പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ വിയോഗത്തിനിന്ന് (ഹി- 1445 ജുമാദല്‍ഉഖ്‌റ 26) അമ്പതാണ്ട് തികയുകയാണ്. ഹിജ്‌റ 1336ല്‍ ജനിച്ച് 1396 ജുമാദല്‍ഉഖ്‌റ 26ന് വഫാതായ പാണക്കാട് തങ്ങള്‍ മതപ്രബോധകന്‍, നീതിമാനായ മധ്യസ്ഥന്‍, ഉദാരനായ ധര്‍മ്മിഷ്ടന്‍, കളങ്കമില്ലാത്ത രാഷ്ട്രീയക്കാരന്‍, മനുഷ്യപ്പറ്റുള്ള സമുദായ സേവകന്‍ തുടങ്ങി വ്യത്യസ്ഥവും വ്യതിരക്തവുമായ സവിശേഷതകളുള്ള വ്യക്തിപ്രഭാവത്തിനുടമയായിരുന്നു. ആറുപതിറ്റാണ്ട് കാലത്തെ സാര്‍ത്ഥകമായ ആ ജീവിതത്തിന്റെ വെളിച്ചം ഇന്നും പുതുതലമുറക്ക് നേരിന്റെ പ്രഭ പരത്തിക്കൊണ്ടിരിക്കുകയാണ്.

വിശുദ്ധ അഹ്‌ലുബൈതിലെ ശ്രേഷ്ഠമായ ശിഹാബീഖബീലയിലാണ് പൂക്കോയതങ്ങള്‍ പിറവിയെടുത്തത്. അബ്ദുറഹിമാന്‍ അസ്സഖാഫ്(റ)ന്റെ പുത്രന്‍ അബൂബകര്‍അസ്സക്‌റാന്‍(റ)ന്റെ മൂന്ന് പുത്രന്‍മാരില്‍ ശൈഖ് അലിയുടെ മകന്‍ ശൈഖ് അഹ്മദ് ശിഹാബുദ്ദീന്‍(റ)വാണ് ഈ കുടുംബത്തിന്റെ പ്രഭവകേന്ദ്രം. ഹിജ്‌റ 887ല്‍ തരീമില്‍ ജനിച്ച്, പ്രധാനികളില്‍ നിന്ന് ജ്ഞാനം നുകര്‍ന്ന്, ലോകസഞ്ചാരത്തിലൂടെ വിജ്ഞാനപ്രസരണം നിര്‍വ്വഹിച്ച മഹാനുഭാവന്, പ്രശ്‌നപരിഹാരത്തിനും, ഐക്യം സൃഷ്ടിച്ചെടുക്കുന്നതിലും അത്യപൂര്‍വ്വ സിദ്ധിയുണ്ടായിരുന്നു. ഈ പാരമ്പര്യം പൂക്കോയതങ്ങളില്‍ കൂടുതല്‍ പ്രകടമായിരുന്നു.

ഹിജ്‌റ 1159ല്‍ തരീമില്‍ ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നിവരാണ് ആദ്യമായി മലബാറിലെത്തിയ ശിഹാബീ സയ്യിദ്. അവരുടെ പുത്രനാണ് സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മുല്ലക്കോയതങ്ങള്‍. അറക്കല്‍ കുടുംബത്തില്‍ നിന്ന് വിഹാവം കഴിച്ച് ഇടിയങ്ങരയില്‍ താമസിച്ച അവര്‍ക്ക് നാല് പുത്രന്‍മാരുണ്ടായി. അവരില്‍ സയ്യിദ് മുഹ്‌ളാര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ മലപ്പുറത്ത് വന്ന് താമസമാക്കി. ഇവരുടെ പുത്രനും വിശ്രുത പണ്ഡിതനും, മുഫ്തിയും  ദേശീയ സമരതേരാളിയുമായിരുന്ന സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളാണ് ആദ്യമായി പാണക്കാട് താമസമാക്കുന്നത്. 


സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പുത്രന്‍ സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയതങ്ങളുടെ പുത്രനാണ് പി.എം.എസ്.എ പൂക്കോയതങ്ങള്‍. മുഹമ്മദ് കൊയഞ്ഞിക്കോയതങ്ങളുടെ സഹോദരന്‍ സയ്യിദ് അലിപൂക്കോയതങ്ങളാണ് സഹോദരപുത്രനായിരുന്ന പൂക്കോയതങ്ങളെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയത്. അന്ധനായിരുന്നെങ്കിലും ആത്മീയോന്നതി പ്രാപിച്ച് അകക്കണ്ണിന്റെ വെളിച്ചത്തില്‍ സഹജീവി സൃഷ്ടികള്‍ക്ക് അത്താണിയായി മാറിയ അലിപൂക്കോയതങ്ങളുടെ നിത്യയോര്‍മ്മക്കാണ് പൂക്കോയതങ്ങള്‍ സ്വപുത്രന്‍മാര്‍ക്ക് അലി എന്ന് പേര് ചേര്‍ത്ത് നാമകരണം ചെയ്തത്.

സയ്യിദ് മുഹമ്മദ് കൊയഞ്ഞിക്കോയതങ്ങളുടേയും ഉമ്മുഹാനിഅ്ബീബിയുടേയും പുത്രനായി 1917ല്‍ സ്മര്യപുരുഷ്ന്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ പിതാവ് വഫാതായപ്പോള്‍ പിതൃസഹോദരന്‍ സയ്യിദ് അലിപൂക്കോയതങ്ങളുടേയും മാതാവിന്റെയും സരംക്ഷണവലയത്തില്‍ വളര്‍ന്നുവന്നു. അലിപൂക്കോയതങ്ങളാണ് കൊടപ്പനക്കല്‍ തറവാട് പൂക്കോയതങ്ങള്‍ക്ക് ദാനമായി നല്‍കിയത്. 

സ്രാമ്പിക്കല്‍ അലി മൊല്ലയുടെ ഓത്തുപള്ളിയിലും പാണക്കാട് സ്‌കൂളിലും പഠിച്ച ശേഷം വിവിധ ദര്‍സുകളില്‍ ഓതിപ്പഠച്ചു. ചാപ്പനങ്ങാടി പള്ളിയിലെ മുദരിസായിരുന്ന മച്ചിങ്ങലകത്ത് കുഞ്ഞഹമ്മദ്കുട്ടി മുസ്‌ലിയാരാണ് പ്രധാന ഗുരു. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ സതീര്‍ത്ഥ്യനായിരുന്നു. പൂക്കോയക്കുട്ടി എന്ന് സ്‌നേഹവാത്സല്യത്തോടെ ഏവരും വിളിച്ചിരുന്ന പൂക്കോയതങ്ങളില്‍ ചെറുപ്പത്തില്‍ തന്നെ ഈ മഹനീയ കുടുംബത്തിന്റ മഹത്വവും പ്രത്യേകതകളും നിഴലിച്ചു കണ്ടു. 

പതിനെട്ടാം വയസ്സില്‍ പൊതുരംഗത്തേക്ക് കടന്നുവന്നു. 1937ല്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മലബാര്‍ മുസ്‌ലിം നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തങ്ങളുടെ പിന്തുണയില്‍ മുസ്‌ലിം ലീഗ് പിന്തുണച്ച കിഴിശ്ശേരി ചേക്കുഹാജി, ഗവണ്‍മെന്റ് അനുകൂലിയായിരുന്ന ഉണ്ണിക്കമ്മു സാഹിബ് എന്നിവരെ പരാജയപ്പെടുത്തി. ബാഫഖിതങ്ങള്‍, സത്താര്‍സേട്ട് എന്നിവരുമായുള്ള ബന്ധത്തിലൂടെ 1940 മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ മെമ്പര്‍ഷിപ്പെടുത്തു സജീവമായി. ഏറനാട് താലൂക്ക് പ്രസിഡന്റായി നിയോഗിതനായതോടെ തങ്ങളെ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന ആയിരക്കണിക്കാനാളുകള്‍ ലീഗിലെത്തി. 1947 ആഗ്‌സ്ത് 15 രാജ്യം സ്വതന്ത്രമായപ്പോള്‍ ഇന്ത്യന്‍യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദ് നാട്ടുരാജ്യത്തിനെതിരെ നടന്ന സൈനിക നടപടിയില്‍ ജയിലിലടക്കപ്പെട്ട മുസ്ലിം നേതാക്കളുടെ കൂടെ പൂക്കോയതങ്ങളും 17 ദിവസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. തങ്ങളുടെ സര്‍വ്വസ്വവുമായ സയ്യിദവര്‍കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ച മലബാറിലെ പൊതുസമൂഹം അതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നപ്പോള്‍ അവരോട് ശാന്തരായി തിരുച്ചുപോകുവാന്‍ അവിടുന്നാഹ്വാനം ചെയ്തു. നിസ്‌കാരത്തിനോ മറ്റു മതചിട്ടകള്‍ക്കോ യാതൊരു വിഘ്‌നവും സംഭവിക്കാതെ സഹതടവുകാര്‍ക്ക് മതപരമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ജയില്‍വാസം തങ്ങള്‍ ഉപയോഗപ്പെടുത്തി. 

കേരളസംസ്ഥാനം നിലവില്‍ വന്നപ്പോള്‍ മുസ്‌ലിംലീഗ് സ്ംസ്ഥാനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. ബാഫഖി തങ്ങള്‍ പ്രസിഡന്റായും സീതിസാഹിബ് ജനറല്‍സെക്രട്ടറിയുമായി കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ സെക്കന്റ് ഇന്‍കമ്മാന്റ് ആയി പൂക്കോയതങ്ങള്‍ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു. മലബാറില്‍ മുസ്‌ലിംലീഗിന്റെ വോട്ടുപെട്ടി നിറയാന്‍ പൂക്കോയതങ്ങളുടെ സാന്നിധ്യവും, ആഹ്വാനവും മാത്രം മതിയായിരുന്നു. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഭാര്യമാര്‍ പോലും ഞങ്ങള്‍ക്ക് വോട്ടുചെയ്യില്ലെന്നാണ് 1970 പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പരാജയപ്പെട്ട മാര്‍കിസ്റ്റ് നേതാവ് ഇമ്പിച്ചിബാവ പത്രക്കാരോട് ഒരിക്കല്‍ പറഞ്ഞത്. 1973 ജനുവരി 19ന് ബാഫഖി തങ്ങള്‍ വിടപറഞ്ഞപ്പോള്‍ സംസ്ഥാന പ്രസിഡന്റായി പൂക്കോയതങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പലരും ഒരു പുരുഷായുസ്സ് പ്രവര്‍ത്തിച്ചാല്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ തങ്ങളുടെ ഒരു വാക്ക് കൊണ്ട്, കത്തുകൊണ്ട് നേടിയെടുക്കാന്‍ സാധ്യമായിരുന്നു. പ്രൈവറ്റ് മാനേജ്‌മെന്റിന് കീഴില്‍ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് നിമിത്തമാണെന്ന് മുഖ്യമന്ത്രി അച്യുതമേനോട് കത്തിലൂടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 1975ല്‍ 400ല്‍ പരം വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു.

1973 ഫെബ്രുവരി 24ന് സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പൂക്കോയതങ്ങളുടെ മഹനീയ നേതൃത്വം സമസ്തകേരളജംഇയ്യത്തുല്‍ഉലമക്കും പോഷകഘടകങ്ങള്‍ക്കും ഏറെ ഉപകാരപ്രദവും സംഘടനയെ ജനകീയമാക്കുന്നതില്‍ നിസ്തുലപങ്ക് വഹിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹത്തെ സമുദ്ധരിക്കേണ്ടതെന്ന് നിരന്തരം പ്രസംഗിച്ചിരുന്ന തങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. വിദ്യാഭ്യാസബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് തങ്ങള്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിവന്നത്. 1959ല്‍ നടന്ന സമസ്തയുടെ വടകര സമ്മേളനം മഹാനായ ഖുത്വുബിയുടെ അദ്ധ്യക്ഷതയില്‍ പൂക്കോയതങ്ങളാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. 1961ല്‍ നടന്ന കക്കാട് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ പൂക്കോയതങ്ങളായിരുന്നു. 1965ല്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത തീരുമാനമെടുത്തപ്പോള്‍ അതിനെതിരില്‍ പലപ്രമുഖരും രംഗത്തുവരികയും അഖിലകേരളജംഇയ്യത്തുല്‍ഉലമ രൂപീകരിക്കുകയും ചെയ്ത പശ്ചാതലത്തില്‍ 1966 ഏപ്രില്‍ 3ന് കുറ്റിച്ചിറയില്‍ നടന്ന സമസ്തയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് പതിവിന് വിപരീതമായി സഗൗരവം തങ്ങള്‍ ഇങ്ങനെ പ്രഖ്യാപിച്ചു 'ഇവിടെ സമസ്ത മതി. അഖിലയും വേണ്ട കൊഖിലയും വേണ്ട...'. രണ്ട് വര്‍ഷത്തിനകം ആ സംഘടന നാമാവശേഷമായി.

ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട് അനാഥനായി വളര്‍ന്ന പൂക്കോയതങ്ങള്‍ യതീമുകളുടെ സംരക്ഷണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രചോദനം നല്‍കി. തങ്ങളുടെ നിര്‍ദേശപ്രകാരം നിരവധി യതീംഖാനകള്‍ സ്ഥാപിതമായി. തന്നെ സമീപിച്ചിരുന്ന പലരോടും ആവശ്യപൂര്‍ത്തീകരണത്തിനും മറ്റും ഏഴ് യതീംകുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം നിര്‍ദേശിച്ചു. മുക്കം മുസ്‌ലിം  യതീംഖാന, വയനാട് മുസ്‌ലിം ഓര്‍ഫനേജ്, ഒളവട്ടൂര്‍ യതീംഖാന, പടിഞ്ഞാറ്റുമുറി ഫള്ഫരി യതീംഖാന, വല്ലപ്പുഴ ദുറൂല്‍ഇസ്‌ലാം യതീംഖാന, പെരുവള്ളൂര്‍ തന്‍വീറുല്‍ഇസ്‌ലാം യതീംഖാന, തൂത ദുറുല്‍ഉലൂം യതീംഖാന, കിണാശേരി യതീംഖാന, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നീ അനാഥാലയങ്ങള്‍ പൂക്കോയതങ്ങളുടെ ആശീര്‍വാദവും പരിഗണനയും പ്രാര്‍ത്ഥനയും ലഭിച്ച സ്ഥാപനങ്ങളില്‍ ചിലതാണ്. 

ജാമിഅനൂരിയ്യ സ്ഥാപിക്കപ്പെടുന്നതിന്റെ മുന്നോടിയായി രൂപീകരിക്കപ്പെട്ട സമസ്ത അറബിക് കോളേജ് കമ്മിറ്റിയുടെ വൈസ്പ്രസിഡന്റ് പാണക്കാട് പൂക്കോയതങ്ങളായിരുന്നു. 1964ല്‍ തങ്ങള്‍ ജനറല്‍സെക്രട്ടറിയായി. ഗ്രാമങ്ങളില്‍ കാല്‍നടയായി ചെന്ന് ജാമിഅക്ക് വേണ്ടി സംഭാവന സ്വീകരിച്ചിരുന്ന പൂക്കോയതങ്ങളെ പഴമക്കാര്‍ക്ക് പരിചിതമാണ്. ജാമിഅക്ക് വേണ്ടി വിദേശപര്യടനവും നടത്തിയിട്ടുണ്ട്.  മദ്രസകള്‍ സ്ഥാപിക്കാന്‍ ഓടിനടന്നിരുന്ന ഓര്‍ഗനൈസര്‍ കെ.പി ഉസ്മാന്‍ സാഹിബ് ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മഹല്ലുകളില്‍ ചെന്ന് പ്രധാനികളുമായി പാണക്കാട് വന്ന് തങ്ങളുടെ തിയ്യതി ഉറപ്പിച്ച് മഹല്ലില്‍ പരിപാടി സംഘടിപ്പിച്ചാണ് മദ്രസകള്‍ സ്ഥാപിച്ചത്. പൂക്കോയതങ്ങള്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ആളുകള്‍ തടിച്ചുകൂടുവാന്‍ മറ്റൊന്നും ചെയ്യേണ്ടിയിരുന്നില്ല. തങ്ങളുടെ സാന്നിധ്യവും, ബറകത്തിന്റെ കൈനീട്ടവും ഇല്ലാത്ത ഒരു മതസ്ഥാപനവും അക്കാലത്തുണ്ടായിട്ടുണ്ടാവില്ല. സമസ്തയുടെ ഊന്നുവടിയെന്ന് വിശേഷിപ്പിക്കാവുന്ന സുന്നീയുവജനസംഘം ഇത്രമേല്‍ വേരൂന്നിയത് പൂക്കോയതങ്ങള്‍ അതിന്റെ സാരഥ്യം വഹിച്ചതിന് ശേഷമാണ്. മുബാറകായ ഒരാള്‍ (ബര്‍കത്തുള്ള വ്യക്തി) സംഘടനയുടെ തലപ്പത്ത് വന്നാല്‍ സംഘടക്ക് നമാഅ്(വളര്‍ച്ച)ഉണ്ടാകുമെന്ന് കോട്ടുമല അബൂബകര്‍ മുസ്‌ലിയാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 1968 ആഗസ്ത് 25ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് തങ്ങളെ പ്രസിഡന്റാക്കി. തങ്ങളുടെ ആവശ്യപ്രകാരം സി.എച്ച് ഐദ്രൂസ് മുസ്‌ലിയാര്‍ ഓര്‍ഗനൈസറായും തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം 300ല്‍പരം ശാഖകള്‍ രൂപീകരിക്കപ്പെട്ടു. 

വിദ്യാഭ്യാസ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാനും, അത്താണിയാകുവാനും രാപ്പകല്‍ഭേദമന്യേ അവിടുന്ന് ശ്രദ്ധിച്ചു. കോടതികള്‍ കയ്യൊഴിഞ്ഞ കേസുകള്‍ പോലും നീതിമാനായ ആ മധ്യസ്ഥന്റെ കൊടപ്പനക്കല്‍ പൂമുഖത്ത് വട്ടമേശക്കരികില്‍ പരിഹൃതമായി. ഊട്ടിയില്‍ വന്ന് താമസിക്കുകയാണെങ്കില്‍ ഏക്കര്‍കണക്കിന് ഭൂമി നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ കരുതിവെച്ചിട്ടുണ്ടെന്ന് ഊട്ടിയിലെ ഒരു സേട്ട് വന്ന് പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാനുള്ള സൗകര്യമുണ്ടല്ലോ, ഈ പാവപ്പെട്ടവര്‍ക്ക് എന്നെ കാണാന്‍ ഊട്ടിയിലേക്ക് വരാന്‍ കഴിയില്ല'. എന്ന് പറഞ്ഞ് വേണ്ടന്ന് പറഞ്ഞു. ഒരു ദിവസം പ്രഭാതനിസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ പോകാനിറങ്ങിയപ്പോള്‍ കുറച്ചാളുകള്‍ വരാന്തയില്‍ ഇരിക്കുന്നത് കണ്ടു. അവര്‍ രാത്രി വന്ന് വാതിലില്‍ മുട്ടിയിട്ടും തങ്ങളറിഞ്ഞിരുന്നില്ല. ഇതിന് ശേഷം വരാന്തയിലേക്കുള്ള ജനവാതില്‍ തുറന്നിട്ടാണ് ഉപ്പ ഉറങ്ങാറുണ്ടായിരുന്നതെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നുണ്ട്. 

അന്ന് ജീവിച്ചിരുന്ന പണ്ഡിതരും, സയ്യിദുമാരും പാണക്കാട് പൂക്കോയതങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും സമൂഹത്തെ ആ ദിശയിലൂടെ നടത്തുകയും ചെയ്തിട്ടുണ്ട്. യുഗപ്രഭാവനായിരുന്ന ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ ഏത് കാര്യവും പൂക്കോയതങ്ങളോട് കൂടിയാലോചിച്ചാണ് തീരുമാനമാക്കിയിരുന്നത്. രാഷ്ട്രീയ എതിരാളികള്‍ ചിലര്‍ ഇരവര്‍ക്കുമെതിരെ ആക്ഷേപമുന്നയിച്ചപ്പോള്‍ അതിന് പ്രതികരിക്കുന്ന വേളയില്‍ ബാഫഖി തങ്ങള്‍ പറഞ്ഞതിങ്ങനെയാണ്: ''എന്നെ പറഞ്ഞതില്‍ എനിക്ക് പ്രശ്‌നമില്ല. എന്റെ പൂക്കോയക്കുട്ടിയെ പറഞ്ഞാല്‍ എനിക്ക് സഹിക്കൂല'' എന്നാണ്. സ്വന്തം മകളെ പൂക്കോയതങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച് ആ ബന്ധം ഊട്ടയുറപ്പിക്കുവാനും ബാഫഖി തങ്ങള്‍ ശ്രദ്ധിക്കുകയുണ്ടായി. പൂക്കോയതങ്ങള്‍ക്ക് ശേഷം മുഹമ്മദലി ശിഹാബ് തങ്ങളെ ജാമിഅയുടെ സെക്ക്രട്ടറിയായി നിയമിച്ച് ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു: ഇനി ജാമിഅയുടെ യോഗത്തിന് തീയതി തീരുമാനിക്കാന്‍ ചാപ്പനങ്ങാടിയിലേക്ക് വരണ്ട്. നിങ്ങള്‍ പാണക്കാട്ടേക്ക് പോവുക. അവിടന്ന് പറയുന്ന തിയ്യതി എന്നോട് പറഞ്ഞാല്‍ മതി''. 

മഹാനവര്‍കളുടെ ബര്‍കത് അല്ലാഹു നമുക്ക് നല്‍കട്ടെ. സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടിത്തരട്ടെ. ആമീന്‍...






Post a Comment

Previous Post Next Post