ഭൂമിയില്‍ അല്ലാഹു സംവിധാനിച്ച പ്രധാന അനുഗ്രഹമാണ് വെള്ളം. അതില്‍ വ്യത്യസ്ത ഗുണങ്ങളും പ്രത്യേകതകളും മഹത്വങ്ങളുമുള്ള നിരവധി വെള്ളങ്ങളുണ്ട്. മുത്ത് നബി(സ്വ)യുടെ വിരലുകള്‍ക്കിടയിലൂടെ ഒഴുകിയ വെള്ളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നതാണ് സംസം വെള്ളം.   കാരുണ്യത്തിന്റെയും സമാശ്വാസത്തിന്റെയും നീരുറവയാണ് സംസം. അതിന്റെ ഉത്ഭവ പശ്ചാതലം മനസ്സിലാക്കിയാല്‍ ആ സത്യം നമുക്ക് കൂടുതല്‍ ബോധ്യപ്പെടും.
ലോകചരിത്രത്തില്‍ മാനവരാശിക്ക് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയ ഇബ്രാഹീമീ കുടുംബത്തിലൂടെത്തന്നെയാണ് ഈ സ്വര്‍ഗീയധാരയും ഭൂമിയിലോട്ടൊഴുകുന്നത്. സംസമിന്റെ പ്രധാന മഹത്വവും അത് തന്നെയാണ്. അല്ലാഹുവിന്റെ ഖലീലും ഉലുല്‍അസ്മുകളില്‍ രണ്ടാമനുമായ ഇബ്രാഹീം നബി(അ) അല്ലാഹുവിന്റെ കല്‍പനപ്രകാരം ഭാര്യ ഹാജിര്‍ബീബി(റ)യേയും പിഞ്ചുപൈതല്‍ ഇസ്മാഈല്‍(അ)നേയും വിജനമായ മക്കയില്‍ തനിച്ചാക്കിപ്പോരുകയും, കയ്യില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും മുലപ്പാലുമെല്ലാം തീര്‍ന്നപ്പോള്‍ മുലകുടിക്കുന്ന കുട്ടി കരയാനും കലശലായ ദാഹം കാരണം കാലിട്ടടിക്കുവാനും തുടങ്ങി. അല്‍പം ദാഹജലത്തിന് സ്വഫയും മര്‍വ്വയും ചുറ്റിയിറങ്ങിയ ബീബിക്ക് നിരാശയായിരുന്നു ഫലം. അവസാനം ഇസ്മാഈല്‍(അ) കാലിട്ടടിച്ച ഭാഗത്ത് ജിബ്‌രീല്‍(അ)ന്റെ തിരുസ്പര്‍ശത്തോടെ സംസം  ഉറവയായി ഒഴുകി. (ജിബ്‌രീല്‍(അ)ന്റെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ക്ക് കൂടുതല്‍ മഹത്വമുണ്ടെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. സാമിരിയുടെ നിര്‍ജീവമായിരുന്ന കാളയുടെ വായില്‍ ജിബ്‌രീല്‍(അ)ന്റെ പാദസ്പര്‍ശനമേറ്റ ഭൂമിയിലെ മണ്ണ് വെച്ചപ്പോള്‍ അത് അലറി വിളിച്ചത് ചരിത്രയാഥാര്‍ത്ഥ്യമാണ്).
സംസം കുടിച്ചു വളര്‍ന്ന ഇസ്മാഈല്‍(അ)ന്റെ തിരുപരമ്പരയിലാണ് സംസമിയ്യ് എന്ന് നാമമുള്ള മുത്ത് നബി(സ്വ)യും കടന്നുവരുന്നത്. കാലക്രമത്തില്‍ അപ്രത്യക്ഷമായിരുന്ന സംസം ഉറവ പിന്നീട് വീണ്ടും കുഴിക്കപ്പെടുന്നത് തിരുനബി(സ്വ)യുടെ ആഗമനത്തിന് ഒത്തിരി മുമ്പാണ്. സംസം ഉപയോഗിക്കുന്നവര്‍ക്ക്  ഉന്നതിയുടെ കൊടുമുടി കീഴടക്കാമെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം കൂടിയാണ് മുഹമ്മദ് നബി(സ്വ). തിരുനബി(സ്വ)യുടെ ജീവിതത്തില്‍ ഹൃദയം കീറി ശുദ്ധിവരുത്തിയ രണ്ട് മൂന്ന് ഘട്ടങ്ങളുണ്ടായിട്ടുണ്ട്.  ഒന്ന് ബനൂസഅ്ദ് ഗോത്രത്തില്‍ വെച്ച് ഹലീമബീബി(റ)യുടെ മുലകുടിക്കുന്ന ചെറുപ്രായത്തില്‍. മറ്റൊന്ന് ഇസ്രാഅ് മിഅ്‌റാജിന്റെ രാത്രിയില്‍. രണ്ടാമത്തെ സംഭവം ഇമാം ബുഖാരി(റ)ഉദ്ധരിക്കുന്നുണ്ട്.
അബൂദര്‍റുല്‍ഗിഫാരി(റ) പറയുന്നു: ''തിരുനബി(സ്വ) പറയുന്നു: ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കൂര തുറക്കപ്പെടുകയും അതിലൂടെ ജിബ്‌രീല്‍(അ) ഇറങ്ങിവരികയും ചെയ്തു. ജിബ്‌രീല്‍(അ) എന്റെ നെഞ്ചു തുറന്നു ഹൃദയം പുറത്തെടുത്തു സംസം വെള്ളം കൊണ്ട് കഴുകി. ഹൃദയം തിരികെ വെക്കുകയും ശേഷം സ്വര്‍ണപ്പാത്രത്തില്‍ നിറയെ വിശ്വാസവും(ഈമാന്‍) ബുദ്ധിയും(ഹിക്മത്) കൊണ്ട് വന്ന് എന്റെ ഹൃദയത്തില്‍ ചൊരിയുകയും പിന്നീട് ഹൃദയം അടച്ച് പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.  ''(സ്വഹീഹുല്‍ബുഖാരി- കിതാബു ബദ്ഇല്‍ വഹ്‌യ്). മിഅ്‌റാജിന്റെ രാത്രി ഏഴ് ആകാശങ്ങളിലേക്കും ശേഷം അര്‍ശും കുര്‍സും ലൗഹുമെല്ലാം കണ്ട് തന്റെ രക്ഷിതാവുമായി അഭിമുഖം നടത്താനും സംസം പാനീയം കൊണ്ട് ഹൃദയം കഴുകി മുഹമ്മദ് നബി(സ്വ)പ്രാപ്തനാക്കപ്പെടുകയായിരുന്നു. അല്ലാഹുവിന്റെ പ്രകാശത്തിന്‍ അംശം കണ്ടപ്പോഴേക്ക് മല തരിപ്പണമാകുകയും മൂസാ(അ) ബോധരഹിതനാവുകയും ചെയ്ത സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്(അഅ്‌റാഫ് 147). എന്നാല്‍ ആകാശലോകത്തെ എല്ലാ അത്ഭുതങ്ങളും നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിച്ചതിന് ശേഷം അല്ലാഹുവുമായി നേരിട്ട് സംസാരിച്ചിട്ട് പോലും മുത്ത് നബി(സ്വ)ക്ക് യാതൊന്നും സംഭവിക്കാതിരുന്നതിന് ഇത് കൂടി കാരണമായിട്ടുണ്ട്. തന്റെ പ്രപിതാവിന് ദാഹിച്ചപ്പോള്‍ ആര്‍ദ്രമായി ഒഴുകിയ സംസം മുഹമ്മദ് നബി(സ്വ)യുടെ ഹൃദയത്തിലേക്ക് ചേര്‍ന്നപ്പോള്‍ ലോകര്‍ക്ക് മുഴുവനും കാരുണ്യത്തിന്റേയും ആശ്വാസത്തിന്റേയും സാഗരമായി അവിടുന്ന് പരന്നൊഴുകി. നബി(സ്വ)യുടെ ശേഷം സംസം കുടിച്ച് പലരും ജീവിതത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഔന്നത്യം കരസ്ഥമാക്കിയിട്ടുണ്ട്.
ജാബിര്‍(റ) പറയുന്നു: ''്‌നബി(സ്വ) പറയുകയുണ്ടായി; എന്തിനാണോ സംസം കുടിക്കുന്നത് അതിനുള്ളതാണ്''(സുനനു ഇബ്‌നിമാജ- കിതാബുല്‍മനാസിക്). ഇബ്‌നുഅബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബി(സ്വ) അരുളുകയുണ്ടായി; എന്തിനാണോ സംസം കുടിച്ചത് അതിനുള്ളതാണ്. രോഗശമനത്തിന് വേണ്ടി നീ അത് കുടിച്ചാല്‍ അല്ലാഹു നിനക്ക് ശമനം നല്‍കും.  വയര്‍ നിറയണമെന്ന ലക്ഷ്യത്തോടെ നീ അത് കുടിച്ചാല്‍ അല്ലാഹു നിന്റെ വയര്‍ നിറക്കും. ദാഹം തീരാന്‍ നീ അത് കുടിച്ചാല്‍ അത് വഴി അവന്‍ നിന്റെ ദാഹം തീര്‍ത്തുതരും. അത് ജിബ്‌രീല്‍ കുഴിച്ചെടുത്തതും ഇസ്മാഈല്‍(അ)ന്റെ ദാഹജലവുമാണ്''(ദാറുഖുത്വ്്‌നി).
ഒരു മനുഷ്യന്‍ തന്റെ ഐഹിക പാരത്രിക ജീവിതത്തില്‍ എന്ത് നേട്ടങ്ങളുണ്ടാകാനും ശുദ്ധമനസ്സോടു കൂടി സംസം കുടിച്ചാല്‍ അത് നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഉപര്യുക്ത വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ തിരുവചനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ച് ശുദ്ധഹൃദയത്തോടെ സംസം കുടിച്ച് മഹത്വങ്ങള്‍ കൈവരിച്ച നിരവധി മഹത്തുക്കളുടെ ചരിത്രം നമുക്ക് ഗ്രന്ഥത്താളുകളില്‍ കാണാം. ശറാബുല്‍അബ്‌റാര്‍ എന്ന സംസമിന്റെ നാമം തന്നെ ഇതിലേക്ക് വെളിച്ചം തരുന്നുണ്ട്. നന്‍മയിലധിഷ്ഠിതമായ ജീവിതം നയിക്കുന്ന സച്ചരിതര്‍ക്ക് സംസമിന്റെ മഹത്വം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും നേട്ടം കൈവരിക്കാനുമാകും. ഇബ്‌നുല്‍അറബി(റ) പറയുന്നു: 'സംസം എന്ത് കാര്യത്തിനാണോ കുടിക്കുന്നത് ആ കാര്യം സാധ്യമാകുമെന്നത് ശുദ്ധമനസ്സുള്ള, നല്ല നിയ്യത്തോടെ അത് കുടിക്കുന്ന ആളുകള്‍ക്ക് സാധ്യമാകുന്ന യാഥാര്‍ത്ഥ്യമാണ്. പരീക്ഷണത്തിന് വേണ്ടി അത് കുടിക്കുന്നവര്‍ക്കോ, അല്ലെങ്കില്‍ അത് കളവാക്കുന്ന ആളുകള്‍ക്കോ അത് അനുഭവവേദ്യമാവുകയില്ല. അല്ലാഹു തവക്കുലാക്കുന്നവരോടൊപ്പമാണ്. പരീക്ഷണം നടത്തുന്നവരെ അവന്‍ വഷളാക്കുന്നതാണ്'(അഹ്കാമുല്‍ ഖുര്‍ആന്‍- സൂറതു ഇബ്‌റാഹീം)
ഇക്‌രിമ(റ) പറയുന്നു: ഇബ്‌നുഅബ്ബാസ്(റ) സംസം കുടിക്കുമ്പോഴെല്ലാം 'അല്ലാഹുവേ, ഞാന്‍ നിന്നോട് ഉപകാരമുള്ള വിജ്ഞാനവും വിശാലമായ ഭക്ഷണവും സര്‍വ്വരോഗങ്ങളില്‍ നിന്ന് ശമനവും ചോദിക്കുന്നു' എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു(ദാറഖുത്വ്‌നി). ഈ ഇബ്‌നുഅബ്ബാസ്(റ)വാണ് പിന്നീട് ഇസ്‌ലാമിക ചരിത്രത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവെന്ന്(റഈസുല്‍മുഫസ്സിരീന്‍) അറിയപ്പെട്ടത്. ഭൗതിക നേട്ടങ്ങള്‍ മാത്രമല്ല പാരത്രിക നേട്ടങ്ങള്‍ക് പോലും സംസം കുടിച്ച് പ്രാര്‍ത്ഥിക്കാമെന്നാണ് മുന്‍കാമികള്‍ പഠിപ്പിച്ചു തരുന്നത്. സുവൈദ്ബ്‌നുസഈദ്(റ) പറയുന്നു: ''അബ്ദുല്ലാഹിബ്‌നുല്‍മുബാറക്(റ)മക്കയില്‍ വന്നപ്പോള്‍ സംസമെടുത്ത് കഅ്ബക്ക് നേരെ തിരിഞ്ഞു നിന്നു പറഞ്ഞു: 'അല്ലാഹുവേ, സംസം എന്ത് ഉദ്ദേശിച്ചാണോ കുടിക്കുന്നത് അതിനുള്ളതാണെന്ന് മുത്ത് നബി(സ്വ) പറഞ്ഞതായി ഇബ്‌നുഅബില്‍മവാലി  എന്നവര്‍ മുഹമ്മദ്ബ്‌നുല്‍മുന്‍കദിറില്‍ നിന്നും അവര്‍ ജാബിര്‍(റ)വില്‍ നിന്നുമായി ഞങ്ങള്‍ക്കുദ്ധരിച്ചു തന്നിട്ടുണ്ട്. ഇത് ഞാന്‍ നാളെ ഖിയാമത് നാളില്‍ ദാഹമില്ലാതിരിക്കാന്‍ വേണ്ടി കുടിക്കുകയാണ് എന്ന് പറഞ്ഞ് കുടിക്കുകയുണ്ടായി''(ത്വബഖാതുല്‍ഫുഖഹാഇശ്ശാഫിഇയ്യ). ഒരുചാണ്‍ മുകളില്‍ കത്തിയമരുന്ന സൂര്യന്റെ താപമേറ്റുകൊണ്ട് മനുഷ്യരെല്ലാം ദാഹിച്ചവശരാകുന്ന രംഗമാണല്ലോ ഖിയാമത്‌നാളിലുള്ളത്. അന്നേ ദിവസം ദാഹമില്ലാതെ രക്ഷപ്പെടണമെന്നത് തീര്‍ത്തും പരലോക നേട്ടമാണ്. അതിന് വേണ്ടി ഐഹികലോകത്ത് വെച്ച് തന്നെ സംസം കുടിച്ച് പ്രാര്‍ത്ഥിക്കുകയാണ് ഇബ്‌നുല്‍മുബാറക്(റ). ഇത്‌പോലെയാണ് ഉമര്‍(റ)വും ചെയ്തത്. സംസം കുടിക്കുമ്പോള്‍ 'അല്ലാഹുവേ, നാളെ ഖിയാമത് നാളിലുണ്ടാവുന്ന ദാഹം ഇല്ലാതെയാവാന്‍ ഞാനിത് കുടിക്കുന്നു' എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ചരിത്രപണ്ഡിതരില്‍ വിശ്വപ്രസിദ്ധനാണ് അബൂബക്‌റിനില്‍ഖത്വീബുല്‍ബഗ്ദാദി(റ). ഹിജ്‌റ 463ല്‍ വഫാതായ അദ്ദേഹം ശാമിലും ഇറാഖിലും ഹദീസ് പഠിപ്പിച്ചിരുന്ന പണ്ഡിതനാണ്. ഹജ്ജിന് പോയ സമയം സംസം കുടിക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ അദ്ദേഹം അല്ലാഹുവിനോട് ചോദിച്ചു. ബഗ്ദാദില്‍ വെച്ച് തന്റെ താരീഖു ബഗ്ദാദ് എന്ന ഗ്രന്ഥം പഠിപ്പിക്കുക, ജാമിഉല്‍മന്‍സ്വൂറില്‍ ദര്‍സ് നടത്തുക, മരിച്ചുകഴിഞ്ഞാല്‍ സ്വൂഫിയും മഹാപണ്ഡിതനുമായിരുന്ന ബിശ്‌റുനില്‍ഹാഫി(റ)യുടെ ഖബറിനരികില്‍ മറവ് ചെയ്യുക എന്നിവയായിരുന്നു അവ. ഈ മൂന്ന് കാര്യങ്ങളും സംഭവിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്(ത്വബഖാതുശ്ശാഫിഇയ്യതില്‍കുബ്‌റാ-4/35). ഇമാം അബൂഹനീഫ(റ) താന്‍ ഏറ്റവും വലിയപണ്ഡിതനാവണമെന്ന ഉദ്ദേശ്യത്തോടെ സംസം കുടിക്കുകയും ലോകമറിയപ്പെട്ട പണ്ഡിതനും ബുദ്ധിമാനിയുമായി പിന്നീടദ്ദേഹം മാറിയെന്നും ചരിത്രം രേഖപ്പെടുത്തുന്നു(ഫള്‌ലുമാഇസംസം പേജ് 135).
അബൂബക്‌റുദ്ദൈനൂരി(റ)(വഫാത് ഹി: 330) പറയുന്നു: ''ഞങ്ങള്‍ സുഫ്‌യാനുബ്‌നുഉയൈയ്‌ന(റ)യുടെ അടുക്കലിരിക്കുമ്പോള്‍ 'മാഉ സംസം ലിമാ ശുരിബലഹു' എന്ന ഹദീസ് അവര്‍ പറയുകയുണ്ടായി. ഉടനെ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റുപോയി പിന്നീട് തിരിച്ചുവന്നു. എന്നിട്ട് സുഫ്‌യാന്‍(റ)വിനോട് ചോദിച്ചു നിങ്ങള്‍ സംസമിനെ സംബന്ധിച്ച് പറഞ്ഞ ഹദീസ് സ്വഹീഹ് തന്നെയല്ലെ?. അതെ, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാനിപ്പോള്‍ നിങ്ങള്‍ എനിക്ക് നൂറ് ഹദീസ് പറഞ്ഞുതരണമെന്ന ഉദ്ദേശ്യത്തോടെ ഒരു ബക്കറ്റ് സംസം കുടിച്ചിട്ടുണ്ട്. ഉടനെ സുഫ്‌യാന്‍(റ) അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെടുകയും നൂറ് ഹദീസ് ഉടനെ ചൊല്ലിക്കൊടുക്കുകയും ചെയ്തു''(ഫള്‌ലു മാഇ സംസം പേജ് 136).
ഇമാം ശാഫിഈ(റ) പറയുന്നു: ഞാന്‍ മൂന്ന് കാര്യങ്ങളുദ്ദേശിച്ച് സംസം കുടിച്ചിട്ടുണ്ട്. ഒന്ന് അമ്പെയ്തില്‍ അഗ്രഗണ്യനാവുക. രണ്ട് വിജ്ഞാനം ആര്‍ജ്ജിക്കുക. മൂന്ന് സ്വര്‍ഗപ്രവേശം ലഭിക്കുക. ഇമാം ശാഫിഈ(റ) പത്ത് അമ്പുകളെയ്താല്‍ ഒമ്പതും ലക്ഷ്യത്തിലെത്തുമായിരുന്നുവെന്നും, ലോകചക്രവാളം വിജ്ഞാനം കൊണ്ട് നിറക്കുന്ന ഖുറൈശീ പണ്ഡിതന്‍ എന്ന തിരുവചനത്തില്‍ സൂചിപ്പിക്കപ്പെട്ടത് ശാഫിഈ(റ)വാണെന്നും അവരുടെ ചരിത്രം എഴുതിയ എല്ലാവരും ഒത്തുസമ്മതിച്ചതാണ്. പ്രാര്‍ത്ഥിച്ചതില്‍ രണ്ടും സഫലമായി. മൂന്നാമത്തേതും(സ്വര്‍ഗപ്രവേശം) ലഭ്യമാകുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. ഹിജ്‌റ 311ല്‍ വഫാതായ പ്രസിദ്ധനാണ് മുഹമ്മദ്ബ്‌നുഇസ്ഹാഖ് എന്ന ഇബ്‌നുഖുസൈമ(റ). നിരവധി വിജ്ഞാനശാഖകളില്‍ അഗ്രേസരനായ അദ്ദേഹത്തോട് ഇത്രയും ജ്ഞാനം നിങ്ങള്‍ക്കെങ്ങനെയാണ് നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ 'സംസം കുടിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിനോട് ഉപകാരമുള്ള വിജ്ഞാനം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്' എന്ന് പറഞ്ഞു(ത്വബഖാതുശ്ശാഫിഇയ്യ വാള്യം 3 പേജ് 110).
ഹദീസ് വിജ്ഞാനത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ ലോകത്തിന് സമര്‍പിച്ച വിശ്രുത പണ്ഡിതനാണ് ഇമാം ഹാകിം(റ)(അബൂഅബ്ദില്ല മുഹമ്മദ്ബ്‌നുഅബ്ദില്ല- വഫാത് ഹി 405). അല്‍മുസ്തദ്‌റക് പോലെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. രചനാവൈഭവം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സംസം കുടിച്ചതെന്ന് പറയുന്നുണ്ട്. അത് കൊണ്ട് തന്നെ രചനാ മേഖലയില്‍ അക്കാലത്ത് തിളങ്ങി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു(ഫള്‌ലുമാഇസംസം 138). ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ശാഫിഈ പണ്ഡിതനാണ് അബ്ദുറഹിമാനുബ്‌നുഉമര്‍ബ്‌നുറസ്‌ലാന്‍(റ). അദ്ദേഹം പറയുന്നു. ഞാന്‍ അറബിഭാഷയില്‍ തീരെ താത്പര്യമില്ലാത്തവനായിരുന്നു. അത് കൊണ്ട് തന്നെ മതവിജ്ഞാനത്തോടെനിക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ ഒരിക്കല്‍ പിതാവിനോടൊപ്പം ഹജ്ജിന് പോവാന്‍ എനിക്കവസരം ലഭിച്ചു. അപ്പോള്‍ അറിവ് പഠിക്കാനും മനസ്സിലാകാനും വേണ്ടി ഞാന്‍ സംസം കുടിക്കുകയുണ്ടായി. ഹജ്ജ് കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തി വിജ്ഞാനം തേടിയിറങ്ങുകയും അല്‍പകാലം കൊണ്ട് തന്നെ നിപുണനായി മാറാനും എനിക്ക് സാധിക്കുകയുണ്ടായി(റഫ്ഉല്‍ ഇസ്വര്‍ അന്‍ഖുളാതി മിസ്വ്ര്‍ 1/96).
സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാനങ്ങളില്‍ പ്രഥമവും പ്രാമാണികവുമായ ഫത്ഹുല്‍ബാരിയടക്കം വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ രചനകള്‍ കൊണ്ട് തന്റെയിടം വരച്ചുകാണിച്ച ഇമാം ഇബ്‌നുഹജര്‍അസ്ഖലാനി(റ) ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സംസം കുടിച്ച് ദുആ ചെയ്യുകയാണുണ്ടായത്. അദ്ദേഹം പറയുന്നു: 'ഓര്‍മ ശക്തിയില്‍ ഹാഫിള് ദഹബിയെപ്പോലെയാകണമെന്ന് കൊതിച്ച് ഞാന്‍ സംസം കുടിച്ചിട്ടുണ്ട്. '(ത്വബഖാതുശ്ശാഫിഇയ്യ 1/117). ഓര്‍മ്മശക്തിയില്‍ ഹാഫിള് ദഹബിയെപ്പോലും അദ്ദേഹം മറികടക്കുന്ന രംഗമാണ് പിന്നീട് ലോകം കണ്ടത്. പിന്നീട് വീണ്ടും ഹജ്ജിന് പോയപ്പോള്‍ അതിനേക്കാള്‍ ഉന്നതപദവി ലഭിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ സംസം കുടിച്ചിട്ടുണ്ടെന്ന് ഇബ്‌നുഹജര്‍(റ) തന്നെ പറയുന്നുണ്ട്. ആ പദവി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് ശിഷ്യന്‍ കൂടിയായ ചരിത്രപണ്ഡിതന്‍ സഖാവി(റ) രേഖപ്പെടുത്തുന്നു.
ഇബാദത് ചെയ്യാന്‍ മനസ്സില്‍ തോന്നുവാനും അതില്‍ ഇഖ്‌ലാസുണ്ടാകുവാനുമെല്ലാം സംസം കുടിച്ച് പ്രാര്‍ത്ഥിക്കുന്നത് വളരെ നല്ലതാണ്. ഇബ്‌നുല്‍അറബി(റ)അഹ്കാമുല്‍ഖുര്‍ആന്‍ എന്ന തന്റെ തഫ്‌സീറില്‍ പറയുന്നു: 'ഹിജ്‌റ 489ല്‍ ദുല്‍ഹിജ്ജ മാസം ഞാന്‍ മക്കയിലുണ്ടായിരുനപ്പോള്‍ ധാരാളമായി സംസം കുടിക്കുകയും കുടിക്കുമ്പോഴെല്ലാം വിജ്ഞാനവും വിശ്വാസവും വര്‍ദ്ധിക്കണമെന്ന് കരുതുകയും ചെയ്തു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജ്ഞാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. അന്ന് ഞാന്‍ ഇബാദത് വര്‍ദ്ധിപ്പിക്കാന്‍ കൂടി കരുതിയിരുന്നെങ്കിലെന്ന് ഇന്ന് ആഗ്രഹിച്ചു പോവുകയാണ്. അത് കൊണ്ട് തന്നെ ഇന്ന് ഇബാദതിനേക്കാള്‍ എനിക്ക് താത്പര്യം വിജ്ഞാനത്തിലേക്കാണ്'(അഹ്കാമുല്‍ഖുര്‍ആന്‍- സൂറതുഇബ്‌റാഹീം)
മാലികീ മദ്ഹബുകാരനായ മുഹമ്മദ്ബ്‌നുമഹ്മൂദ്ബ്‌നുഅബീബക്ര്‍(റ) അല്ലാഹുവിന്റെ ഇഷ്ടദാസനും സദാസമയം ഇബാദതില്‍ മുഴുകിയിരുന്ന വ്യക്തിയുമായിരുന്നു. മറ്റുള്ളവര്‍ക് വേണ്ടി എന്തും സഹിക്കാനുള്ള വലിയ മനസ്സിന്റെ ഉടമയായിരുന്നു മഹാനവര്‍കള്‍. അദ്ദേഹത്തിന്റെ ഒരു ശിശ്യന്‍ ഉസ്താദുമായിട്ടുണ്ടായ ഒരനുഭവം പറയുന്നതിങ്ങനെയാണ്. 'അറബി വ്യാകരണശാസ്ത്രത്തില്‍ ഉസ്താദിന്റെ അടുത്തുള്ള  ഗ്രന്ഥങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ഞാനൊരിക്കല്‍ ഉസ്താദിനെ സമീപിക്കുകയുണ്ടായി. ദീര്‍ഘനേരം തന്റെ പക്കലുണ്ടായിരുന്ന മുഴുവന്‍ ഗ്രന്ഥങ്ങളും പൂര്‍ണമായും പരിശോധിച്ചു കണ്ടെത്തി അദ്ദേഹം എനിക്ക് നല്‍കി'. ഇത്ര വലിയ ക്ഷമ തന്റെ ജീവിതത്തിലുണ്ടാകാന്‍ കാരണം സംസം കുടിച്ച് പ്രാര്‍ത്ഥിച്ചതാണെന്ന് പണ്ഡിതര്‍ പറയുന്നു(ഖുലാസ്വതുല്‍അസര്‍ ഫീ അഅ്‌യാനില്‍ ഖര്‍നില്‍ ഹാദീ അശ്ര്‍).
പണ്ഡിതലോകത്തെ കാര്‍ത്തിക നക്ഷത്രമായ ഇമാം സുയൂഥി(റ)യുടെ പുരോയാനത്തിലും സംസം വെള്ളം വലിയ സ്ഥാനമലങ്കരിക്കുന്നുണ്ട്. ഹിജ്‌റ 869ല്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ മക്കയിലെത്തിയ ഇമാം പല ആവശ്യങ്ങള്‍ക്ക് വേണ്ടി സംസം കുടിക്കുകയുണ്ടായി. കര്‍മ്മശാസ്ത്രത്തില്‍ സിറാജുദ്ദീനില്‍ബുല്‍ഖൈനി(റ)യുടേയും ഹദീസ് ശാസ്ത്രത്തില്‍ ഹാഫിള് ഇബ്‌നുഹജര്‍അല്‍അസ്ഖലാനി(റ)യുടേയും പദവിയിലെത്തണമെന്നതായിരുന്നു അവയില്‍ ചിലത്(അന്നൂറുസ്സാഫിര്‍ അന്‍ അഖ്ബാരില്‍ ഖര്‍നില്‍ ആശിര്‍ വാ:1 പേ: 61) കര്‍മ്മശാസ്ത്രത്തിലാണെങ്കിലും ഹദീസ് ശാസ്ത്രത്തിലാണെങ്കിലും  ആ പണ്ഡിതന്റെ വിരല്‍ തുമ്പുകളില്‍ നിന്ന് ലോകത്തിന് ലഭിച്ചത് അത്യപൂര്‍വ്വ കൃതികളായിരുന്നു. ഹദീസ് ശാസ്ത്രത്തിലെ പ്രാമാണികമായ ആറ് ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനമെഴുതിയ അത്യപൂര്‍വ്വം പണ്ഡിതന്‍ കൂടിയാണ് സുയൂഥി(റ)യെന്ന് നാമോര്‍ക്കേണ്ടതുണ്ട്.
ഹാഫിള് മുഹമ്മദുബ്‌നുല്‍ജസ്‌രി(റ)യുടെ പിതാവ് സംസം കുടിച്ച് പ്രാര്‍ത്ഥിച്ചത് ഒരാണ്‍കുഞ്ഞിനെ ലഭിക്കുവാനും അവന്‍ പിന്നീട് ലോകമറിയുന്ന ഉഖ്‌റവിയ്യായ പണ്ഡിതനാവണമെന്നുമാണ്. കച്ചവടക്കാരനായിരുന്ന അദ്ദേഹം ഹിജ്‌റ 725ല്‍ ജനിച്ച് 748ലാണ് ഹജ്ജിന് പുറപ്പെടുന്നത്. മക്കയില്‍ ചെന്ന് സംസം കുടിക്കുമ്പോള്‍ തന്റെ ആഗ്രഹം വെച്ച് അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഹജ്ജ് കഴിഞ്ഞ് വന്ന് 750 ല്‍ വിവാഹം കഴിക്കുകയും തൊട്ടടുത്ത റമളാനില്‍ ഒരാണ്‍ കുഞ്ഞ് ലഭിക്കുകയുമുണ്ടായി. ആ കുഞ്ഞാണ് പിന്നീട് ചരിത്രത്തില്‍ ഹാഫിള് ഇബ്‌നുല്‍ജസ്‌രി എന്നറിയപ്പെടുന്ന മഹാപണ്ഡിതനായി മാറിയത്.
ഹിജ്‌റ 1394ല്‍ വഫാതായ സുപ്രസിദ്ധ ഇന്ത്യന്‍ പണ്ഡിതനാണ് അശ്ശൈഖ് ളഫര്‍ അഹ്മദ് അല്‍ഉസ്മാനി അത്താനവി. നിരവധി ഹജ്ജുകള്‍ ചെയ്യാന്‍ അവസരം ലഭിക്കുകയും അപ്പോഴെല്ലാം നിരവധി കാര്യങ്ങള്‍ക് വേണ്ടി സംസം കുടിക്കുകയും അത് സാഫല്യമാവുകയും ചെയ്ത് വ്യക്തിത്വമാണദ്ദേഹം. അദ്ദേഹം പറയുന്നു. എനിക്ക് സംസാരത്തിനിടയില്‍ നല്ല വിക്കനുഭവപ്പെടാറുണ്ടായിരുന്നു. അത് കാരണം ക്ലാസെടുക്കാനും ഖുത്വുബ നിര്‍വഹിക്കാനും പ്രഭാഷണത്തിനെല്ലാം വലിയ പ്രയാസമുണ്ടായിരുന്നു. ഒരു തവണ ഹജ്ജിന് പോയപ്പോള്‍ സംസം വെള്ളം കുടിച്ച് ഈ വിഷമം നീങ്ങിപ്പോകണമെന്നാഗ്രഹിച്ചു. ഹജ്ജ് കഴിഞ്ഞ് തിരിച്ച് വന്ന ശേഷം ആ പ്രയാസം എനിക്കനുഭവപ്പെട്ടിട്ടില്ല(ഫാളാഇലു മാഇ സംസം പേജ് 145).
രോഗശമനത്തിന് വേണ്ടി സംസം കുടിച്ച് പ്രാര്‍ത്ഥിച്ച് ഫലം കണ്ട ഒട്ടനവധി ചരിത്രസംഭവങ്ങളുണ്ട്.ചില ഉദാഹരണങ്ങള്‍ മാത്രം നമുക്ക് പറയാം. ഇബ്‌നുഖയ്യിമില്‍ ജൗസിയ്യ പറയുന്നു: 'ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ രോഗ ബാധിതനായി. രോഗ പരിശോധനക്ക് പറ്റിയ ഭിഷഗ്വരനോ മരുന്നോ അവിടെ ലഭ്യമായിരുന്നില്ല. ഞാന്‍ സംസമെടുത്ത് നന്നായി കുടിക്കുകയും രോഗശമനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഞാന്‍ അതിന്റെ ഫലം അനുഭവിച്ചു'(സാദുല്‍മആദ് 7/178).
മുകളില്‍ സൂചിപ്പിച്ച പണ്ഡിതന്‍മാര്‍ മുഴുവനും തങ്ങളുടെ ജീവിതത്തില്‍ സംസം കുടിച്ച് ഈ സൗഭാഗ്യങ്ങള്‍ മുഴുവന്‍ നേടിയെടുത്തത് തിരുനബി(സ്വ)യുടെ ചില ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ലേഖനാരംഭത്തില്‍ നാം സൂചിപ്പിച്ച ജാബിര്‍(റ), ഇബ്‌നുഅബ്ബാസ്(റ) തുടങ്ങിയവരുടെ നിവേദന പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളാണവ. ഈ ഹദീസുകളുടെ സ്വീകാര്യതയും പ്രാമാണികതയും വിശദീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇമാം ഇബ്‌നുഹജര്‍ അല്‍അസ്ഖലാനി(റ)വിന് വന്ന ഒരു ചോദ്യത്തിന് മഹാനവര്‍കള്‍ നല്‍കിയ ഗഹനവും പഠനാര്‍ഹവുമായ മറുപടിയുണ്ട്. ആ രണ്ട് ഹദീസുകളെയും തലനാരിഴ കീറി പരിശോധിച്ചു കൊണ്ട് അവസാനം ഇബ്‌നുഹജര്‍(റ) പറയുന്നു:''ഈ ഹദീസ് നല്‍കുന്ന സമാന ആശയം നിരവധി നിവേദക പരമ്പരകള്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരപ്പെട്ടത് കൊണ്ട് ഹദീസ് ശാസ്ത്ര നിയമങ്ങള്‍ പ്രകാരം മുഹദ്ദിസുകളുടെ അടുത്ത് ഈ ഹദീസ് തെളിവ് പിടിക്കാന്‍ അനുയോജ്യമായതാണ്'(ഹാലുല്‍ ഹദീസില്‍ മശ്ഹൂര്‍ മാഉ സംസം ലിമാ ശുരിബ ലഹു- ഹാഫിള് ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി(റ))
  സംസം ശമനാണ്.
രോഗപീഢങ്ങള്‍ കൊണ്ട് പ്രയാസപ്പെട്ടിരുന്നവര്‍ സംസം കുടിച്ച് ശമനം നേടിയ ചരിത്രങ്ങള്‍ നിരവധിയാണ്. നിരവധി ഗ്രന്ഥങ്ങളിലൂടെ മുസ്‌ലിം ലോകത്തിന് വൈജ്ഞാനിക സേവനം നടത്തിയ ഇബ്‌നുഖയ്യിമില്‍ജൗസിയ്യ(റ) തന്റെ ഒരു അനുഭവം പറയുന്നതിപ്രകാരമാണ്. 'ഞാന്‍ മക്കയില്‍ താമസിച്ചു കൊണ്ടിരിക്കെ രോഗബാധിതനായി. വേണ്ട മരുന്നൊന്നും ലഭിക്കാതെ പ്രയാസപ്പെട്ടിരിക്കുമ്പോള്‍ രോഗം ശിഫയാകണമെന്ന ഉദ്ദേശ്യത്തോടെ ഫാതിഹയിലെ അഞ്ചാം സൂക്തം ഓതി സംസം നിരവധി തവണ കുടിച്ചു. വളരെ പെട്ടന്ന് ആ രോഗം മാറുകയും പിന്നീട് ജീവിതത്തില്‍ നിരവധി രോഗശമനത്തിന് വേണ്ടി സംസം കുടിക്കുകയും ചെയ്തിട്ടുണ്ട്'(സാദുല്‍മആദ് ഫീ ഹദ്‌യി ഖൈരില്‍ഇബാദ് 7/178).
മസ്ജിദുല്‍ഹറാമിലെ ജോലിക്കാരനായിരുന്ന അഹ്മദ്ബിന്‍അബ്ദില്ലാഹ് ശരീഫ് പൂര്‍ണമായും അന്ധനായിരുന്നു. എന്നാല്‍ സംസം കുടിച്ച് കാഴ്ചശക്തി തിരിച്ച്കിട്ടിയ അനുഭവം അദ്ദേഹത്തിനുണ്ട്(ശിഫാഉല്‍ഗറാം). അബ്ദുര്‍റഹിമാന്‍ബിന്‍മുസ്വ്‌ലിഹിദ്ദീന്‍ എന്ന പണ്ഡിതനുണ്ടായ അനുഭവം വളരെ വിചിത്രമാണ്.  ഒരു മതപണ്ഡിതന്റെ അടുക്കല്‍ ഖുര്‍ആന്‍ പഠിക്കാന്‍ പോയ അദ്ദേഹത്തിന് ഒരു ദിവസം പഠിക്കാന്‍ ഏല്‍പിച്ച ഭാഗം പൂര്‍ണമായി പഠിക്കാന്‍ സാധിച്ചില്ല. ഗുരുവര്യന്റെ രൂക്ഷമായ നോട്ടത്തില്‍ അദ്ദേഹം ബോധരഹിതനായി വീഴുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തു. സംസാരശേഷി വീണ്ടെടുക്കാന്‍ ഒരുപാട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇതേ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ പിതാവ് സ്ഥിരമായി സംസം നല്‍കിയത് കാരണം സംസാരശേഷി തിരിച്ചുലഭിച്ചു.
സംസം ഉപയോഗിച്ച് രോഗം ഭേദമായ മറ്റൊരു വ്യക്തിയാണ് മൊറോക്കോക്കാരിയായ ലൈല അല്‍ഹുല്‍വ്. സ്തനാര്‍ബുധം ബാധിച്ച് ചികിത്സതേടി ബെല്‍ജിയത്തിലെത്തിയപ്പോള്‍ ശരീരത്തിലെ ആ ഭാഗം മുറിച്ച് കളയണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വിദഗ്ധ ചികിത്സതേടി ഫ്രാന്‍സിലെത്തിയെങ്കിലും നേട്ടമുണ്ടായില്ല. നിരാശയായി ജീവിതം തള്ളിനീക്കുമ്പോഴാണ് ഭര്‍ത്താവിന്റെ കൂടെ മക്കയിലെത്താന്‍ ലൈലക്ക് അവസരം ലഭിച്ചത്. മക്കയിലെത്തി കഅ്ബയുടെ ചാരത്ത് വെച്ച് സംസംകുടിച്ചും ഖുര്‍ആന്‍ പാരായണം നടത്തിയും മറ്റു ആരാധനകളില്‍ മുഴുകിയും പ്രാര്‍ത്ഥനാപൂര്‍വം സമയം ചിലവഴിച്ചു. ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ മുഴകളും മറ്റുമുണ്ടായിരുന്ന അവര്‍ പലരുടേയും നിര്‍ദേശപ്രകാരം സംസം ഉപയോഗിച്ച് ശരീരം കഴുകാന്‍ തുടങ്ങി. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതങ്ങളായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുഴകളും മുറിവുകളും സുഖപ്പെട്ടുതുടങ്ങി. വേദനകളും ഇല്ലാതെയായി. സംസമിന്റെ മുന്നില്‍ ഒരിക്കല്‍കൂടി വൈദ്യശാസ്ത്രം മുട്ടുകുത്തുന്നത് ലോകം അവിടെ ദര്‍ശിച്ചു(സംസം പറഞ്ഞുതീരാത്ത പുണ്യങ്ങള്‍151).
മൂത്രാശയത്തില്‍ കല്ല് ബാധിച്ച് ഓപറേഷന് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്ന ഡോക്ടര്‍ ഫാറൂഖ് അത്താര്‍ ഉംറക്ക് പോയപ്പോള്‍ സംസം കുടിച്ച് ഒരുപ്രയാസവുമില്ലാതെ രോഗം ശിഫയാകണമെന്ന് പ്രാര്‍ത്ഥിച്ചു ഫലമുണ്ടായതായി ഗ്രന്ഥങ്ങളില്‍ കാണാം.
സംസം കുടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ പാനീയമായത് കൊണ്ട് തന്നെ ഈ മര്യാദകള്‍ പാലിച്ചാണ് വിശ്വാസി സംസം കുടിക്കേണ്ടത്. പ്രധാനമായ അദബുകള്‍ താഴെ വിവരിക്കാം
1- കുടിക്കുന്നതിന് മുമ്പ് ''സംസം എന്തിനാണോ കുടിക്കുന്നത് ആ കാര്യം നിറവേറ്റപ്പെടും'' എന്നത് പോലുള്ള തിരുവചനങ്ങള്‍ ഓര്‍ക്കുക
2- ആവശ്യങ്ങളെല്ലാം മനസ്സില്‍ കരുതുക
3- ഖിബ്‌ലയിലേക്ക് തിരിഞ്ഞിരുന്ന് കുടിക്കുക
4- മൂന്ന് തവണകളിലായി സാവധാനം കുടിക്കുകയും ഓരോ തവണയും ചുണ്ട് ഗ്ലാസില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുക
5- ഓരോ തവണ കുടിക്കുമ്പോഴും ബിസ്മി ചൊല്ലുക
6- ഓരോ തവണയും കുടി നിര്‍ത്തുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുക
7- വയറു നിറയെ കുടിച്ചതിന് പുറമേ തലയിലും മുഖത്തും സംസം തെളിക്കുക
8- എല്ലാ തവണയും അല്ലാഹുവിനോട് ദുആ ചെയ്യുക(അല്‍ മുസ്തദ്‌റക്- ഹാകിം(റ)
സംസം കുടിക്കുമ്പോള്‍ തന്റെ മനസ്സിലുദിക്കുന്ന എല്ലാ കാര്യങ്ങളും കരുതാവുന്നതാണ്. ഐഹികവും പാരത്രികവുമായ നേട്ടങ്ങളാണ് നാമതില്‍ പ്രധാനമായി ഉദ്ദേശിക്കേണ്ടത്. മുന്‍കാമികള്‍ കരുതിയതും നമുക്ക് കരുതാവുന്നതുമായ ചില പ്രധാന കാര്യങ്ങള്‍ താഴെ ചേര്‍ക്കാം
1- പരിപൂര്‍ണമായ വിശ്വാസം(ഈമാന്‍) ലഭിക്കുക
2- അന്ത്യദിനത്തിലെ ദാഹശമനം കരസ്ഥമാകുക
3- ഉപകാരമുള്ള വിജ്ഞാനം നേടിയെടുക്കുക
4- രചനാവൈഭവം ആര്‍ജ്ജിക്കുക
5- അറിവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുക
6- രോഗശമനം ലഭിക്കുക
7- ഹലാലായ ഭക്ഷണം ലഭിക്കുക
8- വിശപ്പു ശമിക്കുക
9- ദാഹം തീരുക
10- സ്വാലിഹീങ്ങളായ മക്കളുണ്ടാകുക
11- വിഷമങ്ങള്‍ ഇല്ലാതെയാവുക
12- പാപമോചനം നേടുക
13- അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുക
14- ഇരുലോക വിജയം നേടുക
15- ഭാര്യ മക്കള്‍ നല്ലവരാകാനും സ്വര്‍ഗപ്രാപ്തരാകുവാനും
ചുരുക്കത്തില്‍, മുസ്‌ലിം, കൃസ്തു, ജൂത വിത്യാസമില്ലാതെ സര്‍വ്വ വേദവിഭാഗങ്ങളും ആദരിക്കുന്ന ഇബ്‌റാഹീം(അ)ന്റെ കുടുംബത്തെക്കൊണ്ട് ലോകജനതക്ക് ലഭിച്ച മഹാദാനമാണ് സംസം. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അന്ന് മക്കയില്‍ ദാഹിച്ചത് ഇബ്‌റാഹീം(അ)ന്റെ  ചെറുകുടുംബത്തിനാണെങ്കില്‍ അത് കാരണം സംസമിലൂടെ  നൂറ്റാണ്ടുകളിലെ സഹസ്രങ്ങളെയാണ് അല്ലാഹു ദാഹം തീര്‍ത്തത്.






Post a Comment

Previous Post Next Post