ഖുര്‍ആന്‍ ശാസ്ത്ര മേഖലയില്‍ ഉണ്ടായത്ര സജീവമായ ഇടപെടല്‍ ഹദീസ് ശാസ്ത്ര മേഖലയില്‍ കേരളീയ പണ്ഡിതരില്‍ നിന്നുണ്ടായിട്ടില്ല എന്നാണ് പഠനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. ബുഖാരി, മുസ്‌ലിം, സുനനുത്തിര്‍മുദി, സുനനുന്നസാഇ, സുനനു ഇബ്‌നിമാജ, സുനനുഅബീദാവൂദ്, രിയാളുസ്സ്വാലിഹീന്‍, മിശ്കാതുല്‍ മസ്വാബീഹ്, ബുലൂഗുല്‍ മറാം, ഇമാം നവവി(റ)യുടെ നാല്‍പത് ഹദീസുകള്‍ എന്നിവയാണ് കേരളീയര്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ഹദീസ് കൃതികള്‍. ഇതില്‍ തന്നെ ചില ഹദീസ് ഗ്രന്ഥങ്ങളുടെ മലയാള വിവര്‍ത്തനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളികള്‍ രചിച്ച സ്വതന്ത്ര അറബി ഹദീസ് കൃതികള്‍ വളരെ വിരളമാണ്.  എന്നാലും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ സ്വിഹാഹുശ്ശൈഖൈനിയും നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ മിര്‍ആതുല്‍ മിശ്കാതും ഈ മേഖലയില്‍ എടുത്തു പറയപ്പെടേണ്ടവ തന്നെയാണ്. വളരെക്കാലമായി ഹദീസ് ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മലയാളി പണ്ഡിതര്‍ രചനാ മേഖലയില്‍ പൊതുവെ പിറകിലാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്കിലും സ്വിഹാഹുസ്സിത്തയുടേയും രിയാളസ്സ്വാലിഹീന്റെയും ഇമാം ബുഖാരിയുടെ അല്‍ അദബുല്‍ മുഫ്‌റദിന്റെയും മറ്റും മലയാള വിവര്‍ത്തനങ്ങള്‍ ഇന്ന് ലഭ്യമാണ്.


സ്വിഹാഹുശ്ശൈഖൈന്‍.

സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ദീര്‍ഘകാലം പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്ത വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ആണ് അറബിയിലുള്ള ഈ കൃതിയുടെ രചയിതാവ്.ഹി 1298(ക്രി1881)ല്‍ കോയാമുട്ടി മുസ്‌ലിയാരുടേയും ഫാത്വിമയുടേയും മകനായി ജനിച്ച ഇദ്ധേഹം പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. പിന്നീട് നാദാപുരം ജുമാമസ്ജിദില്‍ വെച്ച് ശൈഖ് ശീറാസിയുടേയും ,തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ നിന്ന് കോടഞ്ചേരി അഹ്മദ്കുട്ടി മുസ്‌ലിയാരുടേയും ശിശ്യത്വം സ്വീകരിച്ചു. മൂര്‍ക്കനാട് ആലി മുസ്‌ലിയാര്‍, ചെറിയ അവറാന്‍ കുട്ടി മുസ്‌ലിയാര്‍, തലക്കടത്തൂര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ പക്കല്‍ നിന്നും അദ്ധേഹം ദര്‍സീ പഠനം നേടിയിട്ടുണ്ട്. 

മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവിയായി കേരളത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവിടെച്ചെന്ന് വിഞ്ജാന മധു നുകരാന്‍ ഈ വിദ്യാര്‍ത്ഥിയുടെ മനസ്സ് വെമ്പല്‍കൊണ്ടു. അങ്ങിനെ ഹി 1316മുതല്‍ 1321വരെ അഞ്ച് വര്‍ഷം ബാഖിയാത്തില്‍ പഠിച്ച അദ്ധേഹം റമളാനില്‍ പോലും നാട്ടില്‍ വരാതെ ഗ്രന്ഥ പാരായണത്തില്‍ മുഴുകുകയായിരുന്നു.

ചാലിലകത്തിന് ശേഷം കേരളത്തിലെ രണ്ടാമത്തെ ബാഖവിയായി മാറിയ ഇദ്ധേഹം ബാഖിയാത് സ്ഥാപകന്‍ ശൈഖ് അബ്ദുല്‍ വഹാബ് ഹസ്രത്ത്, ശൈഖ് അബ്ദുറഹീം ഹസ്രത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് എന്നിവരുടെ കീഴിലാണ് ബാഖിയാത്തില്‍ പഠിച്ചത്. അറബി, ഉര്‍ദു, ഫാരിസി, ഇംഗ്ലീഷ്, തമിഴ് മലയാളം ഭാഷകളില്‍ നിപുണനായ സ്മര്യപുരുഷന്‍ ത്വരീഖത്ത് സ്വീകരിച്ച മഹാ വ്യക്തിത്വമായിരുന്നു.നിരവധി കൃതികള്‍ അദ്ധേഹത്തിന്റെ തൂലികയില്‍ നിന്ന് വൈഞ്ജാനിക ലോകത്തിന് ലഭിച്ചിട്ടുണ്ട്. ജംഉല്‍ ബാരി, അല്‍ മുതഫര്‌രിദ് ഫില്‍ ഫിഖ്ഹ്, അല്‍ വസ്വീലതുല്‍ ഉള്മ, സ്വിറാതുല്‍ മുസ്വ്തഖീം, അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫില്‍ മുസ്വ്തഫല്‍ മഖ്‌സ്വൂസ്വ്, മൗലിദുശ്ശഫീഇല്‍ മുശഫ്ഫഅ് എന്നിവയാണ് മറ്റു രചനകള്‍.

ജംഉല്‍ ബാരിയില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ഉസുലുല്‍ ഫിഖ്ഹ്, ആധ്യാത്മികഞ്ജാനം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 822 പേജ് വരുന്ന ഈ ഗ്രന്ഥം 1364ലാണ് പൂര്‍ത്തിയായത്. ഹി 1385(ക്രി1965)ല്‍ ജുമാദുല്‍ ഊലയില്‍ വഫാതായ മഹാനുഭാവന്‍ വാളക്കുളത്ത് താന്‍ നിര്‍മ്മിച്ച പള്ളിക്ക് മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്നു. മരണത്തിന് മുമ്പ് അദ്ധേഹം പറഞ്ഞ വാക്ക് നാമേവരേയും ചിന്തിപ്പിക്കുന്നതാണ്. 'എന്റെ ചെറുപ്പത്തില്‍ പറഞ്ഞ ഒരു ചെറിയ കളവല്ലാതെ മറ്റൊരു തെറ്റും ഞാന്‍ ചെയ്തതായി ഓര്‍ക്കുന്നില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം'. ജീവിത സമ്പാദ്യം മുഴുവന്‍ പള്ളി പരിപാലനത്തിന് വേണ്ടി നീക്കി വെച്ചാണ് അദ്ധേഹം പരലോകം പൂകിയത്.

തന്റെ രചനകളില്‍ അവസാനത്തേതും പ്രൗഢവുമാണ് സ്വിഹാഹുശൈഖൈന്‍. മുത്തഫഖുന്‍ അലൈഹിയായതോ, ഇമാം ബുഖാരി(റ)യോ, മുസ്‌ലി(റ)മോ ഉദ്ധരിച്ച ഹദീസുകള്‍ മാത്രമേ ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളു. ഈ കൃതിയുടെ രചനാ പശ്ചാതലം മഹാനവര്‍കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇബ്‌നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ)ഇങ്ങനെ പ്രാര്‍ത്ഥിക്കുകയുണ്ടായി, അല്ലാഹുവേ, എന്റെ ഖുലഫാക്കള്‍ക്ക് നീ കരുണ ചെയ്യേണമേ. ഞങ്ങള്‍ ചോദിച്ചു ആരാണ് നബിയെ നിങ്ങളുടെ ഖുലഫാക്കള്‍? അവിടുന്ന് പറഞ്ഞു എന്റെ ഹദീസ് നിവേദനം ചെയ്യുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണവര്‍(ത്വബ്‌റാനി. അവ്‌സ്വഥ്). ഈ ഹദീസ് പറഞ്ഞ് മഹാനവര്‍കള്‍ എഴുതുന്നു, തിരുമേനിയുടെ ഹദീസുകള്‍ സദുപദേശാര്‍ത്ഥം ജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കല്‍ പ്രവാചക ചര്യയാണ്. അത് നിര്‍വഹിക്കുന്നവര്‍ ആരുടെ ഹദീസാണോ എത്തിക്കുന്നത് അവരുടെ പ്രതിനിധി(ഖലീഫ)ആയിരിക്കും'. ഹദീസ് പണ്ഡിതന്‍ തന്റെ മുഴുവന്‍ ശ്രദ്ധയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഹദീസുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ എത്തിച്ചു കൊടുക്കണം. സുന്നത്തായ നോമ്പ്, നിസ്‌കാരം എന്നിവ നിര്‍വഹിക്കുന്നതിനേക്കാള്‍ ഈ പ്രവര്‍ത്തനമാണ് പുണ്യകരം. കാരണം ഇത് ഫര്‍ള് കിഫയാണ്(പേജ്39). ഈ ഹദീസില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു കൊണ്ടാണ്  ഈ രചന അദ്ധേഹം നിര്‍വഹിച്ചത്.

ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിന്റെ സാംസ്‌കാരിക ചലനങ്ങളില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ, മഹാനായ ഖത്തീബുത്തിബ്‌റീസിയുടെ മിശ്കാത്തുല്‍ മസ്വാബീഹിന്റെ ചുരുക്ക ഗ്രന്ഥമാണ് സ്വിഹാഹുശ്ശൈഖൈനിയെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും. ഇന്ത്യയില്‍ ഹദീസ് വിജ്ഞാന ശാഖയില്‍ വലിയ സംഭാവനകളര്‍പ്പിച്ച ശാഹ് വലിയ്യുള്ളാഹിദ്ദഹ്‌ലവി പോലും പ്രാമുഖ്യം നല്‍കിയത് ഈ മിശ്കാത്തിനായിരുന്നു. മുശ്കാത്തിന് ഫാരിസിയിലും അറബിയിലുമായി രണ്ട് വ്യാഖ്യാനങ്ങള്‍ അദ്ധേഹം രചിച്ചിട്ടുണ്ട്. പക്ഷേ, ഇമാം ബുഖാരി(റ), മുസ്‌ലിം(റ) എന്നിവരുടേതല്ലാത്ത ഹദീസുകളും മിശ്കാത്തില്‍ നമുക്ക് കണ്ടെത്താം. ഇവയില്‍ നിന്ന് ഇവര്‍ രണ്ട് പേരും യോജിച്ചതോ അല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ ഹദീസുകള്‍ ശേഖരിച്ചാണ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ രചന നിര്‍വഹിച്ചത്. മിശ്കാതിലെ പോലെ ഓരോ ബാബിലും മൂന്ന് ഫസ്വ്‌ല് കളാക്കി ത്തിരിച്ച് ഒന്നാമത്തേതില്‍ മുത്തഫഖുന്‍ അലൈഹിയായ ഹദീസും രണ്ടാമത്തേതില്‍ ബുഖാരി(റ)മാത്രം നിവേദനം ചെയ്തതും മൂന്നാമത്തേതില്‍ മുസ്‌ലിം(റ)മാത്രം നിവേദനം ചെയ്ത ഹദീസും അദ്ധേഹം ഒരുമിച്ചു കൂട്ടി. 

വൈജ്ഞാനിക ലോകത്തിന് വളരെ വലിയ സംഭാവനയാണ് ഈ ഉദ്യമത്തിലൂടെ അദ്ധേഹം നിര്‍വഹിച്ചതെന്നതില്‍ സംശയമില്ല. കാരണം പണ്ഡിത ലോകം കൂടുതല്‍ ആവശ്യപ്പെടുന്നത് ശൈഖൈനി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളാണ്. ഇവ മിശ്കാത് പോലോത്തവയില്‍ ലഭ്യമാണെങ്കിലും പല സ്ഥലങ്ങളിലായി ചിന്നിഛിതറിക്കിടക്കുകയാണ്. ഇവയെല്ലാം ഒരു ബാബിന്‍ കീഴില്‍ ഒരുമിച്ചു കിട്ടുകയെന്നത് വളരെ വലിയ ഉപകാരം തന്നെയാണ്. കിതാബുല്‍ ഈമാന്‍, കിതാബുല്‍ ഇല്‍മ്, കിതാബുത്തഹാറ, കിതാബുസ്സ്വലാത്ത്, കിതാബുല്‍ ജനാഇസ്, കിതാബുസ്സകാത്ത്, കിതാബുസ്സ്വവ്മ്, കിതാബു ഫളാഇലില്‍ ഖുര്‍ആന്‍, കിതാബുദ്ദഅ്‌വാത്, കിതാബുല്‍ മനാസിക്, കിതാബുല്‍ ബുയൂഅ്, കിതാബുല്‍ ഫറാഇളി വല്‍വസ്വായാ, കിതാബുന്നികാഹ്, കിതാബുല്‍ ഇത്ഖ്, കിതാബുല്‍ അയ്മാനി വന്നുദൂര്‍, കിതാബുല്‍ ഖിസ്വാസ്വ്, കിതാബുല്‍ ഹുദൂദ്, കിതാബുല്‍ ഇമാറതി വല്‍ഖളാഅ്, കിതാബുല്‍ ജിഹാദ്, കിതാബുസ്സ്വയ്ദി വസ്സബാഇഹ്, കിതാബുല്‍ അത്വ്ഇമത്, കിതാബുല്ലിബാസ്, കിതാബുത്തിബ്ബി വര്‍റുഖ, കിതാബുര്‍റുഅ്‌യ, കിതാബുല്‍ ആദാബ്, കിതാബുര്‍റിഖാഖ്, കിതാബുല്‍ ഫിതന്‍, കിതാബു അഹ്‌വാലില്‍ഖിയാമതി വബദ്ഇല്‍ഖല്‍ഖ്, കിതാബുല്‍ ഫളാഇലി വശ്ശമാഇല്‍, കിതാബുല്‍ മനാഖിബ് എന്ന ഓര്‍ഡറിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഓരോ കിതാബുകള്‍ക്ക് കീഴിലും മിശ്കാതിലെപ്പോലെ വിത്യസ്ത അദ്ധ്യായങ്ങളുണ്ട്. എന്നാല്‍ മിശ്കാതിലെ ചില അദ്ധ്യായങ്ങളില്‍ ശൈഖൈനി നിവേദനം ചെയ്ത ഹദീസില്ലെങ്കില്‍ ആ അദ്ധ്യായം ഈ കൃതിയില്‍ കളയപ്പെട്ടിട്ടുണ്ടാകും.

മിശ്കാതില്‍ മൊത്തം 6285ഹദീസുകളാണെങ്കില്‍ സ്വിഹാഹുശ്ശൈഖൈനിയില്‍ 2647 ഹദീസുകള്‍ മാത്രമാണുള്ളത്.എല്ലാ ഹദീസ് പണ്ഡിതരും സാധാരണ കിതാബില്‍ കൊണ്ടുവരാറുള്ള 'ഇന്നമല്‍ അഅ്മാലു ബിന്നിയ്യാത്ത്' എന്ന ഹദീസ് തന്നെയാണ് ഇതിലും പ്രാരംഭ ഹദീസായി അദ്ധേഹം കൊണ്ടുവന്നത്. വൈജ്ഞാനിക ലോകത്തിന് ലഭിച്ച ഈ അമൂല്യ കൃതി ഒരു മലയാളിയുടെ പേനയില്‍ നിന്നാണെന്നതില്‍ മലയാളികളായ നമുക്കഭിമാനിക്കാം.

മിര്‍ആതുല്‍ മിശ്കാത്ത്

ബൃഹത്തായ നിരവധി കൃതികള്‍ കൈരളിക്ക് സമര്‍പ്പിച്ച പ്രഗത്ഭ പണ്ഡിതന്‍ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ രചിച്ച അമൂല്യ കൃതിയാണ് മിര്‍ആതുല്‍ മിശ്കാത്ത്. ഹദീസ് ശാസ്ത്രത്തില്‍ കേരളക്കരയില്‍ വിരചിതമായ ഏറ്റവും വലിയ ഗ്രന്ഥമാണിതെന്നതില്‍ സന്ദേഹമില്ല. 1939ല്‍ മുസ്‌ലിയാരകത്ത് അഹ്മദ് മുസ്‌ലിയാരുടെയും കോട്ടക്കൂത്ത് മര്‍യമിന്റെയും പുത്രനായി ജനിച്ച ഇസ്മാഈല്‍ മുസ്‌ലിയാര്‍ നെല്ലിക്കുത്ത് സ്വലാഹുദ്ദീന്‍ മദ്രസയിലും ഗവണ്‍മെന്റ് സ്‌കൂളിലും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം നിരവധി ഉസ്താദുമാരുടെ ശിശ്യത്വം സ്വീകരിക്കുകയുണ്ടായി. മര്‍ഹൂം കുഞ്ഞിഹസന്‍ ഹാജി നെല്ലിക്കുത്ത്, മര്‍ഹൂം കാട്ടുകണ്ടം കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മര്‍ഹൂം മഞ്ചേരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അല്ലാമ ഇബ്‌റാഹീം ബല്‍യാവി, സയ്യിദ് ഫഖ്ര്‍ അഹ്മദ് എന്നിവരാണ് പ്രധാനാധ്യാപകര്‍. ദാറുല്‍ ഉലൂം ദയൂബന്ദിലെ ഉപരിപഠനത്തിന് ശേഷം അരിമ്പ്ര, നെല്ലിക്കുത്ത്, പുല്ലാര, കാവനൂര്‍- തവരാപറമ്പ്, ആലത്തൂര്‍പടി, നന്തി ദാറുസ്സലാം അറബിക് കോളേജ്, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ എന്നിവടങ്ങളില്‍ അധ്യാപനം നടത്തി.

 അറബിയിലും മലയാളത്തിലും നിരവധി കൃതികള്‍ എഴുതിയ അദ്ധേഹം നിരവധി ഫന്നുകളില്‍ അവഗാഹം നേടിയ അതുല്യ പ്രതിഭയായിരുന്നു. അഖീദത്തുസ്സുന്ന, ഫിഖ്ഹുസ്സുന്ന, ഹാശിയത്തു തശ്‌രീഹുല്‍ മന്‍ത്വിഖ്, തഖ്‌രീര്‍ മുല്ലാ ഹസന്‍, ഹാശിയത്തു രിസാലത്തുല്‍ മാറദീനി എന്നീ അറബീ രചനകള്‍ക്ക് പുറമേ തൗഹീദ് ഒരു സമഗ്ര പഠനം, മതങ്ങളിലൂടെ ഒരു പഠന പര്യടനം, ഇസ്‌ലാമിലെ സാമ്പത്തിക നിയമങ്ങള്‍, ഇസ്‌ലാം മതം, ജുമുഅ: പഠനം, ഫതാവാ(മൂന്ന് വാള്യം), മദ്ഹബ് ഒരു ഹൃസ്വ പഠനം എന്നീ മലയാള കൃതികളും ലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ അദ്ധേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2011 ഏപ്രില്‍ 3 (റബീഉല്‍ ആഖിര്‍ 29) ന് അദ്ധേഹം ഈ ലോകത്തോട് വിട പറഞ്ഞു.

ഹദീസ് ശാസ്ത്രത്തില്‍ തുഛം രചനകള്‍ മാത്രമുള്ള കേരളീയ സാഹചര്യത്തില്‍ വിരചിതമായ മിര്‍ആതുല്‍ മിശ്കാത്ത് എന്ന ഗ്രന്ഥം ഏറെ പ്രൗഢവും ആ മേഖലയിലെ വിടവ് നികത്തുന്നതുമാണ്. എട്ടു വാള്യങ്ങളിലായി ഏഴായിരത്തിലധികം പേജ് വരുന്ന ഈ ഗ്രന്ഥം മലബാരീ പണ്ഡിതര്‍ രചിച്ച രചനകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നതാണ്. പല മഹാന്‍മാരും ഹദീസ് മേഖലയില്‍ രചനകള്‍ക്കവലംഭിച്ച, വിശ്രുത ഹദീസ് പണ്ഡിതന്‍ ഖതീബൂത്തിബ്‌രീസിയുടെ ഭുവനപ്രശസ്ത ഗ്രന്ഥമായ മിശ്കാത് തന്നെയാണ് മിര്‍ആതുല്‍ മിശ്കാത്തിന്റെ രചനയിലും അദ്ധേഹം ആശ്രയിച്ചത്. പല വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥത്തിനദ്ധേഹം പ്രാമുഖ്യം നല്‍കിയത്. കേരളത്തിലും മറ്റും പൊതുവെ പാഠ്യ വിഷയമായി അംഗീകരിച്ച ഗ്രന്ഥമെന്നതും സ്വിഹാഹുസ്സിത്തയിലേയും ബൈഹഖിയിലേയും ഹദീസുകള്‍ ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നതും ഇതിന്റെ കാരണങ്ങളില്‍ ചിലതാണ്. മിശ്കാത്തിന്റെ വിശദദീകരണ ഗ്രന്ഥമായ മിര്‍ഖാതുല്‍ മഫാത്തീഹിന്റെ ഹനഫീ മദ്ഹബുകാരനായ രചയിതാവ് വ്യാഖ്യാനത്തിലൂടെ തന്റെ മദ്ഹബിന്റെ വീക്ഷണപ്രകാരമുളള വ്യാഖ്യാനമാണ് നല്‍കാന്‍ ശ്രമിച്ചത്. അപ്പോള്‍ ശാഫി മദ്ഹബിന്റെ വീക്ഷണപ്രകാരമുള്ള ഒരു വ്യാഖ്യാനത്തിന്റെ പ്രസക്തിയും, ഇബ്‌നുഹജര്‍(റ) മിശ്കാത്തിന് എഴുതിയ വ്യാഖ്യാനത്തിലെ പലകാര്യങ്ങളും മുല്ലാ അലിയ്യുല്‍ ഖാരി നിരൂപിക്കുന്നുണ്ട്, ആ നിരൂപണങ്ങള്‍ക്കുള്ള മറുപടി നല്‍കി ശാഫി മദ്ഹബിന്റെ ആധികാരികത തെളിയിക്കുകയും ചെയ്യുക, തുടങ്ങിയ ഉദ്ധ്യേശ്യങ്ങളാണിതിന് പിന്നിലെ പ്രചോദനങ്ങള്‍. ഇത് കൊണ്ടുള്ള ലക്ഷ്യം അദ്ധേഹം മുഖവുരയില്‍ വ്യക്തമാക്കി എഴുതുന്നു. ഒന്ന്. യുക്തിവാദികള്‍ക്കുള്ള മറുപടി. രണ്ട്. നവീന വാദികള്‍ക്കുള്ള ഖണ്ഡനം. മൂന്ന്. മദ്ഹബബുകളെ ബലപ്പെടുത്തല്‍. നാല്. അഹ്‌ലുസ്സുന്നയുടെ ആശയ സമര്‍ത്ഥനം. അഞ്ച്. പുതിയ മസ്അലകളുടെ വിവരണം. ആറ്. അത്യപൂര്‍വ്വ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍. ഏഴ്. സംശയ നിവാരണം. എട്ട്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ പരിഹാരം. ഒമ്പത്. വിത്യസ്ത അഭിപ്രായങ്ങള്‍ തമ്മിലുള്ള സംയോജനം. പത്ത്. പിഴച്ച കക്ഷികളുടെ അപഭ്രംശങ്ങള്‍ എന്നിവയാണാ കാര്യങ്ങള്‍.

ഹദീസുകള്‍ക്ക് ഹറകത്തുകളും ക്രമനമ്പറുകളും നല്‍കി ശാസ്ത്രീയമായി ക്രമീകരിച്ചത് ഗ്രന്ഥത്തെ പ്രൗഢമാക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങളിലേക്കെത്തുവാനുള്ള കാര്യങ്ങള്‍ ഓരോ കൃതിയിലും നിര്‍വഹിക്കപ്പെട്ടതായി ഗ്രന്ഥപാരായണത്തിലൂടെ നമുക്ക് മനസ്സിലാക്കാം. ഓരോ വാള്യങ്ങള്‍ക്കവസാനവും ആ കൃതിയില്‍ പറഞ്ഞ വിഷയങ്ങളുടെ ചാര്‍ട്ടുകളും ചിത്രങ്ങളും ചേര്‍ത്തത് ഏത് ഗവേഷണ വിദ്യാര്‍ത്തിക്കും ഉപകാരപ്പെടുമെന്നതില്‍ സന്ദേഹമില്ല. വാള്യം ഒന്നില്‍ മിശ്കാത്തില്‍ വന്ന ഹദീസ് നിവേദകരുടെ ചരിത്രം അറബി അക്ഷരമാലാക്രമത്തില്‍ വിശദീകരിച്ചിരിക്കുന്നു. പിന്നെ നാല് മദ്ഹബിന്റെ ഇമാമുകളുടേയും സിഹാഹുസ്സിത്തയുടെ കര്‍ത്താക്കളുടേയും ചരിത്രമാണ്.  പിന്നീടുള്ള ഹദീസ് ചര്‍ച്ചയില്‍ വിത്യസ്ത രൂപത്തില്‍ ക്രമപ്പെടുത്തപ്പെട്ട ഹദീസ് കൃതികളെ കുറിച്ചും നിവേദകരുടെ സ്ഥാനവും വിശദമായി കൊടുത്തിരിക്കുന്നു. ഹദീസ് ശാസ്ത്രത്തില്‍ വിരചിതമായ കയ്യെഴുത്ത് കൃതികളെ സംബന്ധിച്ചും അവ ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരണം ഏറെ ഉപകരിക്കും. 

ഇജ്തിഹാദ് തഖ്‌ലീദിനെക്കുറിച്ച് വളരെ ആഴമേറിയ പഠനം തന്നെ ഈ കൃതിയിലദ്ധേഹം നല്‍കിയിട്ടുണ്ട്. 160 ല്‍ പരം പേജുകള്‍ വരുന്ന ഈ ചര്‍ച്ചയില്‍ തഖ്‌ലീദിന്റെ വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടികളും സലക്ഷ്യം ഉദാഹരണങ്ങളിലൂടെ നല്‍കുന്നു. ഇബ്‌നു ഹസം, ദഹബി തുടങ്ങിയ പൂര്‍വ്വകാലക്കാരും അല്‍ബാനിയെപ്പോലോത്ത ആധുനികരുമായ ഹദീസ് നിരൂപകര്‍ക്കുള്ള മറുപടിയാണ് പിന്നീട് നല്‍കിയിട്ടുള്ളത്. ഹദീസിന്റെ ഇനങ്ങളെക്കുറിച്ചും ഹദീസ് സാങ്കേതിക സംജ്ഞകളെക്കുറിച്ചും പ്രത്യേകം ചര്‍ച്ച ചെയ്യുന്നതോടൊപ്പം അവ വേഗത്തില്‍ മനപ്പാഠമാക്കാനുപകരിക്കുന്ന ഒരു കവിതയും കൂടെ ചേര്‍ത്തിട്ടുണ്ട്. 

രണ്ടാം വാള്യത്തിന്റെ അവസാനത്തില്‍ ഇമാം റാസിയുടെ തഫ്‌സീറില്‍ പരാമര്‍ശിച്ച പ്രധാന വിഷയങ്ങളുടെ ചാര്‍ട്ട് കൊടുത്തിട്ടുണ്ട്. സൂറത്ത്, ആയത്ത്, വാള്യം, പേജ് ക്രമത്തിലുള്ള ഈ ചാര്‍ട്ട് വിഷയങ്ങള്‍ കണ്ടെത്താന്‍ വളരെ ഉപകാരപ്രദം തന്നെ. 'തില്‍കല്‍ ഗറാനീഖുല്‍ ഉല' എന്ന ആയത്തിന്റെ മറവില്‍  വിശുദ്ധ ഗ്രന്ഥത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന മതനിഷേധികള്‍ക്കുള്ള മറുപടിയും ഈ വാള്യത്തിലാണ്. ഗഹനമായ ഹദീസ് ചര്‍ച്ചകള്‍ക്ക് പുറമെ മൂന്നാം വാള്യത്തിന്റെ അവസാനത്തില്‍ ശാഫിഈ മദ്ഹബിലെ പ്രധാന കൃതിയായ ഇബ്‌നുഹജര്‍(റ)ന്റെ തുഹ്ഫയുടെ വ്യാഖ്യാനമായ ശര്‍വാനിയിലുള്ള പ്രധാന വിഷയങ്ങളുടെ ചാര്‍ട്ട് കാണാം.

ഖുര്‍ആനിക അധ്യായങ്ങള്‍ അവതരണക്രമത്തില്‍ തയ്യാറാക്കിയ ചാര്‍ട്ടും ഹജ്ജിന്റെ മീഖാത്തുകളുടെ മാപ്പും പല ഗ്രന്ഥങ്ങളിലുള്ള പ്രധാന ചര്‍ച്ചകളും നാലാം വാള്യത്തിലാണ് കൊടുത്തിട്ടുള്ളത്. ഇസ്തിഗാസ സംബന്ധമായി ഇമാം ഗസാലി(റ) പറഞ്ഞ ഇബാറത്തുകളും ഇതില്‍ കാണാം. വാള്യം അഞ്ചില്‍ കിസ്‌റാ രാജാവിനും ഹിര്‍ഖല്‍ രാജാവിനും നബി(സ)തങ്ങള്‍ എഴുതിയ കത്തുകളുടെ കോപ്പികളും ഖുര്‍ആനില്‍ പരാമര്‍ഷിക്കപ്പട്ട നബിമാരുടെ വംശ പരമ്പരയും മക്കയില്‍ വെച്ച് നബി(സ)യെ കൂടുതല്‍ അക്രമിച്ച ശത്രുക്കളെക്കുറിച്ചും അവരുടെ കാര്യത്തില്‍ ഇറങ്ങിയ ആയത്തുകളും അടങ്ങുന്ന ചാര്‍ട്ടും കാണാം. ശര്‍ഹുമുസ്‌ലിം, ഫത്ഹുല്‍ബാരി തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലെ പുതിയ വിഷയങ്ങളുടെ ചാര്‍ട്ടും ഇതില്‍ തന്നെ. വാള്യം ആറിലാണ് നബിയുടെ വംശപരമ്പര കൊടുത്തിട്ടുള്ളത്. നബി പങ്കെടുത്ത യുദ്ധങ്ങളുടെ വിവരണം, ഇമാം ഖസ്‌വീനിയുടെ രിസാലക്ക് ഇബ്‌നുഹജര്‍(റ)നല്‍കിയ മറുപടി, ഖുദ്‌സിയ്യായ ഹദീസുകളുടെ ചാര്‍ട്ട്, കല്‍പനകളും നിരോധങ്ങളും ഉള്‍കൊള്ളുന്ന ഹദീസുകളുടെയും കര്‍മ്മങ്ങള്‍, പ്രസ്താവനകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹദീസുകളുടേയും ഇന്‍ഡക്‌സ് എന്നിവ എട്ടാം വാള്യത്തിലാണ്. കര്‍മ്മ പരമായ വിഷയങ്ങളിലുള്ള നാലു മദ്ഹബുകളും അവയുടെ പ്രമാണങ്ങളും ശാഫിഈ മദ്ഹബിന്റെ മുന്‍ തൂക്കവും ഓരോ വാള്യത്തിലും കാണാം. 15 ലക്ഷം രൂപയാണ് ഇതിന്റെ പ്രസിദ്ധീകരണ ചിലവ്. 

നയ്‌ലുല്‍മറാം ബി കലാമി സയ്യിദില്‍ അനാം

1892ല്‍ തിരൂരങ്ങാടിയില്‍ ജനിക്കുകയും അറബി, മലയാളം, അറബിമലയാളം ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്ത അലിഹസ്സന്‍ മുസ്‌ലിയാരാണ് ഇതിന്റെ കര്‍ത്താവ്. മലബാറില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്മര്യപുരുഷന്‍ എടരിക്കോട്, മലപ്പുറം, ചേറൂര്, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. പ്രവാചക പത്‌നി ആഇശ (റ) നിവേദനം ചെയ്തതും സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതുമായ ഹദീസുകളുടെ സമാഹാരമാണ് പരാമൃഷ്ട കൃതി. ബുഖാരിയില്‍ ആവര്‍ത്തിച്ചുവരുന്ന ഹദീസുകള്‍ ഒഴിവാക്കി മൊത്തം 470 ഹദീസുകളാണിതിലുള്ളത്. സ്ത്രീ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലക്ക് ഇതിന് പ്രാധാന്യമേറുന്നു. 1931ല്‍ തിരൂരങ്ങാടി മിസ്ബാഹുല്‍ ഹുദാ പ്രസ്സില്‍ നിന്നാണിത് പ്രസിദ്ധീകരിച്ചത്. 

അല്‍ ഫവാഇദുല്‍ ജലിയ്യ ബി ഹദീസി ഖൈരില്‍ ബരിയ്യ

ഹാജി ഹസന്‍ മുസ്‌ലിയാരുടെ മറ്റൊരു കൃതിയാണിത്. വിവിധ വിഷയങ്ങളില്‍ വന്നിട്ടുള്ളതും എളുപ്പത്തില്‍ ഹൃദ്യസ്ഥമാക്കാനുതകുന്നതുമായ കൊച്ചു ഹദീസുകളുടെ സമാഹാരമാണിത്. ബുഖാരി,മുസ്‌ലിം ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നാണവ എടുക്കപ്പെട്ടത്. 1932 മിസ്ബാഹുല്‍ ഹുദ പ്രസ്സില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടു.

അല്‍കവാകിബുദ്ദുര്‍രിയ്യ മിനല്‍ അഹാദീസിന്നബവിയ്യ

തൃശുര്‍ ജില്ലയിലെ പാടൂര്‍ സ്വദേശി എം.വി കുഞ്ഞഹമ്മദ് മൗലവിയാണ് ഗ്രന്ഥ കര്‍ത്താവ്. 1940ല്‍ തൃശുരിലെ പുതിയ കടപ്പുറത്ത് ജനിച്ച അദ്ധേഹം വെല്ലൂരിലെ ബാഖിയാത്തു സ്സ്വാലിഹാത്തില്‍ നിന്നും ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്നും ഉന്നത പഠനം നേടിയിട്ടുണ്ട്. മിക്കവാറും പ്രധാനപ്പെട്ട എല്ലാ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ആയിരം ഹദീസുകളാണിതില്‍ അടങ്ങിയിട്ടുള്ളത്. ഓരോ ഹദീസുകളും നിവേദനം ചെയ്ത സ്വഹാബിയുടേയും അവ ഉധൃതമായ ഗ്രന്ഥത്തിന്റെയും പേരുകള്‍ കൃതിയില്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഒന്നാം വാള്യം 1971ല്‍ പൂര്‍ത്തിയാവുകയും പെരിന്തല്‍മണ്ണ ഐം.എം.ടി പ്രസ്സില്‍ അച്ചടിക്കപ്പെടുകയും ചെയ്തു. പ്രത്യക്ഷത്തില്‍ അവധാനങ്ങളാണെന്ന് തോന്നുകയും എന്നാല്‍ വിശാലവും അഗാധവുമായ അര്‍ത്ഥതലങ്ങളുള്ളതുമായ നബി വചനങ്ങളോടൊപ്പം മലയാള പരിഭാഷയും നല്‍കപ്പെട്ട ഈ കൃതി ഒതുക്കമുള്ളതും വളരെ പ്രയോചനമുള്ളതുമാണ്.

മുഖ്താറുല്‍ അഖ്‌ലാഖി വല്‍ ആദാബ് മിന്‍ അഹാദീസി റസൂലില്‍ വഹ്ഹാബ്

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഹദീസ് സമാഹാരമാണിത്. ഈ  സമാഹാരം തയ്യാറാക്കുന്നതിനു പിന്നിലെ പ്രേരകം ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നതിങ്ങിനെ; എന്റെ സമൂഹത്തിനാരെങ്കിലും നാല്‍പ്പത് ഹദീസ് പഠിപ്പിച്ചുകൊടുത്താല്‍ നാളെ മഹ്ശറയില്‍ എന്റെ ശുപാര്‍ശയില്‍ അവനെ ഞാന്‍ ഉള്‍പ്പെടുത്തുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. ഇത് കണ്ടപ്പോള്‍ മനസ്സിലുദിച്ച  ആഗ്രഹമാണിത്. തുടക്ക വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പെട്ടന്ന് ഹൃദ്യസ്ഥമാക്കുവാനും ജീവിതത്തില്‍ കൂടുതല്‍ ഉപകാരപ്പെടുന്നതുമായ ഹദീസുകളാണിതില്‍ ക്രോഢീകരിക്കപ്പെട്ടിട്ടുള്ളത്. സ്വഭാവസംസ്‌കരണത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന, നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളാണിവയില്‍ മിക്കതും. ഓരോ ഹെഢ്ഢിങ്ങിനും കീഴില്‍ പ്രാമാണിക ഹദീസുകളില്‍ നിന്നെടുത്ത ഹദീസുകള്‍ അവലംബങ്ങള്‍ സഹിതം നല്‍കിയിട്ടുണ്ട്. ചില പദങ്ങളുടെ അര്‍ത്ഥവും ചെറിയ വിശദീകരണങ്ങളും അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. 1992 മുതല്‍ ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ഇത് പ്രസിദ്ധീകരിച്ചു വരുന്നു.

മുഖ്തസ്വറു രിയാളിസ്സ്വാലിഹീന്‍

ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി തന്നെയാണ് ഈ ഹദീസ് സമാഹാരത്തിന്റെയും കര്‍ത്താവ്. ഇമാം നവവി(റ)യുടെ ഭുവനപ്രശസ്തമായ രിയാളുസ്സ്വാലിഹീന്‍ ചുരുക്കിയതാണിത്. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്രസയില്‍ സിലബസായി ഇത് പഠിപ്പിക്കപ്പെട്ടിരുന്നു. ഓരോ ബാബുകളിലേയും സങ്കീര്‍ണ്ണ പദങ്ങളുടെ വിശകലനവും ചെറിയ വിശദീകരണവും അടിക്കുറിപ്പായി നല്‍കിയത് പഠിതാക്കള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാണ്. ഇപ്പോള്‍ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിലബസില്‍ ഇത് പഠിപ്പിക്കപ്പെടുന്നുണ്ട്.

അല്‍ അദബുല്‍ മുഫ്‌റദ്: പരിഭാഷയും വിവരണവും

ഹദീസ് കുലപതി ഇമാം ബുഖാരി(റ)യുടെ വിശ്രുത ഹദീസ് സമാഹാരമാണ് അല്‍അദബുല്‍ മുഫ്‌റദ്. സംസ്‌കാരം, സദാചാരം, മര്യാദ, മാന്യത എന്നൊക്കെയര്‍ത്ഥമുള്ള അദബ് എന്ന് പദം തന്നെ ഗ്രന്ഥത്തിന് നാമകരണം ചെയ്തതില്‍ നിന്ന് കിതാബിലെ പ്രതിപാദ്യ വിഷയം എന്തെന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം. സ്വഭാവശുദ്ധിയേയും അതിന്റെ മഹത്വത്തേയും കുറിച്ച് ഇസ്‌ലാമിനെപ്പോലെ ഊന്നിപ്പറഞ്ഞ മറ്റൊരു പ്രസ്ഥാനം ലോകത്തില്ല. തിരുമേനിയുടെ വചനങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. 'നന്‍മ തിന്‍മകള്‍ തൂക്കുന്ന ത്രാസില്‍ സല്‍സ്വഭാവത്തേക്കാള്‍ കനം തൂങ്ങുന്ന മറ്റൊന്നും ഇല്ല തന്നെ'. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍മാര്‍ സല്‍സ്വഭാവികളത്രെ'. 'രണ്ടു കാര്യങ്ങള്‍ ഒരു സത്യവിശ്വാസിയില്‍ ഒന്നിച്ചുണ്ടാവില്ല-പിശുക്കും ദുസ്വഭാവവും'. 'ജനങ്ങളെ ഏറ്റവുമധികം സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് സ്വല്‍സ്വഭാവമാകുന്നു'. 'മനുഷ്യനു നല്‍കപ്പെടുന്ന ഏറ്റവും ഉത്തമമായ അനുഗ്രഹമാണ് സല്‍സ്വഭാവം'. 'അന്ത്യനാളില്‍ എന്റെ സമീപത്ത് ഇരിപ്പിടം ലഭിക്കുന്നവരും നിങ്ങളില്‍ ഉത്തമസ്വഭാവമുള്ളവരത്രെ'. ഉപര്യുക്ത ഹദീസ് വചനങ്ങള്‍ മാത്രം മതി ഇസ്‌ലാം സല്‍സ്വഭാവത്തിനു നല്‍കിയ പ്രാധാന്യം മനസ്സിലാക്കാന്‍.

ഇസ്‌ലാമിന്റെ അന്ത്യപ്രവാചകരെക്കുറിച്ച് ഖുര്‍ആന്‍ വിശേഷിപ്പിച്ചതു നോക്കു, അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു(സൂറതുല്‍ഖലം4). അവിടുത്തെ ജീവിതത്തില്‍ ഉത്തമമാതൃകയുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു.  ആ തിരുമേനിയുടെ സ്വഭാവഗുണവിശേഷങ്ങള്‍ ഉള്‍ക്കൊണ്ട ഹദീസുകള്‍ മാത്രം ക്രോഢീകരിച്ചാണിത് രചിക്കപ്പെട്ടിട്ടുള്ളത്. 

ചിന്തകനും വാഗ്മിയും എഴുത്തുകാരനും ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വിയാണ് ഇതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചത്. നബി(സ)പഠിപ്പിച്ച സ്വഭാവമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ മാനവകുലം തയ്യാറായാല്‍ വിജയവും വിമോചനവും തീര്‍ച്ച. ആരെങ്കിലും ആ വഴിക്ക് ചിന്തിച്ചെങ്കിലോ എന്ന തോന്നലാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുണ്ടായ പ്രേരകമെന്ന് വിവര്‍ത്തകന്‍ പറയുന്നുണ്ട്. 

ആയിരത്തിമുന്നൂറിലധികം ഹദീസുകളുണ്ടിതില്‍. നിവേദക ശൃംഖലയുടെ വെളിച്ചത്തില്‍ സ്വഹീഹിലേതു പോലെ പ്രാമാണികമാണ് ഇവയില്‍ പകുതിയും. ബാക്കിയുളളവ ഇമാം മുസ്‌ലിമിന്റെ നിബന്ധനകള്‍ക്കു താഴെയും. എന്നാല്‍ സ്വിഹാഹുസ്സിത്തയിലെ മറ്റു ഗ്രന്ഥങ്ങളേക്കാള്‍ മീതെയുമാണവ. ഇങ്ങനെയാണ് പ്രശസ്ത പണ്ഡിതനും നിരൂപകനുമായ സയ്യിദ് മുഹമ്മദ് യൂസുഫ് ബന്നൂരി തബ്‌സ്വിറയില്‍ വിലയിരുത്തിയിട്ടുള്ളത്.

ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി, 1418 റജബ്, ശഅ്ബാന്‍, റമളാന്‍ കാലത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ദഅ്‌വ ട്രെയ്‌നിങ്ങിന് വേണ്ടി പോയപ്പോഴാണ് ഈ വിവര്‍ത്തനം നിര്‍വഹിക്കപ്പെട്ടത്. ഇസ്‌ലാമിക ദഅ്‌വത്തിനും ഗ്രന്ഥലോകത്തിനും ജീവിതമുഴിഞ്ഞുവെച്ച അനേകം പ്രവാചകരും സ്വഹാബികളും താബിഉകളും സൂഫികളും ഔലിയാക്കളും ഇമാമുകളും ശാന്തിഗംഭീരമായി അന്ത്യവിശ്രമം കൊള്ളുന്ന ഈജിപ്ഷ്യന്‍ മണ്ണില്‍ വെച്ച്, വിജ്ഞാനത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന അല്‍ അസ്ഹറിലിരുന്ന് ഈ ദീനീ ഖിദ്മത്ത് നിര്‍വഹഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വിവര്‍ത്തകന്‍ രേഖപ്പെടുത്തുന്നുണ്ട്. 1998 മാര്‍ച്ചില്‍ ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്ററാണ് ഇത് പ്രസിദ്ധീകരിച്ചത്. 

അസ്സ്വിഹാഹുസ്സിത്ത(ഹദീസ് വിജ്ഞാനകോശം)

ഹദീസ് സമാഹാരങ്ങളില്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥങ്ങളായ സ്വിഹാഹുസ്സിത്തയുടെ മലയാളവിവര്‍ത്തനമാണ് അസ്സ്വിഹാഹുസ്സിത്ത(ഹദീസ് വിജ്ഞാനകോശം). പ്രൊഫസര്‍.കമാല്‍ പാഷയാണ് ഗ്രന്ഥരചയിതാവ്. വിഷയക്രമത്തില്‍ ആവര്‍ത്തനം ഒഴിവാക്കി പുനക്രോഢീകരിച്ചതാണ് ഈ കൃതി. ഒരു വിഷയത്തെ സംബന്ധിച്ച് ആറു ഗ്രന്ഥങ്ങളിലും വന്ന ഹദീസുകള്‍ ഏത് അദ്ധ്യായങ്ങളില്‍ എന്ന് കൃത്യമായി ബ്രാക്കറ്റുകളില്‍ നല്‍കി വിശദീകരിക്കുന്നുണ്ട്. ഓരോ വിഷയങ്ങളിലും നിരവധി സബ് ഡിവിഷനുകളും നല്‍കിയിട്ടുണ്ട്. ഓരോ ഗ്രന്ഥങ്ങളിലും ഹദീസുകളിലുള്ള ഹദീസില്‍ വന്ന മാറ്റങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ട്. സ്വിഹാഹുസ്സിത്തയിലുള്ളതിനേക്കാള്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. ഓരോ വിഷയത്തെ സംബന്ധിച്ചും സ്വിഹാഹുസ്സിത്ത പരിശോധിക്കുന്നതിന് പകരം ഈ ഒരു ഗ്രന്ഥം മാത്രം പരിശോധിച്ചാല്‍ മതിയെന്നര്‍ത്ഥം. ഓരോന്നിന്റെയും ഇന്‍ഡക്‌സും കൃത്യമായി നല്‍കിയിട്ടുണ്ട്. നാലായിരത്തോളം പേജുകളിലായി നാലു വാള്യമായിട്ടാണിത് പ്രസിദ്ധീകരിക്കുന്നത്. ഇത് വരെ മൂന്ന് വാള്യം പ്രസിദ്ധീകരിക്കപ്പെട്ടു. നാലാം വാള്യം ഉടന്‍ ഇറങ്ങും. ബ്ലോസം എടയൂര്‍ പി.ഒ-676554(പിന്‍) ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

ബുഖാരി മുസ്‌ലിം സംയുക്ത സംഗ്രഹ പരിഭാഷ

പ്രഗത്ഭ എഴുത്തുകാരനും പണ്ഡിതനുമായിരുന്ന ഇബ്‌റാഹീം പുത്തൂര്‍ ഫൈസി രചിച്ച ഗ്രന്ഥമാണ് ബുഖാരി മുസ്‌ലിം സംയുക്ത സംഗ്രഹ പരിഭാഷ. 1988ല്‍ പരപ്പനങ്ങാടി ബയാനിയ്യ പ്രസ്സാണ് ഇത് പ്രസിദ്ധീകരിച്ചത്. 

കെ. അലവി മൗലവിയാണ് ബുഖാരിയുടെ വിവര്‍ത്തനം ആദ്യമായി നിര്‍വഹിച്ചത്. മൂന്ന് വാള്യങ്ങളുള്ള കൃതിയുടെ പ്രഥമ വാള്യം 1967ല്‍ പുറത്തിറങ്ങി. സി.എന്‍ അഹ്മദ് മൗലവിയും ബുഖാരിയുടെ ഒരു വിവര്‍ത്തനം എഴിതിയിട്ടുണ്ട്. 1970ലാണത് പുറത്ത് വന്നത് അബ്ദുസ്സലാം സുല്ലമിയുടെ ബുഖാരി വിവര്‍ത്തനം മൂന്ന് വാള്യങ്ങളുണ്ട്. സ്വഹീഹ് മുസ്‌ലിമിന്റെ വിവര്‍ത്തനവും വ്യാഖ്യാനവുമാണ് കെ. അലവി മൗലവി നിര്‍വഹിച്ചത്. അതും മൂന്ന് വാള്യങ്ങളിലായാണ്. സി.പി സ്വലാഹുദ്ദീന്‍ സ്വലാഹിയും മുത്തഫഖുന്‍ അലൈഹിയുടെ പരിഭാഷ എഴുതി പുറത്തിറക്കിയിട്ടുണ്ട്. 

എം.കെ ഉസ്മാന്‍ മൗലവി വിവര്‍ത്തനം ചെയ്ത ഇമാം നവവിയുടെ രിയാളുസ്സ്വാലിഹീന്‍ പരിഭാഷ 1977ല്‍ കോഴിക്കോട് അല്‍ഹുദാ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇബ്‌നുല്‍ ഹജര്‍(റ) രചിച്ച ബുലൂഗുല്‍ മറാമിന് രണ്ട് പരിഭാഷകള്‍ കാണാം. ക്ലാപ്പന വി.കെ അബ്ദുല്ലാ മൗലവി എഴുതി മൂവാറ്റുപുഴ നസീമിയ്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഒന്നും എം.എ ഹമീദ് മദനി എഴുതി തിരൂരിലെ അല്‍ഹിന്ദ ബുക്ക് സ്റ്റാള്‍ പുറത്തിറക്കിയ മറ്റൊന്നും. മൈലാപ്പൂര്‍ ശൗകത് മൗലവി മിശ്കാതിന്റെ ഒന്നാം ഭാഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

അമാനി മൗലവിയുടെ ഇസ്‌ലാമിക ജീവിതം, ടി.ഇസ്ഹാഖ് അലി മൗലവി യുടെ ഹദീസ് ഭാഷ്യം, വി.എ കബീറിന്റെ മരുഭൂമിയുടെ വചനപ്രസാദം, ടി.കെ ഉബൈദിന്റെ ഹദീസ് ബോധനം, ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ മാര്‍ഗദീപം, വഴിവിളക്ക്, കെ.ടി അലവിയും സി.കെ മുഹമ്മദും വിവര്‍ത്തനം ചെയ്ത കര്‍മസരണി, തുടങ്ങിയ കൃതികളും മലയാളത്തിലെ ഹദീസ് വിജ്ഞാനത്തെ ധന്യമാക്കിയ കൃതികളാണ്.

ഖുര്‍ആന്‍, ഹദീസ് മേഖലയില്‍ കേരളീയ പണ്ഡിതര്‍ നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള രത്‌നച്ചുരുക്കമാണിത്. വളരെക്കാലം മുമ്പേ ഇസ്‌ലാമിന്റെ വെളിച്ചം ആവാഹിച്ച നാം കേരളീയര്‍ വൈജ്ഞാനിക രചനാ മേഖലയില്‍ ഇനിയും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കാലത്തിന്റെ അത്യാവശ്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. മലയാളത്തില്‍ പല വ്യാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും രചിക്കുന്നതിന് പകരം ഖുര്‍ആനിന്റെയും ഹദീസിന്റെയും ഭാഷയായ അറബിയില്‍ തന്നെ ധാരാളം കൃതികള്‍ രചിക്കുകവാന്‍ പുതുതലമുറ ശ്രദ്ധിക്കേണ്ടതുണ്ട്. വരും തലമുറ അറബിമലയാള ഭാഷ കൈകാര്യം ചെയ്യാന്‍ താത്പര്യമില്ലാത്തവരാണ്. മുന്‍കാല പണ്ഡിത മഹത്തുക്കള്‍ എഴുതിയ ബൃഹത്തായ കൃതികള്‍ പലതും അറബിമലയാളത്തിലാണുതാനും. കാലത്തിന്റെ ആവശ്യം മനസ്സിലാക്കി, സമൂഹത്തിന്റെ നന്‍മ മാത്രം ലക്ഷീകരിച്ച് ഇനിയും കൂടുതല്‍ രചനകള്‍ ഈ മേഖലയില്‍ ഉണ്ടാവട്ടെ. അതിനായിരിക്കട്ടെ നമ്മുടെ കാല്‍വെപ്പുകള്‍. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.






Post a Comment

Previous Post Next Post