വിശ്വാസി സമൂഹത്തി്‌ന് വലിയ ചിന്തകളും പാഠങ്ങളും സമ്മാനിക്കുന്ന മഹാവ്യക്തിത്വമാണ് ഖലീലുല്ലാഹി ഇബ്‌റാഹീം(അ). ജന്‍മം കൊണ്ടും ജീവിതം കൊണ്ടും മഹാത്ഭുതങ്ങള്‍ കാണിക്കുകയും, ആദര്‍ശ സംരക്ഷണത്തിന് വേണ്ടി ജീവത്യാഗം വരെ ചെയ്ത്, ഉത്തമമായൊരു മില്ലത്തിന്റെ പിതാവായി കടന്നുപോയ അവരുടെ സ്മരണകളില്‍ ലോകം വീണ്ടും ഒരുമിച്ചു കൂടിയിരിക്കുകയാണ്. 

ജന്‍മം കൊണ്ട് മനുഷ്യരായവരും ജീവിതം കൊണ്ട് മാലാഖമാരേക്കാള്‍ ഉന്നതിയിലെത്തുകയും ചെയ്തവരില്‍ നിന്ന് തന്നെ ത്യാഗസന്നദ്ധത കൊണ്ട് ഐഹികജീവിതത്തെ നേരിട്ട 'ഉലുല്‍അസ്മുകളിലാണ് ഇബ്‌റാഹീം(അ)നെ നാം കാണുന്നത്. വീടും കുടുംബവും നാടും രാജാവും രാഷ്ട്രവുമെല്ലാം തനിക്കെതിരായപ്പോഴും, അല്ലാഹു ഏല്‍പിച്ച വിശുദ്ധ ദീനിന്റെ സംരക്ഷണത്തിന് വേണ്ടി അഗ്നികുണ്ഠം പോലും പൂമെത്തയായി സ്വീകരിച്ചു അവര്‍. എല്ലാത്തിലുമുപരി, അല്ലാഹുവിന്റെ പരീക്ഷണങ്ങളോരുന്നും പൂര്‍ണമനസ്സോടെ സ്വീകരിക്കുകയും 'ഒരു സമൂഹം' കണക്കെ എല്ലാം നേരിടുകയും ക്ഷമിക്കുകയും ചെയ്ത് കൊണ്ട് അല്ലാഹുവിന്റെ ആത്മമിത്രം(ഖലീലുല്ലാഹി) എന്ന അനുഗ്രഹീത പദവിയിലെത്താന്‍ അവര്‍ക്ക് സാധിച്ചു. അത് കൊണ്ട് തന്നെ ഐഹികലോകത്ത് മാത്രമല്ല, പരലോകത്തും വിജയിച്ചവനെന്ന ഖുര്‍ആനിന്റെ അത്യപൂര്‍വ്വ വിശേഷണത്തിന് അര്‍ഹതനേടി. 'ഇഹലോകത്തദ്ദേഹത്തിന്(ഇബ്‌റാഹീം അ) നാം നന്‍മ ചെയ്യുകയും പരലോകത്ത് അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലുമായിരിക്കും'(അന്നഹ്‌ല് 122).


  ജനനവും, വളര്‍ച്ചയും

ഇബ്‌റാഹീം(അ)ന്റെ ജന്‍മനാടിനെ കുറിച്ച് ചരിത്രത്തില്‍ ഭിന്നതകളുണ്ട്. അഹ്‌വാസിലെ സൂസ് എന്ന സ്ഥലത്താണ് ജനനമെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ബാബിലോണിയയിലാണെന്നും കൂസാ എന്ന സ്ഥലത്താണെന്നും പറഞ്ഞവരുണ്ട്. ഇബ്‌റാഹീം (അ)ന്റെ കുടംബ, ദേശ സാഹചര്യം മനസ്സിലാക്കുന്നവര്‍ക്ക് ആ ജീവിതത്തിന്റെ മഹത്വമുള്‍ക്കൊള്ളാന്‍ പ്രയാസമില്ല. 

ഇബ്‌റാഹീം നബിയുടെ ജനനവേളയില്‍ നംറൂദായിരുന്നു ഭരണം നടത്തിയിരുന്നത്. ലോകം അടക്കി ഭരിച്ച അവന്റെ തലസ്ഥാനം ബാബിലോണിയയായിരുന്നു. ജനനത്തിന് മുമ്പ് തന്നെ ഇബ്‌റാഹീം നബിക്കെതിരെ തിരിഞ്ഞവനാണ് നംറൂദ്. അതിനുള്ള കാരണവും ചരിത്രം പറയുന്നുണ്ട്. ബാബിലോണിയയിലുണ്ടായിരുന്ന ചില ജോത്സ്യന്‍മാര്‍ വന്ന് നംറൂദിനോട് ഇപ്രകാരം പറഞ്ഞു''ഇബ്‌റാഹീം എന്ന് പേരുള്ള ഒരു കുഞ്ഞ് നിങ്ങളുടെ നാട്ടില്‍ ജനിക്കുമെന്നും അവന്‍ നിങ്ങളുടെ ബിംബങ്ങളെ തച്ചുടക്കുകയും മതത്തേയും വിശ്വാസത്തേയും നിരാകരിക്കുകയും ചെയ്യുമെന്ന വിവരം ഞങ്ങള്‍ക്കറിയാന്‍ സാധിച്ചിട്ടുണ്ട്''. അഹന്ത കൊണ്ട് കണ്ണ് കാണാത്ത നംറൂദിന് പേടിക്കാന്‍ ഇതിലേറെ മറ്റൊന്നും വേണ്ടി വന്നില്ല. പ്രവചിത വര്‍ഷമായപ്പോള്‍ ഗര്‍ഭിണികളെ മുഴുവന്‍ കാരാഗൃഹത്തിലടക്കാന്‍ ഓര്‍ഡര്‍ നല്‍കി. പ്രസവിക്കപ്പെടുന്നവരെല്ലാം കൊലചെയ്യപ്പെട്ടു. പക്ഷെ, ഇബ്‌റാഹീം(അ)ന്റെ ഉമ്മ ഗര്‍ഭം ധരിച്ചത് പോലും ആ ദുഷ്ടരറിഞ്ഞില്ല, അതിന്റെ എല്ലാ അടയാളങ്ങളും അല്ലാഹു ഇല്ലാതാക്കിയിരുന്നു. പ്രസവവേദനയുണ്ടായപ്പോള്‍ വീടിനടുത്തുള്ള ഗുഹയില്‍ ചെന്ന് അല്ലാഹുവിന്റെ സംരക്ഷണത്തില്‍ സുഖമായി പ്രസവിക്കുകയും ഗുഹാമുഖം അടച്ചു നാഥനെ ഭരമേല്‍പിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒരു ദിവസം കൊണ്ട് ഒരു മാസത്തെ വളര്‍ച്ചയായിരുന്നു ഇബ്‌റാഹീം(അ)ന്. കുഞ്ഞായിരിക്കുമ്പോള്‍ ജിബ്‌രീല്‍(അ)തന്റെ വിരലിലൂടെ നല്‍കിയ ഭക്ഷണവും ഉമ്മയുടെ മുലപ്പാലുമാണ് കഴിച്ചിരുന്നത്(തഫ്‌സീര്‍ റാസി- അല്‍ അന്‍ആം). 

  പ്രബോധനഘട്ടം:

ഇബ്‌റാഹീം (അ)ന്റെ അത്ഭുത ജനനവും വളര്‍ച്ചയും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന അത്യത്ഭുതങ്ങളിലേക്കുള്ള സൂചനകളായിരുന്നു. പ്രായോഗിക ബുദ്ധിയിലൂടെ സമൂഹത്തെ പ്രബോധനം ചെയ്ത് മാതൃകകാണിച്ചത് ഇബ്‌റാഹീം നബിയാണ്. ഖുര്‍ആന്‍ സവിശദമായി ആ സംഭവം വിവരിക്കുന്നുണ്ട്(സൂറതുല്‍അന്‍ആം 75 മുതല്‍). സമൂഹം ആരാധിച്ചിരുന്ന നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനുമെല്ലാം സ്രഷ്ടാവല്ല വെറും സൃഷ്ടി മാത്രമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രയാസപ്പെടേണ്ടി വന്നില്ല. പക്ഷെ, ബോധ്യപ്പെട്ട സത്യം അംഗീകരിക്കാന്‍ കൂടുതലാരും മുന്നോട്ട് വന്നില്ലെന്ന് മാത്രം. 

ബഹുദൈവാരാധന കൊടികുത്തിവാണിരുന്ന കുടുംബത്തിലും ഇബ്‌റാഹീം(അ) ദഅ്‌വത്തിന്റെ പ്രായോഗിക വശം സ്വീകരിച്ചു നോക്കി. ആ രംഗം തന്റെ ഉമ്മത്തിനെ തെര്യപ്പെടുത്താന്‍ മുഹമ്മദ് നബി(സ്വ)യോട് ആവശ്യപ്പെട്ട് അല്ലാഹു പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീം(അ)നെ കുറിച്ചുള്ള പരാമര്‍ശം നിങ്ങള്‍ പറഞ്ഞുകൊടുക്കുക; തീര്‍ച്ചയായും അവര്‍ സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം; എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതോരു ഉപകാരവും ചെയ്യാത്ത, വസ്തുവെ താങ്കളെന്തിന് ആരാധിക്കുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്ന് കിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് കിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ, ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചു തരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണയില്ലാത്തവനാണ്''(സൂറതുമര്‍യം 41-44). തന്നെ വില്‍ക്കാന്‍ ഏല്‍പിച്ചിരുന്ന ബിംബങ്ങളെ ജനങ്ങള്‍ക്കിടയിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയി അവരുടെ വങ്കത്തം കാണിച്ചു കൊടുക്കാനും ഇബ്‌റാഹീം(അ)ശ്രമിച്ചു. പക്ഷെ, അതൊന്നും അവരുടെ കണ്ണുകളെ തുറപ്പിച്ചില്ല. 

ജനങ്ങളില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യുക്തിസഹമായി പരിഹസിച്ച ഇബ്‌റാഹീം(അ) അവര്‍ക്കിടയിലെ ചര്‍ച്ചാകേന്ദ്രമായി മാറി. ഒരു ദിവസം ആ നാട്ടില്‍ നടന്ന ഒരാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ആളുകളെല്ലാം പോയപ്പോള്‍ ഇബ്‌റാഹീം(അ) അവര്‍ ആരാധിക്കുന്ന ബിംബങ്ങള്‍ നിരത്തിവെച്ചിരുന്ന മന്ദിരത്തില്‍ ചെന്നു കയ്യില്‍ കരുതിയ കോടാലി കൊണ്ട് ഓരോന്നോരോന്നായി അടിച്ചുതകര്‍ത്തു. അടികൊണ്ട ബിംബങ്ങളെല്ലാം മുഖം കുത്തിവീണു.  എല്ലാം തകര്‍ത്ത് അവശേഷിച്ചിരിക്കുന്ന ഏറ്റവും വലിയ ബിംബത്തിന്റെ കഴുത്തില്‍ ആ കോടാലിയും ചാര്‍ത്തി അദ്ദേഹം രക്ഷപ്പെട്ടു. ആഘോഷാരവങ്ങള്‍ കഴിഞ്ഞ് ദേവാലയത്തില്‍ വന്നപ്പോള്‍ കണ്ട കാഴ്ച അവരെ പ്രകോപിതരാക്കി. വിഗ്രഹവിരോധിയായ ഇബ്‌റാഹീം തന്നെയായിരിക്കും ഇതിന് പിന്നിലെന്ന് അവര്‍ അടക്കം പറഞ്ഞു.

വിവരങ്ങളെല്ലാം അറിഞ്ഞ നംറൂദ് ഇബ്‌റാഹീം(അ)നെ കൊട്ടാരത്തിലേക്ക് വിളിച്ചു. അവിടെ വെച്ച് രണ്ട് പേരും തമ്മില്‍ വാഗ്വാദം നടന്നു. ഖുര്‍ആന്‍ അത് രേഖപ്പെടുത്തുന്നുണ്ട്. 'നീ ഞങ്ങളോട് ആരാധിക്കാന്‍ കല്‍പിക്കുകയും നീ ആരാധിക്കുകയും ചെയ്യുന്ന ആരാധ്യനാരാണ്' എന്ന് നംറൂദ് ചോദിച്ചു. 'ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ റബ്ബ്. നംറൂദ് പറഞ്ഞു; ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. ഇബ്‌റാഹീം(അ) പറഞ്ഞു അല്ലാഹു സൂര്യനെ കിഴക്കില്‍ നിന്ന് കൊണ്ട് വരുന്നവനാണ്, നീ അതിനെ പടിഞ്ഞാറില്‍ നിന്ന് കൊണ്ട് വരിക.' ഇതിന് മുന്നില്‍ നംറൂദ് മുട്ടുമടക്കി. സ്വന്തം പരാജയം അംഗീകരിക്കാന്‍ ഒരുക്കമല്ലാത്ത സ്വേഛാധിപതികളുടെ അവസാനത്തെ അടവ് നടപ്പിലാക്കാന്‍ അവനും  ഒരുങ്ങി. 

തൗഹീദിന്റെ പടനായകനായ ഇബ്‌റാഹീം(അ)നെ തീയിലിട്ട് കരിച്ച് കളയാന്‍ അവര്‍ തീരുമാനിച്ചു. കാലങ്ങളുടെ തയ്യാറെടുപ്പുകള്‍ അവര്‍ നടത്തി. അഗ്‌നികുണ്ഠത്തിലേക്കുള്ള വിറക് ശേഖരണം സജീവമായി. രോഗശമനത്തിന് വേണ്ടി അഗ്‌നികുണ്ഠത്തിലേക്ക് വിറക് നേര്‍ച്ചനേരാന്‍ സ്ത്രീകള്‍ മുന്നോട്ട് വന്നു. വമ്പിച്ച വിറക് പൂജതന്നെ അവര്‍നടത്തി. അവസാനം തീകുണ്ഠം തയ്യാറായി. മുകളിലൂടെ പറന്നുപോകുന്ന പറവകള്‍ പോലും ചൂടേറ്റ് ചിറകുകരിഞ്ഞ് താഴോട്ടാപതിച്ചു. പ്രപഞ്ചനാഥന്റെ ഏകത്വം അംഗീകരിക്കുകയും  ജനങ്ങള്‍ക് പറഞ്ഞ് കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ അവന്റെ ദാസനെതിരില്‍ ശത്രുക്കളുടെ തയ്യാെറെടുപ്പുകള്‍ കണ്ടപ്പോള്‍ പ്രപഞ്ചം പോലും അമ്പരന്നു. 

തീയിലേക്കെറിയാന്‍ അവര്‍ ഒരുങ്ങി നില്‍ക്കുകയാണ്. അദ്ദേഹം അല്ലാഹുവില്‍ തവക്കുലാക്കി. ഇബ്‌റാഹീം(അ) തീയിലേക്കെറിയപ്പെട്ടു. 'ഇബ്‌റാഹീമിനുമേല്‍ നീ തണുപ്പും രക്ഷയുമാകണേ' എന്ന് അഗ്‌നിയോട് അല്ലാഹു കല്‍പിച്ചു. അണ്ഡകടാഹങ്ങള്‍ പരിരക്ഷിക്കുന്ന അല്ലാഹുവിന്റെ ഈ കല്‍പനയില്‍ അഗ്നിയുടെ തീവ്രത കുറഞ്ഞു അദ്ദേഹത്തിന് സുഖകരമായ നല്ല തണുപ്പ് പ്രദാനം ചെയ്തു. അന്നേരം ജിബ്‌രീല്‍(അ) വന്ന് സഹായമാവശ്യമുണ്ടോയെന്ന് ചോദിച്ചു. 'താങ്കളുടെ ആവശ്യമെനിക്കില്ല' എന്ന് പ്രതികരിച്ചു. 'ഈ ആപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താങ്കള്‍ക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൂടെ' എന്ന് മാലാഖ ചോദിച്ചപ്പോള്‍ 'അല്ലാഹുവിന്റെ സത്യദീന്‍ പ്രബോധനം ചെയ്തതിന്റെ പേരിലാണ് ഞാനിത് അനുഭവിക്കുന്നത്. ദീന്‍ പ്രചരണത്തിന് അല്ലാഹു ഇതാണ് പ്രതിഫലം നല്‍കുന്നതെങ്കില്‍ ഞാനിത് കൊണ്ട് സംതൃപ്തനാണ്' എന്ന് പ്രതികരിച്ചു. 

അഗ്‌നികുണ്ഠം കാലങ്ങളോളം കത്തിക്കൊണ്ടിരുന്നു. ഇബ്‌റാഹീം(അ) അതില്‍ കത്തിയമര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ജനം വിചാരിച്ചെങ്കിലും നംറൂദിന് അതില്‍ സംശയം ജനിച്ചു. അവന്‍ ഒരു ഗോപുരത്തില്‍ കയറി തീകുണ്ഠാരത്തിലേക്ക് നോക്കി. അന്നേരം സുരക്ഷിതനായി ഇരിക്കുന്ന ഇബ്‌റാഹീമിനേയും, കൂടെ തണലേകുന്ന മാലാഖയേയുമാണ് ദര്‍ശിച്ചത്. നംറൂദിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അവന്‍ ഇബ്‌റാഹീം നബിയെ നോക്കി ഇങ്ങനെ അട്ടഹസിച്ചു. 'ഓ ഇബ്‌റാഹീം, നിന്റെ  രക്ഷിതാവ് എന്നേക്കാള്‍ ഉന്നതനാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. എനിക്ക് കാണാന്‍ കഴിയാത്തത് നിന്നെ അനുഭവിപ്പിച്ച നിന്റെ രക്ഷിതാവ് വലിയവന്‍ തന്നെയാണ്.....'. അവസാനം ഒരു പോറലുമേല്‍ക്കാതെ ഇബ്‌റാഹീം(അ) ആ സമൂഹത്തിന് മുന്നിലേക്ക് തീയില്‍ നിന്ന് ഇറങ്ങി വന്നു. തങ്ങളുടെ അന്ധമായ വിശ്വാസം തകര്‍ന്നുവീഴുന്നതായി അവര്‍ക്ക് മനസ്സിലായി. ത്യാഗത്തിന്റെ തീചൂളയില്‍ വളര്‍ന്നുവലുതായ ആ ജീവിതത്തില്‍ അര്‍പ്പണത്തിന്റെ അധ്യായങ്ങള്‍ ഇനിയുമേറെയുണ്ട്.


  പരീക്ഷണങ്ങള്‍ അതിജീവിച്ച മഹത്ജീവിതം

അല്ലാഹുവിന് വേണ്ടി ജീവിതത്തില്‍ എന്തും സഹിക്കാനും ത്യജിക്കാനും സന്നദ്ധനായിരുന്നു ഖലീലുല്ലാഹി ഇബ്‌റാഹീം(അ). ദാമ്പത്യജീവിതമാരംഭിച്ചിട്ടും ഒരു കുഞ്ഞുജനിക്കാതെ വിഷമിച്ചു കാലങ്ങളോളം പ്രാര്‍ത്ഥനാ പൂര്‍വ്വം പ്രതീക്ഷിച്ചിരുന്നു. അവസാനം എണ്‍പത്തിആറാം വയസ്സില്‍ ഇസ്മാഈല്‍(അ)ജനിച്ചു. മുലകുടി പ്രായത്തില്‍ തന്നെ പുത്രനേയും മാതാവിനേയും മനുഷ്യജീവനുകളോ, സസ്യലദാതികളോ, ഭക്ഷ്യവസ്തുക്കളോ ഒന്നുമില്ലാത്ത, അറ്റമില്ലാതെ നീണ്ടുകിടക്കുന്ന മക്കയില്‍ കഅ്ബാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് കൊണ്ട് പോയി താമസിപ്പിക്കണമെന്ന് കല്‍പനലഭിച്ചു. അല്ലാഹുവിന്റെ കല്‍പന തിരസ്‌കരിക്കാന്‍ ആത്മമിത്രത്തിന് സാധ്യമല്ലല്ലോ. വേദനകളെല്ലാം കടിച്ചിറക്കി രണ്ട്‌പേരെയും നിര്‍ദിഷ്ട സ്ഥലത്താക്കി.  തിരിച്ചുപോരുമ്പോള്‍ ഹാജിര്‍ബീബി(റ) ഒരുപാട് വിളിച്ചു. അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. അവസാനം ഇങ്ങനെ ചോദിച്ചു. അല്ലാഹുവാണോ ഞങ്ങളെ ഇവിടെ കൊണ്ടുവവരാന്‍ ആവശ്യപ്പെട്ടത്?!. ഇബ്‌റാഹീം(അ) അതെ എന്ന് മാത്രം പറഞ്ഞു. എന്നിട്ട് റബ്ബിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. 'ഞങ്ങളുടെ നാഥാ; തീര്‍ച്ചയായും എന്റെ കുടുംബത്തെ നിന്റെ വിശുദ്ധ ഭവനത്തിനടുത്ത് കൃഷിയൊന്നുമില്ലാത്ത ഒരു മലഞ്ചെരുവില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ നാഥാ അവര്‍ നിസ്‌കാരം നിലനിര്‍ത്തുവാനാണത്. അത് കൊണ്ട് ജനഹൃദയങ്ങളെ അവരിലേക്ക് ആകര്‍ഷിപ്പിക്കുകയും ഫലങ്ങള്‍ അവര്‍ക്ക് നല്‍കുകയും നല്‍കുകയും ചെയ്യേണമേ, അവര്‍ നന്ദി ചെയ്യുന്നവരായേക്കാം'(സൂറതുഇബ്‌റാഹീം 37).

കയ്യില്‍ കരുതിയ ഭക്ഷണം കഴിഞ്ഞു. വിശന്ന് കുഞ്ഞ് കരയാന്‍ തുടങ്ങി. വിശപ്പ് കൂടിയപ്പോള്‍വ കുട്ടി കാലിട്ടടിച്ചു കരഞ്ഞു. തുള്ളി വെള്ളമെങ്കിലും ലഭിക്കുമെന്ന ശുഭപ്രതീക്ഷയില്‍ ഹാജിര്‍ബീബി സ്വഫയും മര്‍വയും കയറിയിറങ്ങി. നിരാശ മാത്രമായിരുന്നു ഫലം. അവസാനം പിഞ്ചുപൈതല്‍ കാലിട്ടടിച്ച ഭാഗത്ത് ജിബ്‌രീല്‍(അ) കുഴിച്ചു. ആശ്വാസത്തിന്റെ സ്വര്‍ഗധാര സംസമായി ഭൂമിയിലേക്കൊഴുകി. ആശ്വാസത്തിന്റെയും ആഗ്രഹ പൂര്‍ത്തീകരണത്തിന്റെയും സിദ്ധൗഷധമായി മാറിയ സംസം ഇബ്‌റാഹീമീ കുടുംബത്തിന്റെ വക ലോകത്തിനുള്ള സമ്മാനമാണ്. 

ഇസ്മാഈല്‍(അ) വളര്‍ന്നുലുതായി പിതാവിന്റെ കൂടെ ഓടിച്ചാടി നടക്കുന്ന പ്രായമായപ്പോള്‍ കുഞ്ഞിനെ ബലിയറുക്കണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‍പ്പന. നാഥന്റെ കല്‍പന മകനുമായി ഇബ്‌റാഹീം(അ)പങ്ക് വെച്ചു. താങ്കളോട് അല്ലാഹു പറഞ്ഞത് നടപ്പിലാക്കിക്കൊള്ളുവീന്‍ എന്ന് ക്ഷമാശീലനായ ആ പൊന്നുമകന്‍ പ്രതികരിച്ചു. 

സ്വന്തം മകനെ കുളിപ്പിച്ച് പുത്തനുടയാട ധരിപ്പിച്ച് ഉമ്മ പിതാവിന്റെ കുടെ പറഞ്ഞയക്കുകയാണ്. മിനാതാഴ്‌വരയിലേക്കാണ് അവര്‍ പോകുന്നത്. കുളിപ്പിച്ച് പറഞ്ഞയക്കുന്ന മാതാവിനും, കൈ പിടിച്ച് പോകുന്ന ഉപ്പക്കും, പുത്തനുടുപ്പ് ധരിച്ച മകനും അറിയാം ബലിയറുക്കാനാണ് പോകുന്നതെന്ന്. പക്ഷെ, അല്ലാഹുവിന് വേണ്ടി എല്ലാം അവര്‍ ക്ഷമിക്കുന്നു. ഈ സമര്‍പ്പണത്തിന് മുന്നില്‍ പ്രപഞ്ചവും സര്‍വ്വചരാചരങ്ങളും മാലാഖമാരുമെല്ലാം അത്ഭുതസ്തബ്ധരായി. ഇബ്‌റാഹീം(അ)ന് മുന്നില്‍ ഇബ്‌ലീസ് പരാജയപ്പെട്ടു. വിജയിച്ച ഇബ്‌റാഹീം(അ)ന് അല്ലാഹു ആട് സമ്മാനമായി നല്‍കി മകന് പകരം അതിനെ ബലികഴിക്കാന്‍ പറഞ്ഞു. അദ്ദേഹം ആടിനെ അറുത്തപ്പോള്‍ അവരുടെ ത്യാഗസന്നദ്ധത കണ്ട് ജിബ്‌രീല്‍(അ) അല്ലാഹുവിനെ വാഴ്ത്തി(അല്ലാഹുഅക്ബറുല്ലാഹുഅക്ബര്‍). അത് കേട്ടപ്പോള്‍ ഇബ്‌റാഹീം(അ) ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന് ചൊല്ലി. അന്നേരം മകന്‍ ഇസ്മാഈല്‍(അ) അല്ലാഹുഅക്ബര്‍ വലില്ലാഹില്‍ഹംദ് എന്നും ചൊല്ലി. ആ തക്ബീര്‍ വചനങ്ങള്‍ ഇന്നും ലോകം അണമുറിയാതെ ചൊല്ലിക്കൊണ്ടേയിരിക്കുകയാണ്.

ഭൂമിയിലാദ്യമായി പണിതുയര്‍ത്തപ്പെട്ട ദൈവികഭവനം നൂഹ്‌നബിയുടെ കാലത്തുണ്ടായ പ്രളയത്തില്‍ നശിച്ചുപോയപ്പോള്‍ പുനര്‍നിര്‍മ്മാണത്തിനല്ലാഹു തിരഞ്ഞെടുത്തതും ഇബ്‌റാഹീമീ കുടുംബത്തെയാണ്.  പിതാവും പുത്രനും ജിബ്‌രീല്‍(അ)ന്റെ നേതൃത്വത്തില്‍ ആ കര്‍മം പൂര്‍ത്തീകരിച്ചു. ലോകമുസല്‍മാന്‍ ജീവിതത്തിലും മരണത്തിലും തന്റെ ഹൃദയം തിരിക്കുന്നത് ആ ഭവനത്തിലേക്കാണ്. ഈ പുണ്യകര്‍മ്മം ചെയ്ത ശേഷം രണ്ടുപേരും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ത്ഥന വിശുദ്ധഖുര്‍ആന്‍ പൂര്‍ണമായും രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ഇബ്‌റാഹീം(അ)ഉം ഇസ്മാഈല്‍(അ)ഉം കൂടി ആ ഭവനത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന സന്ദര്‍ഭം കൂടി (ഓര്‍ക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്നിത് സ്വീകരിക്കേണമേ, തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരേയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരികയും ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാതാപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും ഗ്രന്ഥവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്ന് തന്നെ നീ നിയോഗിക്കണേ.തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'(അല്‍ബഖറ 127-129).

ഇത്രവലിയ ത്യാഗങ്ങള്‍ സഹിച്ച, മതത്തിന് വേണ്ടി സേവനമര്‍പിച്ച മറ്റൊരു കുടുംബം ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ലഭിച്ചത്ര അനുഗ്രഹങ്ങളും മറ്റൊരു കുടുംബത്തിനും നേടിയെടുക്കാനും സാധിച്ചില്ല.  ത്യാഗങ്ങള്‍ മുഴുവന്‍ സഹിച്ചതിന്റെ പേരില്‍ ലോകനേതാവായി അല്ലാഹു അദ്ദേഹത്തെ വാഴിച്ചു. പ്രപഞ്ചാന്ത്യം വരെ ലോകത്ത് സ്മരിക്കപ്പെടുന്ന ഒരു കുടുംബമെന്ന വിതാനത്തിലേക്ക് അവര്‍ ഉയര്‍ന്നു. ഉമ്മതുമുഹമ്മദ്(സ്വ) മുഴുവനും ഓരോ ദിവസവും അഞ്ച് നേരത്തെ പ്രാര്‍ത്ഥനകളില്‍ പോലും ഈ കുടുംബത്തെ അനുസ്മരിച്ചു കൊണ്ടിരിക്കുന്നു. മാത്രവുമല്ല, ഓരോ വര്‍ഷവും ഹജ്ജിന്റെ വേളകളില്‍ സര്‍വ്വലോക മുസല്‍മാന്റെ ഖല്‍ബിലും ചിന്തയിലും ഈ കുടുംബം ഓര്‍മ്മകളായി മാറുന്നു.  ഖുര്‍ആന്‍ പറയുന്നു: 'ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പന കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹമത് പൂര്‍ത്തയാക്കുകയും ചെയ്ത കാര്യവും(നിങ്ങള്‍ അനുസ്മരിക്കുക). അല്ലാഹു അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്‌റാഹീം(അ) പറഞ്ഞു എന്റെ സന്താനങ്ങളില്‍ പെട്ടവരേയും. അല്ലാഹു പറഞ്ഞു എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമാകുകയില്ല'(അല്‍ബഖറ 124)


  ഇബ്‌റാഹീമിമില്ലത്ത്.

വിശുദ്ധഖുര്‍ആനില്‍ മുഹമ്മദ്‌നബി(സ്വ)യോടും സമുദായത്തോടും ഇബ്‌റാഹീമീ മില്ലത്ത് അനുതാവനം ചെയ്യാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്. 'പിന്നീട് നേര്‍വഴിയില്‍ നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീം(അ)ന്റെ മാര്‍ഗം പിന്തുടരണമെന്ന് അങ്ങേക്ക് നാം ബോധനം നല്‍കി. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല'(അന്നഹ്‌ല് 124). നബിയെ പറയുക; അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു ശുദ്ധമനസ്‌കനായ ഇബ്‌റാഹീം(അ)ന്റെ മാര്‍ഗം പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലല്ല(ആലുഇംറാന്‍ 95).

ലോകത്ത് ഒരു പാട് ധാര്‍മിക ചര്യകള്‍ തുടങ്ങിത്തന്നത് മഹാനായ ഇബ്‌റാഹീം നബി(അ)മാണ്. മുസ്‌ലിം വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായ ചേലാകര്‍മം ആദ്യമായി നടത്തിയത് ഇബ്‌റാഹീം നബിയാണ്. അതിഥി സല്‍കാരത്തിന്റെ പ്രഥമരീതി കാണിച്ചു തന്നതും അവര്‍ തന്നെ. ശുദ്ധിയുടെ ഭാഗമായി മനുഷ്യന്‍ ഇന്ന് അനുവര്‍ത്തിച്ചുപോരുന്ന മിക്ക കാര്യങ്ങളുടെയും പ്രഥമ പ്രയോക്താവും ഇബ്‌റാഹീം നബിയാണ്. മീശ വെട്ടുക, വായില്‍ വെള്ളം കൊപ്ലിക്കുക, മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുക, മിസ്‌വാക് ചെയ്യുക, മുടിചീകുക, നഖം മുറിക്കുക, ഗുഹ്യരോമവും കക്ഷരോമവും വൃത്തിയാക്കുക, വെള്ളം കൊണ്ട് ശൗച്യം ചെയ്യുക, തുടങ്ങിയ കാര്യങ്ങളും ആരംഭിച്ചത് ഇബ്‌റാഹീം നബി തന്നെയാണ്. 

നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു ഇബ്‌റാഹീം നബി(അ). വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ചാല്‍ തന്നെ ഈ യാഥാര്‍ത്ഥ്യം വളരെ വേഗം നമുക്ക് അനുഭവിക്കാന്‍ കഴിയും. സ്വാലിഹായ മകനെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന ഇബ്‌റാഹീം(അ)നേയും(അസ്വാഫാത് 100), ഭാര്യയേയും കൊച്ചുമകനേയും മക്കയില്‍ തനിച്ചാക്കിപ്പോരുമ്പോള്‍ അവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്ന ഇബ്‌റാഹീം നബിയേയും(സൂറതുഇബ്‌റാഹീം 37) ഇബാദതുകള്‍ നിലനിര്‍ത്തുവാന്‍ തനിക്കും കുടുംബത്തിനും കഴിയണമെന്ന് അല്ലാഹുവിനോട് ആവശ്യപ്പെടുന്ന ആത്മമിത്രത്തേയും(സൂറതുഇബ്‌റാഹീം 40) ഖുര്‍ആന്‍ വരച്ചുകാട്ടുന്നുണ്ട്. കഅ്ബാലയം നിര്‍മ്മിച്ചു കഴിച്ച ശേഷം ആ പുണ്യകര്‍മം തന്നില്‍ നിന്ന് സ്വീകരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന ഇബ്‌റാഹീം നബി(അ)(അല്‍ബഖറ 127) ലോക സമൂഹത്തിന് നല്‍കുന്നത് വലിയ ഒരു പാഠമാണ്. അഥവാ; എന്ത് നന്‍മകള്‍ അനുഷ്ഠിച്ചാലും അതിന്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹു വിനോട് പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. വിശ്വകുലത്തിന് കാരുണ്യമായി കടന്നുവന്ന മുത്ത് മുഹമ്മദ്(സ്വ) ഇബ്‌റാഹീം നബിയുടെ പ്രാര്‍ത്ഥനാ ഫലമാണെന്ന് നബിവചനങ്ങളില്‍ തന്നെകാണാം.

നാമോരോരുത്തരും കൂടുതല്‍ ചിന്തിക്കേണ്ടതും പ്രാര്ത്ഥിക്കേണ്ടും അത് കാരണം നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താനുതകുന്നതുമായ കാര്യവും ഇബ്‌റാഹീം(അ)ന്റെ പ്രാര്‍ത്ഥനകളില്‍ കാണാം. അദ്ദേഹം ദുആ ചെയ്യുകയാണ് 'എന്റെ രക്ഷിതാവേ; എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോട് ചേര്‍ക്കുകയും ചെയ്യേണമേ. പില്‍കാലക്കാര്‍കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശിയാക്കേണമേ. എന്റെ പിതാവിന് നീ പൊറുത്ത് കൊടുക്കേണമേ. തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരില്‍ പെട്ടിരിക്കുന്നു. അവര്‍(മനുഷ്യര്‍) പുനര്‍ജനിക്കപ്പെടുന്ന ദിവസം എന്നെ നീ ദുഖിപ്പിക്കരുത്. അതായത് സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിനെ സമീപിച്ചവരൊഴികെ'(അശ്ശുഅറാഅ് 83-89). ഭൂമിയില്‍ തന്റെ ജീവിതം കഴിഞ്ഞ്‌പോയാല്‍ പിന്‍കാമികള്‍ തന്നെകുറിച്ച് നല്ലത് പറയുന്ന സാഹചര്യമുണ്ടാക്കണമെന്ന ഇബ്‌റാഹീം(അ)ന്റെ പ്രാര്‍ത്ഥന ഏറെ ചിന്തനീയമാണ്. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ജൂതരും ക്രൈസ്തവരും മറ്റുമൊക്കെ ഇബ്‌റാഹീം(അ) തങ്ങളുടെ മതക്കാരനാണെന്നുപോലും പ്രചരിപ്പിക്കുകയുണ്ടായി. മാത്രവുമല്ല, ലോകാവസാനം വരെ വിശ്വാസികള്‍ ഓരോ ദിവസവും ആ വ്യക്തിത്വത്തേയും കുടുംബത്തേയും ഓര്‍ത്തുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. 

തിരുനബി(സ്വ)ക്ക് മേല്‍ ചൊല്ലുന്ന സ്വലാത്തിന്റെ വ്യത്യസ്ഥ വാചകങ്ങളുണ്ട്. ചെറുതും വലുതുമായ ഈ സ്വലാതുകളില്‍ മുത്ത് നബി(സ്വ) നേരിട്ട് നിര്‍ദേശിച്ചതും, പലര്‍ക്കും പല വിധത്തില്‍ അനുമതി നല്‍കിയവയുമുണ്ട്. ഈ സ്വലാത്തുകളുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തവും പ്രാധാന്യവുമുള്ള സ്വലാത്താണ് ഇബ്‌റാഹീമിയ്യ സ്വലാത്ത്. ഇബ്‌റാഹീം നബിയുടെ പേര് പരാമര്‍ശിക്കപ്പെടുന്നത് കൊണ്ടാണ് ഈ നാമകരണം അതിന് വന്നത്. നബി(സ്വ) നേരിട്ട് പറഞ്ഞ് പഠിപ്പിച്ച സ്വലാത്താണ് ഇബ്‌റാഹീമീ സ്വലാത്ത്.

നിരവധി പ്രവാചകന്‍മാരുണ്ടായിട്ടും ഈ സ്വലാത്തില്‍ ഇബ്‌റാഹീം നബിയും കുടുംബവും പ്രത്യേകം പരാമൃഷ്ഠരായി എന്നതിന്റ ചില കാരണങ്ങള്‍ പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ റഹ്മതും ബറകതും ഒരേ ആയതില്‍ പരാമര്‍ശിച്ചത് ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് മാത്രമാണ്; (ഹുദ് 73). മുഹമ്മദ് നബി(സ്വ)ക്ക് ശേഷം അമ്പിയാക്കളില്‍ മഹോന്നതന്‍ അദ്ദേഹമാണ്. തനിക്കും മാതാപിതാക്കള്‍ക്കും പ്രാര്‍ത്ഥിച്ചതൊടൊപ്പം ലോക വിശ്വാസികളെക്കൂടി ചേര്‍ത്ത് പറഞ്ഞതിന്റെ(ഇബ്‌റാഹീം 41) ഫലമായി അന്ത്യനാള്‍ വരെയുള്ള മുഅ്മിനീങ്ങള്‍ അദ്ദേഹത്തേയും കുടുംബത്തേയും നിസ്‌കാരത്തിലെ പ്രധാന വേളയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് ഓര്‍ക്കുകയാണ്. 

ത്യാഗപൂര്‍ണവും മാതൃകാപരവുമായ ഇബ്‌റാഹീം(അ)ന്റെ മില്ലത്ത് തന്നെയാണ് നാമും പിന്തുടരേണ്ടത്. 'സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീം(അ)ന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക.? ഇഹലോകത്ത് നാം അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നു.തീര്‍ച്ചയായും പരലോകത്ത്  അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ്'(അല്‍ബഖറ 130). 'സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും  നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമതക്കാരന്‍ ആരുണ്ട്. അല്ലാഹു ഇബ്‌റാഹീം(അ)നെ ഉത്തമസുഹൃത്താക്കിയിരിക്കുന്നു'(അന്നിസാഅ് 125). നാഥന്‍ അനുഗ്രഹിക്കട്ടെ. 



Post a Comment

Previous Post Next Post