ജന്‍മം കൊണ്ട് മഹത്വം നേടുന്നവരും കര്‍മ്മം കൊണ്ട് മഹത്വം കൈവരിക്കുന്നവരുമുണ്ട്. എന്നാല്‍ ജന്‍മം കൊണ്ടും കര്‍മ്മം കൊണ്ടും മഹോന്നതനായിത്തീര്‍ന്നവരില്‍ വിശ്രുതനാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍. തിരുപരമ്പരയില്‍ നാല്‍പ്പതാമനായി, വിശുദ്ധവും കര്‍മ്മനിരതവുമായ ജീവിതം നയിച്ച പ്രപിതാക്കളുടെ പുത്രനായി 1947 ജൂണ്‍ 15നാണ് മഹാനുഭാവന്‍ ജന്‍മമെടുത്തത്. ബാല്യത്തിലെ മാതൃവാത്സല്യം വേണ്ടത്ര ലഭിച്ചില്ലെങ്കിലും പിതൃസ്‌നേഹത്തിന്റെയും സാമീപ്യത്തിന്റെയും സര്‍വ്വനന്‍മകളും നേടിയെടുക്കുവാന്‍ അദ്ദേഹത്തിന് സാധ്യമായി. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ആറ്റപ്പൂവായി വളര്‍ന്ന മോന്‍ കിടന്നതും ഉറങ്ങിയതും ഉണ്ണിയതുമെല്ലാം പിതാവിനോടൊപ്പമാണ്. കോഴിക്കോട് അല്‍മദ്‌റസതുല്‍മുഹമ്മദിയ്യയില്‍ പഠിക്കുന്ന കാലയളവിലും വീട്ടിലേക്ക് വരുമ്പോള്‍ ഈ പതിവുകള്‍ തെറ്റിയില്ല. ആ പിതാവിന്റെ മടിയില്‍ വളരുന്ന ഘട്ടത്തില്‍ തന്നെ മഹാന്‍മാരായ ബദ്‌രീങ്ങളെ കേള്‍ക്കുവാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനുണ്ടായി. അവസാനം 1975ല്‍ പിതാവിന്റെ രോഗശുശ്രൂഷക്ക് വേണ്ടി ബോംബെയിലേക്ക് അനുഗമിക്കുവാനും ഹൈദരലിതങ്ങള്‍ക്ക് തന്നെയാണ് സൗഭാഗ്യമുണ്ടായത്.

 

തിരുനബി(സ്വ)യുടെ നാല്‍പതാമത്തെ പൗത്രനാണല്ലോ ഹൈദരലിശിഹാബ് തങ്ങള്‍.  പിതാവ് പി.എം.എസ്.എ പൂക്കോയതങ്ങള്‍ മുതല്‍ അങ്ങോട്ടുള്ള ഓരോരുത്തരുടേയും മഹത്വങ്ങള്‍ വിവരണാതീതമാണ്. ആത്മീയലോകത്തെ ഉന്നതരായിരുന്ന അവര്‍ ഓരോരുത്തരും അവരുടെ കാലത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും സമുദായ നേതൃത്വവുമായിരുന്നു. ഹിജ്‌റ 1159ലാണ് പ്രപിതാമഹന്‍ സയ്യിദ് അലിശിഹാബുദ്ദീന്‍(റ) വളപട്ടണത്തേക്ക് വന്നത്. കേരളത്തിലെ ശിഹാബുദ്ദീന്‍ഖബീലയുടെ പിതാവെന്നറിയപ്പെടുന്ന ഇവരുടെ പുത്രന്‍ ഹുസൈന്‍ മുല്ലക്കോയതങ്ങള്‍(റ) കണ്ണൂര്‍ ജില്ലയില്‍ അറക്കല്‍രാജവംശത്തില്‍ നിന്ന് വിവാഹം കഴിക്കുകയും ശേഷം കോഴിക്കോട് ഇടിയങ്ങരക്കടുത്ത് സ്ഥലം വാങ്ങി അവിടെ പള്ളിവെക്കുകയും ചെയ്തു. ഇളയന്റെ പള്ളിയെന്നാണിത് അറിയപ്പെടുന്നത്. ഇവര്‍ക്ക് നാല് പുത്രന്‍മാരാണുണ്ടായിരുന്നത്. നാലാമന്‍ സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍ മലപ്പുറം വലിയങ്ങാടി ജുമാമസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു. ഇവരുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയതങ്ങളാണ് ആദ്യമായി പാണക്കാട് താമാസമാക്കിയത്. അതിന്റെ സാഹചര്യം ഇങ്ങനെയാണ്. ഒരു പ്രഭാതത്തില്‍ പാണക്കാട് താമസിച്ചിരുന്ന കുന്നത്തൊടിക കുടുംബത്തിലെ എല്ലാ അംഗങ്ങളും മരണപ്പെട്ടവിധം കാണപ്പെടുകയുണ്ടായി. അന്ന് ജീവിച്ചിരുന്ന സയ്യിദ് മുഹ്‌ളാര്‍ തങ്ങളുടെ അരികില്‍ ചെന്ന് നാട്ടുകാര്‍ ഈ കാര്യം പറഞ്ഞു. ഉടനെ അദ്ദേഹം തന്റെ പുത്രനായ ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ കയ്യില്‍ ഒരു ചൂരല്‍ നല്‍കി പാണക്കാട്ടേക്ക് അയച്ചു. മരിച്ച് കിടക്കുന്ന ഓരോരുത്തരേയും ആ വടികൊണ്ടടിച്ചു. അവരെല്ലാം ജീവന്‍ കൈവരിച്ചു. ഈ അമാനുഷികതക്ക് പ്രത്യുപകാരമെന്നോണം കുന്നത്തൊടിക വീട് ഹുസൈന്‍ ആറ്റക്കോയതങ്ങള്‍ക്ക് ലഭിച്ചു. അങ്ങിനെ അവര്‍ പാണക്കാട് സ്ഥിരതാമസമാക്കി. അവരാണ് ആദ്യത്തെ 'പാണക്കാട് തങ്ങള്‍'


1884ല്‍ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ പിന്തുണച്ച് ഐക്കല്ല് നല്‍കിയ കാരണം സംഘട്ടത്തിന് പ്രേരകനായെന്ന കുറ്റം ചുമത്തി വെല്ലൂരിലേക്ക് നാട് കടത്തി. 1885ല്‍ അവിടെ വെച്ച് വഫാതാവുകയും ചെയ്തു. സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയതങ്ങളാണ് അടുത്ത പാണക്കാട് തങ്ങളായി അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ് അലിപൂക്കോയതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമി. പുത്രഭാഗ്യമില്ലാതിരുന്ന അലിപൂക്കോയതങ്ങള്‍ കൊയഞ്ഞിക്കോയതങ്ങളുടെ പുത്രന്‍ സയ്യിദ് അഹ്മദ് പൂക്കോയതങ്ങളെ വളര്‍ത്തി. ഈ വളര്‍ത്തുപിതാവിനോടുള്ള ആദരസൂചകമായി അലി എന്ന് ചേര്‍ത്താണ് പി.എം.എസ്.എ പൂക്കോയതങ്ങള്‍ തന്റെ പുത്രന്‍മാര്‍ക്ക് പേര് വിളിച്ചത്. 

ഒരു പിതാവും സര്‍വ്വപുത്രരും ഉന്നതസ്ഥാനീയരാവുന്നത് ചരിത്രത്തില്‍ അത്യപൂര്‍വ്വമല്ലെങ്കിലും, മഹോന്നതി കൈവരിക്കുന്നതോടൊപ്പം സര്‍വ്വമനുഷ്യരുടേയും ഹൃദയഭാജനങ്ങളായത്തീരുക എന്നത് അത്യപൂര്‍വ്വം തന്നെയാണ്. പൂക്കോയതങ്ങളും മക്കളും ഈ അത്യപൂര്‍വ്വ ഭാഗ്യം ലഭിച്ച കേരളത്തിലെ കുടുംബമാണ് കൊടപ്പനക്കല്‍ തറവാട്. സമസ്തയുടെ വൈസ്പ്രസിഡന്റായും മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റായും സമൂഹത്തിന് നേതൃത്വം നല്‍കുമ്പോഴും ഓരോ അനുയായികളും ആ നേതാവിനെ ഇഷ്ടപ്പെടുകയും നേതൃത്വം ദീര്‍ഘകാലമുണ്ടാകണമെന്ന് കൊതിക്കുകയും ചെയ്തിട്ടുണ്ട്. 


സൃഷ്ടികളില്‍ സ്രഷ്ടാവിന് ഏറ്റവും പ്രിയം അടിമകള്‍ക്ക് ഏറെ ഗുണം ചെയ്യുന്നവരെയാണ്. അവന് ഏറ്റവും ഇഷ്ടമുള്ള പ്രവൃത്തി വിശ്വാസിയുടെ മനസ്സില്‍ സന്തോഷം പകര്‍ന്നുനല്‍കലുമാണ്. തിരുനബി(സ്വ)യുടെ ചാരെ വന്ന് ഇക്കാര്യം ചോദിച്ച വ്യക്തിക്ക് അവിടുന്ന് നല്‍കിയ പ്രതികരണത്തില്‍ അല്‍പംകൂടുതല്‍ വിശദീകരണം തന്നെ കാണാവുന്നതാണ്. വിശ്വാസിയുടെ പ്രയാസം ദൂരീകരിക്കലും, കടം വീട്ടലും, പട്ടിണിയകറ്റലുമെല്ലാം ഈ ഗണത്തില്‍ പെടുന്ന നന്‍മകളാണ്. ഏഴരപ്പതിറ്റാണ്ടിനിടയില്‍ സയ്യിദ് ഹൈദരലി തങ്ങള്‍ ഇങ്ങനെയുള്ള നിരവധി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചതിന് അവരുടെ ജീവിതപരിസരങ്ങളിലെ സര്‍വ്വരും അനുഭവസ്ഥരോ ദൃക്‌സാക്ഷികളോ ആണ്. ഓരോ ചൊവ്വാഴ്ചകളിലും പാണക്കാട് ദാറുന്നഈമിലേക്ക് കയറിവന്ന് തങ്ങളുടെ സങ്കടങ്ങളും പരിദേവനങ്ങളും സയ്യിദവര്‍കളുടെ മുന്നില്‍ ഇറക്കിവെച്ച് സാന്ത്വനം നേടി, പരിഹാരം ലഭിച്ച് ആശ്വാസത്തോടെ പടിയിറങ്ങിപ്പോയവര്‍ നിരവധിയാണ്.


എന്ത് കാര്യം ഉന്നയിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ആര് പറഞ്ഞാലും ഉടന്‍ അല്‍ഫാതിഹ വിളിച്ച് ചുരങ്ങിയ വാക്കുകളില്‍ ആവശ്യം ഉന്നയിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു ശൈലി കൊടപ്പനക്കല്‍ തറവാടിന്റെ പ്രത്യേകതയാണ്. അല്ലാഹുവിനോട് എങ്ങനെയാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്ന് കൃത്യമായി പഠിപ്പിക്കുന്ന അധ്യായം കൂടിയാണ് സൂറതുല്‍ഫാതിഹ. സൂറതുതഅ്‌ലീമില്‍മസ്അല എന്ന് ഫാതിഹക്ക് പേര് വന്നതും ഈ അടിസ്ഥാനത്തിലാണ്. സമൂഹത്തിന് വേണ്ടി അവര്‍ ഓതിയ ഈ ഫാതിഹകള്‍ക്ക് പകരം സയ്യിദവര്‍കള്‍ വഫാതായി ഖബറില്‍ വിശ്രമത്തിനെത്തും മുമ്പേ അവരുടെ ബര്‍സഖീ ജീവിതത്തിലേക്ക് സമൂഹം തിരിച്ച് നല്‍കി. എണ്ണമറ്റ ഫാതിഹകള്‍ ഇപ്പോഴും അവരുടെ ഖബറിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.


ബാല്യകാലം മുതലേ സൗമ്യശീലനും, മിതഭാഷിയുമായിരുന്ന തങ്ങള്‍ പഠനകാലത്ത് ഗുരുനാഥരുടേയും സമശീര്‍ഷരുടേയും ആദരവും സ്‌നേഹവും കൈപറ്റി.  തീര്‍ത്തും ആത്മീയമായി ജീവിച്ചിരുന്ന തങ്ങള്‍ മഊനത്തിലെ പഠനകാലത്ത് തന്നെ ജമാഅത്തിന്റെ കാര്യത്തില്‍ കണിഷതപാലിച്ചു. ആ കാലത്ത് അവിടെ സ്വുബ്ഹി രണ്ട് ജമാഅത്തുകളിലാണ് നടന്നിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ജമാഅത്തില്‍ പങ്കെടുത്താല്‍ മതിയായിരുന്നെങ്കിലും തങ്ങള്‍ ആദ്യജമാഅത്തില്‍ തന്നെ പങ്കെടുത്തിരുന്നു. ദൈനംദിനം വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ധാരാളം പരിപാടികളില്‍ പങ്കെടുത്ത് പാതിരാവും കഴിഞ്ഞ് വീടണഞ്ഞിരുന്ന തങ്ങള്‍ സ്വുബ്ഹി വാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ തഹജ്ജുദിനായി പാണക്കാട് പള്ളിയിലെത്തുകയും പ്രാര്‍ത്ഥനയില്‍ മുഴുകുകയും വാങ്ക് കൊടുത്താല്‍ സുന്നത് നിസ്‌കരിച്ച ശേഷം ഇഖാമത് വിളിക്കും വരെ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും ചെയ്യുമായിരുന്നു. 

പത്ത് വര്‍ഷം മുമ്പ് മഹാനവര്‍കളുടെ പ്രത്യേക ഇജാസത് പ്രകാരം തുടക്കം കുറിക്കപ്പെട്ട മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സുകള്‍ ഇന്ന് മലയാളികളുള്ളയിടങ്ങളിലെല്ലാം വ്യാപകമാണ്. ഈ സദസ്സുകള്‍ ആരംഭിച്ച ശേഷം ഓരോ പ്രദേശത്തും ഉണ്ടായ ആത്മീയ ചൈതന്യവും സാമൂഹിക സുരക്ഷയും ശ്രദ്ധേയമാണ്. കടുങ്ങല്ലൂര്‍ പ്രദേശത്ത് വെള്ളത്തില്‍ മുങ്ങി മരണപ്പെട്ട കുട്ടിയുടെ മയ്യിത്ത് രണ്ട് ദിവസം തിരഞ്ഞിട്ടും കാണാതായപ്പോള്‍ പ്രദേശത്തെ ചിലയാളുകള്‍ വന്ന് തങ്ങളോട് കാര്യം പറഞ്ഞു. തിരികെ പോകുമ്പോള്‍ ബദ്‌രീങ്ങളുടെ പേരില്‍ യാസീനോതി ദുആ ചെയ്യാന്‍ പറഞ്ഞു. സംഘം അത് പോലെ ചെയ്തു. നാടണയും മുമ്പ് മയ്യിത്ത് കിട്ടിയെന്ന വാര്‍ത്ത് അവര്‍ക്ക് ലഭിച്ചു. തന്റെ ഗുരുനാഥനും സമസ്തയുടെ സമുന്നത പണ്ഡിതനുമായിരുന്ന കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ മകളുടെ കല്യാണമുറപ്പിച്ച് തങ്ങളോട് വിവരം പറയാന്‍ വന്നു. മൂന്നാമത്തെ ശനിയാഴ്ചത്തേക്ക് കാര്യം ഉറപ്പിച്ചിട്ടുണ്ടെന്ന പറഞ്ഞപ്പോള്‍ അല്‍പ്പം ആലോചിച്ച് തങ്ങള്‍ പറഞ്ഞു'മൂന്നാമത്തെ ശ്‌നിയാഴ്ച വേണ്ട്, നമുക്കത് രണ്ടാമത്തെ ആഴ്ച തന്നെ നടത്താം'. പലരുടേയും സൗകര്യം പരിഗണിച്ചാണ് മൂന്നാമത്തെ ആഴ്ച ആക്കിയതെന്ന് ഉസ്താദ് പറഞ്ഞപ്പോഴും നമുക്ക് രണ്ടാം ശനിയാഴ്ച തന്നെയാക്കാം എന്ന് തങ്ങള്‍ പറഞ്ഞു. അപ്രകാരം ആ കല്യാണം നടക്കുകയും ചെയ്തു. മൂന്നാമത്തെ ശനിയാഴ്ച ബഹുമാനപ്പെട്ട കെ.കെ ഉസ്താദ് വിടപറഞ്ഞവാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഹൃദയത്തിന്റെ കണ്ണ് കാണാനും അത്യപൂര്‍വ്വ സിദ്ധിയുണ്ടായിരുന്ന മഹാനാണ് മര്‍ഹൂം ഹൈദരലി ശിഹാബ് തങ്ങള്‍. 


Post a Comment

Previous Post Next Post