വളരെകുറഞ്ഞ ആയുഷ്‌കാലത്തിനിടയില്‍ കൂടുതല്‍ നന്‍മകളിലൂടെ സ്രഷ്ടാവിന്റെ പ്രീതിയും പൊരുത്തവും സമ്പാദിക്കാന്‍ ഈ സമൂഹത്തിന് ധാരാളം അവസരങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ചില സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും സ്രേഷ്ഠത വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് അല്ലാഹുവിന്റെ ഈ ഔദാര്യം നല്‍കപ്പെടുന്നത്. മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങള്‍ വര്‍ഷത്തില്‍ ഏറ്റവും പുണ്യമുള്ള ദിനരാത്രികളില്‍ പെട്ടവയാണ്.
സൃഷ്ടിപ്പിന്റെ ആരംഭം മുതല്‍തന്നെ വര്‍ഷത്തില്‍ പന്ത്രണ്ട് മാസമാണ് അല്ലാഹു സംവിധാനിച്ചത്. അവയില്‍ നാലെണ്ണം ആദരണീയമാസങ്ങളാണ്. ആ മാസങ്ങളില്‍ സ്വശരീരത്തോട് അതിക്രമം കാണിക്കരുതെന്നും സൃഷ്ടികളോട് അവന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്(തൗബ 36). ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാല് പവിത്രമാസങ്ങളില്‍ മുഹര്‍റമിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ട്. അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെട്ട് പറയപ്പെടുന്ന മാസമാണ് മുഹര്‍റം. ഹിജ്‌റ വര്‍ഷാരംഭം തുടങ്ങുന്നതും പരിശുദ്ധ മുഹര്‍റം കൊണ്ടാണ്. 'പ്രഭാതം തന്നെയാണ് സത്യം, പത്ത് രാത്രികള്‍ തന്നെയും' എന്ന് അല്ലാഹു ശപഥം ചെയ്ത പത്ത് ദിനങ്ങള്‍ മുഹര്‍റമിലെ പത്ത് ദിനങ്ങളാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. നന്‍മകള്‍ കൊണ്ട് സജീവമാവേണ്ട വര്‍ഷത്തിലെ പതിനഞ്ച് രാത്രികളില്‍ രണ്ട് രാത്രികള്‍ മുഹര്‍റമിലാണ്(ഇഹ്‌യാഉലൂമിദ്ദീന്‍). നാല് പവിത്രമാസങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ മാസം മുഹര്‍റമാണെന്ന് പ്രബലാഭിപ്രായമുണ്ട്. ഒരുവര്‍ഷത്തെ പാപമോചനത്തിന് നിമിത്തമാകുന്ന സുന്നത്ത്‌നോമ്പ് മുഹര്‍റമിലാണ്. അമ്പിയാക്കളില്‍ മഹോന്നതരായ പത്ത് പേര്‍ക്ക് അല്ലാഹു ചില മഹത്വങ്ങള്‍ നല്‍കി ആദരിച്ചത് മുഹര്‍റമിലാണ്. റമദാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ടിക്കാന്‍ ഏറ്റവും ഉത്തമം നാല് ശ്രേഷ്ടമാസങ്ങളാണ് അതില്‍ പ്രഥമസ്ഥാനം മുഹര്‍റമിനാണ്(ഫത്ഹുല്‍മുഈന്‍).
വര്‍ഷാരംഭമാസമായത് കൊണ്ട് തന്നെ മുഹര്‍റമിലെ ഓരോ ദിനരാത്രങ്ങളും പുണ്യമേറിയവും നന്‍മകള്‍ക്ക് കൂടുതല്‍ പ്രതിഫലമെന്ന പോലെ തിന്‍മകള്‍ക്ക് കൂടുതല്‍ ശിക്ഷയും ലഭ്യമാവുന്ന ദിവസങ്ങളാണ്. വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും നന്‍മയിലായാല്‍ ഇടയില്‍ സംഭവിച്ച തിന്‍മകള്‍ പോലും പൊറുക്കപ്പെടാന്‍ ഹേതുകമാവുമെന്ന് മഹത്തുക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഹര്‍റമിലെ ആദ്യദിനങ്ങളില്‍ നോമ്പനുഷ്ടിച്ചും നന്‍മകള്‍ ചെയ്തും തൗബയിലൂടെ പാപമുക്തിതേടിയുമാണ് നാം സമയം ചിലവഴിക്കേണ്ടത്. മുഹര്‍റമിലെ ആദ്യദിവസം പ്രത്യേകമായി ചൊല്ലേണ്ട ദിക്‌റുകളും പ്രാര്‍ത്ഥനകളും പണ്ഡിതര്‍ പ്രത്യേകമായി പഠിപ്പിച്ചുതരികപോലും ചെയ്തിട്ടുണ്ട്. മുഹര്‍റമിലെ ആദ്യപത്ത് ദിവസങ്ങളിലും നോമ്പനുഷ്ടിക്കല്‍ സുന്നത്തുണ്ടെന്നാണ് കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നത്(ഹാശിയതുശ്ശര്‍വാനി 3/456). ദുല്‍ഹിജ്ജയിലെ ആദ്യ ഒമ്പത് ദിനങ്ങളില്‍ സുന്നത് നോമ്പനുഷ്ടിക്കുന്നത് പോലെ മുഹര്‍റമിലെ ആദ്യപത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ സുന്നതുണ്ടോ എന്ന ചോദ്യത്തിന് ആദ്യപത്ത് ദിവസങ്ങളില്‍ ശക്തിയായ സുന്നതാണെന്നും മുഹര്‍റം മാസം മുഴുവന്‍ നോമ്പെടുക്കല്‍ സുന്നതാണെന്നും ഹദീസിന്റെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ടതാണെന്നും ഇബ്‌നുഹജര്‍(റ) ഫതാവല്‍കുബ്‌റയില്‍ രേഖപ്പെടുത്തിയത് കാണാം(ഫതാവല്‍കുബ്‌റ 2/79). മാസങ്ങളില്‍ അല്ലാഹുവിലേക്ക് പ്രത്യേകം ചേര്‍ത്ത് പറയപ്പെട്ട മുഹര്‍റമില്‍ ഇബാദതുകളില്‍ അല്ലാഹു സ്വന്തത്തിനുള്ളതെന്ന് പറഞ്ഞ നോമ്പനുഷ്ടിക്കലാണ് ഏറെ പുണ്യമെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നുഉമര്‍(റ), ഹസനുല്‍ബസ്വരി(റ) തുടങ്ങിയവര്‍ മുഹര്‍റം മാസം മുഴുവനായും വ്രതമനുഷ്ടിച്ചവരായിരുന്നു.
ഇബ്‌നുഹജര്‍(റ) ഫതാവല്‍കുബ്‌റായില്‍ (വാള്യം 2, പേജ് 80)ല്‍ പറയുന്നു: മുന്‍ഗാമികല്‍ വര്‍ഷത്തില്‍ മൂന്ന് ദശകങ്ങളെ ആദരവോടെ കാണുമായിരുന്നു. റമളാനിലെ അവസാനപത്ത്, ദുല്‍ഹിജ്ജയിലെ ആദ്യപത്ത്, മുഹര്‍റമിലെ ആദ്യപത്ത് എന്നിവയാണത്. ഇക്കാര്യം അബൂഉസ്മാനിന്നഹ്ദി എന്നവരുദ്ധരിക്കുന്നത് ലത്വാഇഫുല്‍മആരിഫില്‍ അല്‍ഹാഫിള് ഇബ്‌നുറജബില്‍ഹമ്പലി(റ)രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്‌ലാമില്‍ സ്ഥലകാലങ്ങള്‍ക്ക് മഹത്വമുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. സാധാരണദിവസങ്ങളില്‍ നന്‍മകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം പ്രത്യേകദിവസങ്ങളില്‍ നല്‍കപ്പെടുമെന്നാണ് പ്രധാനകാര്യം. ആശൂറാഅ് ദിനം അഥവാ മുഹര്‍റം 10 അത്തരം ദിവസങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മുഹര്‍റമിലെ പത്താം ദിനത്തിന് ആശൂറാഅ് എന്ന് നാമകരണം ചെയ്യപ്പെട്ടതിന്റെ കാരണങ്ങളില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് ബദ്‌റുദ്ദീനുല്‍ഐനി രേഖപ്പെടുത്തിയിട്ടുണ്ട്. മുഹര്‍റമിലെ പത്താം ദിവസമെന്നതിനാലാണെന്ന അഭിപ്രായമാണ് പ്രബലം. പത്ത് നബിമാരെ ആ പ്രത്യേകദിനത്തില്‍ അല്ലാഹു പലവിധകാര്യങ്ങള്‍ കൊണ്ട് ആദരിച്ചതിന്റെ പേരിലാണെന്നും അഭിപ്രായമുണ്ട്(ബദ്‌റുദ്ദീനുല്‍ഐനി- ഉംദതുല്‍ഖാരി). മുഹമ്മദീയ സമൂഹത്തെ അല്ലാഹുആദരിച്ച കാര്യങ്ങളില്‍ പത്താമത്തേത് മുഹര്‍റം പത്തിലെ നോമ്പനുഷ്ടാനത്തിന്റെ പ്രതിഫലമായത് കൊണ്ടാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ആശുറാഅ് ദിനത്തിലെ നോമ്പ്
മുഹര്‍റം പത്തിലെ വ്രതാനുഷ്ടാനും ഇസ്‌ലാമിന്റെ ആദ്യകാലത്ത് നിര്‍ബന്ധമായിരുന്നില്ലെന്ന പ്രബലാഭിപ്രായം ഇമാം നവവി(റ) ശര്‍ഹുല്‍മുഹദ്ദബില്‍ രേഖപ്പെടുത്തിയത് കാണാം. എന്നാല്‍ അന്നേദിവസം നോമ്പനുഷ്ടിക്കല്‍ ശക്തിയായ സുന്നത്താണെന്ന് കര്‍്മ്മശാസ്ത്രവിശാരദന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല അന്നേദിവസത്തെ വ്രതാനുഷ്ടാനത്തിന് പ്രതിഫലമായി ഒരുവര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്തുനല്‍കുമെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്(മുസ്‌ലിം). ദുല്‍ഹിജ്ജ 9ന് അറഫദിനത്തിലെ നോമ്പിന് രണ്ട് വര്‍ഷത്തെ പാപമോചനം പ്രതിഫലമായി ലഭിക്കുമ്പോള്‍ ആശൂറാഇലെ നോമ്പിന് ഒരു വര്‍ഷത്തെ മാത്രം പാപമോചനമായി ചുരുങ്ങിയതെന്ത് കൊണ്ട് എന്നതിന് പണ്ഡിതര്‍ പറയുന്നത് അറഫാനോമ്പ് ഈ സമൂഹത്തിന് മാത്രം നിയമമാക്കപ്പെട്ട വ്രതമായത് കൊണ്ടെന്നാണ്. നമ്മുടെ നബി(സ്വ) അമ്പിയാക്കളില്‍ അത്യുത്തമരായത് കൊണ്ട് ഈ സമൂഹത്തിന് മാത്രമുള്ള നോമ്പിന് ഇരട്ടിഫലം വാഗ്ദാനം ചെയ്യപ്പെട്ടതാണ്(ഖത്വീബുശ്ശിര്‍ബീനി- മുഗ്നി). ''അമ്പിയാക്കള്‍ ആശൂറാഅ് ദിനത്തില്‍ നോമ്പെടുക്കാറുണ്ടായിരുന്നു. അത്‌കൊണ്ട് നിങ്ങളും അന്നേദിവസം നോമ്പെടുക്കുക'' എന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ജാഹിലിയ്യ യുഗത്തില്‍ ഖുറൈശികള്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ടിച്ചിരുന്നുവെന്ന് ആഇശ(റ) ഉദ്ധരിക്കുന്ന ഹദീസ് സ്വഹീഹുല്‍ബുഖാരിയിലും കാണാം.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''നബി(സ്വ) മദീനയിലേക്ക് പോയപ്പോള്‍ അവിടെയുള്ള ജൂതന്‍മാര്‍ ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് അറിയാനിടയായി. എന്ത് കൊണ്ടാണ് ഇന്നേദിവസം അവര്‍ നോമ്പെടുക്കുന്നതെന്ന അന്വേഷണത്തില്‍ ഇന്നേദിവസം ഫറോവയില്‍ നിന്ന് മൂസാന(അ)നേയും ബനൂഇസ്രാഈലികളേയും അല്ലാഹു രക്ഷപ്പെടുത്തി. അതിന്റെ പേരിലുള്ള സന്തോഷപ്രകടനമാണെന്നാണ്. നിങ്ങളേക്കാള്‍ മൂസാനബിയോട് കടപ്പെട്ടവര്‍ ഞങ്ങളാണെന്ന് തിരുനബി(സ്വ) പ്രതികരിക്കുകയും ആ ദിവസം നോമ്പനുഷ്ടിക്കാനാവശ്യപ്പെടുകയുമുണ്ടായി(മുസ്‌ലിം).
മുഹര്‍റം പത്തിനൊപ്പം ഒമ്പതിനും നോമ്പെടുക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ''ഞാന്‍ അടുത്തവര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുഹര്‍റം 9 നും നോമ്പെടുക്കുമായിരുന്നു'' എന്ന് നബി(സ്വ) പറയുന്നതായി കാണാം. മുഹര്‍റം 10ന് മാത്രം നോമ്പെടുത്തിരുന്ന ജൂതരുമായി കര്‍മ്മത്തില്‍ വ്യത്യാസപ്പെടാനാണിതെന്ന് പണ്ഡിതര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇനി 9 ന് സാധിക്കാത്തവര്‍ പത്തിനും ശേഷം പതിനൊന്നിനും നോമ്പെടുത്തെങ്കിലും അവരോട് എതിരാവണമെന്ന് കര്‍മ്മശാസ്ത്രപണ്ഡിതര്‍ രേഖപ്പെടുത്തിയത് കാണാം. താസൂആഇനും ആശൂറാഇനും നോമ്പെടുക്കുന്ന വ്യക്തി പതിനൊന്നാം ദിനം കൂടി വ്രതമെടുക്കന്നതോടെ ഒരു മാസം മൂന്ന് ദിവസം നോമ്പെടുക്കുന്ന പ്രതിഫലം കരസ്ഥമാക്കിയവനാകും.
ആശൂറാഇലെ മറ്റു നന്‍മകള്‍
ആശൂറാഅ് ദിനത്തില്‍ ജീവിതയാത്രയില്‍ സംഭവിച്ച പാപക്കറകളില്‍ നിന്ന് പൂര്‍ണ്ണമനസ്സോടെ തൗബ ചെയ്യാന്‍ വിശ്വാസികള്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. നിരവധിയാളുകള്‍ക്ക് അല്ലാഹു പാപമോചനം നല്‍കിയ ദിനവും നിരവധിപേര്‍ക്ക് തൗബ ചെയ്യാന്‍ അല്ലാഹു സന്നദ്ധനാവുകയും ചെയ്യുന്ന ദിനവുമാണ് ആശൂറാഅ്. തൗബയുടെ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് അല്ലാഹുവിനോട് മുക്തി ചോദിക്കുന്നവര്‍ക്ക് അല്ലാഹു നിസ്സംശയം പൊറുത്തുകൊടുക്കുക തന്നെ ചെയ്യും.
മുഹര്‍റം പത്തിന് സ്വന്തം കുടുംബത്തിന് സുഭിക്ഷമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത് ആ വര്‍ഷം മുഴുവന്‍ ഭക്ഷ്യവിശാലത ലഭ്യമാവാന്‍ കാരണമാണെന്ന് ഹദീസുകള്‍ തെളിവ് പിടിച്ച് കര്‍മ്മശാസ്ത്രപ ണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. ഉപോല്‍പലകമായ ഹദീസ് ബലഹീനമെങ്കിലും നിരവധി ധാരകളിലൂടെ വന്നത് കൊണ്ട് ഇവ്വിഷയത്തില്‍ പ്രമാണയോഗ്യമാണെന്ന് ഇമാം ശര്‍വാനി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നേദിവസം സ്വന്തം വീട്ടിലും അയല്‍വാസികള്‍ക്കും അനാഥകള്‍ക്കും മറ്റുമൊക്കെ സന്തോഷത്തോടെ ഭക്ഷണം കഴിക്കാനുള്ള സഹായങ്ങള്‍ നാം എത്തിച്ച് കൊടുക്കുന്നത് തന്നെ ഏറെ പുണ്യകരമാണ്. അമ്പത് കൊല്ലക്കാല ജീവിതത്തില്‍ ഇക്കാര്യം അനുഭവിച്ചറിഞ്ഞുണ്ടെന്ന് സുഫ്‌യാനുബ്‌നുഉയൈയ്‌ന(റ) പറഞ്ഞിട്ടുണ്ട്. നിരവധി വ്യക്തികള്‍ അന്നേദിവസം പാവപ്പെട്ടവരെ സഹായിച്ചത് കാരണം സ്വര്‍ഗ്ഗീയപ്രതിഫലങ്ങള്‍ നേടിയെന്നും നിരവധി ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. എന്നാല്‍ അന്നേ ദിവസം സുറുമയിടല്‍, കുളിക്കല്‍, പുതുവസ്ത്രം ധരിക്കല്‍, മൈലാഞ്ചിയിടല്‍, സുഗന്ധം പൂശല്‍ എന്നിവ പുണ്യവും ശ്രേഷ്ടവുമാണെന്ന രീതിയില്‍ ചിലര്‍ പറയുന്നത് അടിസ്ഥാനരഹിതമെന്നാണ് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഓരോ മുഹര്‍റമിന്റെ ആഗമനവും നമ്മുടെ ആയുസ്സിലെ പ്രധാനപ്പെട്ട ഒരു വര്‍ഷം കൊഴിഞ്ഞുപോയെന്നും പരലോകജീവിതത്തിലേക്ക് ഒന്നുകൂടെ അടുത്തു എന്ന സൂചനയുമാണ് നല്‍കുന്നത്. ഇനിയെത്ര ഭൗതികജീവിതമുണ്ടെന്ന് അറിയാത്ത നമുക്ക് അല്ലാഹു നല്‍കിയ ആയുസ്സെന്ന വലിയ അനുഗ്രഹം വേണ്ടത് പോലെ ഉപയോഗപ്പെടുത്താന്‍ സാധ്യമാവണം. നാഥന്‍ തുണക്കട്ടെ...
Post a Comment