ഇത് പരിശുദ്ധ മുഹര്‍റം. ഓരോ മുഹര്‍റം നമ്മിലേക്ക് സമാഗതമാകുമ്പോഴും പുതിയ ഹിജ്‌റ വര്‍ഷമാണ് നമ്മിലേക്ക് കടന്നുവരുന്നത്. പുതുവര്‍ഷത്തില്‍ നാം സ്‌നേഹാശംസകള്‍  കൈമാറുന്നു. ചുവരുകളിലെ കലണ്ടറുകള്‍ മാറ്റുന്നു. പക്ഷെ, സ്വന്തം ആയുസ്സിലെ അനര്‍ഘമായ, നീണ്ട ഒരു വര്‍ഷമാണ് കൊഴിഞ്ഞുപോയതെന്നും അത് വീണ്ടെടുക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും ഖബര്‍ ജീവിതത്തിലേക്ക് ഒരു വര്‍ഷം കൂടി താന്‍ അടുത്തുവെന്നുമുള്ള ദുഃഖ സത്യം നാം മറന്നുപോവുന്നു.
ശാസ്ത്രം അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുകയും കാലങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ യന്ത്രങ്ങളേറ്റെടുക്കുകയും ചെയ്ത ആധുനികാനന്തര യുഗത്തില്‍ പോലും മനുഷ്യന് വേണ്ടത്ര സമയമില്ല എന്ന പരാതി അവശേഷിക്കുന്നു. ഏതൊരാളോടും എന്തൊരാവശ്യമുന്നയിച്ചാലും സമയക്കുറവ് നമുക്ക് മുന്നില്‍ ഒരു പ്രതിബന്ധമായി അവന്‍ അവതരിപ്പിക്കും.  ആധുനിക യുഗത്തിന്റെയും നാനോടെക്‌നോളെജിയുടേയും വക്താവിനാണീ പരാതിയുള്ളത്.


സമയം അമൂല്യമാണ്. അതാരേയും കാത്തുനില്‍ക്കാതെ അനുസ്യൂതം സഞ്ചരിക്കുന്നു. നമ്മുടെ ചുവരുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിലെ പെന്റുലം ഓരോ സെക്കന്റിലും കറങ്ങിക്കൊണ്ടിരിക്കമ്പോള്‍ ഓരോ നിമിശവും നാം മരിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് നഷ്ടപ്പെടുന്ന ഏതൊരു വസ്തുവും തിരിച്ചെടുക്കാന്‍ മനുഷ്യന് സാധിക്കും. എന്നാല്‍, നഷ്ടപ്പെട്ടാല്‍  തിരിച്ചെടുക്കാന്‍ മനുഷ്യന് അപ്രാപ്യമായ ഏക വസ്തു സമയം മാത്രമാണ്. അത് കൊണ്ടാണ് ഇരുലോകത്തും മനുഷ്യന്‍ അനാവശ്യമായി നഷ്ടപ്പെടുത്തിയ സമയങ്ങളെക്കുറിച്ച് ഏറെ വ്യാകുലപ്പെടേണ്ടി വരുന്നത്. ലോക ജനതക്ക് മാര്‍ഗ്ഗദര്‍ശനമായി കടന്നുവന്ന വിശുദ്ധ മതം സമയത്തെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ആ മതത്തിന്റെ വേദ ഗ്രന്ഥം സമയം അമൂല്യമാണെന്ന് പഠിപ്പിക്കുന്നുമുണ്ട്. അത് നഷ്ടപ്പെടുത്തിയവന്റെ തീരാ നാശത്തെക്കുറിച്ച് ഉത്‌ബോധിപ്പിക്കുന്ന ഒരു പാട് സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഗ്രന്ഥമാണത്. ഇതു സംബന്ധമായി പ്രവാചക വചനങ്ങളിലും ഒരുപാട് മുന്നറിയിപ്പുകള്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും.

'മാനവ സമൂഹം തീരാ നഷ്ടത്തിലാണ്, വിശ്വാസികളും സത്കര്‍മ്മികളുമൊഴികെ' എന്ന മനുഷ്യരിലെ വിജയികളേയും പരാജിതരേയും വ്യാഖ്യാനിക്കുന്ന, മനുഷ്യരുടെ ഹിദായത്തിന് ഈ ചെറു അദ്ധ്യായം മാത്രം മതിയെന്ന് ഇമാം ശാഫി(റ) വിശേഷിപ്പിച്ച, ഖുര്‍ആനിലെ നൂറ്റിരണ്ടാം അദ്ധ്യായം അല്ലാഹു തുടങ്ങുന്നത് സമയത്തെ പിടിച്ച് സത്യം ചെയ്തിട്ടാണ്. ഖുര്‍ആന്‍ സമയത്തിന് നല്‍കിയ പ്രാമുഖ്യം ഇതില്‍ നിന്ന് തന്നെ സുതരാം വ്യക്തമാണ്. മനുഷ്യാത്മാവ് പിടിക്കപ്പെടുമ്പോള്‍ ഏതൊരു മനുഷ്യനും ആവശ്യപ്പെടുന്നത് ഒരു നിമിഷം കൂടി തന്നെ ഭൂമിയില്‍ വിട്ടേച്ചാല്‍ ഏതൊരു സത്കര്‍മ്മത്തിനും താന്‍ തയ്യാറാകുമെന്നാണ്. എന്നാല്‍ ഒരു മനുഷ്യനും നിശ്ചിത സമയമെടുത്താല്‍ ഒരു നിമിഷം പോലും പിന്തിപ്പിക്കപ്പെടുകയില്ലെന്ന് ഖുര്‍ആന്‍ ആണയിട്ട് പറയുന്നുണ്ട്(ജുമുഅ 11). ഖുര്‍ആന്‍ വീണ്ടും പറയുന്നു:'അവര്‍(സത്യനിഷേധികള്‍) നരകത്തില്‍ വെച്ച് അലമുറയിട്ട് പറയും: ഞങ്ങളുടെ രക്ഷിതാവെ, നീ ഞങ്ങളെ ഇതില്‍ നിന്നു ഒന്നു പുറത്താക്കിത്തരണമേ! എന്നാല്‍ മുമ്പ് ചെയ്തിരുന്നില്ലാത്ത സല്‍കര്‍മ്മങ്ങള്‍ ഞങ്ങള്‍ ചെയ്ത്‌കൊള്ളാം. അപ്പോള്‍ അവര്‍ക്കിങ്ങനെ മറുപടി ലഭിക്കും'സൂക്ഷ്മമായി ചിന്തിക്കുന്നവര്‍ക്ക് ഉറ്റാലോചിക്കുവാന്‍ മതിയായ ആയുഷ്‌കാലം നിങ്ങള്‍ക്ക് നാം നല്‍കിയിരുന്നില്ലേ?. മുന്നറിയിപ്പ് തരുന്നവര്‍ നിങ്ങളുടെ അടുക്കല്‍ വരികയും ചെയ്തരുന്നില്ലേ? അത് കൊണ്ട് ശിക്ഷ ആസ്വദിച്ചുകൊള്ളുക'(ഫാത്വിര്‍37). ഇവിടെയും ജീവിതസമയം ദുര്‍വിനിയോഗം ചെയ്ത പാപികളുടെ അവസ്ഥയാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്.


മുഹമ്മദ് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി. രണ്ടനുഗ്രഹങ്ങളില്‍ മഹാഭൂരിപക്ഷമാളുകളും നഷ്ടം സംഭവിക്കുന്നവരാണ്. ഒന്ന് ആരോഗ്യഘട്ടവും മറ്റേത് അവന്റെ ഒഴിവുസമയവും. മനുഷ്യജീവിതത്തിന്റെ പ്രധാന രണ്ട് ഘട്ടങ്ങളാണ് യുവത്വവും അതിനു ശേഷമുള്ള ജീവിത കാലവും. താന്‍ വിചാരിച്ച രൂപേണ മനുഷ്യന് എന്തും നേടിയെടുക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണഘട്ടമാണ് യുവത്വം. ആ യുവത്വത്തില്‍ തന്റെ പാഥേയം യഥാ വിധി തയ്യാറാക്കിയില്ലെങ്കില്‍ അവന്‍ പരാചിതന്‍ തന്നെ. എന്നാല്‍ ആധുനിക യുഗത്തിലെ മനുഷ്യ സമൂഹത്തെ ഒന്ന് വിശകലനം ചെയ്താല്‍ ബഹു ഭൂരിഭാഗവും ഈ പാഥേയം തയ്യാറാക്കുന്നതില്‍ അമ്പേ പരാചിതരാണ്. ആസക്തികളോടുള്ള അഭിനിവേഷത്തില്‍ അല്ലാഹു നല്‍കിയ സകല വിധ സൗകര്യങ്ങളുമുപയോഗിച്ച് കാമപിശാചിന് ദാസ്യവേല നടത്തുന്നവനായി ആധുനികന്‍ അധഃപ്പതിച്ചിരിക്കുന്നു. നശ്വരമായ ഇഹലോകജീവിതത്തിന്റെ ആഢംബരങ്ങളില്‍ ആറാടുമ്പോള്‍ തന്റെ ആയുസ്സിനെക്കുറിച്ച് അത് നന്‍മക്ക് വേണ്ടിയാണോ തിന്‍മക്ക് വേണ്ടിയാണോ ചിലവഴിച്ചതെന്ന് ചോദ്യം ചെയ്യുന്ന ഒരു വിപല്‍ഘട്ടം തനിക്ക് അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് എല്ലാവരും വിസ്മരിക്കുന്നു. തന്റെ ആയുസ്സ് എന്തില്‍ ചിലവഴിച്ചെന്ന് ചോദിക്കപ്പെടാതെ നാളെ തന്റെ കാല് മുന്നോട്ട് വെക്കാന്‍ കഴിയില്ലെന്ന് വിശുദ്ധ ഹദീസില്‍ കാണാം(തിര്‍മുദി)
രോഗിയാവും മുമ്പ് ആരോഗ്യഘട്ടവും ദാരിദ്ര്യത്തിന് മുമ്പ് സമൃദ്ധിയുടെഘട്ടവും പടുവൃദ്ധനാവും മുമ്പ് യൗവ്വനവും പരമാവധി നീ മുതലെടുത്തിരിക്കണമെന്ന് പഠിപ്പിക്കുന്ന വചനവും മുന്‍പറഞ്ഞ ആശയത്തിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. നിന്റെ രോഗഘട്ടത്തിലേക്ക് ഈ ആരോഗ്യഘട്ടത്തില്‍ നിന്നു തന്നെ പരമാവധി സ്വരൂപിക്കണമെന്നു പറഞ്ഞത്, രോഗിയാകുമ്പോള്‍ പ്രവര്‍ത്തനമില്ലാതെത്തന്നെ പ്രതിഫലമുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. സമയം അനാവശ്യമായി നാം നഷ്ടപ്പെടുത്തിയാല്‍ പ്രധാനമായും രണ്ട് അവസരങ്ങളില്‍ നാം ഖേദിക്കേണ്ടി വരും. ഒന്ന് മരണസമയം മറ്റൊന്ന് പരലോകത്തെ വിചാരണ വേളയിലും. സ്വര്‍ഗ്ഗപ്രവേശം ലഭിച്ചവര്‍ തന്നേക്കാള്‍ ഉന്നതമായ സ്ഥാനത്തിലിരുന്ന് സുഖിക്കുന്നവരെക്കാണുമ്പോള്‍ ദുന്‍യാവില്‍ ദുര്‍വിനിയോഗം ചെയ്ത നിമിഷങ്ങളില്‍ സത്കര്‍മ്മങ്ങളിലേര്‍പെട്ടിരുന്നെങ്കിലെന്ന് ഖേദിക്കുമത്രെ.


എന്റെ സമുദായത്തിന് അറുപതിനും എഴുപതിനും ഇടയിലുള്ള കാലമാണ് ആയുസ്. ഈ ഹദീസ് വിശദീകരിച്ച് അലി(റ) ഇങ്ങനെ പറഞ്ഞു: ആ അറുപതില്‍ പകുതിയോളം രാത്രിയായിത്തീര്‍ന്നുപോകും. ശേഷിക്കുന്ന മുപ്പത് വര്‍ഷത്തിലെ പകുതിയോളം(15വര്‍ഷം)അശ്രദ്ധമായി ത്തീര്‍ന്നു പോകുന്നതാണ്. അതിലെ മൂന്നിലൊന്ന്(പത്ത് വര്‍ഷം)ജീവിതത്തിലെ ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും സാഫല്യത്തിനായി ഓടിത്തീര്‍ക്കുന്നു. ശിഷ്ടമുള്ള അഞ്ച് വര്‍ഷം രോഗപീഢകള്‍ കൊണ്ട് പ്രയാസപ്പെടുന്ന ഘട്ടമാണ്. നല്ലകാലവും ആരോഗ്യവും നഷ്ടപ്പട്ട ആ സമയത്ത് നല്ലപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാഗ്രഹമുണ്ടാകുമെങ്കിലും അതിന് സാധിക്കില്ല. ഇഹലോകം പാരത്രികലോകത്തേക്കുള്ള കൃഷിയിടമാക്കിക്കൊള്ളൂ വെന്ന കല്‍പ്പന ശിരസാവഹിക്കാന്‍ നമുക്ക് സാധിക്കാതെ വരുമെന്നര്‍ത്ഥം. സത്യവിശ്വാസിയുടെ ജീവിതം കൃത്യനിഷ്ഠയുള്ളതായിരിക്കണം. കാലത്തെക്കുറിച്ച് തികഞ്ഞബോധമുള്ള,  ജീവിതലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ശരിപ്പെടുത്തുന്ന യഥാര്‍ത്ഥ മുസ്‌ലിമിന് മാത്രമേ ഇരുലോകത്തും നേട്ടം കൈവരിക്കാന്‍ സാധിക്കൂ.
സച്ചരിതരായ നമ്മുടെ മുന്‍ഗാമികളും ത്യാഗികളായിരുന്ന സൂഫീവര്യന്‍മാരും തങ്ങളുടെ ജീവിത്തില്‍ ഓരോ നിമിഷത്തെക്കുറിച്ചും നിതാന്ത ജാഗ്രത പുലര്‍ത്തിയവരായിരുന്നു. ഓരോ നിമിഷവും ദൈവമാര്‍ഗ്ഗത്തിലാക്കാന്‍ അവര്‍ ശ്രദ്ധിക്കുമായിരുന്നു. രാപകലുകളത്രയും ഇബാദത്തിനും ഗ്രന്ഥ രചനകള്‍ക്കും മനുഷ്യസേവനത്തിനും അവര്‍ നീക്കിവെച്ചു. അത്‌കൊണ്ടാണ് ചുരുങ്ങിയ കാലവര്‍ഷം മാത്രം ജീവിച്ച അവര്‍, നമുക്കതിന്റെ മൂന്നിരട്ടി ആയുര്‍ദൈഘ്യം ഉണ്ടായാല്‍ പോലും ചെയ്തു തീര്‍ക്കുവാനാവാത്ത കാര്യങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്. നമ്മുടെ മദ്ഹബിന്റെ ഇമാം മുഹമ്മദ്ബ്‌നുഇദ്‌രീസുശ്ശാഫിഈ(റ) ഒരിക്കല്‍ പറയുകയുണ്ടായി.''ഞാന്‍ സൂഫികളുമായി സഹവസിച്ചു .മൂന്ന് കാര്യങ്ങളവരില്‍ നിന്ന് പഠിച്ചു. അതിലൊന്ന് സമയം ഒരു ഖഡ്ഗമാണ്. അത് നീ വേണ്ട പോലെ ഉപയോഗപ്പെടുത്തുക, ഇല്ലെങ്കില്‍ അത് നിന്നെ കീഴ്‌പ്പെടുത്തും എന്നാണ്(ഹഖാഇഖുന്‍അനിത്തസ്വവ്വുഫ്) ഇതനുസരിച്ച് സമയം ചിട്ടപ്പെടുത്തി ജീവിതം ക്രമീകരിച്ചവരായിരുന്നു ഇമാം ശാഫിഈ(റ). അത് കൊണ്ടാണ് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അറിവിന്റെ ചക്രവാളം കീഴടക്കിയ പണ്ഡിതനാവാനും ഉദാത്തമായ സംഭാവനകള്‍ അര്‍പ്പിക്കാനും ലോകപ്രശസ്ത മദ്ഹബിന്റെ സംസ്ഥാപകനാവാനും അദ്ദേഹത്തിന് സാധിച്ചതെന്ന് ഇമാം സുബുകി തന്റെ ത്വബഖാതില്‍ പറയുന്നത്. നമ്മുടെ മുന്‍കാമികള്‍ മുഴുവന്‍ ഇത്‌പോലെ ഓരോ നിമിഷത്തെക്കുറിച്ചും ജാഗ്രതപുലര്‍ത്തുന്നവരായിരുന്നു.
കേരളം കണ്ട പ്രമുഖ പണ്ഡിതന്‍ അഹ്മദ്‌കോയ ശാലിയാത്തിയുടെ പ്രശസ്തവും പുരാതനവുമായ ചാലിയത്തെ ഖുതുബ്ഖാനയിലുള്ള ഘടികാരത്തില്‍ സമയത്തിന്റെ അമൂല്യതയെ ഓര്‍മ്മപ്പെടുത്തുന്ന രണ്ടുവരി അറബികവിത കാണാം. ആ ലൈബ്രറിയില്‍ എത്തുന്ന ഓരോ വ്യക്തിയോടും ആ ഘടികാരം വിളിച്ചുപറയുന്നു''മനുഷ്യാ, നീ നിന്റെ ഘാഢ നിദ്രയില്‍ നിന്നുണരുക, കാരണം എന്റെ പെന്റുലത്തിന്റെ ഓരോ കറക്കവും  നിന്റെ ആയുസ്സിനെ കുറച്ച് കൊണ്ടിരിക്കുന്നു. അതുകൊണ്ട് ശിഷ്ടജീവിതത്തില്‍ ഓരോ നിമിഷവും നന്‍മകള്‍ വര്‍ദ്ധിപ്പിക്കാന്‍ നീ മുന്നോട്ട് വരിക''.
നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ഓഫീസ് മുറിയിലെ മേശപ്പുറത്ത് റോബസ്റ്റ് ഫ്രോസ്റ്റിന്റെ ചെറുകവിത എഴുതി വെച്ചിരുന്നു. ആ വരികള്‍ മലയാളത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം.

''മനോഹരം മഹാവനം ഇരുണ്ടഗാഥമെങ്കിലും
അനോകമുണ്ടുകാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്നിലായ്
എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാന്‍(കടമ്മനിട്ട)

എന്നാല്‍ നവയുഗത്തിലെ യുവാക്കളെക്കുറിച്ച് നാമല്‍പമൊന്ന് ചിന്തിച്ചുനോക്കൂ. സദാസമയം ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഇരുപത്തിനാല് മണിക്കൂറും സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ മതിമറന്നാനന്ദിക്കുകയും ഇലാഹീ ചിന്തയില്‍ നിന്നകന്നു ജീവിക്കുകയുമാണവര്‍. ഇന്നാണെങ്കില്‍ കൂണ്‍പോലെ എഫ്.എം സ്റ്റേഷനുകള്‍ മുളച്ച് പൊന്തുന്നു. ടണ്‍കണക്കിന് വിനോദം നല്‍കാന്‍  ദശകക്കണക്കിന് സ്റ്റേഷനുകളാണ് വരുന്നത്. ഈ റേഡിയോ നിലയങ്ങള്‍ക്ക് പുറമേ മറ്റു ആധുനിക സൗകര്യങ്ങള്‍ വേറെയും. എല്ലാം കണ്ടും കേട്ടും തന്റെ ഹൃദയത്തില്‍ അഴുക്കുകള്‍ അടിഞ്ഞുകൂടി സാരോപദേശങ്ങള്‍ സംവേദനം ചെയ്യപ്പെടാത്ത ശിലാഹൃദയങ്ങളായി മാറുകയാണ് ആധുനികന്റേത്. അവസാനം ജീവിതം മടുത്ത് ഒരുമുഴം കയറിലോ മറ്റോ ജീവന്‍ ഒടുക്കുമ്പോള്‍ താന്‍ വിനാശത്തിന്റെ ഒന്നാം പടികയറുകയാണെന്നവന്‍ അറിയുന്നില്ല.
അഹ്മദുല്‍കബീറുര്‍റിഫാഇ(റ) തന്റെ ശൈഖ് അബ്ദുല്‍മലികിനോട് ഉപദേശം തേടിയപ്പോള്‍ പറഞ്ഞു''സമയം നഷ്ടപ്പെടുന്നത് മനസ്സിലാക്കാത്തവന്റെ മുഴുവന്‍ സമയവും നഷ്ടത്തിലായിരിക്കും. അഹ്മദേ, തിരിഞ്ഞ് നോക്കുന്നവന്‍ ലക്ഷ്യത്തിലേക്കെത്തില്ല. സംശയാലു വിജയിക്കുകയുമില്ല''. ഇത് നാമും ജീവിത തത്വമായി കൊണ്ട് നടക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.


ആമിറുബ്‌നുഅബ്ദില്‍ഖൈസിനോട് ആരോ സംസാരിക്കാന്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു സൂര്യനെ പിടിച്ചുകെട്ടിത്തരുകയാണെങ്കില്‍ നമുക്ക് സംസാരിക്കാം എന്ന്. സാഹചര്യങ്ങളാണ് നമ്മെ എല്ലാ കാര്യങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത്. നല്ല വിദ്യാഭ്യാസവും നല്ല ചങ്ങാത്തങ്ങളും ജീവിതത്തെക്കുറിച്ചുള്ള അവബോധവും ഇതിന് ശേഷം അനശ്വരമായ ലോകമുണ്ടെന്ന  ചിന്തയും മനുഷ്യനെ നന്‍മയിലേക്ക് നയിക്കുന്നു. നിങ്ങളില്‍ ഉത്തമര്‍ ആയുര്‍ദൈര്‍ഘ്യം ലഭിച്ച് കൂടുതല്‍ സദ്‌വൃത്തികളിലേര്‍പെട്ടവരാണെന്ന് മുത്ത്‌നബി(സ) അരുളിയിട്ടുണ്ട്. യഥാര്‍ത്ഥ ബുദ്ധിമാന്‍ ശരീരേച്ഛകള്‍  കീഴ്‌പെടുത്തി പാരത്രിക ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന ഇമാം ഗസ്സാലിയുടെ  വാക്കുകളും ശ്രദ്ധേയമാണ്. നല്ല കൂട്ടുകാരട് മാത്രമേ ചങ്ങാത്തം പുലര്‍ത്താവൂ. നല്ല ചങ്ങാതിയുടെ അടയാളമായി മൂന്നുകാര്യം പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്1-അവനുമായുള്ള കൂടിക്കാഴ്ചകള്‍ നിനക്ക് അല്ലാഹുവിനെ ഓര്‍മയാക്കിത്തരും. 2-അവനുമായുള്ള സംസാരം നിന്റെ വിജ്ഞാനം വര്‍ദ്ധിപ്പിക്കും. 3- അവന്റെ സത്കര്‍മ്മങ്ങള്‍ പരലോക ചിന്തകള്‍ നിന്നിലേക്കിട്ടു തരും(ഹദീസുശ്ശരീഫ്).


ഓരോ സുപ്രഭാതവും നമ്മിലേക്ക് കടന്നുവരുന്നത് ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടാണ്. 'ഓ മനുഷ്യാ, നിന്റെ കര്‍മ്മങ്ങള്‍ക്ക് സാക്ഷി നില്‍ക്കുന്ന ഒരു പുതിയസൃഷ്ടിയാണ് ഞാന്‍. അത് കൊണ്ട് നീ എന്നെ പ്രയോജനപ്പെടുത്തുക. ഞാന്‍ പോയാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരില്ല'. ഒരോ ദിനവും തന്റെ ജീവിതത്തിലെ സത്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലായിരിക്കണം മുസ്‌ലിമിന്റെ ശ്രദ്ധ. അവന്റെ ഇന്ന് സത്പ്രവര്‍ത്തനത്തില്‍ ഇന്നലയേക്കാള്‍ മെച്ചമെങ്കില്‍ സൗഭാഗ്യവാന്‍. സമമെങ്കില്‍ നഷ്ടം സംഭവിച്ചവനും മോശമെങ്കില്‍ ഭാഗ്യം കെട്ടവനുമാണ്. ഓരോ നല്ലപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴും തന്റെ ജീവിതത്തിലെ അവസാന കര്‍മ്മമാണിതെന്ന ബോധത്തോടെ നിര്‍വ്വഹിച്ചാല്‍ കൂടുതല്‍ ആത്മാര്‍ത്ഥ കൈവരിക്കാം. ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലതാനും. വിവേകശാലികളുടെ ജീവിതം നാല് സമയമായി നമുക്ക് വിഭജിക്കാം. 1-നാഥനുമായി സംസാരിക്കാനുള്ള സമയം 2-സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുന്ന സമയം 3-അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ചിന്തിക്കുന്ന നേരം 4-ജീവിതം നിലനിര്‍ത്തുന്നതിന് അന്നപാനീയങ്ങള്‍ക്കു ചിലവഴിക്കുന്ന സമയം
ഇന്ന് സത്യത്തില്‍ മനുഷ്യന് യാതൊരു ജോലിയും തിരക്കുമില്ലാത്ത കാലമാണ്. കാരണം അവന്റെ എല്ലാ ജോലികളും പ്രവര്‍ത്തനങ്ങളും മെഷീനുകളും യന്ത്രങ്ങളുമേറ്റെടുത്തിരിക്കുന്നു. പക്ഷെ, ഇത്രയെല്ലാമായിട്ടും ഇതിന്റെ നൂറിലൊരംശം സൗകര്യം പോലും ലഭ്യമല്ലാതിരുന്ന കാലത്ത് നമ്മുടെ മുന്‍കാമികള്‍ ചെയ്തുതീര്‍ത്ത പ്രവര്‍ത്തനത്തിന്റെ അല്‍പം പോലും ഇവിടം ചെയ്തുതീര്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല. ബുദ്ധിശാലികളുടേയും സമുന്നതരായ നേതാക്കളുടേയും സാമൂഹ്യസേവകരുടേയും പരലോകബോധമുള്ളവരുടേയും കാലം കഴിഞ്ഞു. ഇന്ന് ഭൂമി പ്രസവിക്കുന്നത് ഭൂമിക്ക് ഭാരമാകുന്നവരേയാണ്. കാലത്തോട് അഭിസംബോധന ചെയ്ത് ഇമാം ശാഫി(റ) ചോദിച്ചു, കാലമേ, നീ നല്ല നല്ല പ്രഗത്ഭര്‍ക്ക് ജന്‍മം നല്‍കിയിരുന്ന മാതാവായിരുന്നല്ലോ. ഇപ്പോള്‍ അത് പോലുള്ളവരെ എന്ത് കൊണ്ട് പ്രസവിക്കുന്നില്ല. നീ മച്ചിയായിട്ടുണ്ടോ?. ശാഫി(റ) പറയുന്നു, കാലമെന്നോട് ഇങ്ങനെ പ്രതികരിച്ചു, ഇപ്പോള്‍ എനിക്ക് പ്രായമായി പരലോകത്തേക്കുള്ള യാത്രക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാലും നമുക്കീ അവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്. കഴിഞ്ഞ്‌പോയ ജീവിതത്തില്‍ നമുക്ക് കാര്യമായൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ആരോഗ്യം നഷ്ടപ്പെടും മുമ്പ്, പെട്ടന്നുള്ള മരണം സംഭവിക്കും മുമ്പ്, പരലോക മോക്ഷത്തിന് വേണ്ടിയുള്ള പാഥേയമൊരുക്കാന്‍ നാം ശ്രമിക്കുക. ഒരു അടിമയെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ പുണ്യവേളകളില്‍ നല്ല പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അല്ലാഹു അവനു തൗഫീഖ് നല്‍കും. അല്ലാഹു കോപിച്ച അടിമയാണെങ്കില്‍ നല്ലവേളകളില്‍ ദുശ്കര്‍മ്മങ്ങളിലേര്‍പ്പെടാനായിരിക്കും അവന്റെ വിധി. യുദ്ധം പോലും ഹറാമാക്കിയ, ജാഹിലിയ്യാ കാലത്ത് പോലും പവിത്രമായിക്കണ്ടിരുന്ന നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യമായ മുഹര്‍റമിലാണ് നാം നിലകൊള്ളുന്നത്. ഇനിയെങ്കിലും ഒരാത്മവിചിന്തനത്തിന് നാം തയ്യാറാവുക. ഈ പുതിയ ഹിജ്‌റ വര്‍ഷം ഭൂതത്തിലെ നഷ്ടങ്ങള്‍ വിലയിരുത്തി, ഭാവിയുടെ ഭാസുരതക്ക് വേണ്ടി വര്‍ത്തമാനത്ത് അത്യദ്ധ്വാനം ചെയ്യാനുള്ള ചിന്ത നല്‍കുന്നതാകട്ടെ.

Post a Comment

Previous Post Next Post