ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെത് ഹജ്ജ് കര്‍മ്മമാണല്ലോ. അടിമകള്‍ക്ക് പൊതുവായി നല്‍കപ്പെടുന്ന അനുഗ്രഹങ്ങള്‍ക്ക് പുറമേ വിശ്വാസികള്‍ക്ക് ഇലാഹിയ്യായി നല്‍കപ്പെടുന്ന അനുഗ്രഹങ്ങളില്‍ അതിസ്രേഷ്ടമാണ് ഹജ്ജ് ചെയ്യുവാനുള്ള അവസരം. ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ പലതും സമയനിര്‍ണ്ണിതമാണെങ്കിലും സ്ഥലനിര്‍ണ്ണിതമല്ല. എന്നാല്‍ സ്ഥലകാല നിര്‍ണ്ണയങ്ങള്‍ക്ക് വിധേയമായി നിര്‍വ്വഹിക്കപ്പെടേണ്ട കര്‍മ്മമാണ് ഹജ്ജ്. അത്‌കൊണ്ട് തന്നെ ചെയ്യുന്ന കര്‍മ്മങ്ങളിലേക്ക് വിശ്വാസി ചേര്‍ത്ത് വിളിക്കപ്പെടുന്ന പ്രവണതയില്ലെങ്കിലും ഹജ്ജ് നിര്‍വ്വഹിച്ച വിശ്വാസി ഹാജി എന്ന് സാര്‍വ്വത്രികമായി വിളിക്കപ്പെടാറുണ്ട്.
സ്വന്തം നാടും വീടും സ്വത്തും കുടുംബവും വിട്ട് സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി ഹജ്ജിന് യാത്ര പോകുന്ന വിശ്വാസിയുടെ മനസ്സില്‍ സ്വപ്‌നസാഫല്യത്തിന്റെ സന്തോഷപ്പൂക്കള്‍ വിരിയും. അത്‌കൊണ്ട് തന്നെ ആകെയുള്ള സമ്പാദ്യത്തില്‍ നിന്ന് അല്‍പ്പാല്‍പം മാറ്റിവെച്ച് ഹജ്ജെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചവരാണ് പലരും. കാരണം, സമ്പൂര്‍ണ്ണമായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ലെന്നാണ് നബി(സ്വ) പറഞ്ഞത്. പൂര്‍ണ്ണമായി ഒരുങ്ങിത്തയ്യാറായി പിന്നീട് ഹജ്ജ്‌യാത്ര മുടങ്ങുമ്പോഴുണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാനാവില്ല.
ആരോഗ്യവും, സമ്പത്തും, യാത്രാസൗകര്യങ്ങളുമെല്ലാം ഒത്തുവരുമ്പോള്‍ മാത്രമേ ഇത്രയും സ്രേഷ്ടവും പ്രതിഫലാര്‍ഹവുമായ ഹജ്ജിന് പോകാന്‍ സാധിക്കുകയുള്ളൂ. നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷത്തേത് പോലെ ഇത്തവണയും കര്‍ശനമായ നിയന്ത്രണത്തോടെ വിരലിലെണ്ണാവുന്നവര്‍ക്കേ ഹജ്ജ് നിര്‍വ്വഹിക്കാന്‍ സാധ്യമാകൂ. എങ്കിലും ആഗ്രഹിച്ച് കൊതിച്ചിരുന്നവര്‍ക്ക് അവരുടെ നിയ്യത്ത് പോലെ പ്രതിഫലം നല്‍കാന്‍ അല്ലാഹുവിന് പ്രയാസമൊന്നുമില്ല. എന്നാല്‍ നാം നിത്യജീവിതത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന, നിസ്സാരമെന്ന് നാം വിചാരിക്കുന്ന പല കര്‍മ്മങ്ങള്‍ക്കും ഹജ്ജിന്റെയും ഉംറയുടേയും പ്രതിഫലമുണ്ടെന്ന് നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ അമലുകള്‍ നാം സശ്രദ്ധം നിര്‍വ്വഹിക്കുകയാണെങ്കില്‍ ദൈനംദിനം നിരവധി പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ നമുക്ക് സാധ്യമാകും.
ജ്ഞാന സമ്പാദനവും നിസ്‌കാരവും
അബൂഉമാമ(റ) നബി(സ്വ)യില്‍ നിന്നുദ്ധരിക്കുന്നു: ''ആരെങ്കിലും ഇല്‍മ് പഠിക്കണമെന്ന താത്പര്യത്തോടെ പള്ളിയില്‍ പോയാല്‍ പരിപൂര്‍ണ്ണമായ ഹജ്ജ് നിര്‍വ്വഹിച്ചവന്റെ പ്രതിഫലമവനുണ്ടാകും'' (ത്വബ്‌റാനി). നബി(സ്വ)മറ്റൊരിക്കല്‍ പറയുകയുണ്ടായി; ''അംഗസ്‌നാനം ചെയ്ത് തന്റെ വീട്ടില്‍നിന്ന് പള്ളിയിലേക്ക് നിര്‍ബന്ധനിസ്‌കാരത്തിന് പുറപ്പെടുന്നവന് ഹജ്ജിന് ഇഹ്‌റാം കെട്ടിയ ഹാജിയുടെ പ്രതിഫലമാണുള്ളത്. ആരെങ്കിലും പൂര്‍വ്വാഹ്നനിസ്‌കാരത്തിന്(ളുഹാ) വേണ്ടി പുറപ്പെട്ടാല്‍ ഉംറ നിര്‍വ്വഹിച്ചവന്റെ പ്രതിഫലവും ലഭിക്കുന്നതാണ്''(അബൂദാവൂദ്).
ഇശാഅ് നിസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കുന്നത് ഹജ്ജിന്റെയും സുബ്ഹി നിസ്‌കാരം ജമാഅത്തായി നിര്‍വ്വഹിക്കുന്നതിന് ഉംറയുടേയും പ്രതിഫലമുണ്ടെന്ന് ഉഖ്ബതുബ്‌നുഅബ്ദില്‍ഗാഫിര്‍ നിവേദനം ചെയ്തത് കാണാം. സുബ്ഹിനിസ്‌കാരം ജമാഅത്തായി നിര്‍വ്വഹിച്ച ശേഷം സൂര്യോദയം വരെ അതേ സ്ഥലത്തിരുന്ന് അല്ലാഹുവിന് ദിക്‌റ് ചൊല്ലുകയും ശേഷം രണ്ട് റക്അത്ത് ളുഹാ നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക് പരിപൂര്‍ണ്ണമായ ഹജ്ജും ഉംറയും നിര്‍വ്വഹിച്ച പ്രതിഫലമുണ്ടെന്ന് നബി(സ്വ)യില്‍ നിന്ന് അനസ്(റ) നിവേദനം ചെയ്ത ഹദീസ് ഇമാം തിര്‍മുദി രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റയളവില്‍ ഉയര്‍ന്ന ശേഷമാണ് ളുഹാ നിസ്‌കരിക്കേണ്ടത്. അതിന് മുമ്പ് നിസ്‌കരിക്കല്‍ കറാഹത്താണെന്നാണ് കര്‍മ്മശാസ്ത്രം പറയുന്നുണ്ട്. ഏകദേശം സുര്യോദയം കഴിഞ്ഞ് ഇരുപത് മിനുട്ട് കഴിഞ്ഞാല്‍ നിസ്‌കരിക്കാമെന്നാണ് മുഹഖിഖുകള്‍ പറഞ്ഞ്തന്നിട്ടുള്ളത്.
സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍
സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ എന്ന്ീ മൂന്ന് ദിക്‌റുകള്‍ സത്യവിശ്വാസി പലഘട്ടങ്ങളില്‍ ചൊല്ലുന്നവയും പലവിധനേട്ടങ്ങള്‍ക്ക് കാരണമാകുന്നവയുമാണ്. നിസ്‌കാരശേഷവും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം ഇത് പ്രത്യേകം പതിവാക്കണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. സ്വഹാബികളിലെ ധനാഢ്യര്‍ ഹജ്ജും ഉംറയും ദാനധര്‍മ്മവുമെല്ലാം നിര്‍വ്വഹിച്ച് സര്‍വ്വ പുണ്യങ്ങളും നേടി, ഞങ്ങള്‍ പാവപ്പെട്ടവരായത് കാരണം അതിനൊന്നും സാധിക്കില്ലെന്ന് സങ്കടഹരജി സമര്‍പ്പിച്ച പാവപ്പെട്ട സ്വഹാബികളോട് നബി(സ്വ)ചോദിച്ചു:''നന്‍മയില്‍ നിങ്ങളെ കവച്ചുവെച്ചവരോടൊപ്പമെത്തുകയും നിങ്ങളുടെ പിന്നിലുള്ളവര്‍ക്ക് നിങ്ങളോടൊപ്പമെത്താന്‍ സാധിക്കാതിരിക്കുകയും, നിങ്ങള്‍ ചെയ്യുന്ന അതേ കാര്യം ചെയ്യുന്നവരല്ലാത്തവരേക്കാള്‍ ഏറ്റവും പുണ്യവാന്‍മാരുമാകാനും നിങ്ങള്‍ക്ക് സാധ്യമാകുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടെയോ?. അവര്‍ അതെ എന്ന് പറഞ്ഞു. എങ്കില്‍ ഓരോ ഫര്‍ള് നിസ്‌കാരശേഷവും സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹുഅക്ബര്‍ എന്നീ ദിക്‌റുകള്‍ മുപ്പത്തിമൂന്ന് തവണ പതിവാക്കുക''(സ്വഹീഹുല്‍ബുഖാരി).
ഖുര്‍ആന്‍ ഖത്മ്തീര്‍ക്കാതെയും, അമ്പിയാക്കള്‍ മുഴുവന്‍ ശുപാര്‍ശകരാവാതെയും, സത്യവിശ്വാസികളെ മുഴുവന്‍ തൃപ്തിപ്പെടുത്താതെയും, ഹജ്ജും ഉംറയും നിര്‍വ്വഹിക്കാതെയും ഒരു രാത്രിയും ഉറങ്ങരുതെന്ന് ഫാത്വിമബീബി(റ)യോട് നബി(സ്വ) പറഞ്ഞു. ഇതെല്ലാം ഒറ്റരാത്രികൊണ്ട് എങ്ങനെ ചെയ്ത് തീര്‍ക്കുമെന്ന് ആശങ്കപ്പെട്ട മകളോട് നബി (സ്വ) പറഞ്ഞുകൊടുത്തു; 'സൂറതുല്‍ഇഖ്‌ലാസ് മൂന്ന് തവണ ഓതിയാല്‍ ഖുര്‍ആന്‍ ഒരു തവണ ഖത്മ് തീര്‍ത്ത പ്രതിഫലമുണ്ട്. എന്റെയും മറ്റു അമ്പിയാക്കളുടേയും പേരില്‍ സ്വലാത് ചൊല്ലിയാല്‍ ഞങ്ങള്‍ നാളെ ശുപാര്‍ശകരായി വരും. മുഅ്മിനീങ്ങള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലിയാര്‍ അവരെല്ലാം നിങ്ങളെ ഇഷ്ടപ്പെടും. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ് എന്നിവ മുപ്പത്തിമൂന്നും അ്ല്ലാഹുഅക്ബര്‍ മുപ്പ്ത്തിനാല് തവണയും ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വ്വഹിച്ച ഫലമുണ്ടായിരിക്കുമെന്നും നബി(സ്വ) വിശദീകരിച്ചു കൊടുത്തു.
റമളാനിലെ ഉംറ
പരിശുദ്ധറമളാനിലെ ഉംറക്ക് വിശുദ്ധ ഹജ്ജിന്റെ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. തിരുനബി(സ്വ)യുടെ കൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട ചില സ്വഹാബീവനിതകള്‍ അതിന് വല്ല പരിഹാരവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വിശുദ്ധ റമളാനില്‍ നിങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ)മറുപടി നല്‍കിയത്.
സാമൂഹിക സേവനം
സാമൂഹികസേവനത്തിന് ഇസ്ലാമില്‍ വലിയ പ്രാധാന്യമുണ്ട്. മസ്ജിദുന്നബവിയില്‍ ഒരുമാസം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ പുണ്യമാണ് സ്വസഹോദരന്റെ ആവശ്യപൂര്‍ത്തീകരണത്തിന് വേണ്ടി പരിശ്രമിക്കലെന്ന തിരുവചനങ്ങളില്‍ കാണാം. ഹസനുല്‍ബസ്വരി(റ) ഒരിക്കല്‍ തന്റെ ചില ശിഷ്യന്‍മാരെ ഒരാളെ സഹായിക്കാന്‍ പറഞ്ഞയച്ചു. വഴിയില്‍ വെച്ച് സാബിതുല്‍ബുനാനിയേയും കൂടെക്കൂട്ടണമെന്ന് നിര്‍ദേശിച്ചു. അവര്‍ അദ്ദേഹത്തിന്റെ അടുത്ത് കൂടെപ്പോരാന്‍ ഹസനുല്‍ബസ്വരി(റ) പറഞ്ഞിട്ടുണ്ടെന്ന് ഉണര്‍ത്തി. ഞാന്‍ ഇഅ്തികാഫിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിവരം ഹസനുല്‍ബസ്വരി(റ)യോട് പറഞ്ഞപ്പോള്‍ ''മുസ്‌ലിം സഹോദരനെ സഹായിക്കുന്നതിന് ധാരാളം ഹജ്ജുകള്‍ നിര്‍വ്വഹിക്കുന്നതിനേക്കാള്‍ മഹത്വമുണ്ട്'' എന്ന് അദ്ദേഹത്തോട് നിങ്ങള്‍ പറയുക. ഇത് കേട്ടപ്പോള്‍ തന്റെ ഭജനമിരുത്തം ഒഴിവാക്കി ആ സേവനത്തിന് അവരുടെ കൂടെ സാബിതുല്‍ബുനാനി ഇറങ്ങിപ്പുറപ്പെടുകയുണ്ടായി.
മാതാപിതാക്കളെ കരുണയോടെ നോക്കുക
മാതാപിതാക്കളെ ബഹുമാനിക്കലും അവര്‍ക്ക് സേവനം ചെയ്യലും വിശുദ്ധഖുര്‍ആനില്‍ പോലും ഏറെ പ്രാധാന്യത്തോടെ സൂചിപ്പിച്ച കാര്യമാണ്. മാതാപിതാക്കളെ കാരുണ്യത്തോടെ നോക്കുന്നത് പോലും ഏറെ പുണ്യമാണ്. കഅ്ബ നോക്കിയിരിക്കലും ഖുര്‍ആന്‍ നോക്കലും മാതാപിതാക്കളെ നോക്കലും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലഭ്യമാകുവാനും പാപമോചനത്തിനും ഹേതുകമാണെന്ന് ദീന്‍ പഠിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മുഖത്തേക്ക് കാരുണ്യത്തോടെ നോക്കുന്നതിന് പരിപൂര്‍ണ്ണമായ ഹജ്ജിന്റെ പ്രതിഫലമുണ്ടെന്ന് കിതാബുകളില്‍ കാണാം.
ചുരുക്കത്തില്‍ നാം ശ്രദ്ധവെക്കുകയെങ്കില്‍ ഓരോ ദിവസവും നിരവധി ഹജ്ജും ഉംറയും ചെയ്ത ഫലം നേടിയെടുക്കാന്‍ നമുക്ക് സാധ്യമാകും. ചുരുങ്ങിയ കാലത്തിനുള്ളില്‍ കൂടുതല്‍ അമലുകള്‍ ചെയ്ത ഫലം ഇത് വഴി ഓരോ വിശ്വാസിക്കും സൗകര്യമാകും. അല്ലാഹുവിന്റെ തൗഫീഖ് വേണമെന്ന് മാത്രം. അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍
Post a Comment