമാകും. ജമാഅത്തിന് വേണ്ടി പള്ളിയില്‍ വെച്ച് വിശ്വാസികള്‍ പരസ്പരം കണ്ട്മുട്ടുന്നത് വ്യത്യസ്ഥമായ സാമൂഹിക സംരംഭങ്ങളുടെ ആലോചനകള്‍ക്കും മറ്റും കാരണമാകും എന്നത് അവിതര്‍ക്കിതമാണല്ലോ. അത്‌കൊണ്ട് കൂടിയാവാം തനിച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ജമാഅത് നിസ്‌കാരത്തിന് ഇരുപത്തിഅഞ്ചിരട്ടി പ്രതിഫലമുണ്ടെന്ന് നബി(സ്വ)അരുളിയത്.
രണ്ട്: വൈജ്ഞാനിക സാംസ്‌കാരിക സംരംഭങ്ങളിലെ സ്ത്രീ സാന്നിധ്യം.
നബി(സ്വ)യുടെ കാലത്ത് മതത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാനുള്ള വിദ്വല്‍സദസ്സുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതായിരുന്നില്ല, നല്ലൊരു ശതമാനം സ്ത്രീകളും അതില്‍ പങ്കെടുത്തിരുന്നു. വിജ്ഞാനസദസ്സുകളിലേക്ക് വരുന്നതിലും അറിവുകള്‍ പകര്‍ന്നുകൊടുക്കുന്നതിലും ഹദീസുകള്‍ ഉദ്ധരിക്കുന്നതിലും പുരുഷന്‍മാരോട് കടപിടിക്കാന്‍ മത്സരിച്ചിരുന്ന സ്ത്രീരത്‌നങ്ങള്‍ നബി(സ്വ)യുടെ കാലത്ത് തന്നെയുണ്ടായിരുന്നു. അബൂസഈദില്‍ഖുദ്രി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ)ഉദ്ധരിക്കുന്നു:'ഒരിക്കല്‍ ഒരു പെണ്ണ് വന്ന് നബി(സ്വ)യോട് പറഞ്ഞു: നബിയേ, പുരുഷന്‍മാരെല്ലാം അങ്ങയുടെ മൊഴിമുത്തുകള്‍ പെറുക്കിയെടുത്ത് പോയി. അങ്ങ് ഞങ്ങള്‍ സ്ത്രീകള്‍ക്ക് അറിവുകള്‍ പറഞ്ഞുതരാന്‍ ഒരു പ്രത്യേക ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഒരു പ്രത്യേകദിവസം പ്രത്യേക സ്ഥലത്ത് നിങ്ങള്‍ ഒരുമിച്ചുകൂടുക. അങ്ങനെ അവര്‍ ഒരുമിച്ചുകൂടി അല്ലാഹു നല്‍കിയ ജ്ഞാനം നബി(സ്വ) അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തു'.
അബൂമൂസല്‍അശ്അരി(റ) പറയുന്നു: അസ്മാഅ്ബിന്‍ത്ഉമൈസ്(റ) നബി(സ്വ)യുടെ അരികില്‍ വന്ന് പറഞ്ഞു: നബിയേ, ഉമര്‍(റ)പറയുകയാണ്; നിങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പലായനം ചെയ്തത് കാരണം നിങ്ങളേക്കാള്‍ നബിയോട് ഏറ്റവും അവകാശപ്പെട്ടവര്‍ ഞങ്ങളാണ്. നബി(സ്വ)ചോദിച്ചു: അപ്പോള്‍ നിങ്ങളെന്താണ് പ്രതികരിച്ചത്?. മഹതി പറഞ്ഞു: ഞാനദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവാണ; ഒരിക്കലുമല്ല, നിങ്ങള്‍ നബിയുടെ കൂടെയായപ്പോള്‍ നിങ്ങളിലെ വിശക്കുന്നവര്‍ക്ക് നബി ഭക്ഷണവും വിവരമില്ലാത്തവര്‍ക്ക് വിജ്ഞാനവും നല്‍കി. അന്നേരം ഞങ്ങള്‍ വിദൂര ഭൂമിയായ ഏത്യോപ്യയിലായിരുന്നു. അവിടെ ഞങ്ങള്‍ പീഠിപ്പിക്കപ്പെടുകയും ഭയപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. എല്ലാം ഞങ്ങള്‍ അല്ലാഹുവിനും അവന്റെ റസൂലിനും വേണ്ടി സഹിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളേക്കാള്‍ ഉമര്‍(റ)എന്നോട് ഏറ്റവും ബന്ധപ്പെട്ടവനല്ല, അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും ഒരു ഹിജ്‌റയേ ഉള്ളൂ. നിങ്ങള്‍ കപ്പലിന്റെ ആളുകള്‍ക്ക് രണ്ട് ഹിജ്‌റയുണ്ട്. മഹതി പറയുന്നു: അബൂമൂസയും കപ്പലുകാരും ഈ ഹദീസിനെ കുറിച്ച് എന്നോട് ചോദിക്കുമായിരുന്നു. അവരെക്കുറിച്ച് നബി(സ്വ)പറഞ്ഞ ഈ വാക്കിനേക്കാള്‍ വലിയ സന്തോഷം ഈ ലോകത്ത് മറ്റൊന്നും അവര്‍ക്കുണ്ടായിരുന്നില്ല(ബുഖാരി).
ആമിറുബ്‌നുശുറഹ്ബീല്‍(റ) ഫാത്വിമബിന്‍തുഖൈസിനോട് ചോദിച്ചു. നിങ്ങള്‍ നബി(സ്വ)യില്‍ നിന്ന് നേരിട്ട് കേട്ട വല്ല ഹദീസുമുണ്ടെങ്കില്‍ പറഞ്ഞുതരാമോ. മഹതി പറഞ്ഞു: നിങ്ങളങ്ങനെയാഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. അതെ. ആമിര്‍(റ) പ്രതികരിച്ചു. മഹതി സുദീര്‍ഘമായ ഒരു ഹദീസ് പറഞ്ഞു. അതില്‍ അവര്‍ വിവരിക്കുകയാണ്.... ''നിസ്‌കാരത്തിലേക്ക് വരൂ... എന്ന് ഒരാള്‍ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു. അന്നേരം ഞാന്‍ പള്ളിയിലേക്ക് പുറപ്പെടുകയും നബിയുടെ കൂടെ പുരുഷന്‍മാരുടെ സ്വഫിന് അടുത്ത സ്വഫില്‍ നിന്ന് നിസ്‌കരിക്കുകയും ചെയ്തു. നിസ്‌കാരശേഷം നബി(സ്വ) സുസ്‌മേരവദനനായി മിമ്പറില്‍ ഇരുന്നു. എല്ലാവരോടും നിസ്‌കരിച്ചിടത്ത് തന്നെ ഇരിക്കാനാവശ്യപ്പെട്ടു. ഞാനെന്തിനാണ് നിങ്ങളെ ഇന്നേരം ഒരുമിച്ചുകൂട്ടിയതെന്ന് നിങ്ങള്‍ക്കറിയുമോ? നബി(സ്വ)ചോദിച്ചു. ഇല്ല, അവര്‍ പറഞ്ഞു; ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനോ, പ്രതീക്ഷനല്‍കുവാനോ അല്ല ഒരുമിച്ചു കൂട്ടിയത്. എങ്കിലും കൃസ്ത്യാനിയായിരുന്ന തമീമുദ്ദാരി ഇപ്പോള്‍ വന്ന് മുസ്‌ലിമായി. ദജ്ജാലിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളോട് യോജിച്ച ചിലകാര്യങ്ങള്‍ അദ്ദേഹം എന്നോട് പറയുകയുണ്ടായി. എന്നിട്ട് ആ ഹദീസ് മഹതി പറഞ്ഞു.........'' ഈ ഹദീസുകളില്‍ നിന്ന് നബി(സ്വ)യുടെ കാലത്ത് പുരുഷന്‍മാരെപ്പോലെ സ്ത്രീകളും വിജ്ഞാനസദസ്സുകളില്‍ പങ്കെടുത്തിരുന്നെന്നും അവര്‍ ഹദീസുകള്‍ നിവേദനം ചെയ്തിരുന്നെന്നും വായനക്കാരന് ബോധ്യമായല്ലോ... ഇതെല്ലാം നബി(സ്വ)യുടെ സമ്പൂര്‍ണ്ണ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും തന്നെയായിരുന്നു.
മൂന്ന്: പൊതുസംഗമങ്ങളിലെ സ്ത്രീ സാന്നിധ്യം
ഹിജാബ് ധരിക്കുക, പുരുഷസങ്കലനം ഒഴിവാക്കുക, പുരുഷനൊപ്പം തനിച്ചാവുന്നത് ഒഴിവാക്കുക തുടങ്ങി ഇസ്‌ലാം സ്ത്രീകളോട് നിര്‍ദേശിച്ച നിയമങ്ങള്‍ കേള്‍ക്കുന്ന ചിലര്‍ നബി(സ്വ)യുടെ കാലത്ത് സ്ത്രീകളെല്ലാം വീട്ട് തടങ്കലിലായിരുന്നെന്നും, പൊതു സംഗമങ്ങളെല്ലാം പുരതുഷന്‍മാര്‍ക്ക് മാത്രമായിരുന്നെന്നും വിചാരിക്കാനിടയുണ്ട്. ഇവരില്‍ ദീനിന്റെ നിയമങ്ങളെ അക്ഷരംപ്രതി അനുസരിക്കുന്നവര്‍ തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും പൂര്‍ണ്ണമായും പൊതുസംഗമങ്ങളില്‍ നിന്ന് വിലക്കുകയും, മതനിയമങ്ങളെ പുച്ഛത്തോടെ സമീപിക്കുന്നവര്‍ ഇസ്‌ലാം സ്ത്രീകളെ ഇരുട്ടറയില്‍ തളച്ചിടുകയാണെന്ന് പ്രചരിപ്പിച്ച് തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും മതനിയമങ്ങള്‍ ലംഘിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതായും കാണാവുന്നതാണ്. സത്യത്തില്‍ ഈ രണ്ട് അവസ്ഥകളെയും നിരാകരിക്കുന്നതാ ണ് ഇസ്‌ലാമിക ശരീഅത്ത്.
നബി(സ്വ)യുടെ കാലത്ത് സ്ത്രീകള്‍ ഇസ്‌ലാം നിര്‍ദേശിച്ച നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്നതോടൊപ്പം നിയമാനുസൃതമായി പുരുഷന്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ സന്നിഹിതരാകുമായിരുന്നു. സഹ്‌ലുബ്‌നുസഅ്ദിനിസ്സാഇദി(റ) പറയുന്നു: 'അബൂഉസൈദിനിസ്സാഇദി(റ) വിവാഹസദ്യക്ക് നബിയേയും കൂട്ടുകാരെയും ക്ഷണിച്ചു. അന്നേരം അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയതും അവര്‍ക്ക് വെച്ചുകൊടുത്തതും അദ്ദേഹത്തിന്റെ പത്‌നി ഉമ്മുഉസൈദ്(റ)ആയിരുന്നു. അവര്‍ രാത്രി ഒരുപാത്രത്തില്‍ ഈത്തപ്പഴം വെള്ളത്തില്‍ കുതിര്‍ത്തി വെച്ചിരുന്നു. നബി(സ്വ)ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ ഈത്തപ്പഴച്ചാര്‍ അവര്‍ തന്നെ നബിക്ക് സമ്മാനമായി കുടിപ്പിച്ചു'. ഇമാം ബുഖാരി 'വിവാഹസദ്യകളില്‍ സ്ത്രീകള്‍ സ്വന്തമായി പുരുഷന്‍മാര്‍ക്ക് സേവനം ചെയ്യുക' എന്ന അധ്യായത്തിലാണ്. ഫിത്‌ന ഭയപ്പെടാത്ത സാഹചര്യത്തിലും പാലിക്കേണ്ട മറയെല്ലാം പൂര്‍ണ്ണമായും പാലിച്ചുമാണ് ഇതെല്ലാം അവര്‍ നിര്‍വ്വഹിച്ചതെന്ന് തീര്‍ച്ചയാണ്.
ആഇശ(റ) പറയുന്നു: ഒരുദിവസം അബൂബകര്‍(റ)എന്റെ വീട്ടിലേക്ക് വന്നു. രണ്ട് അന്‍സ്വാരി സ്ത്രീകള്‍ ബുആസ് ദിവസത്തെകുറിച്ച് എന്റെ അടുത്തിരുന്ന് ദഫ്‌കൊട്ടി പാട്ട് പാടുന്നുണ്ട്. അവര്‍ പ്രൊഫഷണല്‍ പാട്ടുകാരൊന്നുമായിരുന്നില്ല. ഇത് കേട്ട അബൂബകര്‍(റ)ചോദിച്ചു. നബിയുടെ വീട്ടില്‍വെച്ചാണോ പിശാചിന്റെ വീണകൊണ്ട് പാട്ട്പാടുന്നത്?!. അതൊരു പെരുന്നാള്‍ ദിവസമായിരുന്നു. ഉടനെ നബി(സ്വ) പറഞ്ഞു: അബൂബകര്‍, ഓരോ സമൂഹത്തിനും ഒരു ആഘോഷദിനമുണ്ട്. ഇന്ന് നമ്മുടെ ആഘോഷദിനമാണല്ലോ....(ബുഖാരി, മുസ്‌ലിം)
ഇമാംമുസ്‌ലിം(റ) അനസ്(റ)ല്‍ നിന്നുദ്ധരിക്കുന്നു: നല്ലയിനം കറികള്‍ പാചകം ചെയ്തിരുന്ന നബി(സ്വ)യുടെ ഒരു അയല്‍ക്കാരന്‍ ഒരു ദിവസം നബിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്ത് നബിയെ സദ്യക്ക് ക്ഷണിക്കാന്‍ വന്നപ്പോള്‍ ആഇശയെയും കൂടെക്കൂട്ടട്ടെ എന്നര്‍ത്ഥത്തില്‍ അവരിലേക്ക് ചൂണ്ടി. അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ക്ഷണം സ്വീകരിക്കുന്നില്ലന്ന് നബിയും. മറ്റൊരു ദിവസവും ഇത് ആവര്‍ത്തിച്ചു. മൂന്നാം തവണ അദ്ദേഹം സമ്മതിച്ചു. അന്നേരം ആഇശയേയും കൂട്ടി നബി(റ)അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.
'ഇലാ കുല്ലി ഫതാതിന്‍ തുഅ്മിനുബില്ലാഹ്' എന്ന എന്റെ കൃതിയില്‍ ഈ ഹദീസിന് ഞാന്‍ നല്‍കിയ വിശദീകരണം ഇവിടെ ചേര്‍ത്തുകൊടുക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ അനുമാനിക്കുന്നു. ദീനിന്റെ നിയമങ്ങളെ ചിലര്‍ ചൂഷണം ചെയ്യാതിരിക്കാന്‍ അത് അനിവാര്യമാണ്താനും.
'ആഇശയേയും കൂട്ടി അയല്‍വാസിയുടെ വീട്ടിലെ സദ്യകഴിക്കാന്‍ നബി(സ്വ) പോയിട്ടുണ്ടെന്നാണ് ഈ ഹദീസില്‍ നിന്ന് വ്യക്തമാകുന്നത്. നിരവധി സ്വഹാബികള്‍ ഭാര്യമാരുമായി പള്ളികളില്‍ വന്നിരുന്നെന്നും മതനിയമങ്ങള്‍ ചോദിക്കാനും നബിയുടെ ജീവിതരീതി ചോദിച്ചറിയുവാനും നബി(സ്വ)യുടെ ഭാര്യമാരെയും പ്രത്യേകിച്ച് ആഇശ(റ)യേയും സ്വഹാബികള്‍ സമീപിച്ചിരുന്നെന്നും മറ്റു ഹദീസുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ ഹദീസുകളും സ്ത്രീകള്‍ ഹിജാബ് പാലിക്കേണ്ടവരും എന്തെങ്കിലും കാര്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ തന്നെ മറക്ക് പിന്നിലിരിക്കണമെന്ന ഇലാഹീ നിയമവും തമ്മില്‍ എന്ത് വൈരുദ്ധ്യമാണുള്ളത്?'.
'ആഇശയില്ലാതെ ഞാന്‍ സദ്യക്ക് വരില്ലെന്ന് അയല്‍വാസിയോട് നബി(സ്വ) പ്രതികരിച്ചത് ഹദീസിന്റെ വ്യക്തമായ ഭാഷ്യമാണ്. തന്റെ കുടുംബത്തോട് എത്ര മനോഹരമായിട്ടാണ് നബി(സ്വ) വര്‍ത്തിച്ചിരുന്നതെന്നതിന് മകുടോദാഹരണം കൂടിയാണത്. ദിവസങ്ങളോളം വെറും വെള്ളവും കാരക്കയും കഴിച്ച് കുടുംബ ജീവിതം ജീവിക്കുന്ന നബി(സ്വ) സുഭിക്ഷമായ ഒരു സദ്യക്ക് ക്ഷണം ലഭിക്കുമ്പോള്‍ കുടുംബം ഇല്ലാതെ തനിച്ച് പോകാന്‍ ആ ഉല്‍ക്കൃഷ്ടസ്വഭാവത്തിന്റെ ഉടമക്ക് സാധിക്കില്ലല്ലോ. വിശന്ന് വലഞ്ഞ് ഖന്ദഖ് കിടങ്ങ് കീറുമ്പോള്‍ ഒരാള്‍ക്ക് പോലും തികയാത്ത റൊട്ടിമാത്രമുള്ള ഭക്ഷണത്തിന് നബി(സ്വ)യെ ജാബിര്‍(റ) ക്ഷണിച്ചപ്പോള്‍ വിശക്കുന്ന തന്റെ സ്വഹാബികളെയും അതിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയും അവര്‍ക്കെല്ലാം സേവകനായി ഭക്ഷണം പാചകം ചെയ്തിരുന്ന ഭാഗത്ത് നില്‍ക്കുകയും ചെയ്തവരാണ് തിരുനബി(സ്വ)'.
'നബി(സ്വ)യുടെ കൂടെ അയല്‍വാസിയുടെ വീട്ടിലേക്ക് പോയ ആഇശ(റ) സൗന്ദര്യം പ്രകടിപ്പിച്ചാണ് പോയതെന്നും അയല്‍വാസിക്കു മുന്നില്‍ മറപാലിക്കാതെ ഇരുന്നെന്നും, മതനിഷ്ഠപാലിക്കാതെ ജീവിക്കുന്ന പലമുസ്‌ലിം കുടുംബങ്ങളിലേയും സ്ത്രീകള്‍ ചെയ്യുന്ന പോലെ പുരുഷന്‍മാരൊപ്പം അവര്‍ കൂടിച്ചേര്‍ന്നു എന്നൊന്നും ഹദീസില്‍ നിന്ന് കിട്ടില്ല. ഹദീസ് ആ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നതിന് വിദൂര സാധ്യതപോലുമില്ല'. ഞാന്‍ പറയട്ടെ... ഹിജാബിന്റെ ആയത്തുകള്‍ ഇറങ്ങിയതിന് ശേഷമാണ് ഈ സംഭവങ്ങളെല്ലാം എന്ന അഭിപ്രായപ്രകാരമാണ് ഈ ചര്‍ച്ചകളെല്ലാം. ഹിജാബിന്റെ ആയത്തുകള്‍ ഇറങ്ങുന്നതിന് മുമ്പാണെന്ന അഭിപ്രായപ്രകാരം സംശയങ്ങള്‍ ഉന്നീതമാകുന്നേ ഇല്ല... യുദ്ധങ്ങളില്‍ പുരുഷന്‍മാരെ ശുഷ്രൂശിച്ചും മറ്റു സേവനങ്ങള്‍ ചെയ്തും ആവശ്യഘട്ടത്തില്‍ സ്വയംപ്രതിരോധിച്ചും സ്ത്രീകള്‍ പങ്കെടുത്തിരുന്നെന്ന് നമുക്കറിയുന്ന വസ്തുതയാണല്ലോ. ഉമ്മുഅത്വിയ്യ(റ) പറയുന്നു: 'നബി(സ്വ)യുടെ കൂടെ ഏഴ് യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ടെന്റുകളില്‍ കഴിഞ്ഞ് പുരുഷന്‍മാര്‍ക്ക് ഭക്ഷണം ഞാന്‍ പാചകം ചെയ്ത്‌കൊടുക്കുമായിരുന്നു'(മുസ്‌ലിം). ഇബ്‌നുഇസ്ഹാഖ്, ഇബ്‌നുസഅ്ദ് എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ ഹുനൈന്‍ യുദ്ധവേളയില്‍ നബി(സ്വ) തിരിഞ്ഞുനോക്കിയപ്പോള്‍ അബൂത്വല്‍ഹയുടെ കൂടെ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസുലൈംബിന്‍തുമല്‍ഹാനെ കണ്ടു. നബി അവരെ വിളിച്ചു. . എന്റെ ഉപ്പയും ഉമ്മയും അങ്ങേക്ക് ദണ്ഡമാണ് നബിയേ... അവര്‍ വിളികേട്ടു. അങ്ങയോട് യുദ്ധം ചെയ്യുന്നവരോട് താങ്കള്‍ യുദ്ധം ചെയ്യുന്നത് പോലെ പിന്തിരിഞ്ഞോടുന്നവരോട് ഞാന്‍ യുദ്ധം ചെയ്യുകയാണ്. അവരുടെ കയ്യില്‍ ഒരു കഠാരയുണ്ടായിരുന്നു. എന്തിനാണിതെന്ന് അബുത്വല്‍ഹ ചോദിച്ചപ്പോള്‍ മഹതി പ്രതികരിച്ചു: ബഹുദൈവാരാധകരില്‍ ആരെങ്കിലും എന്റെ അരികില്‍ വന്നാല്‍ ഞാനവനെ ഇത് കൊണ്ട് കുത്തിക്കൊല്ലും..'
ഇബ്‌നുഹജര്‍(റ) ഫത്ഹുല്‍ബാരിയില്‍ ഒരു സ്വഹാബി വനിതയെ പരിചയപ്പെടുത്തുന്നുണ്ട്. റഫീദതുല്‍അസ്‌ലമിയ്യ എന്ന് പേരുള്ള മഹതി മുറിവുകള്‍ വെച്ചുകെട്ടുന്നതിലും ശുശ്രൂഷിക്കുന്നതിലും അഗ്രഗണ്യയായിരുന്നു. ഖന്ദഖ് യുദ്ധത്തില്‍ ശുഷ്രൂഷക്ക് വേണ്ടി അവര്‍ പ്രത്യേക ടെന്റ് കെട്ടിയിരുന്നു. മുറിവ് പറ്റിയവരെ അവിടെ വെച്ച് അവര്‍ ശുഷ്രൂഷിച്ചു. സഅദ്(റ)ന് മുറിവ് പറ്റിയപ്പോള്‍ അദ്ദേഹത്തെ ആ ടെന്റിലാക്കാനും ഞാനവരെ അവിടെ സന്ദര്‍ശിക്കാമെന്നും നബി(സ്വ) പറയുകയുണ്ടായി.
നാല്: നിര്‍മ്മാണ, തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം
ഇസ്‌ലാമിക ചരിത്രത്തില്‍ ഒരുകാലത്തും തൊഴില്‍മേഖല പൂര്‍ണ്ണമായും പുരുഷന്‍മാര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പൂര്‍ണ്ണമായി ഇസ്‌ലാമിക ചിട്ടയോടെ നിരവധി തൊഴില്‍മേഖയില്‍ സ്ത്രീകള്‍ അവരുടെ സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ വാങ്ങുകയും വില്‍ക്കുകയും കൃഷിചെയ്യുകയും മറ്റു കൈതൊഴിലുകളിലേര്‍പ്പെടുകയും ചെയ്തു. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നു: സഹ്‌ല്ബ്‌നുസഅദ്(റ) പറയുന്നു: നബിയുടെ അടുത്തേക്ക് ഒരു സഹോദരി പുതപ്പുമായി വന്ന്പറഞ്ഞു: ഇത് ഞാന്‍ എന്റെകൈകൊണ്ട് തുന്നിയതാണ്. അങ്ങയെ ധരിപ്പിക്കട്ടെയോ. നബിതങ്ങള്‍ താത്പര്യത്തോടെ അത് വാങ്ങുകയും തുണിയായി ധരിച്ച് ഞങ്ങള്‍ക്കിടയിലേക്ക് വരികയും ചെയ്തു. അപ്പോള്‍ കൂട്ടത്തിലുള്ള ഒരാള്‍ ചോദിച്ചു നബിയേ, അത് എന്നെ ധരിപ്പിക്കാമോ. നബി പറഞ്ഞു അതെ. ഉടനെ നബി(സ്വ) ഞങ്ങള്‍ക്കിടയില്‍ നിന്നെഴുന്നേറ്റ് പോയി ആ വസ്ത്രം ചുരുട്ടിക്കൊണ്ട് വന്ന് അദ്ദേഹത്തിന് കൊടുത്തു. അന്നേരം ആളുകളദ്ദേഹത്തോട് ചോദിച്ചു. നീ എന്തിനാണത് നബിയോട് ചോദിച്ചത്. നിനക്കറിയില്ലേ ചോദിച്ചവരെ നബി(സ്വ) മടക്കുകയില്ലെന്ന്. അദ്ദേഹം പറഞ്ഞു. ഞാന്‍ മരിക്കുമ്പോള്‍ എന്റെ കഫന്‍പുടവയാക്കാനാണ് ഞാനത് ചോദിച്ചത്. സഹ്‌ല്(റ) പറയുന്നു അദ്ദേഹത്തെ അതില്‍ തന്നെയാണ് കഫന്‍ ചെയ്തത്'.
ജാബിര്‍(റ) പറയുന്നു: 'ഒരു സ്ത്രീ നബിയുടെ അടുത്ത് വന്ന് പറഞ്ഞു: നബിയേ, എന്റെ മകന്‍ ആശാരിയാണ്. നിങ്ങള്‍ക്കിരിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ പണിത് തരട്ടയോ?. നബി(സ്വ) പറഞ്ഞു: നിങ്ങളുദ്ദേശിക്കുന്നത് പോലെ. ആ സ്ത്രീ ആ മിമ്പര്‍ പണിത് കൊണ്ട് വന്ന് കൊടുത്തു. അടുത്ത വെള്ളിയാഴ്ച ആ മിമ്പറിലിരുന്ന് നബി(സ്വ) ഖുത്വുബ ഓതാന്‍ തുടങ്ങി. അന്നേരം അത് വരെ ഖുത്വുബ ഓതിയിരുന്ന ഈത്തപ്പനത്തടി കരയാന്‍ തുടങ്ങി. അപ്പോള്‍ നബി(സ്വ) മിമ്പറില്‍ നിന്നിറങ്ങി ഈത്തപ്പനത്തടിയുടെ അരികെനിന്ന് തന്നോട് ചേര്‍ത്ത് പിടിച്ചു. ഒരു കുഞ്ഞ് കരയുന്ന പോലെ അത് തേങ്ങി. നബി അതിനെ ആശ്വസിപ്പിച്ചു. അങ്ങിനെ അതടങ്ങി(ബുഖാരി).
ഇബ്‌നുമാജ സുനനിലും ഇബ്‌നുസഅദ് ത്വബഖാതിലും നിവേദനം; കൈതൊഴിലെടുത്തിരുന്ന ഇബ്‌നുമസ്ഊദിന്റെ ഭാര്യ നബിയോട് വന്ന് ചോദിച്ചു: എനിക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി ഞാന്‍ കൈതൊഴിലിലൂടെ എന്തെങ്കിലും പണിയെടുത്ത് ചിലവഴിക്കാമോ. നബി(സ്വ) പറഞ്ഞു: അതെ, നിങ്ങള്‍ ചിലവഴിച്ചതിന്റെ പ്രതിഫലം നിങ്ങള്‍ക്കുണ്ടാകും. ഇബ്‌നുസഅദ് വീണ്ടും നിവേദനം ചെയ്യുന്നു; അബ്ദുല്ലാഹിബ്‌നുറബീഅ(റ) ഉമറുബ്‌നുല്‍ഖത്വാബിന്റെ കാലത്ത് യമനില്‍ നിന്ന് തന്റെ മാതവാവ് റുബൈഅ്ബിന്‍തുമുഅവ്വിദിന് സുഗന്ധങ്ങള്‍ അയച്ചുകൊടുക്കുകയും അവര്‍ അവധി നിശ്ചയിച്ച് ആളുകള്‍ക്കത് വില്‍പ്പന നടത്തുകയും ചെയ്യുമായിരുന്നു. സുപ്രസിദ്ധ സ്വഹാബീവനിത ഉമ്മുശുറൈക്(റ) എന്നവര്‍ സ്വന്തം വീട് അതിഥികള്‍ക്ക് താമസിക്കുവാനുള്ള സങ്കേതമായി സജ്ജീകരിക്കുമായിരുന്നു. മദീനയില്‍ വന്ന് തങ്ങളുടെ ചരക്കുകള്‍ വിറ്റ് അതിന്റെ വരുമാനം കൊണ്ട് വീട്ടിലേക്കാവശ്യമുള്ള വസ്തുക്കള്‍ വാങ്ങിപ്പോകുമായിരുന്ന സ്ത്രീകളും സ്വഹാബീവനിതകളിലുണ്ടായിരുന്നു.
ചുരുക്കത്തില്‍; ഇസ്‌ലാം സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ തൊഴിലുകളും ജോലികളും ചെയ്ത് ജീവിക്കുവാനുള്ള വഴികള്‍ തുല്യമായി തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവ്വിഷയത്തില്‍ പാശ്ചാത്യരീതി തന്നെയാണോ ഇസ്‌ലാം സ്വീകരിച്ചതെന്ന സംശയം ജനിച്ചേക്കാം. ഒരിക്കലുമല്ല. കാരണം വളരെ നിസാരമായ കാരണം പറഞ്ഞാണ് പാശ്ചാത്യസ്ത്രീകള്‍ ജോലിയിടങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. ഒരുനിലക്കും ഇതില്‍ നിന്ന് രക്ഷപ്പെടാനോ ബദല്‍സംവിധാനം കാണാനോ അവര്‍ക്ക് സാധ്യമല്ല. എന്നാല്‍ ഇത് വഴി അവരുടെ സ്ത്രീത്വം നഷ്ടപ്പെടുകയും കുഞ്ഞുങ്ങളില്‍ നിന്ന് അകന്ന് ജീവിക്കേണ്ടിവരികയും ചെയ്യുന്നു. 'ആണും പെണ്ണും വഞ്ചിതരാവുന്ന സാമ്പത്തിക സ്വാതന്ത്ര്യം' എന്ന പാശ്ചാത്യ തലവാചകം കൊണ്ടുദ്ദേശിക്കുന്നതും ഇത് തന്നെയാണ്.
എന്നാല്‍ ഇസ്‌ലാം ആദ്യം സ്ത്രീയുടെ ആവശ്യങ്ങള്‍ മതിയാക്കിക്കൊടുക്കും, രണ്ടാമതായി സാമൂഹിക സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വഴികള്‍ അവള്‍ക്ക് മുന്നില്‍ തുറന്ന് വെക്കും. ആവശ്യമെങ്കില്‍ അവള്‍ക്ക് യോജിച്ച, സമൂഹനിര്‍മ്മിതിയില്‍ പങ്ക് വഹിക്കാന്‍ സാധിക്കുന്ന ജോലിയോ മറ്റോ ഉണ്ടെങ്കില്‍ സ്വീകരിക്കാം ഇല്ലെങ്കില്‍ അവള്‍ക്കുപേക്ഷിക്കാം. ഇത് തന്നെയാണ് ഇസ്ലാം ഉയര്‍ത്തുന്ന 'പിതാവെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും സ്ത്രീയുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട പുരുഷന്റെ ബാധ്യത' എന്ന മുദ്രാവാക്യം കൊണ്ട് ലക്ഷീകരിക്കുന്നത്.
ചര്‍ച്ചാവസാനം ഞാനെന്റെ പ്രിയ വായനക്കാരോട് ഒരു കാര്യം ചോദിക്കട്ടെ.... നവയൂറോപ്യന്‍രീതി അനുദാവനം ചെയ്യുന്നവരുടെ മനസ്സുകള്‍ വെമ്പുന്നത് പോലെ എന്റെ സമര്‍ത്ഥനങ്ങളിലൂടെ ഇസ്‌ലാമിനെ കാലികമാക്കുവാനും ആധുനികമാക്കുവാനും പുരോഗമനപ്പെടുത്തുവാനും ഞാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ആധുനിക എഴുത്തുകാരിലും ഗവേഷകരിലും പെട്ട ചിലര്‍ക്ക് മുന്നില്‍ ഇസ്‌ലാമിലില്ലാത്ത, മറ്റു ചിലര്‍ ചാര്‍ത്തിയ അധിശയോക്തി കലര്‍ത്തിയ കാര്യങ്ങള്‍ സമര്‍പ്പിക്കപ്പടുമ്പോള്‍ ആ കാര്യങ്ങളെ അവര്‍ ഇസ്‌ലാമിലേക്ക് ചേര്‍ത്തിപ്പറയുകയും ഇസ്‌ലാമിക നിയമങ്ങള്‍ ആധുനികജീവിത സാഹചര്യങ്ങളൊട് ഒരിക്കലും ഇഴകിച്ചേരുന്നില്ലെന്നും മതനിയമങ്ങളെല്ലാം ചിന്തായോഗ്യമല്ലെന്നും അവര്‍ ഘോഷിക്കാറുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളായ ഖുര്‍ആന്‍, ഹദീസുകളില്‍ നിന്ന് എടുക്കപ്പെട്ട മതകാര്യങ്ങള്‍ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അത് ഇസ്‌ലാമിനെ ആധുനികവല്‍ക്കരിക്കാനുള്ള, നവീകരിക്കാനുള്ള ശ്രമമാണന്ന് വിളിച്ചുകൂവുകയും ചെയ്യും. 'നിങ്ങളുടെ കഴിവിന്റെ പരമാവധി ഇസ്‌ലാമിനെ നിങ്ങള്‍ കളങ്കരഹിതമായി ഞങ്ങള്‍ക്കവതരിപ്പിച്ചു തരിക, ഞങ്ങള്‍ ഇസ്‌ലാമിനോട് നിരാശ്രയരാണ്' എന്ന് അവര്‍ നമ്മോട് പറയുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
ഈ ഘട്ടത്തില്‍ വിചിത്രമായ ഈ വാദക്കാരോട് തര്‍ക്കിക്കുവാന്‍ ഞാനുദ്ദേശിക്കുന്നില്ല. എങ്കിലും ഞാനൊരാവര്‍ത്തി കൂടി ചോദിക്കട്ടെ... എന്റെ വിശദീകരണത്തിലും സമര്‍ത്ഥനത്തിലും ഇസ്‌ലാമിനെ ആധുനികവല്‍ക്കരിക്കാനും കാലികമാക്കുവാനും ശ്രമിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ?. എന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിന്റെ ആധുനികവല്‍ക്കരണം, കാലികവല്‍ക്കരണം എന്ന പേരില്‍ നടക്കുന്നത് ഇസ്‌ലാമികനിയമങ്ങളെ നശിപ്പിച്ച് കളയലാണ്.
ആത്മാര്‍ത്ഥമായി ഇസ്‌ലാമിനെ അംഗീകരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവര്‍ മതനിയമങ്ങള്‍ യഥാര്‍ത്ഥ സോഴ്‌സുകളില്‍ നിന്ന് സ്വീകരിക്കുകയും നബി(സ്വ)യുടേയും സ്വഹാബത്തിന്റെയും കാലത്തെ ഉത്തമമാതൃകയായി സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ ദീനില്‍ സ്ത്രീയുടെ സ്ഥാനം സമര്‍ത്ഥിക്കുവാന്‍ ഞാന്‍ സ്വീകരിച്ച രീതിയും ഇത് തന്നെയാണ്. ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും മതവിധികള്‍ പറഞ്ഞ് ലോകമുസ്‌ലിംകള്‍ക്കാകമാനം മാതൃകയായ തിരുനബിയുടേയും അനുചരരുടേയും ജീവിത ദര്‍പ്പണത്തിന് മുന്നില്‍ മാന്യവായനക്കാരനെ പിടിച്ചിരുത്താനാണ് ഞാന്‍ ശ്രമിച്ചത്. കളങ്കരഹിതവും യഥാര്‍ത്ഥവുമായ ഇസ്‌ലാമിലേക്കുള്ള മടക്കമാണ് ആധുനികവല്‍ക്കരണവും നവവല്‍ക്കരണവുമെങ്കില്‍, നവയുഗത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം കൊണ്ട് ലക്ഷികരിക്കുന്നതും അത് തന്നെയാണ്. അത് തന്നെയാണ് നമ്മുടെ ലക്ഷ്യം, വ്യക്തിപൂജയില്‍ നിന്നും പക്ഷപാതത്തില്‍ നിന്നും മുക്തിനേടിയ, കാര്യങ്ങള്‍ യഥാവിധി ചിന്തിക്കുന്ന ഏതൊരാളുടേയും ആഗ്രഹവും.....
സഈദ് റമളാന്‍ ബൂത്വിയുടെ അല്‍മര്‍അ ബൈനത്വുഗ്യാനിന്നിളാമില്‍ഗര്‍ബി വലത്വാഇഫിത്തശ്രീഇര്‍റബ്ബാനി എന്ന ഗ്രന്ഥത്തിലെ ഭാഗം
Wonderful work
ReplyDeleteJammy Monkey Casino & Resort - Jammy Monkey Hotel, Macau
ReplyDeleteDiscover exciting 전라남도 출장마사지 promotions, gaming, entertainment and dining at Jammy Monkey Hotel, Macau. 영주 출장마사지 JAMMY MONOCOLY 김포 출장마사지 is an 김제 출장마사지 award-winning gaming experience 평택 출장안마 that offers
Post a Comment