മുഹമ്മദ്‌നബി(സ്വ) മുസ്‌ലിം ഉമ്മത്തിന് അവശേഷിപ്പിച്ച രണ്ട് അമൂല്യനിധികളില്‍ ഒന്നാണ് തിരുനബികുടുംബം(അഹ്‌ലുബൈത്). ഹസന്‍(റ), ഹുസൈന്‍(റ) എന്നീ പേരമക്കളിലൂടെ വ്യാപരിച്ചുപോയ ഈ കുടുംബാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ യാത്ര ചെയ്തും, താമസിച്ചും വിശുദ്ധദീന്‍ പ്രബോധനം ചെയ്യുകയുണ്ടായി. മദീനയില്‍ നിന്ന് വ്യത്യസ്ത നാടുകളിലേക്ക് താമസം മാറിയ ഇവരില്‍ ഇറാഖിലേക്കും, യമനിലേക്കുമാണ് ആദ്യ യാത്രകളുണ്ടായത്. യമനിലെ ഹളര്‍മൗതില്‍ എത്തിച്ചേര്‍ന്ന അഹ്മദുല്‍മുഹാജിര്‍(റ)ന്റെ പുത്രപരമ്പരയില്‍ ജനിച്ചുവളര്‍ന്ന സയ്യിദുമാരില്‍ പിന്നീട് പല കാലഘട്ടങ്ങളിലായി നിരവധി കുടുംബപ്പേരുകളില്‍ വ്യാപിച്ച സയ്യിദുമാര്‍ ഹള്‌റമികള്‍ എന്നറിയപ്പെടുകയും അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടവും പ്രബോധനവും ലക്ഷ്യമാക്കി യാത്രചെയ്‌തെത്തുകയും വഴിയാണ് നമ്മുടെ മലബാറിലടക്കം സയ്യിദുമാരുടെ സാന്നിധ്യമുണ്ടായത്. 

ഹസന്‍(റ)ന്റെ മക്കളില്‍ ഹസനുല്‍മുസന്നാ, സൈദ് എന്നിവരിലൂടെ ഹസനീ പുത്രപരമ്പരയുണ്ടായപ്പോള്‍, ഹുസൈന്‍(റ)ന്റെ മക്കളില്‍ കര്‍ബലയില്‍ നിന്ന് രക്ഷപ്പെട്ട അലിയ്യുന്‍ സൈനുല്‍ആബിദീന്‍(റ)എന്നിവരിലൂടെയാണ് ഹുസൈനീ പരമ്പര ലോകത്ത് നിലനിന്നത്. ഹിജ്‌റ 38ല്‍ മദീനയില്‍ ജനിച്ച അലിയ്യുന്‍സൈനുല്‍ആബിദീന്‍(റ) കര്‍ബലയില്‍ നിന്ന് ഹിജ്‌റ 62ല്‍ റബീഉല്‍അവ്വലില്‍ വളരെ രഹസ്യമായി സിറിയയിലെ ഡമസ്‌കസ് വഴി മദീനയിലെത്തി. ഇവരുടെ പുത്രനായ സയ്യിദ് മുഹമ്മദുല്‍ബാഖിര്‍(റ)ന്റെ പുത്രനാണ് സയ്യിദ് ജഅ്ഫറുനിസ്സ്വാദിഖ്(റ). ഇരുവരും മദീനയിലാണ് മറപെട്ടുകിടക്കുന്നത്. 

ജഅഫറുസ്സ്വിദിഖ്(റ)ന് പതിമൂന്ന് ആണ്‍മക്കളുണ്ടായിരുന്നു. ഹിജ്‌റ 128ല്‍ മദീനയില്‍ ജനിച്ച മൂസല്‍കാളിം(റ) ജഅ്ഫറുനിസ്സ്വാദിഖ്(റ)ന്റെ ഒരു പുത്രനാണ്. സുസമ്മതനായിരുന്ന അദ്ദേഹം തന്റെ ഭരണകാര്യങ്ങള്‍ക്ക് തടസ്സമാകുമോ എന്ന് പേടിച്ച് അബ്ബാസീ ഖലീഫമാരായിരുന്ന മൂസല്‍ഹാദിയും, ശേഷം ഹാറൂന്‍ റശീദും അദ്ദേഹത്തെ ബന്ധിയാക്കുകയും നിരവധി പ്രയാസങ്ങളേറ്റ് ബഗ്ദാദിലെ ജയിലില്‍ വെച്ച് ഹിജ്‌റ 183ല്‍ അവര്‍ വിടപറയുകയുമുണ്ടായി. ബഗ്ദാദിലെ പടിഞ്ഞാറുഭാഗത്താണ് അവരുടെ മഖ്ബറയുള്ളത്.(1) അദ്ദേഹത്തിന് മുപ്പതിലധികം മക്കളുണ്ടായിട്ടുണ്ട്. അലിയ്യുര്‍രിളാ എന്ന ഇവരുടെ പുത്രന്‍ വഴിയാണ് ശിയാ പരമ്പര കടന്നുപോകുന്നത്.

  ജഅ്ഫറുനിസ്സ്വാദിഖ്(റ)ന്റെ പുത്രനായ അലിയ്യുനില്‍ഉറൈളി(റ)യിലൂടെയാണ് ഹള്‌റമീ സയ്യിദുമാരുടെ പരമ്പര കടന്നുപോകുന്നത്. മദീനയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉറൈളയിലാണ് അലിയ്യുനില്‍ഉറൈളിയുടെ ജനനവും താമസവും മരണവും. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. ഹിജ്‌റ 210ലാണ് വിയോഗം. ഇവരുടെ പുത്രന്‍ മുഹമ്മദ്ബ്‌നുഅലിയ്യിനില്‍ഉറൈളി(റ) ആണ് ആദ്യമായി മദീനയില്‍ നിന്ന് ഇറാഖിലെ ബസ്വറയിലെത്തുന്നത്. ഒമ്പത് ആണും ഏഴ് പെണ്ണുമായി നിരവധി മക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. അവരില്‍ ഈസാ എന്നവരിലൂടെ അഹ്‌ലുബൈത് പരമ്പര വ്യാപരിക്കുകയുണ്ടായി. റൂമിയ്യ്, അസ്‌റഖ് എന്നീ പേരുകളില്‍ പ്രസിദ്ധപ്പെട്ടിരുന്ന അദ്ദേഹം ജനസേവനത്തല്‍ കൂടുതല്‍ ഇടപെട്ടിരുന്നത് കൊണ്ട് ഈസന്നഖീബ് എന്നാണ് വിശ്രുതനായത്. മുപ്പത്തിഅഞ്ച് മക്കളാണ് അവര്‍ക്കുണ്ടായരുന്നത്. 

ഇവരില്‍ അഹ്മദ് എന്ന പുത്രന്‍ വഴി ആ പരമ്പര നിരവധി സ്ഥലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നുണ്ട്. ഹിജ്‌റ 273ല്‍ ബസ്വറയില്‍ ജനിച്ച അദ്ദേഹമാണ് ആദ്യമായി ബസ്വറയില്‍ നിന്ന് ഹളര്‍മൗതിലേക്ക് പലായനം ചെയ്തത്(2). അതുകൊണ്ട് തന്നെ അഹ്മദുല്‍മുഹാജിര്‍ എന്നാണദ്ദേഹം അറിയപ്പെടുന്നത്.

അഹ്മദുല്‍മുഹാജിര്‍ എന്നവര്‍ ബസ്വറയില്‍ താമസിക്കുന്ന കാലത്താണ് ഡച്ചുകാരുടെയും ഖറാമിത്വകളുടേയും അക്രമം വ്യാപിക്കുന്നത്. പതിനാല് വര്‍ഷക്കാലത്തെ ഡച്ചുപരാക്രമം 270ലാണ് അവസാനിക്കുന്നത്. ശേഷമാണ് ഖറാമിത്വികള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ അക്രമങ്ങള്‍ കാരണം നാട്ടിലെ സ്വസ്ഥത നഷ്ടപ്പെടുകയും പ്രയാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് അദ്ദേഹം യാത്രക്ക് തീരുമാനിച്ചത്. ഹിജ്‌റ 317ല്‍ അദ്ദേഹം ബസ്വറയില്‍ നിന്ന് പുറപ്പെടുകയും 318ല്‍ മദീനയില്‍ എത്തുകയുമുണ്ടായി. അക്കാലത്താണ് ഖറാമിത്വകള്‍ മദീനയില്‍ അക്രമം അഴിച്ചുവിട്ടത്. ഇരുപത്തിരണ്ട് വര്‍ഷത്തോളം ഹജറുല്‍അസ്‌വദ് കഅ്ബയില്‍ നിന്ന് അപ്രത്യക്ഷമായതെല്ലാം ഈ കാലത്താണ്. പ്രശ്‌നം കെട്ടടങ്ങിയ ശേഷം അദ്ദേഹവും സംഘവും 318ല്‍ ഹജ്ജ് ചെയ്തു. 

ഹിജ്‌റ 319ലാണ് അഹ്മദുല്‍മുഹാജിര്‍ ഹളര്‍മൗതില്‍ അണഞ്ഞത്. അവരുടെ കൂടെ ചിലകുടുംബാംഗങ്ങളും, പുത്രന്‍ ഉബൈദുല്ലയും(3) മുഹമ്മദും, പൗത്രന്‍ ബസ്വരിയും സഹോദരപുത്രന്‍മാരായ ബനുല്‍അഹ്ദല്‍ സാദാത്തുക്കളുടെ പിതാമഹനായ ഉമറുബ്‌നുമുഹമ്മദും, ബനൂഖുദൈം സാദാത്തുക്കളുടെ പിതാമഹനുമടക്കം എഴുപതോളം ആളുകള്‍ ഉണ്ടായിരുന്നു. ബനുല്‍അഹ്ദലുകാരുടെ പിതാമഹന്‍ സിഹാം താഴ് വരയിലും, ബനൂഖുദൈമുകാരുടെ പിതാമഹന്‍ സുര്‍ദുദ് താഴ് വരയിലുമാണ് താമസിച്ചത്.(4) 

അഹ്മദുല്‍മുഹാജിര്‍ ആദ്യമായി ജബീല്‍ എന്ന ഗ്രാമത്തിലും ശേഷം ഹജ്‌റയിന്‍ എന്ന സ്ഥലത്തേക്കും നീങ്ങി. അല്‍പ്പകാലം അവിടെ താമസിക്കുകയും ചിലസ്ഥലങ്ങളും ഈത്തപ്പനകളും ഉടമപ്പെടുത്തുകയും, കുറച്ച് കാലങ്ങള്‍ക്ക് ശേഷം ബനൂജശീര്‍ എന്ന സ്ഥലത്തേക്ക് നീങ്ങുകയുമുണ്ടായി. ഹളര്‍മൗതിലെത്തിയ അദ്ദേഹത്തെ സമീപിച്ച ഖവാരിജുകള്‍ അവരുടെ തെറ്റായ ആശയങ്ങള്‍ ഉപേക്ഷിച്ച് സത്യമാര്‍ഗത്തിലേക്ക് തിരിച്ചുനടക്കുകയുണ്ടായി. ഇരുപത്തി അഞ്ച് കൊല്ലം ഹളര്‍മൗതില്‍ താമസിച്ച് ഹിജ്‌റ 345ല്‍ വിടപറഞ്ഞ അദ്ദേഹം, ഇബാളിയ്യ വിഭാഗത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ നടത്തി. ഹളല്‍ര്‍മൗതില്‍ ഹുസൈസ എന്ന സ്ഥലത്ത് വെച്ച് മരണപ്പെടുകയും അവിടെത്തതന്നെ മറവ് ചെയ്യപ്പെടുകയുമുണ്ടായി.(5) 


ഹളര്‍മൗത്; സത്‌വൃത്തരുടെ ഉത്ഭവകേന്ദ്രം

അറേബ്യന്‍ഉപദീപിന്റെ തെക്ക്ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് ഹളര്‍മൗത്. അറേബ്യന്‍ഉപദീപിന്റെ തെക്ക്ഭാഗത്തുള്ള ഇന്ത്യന്‍മഹാസമുദ്രത്തിന്റേയും അറബിക്കടലിന്റെയും തീരദേശമാണിത്. വടക്ക് ദഹ്നാ മരുഭൂമിയും കിഴക്ക് ഒമാനും, പടിഞ്ഞാറ് യമനും അതിരിടുന്ന പ്രദേശമാണിത്. നിരവധി സംസ്‌കാരങ്ങളുടെ തട്ടകമായിരുന്ന ഇവിടെയാണ് ആദ് സമൂഹം താമസിച്ചിരുന്നതെന്ന് ചരിത്രത്തില്‍ കാണാം.(6) തരീം പോലെ സത്‌വൃത്തരുടെ ആസ്ഥാനകേന്ദ്രങ്ങളെല്ലാം ഈ പ്രദേശത്താണുള്ളത്. ഹളര്‍മൗതില്‍ നിന്നാണ് ബാഅലവി സയ്യിദുമാര്‍ ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് യാത്ര പോയത്. കഴിഞ്ഞ അഞ്ചുനൂറ്റാണ്ടുകളിലായി ഇന്ത്യന്‍മഹാസമുദ്രം താണ്ടി കച്ചവടവും പ്രബോധനവും ലക്ഷ്യമാക്കി നീങ്ങിയ അവരില്‍ പലരും ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ആഫ്രിക്കന്‍നാടുകള്‍ ഇന്ത്യ എന്നിവടങ്ങളിലേക്ക് നടത്തിയ സാഹസിക യാത്രകള്‍ ചരിത്ര രേഖകളാണ്. ഇന്ത്യയിലെ പലഭാഗങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറന്‍തീരങ്ങളില്‍ താമസമാക്കിയ സയ്യിദുമാരുടെ പ്രധാനലക്ഷ്യം പ്രബോധനം തന്നെയായിരുന്നു. മലബാറിനുപുറമെ അഹ്മദാബാദ്, ബറോഡ, സൂറത്ത്, ഹൈദരാബാദ്, ബീജാപൂര്‍, കൊങ്കണ്‍ എന്നിവടങ്ങളിലും കോറമണ്ഡല്‍ തീരത്തെ കായല്‍പട്ടണം, കീളക്കര, രാമനാഥപുരം എന്നിവടങ്ങളിലും അവര്‍ വാസമുറപ്പിച്ചു.(7). 

ഹളര്‍മൗതില്‍ നിന്ന് അര മര്‍ഹല വഴിദൂരമാണ് തരീമിലേക്കുള്ളത്. നിരവധി സ്വാലിഹീങ്ങളും ഔലിയാക്കളും ജനിക്കുകയും വളരുകയും ജീവിക്കുകയും മറപെട്ടുകിടക്കുകയും ചെയ്യുന്ന, സുന്ദരപ്രകൃതവും, രുചിദായകമായ പഴവര്‍ഗങ്ങളും, ശുദ്ധപാനീയവുമെല്ലാം സുലഭമായ മണ്ണാണ് തരീം. ആ നാടിന്റെ നാമകരണത്തിന് പിന്നില്‍ പലവിധ കാരണങ്ങളും നമുക്ക് കാണാവുന്നതാണ്. തരീമുബ്‌നുഹളര്‍മൗത് എന്ന രാജാവിന്റെ ഓര്‍മക്കായി നാമകരണം നടത്തിയതാണെന്ന് രേഖകളില്‍ കാണുന്നുണ്ട്. മഹാനായ അബൂബകര്‍സിദ്ദീഖ്(റ)ന്റെ ഗവര്‍ണര്‍ സിയാദ്ബ്‌നുലബീദിനില്‍അന്‍സ്വാരി(റ) ജനങ്ങളോട് സിദ്ദീഖ്(റ)നെ ബൈഅത് ചെയ്യുവാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യമായി ബൈഅത് ചെയ്യാന്‍ ഓടിയെത്തിയത് തരീം പ്രദേശക്കാരായിരുന്നു. ഈ വിവരം സിദ്ദീഖ്(റ) അറിഞ്ഞപ്പോള്‍ നാട്ടില്‍ സ്വാലിഹീങ്ങള്‍ വര്‍ദ്ധിക്കുവാനും, വെള്ളത്തില്‍ ബറകത് ഉണ്ടാകുവാനും, നാട് നന്‍മയില്‍ പരിപാലിക്കപ്പെടാനും തരീം ദേശക്കാര്‍ക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്തു. ആ പ്രാര്‍ത്ഥനയുടെ പൊരുള്‍ ഇന്നും ആ പരിസരങ്ങളില്‍ കാണാവുന്നതാണ്.(8)


അഹ്മദുല്‍മുഹാജിര്‍(റ)ന്റെ ഉബൈദുല്ലാഹ് എന്നവര്‍ക്ക് അലവി, സയ്യിദ് വലിയ്യ് ജദീദ്, അല്‍ആരിഫുബില്ലാഹ് ബസ്വരി എന്നീ മൂന്ന് പുത്രന്‍മാരുണ്ടാവുകയും ഇവരുടെ സന്താനങ്ങള്‍ യഥാക്രമം അലവിയ്യൂന്‍, ജദീദിയ്യൂന്‍, ബസ്വരിയ്യൂന്‍ എന്ന പേരില്‍ വിശ്രുതരാകുകയുമുണ്ടായി. അലവികള്‍ ഹളര്‍മൗതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളും വ്യാപിച്ചുകിടക്കുകയാണ്. 

അലവിബ്ന്‍്ഉബൈദില്ലാഹിയുടെ മകന്‍ മുഹമ്മദ് എന്നവരുടെ രണ്ട് പുത്രന്‍മാരാണ് മുഹമ്മദ്, അലിയ്യ് എന്നിവര്‍. മുഹമ്മദ് എന്നവര്‍ ഹിജ്‌റ 390ല്‍ സുമല്‍ പ്രദേശത്ത് ജനിക്കുകയും പിന്നീട് ബൈതുജുബൈര്‍ എന്നിടത്തേക്ക് മാറിത്താമസിക്കുകയും ഹിജ്‌റ 446ല്‍ അവിടെവെച്ച് വഫാതാവുകയും ചെയ്തു. ഇവരുടെ പുത്രനാമവും അലവിയ്യ് എന്നാണ്. ഇവരുടെ രണ്ട് പുത്രന്‍മാരാണ് സാലിം, അലി എന്നവര്‍. ഖാലിഅ്ഖസം എന്ന് വിശ്രുതരായവരാണ് അലിബ്ന്‍അലവിയ്യ്ബ്ന്‍മുഹമ്മദ് എന്നവര്‍. ബൈതുജുബൈറില്‍ ജനിച്ച അദ്ദേഹം ഇരുപതിനായിരം ദീനാറിന് തരീമില്‍ ഒരു ഭൂമി വാങ്ങി തന്റെ പിതാമഹന്‍ അഹ്മദ്ബ്‌നുഈസക്ക് ബസ്വറയില്‍ ഉണ്ടായിരുന്ന ഭൂമിയുടെ പേരായ 'ഖസം' എന്ന് പേര് നല്‍കുകയും അവിടെ കൃഷിയും മറ്റും നിര്‍വ്വഹിച്ച് താമസിക്കുകയും ചെയ്തു. ഇത്‌കൊണ്ടാണ് ഖാലിഅ്ഖസം എന്ന പേര് വന്നത്. ബൈതുജുബൈറില്‍ നിന്ന് ആദ്യമായി തരീമിലെത്തിയ വ്യക്തിയാണ് അലിഖാലിഅ്ഖസം(റ). ഹിജ്‌റ 521ലാണ് ഇവിടെ സ്ഥിരതാമസമാക്കിയത്. ഹിജ്‌റ 529ല്‍ അവര്‍ വഫാതായി. സമ്പല്‍ മഖ്ബറയില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു.(9) 


അലിഖാലിഅ്ഖസം(റ)ന്റെ മൂന്നാമത്തെ പുത്രനാണ് മുഹമ്മദ് സ്വാഹിബുമിര്‍ബാത്വ്. തരീമില്‍ ജനിച്ച അദ്ദേഹം ഖവാരിജുകളുടെ പ്രശ്‌നങ്ങള്‍ കാരണം ഒമാനിലെ മിര്‍ബാത്വിലേക്ക് പോവുകയും, അവിടെയുള്ളവരുടെ സര്‍വ്വാശ്രയമായിത്തീരുകയും ചെയ്തു. ഹളര്‍മൗതിലെ പ്രമുഖപണ്ഡിതരില്‍ നിന്നും യമന്‍, മക്ക, മദീന തുടങ്ങിയ നാടുകളില്‍ നിന്നും വിദ്യയഭ്യസിക്കുകയും ചെയ്ത അവര്‍ ഹിജ്‌റ 556ല്‍ മിര്‍ബാത്വിലാണ് വഫാതായത്.

മുഹമ്മദ് സ്വാഹിബുല്‍മിര്‍ബാത്വിന് അബ്ദുല്ലാഹ്, അഹ്മദ്, അലവി, അലി എന്നീ നാല് പുത്രന്‍മാരുണ്ടായിരുന്നു. അവസാനത്തെ രണ്ട് പേര്‍ക്കുമാണ് പുത്രപരമ്പരയുണ്ടായത്. അലിയെന്ന അവസാന പുത്രനുണ്ടായ ഏക മകനാണ് ഹിജ്‌റ 574ല്‍ ജനിച്ച്, 653ല്‍ വിടപറഞ്ഞ അല്‍ഫഖീഹുല്‍മുഖദ്ദം മുഹമ്മദ്ബ്ന്‍അലി(റ). വിവിധ ഫന്നുകളില്‍ അഗാധ പാണ്ഡിത്യവും, കര്‍മ്മശാസ്ത്ര നൈപുണിയും നേടിയ അദ്ദേഹം മുഫ്തിയും, മുഹദ്ദിസുമെല്ലാമായിരുന്നു. വലിയ ധര്‍മ്മിഷ്ടനും പാവങ്ങളുടെ അത്താണിയുമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സൈനബ് ബീബി ഉമ്മുല്‍ഫുഖറാഅ് എന്നാണറിയപ്പെട്ടിരുന്നത്. 

അല്‍ഫഖീഹുല്‍മുഖദ്ദമിന്റെ അഞ്ച് പുത്രന്‍മാരില്‍ അലവി, അലി, അഹ്മദ് എന്നിവര്‍ക്ക് മാത്രമേ സന്താന പരമ്പരകളുള്ളൂ. അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നവര്‍ക്ക് സന്താനങ്ങളുണ്ടായിരുന്നെങ്കിലും വേരറ്റുപോയി. ഹറമിലാണ് അബ്ദുറഹിമാന്‍ എന്നവര്‍ മരണപെട്ടത്.(10) 

അലവിയുടെ രണ്ട് പുത്രന്‍മാരാണ് അശ്ശൈഖുല്‍കബീര്‍ അലി ബ്ന്‍അലവിബ്ന്‍അല്‍ഫഖീഹുല്‍മുഖദ്ദമും(മുഹമ്മദ് മൗലദ്ദവീലയുടെ പിതാവ്), അബദുല്ലാഹ് ബാഅലവിയും. അലിയുടെ ഏകപുത്രനാണ് മുഹമ്മദ് മൗലദ്ദവീല(റ).(11) ഹിജ്‌റ 705ല്‍ തരീമില്‍ ജനിച്ചു 765ല്‍ വഫാതായി തരീമിലെ സമ്പല്‍ മഖ്ബറയിലാണ് അദ്ദേഹം മറപെട്ടുകിടക്കുന്നത്. അദ്ദേഹത്തിന്റെ നാല് മക്കളില്‍ പ്രസിദ്ധനാണ് അശ്ശൈഖുല്‍ആരിഫ് അബ്ദുറഹിമാന്‍ അസ്സഖാഫ്(റ).(12) ഹിജ്‌റ 739ല്‍ തരീമില്‍ ജനിച്ച അദ്ദേഹം നിരവധി പ്രദേശങ്ങളില്‍ നിന്ന് ജ്ഞാനം നുകര്‍ന്നു. എല്ലാ ഫന്നുകളിലും അഗ്രേസ്യരനായ അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനം നേടാന്‍ വിവിധ നാടുകളില്‍ നിന്ന് ധാരാളം ശിഷ്യന്‍മാരെത്തി. മുഹമ്മദ്ബ്ന്‍ഹസന്‍ജമലുല്ലൈലിയടക്കം പ്രമുഖ ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്. ഹിജ്‌റ 819 വഫാതാവുകയും സമ്പല്‍ മഖ്ബറയില്‍ ഖബറടക്കപ്പെടുകയും ചെയ്തു. ബാഅലവികളിലെ വലിയ കുടുംബമാണ് സഖാഫ് കുടുംബം. അവര്‍ പില്‍ക്കാലത്ത് ഐദറൂസ്, ശിഹാബുദ്ദീന്‍, അത്വാസ്, ഹാദി, ബൈതി, ബാഉഖൈല്‍ സാഹിര്‍, തുടങ്ങിയ ഖബീലകളിലാണ് അറിയപ്പെട്ടത്.



അബ്ദുറഹിമാന്‍ അസ്സഖാഫ്(റ)ന് പതിമൂന്ന് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമാണുണ്ടായിരുന്നത്. അവരില്‍ ഏഴ് ആണ്‍മക്കളിലൂടേയാണ് സന്താനപരമ്പര നിലനിന്നത്.  അവരില്‍ പ്രധാനിയാണ് അബൂബകര്‍അസ്സക്‌റാന്‍(13)ബ്ന്‍അബ്ദിറഹ്മാന്‍ അസ്സഖാഫ്(റ). അദ്ദേഹത്തിന്റെ മൂന്ന് മക്കളിലൂടെയാണ് സന്താനപരമ്പര നിലനിന്നത്. 1- അബ്ദുറഹിമാന്‍ അല്‍ഐദറൂസ് 2- ശൈഖ് അലി 3- ശൈഖ് അഹ്മദ്. ഇവരില്‍ ഒന്നാമനാണ് നിലവില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഐദ്‌റൂസ് സയ്യിദുമാരുടെ പ്രപിതാവ്.(14). ഹളര്‍മൗത്, യമന്‍, ഹിജാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം വിജ്ഞാനം നേടിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതനും വലിയ ധര്‍മ്മിഷ്ടനുമായിരുന്നു. 

ആലുല്‍ഐദ്‌റൂസ് ഇന്ന് ഹിജാസ്, ഇറാഖ്, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, സുമാത്ര തുടങ്ങിയ രാജ്യങ്ങളിലെല്ലാം വ്യാപകമാണ്(ശംസുള്ളഹീറ- 95). അബ്ദുല്ലാഹില്‍ഐദ്‌റൂസിന്റെ പഞ്ചപുത്രന്‍മാരില്‍ രണ്ടാമനാണ് സയ്യിദ് ശൈഖ്-ശൈഖ്ബ്‌നുഅബ്ദില്ലാഹില്‍ഐദ്‌റൂസി(റ). അവരുടെ പുത്രന്‍ അബ്ദുല്ലായുടെ നാല് പുത്രന്‍മാരില്‍ നാലാമനാണ് ഹളര്‍മൗതില്‍ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായി എത്തിയ സയ്യിദ് ശൈഖ്(റ). ഹിജ്‌റ 919ല്‍ തരീമില്‍ ജനിച്ച അവര്‍ നാട്ടില്‍ നിന്ന് പിതാവടക്കമുള്ള പ്രമുഖരില്‍ നിന്ന് വിജ്ഞാനം നേടി. മക്കയില്‍ പോയി ഇബ്‌നുഹജരിനില്‍ഹൈതമി(റ), അബില്‍ഹസനില്‍ബക്‌രി തുടങ്ങിയവരുടെ ശിഷ്യത്വവും സ്വീകരിച്ച് ഹിജ്‌റ 958ല്‍ ഗുജറാതിലെത്തി. അഹ്മദാബാദില്‍ താമസിച്ച അദ്ദേഹത്തെ മന്ത്രി ഇമാദുല്‍മലിക് സ്‌നേഹാദരവോടെ സ്വീകരിച്ചു. വിജ്ഞാനപ്രസരണവും ഗ്രന്ഥരചനയും, പ്രബോധനപ്രവര്‍ത്തനവുമായി ഇരുപത്തിമൂന്ന് വര്‍ഷം അവിടെ കഴിഞ്ഞ അവര്‍ ഹിജ്‌റ 990ല്‍ റമളാന്‍ 25ന് അഹ്മദാബാദില്‍ വെച്ചാണ് വിടപറഞ്ഞത്.(15). ഇവര്‍ക്ക് ശേഷം നിരവധി ഐദ്‌റൂസികള്‍ ഹള്‌റമൗതില്‍ നിന്ന് ഗുജറാതിലേക്ക് തന്നെ എത്തുകയും ദഅ്‌വീ, ഇല്‍മീ പ്രചാരണത്തില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നുഅബീബക്‌റിനില്‍ഐദ്‌റൂസ്(വഫാത് ഹി-1021), മുഹമ്മദ്ബ്‌നുഅബ്ദില്ലാഹില്‍ഐദ്‌റൂസ്(വഫാത്- 1030), ജഅഫറുനിസ്വാദിഖ്അല്‍ഐദ്‌റൂസ്(വഫാത്- ഹി 1064), അലിയ്യിബ്‌നിഅബ്ദില്ലാഹില്‍ഐദ്‌റൂസ്(വഫാത് ഹി 1131), അബ്ദുല്ലാഹിബ്‌നിഅലിഅല്‍ഐദ്‌റൂസ്(വഫാത് ഹി 1135), ജഅ്ഫര്‍സ്വാദിഖ്അല്‍ഐദ്‌റൂസ്(വഫാത് ഹി 1142)തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.


അബ്ദുല്ലാഹില്‍ഐദ്‌റൂസിന്റെ അഞ്ച്പുത്രന്‍മരില്‍ മൂന്നാമനായ സയ്യിദ് ഹുസൈന്‍ എന്നവരുടെ പരമ്പരയിലൂടെ വന്ന സയ്യിദുല്‍ഖുത്വുബ് അബ്ദുര്‍റഹ്മാനില്‍ഐദ്‌റൂസ് എന്നവരാണ് തരീമില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തിയ ഐദ്‌റൂസീ ഖബീലക്കാരന്‍. ഹിജ്‌റ 1099ല്‍ തരീമില്‍ ജനിച്ച ഇവര്‍ പ്രാഥമികവിദ്യാഭ്യാസം സ്വദേശത്ത് നിന്ന് തന്നെ നേടി പ്രബോധനാര്‍ത്ഥമാണ് ഹിജ്‌റ 1115ല്‍ കോഴിക്കോട് എത്തുന്നത്. പിന്നീട് കൊയിലാണ്ടിയിലും ശേഷം പൊന്നാനിയിലും താമസിച്ച അവര്‍ മഖ്ദൂം കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചു. സയ്യിദ് മുഹമ്മദ്, സയ്യിദ് അബ്ദുല്ലാഹ്, സയ്യിദ് മുസ്ത്വഫ, സയ്യിദ് അബൂബക്കര്‍ബമ്പ് എന്നീ മക്കളുണ്ടായി. 

ഹുസൈനുബ്‌നുഅബ്ദില്ലാഹില്‍ഐദ്‌റൂസി ഹിജ്‌റ 860ല്‍ തരീമില്‍ ജനിച്ച് നാട്ടില്‍ നിന്നും ശേഷം യമന്‍, മക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്നും വിജ്ഞാനം പഠിച്ചു. 917ലാണ് തരീമില്‍ അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ അഹ്മദ്അല്‍ഐദ്‌റൂസിയുടെ പുത്രന്‍ മുഹമ്മദ്‌ഐദ്‌റൂസ്(മരണം ഹി1012)ആറ് പുത്രന്‍മാരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ അലിഐദ്‌റൂസിന്റെ പുത്രനാണ് മുന്‍ചൊന്ന അബ്ദുറഹ്മാന്‍അല്‍ഐദ്‌റൂസ്.(16). ഐദ്‌റൂസ് ഖബീലയില്‍ നിന്ന് കേരളത്തിലെത്തിയ മറ്റൊരു ശാഖയാണ് ഹിജ്‌റ 1180ല്‍ സൂറത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന സയ്യിദ് അലിയ്യുല്‍ഐദ്‌റൂസിന്റെത്. ഹിജ്‌റ 1270ല്‍ വിടപറഞ്ഞ അവര്‍ വെളിയങ്കോടാണ് അന്തിയുറങ്ങുന്നത്. 


 

അബ്ദുറഹിമാന്‍അല്‍ഐദറൂസിന്റെ സഹോദരന്‍ ശൈഖ് അലിയുടെ പരമ്പരയിലൂടെയാണ് ശിഹാബുദ്ദീന്‍ ഖബീല വ്യാപിക്കുന്നത്.(17). അലി(റ)യുടെ പുത്രന്‍ ശൈഖ് അബ്ദുറഹിമാന്‍ബ്ന്‍അലി(റ)യുടെ മൂന്ന് പുത്രരില്‍ മുതിര്‍ന്ന മകന്‍ ശൈഖ് അഹ്മദ് ശിഹാബുദ്ദീനാണ് ശിഹാബ്ഖബീലയുടെ പ്രഭവകേന്ദ്രം. ഹിജ്‌റ 887ല്‍ തരീമില്‍ വെച്ച് പ്രമുഖരില്‍ നിന്ന് ജ്ഞാനം നുകര്‍ന്നു പിതാവില്‍ നിന്നും പിതാമഹനില്‍നിന്നും വിദ്യനേടി യമനിലും ഹറമൈനിലും സഞ്ചരിച്ചു നിരവധി പണ്ഡിതരെ അദ്ദേഹം വാര്‍ത്തെടുത്തു. പ്രശ്‌നപരിഹാരത്തിനും, മസ്വ്‌ലഹത്തുണ്ടാക്കുവാനും പ്രത്യേക സിദ്ധിയുണ്ടായിരുന്ന അദ്ദേഹം വഴിയാണ് യുദ്ധം വരെ നത്തിയ യമനിലെ ആലുകസീറിനും, ആലു യമാനിക്കുമിടയില്‍ നിലനിന്നിരുന്ന പ്രശ്‌നം പരിഹൃതമായത്. ഈ പാരമ്പര്യമാണ് പാണക്കാട് ശിഹാബ് സയ്യിദുമാരിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. ഹിജ്‌റ 946ല്‍ തരീമില്‍ വെച്ചാണ് അവര്‍ വഫാതാകുന്നത്. 

അഹ്മദ്ശിഹാബുദ്ദീന്‍(റ)ന്റെ മൂന്ന് പുത്രരില്‍ മുതിര്‍ന്ന മകന്‍ സയ്യിദ് ഉമര്‍(റ)ന് നാല് പുത്രന്‍മാരാണുണ്ടായിരുന്നത്. അവരില്‍ നാലാമന്‍ സയ്യിദ് ശിഹാബുദ്ദീന്‍. അവരുടെ മകന്‍ സയ്യിദ് ഉമറുല്‍മഹ്ജൂബ്. അവരുടെ പുത്രന്‍. അലിയ്യ്. അവരുടെ മകന്‍ സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍. അവരുടെ സന്തതിയാണ് സയ്യിദ് അലിയ്യ് ശിഹാബുദ്ദീന്‍.  ഇവരുടെ പുത്രന്‍ സയ്യിദ് അഹ്മദ് ശിഹാബുദ്ദീന്‍ എന്നവരുടെ മകന്‍ സയ്യിദ് അലിയ്യ് ശിഹാബുദ്ദീന്‍ എന്നവരാണ് ഹളര്‍മൗതില്‍ നിന്ന് ഉത്തരമലബാറിലെ വളപട്ടണത്ത് എത്തിയത്. കേരളത്തിലെ ശിഹാബുദ്ദീന്‍ ഖബീലയുടെ വംശനാഥനായ അദ്ദേഹം പണ്ഡിതനും സ്വൂഫിയും ത്വരീഖതിന്റെ ശൈഖുമായിരുന്നു. അദ്ദേഹത്തിന് സയ്യിദ് ഹുസൈന്‍, സയ്യിദ് അബ്ദുല്ലാഹ് എന്നീ രണ്ട് പുത്രന്‍മാരുണ്ടായി. ഹിജ്‌റ 1159ല്‍ തരീമില്‍ ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീന്‍ 1212ലാണ് വഫാതായത്. വളപട്ടണം കക്കുളങ്ങര പള്ളിക്ക് സമീപമാണ് അന്ത്യവിശ്രമം. തന്റെ കൂടെ തരീമില്‍ നിന്ന് വന്ന പുത്രനാണ് സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയതങ്ങള്‍. ഹിജ്‌റ1194 റമളാനില്‍ ജനിച്ച് 1235 റമളാന്‍ 7ന് വഫാതായി. അറക്കല്‍രാജകുടുംബത്തില്‍ നിന്ന് ഖദീജ എന്നവരെ വിവാഹം കഴിച്ച് കോഴിക്കോട് ഇടിയങ്ങര വന്ന് കുമ്മട്ടിവീട് എന്ന പുരയും തെങ്ങിന്‍തോപ്പും വാങ്ങി താമസിച്ചു. വീടിന് സമീപം പള്ളിയും എടുപ്പിച്ചു. ഇളയന്റെ തൊടി, ഇളയന്റെ പള്ളി എന്നെല്ലാം അറിയപ്പെടുന്നത് ഈ സ്ഥലവും പള്ളിയുമാണ്. 

സയ്യിദ് ഹുസൈന്‍ശിഹാബുദ്ദീന്‍ തങ്ങള്‍ക്ക് നാല് പുത്രന്‍മാരാണുണ്ടായത്. അവരില്‍ സയ്യിദ് മുഹ്‌ളാര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ മലപ്പുറത്ത് വന്നു താമസിച്ചു. ഹിജ്‌റ 1212ല്‍ ജനിച്ച് 1258ല്‍ വഫാതായ അവര്‍ മലപ്പുറം വലിയങ്ങാടി മസ്ജിദ് അങ്കണത്തില്‍ ശുഹദാക്കളുടെ ചാരത്താണ് അന്ത്യം വിശ്രമം കൊള്ളുന്നത്. ഹിജ്‌റ 1231ല്‍ സയ്യിദ് മുഹ്‌ളാര്‍ശിഹാബുദ്ദീന്‍ തങ്ങള്‍ക്ക് ജനിച്ച പുത്രനാണ് വിശ്രുത പണ്ഡിതനും, മുഫ്തിയും ദേശീയവിപ്ലവനേതാവുമായിരുന്ന സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങള്‍. ഇവരാണ് പ്രത്യേക സാഹചര്യത്തില്‍ പാണക്കാട് വന്ന് താമസിക്കുന്നത്. ബ്രിട്ടീഷുകാര്‍ വെല്ലൂരിലേക്ക് നാടുകടത്തിയ ഇവര്‍ ഹിജ്‌റ 1302 ശവ്വാല്‍ 10 ജയിലില്‍ വെച്ച് വിടപറഞ്ഞു. സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയതങ്ങളുടെ പുത്രനാണ് പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍. ഇവരുടെ മക്കളാണ് സയ്യിദ് മുഹമ്മദലിശിഹാബ്തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍, സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. 



മുഹമ്മദ്മൗലദ്ദവീല(റ)യുടെ നാലാം പുത്രനായ അന്നാസിക് അലവിയുടെ പുത്രപരമ്പരയിലൂടെയാണ് മമ്പുറം സയ്യിദ് അലവിതങ്ങളുടെ പരമ്പര വരുന്നത്. അസ്സയ്യിദ് അലവിബ്ന്‍മുഹമ്മദ് ബ്ന്‍ സഹ്ല്‍ ബ്ന്‍ മുഹമ്മദ് ബ്ന്‍ അഹ്മദ് ബ്ന്‍ സുലൈമാന്‍ ബ്ന്‍ ഉമര്‍ ബ്ന്‍ മുഹമ്മദ് ബ്ന്‍ സഹ്ല്‍ബന്‍ അബ്ദിറഹ്മാന്‍ ബ്ന്‍ അബ്ദില്ലാഹ്ബന്‍ അലവിബ്ന്‍ മുഹമ്മദ് മൗലദ്ദവീല എന്നാണ് മമ്പുറം തങ്ങളുടെ പിതൃപരമ്പര. ഹിജ്‌റ 1166ല്‍ തരീമില്‍ ജനിച്ച  മമ്പുറം സയ്യിദ് അലവിതങ്ങള്‍ തന്റെ പതിനേഴാം വയസ്സില്‍ ശഹര്‍മുഖല്ലാ തുറമുഖത്ത് നിന്ന് ചരക്കുകപ്പലില്‍ കയറി ഹിജ്‌റ 1183 റമളാന്‍ 19ലാണ് മലബാറിലെത്തുന്നത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ മാതൃസഹോദരിയുടെ പരിപാലനത്തിലാണ് അവര്‍ വളര്‍ന്നത്. മലബാറിലെ ദീനീപ്രബോധന, ആത്മീയ, സംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ സയ്യിദ് അലവി തങ്ങളുടെ സേവനങ്ങള്‍ നിസ്തുലമാണ്. നിരവധി പ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മ്മിച്ച് ആത്മീയപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രങ്ങളുണ്ടാക്കുകയും, സമൂഹത്തിലേക്കിറങ്ങി ആത്മീയമായി അവരെ സംസ്‌കരിച്ചെടുക്കുകയും ചെയ്തു. അന്നത്തെ മലബാറിലെ ഏറ്റവും വലിയ സംസ്‌കാരിക നേതാവായിരുന്ന സയ്യിദവര്‍കള്‍ കാലഘട്ടത്തിന്റെ 'ഖുതുബ്' ആയിട്ടാണ് ശ്രുതിനേടിയത്. 

സയ്യിദ് അലവിതങ്ങളുടെയും സയ്യിദ്അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്വിമയുടേയും പുത്രനായി  ഹിജ്‌റ 1240ല്‍ മലബാറിലാണ് സയ്യിദ് ഫള്ല്‍പൂക്കോയതങ്ങള്‍ ജനിക്കുന്നത്. സയ്യിദവര്‍കളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതിയ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നാടുകടത്തി. ആദ്യം യമനിലും ശേഷം മക്കയിലും അവിടെ നിന്ന് ഈജിപ്ത് വഴി ഇസ്തംബൂളിലുമെത്തി. ഈജിപ്തില്‍ വെച്ചാണ് തന്റെ ഉദ്ദതുല്‍ഉമറാ എന്ന കൃതി പ്രസിദ്ധീകരിക്കുന്നത്. അവിടെ നിന്ന് ഒമാനിലെ ളുഫാറിലെത്തുകയും ഗവര്‍ണര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. ഗോത്രകലഹങ്ങള്‍ കാരണം അധികാരം വിട്ടൊഴിഞ്ഞ അദ്ദേഹം മക്കയിലും യമനിലും അല്‍പകാലം താമസിച്ചു. പിന്നീട് തുര്‍ക്കിയില്‍ ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് രണ്ടാമന്റെ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. ചെന്നെത്തിയ പ്രദേശങ്ങളില്‍ മുഴുവനും ആത്മീയ, സംസ്‌കാരിക, സാമൂഹിക, പ്രബോധന ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു.(18). 


അല്‍ഫഖീഹുല്‍മുഖദ്ദംമുഹമ്മദ്(റ)ന്റെ പുത്രന്‍അലിയുടെ മകന്‍ ഹസന്‍ എന്നവരുടെ മകന്‍ മുഹമ്മദ്അസദുല്ലാഹ് എന്നവരുടെ മകനാണ് സയ്യിദ് ഹസനുല്‍മുഅല്ലം(റ). അവരുടെ പുത്രന്‍ മുഹമ്മദ് എന്നവരും അവരുടെ സന്താനങ്ങളും ജമലുല്ലൈല്‍ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. രാത്രിമുഴുവന്‍ ഇബാദത്തിലായിക്കഴിഞ്ഞത് കാരണം വിശ്രമമില്ലാതെ രാത്രി ജോലിചെയ്യുന്ന രാത്രിഒട്ടകങ്ങളോട് സാദൃശ്യമാക്കി ആദരവോടെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ച പേരാണ് ജമലുല്ലൈല്‍(19) 

ജമലുല്ലൈല്‍ ഖബീലയിലുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, കിഴക്കന്‍ആഫ്രിക്ക, ആച്ചി എന്നിവിടങ്ങളിലേക്കാണ് പ്രാധാനമായും അവര്‍ യാത്രപോയത്. ചെന്നിടങ്ങൡലെല്ലാം അവര്‍ കൃത്യമായി പ്രബോധന, സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കാണാന്‍ സാധിക്കും. 

കടലുണ്ടിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഖുത്വുബ് മുഹമ്മദ് ജമലുല്ലൈല്‍(റ) ആണ് മലബാറിലാദ്യമായി എത്തിയ ജമലുല്ലൈല്‍ സയ്യിദ്. ആച്ചിയില്‍ ഹിജ്‌റ 1165ല്‍ ജനിച്ച അദ്ദേഹം പിതാവിന്റെ അനുമതിയോടെ ഹിജ്‌റ 1180ലാണ് കടലുണ്ടിയിലെത്തിയത്. സ്വന്തം മുസ്വല്ല കടലില്‍ വിരിച്ച് സഞ്ചാരയാനമാക്കിയാണ് അദ്ദേഹം സഞ്ചരിച്ചത്. ഹിജ്‌റ 1232ല്‍ കടലുണ്ടിയില്‍ വഫാതായി അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. 

കടലുണ്ടിയില്‍ വന്നിറങ്ങിയ സയ്യിദ് ഖുത്വുബ് മുഹമ്മദ് ജമലുല്ലൈലിയുടെ എട്ടാമത്തെ പിതാമഹനാണ് നേരത്തെ സൂചിപ്പിച്ച മുഹമ്മദ് ജമലുല്ലൈല്‍(റ). മുഹമ്മദ് ജമലുല്ലൈല്‍(റ)ന്റെ പുത്രന്‍ സയ്യിദ് അലിജമലുല്ലൈല്‍(റ), അവരുടെ മകന്‍ സയ്യിദ് അബ്ദുറഹിമാന്‍ ജമലുല്ലൈല്‍(റ), അവരുടെ മകന്‍ സയ്യിദ് അബ്ദുല്ലാഹ് ജമലുല്ലൈല്‍(റ), അവരുടെ സന്താനം സയ്യിദ് സൈനുല്‍ആബിദീന്‍ ജമലുല്ലൈല്‍(റ), അവരുടെ മകന്‍ സയ്യിദ് അബ്ദുല്ലാഹ് ജമലുല്ലൈല്‍(റ), അവരുടെ മകന്‍ സയ്യിദ് അഹ്മദ് ജമലുല്ലൈല്‍(റ), അവരുടെ പുത്രന്‍ സയ്യിദ് അബ്ദുറഹിമാന്‍ ജമലുല്ലൈല്‍(റ) ്അവരുടെ മകനാണ് കടലുണ്ടിയിലെ സയ്യിദ് മുഹമ്മദ് ജമലുല്ലൈല്‍(റ)(20). 

സയ്യിദ് മുഹമ്മദ് മൗലാഐദീദ്തങ്ങളുടെ മക്കളായ അലവി, അബ്ദുല്ലാഹ്, അബ്ദുറഹിമാന്‍, അലി എന്നവരുടെ സന്താനപരമ്പരയിലാണ് ബാഫഖീഹ് സയ്യിദുമാര്‍ ജനിച്ചുവളര്‍ന്നത്. ബാഫഖീഹ് എന്നാല്‍ കര്‍മശാസ്ത്രപണ്ഡിതന്റെ പുത്രന്‍ എന്നാണ്. ഈ ഖബീലയില്‍ നി്ന്ന് ആദ്യമായി ഹളര്‍മൗതില്‍ നിന്ന് കേരളത്തിലെത്തിയത് സയ്യിദ് അഹ്മദ് ബാഫഖീഹ് ആണ്. ക്രിസ്താബ്ദം 1770ലാണ് അവര്‍ പാറപ്പള്ളിയില്‍ വന്നണഞ്ഞത്. കൊയിലാണ്ടി കേന്ദ്രമാക്കി ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദവര്‍കള്‍ക്ക് സയ്യിദ് അബ്ദുല്ലാഹ് ബാഫഖീഹ് ജനിക്കുകയും അവരുടെ മക്കളായി ഹാശിം, അബ്ദുറഹിമാന്‍, മുഹമ്മദ്, അലി, ഉമര്‍, ശൈഖ്, സൈന്‍ എന്നിവര്‍ ജനിക്കുകയുമുണ്ടായി. ഇവരിലെ സയ്യിദ് മുഹമ്മദ് ബാഫഖിയുടെ പുത്രന്‍ സയ്യിദ് അബ്ദുല്‍ഖാദിര്‍ ബാഫഖിയുടെ മകനാണ് ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖീഹ് തങ്ങള്‍. 


ജിഫ്രി ഖബീല

സയ്യിദ് ഖബീലകളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് ജുഫ്രി / ജിഫ്രി കുടുംബം. ഈ ഖബീലയില്‍ നിന്ന് രണ്ട് പേരാണ് ഹളര്‍മൗതില്‍ നിന്ന് കേരളത്തിലെത്തിയത്. ഹിജ്‌റ 1137ല്‍ ഹാവീതരീമില്‍ ജനിച്ച ശൈഖ്ബ്‌നുമുഹമ്മദ് ജിഫ്രിയാണവരില്‍ ഒന്നാമന്‍. തരീമില്‍ നിന്ന് പ്രാഥമികപഠനങ്ങള്‍ തീര്‍ത്ത് ഇരുഹറമുകളിലേക്കും, ശേഷം യമന്‍, ബൈതുല്‍മുഖദ്ദസ് എന്നിവിടങ്ങളിലേക്ക് യാത്രപോയി പിന്നീടാണ് അവര്‍ കോഴിക്കോട് എ്ത്തുന്നത്. കച്ചവടത്തിലൂടെ ജീവിതോപാധി കണ്ടെത്തിയ അദ്ദേഹം നിരവധി വിജ്ഞാനമേഖലകളില്‍ അവഗാഹം നേടിയ ഗ്രന്ഥരചനകള്‍ നിര്‍വ്വഹിച്ച മഹാപണ്ഡിതന്‍ കൂടിയായിരുന്നു. ജന്‍മദേശത്ത് തന്നെ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന അദ്ദേഹം ആ ലക്ഷ്യത്തില്‍ തന്നെയാണ് മലബാറിലേക്കും യാത്ര തിരിച്ചത്. 

സയ്യിദ് അല്‍ഫഖീഹുല്‍മുഖദ്ദമിന്റെ പുത്രന്‍ അഹ്മദ് എന്നവരുടെ മകന്‍ മുഹമ്മദ് എന്നവരുടെ സന്താനമാണ് സയ്യിദ് അലി(റ). ഇവരുടെ മകന്‍ മുഹമ്മദ് എന്നവരുടെ പുത്രനാണ് അബൂബക്‌റില്‍ജുഫ്രി. ഇവരുടെ പുത്രന്‍ അലവി. അവരുടെ മകന്‍ അബ്ദുല്ലാഹ്. അവരുടെ മകന്‍ അബ്ദുര്‍റഹ്മാന്‍. അബ്ദുറഹിമാന്‍ എന്നവരുടെ മകനാണ് സയ്യിദ് അബൂബക്കര്‍. ഇവരുടെ പുത്രനായ മുഹമ്മദ് എന്നവരുടെ മകന്‍ അലവിയുടെ പുത്രന്‍ ഹസന്‍ എന്നവരുടെ മകന്‍ സയ്യിദ് ശൈഖ് എന്നവരുടെ പുത്രനാണ് കോഴിക്കോട്ടെത്തിയവരുടെ പിതാമഹന്‍. സയ്യിദ് ശൈഖ് ജുഫ്രിയുടെ പുത്രന്‍ മുഹമ്മദുല്‍ ജുഫ്രിയുടെ മകനാണ് ശൈഖ് ജുഫ്രി. 

ആറുപതിറ്റാണ്ട് കാലം മത, സാമൂഹിക, സംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സയ്യിദവര്‍കള്‍ ഹിജ്‌റ 1222 ദുല്‍ഖഅ്ദ 8ന് വഫാതായി. കോഴിക്കോട് കുറ്റിച്ചിറയിലാണ് മറവ് ചെയ്യപ്പെട്ടത്.(21).

സയ്യിദ് ശൈഖ് ജുഫ്രിക്ക് ശേഷം ആ ഖബീലയില്‍ നിന്ന് കേരളത്തിലെത്തിയ മറ്റൊരു സയ്യിദാണ് ശൈഖ് ഹസന്‍ജുഫ്രി. ശൈഖ് ജുഫ്രിയുടെ പിതൃവ്യപുത്രനാണ് ഹസന്‍ജുഫ്രി. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഹിജാസ്, ഹളര്‍മൗത് എന്നിവടങ്ങളിലെല്ലാം ഇന്ന് ജുഫ്രി സയ്യിദുമാരുടെ സാന്നിധ്യം വ്യാപകമായി നമുക്ക് കാണാവുന്നതാണ്.

ഹുസൈനീ ഖബീലയില്‍ പെട്ട ഹള്‌റമീ സയ്യിദുമാരില്‍ നിന്ന് ശാഖകളായി തിരിഞ്ഞ മറ്റു നിരവധി സയ്യിദുഖബീലകളും നമുക്ക് കാണാന്‍ സാധിക്കും. അവരില്‍ പെട്ട പലരും നേരത്തെ പറഞ്ഞ പ്രദേശങ്ങളിലേക്ക് പ്രബോധനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് യാത്ര തിരിച്ചവരാണ്. നമ്മുടെ കൊച്ചു കേരളത്തിലേക്ക് തന്നെ വന്നണഞ്ഞ നിരവധി സയ്യിദുകുടുംബങ്ങള്‍ ആ ഗണത്തിലുണ്ട്. ഹളര്‍മൗതില്‍ നിന്നല്ലാതെ ബുഖാറയില്‍ നിന്ന് വന്നണഞ്ഞ ബുഖാരി സയ്യിദുമാരുടെ ചരിത്രം മറ്റൊരു ഭാഗം തന്നെയാണ്. 


 











അടിക്കുറിപ്പുകള്‍

(1)അബ്ദുറഹ്മാനുബ്‌നുമുഹമ്മദ്ബ്‌നുഹുസൈന്‍, ശംസുള്ളഹീറ ഫീ നസബി അഹ്‌ലില്‍ബൈതി മിന്‍ ബനീ അലവി, തഹ്ഖീഖ്; മുഹമ്മദ്‌ളിയാഅ്ശിഹാബ്, ദാറുല്‍മഅ്‌രിഫ, ജിദ്ദ, 1984, വാള്യം 1, പേജ് 43

(2)അതേ പുസ്തകം, പേജ് 55.

(3)യഥാര്‍ത്ഥ പേര് അബ്ദുല്ലാഹ് എന്നാണ്. വിനയത്തോടെ ഉബൈദുല്ലാഹ് എന്ന നാമം സ്വീകരിച്ചതാണ്. അതേപുസ്തകം 55. 

(4) മുഹമ്മദ്ബ്‌നുഅബീബകര്‍അശ്ശില്ലിബാഅലവി, അല്‍മശ്‌റഉര്‍റവിഫീമനാഖിബിസ്സാദതില്‍കിറാം ആലിബാഅവി, വാള്യം1, പേജ് 246

(5) അതേ പുസ്തകം 53

(6) ഡോ. മുഹമ്മദ് അബൂബകര്‍ബാദീബ്, ഇസ്ഹാമാതുഉലമാഇ ഹളര്‍മൗത് ഫീ നശ്‌രില്‍ ഇസ്‌ലാമി വഉലൂമിഹി ഫില്‍ഹിന്ദ്, ദാറുല്‍ഫത്ഹ്, ജോര്‍ദാന്‍, പേജ് 24

(7)ഡോ. മുഹമ്മദ് അബൂബകര്‍ബാദീബിന്റെ ഇസ്ഹാമാതുഉലമാഇ ഹളര്‍മൗത് ഫീ നശ്‌രില്‍ ഇസ്‌ലാമി വഉലൂമിഹി ഫില്‍ഹിന്ദ് എന്ന കൃതിയില്‍ ഇന്ത്യയിലെത്തിയ സയ്യിദുമാരുടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ സവിശദമായി പ്രതിപാദിക്കുന്നുണ്ട്.

(8) തരീമിനെക്കുറിച്ച് വളരെ വിശദമായി അല്‍മശ്‌റഉര്‍റവീ എന്ന ഗ്രന്ഥത്തില്‍ വായിക്കാവുന്നതാണ്- ലേഖകന്‍

(9) മുഹമ്മദ് അല്‍ഫഖീഹുല്‍മുഖദ്ദമിന്റെയും, അവരുടെ പിതൃസഹോദരന്‍ അലവിയുടേയും പുത്രപരമ്പരയില്‍ വളര്‍ന്നവരുടെയെല്ലാം പരമ്പര ഒത്തുചേരുന്ന വ്യക്തിത്വമായത് കൊണ്ട് മുജമ്മഉസ്സാദതില്‍അലവിയ്യ എന്നാണ് മുഹമ്മദ് സ്വാഹിബുല്‍മിര്‍ബാത്വ് അറിയപ്പെടുന്നത്. 

(10) അബ്ദുറഹ്മാനുബ്‌നുമുഹമ്മദ്ബ്‌നുഹുസൈന്‍, ശംസുള്ളഹീറ വാള്യം 1, പേജ് 78

(11) യബ്ഹുര്‍ എന്ന സ്ഥലത്താണ് അവര്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ ശൈഖ് അബ്ദുര്‍റഹ്മാന്‍ എന്നവര്‍ ആ സ്ഥലത്തിന് തൊട്ടടുത്ത പ്രദേശത്തിനും യബ്ഹുര്‍ എന്ന് പേര് വെച്ചപ്പോള്‍ പഴയ യബ്ഹുര്‍ എന്ന അര്‍ത്ഥത്തില്‍ യബ്ഹുര്‍അദ്ദവീല എന്നാണ് ഒന്നാമത്തെ യബ്ഹുര്‍ അറിയപ്പെട്ടത്. അതിന്റെ ഉടമയെന്ന അര്‍ത്ഥത്തിലാണ് മൗലദ്ദവീല എന്ന പേര് മുഹമ്മദ്(റ)ന് ലഭിച്ചത്. യബ്ഹുര്‍കാരന്‍ എന്ന അര്‍ത്ഥത്തില്‍ സ്വാഹിബുയബ്ഹുര്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു. ശംസുള്ളഹീറ. വാള്യം 1, പേജ് 82

(12) മുഹമ്മദ് മൗലദ്ദവീലയുടെ മറ്റുമൂന്നുപുത്രന്‍മാര്‍ അസ്വാലിഹുദ്ദാഇഖ്അലി, അല്‍ആരിഫുബില്ലാഹ് അബ്ദുല്ലാഹ്, അന്നാസിക് അലവി എന്നിവരാണ്. ഇവരിലെ അന്നാസ്‌ക് അലവിയുടെ പുത്രപരമ്പരയിലൂടെയാണ് മമ്പുറം സയ്യിദ് അലവിതങ്ങളുടെ പരമ്പര വരുന്നത്. ശംസുള്ളഹീറ വാള്യം 1, പേജ് 83, 308. മുഹമ്മദ് മൗലദ്ദീവീല(റ)യുടെ അബ്ദുല്ലാഹ് എന്ന പുത്രനിലൂടെയാണ് ആലുബാദ്ഖന്‍, ആലുല്‍അജ്ശഅ്, ആലുല്‍ഇല്‍മ് തുടങ്ങിയ സയ്യിദ് ഖബീലകള്‍ വളരുന്നത്. ഹിജ്‌റ ആയിരത്തിന് ശേഷം അവര്‍ വേരറ്റുപോയി. അതേപുസ്തകം 305

(13) തരീമിലാണ് ജനനം. അല്ലാഹുവിന്റെ ഇബാദതില്‍ ലഹരിയുള്ളയാളായത് കൊണ്ടാണ് അസ്സക്‌റാന്‍ എന്ന പേര് ലഭിച്ചത്. 821ലാണ് വഫാത്.

(14) ഹിജ്‌റ 811ല്‍ ജനിക്കുകയും 865ല്‍ അമ്പത്തിനാലാം വയസ്സില്‍ വഫാതാവുകയും ചെയ്ത ്അബ്ദുല്ലാഹില്‍ ഐദറൂസിക്ക് ആ നാമം നല്‍കിയത് പിതാമഹന്‍ അബ്ദുറഹിമാന്‍അസ്സഖാഫ് എന്നവരാണ്. പത്താം വയസ്സില്‍ പിതാവ് ഇബ്‌നുസ്സക്‌റാനും, എട്ടാം വയസ്സില്‍ പിതാമഹനും വിടപറഞ്ഞു. പിതൃവ്യന്‍ ഉമറുല്‍മുഹ്‌ളാറാണ് പിന്നീടദ്ദേഹത്തെ പോറ്റിവളര്‍ത്തിയത്-- ശംസുള്ളഹീറ വാള്യം 1, പേജ് 93

(15) ഡോ. മുഹമ്മദ് അബൂബകര്‍ബാദീബ്, ഇസ്ഹാമാതുഉലമാഇ ഹളര്‍മൗത് ഫീ നശ്‌രില്‍ ഇസ്‌ലാമി വഉലൂമിഹി ഫില്‍ഹിന്ദ്, പേജ് 102, 103. അല്‍മശ്‌റഉര്‍റവീ വാള്യം2, പേജ്: 272-277. 

(16) ശംസുള്ളഹീറ വാള്യം 1, പേജ് 97-113

(17) ഹിജ്‌റ 818ല്‍ ജനിച്ച് 895ല്‍ തരീമില്‍ വഫാതായ ശൈഖ് അലിയ്യിബ്‌നിഅബീബക്‌രിനിസക്‌റാന്‍(റ) വലിയ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളെഴുതിയ പ്രമുഖനും സാമൂഹിക സേവകനുമാണ്. ഏഴ് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണുണ്ടായിരുന്നത്. അവരില്‍ അബ്ദുറഹിമാന്‍ എന്നവരുടെ പുത്രന്‍ അഹ്മദ് ശിഹാബുദ്ദീനിലൂടെയാണ് ശിഹാബുദ്ദീന്‍ഖബീല വരുന്നത്. ശംസുള്ളഹീറ പേജ് 133. 

(18)- ശംസുള്ളഹീറ, വാള്യം 1, പേജ് 308,309. മമ്പുറം തങ്ങള്‍; ജീവിതം-ആത്മീയത-പോരാട്ടം ഡോ. മോയീന്‍ ഹുദവി മലയമ്മ, ഡോ. മഹ്മൂദ് കൂരിയ, പേജ്: 77-87. മലബാര്‍ മുതല്‍ ഇസ്തംബൂള്‍ വരെ, ഡോ. ടി. സൈനുല്‍ആബിദ് പേജ് 23. 

(19) ശംസുള്ളഹീറ വാള്യം 1, പേജ് 494

 (20) പാങ്ങില്‍ അഹ്മദ് കുട്ടിമുസ്‌ലിയാര്‍, അല്‍മവാഹിബുല്‍ജലീല്‍ ഫീ മനാഖിബിസ്സയ്യിദ് മുഹമ്മദ് ജമലുല്ലൈല്‍ നസീലു കടലുണ്ടി. 

(21) മമ്പുറം തങ്ങള്‍ ജീവിതം-ആത്മീയത-പോരാട്ടം, പേജ് 51-59. ശംസുള്ളഹീറ 408. ഡോ. മുഹമ്മദ് അബൂബകര്‍ബാദീബ്, ഇസ്ഹാമാതുഉലമാഇ ഹളര്‍മൗത് ഫീ നശ്‌രില്‍ ഇസ്‌ലാമി വഉലൂമിഹി ഫില്‍ഹിന്ദ്, പേജ് 190


Post a Comment

Previous Post Next Post